scorecardresearch
Latest News

തിക്കും തിരക്കും

“നെഞ്ചിടിപ്പു കാരണം വാക്കുകൾ പുറത്തേക്കു വരുന്നില്ല. ഉള്ളംകയ്യും കാലും വിയർക്കണു. പേടി വരുമ്പോൾ അങ്ങനെയാണ്. ടീച്ചർ ചോദ്യം ചോദിക്കുമ്പോ ൾ പലവട്ടം ഇങ്ങനെയുണ്ടായിട്ടുണ്ട്.” ടെൻസി ജേക്കബ് എഴുതിയ കുട്ടികളുടെ കഥ

തിക്കും തിരക്കും

‘‘മിനിക്കുട്ടീ, കടേല് പോവാണോ?’’

ഇല്ലിമുള്ളോണ്ട് വേലി കെട്ടുന്ന കുഞ്ഞുവറീതേട്ടൻ പായാരം ചോദിച്ചു. മൂപ്പര് എപ്പോഴും അങ്ങനെയാ. എന്തേലും ചെയ്തോണ്ടിരിക്കും. ഒന്നൂല്ലേൽ തെങ്ങിൻ തടത്തിൽ ചാരം കൊണ്ടിടുകയോ, പറമ്പിലെ ചവറ് കൂട്ടിയിട്ട് കത്തിക്കുകയോ, കടച്ചക്ക പൊട്ടിച്ചെടുക്കുകയോ അങ്ങനെയങ്ങനെ കയ്യയനങ്ങാതെ ഇരിക്കില്ല.

‘ആം, കടേല് പോവാ.’

ഉറ്റ കൂട്ടുകാരി ലിസിമണിയുടെ അപ്പനാണ് കുഞ്ഞുവറീതേട്ടൻ.

“ഏതു കടേലാണ്?’’

‘‘അന്തപ്പേട്ടന്റെ കടേല്ക്ക്.’’

അന്തപ്പേട്ടന്റെ കട കുറച്ചു ദൂരെയാണ്. പാടം കടന്ന്, തോടു മുറിച്ചു ചെല്ലുമ്പോൾ കയറണ കനാലിന്റെ ഓരം പറ്റി കുറച്ചു നടക്കണം. പിന്നെ, റോഡിലെത്തി പാളം മുറിച്ചു കടന്നാൽ അന്തപ്പേട്ടന്റെ പലചരക്കുകടയായി. അന്തപ്പേട്ടൻ, ആള് വല്ലാത്ത മൂശേട്ടക്കാരനാ. വായിലെപ്പോഴും മുറുക്കാനുണ്ടാവും. വർത്താനം കുറവ്. സാമാനം പൊതിയാൻ നിക്കണ ഔസേപ്പേട്ടനെ കന്നം പൊട്ടണ ചീത്ത പറയണ കേക്കാം.

‘‘എനിക്കൊരൂട്ടം വാങ്ങിക്കൊണ്ടു വരോ?’’ കുഞ്ഞുവറീതേട്ടൻ മടിശ്ശീല മെല്ലെ അഴിക്കാൻ തുടങ്ങി.

എന്താണാവോ? വല്ല ബീഡിയോ, പുകയിലയോ ആയിരിക്കും. അല്ലാതെ വീട്ടിലേക്ക് വേണ്ട സാധനങ്ങളൊക്കെ ആനി ചേടത്ത്യാര് അണ്ടി കമ്പനിയിൽ പണിക്കു പോയിട്ടു വരുമ്പോ വാങ്ങി കൊണ്ടുവരാറാണ് പതിവ്. കോഴിക്കോട്ടെ മാവൂരായിരുന്നു കുഞ്ഞുവറീതേട്ടന് ജോലി. അവിടന്നു മഞ്ഞപ്പിത്തം പിടിച്ചു വന്നതാ. ഇപ്പോ ജോലിക്കൊന്നും പോകാൻ പറ്റാതെ വീട്ടിലിരുപ്പാ.

‘‘വാങ്ങിക്കൊണ്ടു വരോ?’’

‘‘എന്താന്നു പറയ്’’

‘‘കുറച്ച്, തിക്കും തിരക്കും.’’

‘‘തിക്കും തിരക്കോ?’’ ഞാനാകെ അന്ധാളിച്ചു.

