Latest News

പുള്ളിക്കുടയും കൂട്ടുകാരും

“എത്രയോ നാളായി ഒരു പുള്ളിക്കുടവാങ്ങിത്തരാൻ സീതക്കുട്ടി അച്ഛനോട് പറയുന്നു. അച്ഛന്റെ കയ്യിൽ പണമില്ലാത്തതിനാൽ ഇതുവരെയും വാങ്ങിത്തന്നില്ല. കുട നന്നാക്കണ ആളാണെന്ന് പറഞ്ഞിട്ടെന്താ കാര്യം. മഴ വന്നാൽ പുറത്തിറങ്ങാൻ വീട്ടിൽ ഒരു കുടയില്ല”തസ്മിൻ ഷിഹാബ് എഴുതിയ കഥ

മഴപ്പെണ്ണ് നൃത്തം ചെയ്യുന്നു. ഹായ് എന്തു രസം. തുള്ളിത്തുളുമ്പി അവളങ്ങനെ തകർത്തു കളിക്കുന്നു. ഓരോ ചുവടിലും എത്രയെത്ര മഴ മുത്തുകളാണ് ചിതറി വീഴുന്നത്.

ബ്ലും … ബ്ലും … ബ്ലും…

മഴപ്പെണ്ണിന്റെ കളി കണ്ട് വീട്ടിലെ വരാന്തയിലിരുന്ന പുള്ളിക്കുടയ്ക്ക് രസം പിടിച്ചു. അവളോടൊത്ത് കളിച്ചാലോ?

കാറ്റത്ത് ആടിയും പാടിയും കളിക്കാറുള്ള പുളളിക്കുടയ്ക്ക് മഴപ്പെണ്ണിനോട് കൂട്ടുകൂടണമെന്ന് ആഗ്രഹം തോന്നി. നനഞ്ഞാൽ തണുക്കും. തണുത്ത് വിറയ്ക്കും. എന്നാലും മഴപെണ്ണിനോടൊത്ത് കളിക്കാതിരിക്കാനാവില്ലല്ലോ.

പുളളിക്കുട കാറ്റിനെ കൂട്ടുപിടിച്ച് പതുക്കെ മഴപ്പെണ്ണിന്റെ അടുത്തേക്ക് ചെന്നു. കുറച്ചു നേരം അവളെ തന്നെ നോക്കി നിന്നു. അവൾ കൂട്ടുകൂടുമോ ആവോ? പിന്നെ പതുക്കെ പതുക്കെ മഴപ്പെണ്ണിന്റെ കൂടെ പുള്ളിക്കുട കളിക്കാൻ തുടങ്ങി.

ഹായ്, എന്തു രസമുള്ള കളി! മഴപ്പെണ്ണ് പുള്ളിക്കുടയുമായി വേഗത്തിൽ ഇണങ്ങി. അവർ നല്ല ചങ്ങാതിമാരായി. മഴപ്പെണ്ണ് ഉറക്കെ പാടാൻ തുടങ്ങി.

“പൂമഴ പാൽമഴ
തേൻ മഴ ചിരി മഴ
ആടാം പാടാം ചങ്ങാതീ
കുളിർമഴ കളി മഴ
പുതുമഴ തുടി മഴ
ആടിപ്പാടാം ചങ്ങാതീ…”

എന്ത് രസമുള്ള പാട്ട്! പാട്ടിനൊപ്പം പുള്ളിക്കുട നൃത്തം ചെയ്തു.
കളിച്ചു കളിച്ച് മതിമറന്ന് പുള്ളിക്കുട പൊട്ടിച്ചിരിച്ചു. മഴപ്പെണ്ണും കൂടെ ചിരിച്ചു.

thasmin shihab, story, iemalayalam

ഇതെല്ലാം കണ്ടു കൊണ്ട് കാറ്റ് മുറ്റത്തെ മരച്ചില്ലയിൽ ഇരിക്കുന്നുണ്ടായിരുന്നു. അല്ലെങ്കിലും തന്റെ കൂട്ടുകാർ വേറൊരാളുമായി കൂട്ടുകുടുന്നത് കാറ്റിന് പണ്ടേ ഇഷ്ടമല്ല.

അവരുടെ കളിയും ചിരിയും കണ്ടിട്ട് കാറ്റിന് സഹിച്ചില്ല. ഇതു വരെ തന്നോട് കൂട്ടുകൂടി നടന്ന പുളളിക്കുടയാണ്. ഹും. അവരുടെ ഒരു കളിയും ചിരിയും കണ്ടില്ലേ? കാണിച്ചു തരാം ഞാൻ.

