scorecardresearch
Latest News

കാട്ടിലൊരു കൂറ്റാക്കൂറ്റിരുട്ടു രാത്രി

“ചിവീടുകളുടെ കരച്ചിലിന് ഒച്ച കൂടി. രാത്രി മാത്രം ഇറങ്ങുന്ന പക്ഷികളും ജന്തുക്കളുമുണ്ടല്ലോ. മൂങ്ങയുടെ കരച്ചിലും മ്ലാവിന്റെ കാറലുമൊക്കെ കേൾക്കുമ്പോൾ പേടിയാവും.ഞാനും ശംഭൂം പേടിച്ചു കരയും”‘ ടെൻസി എഴുതിയ കഥ

tency, story ,iemalayalam

എല്ലാരും പറയണ പോലെ ഇതൊരു നൊണക്കഥയല്ലാട്ടോ, നടന്ന സംഭവമാണ്. വായിക്കാൻ ഇമ്പത്തിനു ഒരു കഥ പോലെ പറയാം.

അങ്ങ് ദൂരെയൊന്നുമല്ല, ഇവിടെ കേരളത്തിലാ ഈ കഥ നടക്കണത്. നാലു കൊല്ലം മുന്‍പ് ഒരു ദിവസം നമ്മുടെ കഥാനായിക നീലു, കൊപ്പം കൂപ്പിന്റെ മൂട്ടിൽ കളിച്ചോണ്ടിരിക്കുകയായിരുന്നു. കൂപ്പ് എന്നു പറഞ്ഞാൽ മനസ്സിലായില്യേ, നമ്മുടെ കാടാണ്.

വെറും കാടല്ല, കൊടുങ്കാട്. ആകാശം തൊടാൻ നിൽക്കുന്ന ഈ കൂപ്പിന്റെ അതിരു വന്നു വീഴുന്നത് നീലൂന്റെ അടുക്കളപ്പുറത്താണ്. എന്നും കാലത്തു അമ്മ കൊടുക്കണ ചായേം ഊതിക്കുടിച്ചു നമ്മടെ നീലു കൂപ്പ് നോക്കിയിരിക്കും.

അച്ഛൻ മുത്തച്ഛന്റെ കൂടെ വിറകു വെട്ടാൻ കാട്ടിലു പോയ കഥയൊക്കെ പലതവണ നീലു കേട്ടിട്ടുണ്ട്. അതു കേൾക്കുമ്പോഴൊക്കെ ചൂടുള്ള ഉണ്ണ്യേപ്പം തിന്നാൻ തോന്നണ പോലൊരു കൊതി ഉള്ളിലു മുള പൊട്ടും ‘എന്നെങ്കിലും എന്നേം കൊണ്ടോവോ കൂപ്പിന്റെ മേളിലേക്ക്?’ അവൾ അച്ഛനോടു ചോദിക്കും.

‘പെണ്ണിന്റെ മോഹം കൊള്ളാലോ.മിണ്ടാണ്ട് അടങ്ങിയിരുന്നോ.’ നീലൂന്റെ അമ്മ നാവു കൊണ്ടു വാളെടുക്കും.അച്ഛനും പറയും.‘പെൺകുട്ട്യോള് കാട്ടിൽ പോയിക്കൂടാ.കാട്ടിനകത്തു പുലിയും ആനയുമുണ്ട്.പേടിയാവും’

‘എനിക്കു പേടിയാവില്ലച്ഛാ’ നീലു കെഞ്ചും.

എന്നാലും അച്ഛൻ ഒരിക്കലും പച്ചക്കൊടി വീശിയില്ല.

പള്ളിക്കൂടമില്ലാത്ത ഒരു ദിവസം. നീലു അടുത്ത വീട്ടിലെ ശംഭൂന്റെയും കൂട്ടുകാരുടെയും കൂടെ പന്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. പന്തിനു പിന്നാലെ പാഞ്ഞ് പാഞ്ഞ് അവസാനം, അവർ മടുത്ത് ഇരുന്നത് കൂപ്പിന്റെ മുഖത്തേക്കു നോക്കിയാണ്. അതാ, മുന്നിൽ നിൽക്കുന്നു തലയെടുപ്പോടെ കൊപ്പം മല.

tency, story ,iemalayalam

‘‘ടാ, നമുക്ക് വള്ളിച്ചൂരൽ വെട്ടാൻ കാട്ടിൽ പോയാലോ?’’ കൂട്ടത്തിലൊരുത്തൻ ചാമി, ശംഭൂനോടു ചോദിച്ചു.

