scorecardresearch

മുതലയും കുറുക്കനും

” അബദ്ധം തിരിച്ചറിഞ്ഞ മുതല ദേഷ്യപ്പെട്ടുകൊണ്ട് കുറുക്കനോട് പറഞ്ഞു, ഇനിമേലാല്‍ നീയുമായി ഒരു കൂട്ടുകൃഷിക്കും ഞാനില്ല.”ഉപേന്ദ്രകിഷോർ റോയ് ചൗധരി കുട്ടികൾക്കായി എഴുതിയ ബംഗാളികഥയ്ക്ക് സുനിൽ ഞാളിയത്തിന്റെ മൊഴിമാറ്റം

sunil naliyath, story, iemalayalam

ബംഗാളിലെ ബാലസാഹിത്യരംഗത്ത് ഇതിഹാസതുല്യ സ്ഥാനമലങ്കരിക്കുന്ന എഴുത്തുകാരനാണ്‌ ഉപേന്ദ്ര കിഷോർ റായ് ചൗധരി (1863-1915). ചിത്രകാരൻ, സംഗീതജ്ഞൻ, പ്രസാധകൻ, പത്രാധിപർ എന്നീ നിലകളിൽ നിസ്തുലമായ സംഭാവനകളാണ് അദ്ദേഹം നൽകിയത്. റായ് ചൗധരിയുടെ ബാലസാഹിത്യ രചനകള്‍ക്ക് പല തലമുറകളിൽ വായനക്കാരുണ്ടായി. ഇന്നും അത് തുടരുന്നു.

ടുൺ ടുണി,’ ‘ഗൂപി ബാഘ,’ ‘മാജന്താലി സർക്കാർ’ എന്നിവയാണ് അദ്ദേഹത്തിന്‍റെ ഏറെ പ്രശസ്തമായ കഥാപാത്രങ്ങളിൽ ചിലത്. ‘സന്ദേശ്’ എന്ന ബാലപ്രസിദ്ധീകരണം ആരംഭിക്കുകയും കുട്ടികൾക്കായി രാമായണവും മഹാഭാരതവും പുനരാഖ്യാനം ചെയ്യുകയും ചെയ്തു. സത്യജിത്ത് റായിയുടെ മുത്തച്ഛനാണ് ഉപേന്ദ്ര കിഷോർ റായ് ചൗധുരി.

ഒരിക്കല്‍ ഒരിടത്ത് ഒരു മുതലയും കുറുക്കനും ഉണ്ടായിരുന്നു. അവരിരുവരും അടുത്ത കൂട്ടുകാരായിരുന്നു. ഒരുനാള്‍ അവര്‍ ഒരുമിച്ച് കൃഷി ചെയ്യാന്‍ തീരുമാനിച്ചു. ഏറെനേരം ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്തതിനുശേഷം ഉരുളക്കിഴങ്ങാണ് കൃഷി ചെയ്യാനുത്തമം എന്ന തീരുമാനത്തില്‍ അവര്‍ എത്തിച്ചേരുകയും ചെയ്തു.

മണ്ണിനടിയിലാണല്ലോ ഉരുളക്കിഴങ്ങ് ഉണ്ടാവുന്നത്. മണ്ണിന് മുകളില്‍ കാണപ്പെടുന്ന ഇലകളാണെങ്കില്‍ ഭക്ഷ്യയോഗ്യവുമല്ല. മുതലയ്ക്ക് ഈ കാര്യം അറിയുമായിരുന്നില്ല. ഉരുളക്കിഴങ്ങ് ഒരു ഫലവര്‍ഗ്ഗമാണെന്നും അത് മണ്ണിന് മുകളിലാണ് ഉണ്ടാകുന്നതെന്നും മുതല കരുതി.

ആര്‍ത്തിക്കാരന്‍ കൂടിയായിരുന്ന മുതല കൃഷി ആരംഭിക്കുന്നതിന് മുന്നോടിയായി കുറുക്കന്റെ മുന്‍പാകെ ഒരു ഉപാധി വച്ചു. മുതല പറഞ്ഞു, “മുന്നേക്കൂട്ടി ഒരു കാര്യം ഞാന്‍ പറഞ്ഞേക്കാം. മണ്ണിന് മുകളില്‍ ഉണ്ടാവുന്നത് മുഴുവന്‍ എനിക്കുള്ളതായിരിക്കും. മണ്ണിനടിയിലുള്ളത് മുഴുവന്‍ നീയുമെടുത്തോ.”

