scorecardresearch
Latest News

സാറയും സ്ലഗ്ഗിയും

നോർവേയിലെ അരിന്ദാൽ എന്ന പ്രദേശത്ത് സാറ എന്ന കൂട്ടിയും കൂട്ടുകാരി ആന്യയും ബ്ലൂബെറി പറിക്കാൻ പോയി ബ്ലൂ ബെറി പറിച്ച് തിരിച്ചെത്തിയ സാറയുടെ കുട്ടയിൽ സ്റ്റാൻലി രണ്ടാമൻ രാജാവും ഉണ്ടായിരുന്നു. ഉമ പ്രസീദ കുട്ടികൾക്കായി എഴുതിയ സ്കാൻഡിനേവിയൻ കഥ

സാറയും സ്ലഗ്ഗിയും

സാറ എന്ന പെൺകുട്ടിക്ക് എട്ടു വയസ്സ് ആയിരുന്നു. അവൾ താമസിച്ചിരുന്നതോ, നോർവേയിലെ അരിന്ദാൽ എന്ന സ്ഥലത്ത്. അവളുടെ വീട്ടിനടുത്ത് ഒരു കുഞ്ഞ് പള്ളി ഉണ്ടായിരുന്നു. പള്ളിക്കപ്പുറമോ, കുറെ ബ്ലൂബെറി ചെടികൾ വളരുന്ന കുഞ്ഞു കാടും.

എല്ലാ കൊല്ലവും വേനലാകുമ്പോൾ, നോർവേയിൽ ബ്ലൂബെറികൾ ഒരുപാട് ഉണ്ടാകും. എന്ത് രസമാണെന്നോ അവ കഴിക്കാൻ? ബ്ലൂബെറിയെ പറ്റി സാറയോട് ആരെങ്കിലും ചോദിച്ചാൽ അവൾ, ഒരു ദിവസം മുഴുവനും നിർത്താതെ അതിന്റെ രുചിയെപ്പറ്റി പ്രസംഗിക്കുമായിരുന്നു.

നമ്മുടെ ഈ കഥ നടന്നതും ഒരു വേനൽകാലത്താണ് കേട്ടോ. സാറ മുറ്റത്ത് സൈക്കിളിൽ ഒരു പൂമ്പാറ്റയുടെ പിന്നാലെ പായുമ്പോഴായിരുന്നു, അപ്പുറത്തെ വീട്ടിൽ താമസിച്ചിരുന്ന സാറയുടെ ഉറ്റ ചങ്ങാതി ആന്യ മതിലിൽ കയറിയിരുന്നു സാറയെ വിളിച്ചത്. ഇങ്ങനെ പോയി അവരുടെ സംസാരം.

“ഏയ് സാറ, നീ അറിഞ്ഞോ? ആ പള്ളിയുടെ പിറകിലെ കാട്ടിലുണ്ടല്ലോ, നിറയെ ബ്ലൂബെറിയാണത്രെ. നമുക്ക് പറിക്കാൻ പോകേണ്ടേ?”

“ഉവ്വോ! ആഹാ! എന്നാൽ പോകാം! ഞാൻ എന്റെ കുട്ടകൾ എടുക്കട്ടേ.”

” വേഗം വാ സാറാ. അല്ലെങ്കിൽ നമുക്കൊന്നും കിട്ടില്ല. ഞാൻ കേട്ടത്, ഡാനിയലും കൂട്ടുകാരും ഒക്കെ ബ്ലൂബെറി പൊട്ടിക്കാൻ ഇറങ്ങീട്ടുണ്ടെന്നാണ്.”

“അയ്യോ! അവനോടാരാ ഇത് പറഞ്ഞു കൊടുത്തത്. ബാ… വേഗം പോകാം.”

അങ്ങനെ സാറയും ആന്യയും ബ്ലൂബെറി പൊട്ടിക്കാൻ അവരുടെ സൈക്കിളുകൾ ആഞ്ഞു ചവിട്ടി കാട്ടിലേക്ക് പാഞ്ഞു.

അവർ അവിടെ എത്തിയപ്പോഴേക്കും ഡാനിയേലും കൂട്ടുകാരും അവിടെ എത്തി ബ്ലൂബെറി പൊട്ടിച്ചു തുടങ്ങിയിട്ടുണ്ടായിരുന്നു. പിന്നീട് അവിടെ ബ്ലൂബെറി പൊട്ടിക്കാൻ ഒരു മത്സരം തന്നെയായിരുന്നു.