ചാമീടെ അമ്മയ്ക്ക് കൊട്ട നെയ്ത്തുണ്ട്. ചൂരലുകൊട്ട നെയ്യാൻ പറ്റിയ നല്ല വിളഞ്ഞ വള്ളിച്ചൂരൽ കാട്ടിലുണ്ട്. അവനും ചേട്ടൻ വേലുവും കൂടി ചൂരലു വെട്ടാൻ ഇടയ്ക്കിടെ കാട്ടിലേക്ക് പോകാറുണ്ട്.

ശംഭു ചോദ്യഭാവത്തിൽ നീലൂനെ നോക്കി.

‘വീട്ടിലറിഞ്ഞാലോ?’ നീലൂനു പേടിയായി.

‘‘നമുക്ക് പോയീട്ട് വേം വരാം,’’ശംഭു പറഞ്ഞു.

അതുകേട്ടപ്പോൾ ‘‘എന്നാ പോയേക്കാം’’ എന്നായി നീലൂന്. ‘‘ഇപ്പോ അമ്പഴോം പഴുത്തിട്ടുണ്ടാവും.’’അവൾ മനസ്സിൽ പറഞ്ഞു. തിന്നു കഴിഞ്ഞാലും കൊതിപിടിക്കുന്നത്ര രുചിയുള്ള കാട്ടമ്പഴത്തിനെക്കുറിച്ച് കുറേയായി ചാമി പറഞ്ഞു കേൾക്കുന്നു. എന്നാ പോയിട്ടു തന്നെ കാര്യം. അമ്മയ്ക്ക് അച്ചാറിടാൻ കുറച്ച് അമ്പഴം കൊണ്ടുകൊടുത്താൽ എന്താ, സന്തോഷമാവില്ലേ?

അങ്ങനെ അവരെല്ലാം പോകാനെഴുന്നേറ്റു.

ചാമിയുടെ ചേട്ടന്റെ കയ്യിൽ മൊബൈലുണ്ടായിരുന്നു. സമയം നോക്കിയപ്പോൾ കാലത്ത് പത്തര മണി. ഇപ്പോ പോയാൽ കാടും കണ്ട്, അമ്പഴോം പറിച്ച്, ചൂരലും വെട്ടി ഇരുട്ടു പരക്കുമ്പോഴേക്കും കാടിറങ്ങാം. ആറുമണിയാവുമ്പോഴേ തൊഴിലുറപ്പു പണി കഴിഞ്ഞു അമ്മ വരുള്ളൂ. അച്ഛൻ ടൗണിലെ കടയിൽനിന്നു മടങ്ങിയെത്തണമെങ്കിൽ പിന്നേം സമയാവും. നീലൂന് കുറച്ചു കൂടി ധൈര്യം വന്നു.

നാലുപേരും കൂടി കാടിനുള്ളിലേക്ക് നടപ്പു തുടങ്ങി. കുറച്ചടി നടന്നപ്പോൾ പിന്നിൽ ആരോ അണയ്ക്കുന്ന ഒച്ച. തിരിഞ്ഞു നോക്കിയപ്പോളാണ് മനസ്സിലായത്. കിതച്ചു കിതച്ചു വരുന്നത് വേറാരുമല്ല, ചാമീടെ അപ്പു എന്ന പട്ടിക്കുട്ടി.