മുതലയുടെ ബുദ്ധിശൂന്യമായ വാക്കുകള്‍ കേട്ട് കുറുക്കന്‍ ചിരിച്ചു. പിന്നെ പറഞ്ഞു, “ശരി, സമ്മതിച്ചു.”.

മാസങ്ങള്‍ പലതു കഴിഞ്ഞു. ഉരുളക്കിഴങ്ങ് ചെടികള്‍ ആര്‍ത്തുല്ലസിച്ച് വളര്‍ന്നു കൊണ്ടിരുന്നു. ഒടുവില്‍ വിളവെടുപ്പിന്റെ സമയമെത്തിയതോടെ മുതല കുറുക്കനോട് പറഞ്ഞു, “ഞാനെന്റെ പങ്ക് ആദ്യമെടുക്കും. അതിനുശേഷം നിനക്ക് നിന്റെ പങ്ക് കിളച്ചെടുക്കാം!”.

പറഞ്ഞപോലെ ഒരുദിവസം തിരക്കിട്ട് വന്ന മുതല മണ്ണിനടിയിലുള്ള വിള മുഴുവന്‍ നിലനിര്‍ത്തിക്കൊണ്ട് ഉരുളക്കിഴങ്ങ് ചെടികളത്രയും മുറിച്ചെടുത്ത് മടങ്ങി. വീട്ടിലെത്തി സൂക്ഷ്മപരിശോധന നടത്തിയപ്പോള്‍ മാത്രമാണ് താന്‍ മുറിച്ചെടുത്തത് ഉപയോഗശൂന്യമായ ഇലകള്‍ മാത്രമാണെന്ന് മുതലയ്ക്ക് ബോധ്യപ്പെട്ടത്.

ഓടിക്കിതച്ച് കൃഷിയിടത്തില്‍ എത്തിയപ്പോഴേയ്ക്കും ഉരുളക്കിഴങ്ങുകള്‍ മുഴുവന്‍ പറിച്ചെടുത്ത് കുറുക്കനും കൊണ്ടുപോയിരുന്നു. തനിക്ക് പറ്റിയ അമളി മനസ്സിലാക്കിയ മുതല സ്വയം പറഞ്ഞു, ‘ഞാന്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു. ഇനിമുതല്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.’.

അടുത്ത വര്‍ഷം കൃഷി ചെയ്യേണ്ട സമയമായപ്പോള്‍ മുതലയും കുറുക്കനും വീണ്ടും കണ്ടുമുട്ടി. ഏറെനേരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതിനുശേഷം ഇരുവരും ചേര്‍ന്ന് അക്കുറി നെല്‍ക്കൃഷി ചെയ്യാന്‍ തീരുമാനിച്ചു.

തീരുമാനമായ ഉടന്‍ മുതല തിടുക്കപ്പെട്ട് പറഞ്ഞു, “ഇത്തവണ മണ്ണിനടിയില്‍ വളരുന്നത് ഞാനെടുക്കും. മണ്ണിനുമുകളില്‍ വളരുന്നത് നീയുമെടുത്തോ.!”.
മുതലയുടെ അത്യാഗ്രഹം കേട്ട് കുറുക്കന്‍ ചിരിച്ചു. പിന്നെ പറഞ്ഞു, “ശരി, സമ്മതിച്ചു.”.

ഞാറുനട്ട് മാസങ്ങള്‍ കഴിയവെ നെല്ല് വിളഞ്ഞു. വിളഞ്ഞുകിടന്ന നെല്‍ക്കതി രുകള്‍ കുറുക്കന്‍ ഒരുനാള്‍ കൊയ്തെടുത്തു.

കുറുക്കന്‍ പോയതിനുശേഷമാണ് മുതലയുടെ ഊഴമെത്തിയത്. തനിക്ക് അവകാശപ്പെട്ട നെല്ലെല്ലാം മണ്ണിനടിയില്‍ കാണുമെന്ന സന്തോഷത്തിലാണ് മുതലയെത്തിയത്.