കൂടുതൽ ബ്ലൂബെറി കിട്ടാനായി സാറ ഓടി കിതച്ച് കുറെ ചെടികൾ വലിച്ചു പൊട്ടിച്ചു. കൈയ്യിൽ കിട്ടിയതൊക്കെ പെറുക്കി കുട്ടയിലാക്കി. കല്ലിൽ തട്ടി വീണ ആന്യക്കു അധികം പറിക്കാൻ പറ്റിയില്ല. അവൾ വൈകാതെ തന്റെ കുട്ട സാറയെ ഏൽപ്പിച്ച് വീട്ടിലേക്ക് തിരിച്ചു പോയി.

uma praseeda, story, iemalayalam

അന്ന് സാറ വീട്ടിലെത്തിയത് എന്ത് സന്തോഷത്തിലായിരുന്നെന്നോ! അവളുടെ രണ്ടു കുട്ടയും ആന്യയുടെ ഒരു കുട്ടയും നിറച്ച് ബ്ലൂബെറികൾ! കൂടുതൽ ബ്ലൂബെറികൾ പൊട്ടിച്ച് ഡാനിയേലിനെ തോൽപ്പിച്ച സന്തോഷത്തിൽ, ഡാനിയേലിന്റെ കാലിൽ ഒരു ചവിട്ടും കൊടുത്താണ് സാറ പോന്നത്. വീട്ടിലെത്തിയപ്പോൾ തെല്ലു ഭാവത്തോടെ അവൾ അവളുടെ മൂന്നു കുട്ടകളും അമ്മക്ക് കാണിച്ചു കൊടുത്തു.

അത് കണ്ട അമ്മ പറഞ്ഞു, ” സാറ, നമുക്കിത് കൂടുതലാണല്ലോ. എന്തിനാ നീ ഇത്രയൊക്കെ പൊട്ടിച്ചത്? നീ ഇതിൽ നിന്ന് കുറച്ച് മാറ്റി, ബാക്കി ആന്യക്കും നിന്റെ കൂട്ടുകാരൻ ഡാനിയേലിനും കൊടുത്തോ, അവൻ കരഞ്ഞു കൊണ്ടാണ് വീട്ടിൽ ചെന്നതെന്ന് മേരി ആന്റി പറഞ്ഞിരുന്നു.”

“പറ്റില്ല അമ്മേ. ഞാൻ കഷ്ടപ്പെട്ട് പൊട്ടിച്ചതാ. ആർക്കും കൊടുക്കില്ല.” സാറ പറഞ്ഞു:

“എന്താ സാറ ഇങ്ങനെ?” അമ്മ ചോദിച്ചു.

അപ്പോഴാണ് സാറയുടെ അമ്മയുടെ ഫോൺ ‘കിണുകിണോ’ എന്നുറക്കെ അടിച്ചതും അമ്മ അതെടുക്കാൻ ഓടിയതും.

സാറ എല്ലാ ബ്ലൂബെറിയും ഒരു വല്യ പാത്രത്തിലാക്കാൻ തുടങ്ങി. അപ്പോഴതാ കുട്ടയിൽ നിന്നൊരു ശബ്ദം!

“ഹലോ സാറ! ഞാൻ സ്റ്റാൻലി സ്ലഗ്ഗി. നൈസ് ടു മീറ്റ് യു !”

സാറ ഒന്ന് ഞെട്ടി. നോക്കിയപ്പോഴോ, കുട്ടയിലുണ്ട് ഒരു സ്ലഗ്, അഥവാ ഒച്ച്. കൂളിങ് ഗ്ലാസും ബനിയനും ഷോർട്സും ഒക്കെ ഇട്ടിട്ട് സ്റ്റൈലിൽ ഒരു വലിയ ബ്ലൂബെറിയിൽ ചാരിനിൽക്കുന്നു!

” ആ ആ ആരാത് ?” – സാറ പേടിച്ച് വിറച്ച് ചോദിച്ചു.

