scorecardresearch
Latest News

ട്രോൾസ്റ്റിഗൻ കാണാനിറങ്ങിയ ആട്ടിൻകുട്ടി

“ട്രോൾസ്റ്റിഗെൻ കാണാൻ ആശിച്ച നോറ എന്ന ആട്ടിൻകുട്ടിയുടെ കഥ. അലീന കുരുവിയുടെ കൂടെ ട്രോൾസ്റ്റിഗെൻ കാണാനിറങ്ങിയ നോറ ചെന്ന് പെട്ടത് ആരുടെ മുന്നിലാണ്? കുഴക്കുന്ന ചോദ്യത്തിനുത്തരം നോറ കണ്ടുപിടിക്കുമോ?” കുട്ടികൾക്കായി ഉമ പ്രസീദ എഴുതിയ സ്കാൻഡിനേവിയൻ കഥ

ട്രോൾസ്റ്റിഗൻ കാണാനിറങ്ങിയ ആട്ടിൻകുട്ടി
ചിത്രീകരണം : ഉമ പ്രസീദ

ഇന്നെങ്ങോട്ടാണ് നമ്മൾ കഥയിലൂടെ യാത്ര പോകുന്നത്? നോർവേയിലെ റോമാ എന്ന സ്ഥലത്തേക്ക്. കഥ പറയുന്ന എന്റെ കൈയ്യും പിടിച്ച് ദൂരെ നോക്കൂ. അവിടെ നിങ്ങൾ കാണുന്നുണ്ടോ പടുകൂറ്റൻ മലകൾ?

ഭൂമിയിൽ നിന്നുയർന്നു ആകാശം തൊട്ടു നിൽക്കുന്ന മലകൾ! റോമയിൽ നിന്നും വൽദാൽ എന്ന സ്ഥലത്തേക്ക് പോകാൻ ആ മലകൾ കയറിയിറങ്ങിയേ പറ്റുകയുള്ളു. വഴിയോ, ആകാശത്തിൽ നിന്നും നോക്കിയാൽ വളഞ്ഞു പുളഞ്ഞു കിടക്കുന്ന ഒരു നീളൻ പാമ്പിനെ പോലെ.

മലമുകളിൽ നിന്നും മഞ്ഞുരുകി വെള്ളച്ചാട്ടം നൂലു പോലെ ഒഴുകി താഴെ എത്തുമ്പോൾ കളകള ശബ്ദത്തിൽ കുതിച്ചു പായുന്ന കുഞ്ഞരുവികളായി മാറും. അങ്ങനെയുള്ള ഒരു മലയുടെ താഴ്വാരത്തിലാണ് നോറ ഓൾസെൻ എന്ന ആട്ടിൻകുട്ടി താമസിച്ചിരുന്നത്.

ഒറ്റക്കല്ല – കൂടെ നോറയുടെ അമ്മ ജാനറ്റ് ഓൾസെനും അച്ഛൻ ക്രിസ് ഓൾസെനും അമ്മൂമ്മ, മുത്തശ്ശൻ, വല്യമ്മ, ചെറിയമ്മ അവരുടെ കുടുംബങ്ങൾ. അങ്ങനെ ഒരു വലിയ സംഘം ആടുകളുടെ ഒപ്പം! അവരുടെ ഒക്കെ കണ്ണിലുണ്ണി ആയിരുന്നു നോറ- എപ്പോഴും “മ് മ് മ് മേ മ് മ് മ് മേ ” എന്നാർത്ത് വിളിച്ച് ചിരിച്ച് ഉല്ലസിച്ചു കുതിച്ചു പാഞ്ഞു നടക്കുന്ന, ഒരു സുന്ദരി ആട്ടിൻകുട്ടി.