പക്ഷെ അക്കുറിയും മുതലയെ ഭാഗ്യം തുണച്ചില്ല. നെല്ലിനായി വയലിലെ ചെളി തോണ്ടിയതും നെല്‍ച്ചെടികളുടെ ഉപയോഗശൂന്യമായ കടഭാഗമാണ് വെളിപ്പെട്ടത്.

ദയനീയമായ സ്വന്തം തോല്‍‌വിയില്‍ മുതലയ്ക്ക് കടുത്ത അരിശം വന്നു. “എടാ ദുഷ്ടനായ കുറുക്കാ… ഞാനെന്താ ചെയ്യാന്‍ പോണതെന്ന് കാത്തിരുന്നു കണ്ടോ. ഇനിയെന്ത് കൃഷിയിറക്കിയാലും അതിന്റെ മേല്‍ഭാഗം നിന്നെക്കൊണ്ട് ഞാന്‍ തൊടീക്കുക പോലുമില്ല.”,മുതല ദേഷ്യത്തോടെ ആത്മഗതം ചെയ്തു.

അടുത്തവര്‍ഷം അവര്‍ ഇരുവരും ചേര്‍ന്ന് കരിമ്പാണ് കൃഷി ചെയ്തത്. മുന്‍കാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ മുതല പറഞ്ഞു, “ഇക്കുറി മണ്ണിന് മുകളില്‍ വരുന്നത് നമുക്ക് ഇരുവര്‍ക്കും ഒരുപോലെ പങ്കിട്ടെടുക്കാം. ഏറ്റവും മുകള്‍ഭാഗം ഞാനും അതിന് താഴേയ്ക്കുള്ളത് നീയുമെടുത്തോ!”

മുതലയുടെ അഭിപ്രായം കേട്ട് കുറുക്കന്‍ ചിരിച്ചു. പിന്നെ പറഞ്ഞു, “ശരി, എല്ലാം നീ പറയുന്നപോലെ.”

sunil naliyath, story, iemalayalam

കരിമ്പ് വിളഞ്ഞതോടെ അതിന്റെ ഏറ്റവും മേല്‍ഭാഗം മുറിച്ചെടുത്ത് മുതല സന്തോഷത്തോടെ മടങ്ങി. വീട്ടിലെത്തി അതിലൊരുഭാഗം കടിച്ചു നോക്കിയപ്പോഴാണ് ഉപ്പുരസം രുചിച്ചത്. അതിനിടെ കരിമ്പിന്റെ ഏറ്റവും മധുരമുള്ള ഭാഗം കുറുക്കന്‍ മുറിച്ചെടുക്കുകയും ചെയ്തു.

തനിക്ക് പറ്റിയ അബദ്ധം തിരിച്ചറിഞ്ഞ മുതല ദേഷ്യപ്പെട്ടുകൊണ്ട് കുറുക്കനോട് പറഞ്ഞു, “ഇനിമേലാല്‍ നീയുമായി ഒരു കൂട്ടുകൃഷിക്കും ഞാനില്ല.”

താനെങ്ങനെയാണ് ഓരോ തവണയും കുറുക്കന്റെ മുന്‍പില്‍ തോറ്റുതൊപ്പിയിടുന്നതെന്ന കാര്യമാണ് മുതല പിന്നീടുള്ള ദിവസങ്ങളില്‍ ആലോചിച്ചത്. ഇരുന്നും കിടന്നും ഏറെ ആലോചിച്ചതിനൊടുവില്‍ തോല്‍വിയുടെ യഥാര്‍ത്ഥ കാരണം മുതല കണ്ടെത്തി. ‘കുറുക്കന്‍ പഠിച്ചവനാണ്. എനിക്കാണെങ്കില്‍ വായിക്കാന്‍ പോലുമറിയില്ല. നിരക്ഷരനായത് കൊണ്ടാണ് എന്നെ ഇത്ര എളുപ്പം കുറുക്കന് പറ്റിക്കാന്‍ കഴിയുന്നത്’, മുതല തന്നോടുതന്നെ പറഞ്ഞു.

