പണ്ടൊരിക്കല്‍ ഒരിടത്ത് കൂനുള്ള ഒരു അമ്മൂമ്മ ജീവിച്ചിരുന്നു. വടി കുത്തിപ്പിടിച്ച് നടന്നിരുന്ന അവരെ എല്ലാവരും കൂനിയമ്മൂമ്മ എന്നാണ് വിളിച്ചിരുന്നത്. നടക്കുമ്പോഴൊക്കെ അവരുടെ തല ഇരുവശത്തേയ്ക്കും ആടുമായിരുന്നു. രംഗ എന്നും ഭംഗ എന്നും പേരുള്ള രണ്ട് നായകളെ കൂനിയമ്മൂമ്മ വളര്‍ത്തിയിരുന്നു.
ഒരു ദിവസം കൂനിയമ്മൂമ്മ തന്‍റെ പേരക്കുട്ടിയെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. യാത്ര പുറപ്പെടാന്‍നേരം അവര്‍ രംഗയോടും ഭംഗയോടുമായി പറഞ്ഞു, “നിങ്ങള്‍ ഈ വീട്ടില്‍തന്നെ കഴിഞ്ഞോ മക്കളെ…ഞാന്‍ പോയി വരാം.”
“ശരി, ഞങ്ങള്‍ എവിടെയും പോകില്ല. ഇവിടെ തന്നെ കാണും..!” രംഗയും ഭംഗയും ഒരേ സ്വരത്തില്‍പറഞ്ഞു.
അങ്ങനെ വടിയും കുത്തിപ്പിടിച്ച്, ഇരുവശത്തേയ്ക്കും തലയാട്ടിക്കൊണ്ട് പേരക്കുട്ടിയുടെ വീട്ടിലേക്ക് കൂനിയമ്മൂമ്മ യാത്ര പുറപ്പെട്ടു.
കാട്ടുവഴിയിലൂടെ ഒറ്റയ്ക്ക് നടക്കുകയായിരുന്ന കൂനിയമ്മൂമ്മയെ കണ്ടതും വിശന്നിരിക്കുകയായിരുന്ന കുറുക്കന്‍ പറഞ്ഞു, “ആഹാ! ഇത് നമ്മുടെ കൂനിയമ്മൂമ്മയാണല്ലോ.” തിടുക്കത്തില്‍ കൂനിയമ്മൂമ്മയുടെ അടുക്കല്‍ ചെന്ന് കുറുക്കന്‍ തുടര്‍ന്നു, “അതേയ്… എനിക്ക് നല്ല വിശപ്പുണ്ട്. ഞാന്‍ കൂനിയമ്മൂമ്മയെ തിന്നാന്‍ പോവുകയാണ്.”
അതുകേട്ട സൂത്രക്കാരിയായ കൂനിയമ്മൂമ്മ ഒരു ഭാവഭേദവുമില്ലാതെ മറുപടി നല്‍കി, “ഞാനിപ്പോള്‍ എന്‍റെ പേരക്കുട്ടിയെ കാണാന്‍പോകുന്ന വഴിയാണ്. കുറച്ചുദിവസം അവിടെ താമസിച്ചു ഉരുണ്ടുകൊഴുത്താണ് മടങ്ങി വരുക. അപ്പോള്‍ നിനക്ക് എന്നെ ഭക്ഷിക്കാം. ഇപ്പോള്‍ ഞാന്‍ എല്ലും തോലുമായി ക്ഷീണിച്ച് ഇരിക്കുന്നത് കണ്ടില്ലേ? ഇപ്പോള്‍ തിന്നിട്ട് എന്ത് കാര്യം!”
കൂനിയമ്മൂമ്മയുടെ മറുപടി കുറുക്കന് ബോധിച്ചു. കുറുക്കന്‍ പറഞ്ഞു, “ശരി. എന്നാല്‍ അങ്ങനെ. നല്ലപോലെ ഉരുണ്ടുകൊഴുത്ത് പേരക്കുട്ടിയുടെ വീട്ടില്‍നിന്നും മടങ്ങുമ്പോള്‍ ഞാന്‍ കഴിച്ചോളാം.”

