/indian-express-malayalam/media/media_files/uploads/2023/06/uma-novel-part-1-1.jpg)
ഈ കഥകളുടെ കേന്ദ്രകഥാപാത്രമായ ഉണ്ണിക്കുട്ടൻ ഇന്ന് വലുതായി ഒരു അച്ഛനാണ് - ചിന്നു എന്നൊരു കുഞ്ഞിന്റെ. 1980 കളിലെ തന്റെ വികൃതി നിറഞ്ഞ ബാല്യകാലത്തെ യഥാർത്ഥ സംഭവങ്ങൾ ആ അച്ഛൻ ചിന്നുക്കുട്ടിക്ക് പറഞ്ഞു കൊടുത്തത് കേട്ട് ഉരുത്തിരിഞ്ഞ കുട്ടികഥകളാണ് ‘ഉണ്ണിക്കുട്ടന്റെ വികൃതികൾ’ എന്ന പേരിൽ ഉമ പ്രസീദ നിങ്ങൾക്ക് പകർന്നു തരാൻ ശ്രമിക്കുന്നത്.
തീക്കളി
പണ്ട് പണ്ട്, ഒരു കുട്ടി ഉണ്ടായിരുന്നു. കുട്ടിക്കൊരു പേരും ഉണ്ടായിരുന്നു- 'ഉണ്ണിക്കുട്ടൻ.' പേര് കേട്ടാൽ നമ്മൾ വിചാരിച്ചു പോകും 'അയ്യോ എന്തൊരു പാവം കുട്ടി' എന്ന്! പക്ഷേ, പേര് പോലെ ആയിരുന്നില്ല ഉണ്ണിക്കുട്ടൻ. വികൃതികളുടെ രാജാവ്! നുണകളുടെ ആശാൻ! ഒന്നും പറയേണ്ട കൂട്ടുകാരെ! ഉണ്ണിക്കുട്ടന്റെ മനസ്സിൽ എപ്പോൾ എന്താണ് നടക്കുന്നത് എന്നത് ആർക്കും മനസ്സിലായിരുന്നില്ല. ഒന്നുമറിയാത്ത ഭാവത്തിൽ നടക്കുമ്പോഴായിരിക്കും അടുത്ത കുസൃതി ഒപ്പിക്കാൻ ഉണ്ണിക്കുട്ടൻ പദ്ധതി ഇടുന്നത്.
ഉണ്ണിക്കുട്ടന്റെ വീട്ടിൽ ആരൊക്കെ ഉണ്ടായിരുന്നു എന്നറിയാമോ? കണിശക്കാരനായ ഒരച്ഛനും, സമയം തീരെ ഇല്ലാതെ ഓടിക്കൊണ്ടിരിക്കുന്ന ഒരമ്മയും, എപ്പോഴും ഗണിതം പഠിച്ചു നടക്കുന്ന ഒരു ഏട്ടനും പിന്നെ ഉറങ്ങാൻ മാത്രം ഇഷ്ടമുള്ള ഒരനിയനും. പിന്നെ കുട്ടികളെ നോക്കാൻ നിന്നിരുന്ന ഒരു അമ്മൂമ്മയും.
ഉണ്ണിക്കുട്ടന് അമ്മൂമ്മയെ തീരെ ഇഷ്ടമല്ലായിരുന്നു, കാരണമെന്താ? ഉണ്ണിക്കുട്ടൻ ആരും കാണാതെ ഓരോന്ന് ഒപ്പിക്കുമ്പോഴൊക്കെ അമ്മൂമ്മ കണ്ടുപിടിച്ചു അച്ഛനോട് പറഞ്ഞു കൊടുക്കുമായിരുന്നു. അച്ഛൻ ആണെങ്കിൽ മൂക്കത്തു ദേഷ്യവും. ഉടനെ ചൂരൽ എടുത്ത് ഒരു വീശലാണ്. പോരെ പൂരം!