ഏറെനേരം ചിന്താധീനനായി കഴിഞ്ഞതിനൊടുവില്‍ മുതല ഒരു തീരുമാനത്തിലെത്തി. തന്റെ ഏഴ് പുത്രന്മാരെയും കുറുക്കന്‍റെയടുക്കല്‍ പഠിക്കാന്‍ വിടാന്‍ തീരുമാനിച്ചു. തുടര്‍ന്ന് അടുത്ത ദിവസം രാവിലെത്തന്നെ തന്റെ ഏഴുമക്കളെയും കൂട്ടി മുതല കുറുക്കന്റെ വീട്ടിലെത്തി. തന്റെ താവളത്തിലിരുന്ന് ഞണ്ടുകളെ തിന്നുന്ന തിരക്കിലായിരുന്നു കുറുക്കന്‍.

“പ്രിയ പണ്ഡിതമിത്രമേ, വീട്ടിലുണ്ടോ നിങ്ങള്‍?, മുതല പുറത്തുനിന്നും വിളിച്ചുചോദിച്ചു.

തന്റെ സങ്കേതത്തില്‍ നിന്നും പുറത്തുവന്ന കുറുക്കന്‍ മുതലയെക്കണ്ട് തെല്ലത്ഭുതത്തോടെ ചോദിച്ചു, “എന്തുപറ്റി സുഹൃത്തെ? എന്നെ കാണാന്‍ ഇവിടെ വരാന്‍ മാത്രമെന്തുണ്ടായി?”

“ഞാനെന്റെ ഏഴു പുത്രന്മാരെയും കൊണ്ടാണ് വന്നിരിക്കുന്നത്. അവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ല. ഈ ലോകത്ത് പിന്നെ അവര്‍ എങ്ങനെ ജീവിക്കും? അവരെയൊന്ന് എഴുതാനും വായിക്കാനും പഠിപ്പിക്കണം.!”

“നിന്റെ മക്കളെ പഠിപ്പിക്കാന്‍ എനിക്ക് സന്തോഷമേയുള്ളൂ. വെറും ഏഴുദിവസം കൊണ്ട് ഞാന്‍ നിന്റെ എഴുപുത്രന്മാരെയും പഠിപ്പിച്ച് വിദ്വാന്മാരാക്കും!” കുറുക്കന്‍ ഉത്സാഹത്തോടെ പറഞ്ഞു.

അതുകേട്ട് മുതലയ്ക്കും സന്തോഷമായി. തന്റെ മക്കളെ കുറുക്കനെ ഏല്‍പ്പിച്ച് മുതല വീട്ടിലേക്ക് മടങ്ങി.

ഏഴു മുതലക്കുട്ടികളെയും നിരനിരയായി ഇരുത്തിയശേഷം കുറുക്കന്‍ അവരെ നോക്കി പരിഹാസ ചിരി ചിരിച്ചു. എന്നിട്ട് അതിലൊരാളെ ആദ്യം അടുക്കല്‍ വിളിച്ച് ബോര്‍ഡിലെഴുതിയ വാക്കുകള്‍ ഉറക്കെ പറഞ്ഞു കൊടുത്തു.

വായിച്ചുകൊടുത്ത വാക്കുകള്‍ മുതലക്കുട്ടി തപ്പിത്തപ്പി വായിക്കാന്‍ തുടങ്ങിയതും കുറുക്കന്‍ പിന്നില്‍നിന്നും ചാടിവീണ് അവനെ വയറ്റിലാക്കി.

പിറ്റേന്ന് കുട്ടികളുടെ പുരോഗതി അറിയാനെത്തിയ മുതല കുറുക്കനോട് പുറത്തുനിന്ന് ചോദിച്ചു, “എന്റെ മക്കളെങ്ങനെയുണ്ട്? അനുസരണയോടെ പഠിക്കുന്നുണ്ടോ?”

മുതലയുടെ ചോദ്യം കേട്ട് കുറുക്കന്‍ ഒരുനിമിഷം പരുങ്ങിനിന്നു. എന്ത് മറുപടി പറയണം? എഴില്‍ ഒന്ന് കുറവാണെന്ന് പറയണോ? അങ്ങനെ ആലോചിച്ചു നില്‍ക്കെ കുറുക്കന്റെ മനസ്സില്‍ ഒരു ഉപായം തോന്നി.

