ബംഗാളിലെ ബാലസാഹിത്യരംഗത്ത് ഇതിഹാസതുല്യ സ്ഥാനമലങ്കരിക്കുന്ന എഴുത്തുകാരനാണ് ഉപേന്ദ്ര കിഷോർ റായ് ചൗധരി (1863-1915). ചിത്രകാരൻ, സംഗീതജ്ഞൻ, പ്രസാധകൻ, പത്രാധിപർ എന്നീ നിലകളിൽ നിസ്തുലമായ സംഭാവനകളാണ് അദ്ദേഹം നൽകിയത്. റായ് ചൗധരിയുടെ ബാലസാഹിത്യ രചനകള്‍ക്ക് പല തലമുറകളിൽ വായനക്കാരുണ്ടായി. ഇന്നും അത് തുടരുന്നു.
‘ടുൺ ടുണി,’ ‘ഗൂപി ബാഘ,’ ‘മാജന്താലി സർക്കാർ’ എന്നിവയാണ് അദ്ദേഹത്തിന്‍റെ ഏറെ പ്രശസ്തമായ കഥാപാത്രങ്ങളിൽ ചിലത്. ‘സന്ദേശ്’ എന്ന ബാലപ്രസിദ്ധീകരണം ആരംഭിക്കുകയും കുട്ടികൾക്കായി രാമായണവും മഹാഭാരതവും പുനരാഖ്യാനം ചെയ്യുകയും ചെയ്തു. സത്യജിത്ത് റായിയുടെ മുത്തച്ഛനാണ് ഉപേന്ദ്ര കിഷോർ റായ് ചൗധുരി.
ഒരിടത്തൊരു രാജയെന്ന് പേരുള്ള ഒരു നെയ്ത്തുകാരന്‍ ഉണ്ടായിരുന്നു. ഒരുദിവസം അരിവാളുമായി തന്റെ പാടത്ത് പണിയെടുക്കവെ രാജ ഉറങ്ങിപ്പോയി. ഉറക്കമുണര്‍ന്നപ്പോള്‍ വെയിലേറ്റ് ചൂടായ അരിവാള്‍ കണ്ട് നെയ്ത്തുകാരന്‍ കരുതി അരിവാളിന് പനി പിടിച്ചെന്ന്! ഉടനെ മണ്ടന്‍ നെയ്ത്തുകാരന്‍ “എന്റെ അരിവാളിന് പനി പിടിച്ചേ… അത് ചത്തുപോകുമേ…” എന്നുറക്കെ നിലവിളിക്കാന്‍ തുടങ്ങി.
തൊട്ടടുത്ത പാടത്ത് പണിയെടുക്കുകയായിരുന്ന കര്‍ഷകന്‍ കരച്ചില്‍ കേട്ട് ഓടിയെത്തി രാജയോട് കാര്യമാരാഞ്ഞു.
“എന്റെ അരിവാളിന് പനി പിടിച്ചു!”, രാജ സങ്കടപ്പെട്ടു.
രാജയുടെ മറുപടി കേട്ട് കര്‍ഷകന് ചിരിയടക്കാനായില്ല. ചിരിച്ചുകൊണ്ട് അയാള്‍ പറഞ്ഞു, “നീയൊരു കാര്യം ചെയ്യ് രാജ. നിന്റെ പനി പിടിച്ച അരിവാളിനെ ഒന്ന് വെള്ളത്തില്‍ മുക്കിയെടുക്ക്.! അതിന്‍റെ പനി പമ്പ കടക്കും.”പറഞ്ഞതനുസരിച്ച് വെള്ളത്തില്‍ മുക്കിയെടുത്തതോടെ രാജയുടെ അരിവാള്‍ തണുത്തു. രാജ സന്തോഷവാനായി വീട്ടിലേക്ക് മടങ്ങി.
കുറച്ചുനാള്‍ കഴിഞ്ഞ് രാജയുടെ അമ്മയ്ക്ക് പനി പിടിച്ചു. അമ്മയെ വൈദ്യനെ കാണിക്കാന്‍ ഗ്രാമത്തിലെ എല്ലാവരും പറഞ്ഞെങ്കിലും രാജ അനുസരിക്കാന്‍ കൂട്ടാക്കാതെ അവരോടൊക്കെ പറഞ്ഞു, “ചികിത്സാവിധിയൊക്കെ എനിക്കറിയാം..!”.
പനി പിടിച്ച അമ്മയെ വീടിനടുത്തുള്ള കുളത്തിലേക്ക് കൊണ്ടുപോയ മണ്ടനായ രാജ അമ്മയെ നിര്‍ബന്ധിച്ചു വെള്ളത്തില്‍ മുക്കി നിര്‍ത്തിക്കൊണ്ട് പറഞ്ഞു, “പനി മാറാനുള്ള എളുപ്പവഴിയാണിത്.”. അല്‍പ്പനേരം കഴിഞ്ഞ് പൊക്കിയെടുത്തപ്പോഴേയ്ക്കും അമ്മ മരിച്ചുകഴിഞ്ഞിരുന്നു. സ്വന്തം അമ്മയുടെ അപ്രതീക്ഷിതമായ മരണത്തില്‍ സങ്കടപ്പെട്ട് രാജ കുളക്കരയില്‍ ഇരുന്ന് ഊണും ഉറക്കവുമില്ലാതെ നിര്‍ത്താതെ കരഞ്ഞു.