ചാമി എവിടെപ്പോയാലും ഈ നായ്ക്കുട്ടി കൂടെ കാണും. അത്രയ്ക്കു കൂട്ടാണ് രണ്ടുപേരും.വാലാട്ടി നിക്കണ അപ്പൂന്റെ കണ്ണിൽ നെറച്ചു ‘എന്നേം കൂടി കൂട്ടോ’ എന്ന ദയനീയതയായിരുന്നു. ‘‘ഉം… ഇയ്യും പോന്നോ,’’ ചാമി സമ്മതം കൊടുത്തു. അപ്പു സന്തോഷം കൊണ്ടു കുതിച്ചുചാടി മുന്നോട്ട് ഓടാൻ തുടങ്ങി.

കാട്ടിൽ വെറകു പെറുക്കാൻ പോണ ആളോള് നടന്നു ഉണ്ടായ ചവിട്ടടിപ്പാതയിലൂടെ വേഗം നടന്നു.കുറച്ചു ദൂരം കഴിഞ്ഞപ്പോൾ മരങ്ങൾ തിങ്ങി നിറയാൻ തുടങ്ങി. ഇരുട്ടും തണുപ്പും വന്നു മെല്ലെ പൊതിയുന്നു. അതെ, അവർ കാട്ടിനുള്ളിലേക്കു കയറിയിരിക്കുന്നു.

കൊറേ മരങ്ങളുണ്ട് കാട്ടിൽ. ചെറുത്, വലുത്, ആകാശത്തോളമുള്ളത്, നാലാളുടെ വണ്ണമുള്ളത്, ഒരു മരത്തിൽനിന്ന് വേറൊരു മരത്തിലേക്ക് പുണർന്നു കയറി പടര്‍ന്നു പോയവ. ചില മരങ്ങളുടെ തുഞ്ചത്തു കാണാം കിളിക്കൂടുകൾ.

tency, story ,iemalayalam

നീലു ഓരോ കിളിമരച്ചോട്ടിലും ചെന്നു മുകളിലേക്കു നോക്കി “കിളികൾക്കെന്തു ഭാഗ്യാലേ, മരത്തിന്റെ തുഞ്ചത്തു കേറിയിരുന്നാൽ ലോകം മൊത്തം കാണാം,” എന്നു കൊതി പിടിച്ചു.

“പെണ്ണേ, ചന്തം കണ്ടു നിന്നാൽ സമയം പോവും. വേഗം വാ,’’ വേലു ഒച്ചവെച്ചു.

പെണ്ണേ വിളി നീലുവിനു അത്ര ഇഷ്ടപ്പെട്ടില്ലേലും ഒന്നും പറയാനൊന്നും പോയില്ല.

ഏറ്റവും മുതിർന്നത് വേലുവായതുകൊണ്ടു ഗ്യാങ്ങിന്റെ ലീഡർ സ്ഥാനം അവൻ സ്വയം ഏറ്റെടുത്തിരുന്നു. എന്നാലും ഇനി കഥ പറയണത് നീലുവാണേ…

ആൾപൊക്കത്തിൽ നിറഞ്ഞു നിൽക്കുന്ന പുല്ലു വകഞ്ഞു മാറ്റി വേണം നടക്കാൻ. കുത്തനെയുള്ള കയറ്റമല്ലേ, ചെരിഞ്ഞ് കേറണം എന്നു വേലു പറഞ്ഞു കൊടുത്തു. വള്ളിപടർപ്പിൽ പിടിച്ചും കുറ്റിച്ചെടിയിൽ ചവിട്ടിയുമൊക്കെയാണ് കയറിയത്. കാലൊന്നു തെറ്റിയാൽ താഴേക്കുരുണ്ടു പോകും.

പിന്നേയ്, കാട്ടിൽ നിറയെ ഓലികളും ഒഴുകി വരുന്ന കുഞ്ഞ് അരുവികളുമുണ്ട്. വെള്ളം തുളുമ്പി കിടക്കുന്ന ചെറിയ കുഴികളാണ് ഓലികൾ. ദാഹിക്കുമ്പോഴെല്ലാം അതിൽനിന്നു വെള്ളം കുടിക്കും. കിതച്ചു വന്ന് ഓലിയിലെ തണുത്ത വെള്ളം ഉള്ളംകയ്യിൽ കോരിക്കുടിക്കുമ്പോൾ തണുപ്പ് വന്നു നെറുംതലയിൽ തൊടും. കാട് കാക്കുന്നതുകൊണ്ടാകാം നാട്ടിലേതു പോലെയല്ല, വെള്ളത്തിന് പ്രത്യേക രുചിയാണ്.