ജാനറ്റ് എന്നും നോറയെയും കൊണ്ട് അരുവിയുടെ ഓരത്തുള്ള പുല്ലു കഴിക്കാൻ പോകുമായിരുന്നു. അവിടത്തെ പുല്ലു കഴിച്ചാൽ പെട്ടെന്ന് തടിച്ച് ഉരുളുമെന്ന് നോറയുടെ അമ്മൂമ്മ ആനറ്റ് പറയുമായിരുന്നു. പക്ഷേ, നോറ കുഞ്ഞു ശലഭങ്ങളെയോ, കുരുവികളെയോ ഒക്കെ കണ്ടാൽ പുല്ലു തീറ്റ നിർത്തി അവയുടെ പിന്നാലെ ഓടിപ്പോകുമായിരുന്നു.

അവളുടെ പിന്നാലെ അവളെ കൂട്ടത്തിലേക്ക് കൊണ്ട് വരാനായി ജാനറ്റും . ജാനറ്റ് അവസാനം ഓടി തളർന്നു ഇങ്ങനെ വിളിച്ചു പറയും “നോറാ… ദൂരെ പോകല്ലേ. ട്രോളുകൾ പിടിക്കാൻ വരും. നിനക്കോർമ്മയില്ലേ ജോൺ മുത്തശ്ശൻ ഈ മലയോരത്തെ പറ്റി പറഞ്ഞു തന്നത്? ഈ മലകൾക്ക് ട്രോൾസ്റ്റിഗെൻ എന്ന പേര് വരാൻ കാരണം? ട്രോളുകൾ കാരണമാണ്. നീ പറ്റം തെറ്റിച്ച് ദൂരെ പോയാൽ അവർ നിന്നെ പിടിച്ചു കൊണ്ട് പോകും, തിരിച്ചു വാ… “

പക്ഷെ നോറയുണ്ടോ പറഞ്ഞാൽ കേൾക്കുന്നു! പോരാത്തതിന് നോറയുടെ ഉറ്റ ചങ്ങാതിയായ അലീന കുരുവി തരം കിട്ടിയാൽ നോറയോട് മല കയറി നോക്കാൻ പറയും- ട്രോൾസ്റ്റിഗെനിലെ പാമ്പു പോലെ വളഞ്ഞ ആ വഴി കാണാൻ.

നോറ അമ്മയുടെ കണ്ണ് വെട്ടിച്ച് ട്രോൾസ്റ്റിഗെൻ റോഡ് കാണാൻ പദ്ധതി ഇട്ടിരുന്നു. രാത്രി താരാട്ടു പാടി ഉറങ്ങാത്തപ്പോഴും നോറയെ ഉറക്കാൻ ജാനെറ്റ് ഇങ്ങനെ പറയും “വേഗം ഉറങ്ങിക്കോ. അല്ലെങ്കിൽ ട്രോൾ പിടിക്കും.”

uma praseeda, story, iemalayalam
ചിത്രീകരണം : ഉമ പ്രസീദ

ആരായിരുന്നു ഈ ട്രോൾ? പണ്ട് മുതലേ നോർവേയിൽ അമ്മൂമ്മമാർ കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കുന്ന നാടോടി കഥകളിലെ പ്രധാന കഥാപാത്രം! ഒറ്റപ്പെട്ട മലയിടുക്കുകളിൽ കാണപ്പെടുന്ന ജീവികൾ.

കണ്ടാലോ മനുഷ്യന്മാരെ പോലെ, എന്നാൽ മനുഷ്യന്മാരാണോ? അല്ല. നീളൻ ചെവികളും ഉണ്ട കണ്ണുകളും ഇരുണ്ട തൊലിയുമുള്ള ജീവികൾ. എന്താണവരുടെ പ്രധാന വിനോദം? മനുഷ്യന്മാരെ കണ്ടാൽ പിടിച്ചു തിന്നുകയൊന്നുമില്ല. പക്ഷേ, കുഴക്കി കളയും നിങ്ങളെ!