രാജയുടെ അടുത്ത കൂട്ടുകാരനായിരുന്നു കുറുക്കന്‍. പ്രിയ കൂട്ടുകാരന്റെ ദുര്യോഗത്തില്‍ വിഷമം തോന്നിയ കുറുക്കന്‍ രാജയുടെ അടുക്കല്‍ വന്ന് അവനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട് പറഞ്ഞു, “സംഭവിക്കാനുള്ള തൊക്കെ സംഭവിച്ചു. ഇനി നീ കരയണ്ട കൂട്ടുകാരാ. ഞാനൊരു കാര്യം ചെയ്യാം, നിനക്ക് കല്യാണം കഴിക്കാന്‍ സുന്ദരിയായ രാജകുമാരിയെത്തന്നെ കണ്ടുപിടിക്കാം.”.
കൂട്ടുകാരന്‍ കുറുക്കന്റെ ആശ്വാസവചനങ്ങള്‍ കേട്ട നെയ്ത്തുകാരന്‍ കരച്ചില്‍ നിര്‍ത്തി, കണ്ണുകളൊപ്പി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി. പക്ഷെ പിറ്റേന്ന് മുതല്‍ കുറുക്കനെ കാണുമ്പോഴൊക്കെ രാജ ചോദിക്കാന്‍ തുടങ്ങി, “നീ വാഗ്ദാനം ചെയ്ത കാര്യമെന്തായീ?”.
“ഞാനൊരു വാക്ക് തന്നിട്ടുണ്ടെങ്കില്‍ അത് പാലിച്ചിരിക്കും! ഒരു രാജകുമാരിയെക്കൊണ്ട് തന്നെ നിന്റെ കല്യാണം നടത്തിയിരിക്കും! പക്ഷേ, അതിനുമുന്‍പ് നീ നല്ലൊരു തുണി നെയ്തെടുക്കണം.”.
അതുകേട്ടതും നെയ്ത്തുകാരന്‍ രാജ തന്റെ തറിയില്‍ രാപകലില്ലാതെ നെയ്ത്ത് തുടങ്ങി. തുടര്‍ച്ചയായി രണ്ടുമാസം അധ്വാനിച്ച് മനോഹരമായ ഒരു തുണി നെയ്തെടുത്തു. നെയ്ത്തുകാരനെ കാണാനെത്തിയ കുറുക്കന്‍ കണ്ടത് എത്രയോ നീളത്തില്‍ മനോഹരമായി നെയ്തിട്ടിരിക്കുന്ന തുണിയാണ്.
നെയ്ത്തുകാരനോട് കുളിച്ചു തയ്യാറാവാന്‍ പറഞ്ഞശേഷം രാജാവിനെക്കണ്ട് കല്യാണക്കാര്യം സംസാരിക്കാന്‍ കുറുക്കന്‍ പുറപ്പെട്ടു.

തലപ്പാവും മേല്‍ക്കുപ്പായത്തിന് പുറമെ ഉത്തരീയവുമായിരുന്നു കുറുക്കന്റെ വേഷം. ചെവിക്കിടയില്‍ പേനയും കക്ഷത്തില്‍ കുടയും തിരുകി കൊട്ടാരത്തി ലെത്തിയ കുറുക്കനെക്കണ്ട് ഏതോ പണ്ഡിതനാണെന്ന് രാജാവ് തെറ്റിദ്ധരിച്ചു. അതുകാരണം ഭവ്യതയോടെ രാജാവ് കുറുക്കനോട് ചോദിച്ചു,
“അങ്ങ് ഇവിടെ എത്തിച്ചേരാനുള്ള കാരണം എന്താണാവോ?”.
“അല്ലയോ തിരുമനസ്സേ, ഞങ്ങളുടെ സ്വന്തം രാജയെ അങ്ങയുടെ മരുമകനായി സ്വീകരിക്കാന്‍ താല്‍പ്പര്യമുണ്ടോ എന്നറിയാന്‍ വേണ്ടിയാണ് ഞാന്‍ വന്നിരിക്കുന്നത്.”കുറുക്കന്‍ തന്റെ ആഗമനോദ്ദേശം രാജാവിനെ അറിയിച്ചു.
മണ്ടനായിരുന്നുവെങ്കിലും നെയ്ത്തുകാരന്റെ പേര് രാജ എന്നായിരുന്നല്ലോ! അതിനര്‍ത്ഥം രാജാവെന്നും!! പക്ഷെ കുറുക്കന്റെ വാക്കുകള്‍ കേട്ട് ശരിക്കുമൊരു രാജകുമാരന്റെ കാര്യമാണ് അവതരിപ്പിക്കുന്നതെന്ന് രാജാവ് കരുതി. ആകാംക്ഷയോടെ രാജാവ് കുറുക്കനോട് ചോദിച്ചു, “നിങ്ങളുടെ രാജകുമാരന്റെ ഗുണഗണങ്ങള്‍ ഒന്ന് പറയൂ, കേള്‍ക്കട്ടെ.”.