അതുപോലെ അവിടെ ശ്വസിക്കാനും എന്തു സുഖമാണെന്നോ. കാട് നെറയെ ഓക്സിജനുണ്ടെന്നു സ്കൂളിൽ പഠിച്ചിട്ടുണ്ടേയ്. കാടിന്നുള്ളിൽ പലതരത്തിലുള്ള പൂക്കൾ മാത്രമല്ല ഇലകളുമുണ്ട്. നല്ല കാട്ടുപച്ച നിറം എന്നൊക്കെ പറയില്ലേ,അതുപോലെ പച്ച ഇലകൾ. ചുവപ്പും വയലറ്റ് നിറവുമുള്ള കുറേ പൂക്കളുണ്ടായിരുന്നു. പൂക്കളൊന്നും പറിച്ചില്ല, മണത്തുമില്ല. നേരം പോവാണേ.

പിന്നെ, കാടിന്റെ ശബ്ദം കിളികളുടെയാണുട്ടോ. കലപില ചെലയ്ക്കണ കിളികളുടെ.

“ഈ കിളികളെന്തിനാ ഇങ്ങനെ ചെലയ്ക്കണേന്ന്?” ശംഭൂനൊരു സംശയം വന്നു.

“കൂട്ടുകാരോട് വർത്തമാനം പറയുന്നതായിരിക്കും,” ചാമി ചിരിച്ചു.

അപ്പു ഒച്ചയിടുന്ന ഓരോ കിളിക്കു പിന്നാലേയും ഓടി. എവിടെ പിടികിട്ടാൻ? അവ ചിരിച്ച് മരത്തിന്റെ തുഞ്ചത്തേക്ക് പറക്കും. അപ്പു തലകുമ്പിട്ട് ഞങ്ങളുടെ അടുത്തേക്കും വരും. ചെരിവ് കേറിത്തുടങ്ങിയപ്പോഴാണ് വേലുവിനു വെളക്കുപാറക്കടുത്തു പോയാലോ എന്നൊരു ആശയം വരുന്നത്.

അച്ഛൻ തിണ്ണയിലെ ചുമരും ചാരിയിരുന്നു വെളക്കുപാറ കണ്ട വിശേഷം പറയുന്നത് നീലൂന് ഓർമ്മ വന്നു. ‘‘കാളകെട്ടി അമ്പലത്തിനു നാലു കിലോമീറ്റർ പുറകിലാണ് വെളക്കുപ്പാറ. അവിടെയൊരു പ്രതിഷ്ഠയുണ്ട്. അവിടെയെത്തുമ്പോഴേ പേടിയാവും. പകൽപോലും ഇരുട്ടും നിഴലും തണുപ്പും വീണുകിടക്കും. വെളിച്ചം തൂർന്നിറങ്ങാത്ത തരത്തിൽ മരങ്ങളാണ്. ചിവീടുകൾ നിറുത്താതെ ഒച്ചയിടുന്നുണ്ടാവും. ആകെയൊരു പേടിപ്പിക്കണ സ്ഥലം.

പണ്ട് കാട്ടിൽ തേനെടുക്കാൻ പോകുന്ന ഉള്ളാടന്മാരും ആദിവാസികളുമാണ് ഇങ്ങനെയൊരു മലമൂർത്തിയെ പ്രതിഷ്ഠിച്ചത്. പോണ കാര്യങ്ങൾക്ക് തടസ്സമുണ്ടാകാതിരിക്കാനായി മൂർത്തിയുടെ അടുത്ത് പ്രാർത്ഥിച്ചാണ് പോവുക. ഒരു കല്ലാണ് മലമൂർത്തിയായി സങ്കല്പിച്ചിരിക്കുന്നത്. ഒരു പരന്ന പാറയിൽ ചാരിവെച്ച രീതിയിലാണ് പ്രതിഷ്ഠ.