തന്റെ സങ്കേതത്തില്‍ നിന്നും തല പുറത്തേയ്ക്ക് നീട്ടി കുറുക്കന്‍ പറഞ്ഞു, “കുട്ടികള്‍ പഠിക്കുന്നുണ്ട്. പരസ്പരം ശല്യപ്പെടുത്താതിരിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ മുറി വീതം ഞാന്‍ കൊടുത്തു. ഓരോരുത്തരെയായി ഞാന്‍ വിളിക്കാം.”

മുതലയ്ക്ക് സന്തോഷമായി.

ഓരോരുത്തരെയായി കുറുക്കന്‍ കാണിച്ചുകൊടുത്തു. ആറാമത്തെ മുതലക്കുട്ടിയെ രണ്ടുതവണ കാണിച്ചുകൊണ്ടാണ് കുറുക്കന്‍ എണ്ണം തികച്ചത്. തന്റെ ഏഴു പുത്രന്മാരും സുഖമായിരിക്കുന്നുവെന്നും നന്നായി പഠിക്കുന്നുണ്ടെന്നുമറിഞ്ഞ് മുതല സന്തോഷത്തോടെ മടങ്ങി. അവര്‍ താമസിയാതെ തന്നെ പഠിച്ച് വിദ്വാന്മാരായിത്തീരും എന്നോര്‍ത്തപ്പോള്‍ മുതലയ്ക്ക് അഭിമാനം തോന്നുകയും ചെയ്തു.

മുതല മടങ്ങിയതിന്റെ പിന്നാലെ മറ്റൊരു മുതലക്കുട്ടിയെ പഠിപ്പിക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയശേഷം കുറുക്കന്‍ തിന്നുതീര്‍ത്തു.

പതിവുപോലെ അടുത്തദിവസവും മുതല തന്റെ മക്കളെ കാണാനെത്തി. കുറുക്കന്‍ ഏഴുപേരെയും കാണിച്ചുകൊടുത്തു. അഞ്ചാമത്തെ മുതലക്കുട്ടിയെ മൂന്നുപ്രാവശ്യമാണ് മുതലയ്ക്ക് കാട്ടിക്കൊടുത്തത്. എല്ലാ മക്കളെയും കണ്ട് സന്തോഷത്തോടെ മുതല വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

അങ്ങനെ ആറു ദിവസങ്ങള്‍ കൊണ്ട് കുറുക്കന്‍ ആറു മുതലക്കുട്ടികളെ തിന്നുതീര്‍ത്തു. തന്റെ കുട്ടികളെ ദിവസേന കാണാനെത്തിയിരുന്ന മുതലയെ ഓരോ ദിവസവും കുറുക്കന്‍ പറഞ്ഞു പറ്റിക്കുകയും ചെയ്തു. ഒടുവില്‍ ഒരു മുതലക്കുട്ടി മാത്രം അവശേഷിക്കെ ഏഴു പ്രാവശ്യം അതിനെ ആവര്‍ത്തിച്ച് കാണിച്ചുകൊടുത്താണ് കുറുക്കന്‍ മുതലയെ വിശ്വസിപ്പിച്ചത്.

അങ്ങനെ ഏഴുദിവസം കൊണ്ട് തന്റെ മക്കളെല്ലാം വിദ്വാന്മാരായിത്തീരും എന്ന് കരുതി മുതല ആഹ്ലാദത്തോടെ മടങ്ങിയതിന് പിന്നാലെ അവശേഷിച്ച മുതലക്കുട്ടിയെയും കുറുക്കന്‍ തിന്ന് തീര്‍ത്തു.

തൊട്ടടുത്ത ദിവസം നേരം പുലര്‍ന്നതും കുറുക്കന്റെ ഭാര്യ വേവലാതി പൂണ്ടു. അവള്‍ ഭര്‍ത്താവിനോട് ചോദിച്ചു, “ഇനി നമ്മളെന്ത് ചെയ്യും? മുതല വന്ന് കുട്ടികളെ ചോദിച്ചാല്‍ നാമെന്ത് പറയും? കുട്ടികളെ കൊടുത്തില്ലെങ്കില്‍ നമ്മളെ മുതല ജീവനോടെ വച്ചേക്കില്ല.”