കുറുക്കന്‍ രാജയെക്കുറിച്ച് വിസ്തരിക്കാന്‍ തുടങ്ങി.
“ഞങ്ങളുടെ രാജ സുന്ദരനാണ്,
ഏറെ പ്രകാശപൂരിതമാണ് രാജയുടെ വീട്,
നന്നായി വായിക്കുന്ന ജ്ഞാനിയാണ് രാജ,
ഒരൊറ്റ വീശിന് പത്തുപേരെ അരിഞ്ഞു വീഴ്ത്താനുള്ള കരുത്തുണ്ട്,
ഒട്ടേറെപ്പേര്‍ക്ക് അന്നവും വസ്ത്രവും നൽകുന്നവനാണ്.
ഇനിയെന്തൊക്കെയാണ് അങ്ങേക്ക് അറിയേണ്ടത്?”.
നെയ്ത്തുകാരന്‍ രാജ കാഴ്ചയ്ക്ക് സുന്ദരനായിരുന്നു. അതുകൊണ്ടാണ് “ഞങ്ങളുടെ രാജ സുന്ദരനാണ്’ എന്ന് കുറുക്കന്‍ അവകാശപ്പെട്ടത്. തീരെ ദരിദ്രനായിരുന്നതിനാല്‍ നെയ്ത്തുകാരന്റെ വീടിന് മേല്‍ക്കൂരപോലും ഉണ്ടായിരുന്നില്ല. അതുമൂലം പകല്‍ സൂര്യപ്രകാശവും രാത്രി നിലാവും നിറഞ്ഞതായിരുന്നു നെയ്ത്തുകാരന്റെ വീട്. അതുകൊണ്ടാണ് ‘ഏറെ പ്രകാശപൂരിതമാണ് രാജയുടെ വീട്’ എന്ന് കുറുക്കന്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ അതുകേട്ട രാജാവ് കരുതി പകിട്ടേറിയ ഒരു കൊട്ടാരത്തെക്കുറി ച്ചാണ് കുറുക്കന്‍ വര്‍ണ്ണിച്ചതെന്ന്.
‘നന്നായി വായിക്കുന്ന ജ്ഞാനിയാണ് രാജ’ എന്ന കുറുക്കന്റെ വാക്കുകളെയും രാജാവ് മുഖവിലയ്ക്കെടുത്തു.
‘ഒരൊറ്റ വീശിന് പത്തുപേരെ അരിഞ്ഞു വീഴ്ത്താനുള്ള ശേഷിയുണ്ട്’ എന്ന് പറയവെ കുറുക്കന്‍ അര്‍ത്ഥമാക്കിയത് ഏതൊരു കര്‍ഷകനെയും പോലെ നെയ്ത്തുകാരനും ഒരൊറ്റ അരിവാള്‍ വീശിന് ഒരുപറ്റം നെല്‍ക്കതിരുകള്‍ അരിഞ്ഞെടുക്കാന്‍ പറ്റും എന്നായിരുന്നു. എന്നാല്‍ രാജാവ് കരുതിയത് രാജകുമാരന്‍ അത്യന്തം കരുത്തനും ധൈര്യശാലിയും ആയിരിക്കുമെന്നാണ്.
രാജ പതിവായി സ്വന്തം ഭൂമി ഉഴുതുമറിച്ച് കൃഷിയിറക്കുകയും തുണി നെയ്തെടുക്കുകയും ചെയ്തു. രാജയുടെ വയലില്‍ നിന്നും കൊയ്തെടുത്ത നെല്ല് കൊണ്ട് ആളുകള്‍ ആഹാരം ഉണ്ടാക്കുകയും, നെയ്ത തുണി കൊണ്ട് ഒന്നാന്തരം വസ്ത്രം ഉണ്ടാക്കുകയും ചെയ്തു. അതിനെ മുന്‍നിര്‍ത്തിയാണ് ‘ഒട്ടേറെപ്പേര്‍ക്ക് അന്നവും വസ്ത്രവും നൽകുന്നവനാണ്’ എന്ന് കുറുക്കന്‍ അഭിപ്രായപ്പെട്ടത്. പക്ഷെ രാജാവ് കരുതി തന്റെ രാജ്യത്തെ പ്രജകള്‍ക്ക് അന്നവും വസ്ത്രവും നല്‍കുന്ന ഉദാരമതിയായ യുവരാജാവിനെക്കുറിച്ചാണ് കുറുക്കന്‍ വിവരിക്കുന്നതെന്ന്.
കുറുക്കന്റെ വിവരണം രാജാവിനെ സന്തോഷിപ്പിച്ചു. മടങ്ങാന്‍ തുടങ്ങിയ കുറുക്കന് ആയിരം രൂപയുടെ പണക്കിഴി പാരിതോഷികം നല്‍കിക്കൊണ്ട് രാജാവ് പറഞ്ഞു, “എന്റെ മകളെ നിങ്ങളുടെ യുവരാജാവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. മടങ്ങിച്ചെന്ന് വേഗം രാജയെ വിവരം ധരിപ്പിക്കൂ. ഇന്നേയ്ക്ക് എട്ടാം നാള്‍ വിവാഹം.”