മുമ്പിലായി വെറ്റിലയും പാക്കുമെല്ലാം ഇടിക്കുന്നതിനുപയോഗിക്കുന്ന ചെറിയ കല്ലുരൽ വച്ചിട്ടുണ്ട്. അതിലൊരു തിരി നീട്ടിവെയ്ക്കും. വെറ്റിലയും പാക്കുമടങ്ങുന്ന ഒരു മുറുക്കാൻ വച്ച് പ്രാർത്ഥിക്കും. കാട്ടിലുണ്ടാവുന്ന ആപത്തിൽനിന്നെല്ലാം ഈ മലമൂർത്തി രക്ഷിക്കുമെന്ന് കാടിന്റെ മക്കൾ ഉറച്ചു വിശ്വസിച്ചു.

ഇപ്പോഴാരും അങ്ങനെ അവിടേക്ക് പോവുകയോ വിളക്കു വെക്കുന്നതോ കണ്ടിട്ടില്ല. ഒരു ആന അപ്പുറത്തുനിന്നാൽ കാണാത്ത തരത്തിലാണ് മരങ്ങളും ഇല്ലിക്കൂട്ടങ്ങളും. കാട്ടുപോത്തിന്റെ ശല്യം കൂടിയതിൽപ്പിന്നെ തേനെടുക്കാനും ആരും പോകാതായി. ഫോറസ്റ്റിന്റെ നിയമങ്ങൾ കർശനമായതുകൊണ്ട് ഗോത്രവർഗക്കാർ കാട്ടിൽപോകുന്നതും കുറഞ്ഞു…’’

മുറുക്കാൻ വായിലിട്ട് അച്ഛൻ വിശേഷം പറയണതു കേൾക്കാൻ നല്ല രസാ. അമ്മയ്ക്കിഷ്ടല്ല അച്ഛൻ മുറുക്കണത്. എന്നാലും കല്യാണ സദ്യയ്ക്കു പോയാൽ അച്ഛൻ നാലും കൂട്ടി മുറുക്കും. അന്നു നല്ല കഥകളും പറയും.

tency, story ,iemalayalam

വെളക്കുപ്പാറക്കടുത്തെത്തിയപ്പോഴേക്കും ഉച്ചയായി. ആരോ വെച്ചു പോയ പാക്കും വെറ്റിലയും ഉണങ്ങി ചുക്കുപിടിച്ചു കിടപ്പുണ്ട്. പക്ഷേ, അച്ഛൻ പറഞ്ഞ പേടിപ്പെടുത്തുന്ന അന്തരീക്ഷത്തിന് മാറ്റമൊന്നുമില്ല. പെട്ടെന്ന് ഒരു പക്ഷി ഊളിയിട്ടു പറന്നു. ഞങ്ങൾ അഞ്ചും പേടിച്ചു വേഗം ഓടി. അപ്പുവാണ് ഏറ്റവും മുന്നിലോടിയത്.

വെളക്കുപാറയ്ക്കടുത്തു തന്നെയാണ് കാട്ടമ്പഴത്തിന്റെ മരം നിന്നിരുന്നത്. നിറയെ അമ്പഴങ്ങകൾ കായ്ച് കിടക്കുന്നു. വലിയൊരു മരമൊന്നുമല്ല, കുറച്ചു പൊക്കമുള്ള മരം. പിന്നെ അത് അടുത്തുള്ള മരങ്ങളിലേക്കു പടർന്നു പോയിരിക്കുകയാണ്.

ചെറിയൊരു മഞ്ഞനിറത്തിൽ പഴുത്തു കിടക്കുന്നു അമ്പഴങ്ങ. കൊതി പിടിച്ചു വന്നതുകൊണ്ട്, കണ്ടതും ചാടി പൊട്ടിച്ചെടുത്തു. മരത്തിൽ തപ്പിപിടിച്ചു കയറേണ്ടിയൊന്നും വന്നില്ല. താഴെ നിന്ന് പൊട്ടിച്ചെടുക്കാൻ പറ്റും.

