scorecardresearch

കണ്ടൻ നേതാവ്

“ഒരു പേര്, ഒരു വാക്ക്, ഒരു നോട്ടം ഇത്രയൊക്കെ മതിയാകും ഒരാളെ വളർത്താനും തളർത്താന്നും.” തസ്മിൻ ഷിഹാബ് എഴുതിയ കുട്ടികളുടെ കഥ

കണ്ടൻ നേതാവ്

കണ്ടൻ പൂച്ച നാവു നുണഞ്ഞ് മുകളിലേക്ക് നോക്കി. നാവിനു രുചിയായി എന്തെങ്കിലുമൊന്ന് കിട്ടിയെങ്കിൽ …

കട്ടു തിന്നും പിടിച്ചുപറിച്ചും തല്ലു വാങ്ങി നടുവൊടിഞ്ഞു. വാ കീറിയ തമ്പുരാൻ ഇരയും നൽകുമെന്നല്ലേ. അവൻ കാത്തിരുന്നു.

ആ ഇരിപ്പിലും കണ്ടനെ കണ്ടാൽ ആരായാലും ഒന്ന് നോക്കിപ്പോകും. തല്ലുകൊള്ളിയാണെങ്കിലും അവനൊരു സുന്ദരൻ തന്നെയാണേ! .

പിന്നെ കണ്ടന് തല്ലുകൊള്ളുന്നത് അവന്റെ കുഴപ്പം കൊണ്ടല്ലാട്ടോ. ചില ആളുകൾക്ക് പൂച്ചകളെ കണ്ടാൽ പ്രത്യേകിച്ച്, കണ്ടൻ പൂച്ചകളെ കണ്ടാൽ തല്ലി ഓടിക്കാൻ തോന്നുമത്രേ.

ആരിലും എന്തിലും കുഴപ്പം കാണുന്നവരാണവർ. ഒരു പക്ഷേ, അതൊരസുഖമായിരിക്കാമെന്നാണ് കണ്ടൻ കരുതുന്നത്.

ചില മനുഷ്യരൊഴിച്ച് മറ്റെല്ലാവർക്കും കണ്ടനെ ഇഷ്ടമാണ്. കുഞ്ഞിപ്പൂച്ചകൾക്കും കുഞ്ഞനെലികൾക്കും വലിയ ഭയവും ബഹുമാനമാണ് അവനോട്.

കണ്ടനെ കാണുമ്പോൾ കുഞ്ഞിപ്പൂച്ചകൾ അടങ്ങി ഒതുങ്ങി നിൽക്കും. കുഞ്ഞനെലികൾ ഓടി ഒളിക്കും. ചിലപ്പോൾ കുഞ്ഞിപ്പൂച്ചകളുടെ പതുങ്ങിയുള്ള നിൽപ്പും ഭാവവും കാണുമ്പോൾ അങ്ങേതിലെ സതി ചേച്ചിയും ഇങ്ങേതിലെ സുമ ചേച്ചിയും കയ്യിൽ കിട്ടിയതെടുത്ത് കണ്ടന് നേരെ എറിയാറുണ്ട്.

നിരപരാധിയാണെങ്കിലും, ഏറ് കൊണ്ട് മേല് വേദനിക്കരുതല്ലോന്ന് കരുതി അവനപ്പോൾ തിരിഞ്ഞൊരോട്ടം കൊടുക്കും. അന്നേരം അവന്റെ മനസിൽ ഒരേയൊരു ചോദ്യം ഉയർന്നു വരും. “മനുഷ്യരെന്താണിങ്ങനെ?”

കുഞ്ഞനെലികൾക്ക് പണ്ടേ പൂച്ചകളെ പേടിയാണ്. അതവരുടെ അപ്പനപ്പൂപ്പൻമാരായിട്ട് അങ്ങനെ തന്നെയാണ്ത്രേ.

കണ്ടൻ അവരെ ഒന്നും ചെയ്യില്ലെങ്കിലും ആ കുഞ്ഞുങ്ങൾ പേടിച്ചോടും. അത് കണ്ട് അവൻ പലപ്പോഴും പകച്ച് നിന്നിട്ടുണ്ട്.

thasmin shihab, story, iemalayalam

കണ്ടനെ കാണുമ്പോൾ കുഞ്ഞിപ്പൂച്ചകൾ പതുങ്ങി നിൽക്കണതും കുഞ്ഞനെലികൾ ഓടി ഒളിക്കണതും അത്ര പ്രശ്നം പിടിച്ച സംഗതിയല്ലാന്ന് സതി ചേച്ചിയും സുമ ചേച്ചിയുമുണ്ടോ അറിയുന്നു!