അങ്ങനെ ഇരിക്കെ ഒരു ഉച്ചക്ക് അച്ഛൻ സ്‌കൂട്ടർ എടുത്ത് കടയിൽ പോയ നേരം ഉണ്ണിക്കുട്ടൻ എന്താ ചെയ്യേണ്ടേ എന്നാലോചിച്ചു പറമ്പിൽ കൂടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു. ടീച്ചർ ആയിരുന്ന അമ്മ സ്കൂളിൽ പോയി. ഏട്ടനോ? ഒരു കൂട്ടുകാരന്റെ വീട്ടിൽ കളിയ്ക്കാൻ പോയിരുന്നു. ഉണ്ണിക്കുട്ടൻ കാലു പിടിച്ചിട്ടും അവനെ കൊണ്ട് പോയില്ല. അവിടെ പോയി കുറുമ്പ് കാണിച്ചിട്ട് വേണം ഏട്ടന്റെ ആകെ കൂടി ഉള്ള കൂട്ട് പോകാൻ! അനിയൻ ഊണ് കഴിച്ച ക്ഷീണത്തിൽ കൂർക്കം വലിച്ചുറക്കം. അമ്മൂമ്മയോ? അപ്പുറത്തെ വീട്ടിലെ തങ്കമ്മയോട് പുതുതായി താമസം മാറി വന്ന വീട്ടുകാരെ പറ്റി വിശേഷം പറയാൻ ഓടി.
ഇടയ്ക്ക് ചെക്കനെ നോക്കണേ എന്ന് ഏൽപ്പിച്ചിട്ടാണ് ഉണ്ണിക്കുട്ടന്റെ അച്ഛൻ പോയത്. അത് കൊണ്ട് ഇടക്ക് അമ്മൂമ്മ ഏറു കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു, ഉണ്ണിക്കുട്ടനെ. പക്ഷെ വിശേഷം പറഞ്ഞു പറഞ്ഞു ആ രസത്തിൽ അമ്മൂമ്മ വേറൊന്നും ശ്രദ്ധിക്കാതെ നിറനിറോ സംസാരിക്കുവാൻ തുടങ്ങി.
"ശ്ശൊ! ഒന്നും ചെയ്യാനില്ലല്ലോ. പുറത്തേക്കു ആരും വിടുന്നുമില്ല. ആരും കളിക്കാനും ഇല്ല. മരത്തിൽ കയറാൻ ആണെങ്കിൽ ഒന്നിലും ഒരു മാങ്ങാ പോലുമില്ല." ഉണ്ണിക്കുട്ടൻ ആലോചിച്ചു.
/indian-express-malayalam/media/media_files/uploads/2023/06/uma-2.jpg)
അങ്ങനെ തേരാ പാര നടക്കുമ്പോഴാണ് ഉണ്ണിക്കുട്ടൻ പറമ്പിൽ ഒരു വൈക്കോൽ കൂന കണ്ടത്. എന്തൊരു വലിയ വൈക്കോൽ കൂന ആയിരുന്നു അത്! ഉണ്ണിക്കുട്ടൻ പൊത്തി പിടിച്ച് അതിൽ കയറി. മുകളിലെത്തി താഴേക്ക് ‘ശൂ’ എന്ന് തെന്നി വീണു കളിച്ച ഉണ്ണിക്കുട്ടന് കുറച്ച് കഴിഞ്ഞപ്പോൾ അതും ബോറടിച്ചു.
അമ്മൂമ്മ ആണെങ്കിൽ ദൂരെ നിന്ന് ഇടക്കിടക്ക് എത്തി നോക്കുന്നുണ്ടെന്ന് ഉണ്ണിക്കുട്ടന് തോന്നി.
"എന്തൊരു കഷ്ടമാണ്! ഒന്ന് സമാധാനമായി വികൃതി കാട്ടാനും അവർ സമ്മതിക്കില്ല."
കറങ്ങി തിരിഞ്ഞു അടുക്കള വശത്ത് എത്തിയപ്പോഴതാ വടക്കേടത്തെ വാതിൽ തുറന്നു കിടക്കുന്നു!
"പഞ്ചസാര ഭരണിയിൽ നിന്ന് ആരും കാണാതെ കുറച്ച് പഞ്ചസാര കഴിച്ചിട്ട് എത്ര കാലായി" ഉണ്ണിക്കുട്ടന്റെ കണ്ണുകൾ കള്ളത്തരത്തോടെ പുഞ്ചിരിച്ചു.