“നമ്മളെ പിടികൂടാന്‍ കഴിഞ്ഞാലല്ലേ മുതലയ്ക്ക് തിന്നാന്‍ പറ്റൂ. ഈ കാണുന്ന പുഴയുടെ മറുകരയില്‍ ഘോരവനമാണ്. നമുക്ക് അവിടേയ്ക്ക് പോകാം. പിന്നെയൊരിക്കലും മുതലയ്ക്ക് നമ്മെ പിടികൂടാന്‍ പറ്റില്ല.”കുശാഗ്രബുദ്ധിയായ കുറുക്കന്‍ പറഞ്ഞു. തുടര്‍ന്ന് മുതല എത്തുന്നതിന് മുന്‍പ് കുറുക്കനും ഭാര്യയും കാട്ടിലേക്ക് പോകാനായി വീടുവിട്ടിറങ്ങി.

അവര്‍ പോയതിന്റെ പിന്നാലെ മുതല കുറുക്കന്റെ താവളത്തിലെത്തി. പുറത്തുനിന്ന് ഏറെത്തവണ കുറുക്കനെ വിളിച്ചുനോക്കിയെങ്കിലും ഒരു പ്രതികരണവും ലഭിച്ചില്ല. ഒടുവില്‍ താവളത്തിന്റെ വാതിലിലൂടെ മുതല തലയിട്ടു നോക്കിയപ്പോള്‍ മാത്രമാണ് കാര്യം മനസ്സിലായത്. കുഞ്ഞുമുതലകളുടെ എല്ലുകള്‍ അവിടെ ചിതറിക്കിടക്കുന്നത് കണ്ട് പരിഭ്രമത്തോടെ മുതല കുറുക്കനെത്തേടി പരക്കം പാഞ്ഞു. അവിടെയൊന്നും കാണാതായപ്പോള്‍ ഓടി പുഴയോരത്ത് എത്തിയപ്പോഴാണ് കുറുക്കനും ഭാര്യയും പുഴ മുറിച്ചുകടക്കുന്നത് കണ്ടത്.

sunil naliyath, story, iemalayalam

“നില്‍ക്കവിടെ എന്നലറിക്കൊണ്ട് ക്രുദ്ധനായ മുതല പുഴയിലേക്ക് എടുത്തുചാടി.

ദ്രുതഗതിയില്‍ നീന്തിയെത്തിയ മുതല തന്റെ മൂര്‍ച്ചയേറിയ പല്ലുകള്‍ കൊണ്ട് കുറുക്കന്റെ പിന്‍കാലുകളില്‍ പിടുത്തമിട്ടു. അപ്പോഴേയ്ക്കും കുറുക്കന്റെ ഭാര്യ മറുകരയില്‍ എത്തിക്കഴിഞ്ഞിരുന്നു.

മുതല തന്നെ പിടികൂടിയെന്ന് മനസ്സിലാക്കിയ കുറുക്കന്‍ ഒരു വിദ്യ പ്രയോഗിച്ചു. കുറുക്കന്‍ തന്റെ ഭാര്യയോട് ഉറക്കെ വിളിച്ചുപറഞ്ഞു, “ആരോ എന്റെ ഊന്നുവടിയില്‍ പിടിമുറുക്കിയിരിക്കുന്നു. അതിനെ ഒന്ന് പേടിപ്പിക്ക്.”

അതുകേട്ട മുതല കുറുക്കന്റെ കാലല്ല ഊന്നുവടിയാണ് കടിച്ചുപിടിച്ചിരിക്കുന്ന തെന്ന് കരുതി പിടിവിട്ടതും കുറുക്കന്‍ ജീവനുംകൊണ്ടോടി ഘോരവനത്തിനു ള്ളിലേയ്ക്ക് രക്ഷപ്പെട്ടു.

ചതിയനായ കുറുക്കനെ പിടികൂടാന്‍ തക്കംപാര്‍ത്ത് ഏറെദിവസം മുതല അലഞ്ഞെങ്കിലും ഫലമുണ്ടായില്ല. അങ്ങനെ ദുഃഖിച്ച് വീട്ടില്‍ കിടക്കവെ മുതലയുടെ മനസ്സില്‍ ഒരു ആശയമുദിച്ചു.