കൂനിയമ്മൂമ്മ വടിയും കുത്തിപ്പിടിച്ച്, ഇരുവശത്തേയ്ക്കും തലയാട്ടിക്കൊണ്ട് കാട്ടുവഴിയിലൂടെ തന്‍റെ യാത്ര തുടര്‍ന്നു.
കുറച്ചുദൂരം പിന്നിട്ടതും ഇര തേടിയിറങ്ങിയ ഒരു കടുവ കൂനിയമ്മൂമ്മയെ കണ്ടു. കൂനിയമ്മൂമ്മയെ കണ്ടതും കടുവ പറഞ്ഞു, “ആഹാ….ഇതാര്!! കൂനിയമ്മൂമ്മയോ? തീറ്റ തേടി ഇറങ്ങിയതാണ് ഞാന്‍. എനിക്കിപ്പോള്‍ തന്നെ കൂനിയമ്മൂമ്മയെ തിന്ന് വിശപ്പടക്കണം.”
കടുവയുടെ പൂതി മനസ്സിലാക്കിയ കൂനിയമ്മൂമ്മ പറഞ്ഞു, “നീ തിടുക്കപ്പെടല്ലേ എന്‍റെ കടുവേ. ഞാന്‍ എന്‍റെ പേരക്കുട്ടിയുടെ വീട്ടിലേക്ക് പോവുകയാണ്. അവിടെ കുറച്ചുദിവസം തങ്ങി ശരീരമൊക്കെ പുഷ്ടിപ്പെടുത്തിയ ശേഷമാണ് മടങ്ങി വരുക. അപ്പോള്‍ നീ എന്നെ ശാപ്പിട്ടാല്‍ മതി. ഇപ്പോള്‍ വെറും എല്ലും തോലുമായ എന്നെ തിന്നിട്ട് നിനക്ക് ഒരു മെച്ചവും ഉണ്ടാവില്ല.”
കൂനിയമ്മൂമ്മയുടെ മറുപടി കേട്ട കടുവ ഒരു നിമിഷം ചിന്തയിലാണ്ടു. പിന്നെ പറഞ്ഞു, “എന്നാല്‍ അങ്ങനെ ചെയ്യാം. പേരക്കുട്ടിയുടെ വീട്ടില്‍ നിന്നും നല്ലപോലെ ഉരുണ്ടുകൊഴുത്ത് മടങ്ങുമ്പോള്‍ ഞാന്‍ കഴിച്ചോളാം.” സമയം കളയാതെ കടുവ കാട്ടിലേക്ക് വലിഞ്ഞു.
കൂനിയമ്മൂമ്മ വടിയും കുത്തിപ്പിടിച്ച്, ഇരുവശത്തേയ്ക്കും തലയാട്ടിക്കൊണ്ട് കാട്ടുവഴിയിലൂടെ തന്‍റെ യാത്ര തുടര്‍ന്നു.
അല്‍പ്പദൂരം പിന്നിട്ടതും വഴിയില്‍വച്ച് കൂനിയമ്മൂമ്മ ഒരു കരടിയെ കണ്ടു. കൂനിയമ്മൂമ്മയെ കണ്ടതും കരടി പറഞ്ഞു, “ആഹാ….ഇതാര്!! കൂനിയമ്മൂമ്മയോ? വല്ലാത്ത വിശപ്പ് കാരണം തീറ്റ തേടി ഇറങ്ങിയതാണ് ഞാന്‍. എനിക്കിപ്പോള്‍ കൂനിയമ്മൂമ്മയെ തിന്ന് വിശപ്പടക്കണം.”
കരടിയുടെ പൂതി മനസ്സിലാക്കിയ കൂനിയമ്മൂമ്മ പറഞ്ഞു,”എന്‍റെ കരടിക്കുട്ടാ, ഞാന്‍ എന്‍റെ പേരക്കുട്ടിയെ കാണാന്‍പോകുന്ന വഴിയല്ലേ. അവിടെ കുറച്ചു ദിവസം നിന്ന് ശരീരമൊക്കെ പുഷ്ടിപ്പെടുത്തിയ ശേഷമാണ് മടങ്ങി വരുക. ഇപ്പോള്‍ ഈ എല്ലും തോലുമായ എന്നെ കിട്ടിയിട്ട് നിനക്ക് ഒരു പ്രയോജനവും ഉണ്ടാവില്ല.”