ഒരു പാലം കടക്കാൻ നോക്കുകയാണെങ്കിൽ അവർ പാലത്തിനു കുറുകെ കയറി നിൽക്കും. എന്നിട്ടു കുഴയ്ക്കുന്ന ചോദ്യങ്ങൾ ചോദിക്കും. ശരിയുത്തരം പറഞ്ഞാൽ മാത്രമേ പാലം മുറിച്ചു കടക്കാൻ സമ്മതിക്കുകയുള്ളു.

മിന്നൽ കണ്ടാൽ അവർ ഓടിയൊളിക്കും, സൂര്യനുദിച്ചാൽ അവർ നമ്മൾ കാണുന്ന കൂറ്റൻ പാറക്കൂട്ടങ്ങൾ ആയി മാറുമെന്നാണ് എല്ലാരും പറയുന്നത്. നമ്മുടെ നോറക്കിതൊന്നും അറിയുകയില്ലായിരുന്നു. എന്നാലും അവളുടെ അമ്മ പറഞ്ഞു പറഞ്ഞ്‌ ട്രോളുകൾ പേടിക്കേണ്ട എന്തോ ഒന്നാണെന്ന് മാത്രമേ അവൾക്കറിയാമായിരുന്നുള്ളു.

അങ്ങനെ ഇരിക്കുമ്പോഴാണ് അലീന കുരുവി ഒരു ദിവസം അതിരാവിലെ നോറയുടെ ചെവിയിൽ വന്നിരുന്നത്. എന്നിട്ട് “കുക്കുറു കുറു കുറു “ എന്ന് നിർത്താതെ കുറുകാൻ തുടങ്ങി. ഒരു വലിയ കോട്ടുവായിട്ട നോറ കണ്ണൊക്കെ മെല്ലെ തിരുമ്മി ചോദിച്ചു: “എന്താ അലീ രാവിലെ തന്നെ ബഹളം വെക്കുന്നത്? ഉറങ്ങാനും സമ്മതിക്കില്ല?”

“നോറാ എഴുന്നേൽക്ക്. നീ അറിഞ്ഞോ. രാവിലെ താഴ്വാരത്തിലെ ആപ്പിൾ മരത്തിൽ ഇരിക്കുമ്പോഴാണ് ഞാനത് കണ്ടത്. ഒരു വലിയ ബസ്സുണ്ട് മല കയറി പോകുന്നു, കുറച്ച് ആൾക്കാരേം കൊണ്ട്. നിനക്ക് അതിൽ കയറി പറ്റിയാൽ മുകളിൽ എത്തി കൂടെ? പാമ്പു പോലെ വളഞ്ഞ റോഡും കാണാം മുകളിൽ എത്തിയാൽ. കണ്ണ് തുറക്കെന്നെ…” അലീന കുരുവി തുടർന്നു.

‘ട്രോൾസ്റ്റിഗെൻ’ എന്ന് കേട്ടപ്പോളാണ് നോറ കണ്ണ് മിഴിച്ചു നോക്കിയത്. ഉടനെ നോറ അലീനയുടെ ചുണ്ട് പൊത്തിപിടിച്ചു.

“ശ്ഷ് ശ്ശ്… പതുക്കെ പറ’ അമ്മ ഉണരേണ്ട. നീ ആ ഓക്ക് മരത്തിൽ പോയിരിക്ക്. ഞാൻ ഇപ്പോൾ വരാം.”

നോറ പതുക്കെ അമ്മയുടെ കൈ മാറ്റി തൊട്ടടുത്തുള്ള കുളത്തിൽ മുഖം കഴുകി അലീനയെ ചെവിയിൽ ഇരുത്തി താഴ്വാരത്തിലേക്ക് കുതിച്ചു.