വായിൽ വെച്ച് കടിച്ചപ്പോൾ ‘‘ഊയ്…എന്തൊരു കയ്പ്…’’ തുപ്പിക്കളയാൻ പോണ കണ്ടപ്പോൾ വേലു പറഞ്ഞു‘‘തുപ്പിക്കളയാതെ ഇറക്ക്, പിന്നെ നല്ല മധുരംണ്ടാവും.’’

ശരിയായിരുന്നു, നല്ല രസമുണ്ടായിരുന്നു തിന്നാൻ. കുറേ തിന്നപ്പോൾ മടുത്തു. കുറച്ച് പൊട്ടിച്ചെടുത്ത് ഇലക്കുമ്പിളിൽ പിടിച്ചു. അമ്മയ്ക്ക് കൊടുക്കാം.

ചാമി വേറൊരു പഴം പെറുക്കിത്തന്നു. മൂട്ടിപ്പുളി. മരത്തിന്റെ ചോട്ടിൽ വീണുകിടക്കുന്നുണ്ടായിരുന്നു. ചുവന്ന് നാരങ്ങാപോലിരിക്കുന്ന പഴമാണ്. തോട് പൊളിച്ച് കഴിക്കാം. അത് മഴക്കാലത്താണ് ഉണ്ടാവുക. പിന്നെ കാട്ടാഞ്ഞിലിയും കാട്ടുമാവുമുണ്ട്. അതിലൊന്നും പഴമുണ്ടായിരുന്നില്ല. കാട്ടിൽ ഓരോ കാലത്തും ഓരോതരം പഴങ്ങളാണ്.

പുലിയും ആനയുമുള്ള കാടാണ് കൊപ്പം മല. കുറച്ചുനാൾ മുമ്പാണ് നാട്ടിലൊരിടത്ത് പുലിയുടെ കാൽപ്പാട് കണ്ടത്. കാടിറങ്ങി വന്നതാണെന്നാ അച്ഛൻ പറഞ്ഞത്. മരത്തിൽ ചാഞ്ചാടിയാടി നടക്കുന്ന കുരങ്ങനെയല്ലാതെ ഒന്നിനേയും ഞങ്ങൾ കണ്ടില്ല. പക്ഷേ, പലനിറത്തിലുള്ള പക്ഷികളുണ്ടായിരുന്നു. എന്തു ഭംഗിയാ അവയെ കാണാൻ!

‘‘നമുക്ക് വേഗം വള്ളിച്ചൂരൽ വെട്ടാൻ പോവാം?’’ വേലു പറയണ കേട്ട് ഞങ്ങൾ വേഗം മുകളിലേക്ക് കയറാൻ തുടങ്ങി. നടന്നിട്ടും നടന്നിട്ടും എത്തുന്നില്ല.

പെട്ടെന്നാണ് കാട് കറുത്തത്. ഇരുട്ടു പരന്ന കാട് പേടിപ്പിച്ചു. കാടിനുള്ളിൽ വേറൊരു കാടുണ്ട്. ഇനിയും പോയാൽ അതിനകത്താവുമെന്ന് തോന്നിയതുകൊണ്ട് ഞങ്ങൾ തിരിച്ചിറങ്ങാൻ തുടങ്ങി. പലവഴിക്ക് നടന്നിട്ടും നടന്നിട്ടും വന്നെത്തുന്നത് ഞങ്ങൾ തുടങ്ങിയിടത്തുതന്നെ.

ഒന്നും രണ്ടും തവണയല്ല, നാലുതവണയാ ഇങ്ങനെ ഉണ്ടായത്.ഞങ്ങൾക്ക് പേടിയായി. രാത്രി കാട്ടിൽ ഭൂതോം പ്രേതോം ഇറങ്ങിനടക്കുമെന്ന് കഥകളുണ്ട്. ഇനി അതെങ്ങാനുമാണോ ഞങ്ങളെ വഴിതെറ്റിക്കുന്നത്.