ഉള്ളിൽ കുശുമ്പ് തോന്നിയ കാറ്റ് ആഞ്ഞ് വീശി. പുള്ളിക്കുട കാറ്റിൽ പറന്നു പോയി. ചെളിവെള്ളത്തിൽ വീണ പുളളിക്കുടയ്ക്ക് സങ്കടം വന്നു.

“ചങ്ങാതീ, എന്തിനാണെന്നെ നീ ഉപദ്രവിക്കുന്നത്? ഞാൻ നിന്നോടൊരു തെറ്റും ചെയ്തില്ലല്ലോ?” പുള്ളിക്കുടയുടെ ചോദ്യം കാറ്റ് കേട്ടതായി ഭാവിച്ചില്ല. എന്ന് മാത്രമല്ല, കുപിതനായ കാറ്റ് പുള്ളിക്കുടയെ അവിടെ നിന്നും പറത്തിക്കൊണ്ടുപോയി. പാറയിലിടിച്ചപ്പോൾ പുള്ളിക്കുടയ്ക്ക് വേദനിച്ചു. പിന്നെയും കാറ്റ് ആഞ്ഞ് വീശി. പറന്നു പോയി മരക്കൊമ്പിലുടക്കിയ പുളളിക്കുടയുടെ വില്ലൊടിഞ്ഞു. പിന്നെയും വീശിയ കാറ്റിൽ താഴെ വീണ പുളളിക്കുട പേടിച്ച് കരയാൻ തുടങ്ങി.

ഇതെല്ലാം കണ്ടു നിന്ന മഴപ്പെണ്ണിന് പേടിയായി.അവൾ കളി നിർത്തി.
കാറ്റിനിതെന്തു പറ്റി? പകച്ചു നിന്ന മഴപ്പെണ്ണ് കാര്യമറിയാതെ കാറ്റിനെ നോക്കി.
ഹൊ, എന്തൊരു ദേഷ്യമാണാ മുഖത്ത്. പാവം പുളളിക്കുട. അവൾ പുള്ളിക്കുടയുടെ അടുത്ത് ചെന്നിരുന്നു. ചങ്ങാതിയുടെ അവസ്ഥ കണ്ട് അവൾക്ക് വിഷമം തോന്നി.

thasmin shihab, story, iemalayalam

മഴപ്പെണ്ണ് ചിണുങ്ങിക്കരഞ്ഞു. അവളുടെ കലങ്ങിയ കണ്ണുകളിലേക്ക് നോക്കി പുളളിക്കുട വേദനയോടെ കിടന്നു. മഴപ്പെണ്ണ് തന്റെ നനുത്ത വിരലുകൾ കൊണ്ട് പുള്ളിക്കുടയെ തലോടി.

“ആപത്തു വന്നപ്പോൾ ഉപേക്ഷിച്ചില്ലല്ലോ!” പുള്ളിക്കുട എല്ലു നുറുങ്ങുന്ന വേദനയിലും ആ നല്ല കൂട്ടുകാരിയെ നോക്കി ചിരിച്ചു.

പുള്ളിക്കുടയ്ക്ക് പേടി മാറി അല്പം ആശ്വാസമായെന്നു കണ്ടപ്പോൾ മഴപ്പെണ്ണിന് സമാധാനമായി.

സ്നേഹത്തോടെ മഴപ്പെണ്ണ് പുള്ളിക്കുടയെ ചേർത്തു പിടിച്ചു. ” നേരം ഏറെയായി. ഞാനിനി മടങ്ങട്ടേ?”

പോകാൻ ഇഷ്ടമില്ലെങ്കിലും ചങ്ങാതിയെ കാണാൻ വീണ്ടും വരാം എന്നു പറഞ്ഞ് മഴപ്പെണ്ണ് യാത്രയായി.

അവൾ പോയ്ക്കഴിഞ്ഞപ്പോൾ പുള്ളിക്കുട ചുറ്റുപാടും നോക്കി. ആരെങ്കിലും ഇതുവഴി വരുന്നുണ്ടോ?

തന്റെ അവസ്ഥ കണ്ട് ആരെങ്കിലും രക്ഷിക്കുമെന്ന് പുള്ളിക്കുട ആശ്വസിച്ചു.