അവിടെ ചെന്നപ്പോൾ അതാ ബസ്സ് ഒരു സ്ഥലത്ത് നിർത്തിയിട്ടിരിക്കുന്നു! അതിൽ നിന്നിറങ്ങിയ ആൾക്കാർ അവിടെ ഒരു ചെറിയ മതിലിനോട് ചേർന്ന് ഫൊട്ടോ എടുക്കാന്‍ തിടുക്കം കൂട്ടുകയായിരുന്നു. പെട്ടെന്ന് തന്നെ ഡ്രൈവർ “വാ വാ എല്ലാവരും കയറൂ… പത്ത് മിനിറ്റ് ആയി.” എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു.

അതോടെ എല്ലാവരും ബസ്സിലേക്ക് ഓടിക്കയറാൻ തുടങ്ങി. അലീന പെട്ടെന്ന് തന്നെ പറന്നു ബസ്സിന്റെ പിൻവശത്തു പോയിരുന്നു ചിലക്കാൻ തുടങ്ങി. നോറയും അങ്ങോട്ട് കുതിച്ചു.അവിടെ ഒരു കോണിപ്പടി കണ്ട അവർ ബസ്സിന്റെ മുകളിലേക്ക് കയറി. നല്ല കയറ്റമായിരുന്നത് കൊണ്ട് ബസ്സ് മെല്ലെയാണ് ഓടിച്ചിരുന്നത്. അത് കൊണ്ട് തന്നെ ബസിന്റെ മുകളിൽ നോറയും അലീനയും സുഖമായിരുന്നു. കയറ്റം കയറുമ്പോൾ താഴ്വാരത്തിലേക്ക് നോക്കിയാൽ എന്ത് ഭംഗിയുള്ള കാഴ്ചകളായിരുന്നു എന്നോ?

താഴേക്കു നോക്കിയാൽ തലകറങ്ങും വിധം താഴ്ചയിൽ കുഞ്ഞു വഴികൾ. അവ നേരിയ വരകൾ പോലെ. ചെറുതായി. മുകളിലേക്ക് നോക്കിയാലോ അറ്റം കാണാൻ പറ്റാത്ത പടുകൂറ്റൻ മലകൾ. ഇതൊക്കെ കണ്ട നോറയും അലീനയും ശ്വാസം അടക്കിപിടിച്ചിരുന്നു.

അങ്ങനെ കയറി, കയറി ബസ് മലമുകളിൽ എത്തി. ഒരു വലിയ കെട്ടിടത്തിനരികിൽ എല്ലാവരേം ബസിൽ നിന്നിറക്കിയ ഡ്രൈവർ അവിടെ ഉള്ള കടയിൽ കുശലം പറയാൻ കയറി. ആ തക്കത്തിന് അലീനയും നോറയും ബസിൽ നിന്ന് ഇറങ്ങി. ചുറ്റിനും നോക്കിയപ്പോഴോ, മേഘങ്ങൾ തെന്നി കളിക്കുന്നു! അത്ര ഉയരത്തിലായിരുന്നു അവർ! ‘കള കള’ ശബ്ദത്തോടെ ഒരു വെള്ളച്ചാട്ടം കുഞ്ഞു വെള്ളതുള്ളികൾ തട്ടി തെറിപ്പിച്ച് കുതിച്ചു പായുന്നു.

ആളുകളൊക്കെയും അവിടെ കുറച്ചു മുകളിലായി കാഴ്ച കാണാൻ ഒരുക്കിയ ഒരു സ്ഥലത്തേക്ക് നടന്നു കയറി. ആ സ്ഥലം ചൂണ്ടി കാണിച്ച അലീന പറഞ്ഞു, “നോറാ അവിടെ നോക്ക്, അവിടെ നിന്ന് നോക്കിയാൽ നമ്മുടെ ഓക്ക് മരവും നീ താമസിക്കുന്ന പുൽമേടുകളും ആ പാമ്പു വഴിയും കാണാമത്രെ. വാ പോയി നോക്കാം.”