എനിക്കാണേൽ കരച്ചിൽ വന്നു മുട്ടീട്ടൂ വയ്യ. വേലൂന്റേം ചാമിയുടേം മുഖത്തും പരിഭ്രമമുണ്ട്.അപ്പു മാത്രം എല്ലാവരേയും മാറി മാറി നോക്കി ഇരുന്നു.ശംഭൂന്റെ നെഞ്ചിടിപ്പ് ശരിക്കു കേൾക്കാം. ‘ഠപ്പ് ഠപ്പ് ഠപ്പ്…’

tency, story ,iemalayalam

വേലു ഫോണിലെ ടോർച്ച് ഓൺ ചെയ്തതു കണ്ടു ശംഭു ചോദിച്ചു “നമുക്ക് വീട്ടിലേയ്ക്ക് ഫോൺ വിളിച്ചാലോ?”

“കാട്ടിൽ റേഞ്ചില്ല.” വേലൂന്റെ മുഖത്ത് ചെറിയ പേടി പോയി വല്യേ പേടി ആയിത്തുടങ്ങി. കട്ട കുത്തിയ ഇരുട്ടിൽ തൊട്ടടുത്ത മരം പോലും കാണാൻ പറ്റുന്നില്ല.

“ഇഞ്ഞി, കാടിറങ്ങാൻ നോക്കിയാൽ അപകടാ. വഴിതെറ്റും,” വേലു പറഞ്ഞു.

“അപ്പോ എന്തെയ്യും?” ശംഭു അമ്പരന്നു.

“ഇന്നു കാട്ടിൽ കെടക്കാം,” വേലു തീർപ്പു കൽപ്പിച്ചു.

“അയ്യോ!” എനിക്കു കരച്ചിൽ വന്നു. അപ്പു വന്നു എന്റെ കാലിന്മേ കൈ വച്ചു ചെറിയൊരു ഒച്ചയെടുത്ത് ആശ്വസിപ്പിച്ചു.

“കാട്ടിൽ ഒന്നും പേടിക്കണ്ട. നമ്മളെ ആരും ഒന്നും ചെയ്യില്ല. അവറ്റോളെ നമ്മൾ ഒന്നും ചെയ്യാതിരുന്നാൽ മതി.” വേലൂന് പേടി പോയതു പോലെ.

കാട്ടിൽ രാത്രി നേരത്തേ തുടങ്ങും. ഉച്ചതിരിഞ്ഞ്. അഞ്ചുമണിയാവുമ്പോഴേക്കും ഇരുട്ട് എട്ടുമണിയുടെയത്ര കനക്കും. ഒരു മരത്തിന്റെ ചുവട്ടിലെ പാറയിലാണ് ഇരിപ്പ്. തണുപ്പ് ചൂളിപ്പിടിച്ചു വരികയാണ്. ഞാൻ തണുപ്പത്ത് വിറയ്ക്കുന്ന കണ്ട് അപ്പു തൊട്ടുരുമ്മി കിടന്നു. അപ്പൂന്റെ സ്നേഹത്തിന് എന്തു ചൂടാ. നല്ല സുഖം.

ചിവീടുകളുടെ കരച്ചിലിന് ഒച്ച കൂടി. രാത്രി മാത്രം ഇറങ്ങുന്ന പക്ഷികളും ജന്തുക്കളുമുണ്ടല്ലോ. മൂങ്ങയുടെ കരച്ചിലും മ്ലാവിന്റെ കാറലുമൊക്കെ കേൾക്കുമ്പോൾ പേടിയാവും. ഞാനും ശംഭൂം പേടിച്ചു കരയും. അതു കേൾക്കുമ്പോൾ അപ്പു ‘കരയണ്ട’ എന്ന തരത്തിൽ ചെറുതായി ഓരിയിടും.

ഇഴജന്തുക്കൾ പോകുന്നതിന്റെ ഇലയനക്കങ്ങളാണ് ഏറ്റവും പേടിപ്പിച്ചത്. കാട്ടുപൂച്ച കരയുന്നതു കേട്ടാൽ കൊച്ചുകുഞ്ഞുങ്ങളുടെ കരച്ചിൽ പോലെ തോന്നും. ഒന്നു ധൈര്യം വെച്ചു വരുമ്പോഴായിരിക്കും ഒരു പക്ഷി ചിറകടിച്ചു പറക്കുന്നത്. ആ ഒച്ച കേൾക്കുമ്പോൾ ഞാൻ അലറിക്കരയും.