‘‘ആ, കുറച്ച് കഷായം ഉണ്ടാക്കാനാ’’

tency jacob, story , iemalayalam

അപ്പൻ ആയുർവേദാണ് ചെയ്യണേന്ന് ലിസിമണി പറഞ്ഞു കേട്ടിട്ടുണ്ട്. അരിഷ്ടത്തിന്റെ കൊറച്ച് ആരും കാണാണ്ട് കുടിക്കാനെടുത്തു തന്നിട്ടൂമുണ്ട്.

എന്നാലും തിക്കും തിരക്കും! ഉസ്കൂളില്, മലയാളം ടീച്ചർ വാക്യത്തിൽ പ്രയോഗിക്കാൻ തന്നിട്ടുണ്ട് ആ വാക്ക്. ‘ഞാൻ പൂരത്തിനു പോയപ്പോൾ അവിടെ ആകെ തിക്കും തിരക്കുമായിരുന്നു’ എന്നു ഉത്തരമെഴുതി രണ്ടു മാർക്കും കിട്ടി. ആ പേരിലൊക്കെ മരുന്നുണ്ടോ?

മിനിക്കുട്ടിയുടെ ആലോചനയെ ഒന്നു നോക്കി, കുഞ്ഞുവറീതേട്ടൻ ഒറ്റ രൂപാ നാണയം നീട്ടി.

‘‘ഒരു രൂപയ്ക്ക് വാങ്ങിച്ചാൽ മതി. മേമ്പൊടിക്ക് ചേർക്കാനാ.’’

മിനിക്കുട്ടി പിന്നേം മന്ദലം മയങ്ങി നിക്കണ കണ്ട് കുഞ്ഞുവറീതേട്ടൻ ഒച്ചയെടുത്തു.

‘‘നേരം ഇരുട്ടണേനു മുന്നേ പോയി വാ കുട്ടീ.’’

‘പറ്റിക്കാൻ പറയണതാണോ?’ പിന്നേം പിന്നേം സംശയം.

ഏയ് ആവില്ല. ലിസിമണിയെ പോലെ എന്നേം വലിയ ഇഷ്ടാ. കടേല് പോയിട്ടു വരുമ്പോഴെല്ലാം ഞങ്ങൾക്ക് മിഠായി തരും. പൂരത്തിനും പെരുന്നാൾക്കും പോയി വരുമ്പോൾ ഈന്തപ്പഴോം അലുവയും കൊണ്ടുവരും. അപ്പച്ചൻ ഗൾഫിലായോണ്ട് അമ്മച്ചിക്ക് ഞായറാഴ്ച എറച്ചി വാങ്ങിക്കൊടുക്കണതും മീൻ വാങ്ങിക്കൊടുക്കണതും കുഞ്ഞുവറീതേട്ടനാ. ഒരിക്കൽ ആടിൻകൂടിന്റവിടെ പാമ്പു വന്നപ്പോൾ ഞങ്ങളുടെ നെലോളി കേട്ട് ഓടിയെത്തി പാമ്പിനെ അടിച്ചതും വറീതേട്ടനാ. കഴിഞ്ഞ ഉയിർപ്പു തിരുന്നാളിനു മുൻപുള്ള ധ്യാനോം കൂടി പള്ളീന്നു വരുമ്പോൾ അച്ചൻമാരുടെ ‘ഹാലേലുയ്യ’ കേട്ട് ഉറങ്ങിപ്പോയ എന്നെ തോളിലെടുത്തു കൊണ്ടുവന്നത് ആരാ? വറീതേട്ടനാ. ആ വറീതേട്ടൻ എന്നെ പറ്റിക്കോ?

‘ഏയ് ഇല്ല’

‘എന്നാലും തിക്കും തിരക്കും?’

‘കടേലുണ്ടായില്ലാന്ന് നുണ പറഞ്ഞാലോ?’