കണ്ടനെ അവർ വേണ്ട വിധം മനസിലാക്കിയിട്ടില്ലന്നേ.

ന്തായാലും കണ്ടന്റേത് വല്ലാത്തൊരു വിധി തന്നെ.
തല്ലോട് തല്ല്, ഓട്ടത്തോടോട്ടം!

വിശപ്പടക്കാനൊന്നും കിട്ടിയില്ലെങ്കിലും കണ്ടന് പത്രാസിനൊരു കുറവുമില്ലെന്ന് കൂട്ടുകാർ അടക്കം പറയാറുണ്ട്.

കൂട്ടത്തിലുള്ള ചിലർക്ക് അവനോട് വല്യ ആരാധനയാണ്. ചിലർക്ക് കുശുമ്പോട് കുശുമ്പും.

എന്തായാലും കണ്ടന്റെ ഉശിരുള്ള നടത്തമൊന്ന് കാണേണ്ടത് തന്നെയാണ്.

“ഹോ… എന്ത് തടിമിടുക്ക് !”

ഇങ്ങനെ തന്നെ കുറിച്ച് പൂച്ചകൾ മാറി നിന്ന് അടക്കം പറയുന്നത് അവന് രസമുള്ള കാഴ്ചയാണ്.

നീളൻ മീശ വിറപ്പിച്ച് മുതുകുയർത്തി ഗൗരവത്തോടെ അവൻ ചെയ്യുന്ന ഓരോ കാര്യങ്ങളിലും ആർക്കും അസൂയ തോന്നും. അപ്പോഴത്തെ അവന്റെ നിൽപ്പിൽ അസൂയക്കും കഷണ്ടിക്കും മരുന്നില്ലെന്ന് ഓർത്ത് ഓരോരുത്തരും സ്വയം അടങ്ങും. താൻ പാതി ദൈവം പാതിയെന്നല്ലേ ചൊല്ല്.

അപ്പനും അമ്മയും ചാവാലികളായതു പോട്ടെ.

ദൈവമേ ….ഇത്തിരിക്കോളം ചന്തം ഞങ്ങൾക്കും തരായിരുന്നില്ലേ?

ഇനി പറഞ്ഞിട്ടെന്താ കാര്യം …

പൂച്ചക്കുട്ടികൾ എന്നും ഇങ്ങനെ നെടുവീർപ്പിട്ടു.

ചന്തത്തിലൊന്നും വല്യ കാര്യമില്ലെന്ന് കണ്ടന് നന്നായറിയാം.

എങ്കിലും തന്റെ തടിമിടുക്കിൽ കണ്ടന് ചെറുതല്ലാത്ത അഭിമാനവും സന്തോഷവുമുണ്ട്. എല്ലാവരും തന്നെ പരിഗണിക്കുന്നതിന്റെ ഒരു കാരണം അതാണെന്ന് അവനറിയാം.

ഒരിക്കൽ തന്റെ വളർത്തച്ഛൻ പറഞ്ഞ വാക്കുകൾ ഇന്നും കണ്ടന്റെ മനസിലുണ്ട്.

അന്നവൻ ചെറുതായിരുന്നു.

ഭക്ഷണം കിട്ടാതെ വിശന്ന് വലഞ്ഞ് കഴിഞ്ഞ നാളുകൾ. അവനെ എല്ലാവരും ചാവാലിപ്പൂച്ചേന്ന് വിളിച്ചിരുന്നു.

ആ വിളി കേൾക്കുമ്പോൾ താൻ ഒന്നിനും കൊള്ളാത്തവനാണെന്ന് കണ്ടന് അന്ന് തോന്നിയിരുന്നു.

ഒരു പേര്, ഒരു വാക്ക്, ഒരു നോട്ടം ഇത്രയൊക്കെ മതിയാകും ഒരാളെ വളർത്താനും തളർത്താന്നും .

കുട്ടിക്കാലം കണ്ടനെ പലതും പഠിപ്പിച്ചു.

കണ്ടൻ ആരോടും മിണ്ടാതായി. ഒന്നിനും ഉത്സാഹമില്ലാതെ ഒതുങ്ങിക്കൂടാൻ തുടങ്ങി.
അവന്റെ മാറ്റം കണ്ടപ്പോൾ വളർത്തച്ഛന് സങ്കടമായി.