uma praseeda, story, iemalayalam
ചിത്രീകരണം : ഉമ പ്രസീദ

“അയ്യോ അത് വേണ്ട. ഈ മനുഷ്യന്മാർക്കൊക്കെ എന്നെ കണ്ടാൽ വാത്സല്യം വരും. പിന്നെ അവരെന്നെ കോരി എടുത്ത് കൊണ്ട് പോകും. നമുക്ക് ആ പിൻവശത്തുള്ള ഏറ്റവും വലിയ മലയിലേക്ക് കുതിച്ച് കയറി അവിടെ കാണുന്ന വലിയ പാറക്കെട്ടിൽ നിന്ന് നോക്കിയാലോ? വാ… പെട്ടെന്ന് വാ.”

ഇത് പറഞ്ഞതും നോറ ആ വലിയ മലയുടെ മുകളിലേക്ക് കുതിച്ചു. ഒപ്പം അലീനയും. തണുപ്പ് കാരണം അലീന ആകെ മരവിച്ചിരുന്നു. പഞ്ഞി കുപ്പായമുള്ള നോറക്ക് അത്രക്കൊന്നും തണുപ്പറിഞ്ഞില്ല.

തണുപ്പ് സഹിക്കാതെ ആയപ്പോൾ അലീന നോറയോട് പറഞ്ഞു “എനിക്കിനി പറക്കാൻ വയ്യ. നീ അതൊക്കെ കണ്ട് ബസ്സിലേക്ക് പോര… ഞാൻ അവിടെ പോയി കുറച്ചൊന്നുറങ്ങട്ടെ, തണുത്തിട്ട് വയ്യേ.”

അങ്ങനെ കുരുവി ബസിലേക്ക് പറന്നു പോയി. എന്നിട്ടോ? ഒഴിഞ്ഞ ബസ് കണ്ടപ്പോൾ അതിനകത്തു കയറി ഏറ്റവും പിന്നിലെ സീറ്റിൽ ഇരുന്നു. കുറച്ച് കഴിഞ്ഞപ്പോഴോ, അവളുറങ്ങി പോയി. ആളുകൾ തിരിച്ചു കയറി യപ്പോൾ ബസ്സ് യാത്ര തിരിക്കുകയും ചെയ്തു. അവളൊന്നുമറിഞ്ഞില്ല.

ഏറ്റവും മുകളിലെത്തിയ നോറ വാ പൊളിച്ചു പോയി. എന്തൊരു കാഴ്ച. ലോകം മൊത്തം ഒറ്റയടിക്ക് ആകാശത്തിൽ നിന്ന് കാണുന്ന പോലെ! അപ്പോഴാണ് ഒരു വലിയ മേഘം അത് വഴി വന്നു കാഴ്ച മറച്ചത്. പഞ്ഞികെട്ടു പോലെയുള്ള മേഘത്തെ നോറ ഊതി ഊതി അകറ്റി.

അപ്പോഴതാ പിന്നിൽ നിന്നൊരു വലിയ ശബ്ദം:” അല്ല, ആരാ ഈ വഴിക്കൊക്കെ വന്നിരിക്കുന്നത്?”

പെട്ടെന്ന് തിരിഞ്ഞ് നോക്കിയ നോറ കണ്ടതെന്താണ്?

നോറയുടെ അമ്മ പറയാറുള്ള കഥകളിലെ ട്രോൾ. സാക്ഷാൽ ട്രോൾ!
വലിയ ചെവിയും ഉണ്ട കണ്ണുമുള്ള ട്രോൾ. പേടിച്ചരണ്ട നോറ “മേ മ് മ് മ് മേ ” എന്ന് കരയാൻ തുടങ്ങി.