ലിസിമണിയുടെ മുറ്റത്ത് വലിയൊരു ഞാവൽമരമുണ്ട്. ഞാവൽപ്പഴം താഴെ വീണാൽ ചതഞ്ഞു ആകെ മണ്ണു പറ്റും. അതിനൊരു സൂത്രപ്പണി ചെയ്തു വറീതേട്ടൻ. ഉമ്മറത്തെ തൂണിലേക്കും തൊട്ടടുത്ത കശുമാവിലേക്കുമെല്ലാമായി വലിയൊരു വല വിരിച്ചുകെട്ടും. പിന്നെ ഞാവൽപ്പഴം ഞെളുങ്ങാതെ കിട്ടും. ഇടയ്ക്ക് മരം കുലുക്കണ പരിപാടിയുണ്ട്. ആരെല്ലാം പറഞ്ഞാലും എന്നേം കൂടി വിളിക്കാതെ വറീതേട്ടൻ മരം കുലുക്കില്ല. കൂട്ടുകാരുടെ കൂടെ ഓടി എനിക്കൊന്നും കിട്ടാൻ പോണില്ലാന്നറിഞ്ഞു ഞാവലും മാങ്ങയുമൊക്കെ എനിക്കെടുത്തു തരണ ആളാണ്. അത്രേം സ്നേഹൊള്ള വറീതേട്ടൻ പറ്റിക്കോ?

tency jacob, story , iemalayalam

അന്നെന്തോ, പാടവരമ്പിലൂടെ നടക്കുമ്പോൾ കതിർമണികളൊന്നും ഉരിഞ്ഞതേയില്ല. തോട്ടിലെ പൂച്ചുട്ടി മീനിനെ പിടിക്കാൻ അൽപ്പനേരം വെള്ളത്തിൽ തങ്ങാറുള്ളതാണ്. അതും ചെയ്തില്ല, കനാൽത്തിണ്ടിലെ ഉറുമീസേട്ടന്റെ ചാമ്പമരത്തിൽ നിന്നു ചാമ്പയ്ക്കയും പൊട്ടിച്ചില്ല.

തിണ്ടിൻെറയരികിലായി ഒരു കൊക്കുർണിയുണ്ട്. അതു കടക്കുവോളം നെഞ്ച് തൊണ്ടയിലെത്തും. പേടിച്ചിട്ടേയ്. എങ്ങാനും വീണുപോയാൽ മരിക്കും, ഉറപ്പാ. മരിക്കണേലും സങ്കടം, പിന്നെ അമ്മച്ചിയെ കെട്ടിപ്പിടിച്ചുറങ്ങാൻ പറ്റില്ലല്ലോ എന്നാണ്. ആ കൊക്കുർണി മറികടന്നതും അറിഞ്ഞില്ല.അന്തപ്പേട്ടന്റെ കട എത്താറായപ്പോൾ ഒരു പരവേശം. തിക്കും തിരക്കും ചോദിക്കണോ, വേണ്ടേ…
കടയിൽ നല്ല തിരക്ക്. എല്ലാരും പോയിക്കഴിഞ്ഞിട്ട് പതിയെ പറയാം. അപ്പോൾ ആരും കേൾക്കില്ലല്ലോ.

‘‘കൊച്ചിനെന്താ വേണ്ടേ?’’ അന്തപ്പേട്ടൻ തിക്കിനിടയിൽ ഒച്ചയിട്ടു.

അമ്മച്ചി എഴുതിതന്ന ലിസ്റ്റ് കയ്യിൽ കൊടുത്തു. അതിൽ പപ്പടവും പഞ്ചാരയുമുണ്ട്. അതോണ്ട് അമ്മച്ചി ഒരു പലഹാരമുണ്ടാക്കും. തേങ്ങയിൽ പഞ്ചാര ചേർത്തിളക്കും. പപ്പടത്തിന്റെ ചുറ്റോടു ചുറ്റും വെള്ളം തൊട്ട് നനയ്ക്കും. എന്നിട്ട് തേങ്ങക്കൂട്ട് നടുവിൽ വച്ച് മടക്കി ഒട്ടിക്കും. പിന്നെ വെളിച്ചെണ്ണയിൽ വറുത്തെടുക്കും. മൊരുമൊരുപ്പുള്ള പപ്പടം കടിക്കുമ്പോൾ പഞ്ചാരപ്പാനി ഊറി വരും. അയ്യടാ, എന്തു രസാണ്!