അപ്പോഴാണ് മുരുകൻ ആ വഴി വന്നത്.കുട നന്നാക്കലാണ് മുരുകന്റ തൊഴിൽ. കേടായ കുടകളും ശീലകളും കമ്പികളും ഒരു പ്ലാസ്റ്റിക് പേപ്പറിൽ പൊതിഞ്ഞ് തലയിൽ വച്ച്
കുട നന്നാക്കാനുണ്ടോ… കുട! കുട നന്നാക്കാനുണ്ടോ കുട…. എന്ന് ഉറക്കെ ചോദിച്ചു കൊണ്ട് മുരുകൻ പല സ്ഥലങ്ങളിലും പോകും.

.വൈകുന്നേരമാകുമ്പോൾ വീട്ടിലേക്ക് തിരിക്കും. അങ്ങനെ വരുന്ന വഴിക്കാണ് പുള്ളിക്കുട കിടക്കുന്നത് മുരുകൻ കണ്ടത്. അയാൾ പുള്ളിക്കുടയെ എടുത്ത് ആകെയൊന്ന് പരിശോധിച്ചു.

‘അയ്യോ പാവം, വില്ലൊടിഞ്ഞല്ലോ…’ മുരുകൻ പുള്ളിക്കുടയെ എടുത്ത് തന്റെ കുടക്കെട്ടിനുള്ളിൽ ഭദ്രമായ് വച്ച് വീട്ടിലേക്ക് നടന്നു. വീട്ടിലെത്തിയ ഉടൻ മുരുകൻ പുള്ളിക്കുടയെ പുറത്തെടുത്തു.

“എന്തു ഭംഗിയുള്ള കുട! ഇതാരാണാവോ വഴിയിൽ ഉപേക്ഷിച്ചത്?”

മുരുകൻ പുള്ളിക്കുടയുടെ മേൽ പറ്റിയിരുന്ന അഴുക്കെല്ലാം തുടച്ചു മാറ്റി. ഒടിഞ്ഞു പോയ വില്ലിനു പകരം പുതിയത് വെച്ചു.

thasmin shihab, story, iemalayalam


കുറച്ചു നേരം കുടയെ തിരിച്ചും മറിച്ചും നിവർത്തിയും ചുരുക്കിയും നോക്കി തൃപ്തി വരുത്തി. എന്നിട്ട് പുള്ളിക്കുടയെ ഉമ്മറത്ത് നിവർത്തി വെച്ചു.

പുള്ളിക്കുടയ്ക്ക് സന്തോഷമായി. വേദനയെല്ലാം മാറി പുത്തനുണർവ്വ് കിട്ടിയ പുളളിക്കുട മുരുകനെ നോക്കി പുഞ്ചിരിച്ചു.

“സീതേ…. അകത്തേയ്ക്ക് നോക്കി മുരുകൻ നീട്ടി വിളിച്ചു.

അടുക്കളമുറ്റത്തിരുന്ന് കളിക്കുകയായിരുന്നു സീത. അച്ഛന്റെ വിളി കേട്ടതും സീതക്കുട്ടി ഉമ്മറത്തേയ്ക്ക് ഓടി.

അവൾ അച്ഛനെ കെട്ടിപ്പിടിച്ചു. മുരുകൻ കീശയിൽ നിന്നും മിഠായിപ്പൊതിയെടുത്ത് അവൾക്ക് കൊടുത്തു. അപ്പോഴാണ് സീതക്കുട്ടി ഉമ്മറത്തിരിക്കുന്ന പുള്ളിക്കുട കണ്ടത്.

“ഹായ്. എന്തു ഭംഗി!”

സീതക്കുട്ടി പുള്ളിക്കുടയെ എടുത്ത് തിരിച്ചും മറിച്ചും നോക്കി.

“ഇത് എനിക്കാണോ അച്ഛാ?” പുള്ളിക്കുടയിൽ നിന്ന് കണ്ണെടുക്കാതെ സീതക്കുട്ടി മുരുകനോട് ചോദിച്ചു.

എത്രയോ നാളായി ഒരു പുള്ളിക്കുടവാങ്ങിത്തരാൻ സീതക്കുട്ടി അച്ഛനോട് പറയുന്നു. അച്ഛന്റെ കയ്യിൽ പണമില്ലാത്തതിനാൽ ഇതുവരെയും വാങ്ങിത്തന്നില്ല. കുട നന്നാക്കണ ആളാണെന്ന് പറഞ്ഞിട്ടെന്താ കാര്യം. മഴ വന്നാൽ പുറത്തിറങ്ങാൻ വീട്ടിൽ ഒരു കുടയില്ല. സീതക്കുട്ടിയുടെ കൂട്ടുകാർക്കെല്ലാം പുള്ളിക്കുടയുണ്ട്. അതു കാണുമ്പോൾ അവൾക്ക് കൊതിയാകും.