“ഹ ഹ! എന്താ പേടിച്ചു പോയോ? കുഞ്ഞ് ഒരുപാട് ബ്ലൂബെറികൾ പൊട്ടിച്ചു, അല്ലെ? ഡാനിയേലിനെ തോൽപ്പിച്ച് കളഞ്ഞല്ലോ!”

തന്റെ ബ്ലൂബെറി പൊട്ടിക്കൽ പുകഴ്ത്തിയതാണെന്നു കരുതിയ സാറയുടെ അഹങ്കാരം കുറച്ചും കൂടി ഒന്ന് കൂടി.

“ഓ അതോ.. ഞാൻ കുറെ പൊട്ടിച്ചു. അതിൽ കുറെ അമ്മയ്ക്ക് ജാം ഉണ്ടാക്കാൻ കൊടുക്കും. പിന്നെ ബാക്കി ഉണ്ടല്ലോ, ഞാൻ സൂക്ഷിച്ചു വെക്കും. ആർക്കും കൊടുക്കില്ല. ആന്യടെ കുട്ടയിൽ പകുതി ഞാൻ മാറ്റി വെക്കും. ആന്യക്കറിയില്ലല്ലോ ഞാൻ എത്ര പൊട്ടിച്ചെന്ന്. ഹി ഹി…” സാറ പറഞ്ഞു.

ഇങ്ങനെ വാ തോരാതെ പറഞ്ഞ് കുലുങ്ങി ചിരിക്കുന്ന സാറയെ തുറിച്ച് നോക്കി സ്ലഗി പറഞ്ഞു “കുഞ്ഞേ. നീ ചെയ്തത് ഒട്ടും ശരിയായില്ല. ഒന്നാമത്, ഞങ്ങൾ ഒച്ചുകൾക്കും കൂടി ഉള്ളതാണ് ബ്ലൂബെറികൾ. അത് നീ കണ്ടമാനം പൊട്ടിച്ചു കൊണ്ട് പോയി. അതും പോരാഞ്ഞു ഡാനിയേലിനെ ദേഷ്യം പിടിപ്പിക്കാൻ അവന്റെ കാലിൽ ചവിട്ടി. എന്നിട്ടോ, കല്ലിൽ തട്ടി വീണ നിന്റെ കൂട്ടുകാരിക്ക് കുറച്ചു കൂടുതൽ ബ്ലൂബെറികൾ കൊടുക്കുന്നതിനു പകരം അവളുടെ കുട്ടയിൽ നിന്ന് പകുതിയും എടുത്തു മാറ്റി.”

സാറ ലേശം പതറി ” അത്… ഞാൻ… അല്ല, നിങ്ങളാരാ എന്നെ ചീത്ത പറയാൻ?”

“ഹ! ഹ! ഞാനോ, സ്ലഗ്ഗി രാജാവ്. സാക്ഷാൽ സ്റ്റാൻലി ദ രണ്ടാമൻ! നീ ഒന്ന് തിരിഞ്ഞു നോക്ക് ആ ഫ്രിഡ്ജിൽ നീ എന്താ എഴുതി ഒട്ടിച്ചു വെച്ചിരിക്കുന്ന തെന്ന്. ‘ഷെയറിങ് ഈസ് കെയറിങ്’. ഒരുപാട് കൈയിൽ ഉണ്ടെങ്കിൽ പങ്കിടുക, ബാക്കി ഉള്ളവർക്കും കരുതൽ കാണിക്കുക. ഇതൊക്കെ അറിയുന്ന നീ ആണോ ഇങ്ങനെ ചെയ്തത്?” സ്ലഗ്ഗി പറഞ്ഞു.

uma praseeda, story, iemalayalam

“ഞ.. ഞാൻ അമ്മയെ വിളിക്കും.”

“വിളിക്കെന്നെ! ഞാൻ എന്റെ രാജ്യത്തെ ഒച്ചുകളെ എല്ലാം വിളിക്കും. നിന്റെ മുറിയും, ബ്ലൂബെറി സൂക്ഷിക്കാൻ പോകുന്ന ഫ്രിഡ്‌ജും, എല്ലാം കൈയ്യടക്കും. ” സ്ലഗ്ഗി പറഞ്ഞു.