അമ്മൂമ്മ കാണാതെ മെല്ലെ അവൻ വടക്കേടത്തേക്ക് കയറി. അടുക്കളയിലേക്ക് കടക്കാൻ കാലത്ത് അതാ അടുപ്പിനടുത്ത് ഒരു തീപ്പെട്ടി!
എപ്പോഴും അരി വെക്കാൻ കാലത്ത് അമ്മൂമ്മ തീപ്പെട്ടി ഉരച്ച് അടുപ്പ് കത്തിക്കുന്നത് അവൻ അതിശയത്തോടെ നോക്കുമായിരുന്നു. അടുപ്പിനടിയിലെ മടൽ കഷ്ണത്തിലും ചകിരിയിലും തീ ആളിപ്പടരുന്നത് കണ്ടു അവൻ വാ പൊളിച്ച് നോക്കി നിന്നിട്ടുണ്ട്. ഒന്ന് രസം പിടിക്കുമ്പോഴേക്കും അമ്മൂമ്മ:
" ഹ! അങ്ങട് മാറി നിക്ക് കുട്ട്യേ, പൊള്ളും " എന്ന് പറഞ്ഞ് പേടിപ്പിക്കുമായിരുന്നു.
ആരുമില്ല എന്നുറപ്പ് വരുത്തി ഉണ്ണിക്കുട്ടൻ മെല്ലെ തീപ്പെട്ടി കൈയ്യിലെടുത്തു. ഹോ! അപ്പോൾ തന്നെ അവനു രോമാഞ്ചം വന്നു. വലിയവർ മാത്രം എടുക്കുന്ന തീപ്പെട്ടി!
മെല്ലെ അവൻ ഒരു തീപ്പെട്ടി കൊള്ളി എടുത്ത് ഉരച്ചു. "പിശ് " തീ ആളിക്കത്തി. ഒന്ന് ഞെട്ടിയ ഉണ്ണിക്കുട്ടൻ തീപ്പെട്ടി കൊള്ളി താഴെ ഇട്ടു. അത് കത്തി തീരുന്നത് കാണാൻ എന്തൊരു രസമായിരുന്നു!
രണ്ടു മൂന്നെണ്ണം അങ്ങനെ ഉരച്ച് രസിച്ച് ഉണ്ണിക്കുട്ടൻ മെല്ലെ ഒരു പുതിയ വിദ്യ കണ്ടു പിടിച്ചു. ഒരു തീപ്പെട്ടി കോൽ എടുത്ത് തീപെട്ടിക്ക് കുറുകെ വെച്ച് ക്യാരംസ് കളിക്കുമ്പോൾ തെറിപ്പിക്കുന്ന പോലെ രണ്ടു വിരൽ വളച്ച് ഒറ്റ തട്ട്! പോണ പോക്കിൽ തീപ്പെട്ടിക്കോൽ ഒരു ചെറിയ തീഗോളമായി വായുവിൽ അങ്ങനെ പറന്നു പോയ്! ഹായ് എന്ത് രസം!
അങ്ങനെ അവൻ മെല്ലെ പുറത്തിറങ്ങി ഒരിക്കൽ കൂടി തീപ്പെട്ടി തട്ടി തെറിപ്പിച്ചു . ഏതോ കരിയില തീയിൽ കരിഞ്ഞു. ആ ദൂരം മറികടക്കുമോ എന്നായി പിന്നെ ഉണ്ണിക്കുട്ടന്റെ ചിന്ത.
ഒന്നും കൂടി തട്ടി തെറിപ്പിച്ചു. അപ്പൊ അതാ തെങ്ങിന്റെ മൂട് വരെ എത്തി! എന്നാൽ അതിലും ദൂരത്തിലാകട്ടെ എന്ന് കരുതി അവൻ ഒന്നും കൂടി തട്ടി തെറിപ്പിച്ചു. അത് ചെന്ന് വീണതോ? വൈക്കോൽ കൂനയുടെ ഉള്ളിലേക്ക്.
ഉണ്ണിക്കുട്ടൻ ജയഭേരിയിൽ തിരിഞ്ഞു നടന്നു. അവൻ വിചാരിച്ചു "ഹോ! എന്റെ ഒരു കാര്യം! എത്ര ദൂരെക്കാ ഞാൻ എറിഞ്ഞത്. നാളെ തന്നെ ഇത് താഴെപ്പാലത്തെ കൂട്ടുകാർക്ക് കാണിച്ചു കൊടുക്കണം."