“ഹലോ, ഞാൻ ട്രെൻഡാൽ ട്രോൾസ്റ്റിഗ്. ഇവിടത്തെ പ്രധാന ട്രോൾ. ഞങ്ങളെ പറ്റി കേട്ട്കാണുമല്ലോ അല്ല? ദാ, ആ ദൂരത്ത് കാണുന്ന കുഞ്ഞു പാറക്കല്ലുകൾ കണ്ടോ? കൂട്ടം കൂട്ടമായി വെച്ചിരിക്കുന്നത്. വെയില് കൊണ്ടപ്പോൾ ഞങ്ങൾ കല്ലായി പോയെന്നാണ്‌ ആൾക്കാർ പറഞ്ഞു നടക്കുന്നത്.” ഇങ്ങനെ പറഞ്ഞ ട്രോൾ കൈകുലുക്കാനായി കൈ നീട്ടി. കണ്ടാൽ പിടിച്ചു തിന്നുമെന്ന് അമ്മ പറഞ്ഞതൊക്കെ വെറുതെ ആയിരുന്നുവോ എന്ന് വിചാരിച്ച നോറ മെല്ലെ കൈ നീട്ടി.


” ഞാൻ നോറ. ഇവിടെ നിന്ന് നോക്കിയാൽ നല്ല ഭംഗിയുള്ള കാഴ്ച കാണാമെന്ന് എന്റെ കൂട്ടുകാരി പറഞ്ഞപ്പോൾ ഇങ്ങോട്ട് വന്നതാണ് അമ്മാവാ.”

“ഹ ഹ ഹ. ഇതൊക്കെ എന്ത്!. ഇതൊക്കെ ഞങ്ങൾ എന്നും കാണുന്ന കാഴ്ചകൾ അല്ലെ. അത് പോട്ടെ , ഞാൻ ഒരു ചോദ്യം ചോദിക്കാം. ശരിയായ ഉത്തരം പറഞ്ഞാലേ വീട്ടിലേക്ക് പോകാൻ സമ്മതിക്കുകയുള്ളു.

“കടൽ എന്റെ അമ്മയാണ്…
ചന്ദ്രൻ എന്റെ അച്ഛനും
എനിക്ക് ഒരുപാട് സഹോദരങ്ങൾ ഉണ്ട്
പക്ഷെ കരയടിഞ്ഞാൽ എന്റെ ജീവൻ പോകും. ആരാണ് ഞാൻ?”

കടൽ കാണാത്ത നമ്മുടെ നോറയ്ക്കുണ്ടോ ഉത്തരം അറിയുന്നു! പക്ഷെ അവൾ ദയവോടെ പറഞ്ഞു.

“ട്രോളമ്മാവാ. ഇതിന്റെ ഉത്തരം എനിക്കറിയില്ല. ഇതൊരുപാട് പേരോട് അമ്മാവൻ ചോദിച്ചിട്ട് ഉത്തരം കിട്ടാഞ്ഞിട്ടല്ലേ എന്നോടും ചോദിച്ചത്? ഞാൻ അമ്മയോട് ചോദിച്ച് പറഞ്ഞു തരാല്ലോ. വിഷമിക്കല്ലേ.”

ആട്ടിൻ കുഞ്ഞിന്റെ ആ അലിവോടെയുള്ള ഉത്തരം കേട്ടതോടെ ട്രെൻഡാൽ കുലുങ്ങി കുലുങ്ങി ചിരിച്ചു. അപ്പോൾ അവിടെ മൊത്തമൊന്നു കുലുങ്ങി! പിന്നീടോ ചിരിച്ച് ചിരിച്ച് ട്രെൻഡാലിന് കരച്ചിൽ വരുവാൻ തുടങ്ങി.

അങ്ങനെ അലിവോടെ ആരും ട്രെൻഡാലിനോട് സംസാരിച്ചിട്ടുണ്ടായിരുന്നില്ല. “ഇതുവരെ വന്നിട്ട് നിനക്കെന്റെ വീട് കാണേണ്ടേ? വാ എന്റെ കൂടെ.” ട്രെൻഡാൽ നോറയുടെ കൈയും പിടിച്ച് പാറക്കെട്ടിന്റെ അപ്പുറത്തേക്ക് നടന്നു.