കൂനിയമ്മൂമ്മയുടെ വാക്കുകളെ വിശ്വാസത്തിലെടുത്ത് കരടി പറഞ്ഞു,”ശരി. എന്നാല്‍ അങ്ങനെയാവട്ടെ. വേഗം മടങ്ങി വരണം. ഞാന്‍ കാത്തിരിക്കും.”
അങ്ങനെ യാത്രാവഴിയില്‍കണ്ട കുറുക്കനെയും കടുവയെയും കരടിയെയും സൂത്രക്കാരിയായ കൂനിയമ്മൂമ്മ പറഞ്ഞയച്ചു.

നടന്നുനടന്ന് ഒടുവില്‍പേരക്കുട്ടിയുടെ വീട്ടിലെത്തിയ കൂനിയമ്മൂമ്മ ഏറെ ദിവസങ്ങള്‍ അവിടെ തങ്ങി. തങ്ങിയ നാളുകളില്‍ നല്ലപോലെ ആഹാരവും യഥേഷ്ടം മധുരപലഹാരങ്ങളും കഴിച്ച കൂനിയമ്മൂമ്മ തൊട്ടാല്‍ പൊട്ടുന്ന പാകത്തിന് വണ്ണം വച്ചു. ഒടുവില്‍ സ്വന്തം വീട്ടിലേക്ക് മടങ്ങാന്‍ആയപ്പോള്‍ തന്‍റെ പേരക്കുട്ടിയെ വിളിച്ച് കൂനിയമ്മൂമ്മ പറഞ്ഞു, “എനിക്ക് വീട്ടിലേക്ക് തിരിക്കാന്‍ സമയമായി. പക്ഷെ ഇത്രേം വണ്ണം വച്ചതുകൊണ്ട് നടക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. മാത്രമല്ല മടങ്ങും വഴിയില്‍ എന്നെ തിന്നാന്‍ ഒരു കുറുക്കനും കടുവയും കരടിയും കാത്തിരിക്കുന്നുമുണ്ട്. എങ്ങനെയാണ് അവരുടെ കയ്യില്‍നിന്നും രക്ഷപ്പെടുക?”
“അമ്മൂമ്മ വിഷമിക്കണ്ട”, പേരക്കുട്ടി വേവലാതിപ്പെട്ട് നിന്ന കൂനിയമ്മൂമ്മയെ ആശ്വസിപ്പിച്ചു. അവള്‍ തുടര്‍ന്നു,”ഞാന്‍ അമ്മൂമ്മയെ ഒരു മത്തങ്ങാത്തോടിനുള്ളില്‍ കയറ്റിയിരുത്തി ഭദ്രമായി പറഞ്ഞയക്കാം. അമ്മൂമ്മയാണ് അതിനുള്ളില്‍ എന്ന് കരടിയും കടുവയും കുറുക്കനും അറിയാന്‍ പോകുന്നില്ല. അപ്പോള്‍പ്പിന്നെ അവര്‍ തിന്നുകളയുമെന്ന ഭയവും വേണ്ട.”
പറഞ്ഞതുപോലെ കൂനിയമ്മൂമ്മയെ ഒരു വലിയ ഉരുളന്‍ മത്തങ്ങാത്തോടിനുള്ളില്‍ കയറ്റിയിരുത്തി, കഴിക്കാന്‍ അരിയും വാളന്‍പുളിയും നല്‍കിയശേഷം പേരക്കുട്ടി ആയാസപ്പെട്ട് വെളിയിലേക്ക് ഉരുട്ടിവിട്ടു. മത്തങ്ങാത്തോട് മുന്നോട്ട് ഉരുണ്ടുരുണ്ട് പോകാന്‍ തുടങ്ങിയതോടെ അതിനുള്ളില്‍ ഇരുന്ന് കൂനിയമ്മൂമ്മ പാടാന്‍ തുടങ്ങി.