അത്യാഹ്ലാദത്താല്‍ തുള്ളിച്ചാടി പണക്കിഴിയുമായി കുറുക്കന്‍ നെയ്ത്തുകാരന്‍ രാജയുടെ അടുക്കലേക്ക് ഓടി. അവിടെ ചെല്ലുമ്പോള്‍ രാജ നെയ്ത്തില്‍ വ്യാപൃതനായിരുന്നു. ഗ്രാമത്തിലെ എല്ലാവര്‍ക്കും നല്‍കാന്‍ മാത്രമുള്ള തുണി രാജ അപ്പോഴേയ്ക്കും നെയ്ത് കഴിഞ്ഞിരുന്നു. തനിക്ക് ലഭിച്ച പാരിതോഷികത്തില്‍ നിന്ന് കുറുക്കന്‍ രണ്ടുരൂപ വീതം ഗ്രാമീണര്‍ക്ക് കൊടുത്തു. രാജ നെയ്ത തുണിയില്‍ നിന്ന് ഓരോ ഭാഗവും നല്‍കി. ശേഷം ഗ്രാമീണരോടായി പറഞ്ഞു, “ഇന്നേക്ക് എട്ടാം നാള്‍ നമ്മുടെ രാജ, രാജകുമാരിയെ കല്യാണം കഴിക്കാന്‍ പോവുകയാണ്. നിങ്ങള്‍ എല്ലാവരും കല്യാണത്തില്‍ പങ്കെടുക്കണം”.
രാജയ്ക്ക് കൈവന്ന ഭാഗ്യത്തില്‍ ഗ്രാമത്തിലെ ഏവരും അതിയായി സന്തോഷിച്ചു. അല്‍പ്പം മണ്ടത്തരമൊക്കെ കൈവശമുണ്ടെങ്കിലും നന്മയുള്ളവനും പരസഹായിയുമാണ് രാജയെന്ന് അവര്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ഗ്രാമീണര്‍ക്ക് ഏറെ പ്രിയപ്പെട്ടവനുമായിരുന്നു രാജ.
അടുത്തതായി കുറുക്കന്‍ ഗ്രാമത്തിലെ എല്ലാ കുറുക്കന്മാരെയും ചെന്നുകണ്ട് ഇപ്രകാരം പറഞ്ഞു, “പ്രിയരേ, എന്റെ കൂട്ടുകാരന്‍ രാജയുടെ കല്യാണമാണ്. നിങ്ങള്‍ ഏവരേയും കല്യാണത്തിന് ക്ഷണിക്കുകയാണ്. മാത്രമല്ല കല്യാണദിവസം പാട്ട് പാടാനുള്ള ചുമതലയും ഞാന്‍ നിങ്ങളെ ഏല്‍പ്പിക്കുകയാണ്”.
“തീര്‍ച്ചയായും, ഞങ്ങളെല്ലാവരും പങ്കെടുക്കും.” സന്തോഷം അടക്കാനാവാതെ കുറുക്കന്മാര്‍ കൂട്ടത്തോടെ ഓരിയിട്ടു.
പിന്നീട് ഗ്രാമത്തിലെ തവളകളെ കാണാനാണ് കുറുക്കന്‍ പോയത്. അവരെക്കണ്ട് കുറുക്കന്‍ പറഞ്ഞു, “ചങ്ങാതിമാരെ, എന്റെ കൂട്ടുകാരന്‍ രാജയുടെ കല്യാണമാണ്. നിങ്ങള്‍ ഏവരേയും കല്യാണത്തിന് ക്ഷണിക്കുകയാണ്. കല്യാണത്തിനുള്ള ഗായകസംഘത്തില്‍ ഞാന്‍ നിങ്ങളെയും ഉള്‍പ്പെടുത്തുകയാണ്. കാലേക്കൂട്ടി എത്തിച്ചേര്‍ന്ന് പരിപാടി ഗംഭീരമാക്കണം.”.
“ഉറപ്പായും ഞങ്ങള്‍ ഒന്നടങ്കം പങ്കെടുക്കും.” സന്തോഷം അടക്കാനാവാതെ തവളക്കൂട്ടം ആവേശഭരിതരായി ആര്‍പ്പുവിളിച്ചു.
പിന്നീട് കുരുവികളും കുയിലുകളും കാക്കകളും പ്രാവുകളും മയിലുകളും മൈനകളും മരകൊത്തികളും താറാവുകളും ഉള്‍പ്പെടെ എല്ലാ പക്ഷികളെയും ചെന്നുകണ്ട് കുറുക്കന്‍ പറഞ്ഞു, “പ്രിയരേ, നമ്മുടെ രാജയുടെ കല്യാണമാണ്. രാജകുമാരിയാണ് വധു. നിങ്ങളേവരും കല്യാണത്തില്‍ പങ്കെടുക്കണം. മാത്രമല്ല വരന്റെ ഭാഗത്തുനിന്ന് ഗായകസംഘത്തില്‍ നിങ്ങളും പങ്കാളികളാവണം.”