അതിനപ്പുറത്തതാ ഒരു കുഞ്ഞു വീട്!

ഉത്തരം പറയാത്തത് കൊണ്ട് തന്നെ പിടിച്ചു കറി വെക്കാൻ കൊണ്ടുപോകുകയാണെന്നു നോറ ഉറപ്പിച്ചു. എന്ത് ചെയ്യാനാ? ഓടാൻ പറ്റുമോ? ഇല്ല.

വീട് തുറന്നു ഉള്ളിലേക്ക് കയറിയപ്പോഴോ, അകത്തുണ്ട് കട്ടിലും മേശയും പാത്രങ്ങളും ഒക്കെ! ഒരു ജനാലയുടെ അരികിലുള്ള മേശയിൽ നോറയെ ഇരുത്തിയ ട്രെൻഡാൽ പലവിധത്തിലുള്ള പുല്ലുകളും ഇലകളും ഒരു കുഞ്ഞു പാത്രത്തിൽ കഴിക്കാൻ കൊടുത്തു. അത്രയും സ്വാദുള്ള ഒന്നും നോറ മുൻപ് കഴിച്ചിട്ടേ ഉണ്ടായിരുന്നില്ല.

അതിനിടയിൽ ട്രോൾ പറഞ്ഞു “നോക്ക് കുഞ്ഞേ, ആ ജനാലക്കപ്പുറത്തേക്ക്.”

വായിൽ നിറച്ച് പുല്ലോടെ എത്തി നോക്കിയ നോറ അത് വരെ കാണാത്ത കാഴ്ചകൾ കണ്ടു! മേഘങ്ങളൊക്കെ പോയി സൂര്യൻ വന്നിരുന്നു. അത് കാരണം എല്ലാം തിളങ്ങി തിളങ്ങി കാണുന്നുണ്ടായിരുന്നു! വാ പൊളിച്ച നോറയുടെ വായിൽ നിന്ന് വീണ പുല്ലുകളൊക്കെ ട്രെൻഡാൽ ചിരിച്ചു കൊണ്ട് പെറുക്കി വായിലേക്ക് തന്നെ വെച്ച് കൊടുത്തു.

uma praseeda, story, iemalayalam
ചിത്രീകരണം : ഉമ പ്രസീദ

” ആട്ടെ, നീ എങ്ങിനെ ഇവിടെത്തിപ്പെട്ടു ?”

“അതാ അമ്മാവാ, ആ കെട്ടിടത്തിനടുത്ത് നിർത്തിയിട്ട ബസ്സ് കാണുന്നില്ലേ, അതിൽ.”

നോറ കൈ ചൂണ്ടി കാണിച്ച സ്ഥലത്തേക്ക് നോക്കിയ ട്രോൾ പറഞ്ഞു : “അതിനവിടെ ഒരു ബസ്സും ഞാൻ കാണുന്നില്ലല്ലോ?” അപ്പോഴാണ് ബസ് പോയെന്നു നോറയും കണ്ടത്.

“അയ്യോ, ഇനി ഞാൻ എങ്ങിനെ വീട്ടിലേക്ക് പോകും?” നോറ ‘മേ മേ’ എന്ന് കരയാൻ തുടങ്ങി.

ട്രെൻഡാൽ പറഞ്ഞു “നീ ആ പുല്ലൊക്കെ ഒന്ന് കഴിക്കു കുഞ്ഞേ, വഴിയുണ്ടാക്കാം.”

വിശപ്പ് കാരണം നോറ മുഴുവനും കഴിച്ചു!

പിന്നീട് ട്രെൻഡാൽ നോറയെയും കൊണ്ട് മലമുകളിലേക്ക് പോയി. എന്നിട്ട് ഇങ്ങനെ പറഞ്ഞു: “ഇനി ആര് ചോദിച്ചാലും ട്രോളുകൾ എങ്ങിനെ ഉള്ളവരാണെന്ന് പറയും നീ?”