കണ്ടനെ ഇങ്ങനെ വിട്ടാൽ പറ്റില്ല.

thasmin shihab, story, iemalayalam

വളർത്തച്ഛൻ ചിന്തിച്ചു.

പിന്നെ കണ്ടന്റെ അടുത്ത് ചേർന്നിരുന്നിട്ട് പറഞ്ഞു.

“കുഞ്ഞേ, ഈ ലോകം എല്ലാവർക്കും ഉള്ളതാണ്. ഇവിടെ ആരും ചാവാലികളല്ല. പുറമെ കാണുന്നതല്ല കണ്ടാ ശരിക്കുള്ള സൗന്ദര്യം. നല്ല സ്വഭാവവും നല്ല പെരുമാറ്റവും ഉള്ളവരാണ് സുന്ദരികളും സുന്ദരന്മാരു മാകുന്നത്. പുറം കറുത്തോ ചെമ്പിച്ചോ വെളുത്തോ ഇരിക്കട്ടെ. ശരീരം മെലിഞ്ഞതോ തടിച്ചതോ ആകട്ടെ. അതിലൊന്നും അഹങ്കരിക്കേണ്ടതില്ല. ഏതൊരു ഭംഗിയും ഒരുനിമിഷം കൊണ്ട് ഇല്ലാതാകാം. എന്നാൽ നമ്മുടെ മനസിന്റെ സൗന്ദര്യം ഒരിക്കലും എവിടെയും പോകില്ലല്ലോ. കണ്ടാ, നീ വിഷമിക്കേണ്ട. നീ മിടുമിടുക്കനാണ്. സുന്ദരനാണ്.”

ആ വാക്കുകളിൽ അവന് വിശ്വാസമുണ്ടായിരുന്നു. അവന് തന്നോട് തന്നെ സ്നേഹം തോന്നി.

അപകടങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള ഉപായം കണ്ടെത്തണമെങ്കിൽ സൗന്ദര്യം പോര ബുദ്ധി തന്നെ വേണം എന്ന് പിന്നീട് പലപ്പോഴും കണ്ടൻ അനുഭവത്തിലൂടെ പഠിച്ചു.

തന്റെ പരിസരത്തുള്ളവരെ മനസിലാക്കി പെരുമാറണം അല്ലെങ്കിൽ അപകടമാണെന്ന് കണ്ടൻ തന്റെ കൂട്ടുകാരോട് പറയാറുണ്ട്. അവന്റെ വാക്കുകൾ കൂട്ടുകാർക്ക് വല്യ ആശ്വാസമാണ്.

ചാവാലികളാണെന്ന തോന്നൽ അവർ മറക്കുന്നതും അഭിമാനത്തോടെ നടക്കാൻ ശ്രമിക്കുന്നതും കണ്ടന്റെ അനുഭവങ്ങളും ഉപദേശവും കേൾക്കുമ്പോൾ മാത്രമാണ്.

മറ്റുള്ളവരുടെ വാക്കു കേട്ട് വിഷമിച്ചിരുന്നാൽ ആർക്കും ഒന്നുമാകാൻ കഴിയില്ലെന്ന് അവർ പതിയെ മനസിലാക്കി. പൂച്ചകളുടെ മാറ്റം പൂച്ചക്കാരണവരെ അത്ഭുതപ്പെടുത്തി.

അങ്ങനെ കണ്ടനെ പൂച്ച സഭയുടെ നേതാവായി ഒരു ദിവസം പൂച്ചക്കാരണവർ പ്രഖ്യാപിച്ചു. വിശ്വാസമാണല്ലോ പ്രധാനം. പൂച്ചക്കാരണവരുടെ പ്രഖ്യാപനം എല്ലാവർക്കും ഇഷ്ടമായി.

അവർ ഒരേ സ്വരത്തിൽ ഉറക്കെ പറഞ്ഞു.

“കണ്ടൻ നേതാവ് ഞങ്ങടെ നേതാവ്. ” കണ്ടൻ അത് കേട്ട് അഭിമാനത്തോടെ കൂട്ടുകാർക്ക് നന്ദി പറഞ്ഞു.

  • കുട്ടിക്കഥക്കൂട്ടിൽ നാളെ ഷാഹിന കെ റഫീഖ് എഴുതിയ കഥ വായിക്കാം
Children, Stories, Malayalam Writer

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Thasmin shihab story for children kandan nethavu