‘‘ഉറക്കെ ഒച്ചയിട്ടാൽ ആനയും പുലിയും അടുത്തു വരില്ലാന്ന്,’’ വേലു പറഞ്ഞു. അവൻ മുമ്പ് പലവട്ടം കാട്ടിൽ വന്നിട്ടുണ്ട്. പക്ഷേ, ഉൾക്കാട്ടിലേക്ക് കയറുന്നത് ആദ്യമായിട്ടാണ്.

‘‘അമ്മയും അച്ഛനും കരഞ്ഞുകൊണ്ട് തേടി നടക്കുന്നുണ്ടാവും…’’

‘‘നമ്മളെ പുലി പിടിക്കുമോ?’’

‘‘ നമ്മളെങ്ങിനെ ഈ കാട്ടിൽ നിന്ന് രക്ഷപ്പെടും?’’

‘‘നേരം വെളുത്താൽ മതിയായിരുന്നു.’’

‘‘ഇനി കാട്ടിലേക്കില്ല…’’ ഇങ്ങനെ ഓരോന്ന് ഞങ്ങൾ ഉറക്കെ ചോദിച്ചും പറഞ്ഞും കൊണ്ടിരുന്നു.

ഉറക്കമൊന്നും വന്നില്ല. പേടിച്ച് വെറങ്ങലിച്ചിരിക്കുമ്പോൾ ഉറങ്ങാൻ പറ്റോ. പകൽ കണ്ടു രസിച്ച കാടിനു ഇപ്പോൾ ഒരു ഭംഗിയുമില്ല. അപ്പു വരെ ഒച്ചയുണ്ടാക്കാതിരുന്നു. അകലെ എവിടെനിന്നോ കാട്ടാനയുടെ ചിന്നംവിളി കേട്ടിരുന്നു. എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു.

കാലത്ത് ഏഴുമണിയായപ്പോഴേക്കും വെളിച്ചം പരക്കാൻ തുടങ്ങി. വേഗമെഴുന്നേറ്റ് നടന്നു. വേഗം വീട്ടിലെത്തണം, അച്ഛനേയും അമ്മയേയും കാണണമെന്നുമാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ വയറു നിറയെ എന്തെങ്കിലും കഴിക്കണം. പറിച്ചെടുത്ത അമ്പഴോം വള്ളിച്ചൂരലും വെട്ടാൻ കൊണ്ടുവന്ന കത്തിയടക്കം എല്ലാം ഉപേക്ഷിച്ചു.

നടന്നു തുടങ്ങിയപ്പോൾ മനസ്സിലായി രാത്രിയിൽ വഴിതെറ്റാൻ കാരണമെന്താണെന്ന്. മലയുടെ മുകളിലെത്തിയിട്ട് അപ്പുറത്തെ ചെരിവിലേക്ക് ഇറങ്ങിപ്പോവേണ്ടതിനു പകരം അതേ ചെരിവിലേക്കാണ് ഞങ്ങൾ ഇറങ്ങിക്കൊണ്ടിരുന്നത്.

രണ്ടര മണിക്കൂറോളം കാട്ടിലൂടെ നടന്നപ്പോൾ മലഞ്ചെരുവിലെ തേക്കിൻകൂപ്പിൽ ഒരു ചേട്ടൻ റബർ വെട്ടുന്നതു കണ്ടു. ചേട്ടനോട് കാര്യങ്ങൾ പറഞ്ഞു. ഞങ്ങളുടെ വീട്ടിൽ നിന്ന് കുറേ ദൂരെയുള്ളതായിരുന്നു ആ സ്ഥലം. ചേട്ടൻ വീട്ടിലേക്ക് ഫോൺ വിളിച്ചു.

പിന്നെ?

പിന്നെ…..ശുഭം.

Read More: ഒരു കഥ കൂടി വായിക്കാന്‍ തോന്നുന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Tency story for children kattiloru kuttakootirittu rathri