“അമ്മാവനേ പോലെ ഞാൻ ആരെയും കണ്ടിട്ടില്ല. എന്താ സ്റ്റൈൽ കാണാൻ. അമ്മാവൻ തന്ന ഭക്ഷണമോ? അടിപൊളി. അമ്മാവൻ ചോദിച്ച ചോദ്യത്തിനു ഞാൻ ഉത്തരം കണ്ടുപിടിച്ചു തരാംട്ടോ.” കുഞ്ഞു കണ്ണുകളിൽ തിളക്കത്തോടെ നോറ പറഞ്ഞു.

ഇത് കേട്ടതോടെ ചിരി പൊട്ടിയ ട്രെൻഡാൽ നോറയോട് പറഞ്ഞു “മതി, മതി. ഇനി നീ എന്നെ ചിരിപ്പിക്കല്ലേ. പോയി അമ്മയോട് പറ കടൽ കാണിച്ചു തരാൻ. കണ്ണടയ്ക്ക്.”

നോറ കണ്ണടച്ചതും, ട്രോൾ വിരൽ ഞൊടിച്ചതും അവിടെ മൊത്തം മേഘങ്ങൾ മൂടി. കണ്ണ് തുറന്ന് നോറ നോക്കിയപ്പോഴോ? കൂർക്കം വലിച്ചുറങ്ങുന്ന അമ്മയുടെ കൈയ്യിനടിയിൽ എത്തിപ്പെട്ടിരിക്കുന്നു! എന്തൊരു അത്ഭുതം!

മെല്ലെ അവിടെ നിന്നിറങ്ങി നോറ ഓക്ക് മരത്തിനടിയിലേക്ക് ഓടി. ബസ്സ് അപ്പോഴും മെല്ലെ കുന്ന് ഇറങ്ങി വരുന്നുണ്ടായിരുന്നു. താഴെ എത്തി ആളുകൾ വീണ്ടും കാഴ്ച കാണാനിറങ്ങിയ തക്കത്തിന് അലീനയെ നോക്കാനായി നോറ ബസിനു മുകളിൽ കയറി. അവിടെ അലീനയെ കാണാതെ നോറ മെല്ലെ അകത്തു കയറി നോക്കിയപ്പോൾ അതാ ഏറ്റവും ഒടുവിലത്തെ സീറ്റിൽ അലീന ഉറങ്ങുന്നു! ഉണർത്തിയപ്പോൾ അവൾ ഇങ്ങനെ പറഞ്ഞു.

“ഹോ നീ കയറിയോ? ഞാനങ്ങു ഉറങ്ങി പോയി. അല്ല, നമ്മൾ താഴത്തെത്തിയല്ലോ. വാ പോകാം…”

അങ്ങനെ അവർ ബസിൽ നിന്ന് ആരും കാണാതെ ചാടി ഇറങ്ങി. അലീന കൂട്ടിലേക്കും നോറ അമ്മയുടെ അടുത്തേയ്ക്കും പോയി.

അന്നും അമ്മ പറഞ്ഞു ” വേഗം പുല്ലു കഴിക്ക്, നോറ… ഇല്ലെങ്കിൽ ട്രോൾ പിടിക്കും!”

അന്ന് തൊട്ട് നോറയോടമ്മ എപ്പോൾ അങ്ങനെ പറഞ്ഞാലും നോറ ട്രെൻഡാൽ ട്രോളമ്മാവനെ ഓർത്ത് ചിരിയടക്കി, പേടിച്ച പോലെ കാണിക്കും!

ഇനി നിങ്ങൾ പറയു കൂട്ടുകാരെ ട്രോളമ്മാവൻ ചോദിച്ച ചോദ്യത്തിനുത്തരം!

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Uma praseeda stories for children