പുള്ളിക്കുടയും ചൂടി പത്രാസിലങ്ങനെ സ്കൂളിൽ പോകുന്ന കുട്ടുകാരെ നോക്കി സീതക്കുട്ടി സങ്കടപ്പെടും. അപ്പോഴൊക്കെ സീതക്കുട്ടിയുടെ അമ്മ പറയാറുണ്ട് ‘ന്റെ മോൾക്കും കിട്ടും ഒരു പുള്ളിക്കുട. കരയണ്ടാട്ടോ. എന്ന്…’

അന്നൊക്കെ സീതക്കുട്ടിയുടെ സ്വപ്നങ്ങളിൽ ഒരു പുള്ളിക്കുട നൃത്തം ചെയ്യാറുണ്ട്. പല നിറങ്ങളിൽ പല വലിപ്പത്തിൽ പുള്ളികളുള്ള ഒരു കുഞ്ഞിക്കുട. ദേ, ഇന്ന് ആ പുള്ളിക്കുട സീത കുട്ടിക്ക് കിട്ടിയല്ലോ!

സന്തോഷം കൊണ്ടവൾ തുള്ളിച്ചാടി. മകളുടെ സന്തോഷം കണ്ട് മുരുകന്റെ കണ്ണു നിറഞ്ഞു.
അങ്ങനെ പുള്ളിക്കുടയും സീതക്കുട്ടിയും ചങ്ങാതിമാരായി.

അവൾ എവിടെ പോകുമ്പോഴും പുള്ളിക്കുടയെയും കൂടെ കൂട്ടും. പുള്ളിക്കുടയ്ക്കും അത് സന്തോഷമാണ്. പുള്ളിക്കുടയും നിവർത്തി ഗമയിലുള്ള സീതക്കുട്ടിയുടെ നടത്തം ഒന്നു കണേണ്ടതു തന്നെയാണ്.

അങ്ങനെ ഒരു ദിവസം സീതക്കുട്ടിയും പുള്ളിക്കുടയും ചന്തയിൽ പോകുമ്പോഴാണ് കുശുമ്പൻ കാറ്റ് ആ വഴി വന്നത്. പുള്ളിക്കുടയല്ലേ ആ പോകുന്നത്?

കാറ്റ് സൂക്ഷിച്ചു നോക്കി. അതെ, ഇതവൻ തന്നെ. അന്നവന്റെ കഥ കഴിഞ്ഞെന്നു കരുതിയതാണ്. കാറ്റിന് കുശുമ്പിളകി.

‘അവനങ്ങനെ സന്തോഷിക്കണ്ട…’ കാറ്റ് പിറുപിറുത്തു കൊണ്ട് പതുക്കെ സീതക്കുട്ടിയുടെ പുറകെ ചെന്നു.

സീതക്കുട്ടിയുടെ തോളിൽ ചാരിയിരുന്ന് കാഴ്ചകൾ കണ്ട് രസിക്കുകയായിരുന്നു പുള്ളിക്കുട.
കാറ്റിനെ കണ്ടതും അവൻ പേടിച്ച് വിറയ്ക്കാൻ തുടങ്ങി.

“പുള്ളിക്കടയ്ക്കിതെന്തു പറ്റി? വല്ലാതെ വിറയ്ക്കുന്നല്ലോ?” സീതക്കുട്ടി പുള്ളിക്കുടയെ ചുരുക്കി കയ്യിൽ പിടിച്ചു.

thasmin shihab, story, iemalayalam


“ഹാവൂ! പുള്ളിക്കുടയ്ക്ക് ആശ്വാസമായി. സീതക്കുട്ടി കുശുമ്പൻ കാറ്റിൽ നിന്ന് രക്ഷിച്ചല്ലോ.
പുള്ളിക്കുട സീതക്കുട്ടിയുടെ നെഞ്ചോട് ചേർന്നിരുന്നു.

പുള്ളിക്കുടയെ ഉപദ്രവിക്കാൻ ഇനി പറ്റില്ലെന്ന് കുശുമ്പൻകാറ്റിന് മനസ്സിലായി.
കാറ്റ് തോറ്റ് മടങ്ങിപ്പോയി.

യഥാർത്ഥ ചങ്ങാതിയെ തിരിച്ചറിയാൻ കഴിയാഞ്ഞതാണ് തന്റെ ആപത്തിന് കാരണമെന്ന് പുള്ളിക്കുടയ്ക്ക് മനസിലായി.