എടുത്ത സാധനങ്ങളൊക്കെ സഞ്ചിയിൽ ഇട്ടു തന്നു. കണക്കുകൂട്ടി പറഞ്ഞ പൈസ കൊടുക്കുമ്പോഴേക്കും നെഞ്ച് പെരുമ്പറ കൊട്ടാൻ തുടങ്ങി. ഈശ്വരാ, ചോദിക്കണോ?

ബാക്കി പൈസ തന്നിട്ടും മിഴുങ്ങസ്യാന്നു നിക്കണ കണ്ടിട്ടായിരിക്കും അന്തപ്പേട്ടൻ എന്തേയെന്നർത്ഥത്തിൽ കനത്തിലൊന്നു മൂളി.

‘‘ഊംംം’’

പിന്നെ, എഴുന്നേറ്റ് പുറത്തേക്ക് നടന്ന് മുറുക്കാൻ തുപ്പി.

നെഞ്ചിടിപ്പു കാരണം വാക്കുകൾ പുറത്തേക്കു വരുന്നില്ല. ഉള്ളംകയ്യും കാലും വിയർക്കണു. പേടി വരുമ്പോൾ അങ്ങനെയാണ്. ടീച്ചർ ചോദ്യം ചോദിക്കുമ്പോൾ പലവട്ടം ഇങ്ങനെയുണ്ടായിട്ടുണ്ട്.

‘‘എന്താ, മിട്ടായിക്കാണോ?’’ പല്ല് പുഴു തിന്നണോണ്ട് അമ്മച്ചി വെലക്കിയിട്ടുണ്ട്. അന്തപ്പേട്ടനേയും ചട്ടം കെട്ടിയിട്ടുണ്ട്.‘ചോദിച്ചാൽ കൊടുക്കരുതെന്ന്.’

കയ്യിലെ ഒറ്റ രൂപാ നീട്ടി ഉണ്ണീശോയെ കൂട്ടിനു വിളിച്ചു ധൈര്യത്തോടെ പറഞ്ഞു.

tency jacob, story , iemalayalam

‘‘ ഒരു രൂപയ്ക്ക് തിക്കും തിരക്കും.’’

‘‘എന്ത്?’’ അന്തപ്പേട്ടൻമുഖത്തെ കണ്ണ് ബൾബായി.

‘‘ തിക്കും തിരക്കും.’’ ഒച്ച ചെറുങ്ങനെയായി.

കടേലുള്ളവരെല്ലാം നോക്കുന്നു. ആകെ നിശബ്ദത.

‘‘ ആരാ പറഞ്ഞുവിട്ടേ മോളോട്’’ അന്തപ്പേട്ടന്റെ ചോദ്യം.

‘‘ കുഞ്ഞുവറീതേട്ടൻ’’

എല്ലാവരും ചിരിക്കാൻ തുടങ്ങി. ‘കൊച്ചിനെ പറ്റിച്ചതാ വറീത്.’

ഒറ്റനോട്ടം കൊണ്ട് ചിരിയെല്ലാം അടക്കി അന്തപ്പേട്ടൻ.

‘‘അതേയ് വറീതിനോട് ചെന്നു പറയ്, തിക്കും തിരക്കും കഴിഞ്ഞിരിക്കാ, നാളെ വരാൻ. നേരിട്ടു വരണംന്നു പറയണം. കേട്ടോ’’

പിന്നെ, തിരിഞ്ഞു മുന്നിലെ മുട്ടായി ഭരണീന്നു ലോസഞ്ചർ ഒരെണ്ണം എടുത്തു നീട്ടി. അതും വാങ്ങി വേഗം നടന്നു. മെല്ലെ നെഞ്ചിടിപ്പ് കുറഞ്ഞു.

കനാലിന്റവിടെ എത്തിയപ്പോൾ സഞ്ചി താഴെ വച്ചു മിട്ടായി കടലാസ് തുറന്നു മിഠായി വായിലിട്ടു.

‘‘ആഹാ, ഓറഞ്ചിന്റെ പുളിരസോം മധുരോം’’

ഉള്ളിൽ തിക്കുമുട്ടിയ തിക്കുംതിരക്കിനെയും പിന്നെ കാണാണ്ടായി.

കുട്ടിക്കഥക്കൂട്ടിൽ നാളെ ശ്യാം സുന്ദർ എഴുതിയ കഥ വായിക്കാം

Malayalam Writer, Children, Short story

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Tency jacob story for children thikkum thirakkum