“ഉവ്വുവ്വ്, ഞങ്ങള്‍ എന്തായാലും പങ്കെടുത്തിരിക്കും”, രാജകീയ വിവാഹത്തിന് ക്ഷണം കിട്ടിയതിന്റെ സന്തോഷത്തില്‍ അവര്‍ കൂട്ടത്തോടെ ചിലയ്ക്കുകയും കൂവുകയും കുറുകുകയും ചെയ്തു.
ഇത്രയും ഒരുക്കങ്ങള്‍ ചെയ്തപ്പോഴേയ്ക്കും ഏഴ് ദിവസങ്ങള്‍ പിന്നിട്ടിരുന്നു. പിറ്റേന്ന് രാത്രിയായിരുന്നു കല്യാണം.
കല്യാണനാളില്‍ രാജയ്ക്ക് ധരിക്കാന്‍ വിലകൂടിയ, മനോഹര വസ്ത്രങ്ങള്‍ കുറുക്കന്‍ വാടകയ്ക്കെടുത്തു. അവ ധരിച്ചതോടെ രാജ ഒരു യുവരാജാവിനെപ്പോലെ സുന്ദരനായി. കുറുക്കന്റെ ക്ഷണം സ്വീകരിച്ച് എല്ലാവരും തന്നെ രാജയുടെ വീടിനുമുന്നില്‍ എത്തിച്ചേര്‍ന്നിരുന്നു.
പുറപ്പെടാനുള്ള മുഹൂര്‍ത്തമായതോടെ രാജയെയും കൂട്ടി കുറുക്കന്‍ രാജാവിന്റെ കൊട്ടാരത്തിലേക്ക് നടന്നു. പിന്നാലെ ആബാലവൃദ്ധം ഗ്രാമീണരും കുറുക്കന്മാരും തവളകളും എല്ലാത്തരം കിളികളും കൂട്ടത്തോടെ നടക്കാന്‍ തുടങ്ങി. അത് ഒരു ഉജ്ജ്വല ഘോഷയാത്രയായി മാറി.
നടന്നുനടന്ന് രാജാവിന്റെ കൊട്ടാരം ദൃശ്യമായതും കുറുക്കന്‍ തിരിഞ്ഞുനിന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു, “നോക്കൂ… ആ കാണുന്നതാണ് കൊട്ടാരം. നിങ്ങള്‍ ഇവിടെ കാത്തുനില്‍ക്കുക. ഞാനോടിച്ചെന്ന് രാജാവിനോട് വരനും സംഘവും എത്തിച്ചേര്‍ന്ന വിവരം അറിയിച്ചിട്ട് വരാം”
ഘോഷയാത്രയായി വന്നവര്‍ സമ്മതം മൂളി.
കൊട്ടാരത്തിലേയ്ക്ക് നീങ്ങുന്നതിന് മുന്‍പായി തിരിഞ്ഞുനിന്ന് ഒപ്പമുള്ളവരോടായി കുറുക്കന്‍ പറഞ്ഞു, “അതിനുമുന്‍പൊരു കാര്യമുണ്ട്. വരനും സംഘവും എത്തിക്കൊണ്ടിരിക്കുകയാണെന്ന് അവരറിയണം. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണല്ലോ വരനും കൂട്ടരും എത്താറുള്ളത്. എത്ര ഉച്ചത്തില്‍ നിങ്ങള്‍ക്ക് പാടാനറിയുമോയെന്ന് എനിക്കിപ്പോള്‍ അറിയണം.”. കുറുക്കന്‍ പറഞ്ഞുനിര്‍ത്തിയതും.
അയ്യായിരം കുറുക്കന്മാര്‍ കൂട്ടത്തോടെ ഓരിയിട്ടു.
പന്ത്രണ്ടായിരം തവളകള്‍ വലിയ ശബ്ദത്തില്‍ പാടി.
ഏഴായിരം കുരുവികള്‍ ഒരുമിച്ച് ചിലച്ചു.
രണ്ടായിരം മൈനകള്‍ മധുരമായി ഗാനമാലപിച്ചു.
മൂവായിരം കാക്കകള്‍ ഒച്ചയിട്ടു.
പതിനൊന്നായിരം പ്രാവുകള്‍ ഒരേസ്വരത്തില്‍ കുറുകി.
ഒപ്പം കൂടെയുണ്ടായിരുന്ന ആയിരക്കണക്കിന് മറ്റ് കിളികളും അവരവരുടേതായ പാട്ടുകള്‍ പാടാനാരംഭിച്ചു.
ഒടുവില്‍ ആരും നടുങ്ങിപ്പോകുന്ന ഘോരശബ്ദമായി അത് മാറി.
കുറുക്കന്‍ ചെല്ലുമ്പോള്‍ കൊട്ടാരത്തിലുള്ളവര്‍ ഭയന്നുവിറച്ച് പരസ്പരം കെട്ടിപ്പുണര്‍ന്ന് ഇരിക്കുന്നതാണ് കണ്ടത്.