ഒരു ദിവസം സീതക്കുട്ടിയുടെ കൂടെ സ്കൂൾ വിട്ട് വരുമ്പോഴാണ് മഴപ്പെണ്ണ് തോണ്ടി വിളിച്ചത്. നനുത്ത വിരലുകൾ കൊണ്ട് അവൾ തൊട്ടപ്പോൾ നല്ല കുളിര് അനുഭവപ്പെട്ടു.

മഴപ്പെണ്ണ് ചിരിച്ചു. മഴപ്പെണ്ണിനെ കണ്ടപ്പോൾ പുള്ളിക്കുടയ്ക്ക് വല്യ സന്തോഷമായി.

“എത്ര നാളായി നിന്നെ കണ്ടിട്ട്,” മഴപ്പെണ്ണ് കുശലം ചോദിച്ചു.

“എത്ര നാളായി ഞാൻ നിന്നെ കാത്തിരിക്കുന്നു. നിന്റെ കൂടെ കളിച്ച് കൊതി തീർന്നില്ല.
ഇപ്പോഴെങ്കിലും വരാൻ തോന്നിയല്ലോ,”പുള്ളിക്കുട മഴപ്പെണ്ണിനോട് പരിഭവം പറഞ്ഞു.

പുള്ളിക്കുടയുടെ പരിഭവം കേട്ട് മഴപ്പെണ്ണിന് കുറ്റബോധം തോന്നി. .അവൾ പുള്ളിക്കുടയെ തലോടി. അവന്റെ മേൽ മഴമുത്തുകൾ വിതറി. നനഞ്ഞു കുളിച്ച പുള്ളിക്കുടയ്ക്ക് സന്തോഷമായി.

അപ്പോഴാണ് സീതക്കുട്ടിയെ മഴപ്പെണ്ണ് ശ്രദ്ധിച്ചത്. തന്റെ കൂട്ടുകാരന്റെ കയ്യിൽ എത്ര കരുതലോടെയാണവൾ പിടിച്ചിരിക്കുന്നത്. മഴപ്പെണ്ണ് സീതക്കുട്ടിയെ നോക്കി പുഞ്ചിരിച്ചു. അവളെ നനുത്ത കൈകൾ കൊണ്ട് ചേർത്ത് പിടിച്ചു.

”നല്ല കൂട്ടുകാരി,” മഴയെ നോക്കി സീതക്കുട്ടി പറഞ്ഞു.

സീതക്കുട്ടിയും പുളളിക്കുടയും മഴപ്പെണ്ണിന്റെ നൃത്തം കണ്ടു. പാട്ട് കേട്ടു.
മഴ വിരൽ പിടിച്ച് ഓടിക്കളിച്ചു. രസമുള്ള കളി. മൂന്ന് പേരും ആടിയും പാടിയും ചിരിച്ചും കളിച്ചും സന്തോഷിച്ചു.

കളിയ്ക്കിടയിൽ സമയം പോയതറിഞ്ഞില്ല. ആകാശം ഇരുണ്ടു.

“അയ്യോ. നേരം ഒരു പാട് വൈകിയല്ലോ. വീട്ടിൽ അമ്മ വിഷമിക്കണുണ്ടാവും.”

സീതക്കുട്ടി കളി നിർത്തി. “കൂട്ടുകാരീ, നമുക്കിനിയും കാണാം…” പുള്ളിക്കുട മഴപ്പെണ്ണിന്റെ കയ്യിൽ പിടിച്ച് സ്നേഹത്തോടെ യാത്ര പറഞ്ഞു.

വീട്ടിലേയ്ക്ക് തിടുക്കത്തിൽ നടക്കുന്ന സീതക്കുട്ടിയുടെ കയ്യിൽ പുള്ളിക്കുട ഉത്സാഹത്തോടെ നിവർന്നിരിക്കുന്നത് മഴപ്പെണ്ണ് സന്തോഷത്തോടെ നോക്കി നിന്നു.

പുള്ളിക്കുട സീതക്കുട്ടിയുടെ കയ്യിലിരുന്ന് ആവേശത്തോടെ മഴപ്പെണ്ണിനെ നോക്കി പാടി.

“ചിരി മഴ കളി മഴ
പൂമഴ പുതുമഴ
ആടിപ്പാടാം ചങ്ങാതീ
കൂട്ടുകൂടാം ചങ്ങാതീ…”

മഴയ്ക്കൊപ്പം പാട്ടും പരിസരമാകെ പടർന്നൊഴുകി.

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Thasmin shihab story for children pullikudayum kuttukarum

Next Story
മനുക്കുട്ടനും മിനുപ്പൂച്ചയും
The moderation of comments is automated and not cleared manually by malayalam.indianexpress.com