“ഉരുളുരുള് മത്തങ്ങേ, ഉരുളുരുള് മത്തങ്ങേ,
ഉരുളുരുള് എന്‍റെ പ്രിയ വണ്ടീ,
അരിയും തിന്ന്, വാളന്‍പുളിയും നുണഞ്ഞ്,
കൂനിയമ്മൂമ്മ ദേ പോണത് കണ്ടില്ലേ…”
കൂനിയമ്മൂമ്മ വരുന്നതും കാത്ത് കരടി വഴിയില്‍ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. പക്ഷെ കൂനിയമ്മൂമ്മയ്ക്ക് പകരം ഒരു മത്തങ്ങ ഉരുണ്ടു വരുന്നതാണ് കരടി കണ്ടത്.
ഉരുണ്ടുരുണ്ട് അടുത്തെത്തിയപ്പോള്‍ നല്ലപോലെ കരടി മത്തങ്ങ പരിശോധിച്ചു. തനിക്ക് തിന്നാന്‍പറ്റുന്നതല്ല അതെന്ന് കണ്ട് കരടി നിരാശനായി. പക്ഷെ ഉള്ളിലിരുന്ന് ആരോ പാടുന്നുണ്ടായിരുന്നു, “കൂനിയമ്മൂമ്മ ദേ പോണത് കണ്ടില്ലേ.”
അതുകേട്ട് കൂനിയമ്മൂമ്മ തന്നെ പറ്റിച്ച് കടന്നുകളഞ്ഞു എന്ന് കരടി കരുതുകയും ചെയ്തു. അതിന്‍റെ ദേഷ്യത്തില്‍ മത്തങ്ങയ്ക്ക് ഒറ്റ തൊഴി വച്ചുകൊടുത്തശേഷം കരടി തന്‍റെ വീട്ടിലേക്ക് മടങ്ങി.
കരടിയുടെ തൊഴിയില്‍ മത്തങ്ങ കൂടുതല്‍ വേഗത്തില്‍ ഉരുളാന്‍തുടങ്ങി. അതിനുള്ളില്‍ ഇരുന്നു കൂനിയമ്മൂമ്മ വീണ്ടും പാടാന്‍തുടങ്ങി.

“ഉരുളുരുള് മത്തങ്ങേ, ഉരുളുരുള് മത്തങ്ങേ,
ഉരുളുരുള് എന്‍റെ പ്രിയ വണ്ടീ,
അരിയും തിന്ന്, വാളന്‍പുളിയും നുണഞ്ഞ്,
കൂനിയമ്മൂമ്മ ദേ പോണത് കണ്ടില്ലേ…”
അല്‍പ്പം അകലെയായി കടുവ കൂനിയമ്മൂമ്മയെ തിന്നാന്‍ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. പക്ഷെ കൂനിയമ്മൂമ്മയ്ക്ക് പകരം ഒരു മത്തങ്ങ ഉരുണ്ടു വരുന്നതാണ് കടുവ കണ്ടത്.
മത്തങ്ങ അടുത്ത് എത്തിയതും താന്‍ ഏറെനേരമായി പ്രതീക്ഷയോടെ കാത്തിരുന്ന കൂനിയമ്മൂമ്മയല്ല അതെന്ന് തിരിച്ചറിഞ്ഞ് കടുവയ്ക്ക് അരിശം വന്നു. ആ അരിശത്തില്‍ മത്തങ്ങയെ തട്ടിത്തെറിപ്പിച്ച് വിശന്നുവലഞ്ഞ കടുവ തന്‍റെ വീട്ടിലേയ്ക്ക് പോയി.
മത്തങ്ങ വേഗത്തില്‍ ഉരുണ്ടുകൊണ്ടേയിരുന്നു. അതിന്‍റെ ഉള്ളിലിരുന്ന് കൂനിയമ്മൂമ്മ പാടുന്നുണ്ടായിരുന്നു.