കുറുക്കനെ കണ്ടതും രാജാവ് വ്യാകുലതയോടെ ചോദിച്ചു, “എന്താണിത്ര ശബ്ദം?”
“ഞങ്ങളുടെ ഒപ്പം വന്നവര്‍ ആടിയും പാടിയും സന്തോഷം പ്രകടിപ്പിക്കുന്നതാണ് രാജാവേ.”
വരന്റെ സംഘത്തില്‍ പതിനായിരക്കണക്കിന് അതിഥികള്‍ ഉണ്ടെന്നറിഞ്ഞ് രാജാവ് പരിഭ്രാന്തനായി. അത്രയും പേര്‍ക്ക് എങ്ങനെ ഇരിക്കാന്‍ സ്ഥലമൊരുക്കും? എന്ത് കഴിക്കാന്‍ കൊടുക്കും.?
“ഞാനെന്ത് ചെയ്യണമെന്ന് പറയൂ.?”, രാജാവ് വ്യാകുലപ്പെട്ട് കുറുക്കനോട് പോംവഴി ആരാഞ്ഞു.
“അങ്ങ് വിഷമിക്കരുത് രാജാവേ. ഞങ്ങളായിട്ട് അങ്ങേയ്ക്ക് യാതൊരു ബുദ്ധിമുട്ടും വരുത്തില്ല. ഞാനൊരു കാര്യം ചെയ്യാം. ഒപ്പം വന്നവരെയെല്ലാം പറഞ്ഞയക്കാം. എന്നിട്ട് രാജയെ മാത്രം കൊണ്ടുവരാം”.
കുറുക്കന്റെ പ്രായോഗികബുദ്ധിയില്‍ മതിപ്പുതോന്നിയ രാജാവ് അയ്യായിരം രൂപയുടെ പണക്കിഴി കുറുക്കന് സമ്മാനിച്ചു.
അതുമായി തിടുക്കത്തില്‍ മടങ്ങിയ കുറുക്കന്‍ യഥേഷ്ടം മീനുകളും പ്രാണികളും ധാരാളം മധുരപലഹാരങ്ങളുമായാണ് രാജയെ അനുഗമിച്ചവരുടെ അടുക്കല്‍ എത്തിയത്.
തന്നെ കാത്തുനില്‍ക്കുകയായിരുന്നവരോട് കുറുക്കന്‍ പറഞ്ഞു, “നിങ്ങളുടെ ആലാപനം രാജാവിന് ഏറെ ബോധിച്ചിരിക്കുന്നു. അതില്‍ സന്തുഷ്ടനായ രാജാവ് നിങ്ങള്‍ക്കായി ഇതാ ഈ സാധനങ്ങളൊക്കെ സമ്മാനമായി തന്നുവിട്ടിരിക്കുകയാണ്”.
തുടര്‍ന്ന് ഗ്രാമീണര്‍ക്ക് വയറുനിറയുവോളം മധുരപലഹാരങ്ങളും കിളികള്‍ക്കും തവളകള്‍ക്കും കുറുക്കന്മാര്‍ക്കും മീനുകളെയും പ്രാണികളെയും മറ്റ് ആഹാരസാധനങ്ങളും ആവോളം നല്‍കി.
കിളികളും തവളകളും കുറുക്കന്മാരും വയറുനിറച്ച് ആഹാരം കഴിച്ച് സന്തോഷത്തോടെ മടങ്ങിപ്പോയി.
അവര്‍ മടങ്ങിയതും കുറുക്കന്‍ രാജയെയും കൂട്ടി കൊട്ടാരത്തിലേക്ക് ചെന്നു. പോകുംവഴി കുറുക്കന്‍ രാജയോട് പറഞ്ഞു, “ഒരു കാര്യം പ്രത്യേകം ഓര്‍മ്മ വേണം. ഒരു കാരണവശാലും നീ നിന്റെ വാ തുറക്കരുത്. തുറന്നാല്‍ നിനക്ക് രാജകുമാരിയെ നഷ്ടപ്പെടും.”.
രാജാവും കുടുംബാംഗങ്ങളും സ്തുതിപാഠകരും സുഹൃത്തുക്കളും ചേര്‍ന്ന വലിയ സംഘം തന്നെ വരനെ വരവേല്‍ക്കാന്‍ കാത്തുനിന്നിരുന്നു. വരന്‍ അതിസുന്ദരനാണെന്ന് കണ്ട് കാത്തുനിന്ന ഏവരും സന്തുഷ്ടരായി. വിവാഹവുമായി ബന്ധപ്പെട്ട മുഴുവന്‍ ചടങ്ങുകളിലും രാജ സഹകരിച്ചു. യാതൊരു അവകാശവും ഉന്നയിച്ചുമില്ല. അതുകൊണ്ട് എല്ലാവര്‍ക്കും നല്ല മതിപ്പ് തോന്നി. പക്ഷെ ഒരേയൊരു കാര്യത്തില്‍ ചിലരെങ്കിലും ആശങ്കപ്പെട്ടു. കുറുക്കനെ മാറ്റിനിര്‍ത്തി ചിലര്‍ അക്കാര്യം ചോദിക്കുകയും ചെയ്തു,. “എന്താണ് വരന്‍ ഒന്നുംതന്നെ സംസാരിക്കുന്നില്ലല്ലോ?”