/indian-express-malayalam/media/media_files/uploads/2023/06/uma-3.jpg)
പെട്ടെന്നതാ അമ്മൂമ്മ നിലവിളിച്ചു കൊണ്ടോടി വരുന്നു. കൂടെ അതാ തങ്കമ്മയും. അതും പോരാഞ്ഞതാ സ്കൂട്ടറിൽ വന്നിറങ്ങി അത് തട്ടി മറിച്ചിട്ട് അച്ഛനും! എന്താ കാര്യം? ഉണങ്ങിയ വൈക്കോൽ അല്ലെ മൊത്തത്തിൽ തീ പിടിച്ചതാ വൈക്കോൽ കൂന ആളിക്കത്തുന്നു!
ആരൊക്കെയോ ഓടിക്കൂടി കൂനയിലേക്ക് വെള്ളം കോരി ഒഴിക്കുന്നു. ആകെ ബഹളം. അതൊക്കെ കണ്ടു വായുംപൊളിച്ചു തുടുത്ത നാക്കും നീട്ടി കയ്യിൽ തീപ്പെട്ടിയുമായി ഉണ്ണിക്കുട്ടൻ നിന്നു.
അവസാനം തീ ഒക്കെ അണച്ച് ഓടിക്കിതച്ച് വന്ന അച്ഛൻ ചോദിച്ചു "എടാ നിനക്കൊന്നും പറ്റിയില്ലല്ലോ ഉണ്ണീ?"
പെട്ടെന്ന് കൈയ്യ് രണ്ടും പിന്നിലൊളിപ്പിച്ച് ഒന്നുമറിയാത്ത മട്ടിൽ ഉണ്ണിക്കുട്ടൻ "ഇല്ലച്ഛാ " എന്ന് പറഞ്ഞു .
"എന്താ നിന്റെ കൈയിൽ?" അച്ഛൻ ചോദിച്ചു.
"ഒന്നുമില്ലച്ഛ" ഉണ്ണി കുട്ടൻ നിന്ന് പരുങ്ങാൻ തുടങ്ങി.
പെട്ടെന്നാണ് അമ്മൂമ്മ അടുക്കളയിലേക്ക് ഓടിക്കയറിയത് ..
"കുട്ടി എടുത്തിരിക്ക്ണു... തീപ്പെട്ടി."
അച്ഛന്റെ മുഖം ആകെ തുടുത്ത് തക്കാളി പോലെ ആയി.
ഉണ്ണിക്കുട്ടൻ വേഗം തങ്കമ്മയുടെ പിന്നിലൊളിച്ചു. അടിക്കാൻ കൈ ഓങ്ങിയ അച്ഛനോട് തങ്കമ്മ "വേണ്ട ... കുട്ടിയല്ലേ പറഞ്ഞു കൊടുത്താൽ മതി" എന്ന് പറഞ്ഞു.
അച്ഛൻ ഗതികെട്ട് ഉമ്മറത്തേക്ക് പോയി.
തങ്കമ്മ കൈയിൽ നിന്ന് തീപ്പെട്ടി വാങ്ങി ഉണ്ണിക്കുട്ടനെ മെല്ലെ പറഞ്ഞു മനസിലാക്കുകയും ചെയ്തു.
അങ്ങനെ ഉണ്ണിക്കുട്ടൻ അന്ന് നല്ലൊരു അടിയിൽ നിന്ന് രക്ഷപെട്ടു.
ഉണ്ണിക്കുട്ടന്റെ കുറുമ്പ് കണ്ട് ആവേശം കൊണ്ട് തീ വെച്ച് കളിയ്ക്കാൻ പോകേണ്ട കേട്ടോ, കൂട്ടുകാരെ. അക്കളി തീക്കളി ആണേ... പൊള്ളി പോകും.
നിങ്ങൾ കരുതും ഉണ്ണിക്കുട്ടൻ പിന്നെ നല്ല കുട്ടി ആയി എന്ന്! എവിടെ! ഇനി എന്താ ഉണ്ണിക്കുട്ടൻ ഒപ്പിച്ചതെന്ന് അറിയാൻ കാത്തിരിക്കൂ കുറുമ്പി കുഞ്ഞുങ്ങളെ.
-തുടരും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us