“ഉരുളുരുള് മത്തങ്ങേ, ഉരുളുരുള് മത്തങ്ങേ,
ഉരുളുരുള് എന്‍റെ പ്രിയ വണ്ടീ,
അരിയും തിന്ന്, വാളന്‍പുളിയും നുണഞ്ഞ്,
കൂനിയമ്മൂമ്മ ദേ പോണത് കണ്ടില്ലേ…”
അല്‍പ്പദൂരം ഉരുണ്ട് വഴിയില്‍ കാത്തിരിക്കുകയായിരുന്ന കുറുക്കന്‍റെ മുന്‍പിലാണ് മത്തങ്ങ എത്തിപ്പെട്ടത്. മത്തങ്ങയുടെ ഉള്ളില്‍നിന്നും പാട്ട് വരുന്നത് കണ്ട് കുറുക്കന്‍ തന്‍റെ മുഖം വക്രിപ്പിച്ചുകൊണ്ട് പറഞ്ഞു, ‘ഇതെന്താ സംസാരിക്കുന്ന മത്തങ്ങയോ? നോക്കട്ടെ, എന്താണ് ഇതിന്‍റെ ഉള്ളില്‍ ഉള്ളതെന്ന് അറിയണമല്ലോ?’ എന്ന്പറഞ്ഞ് ഒറ്റച്ചവിട്ടിന് മത്തങ്ങത്തോട് തുറന്നു. അതിനുള്ളില്‍ കൂനിയമ്മൂമ്മ ഇരിക്കുന്നത് കണ്ട് കുറുക്കന്‍പറഞ്ഞു, “ഓഹോ…അപ്പോള്‍ ഇതാണ് സൂത്രം അല്ലേ! ഇനി എന്തായാലും രക്ഷയില്ല. ഞാനിപ്പോള്‍ തന്നെ തിന്നാന്‍പോവുകയാണ്.”
“ഒട്ടും മടി വിചാരിക്കണ്ട. എന്നെ തിന്നോളൂ. അതിന് വേണ്ടി മാത്രമാണ് ഞാന്‍ വന്നിരിക്കുന്നതും. പക്ഷെ എന്നെ കൊല്ലുന്നതിന് മുന്‍പ് ഒരു പാട്ട് കേള്‍ക്കണ്ടേ?”
“അത് എന്തായാലും നല്ല കാര്യമാണ്! ഒരു പാട്ട് കേട്ടുകളയാം. ഞാനും തരക്കേടില്ലാത്ത ഒരു പാട്ടുകാരന്‍ ആണല്ലോ”.
“നീയും പാടുമെങ്കില്‍ ദേ ഈ കാണുന്ന കല്ലില്‍കയറി ഇരുന്ന് നമുക്ക് ഒരുമിച്ച് ഒരു പാട്ട് പാടാം”, കൂനിയമ്മൂമ്മ പറഞ്ഞു.
കുറുക്കനും അത് സമ്മതമായിരുന്നു.
കൂനിയമ്മൂമ്മ കല്ലില്‍ കയറിയിരുന്ന് ഉച്ചത്തില്‍ പാടാന്‍തുടങ്ങി.
“രംഗാ…ഭംഗാ…വേഗം വായോ…വേഗം വായോ…യോ…യോ…!!”.
കൂനിയമ്മൂമ്മയുടെ ശബ്ദം കേട്ടതും രംഗയും ഭംഗയും പാഞ്ഞെത്തി. അതിലൊരാള്‍ കുറുക്കന്‍റെ കഴുത്തിലും മറ്റൊരാള്‍ പിന്‍ഭാഗത്തും പിടിമുറുക്കി. അതോടെ കുറുക്കന്‍ അന്ത്യശ്വാസം വലിച്ചു.
അങ്ങനെ പേരക്കുട്ടിയുടെ വീട്ടില്‍നിന്നും സൂത്രശാലിയായ കൂനിയമ്മൂമ്മ സുരക്ഷിതയായി തിരിച്ചെത്തി.
കുട്ടിക്കഥക്കൂട്ടിൽ നാളെ ഉമ പ്രസീദ എഴുതിയ കഥ വായിക്കാം