“വരന്റെ അമ്മ കുറച്ച് ദിവസം മുന്‍പാണ് മരണപ്പെട്ടത്. അതിന്റെ ദുഃഖത്തിലാണ് വരന്‍. അതുകൊണ്ടാണ് ഒന്നും സംസാരിക്കാതെ ഇരിക്കുന്നത്.”കുറുക്കന്റെ മറുപടി കേട്ടവര്‍ വരന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് പറഞ്ഞു, “എന്തായാലും കഷ്ടമായിപ്പോയി. പാവം പയ്യന്‍.”.
അത്താഴത്തിന് സ്വര്‍ണ്ണത്തളികയിലാണ് നെയ്ത്തുകാരന് ചോറ് വിളമ്പിയത്. സ്വര്‍ണ്ണത്തളികയ്ക്ക് ചുറ്റും ചുരുങ്ങിയപക്ഷം നൂറ് സ്വര്‍ണ്ണത്തിന്റെ ചെറുപിഞ്ഞാണങ്ങളില്‍ കറികളും മധുരപലഹാരങ്ങളും നിരത്തിയിരുന്നു. നെയ്ത്തുകാരന്‍ ഓരോ പിഞ്ഞാണവും കൈയ്യിലെടുത്ത് മണപ്പിച്ചു നോക്കി. തനിക്ക് മുന്നില്‍ നിരത്തിയ ആഹാരങ്ങള്‍ എന്തൊക്കെയാണെന്നും അവയില്‍ ഏതാദ്യം കഴിച്ചുതുടങ്ങണമെന്നും നെയ്ത്തുകാരന് അറിയുമായിരുന്നില്ല. അതുകാരണം ചോറിന്റെ കൂടെ പലതരം കറികളും മധുരപലഹാരങ്ങളും ഒന്നിച്ച് ചോറിലിട്ടു കുഴച്ചാണ് നെയ്ത്തുകാരന്‍ കഴിച്ചത്. കഴിച്ചു കഴിഞ്ഞതിന്റെ ബാക്കി വീട്ടില്‍ കൊണ്ടുപോകാനായി രാജ തന്റെ ഉത്തരീയത്തില്‍ പൊതിഞ്ഞെടുക്കുകയും ചെയ്തു.
അതുകണ്ട് ഓരോരുത്തരും കുറുക്കനോട് ചോദിച്ചു, “ഇതെന്താ നിങ്ങളുടെ രാജ ഇത്ര വിചിത്രമായി പെരുമാറുന്നത്? ആഹാരമാണെങ്കില്‍ എല്ലാം ഒരുമിച്ച് പാത്രത്തിലേയ്ക്കിട്ട് കൂട്ടിക്കുഴച്ചാണ് കഴിച്ചത്. മാത്രമല്ല ബാക്കിവന്നത് പൊതിഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു”
“ഞങ്ങളുടെ രാജ ഒറ്റയടിക്കാണ് ആഹാരം കഴിക്കാറുള്ളത്. മാത്രമല്ല കഴിച്ചു തീര്‍ക്കാന്‍ പറ്റാതെ വന്നാല്‍ അത് സാധുക്കള്‍ക്ക് കൊടുക്കാന്‍ വേണ്ടി പൊതിഞ്ഞെടുക്കുകയും ചെയ്യാറുണ്ട്”. തുടര്‍ന്നു ആ പരിസരത്ത് ഉണ്ടായിരുന്ന ഒരു സാധുമനുഷ്യനെ വിളിച്ച് രാജയുടെ കൈയില്‍ നിന്നും പൊതിഞ്ഞെടുത്ത ഭക്ഷണം വാങ്ങി അയാള്‍ക്ക് കൈമാറുകയും ചെയ്തു.
അത്താഴം കഴിഞ്ഞ് ഏറെ വൈകിയാണ് രാജയെ കിടപ്പുമുറിയിലേയ്ക്ക് ആനയിച്ചത്.
കിടപ്പുമുറിയിലെ കട്ടില്‍ കണ്ടതും നെയ്ത്തുകാരന്‍ അന്തിച്ചുപോയി. ചന്ദനത്തില്‍ പണിതെടുത്ത നല്ല നീളവും വീതിയും ഉള്ള കട്ടിലായിരുന്നു അത്. കട്ടിലിന് ചുറ്റും കൊതുകുവിരിയും ഞാത്തിയിരുന്നു. ഒറ്റ നോട്ടത്തില്‍ വിശാലമായ ആ മുറിയ്ക്കുള്ളില്‍ പണിതുവച്ച ഒരു വീടുപോലെയാണ് നെയ്ത്തുകാരന് തോന്നിയത്. അതിനുള്ളില്‍ പ്രവേശിക്കാനും കിടന്നുറങ്ങാനും രാജ ആഗ്രഹിച്ചു.