” അമ്മേ…” ഉറക്കെക്കരഞ്ഞു ഓടിപ്പോയ സാറ അമ്മയെ അടുക്കളയിലേക്ക് കൊണ്ട് വന്നപ്പോഴോ, സ്റ്റാൻലിയെ കാണാനില്ല!

ഒന്നും മനസ്സിലാകാത്ത അമ്മ ചോദിച്ചു “എന്താ സാറ നിനക്ക് പറ്റിയത്?”

തല ചൊറിഞ്ഞു കൊണ്ട് സാറ പറഞ്ഞു “അമ്മേ, സത്യമായിട്ടും സ്റ്റാൻലി എന്ന പേരുള്ള ഒരു സ്ലഗ്ഗി എന്നെ പേടിപ്പിച്ചു.”

ഇത് കേട്ട് പൊട്ടിച്ചിരിച്ചു കൊണ്ട് അമ്മ പറഞ്ഞു ” സാറ, നീ ഒരുപാട് കാർട്ടൂൺ കാണുന്നുണ്ട് . അതാണ് നിനക്ക് ഇങ്ങനെ ഒക്കെ തോന്നുന്നത്, ഇവിടെ ഒരു ഒച്ചിനെയും കാണാനില്ലല്ലോ. ഞാൻ വീട് വൃത്തിയാക്കുകയാണ്. വെറുതെ എന്റെ സമയം കളയല്ലേ കുട്ടി.”

എന്നിട്ടോ? അമ്മ, അമ്മയുടെ പണികൾ തീർക്കാൻ പോയി. സാറ കണ്ണ് തിരുമ്മി ഓടി പോയി കുട്ടയിലേക്ക് എത്തി നോക്കി. സ്റ്റാൻലി പെട്ടെന്ന് ബ്ലൂബെറികൾക്കിടയിൽ നിന്ന് മുൻപിലേക്ക് ആഞ്ഞു സാറയുടെ മൂക്കിൽ ആൻറിനകൾ കൊണ്ട് തൊട്ടു.

സാറ ഞെട്ടി നിലവിളിച്ചു കൊണ്ട് പിന്നാക്കം വീണു.

സ്റ്റാൻലി എത്തി നോക്കി പറഞ്ഞു ” നീ വേഗം കുറച്ച് ബ്ലൂബെറികൾ ജാം ഉണ്ടാക്കാൻ മാറ്റിയിട്ട്, ഒരു കുട്ട ബ്ലൂബെറി ആന്യക്കു കൊടുത്തിട്ട് ബാക്കി ഒന്നര കുട്ട നേരെ ആ കാട്ടിൽ കൊണ്ട് വെച്ചോ. അതാണ് നിനക്ക് നല്ലത്. അല്ലെങ്കിൽ നിന്റെ കാര്യം പോക്കാണ്.”

സാറ ഉടനെ ഓടി പോയി ആന്യക്കു ഒരു കുട്ട ബ്ലൂബെറി കൊടുത്തു. പിന്നീടോ സൈക്കിളിൽ കയറി സ്റ്റാൻലി ഇരിക്കുന്ന കുട്ടയും ബാക്കി ഉള്ള ഒരു കുട്ടയും എടുത്ത് കാട്ടിലേക്ക് കുതിച്ചു. അവിടെ അത് കൊണ്ട് വെച്ച് സാറ തിരിഞ്ഞു നോക്കാതെ വീട്ടിലേക്കു സൈക്കിൾ പായിച്ചു.

സ്ലഗ്ഗിയും കൂട്ടുകാരും അന്ന് ബ്ലൂബെറി കൊണ്ട് സദ്യ തന്നെ ഉണ്ടാക്കി പൊടിപൊടിച്ചു.

അതിനു ശേഷം സാറ എപ്പോൾ ബ്ലൂബെറി പൊട്ടിക്കാൻ പോകുമ്പോഴും സ്ലഗ്ഗിയെ പേടിച്ച് കുറച്ചേ പൊട്ടിക്കുമായിരുന്നുള്ളു. മാത്രമല്ല, വീടിനടുത്തുള്ള എല്ലാവർക്കും കുറേശ്ശേ കൊടുക്കാനും മറന്നിരുന്നില്ല.

അങ്ങനെ ബ്ലൂബെറിയും സ്ലഗ്ഗിയും കാരണം സാറ നല്ല കുട്ടിയായി.

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Uma praseeda stories for children