കട്ടിലിനടിയിലേക്ക് നിരങ്ങി നീങ്ങി പരതിയിട്ടും കൊതുകുവലയ്ക്ക് ചുറ്റും തിരഞ്ഞു നടന്നിട്ടും ഉള്ളില്‍ പ്രവേശിക്കാനുള്ള വഴി രാജയ്ക്ക് കണ്ടെത്താനായില്ല. അപ്പോഴാണ് ഒരുപക്ഷെ കൊതുകുവലയുടെ മുകള്‍ഭാഗത്ത് കൂടിയാവും പ്രവേശിക്കുക എന്ന തോന്നല്‍ രാജയ്ക്കുണ്ടായത്. അതോടെ കൊതുകുവല നാട്ടിയ കട്ടിലിന്റെ കാലുകളിലൊന്നിലൂടെ നെയ്ത്തുകാരന്‍ പിടിച്ചുകയറാന്‍ നോക്കി. പക്ഷെ രാജയുടെ ഭാരം താങ്ങാനാവാതെ കാലൊടിഞ്ഞ് ആദ്യം കൊതുകുവലയും പിന്നാലെ നെയ്ത്തുകാരനും താഴെ വീണു.
നിലത്തുവീണ വേദനയില്‍ ദേഷ്യവും സങ്കടവും വന്ന നെയ്ത്തുകാരന്‍ ഉറക്കെ കരഞ്ഞുകൊണ്ട് പറഞ്ഞു, “എനിക്കെന്റെ വയലില്‍ കൃഷി ചെയ്തും തുണി നെയ്തും കഴിഞ്ഞാല്‍ മതിയായിരുന്നു. ഈ രാജകുമാരിയെ കല്യാണം കഴിക്കാന്‍ പോയതാണ് എല്ലാ പുകിലിനും കാരണം.”.
ഭാഗ്യവശാല്‍ ആ നേരം അവിടെ രാജകുമാരിയും കുറുക്കനും മാത്രമാണ് ഉണ്ടായിരുന്നത്. രാജയുടെ പെരുമാറ്റം കണ്ട രാജകുമാരി ഏറെനേരം കരയുകയും കുറുക്കനെ ശകാരിക്കുകയും ചെയ്തു. എന്നാല്‍ തന്റെ ദുര്യോഗത്തെക്കുറിച്ച് ബുദ്ധിമതിയായ രാജകുമാരി ആരോടും പറഞ്ഞില്ല. മാത്രമല്ല ഇനിയുള്ള കാര്യങ്ങള്‍ എങ്ങനെ വേണമെന്ന് അവള്‍ ആലോചിച്ചുറപ്പിക്കുകയും ചെയ്തു.
തൊട്ടടുത്ത ദിവസം തന്നെ രാജാവിനെ കണ്ട് രാജകുമാരി ഇപ്രകാരം ഉണര്‍ത്തിച്ചു, “അച്ഛാ, ലോകത്തെ മനോഹരമായ രാജ്യങ്ങള്‍ എന്നോടൊപ്പം സന്ദര്‍ശിക്കാന്‍ എന്‍റെ ഭര്‍ത്താവ് ആഗ്രഹിക്കുന്നു. ഞങ്ങള്‍ പൊയ്ക്കോട്ടെ?”.
ഏറെ സന്തോഷത്തോടെ അനുമതി നല്‍കിയ രാജാവ് യാത്രയ്ക്കാവശ്യമായ പണം നല്‍കുകയും യാത്രയിലുടനീളം യുവമിഥുനങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ ഏതാനും ബൃത്യന്മാരെ വിട്ടുകൊടുക്കുകയും ചെയ്തു.
മറ്റൊരു രാജ്യത്ത് എത്തിയ രാജകുമാരി, രാജയെ പഠിപ്പിക്കാന്‍ ഒട്ടേറെ പണ്ഡിതന്‍മാരെ ഏര്‍പ്പാടാക്കി. രണ്ടുവര്‍ഷംകൊണ്ട് രാജയെന്ന നെയ്ത്തുകാരന്‍ ജ്ഞാനിയും ധൈര്യശാലിയുമായി മാറി.
അപ്പോഴാണ് രാജാവ് അന്തരിച്ചു എന്ന വിവരം ദൂതന്‍ മുഖേന അവരറിയുന്നത്. രാജാവിന് പുത്രന്മാര്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ മകളുടെ ഭര്‍ത്താവിനെയാണ് അനന്തരാവകാശിയാക്കിയിരുന്നത്. അങ്ങനെ മണ്ടനെന്ന് പലരും പരിഹസിച്ചിരുന്ന നെയ്ത്തുകാരനായ രാജ സുന്ദരിയായ രാജകുമാരിയെ മാത്രമല്ല രാജ്യം തന്നെ സ്വന്തമാക്കുകയും വിവേകത്തോടെ ഏറെക്കാലം രാജ്യം ഭരിക്കുകയും സന്തോഷത്തോടെ ജീവിക്കുകയും ചെയ്തു.
സുനിൽ ഞാളിയത്ത് മൊഴിമാറ്റിയ മറ്റ് ബംഗാളി കഥകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
- പൂര്‍ണ ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘മാജന്താലി സര്‍ക്കാര്‍’ എന്ന ബാലകഥാസമാഹാരത്തില്‍ നിന്ന്