അടുത്ത ദിവസം തന്നെ പുഴയോരത്ത് എത്തിയ മുതല ചത്തപോലെ കിടന്നു.

അല്‍പ്പനേരം കഴിഞ്ഞ് ഞണ്ടുകളെ പിടിക്കാന്‍ അവിടെയെത്തിയ കുറുക്കനും ഭാര്യയും ചത്തുകിടക്കുന്ന മുതലയെക്കണ്ട് സന്തോഷത്താല്‍ തുള്ളിച്ചാടി. കൊതിപൂണ്ട് കുറുക്കന്റെ ഭാര്യ തിടുക്കത്തില്‍ പറഞ്ഞു, “വാ…ചത്തു കിടക്കുന്ന മുതലയെ എത്രയുംവേഗം നമുക്ക് അകത്താക്കണം.”

“നില്‍ക്ക്”, കുറുക്കന്‍ പറഞ്ഞു. “മുതല ചത്തതാണോ എന്നാദ്യം ഉറപ്പുവരുത്തണം.”, അവന്‍ കൂട്ടിച്ചേര്‍ത്തു.

മുതലയില്‍ നിന്ന് സുരക്ഷിതമായ അകലം പാലിച്ച് കുറുക്കന്‍ സൂക്ഷ്മമായി നിരീക്ഷിച്ചു. പിന്നെ ഭാര്യയോടായി പറഞ്ഞു, “ഈ മുതല ചത്തിട്ട് ഏറെനേരമായി. പാതിചത്ത, ചെറിയ അനക്കമുള്ള മുതലകളെയല്ലേ നമ്മള്‍ തിന്നാറുള്ളൂ. ഇതെന്ത് ചെയ്യാനാണ്.”

ചത്തിട്ട് ഏറെനേരമായ മുതലയെ തിന്നാന്‍ കുറുക്കനും ഭാര്യയും അടുത്ത് വരില്ലെന്ന് കരുതിയ മണ്ടന്‍ മുതല തന്റെ വാലൊന്ന് ചെറുതായി അനക്കി.
മുതലയുടെ വാലനങ്ങുന്നത് കണ്ട കുറുക്കനും ഭാര്യയും പൊട്ടിച്ചിരിച്ചു. “ദേ..വാലനങ്ങുന്നു. മുതല ചത്തിട്ടില്ല.” എന്നുപറഞ്ഞ് അവര്‍ വനത്തിലേക്ക് വീണ്ടും ഓടി രക്ഷപ്പെട്ടു.

താനൊരുക്കിയ കെണിയില്‍ കുറുക്കനും ഭാര്യയും വീഴാതിരുന്നതില്‍ നിരാശ പൂണ്ട് വീട്ടിലേക്ക് മടങ്ങുമ്പോള്‍ മുതല സ്വയം പറഞ്ഞു, “അടുത്ത തവണ ഉറപ്പായും ഞാനവരെ പിടികൂടും.”.

ഏറെ ദിവസങ്ങളുടെ ശ്രമഫലമായി കുറുക്കനും ഭാര്യയും പതിവായി വെള്ളം കുടിക്കാന്‍ വരുന്ന സ്ഥലമേതാണെന്ന് മുതല കണ്ടുപിടിച്ചു. അവര്‍ വരുമ്പോള്‍ പിടികൂടാമെന്ന് കരുതി മുതല അവിടേയ്ക്ക് നീന്തിയെത്തി വെള്ളത്തിനടിയില്‍ മുങ്ങിക്കിടന്നു.

കുറുക്കനും ഭാര്യയും പുഴ തീരത്തെത്തിയപ്പോള്‍ സാധാരണയായി കാണാറുള്ള മീനുകളൊന്നും അവിടെ ഇല്ലെന്ന് കണ്ട് മുതലയുടെ സാന്നിധ്യം കുറുക്കന്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു.

മുതല കേള്‍ക്കുന്നതിനായി കുറുക്കന്‍ തന്റെ ഭാര്യയോട് ഉറക്കെ പറഞ്ഞു, “ഇവിടത്തെ വെള്ളം വല്ലാതെ തെളിഞ്ഞുകിടക്കുന്നു. ഇത് വേണ്ട! നല്ല കലക്കവെള്ളമുള്ളയിടത്ത് പോയി നമുക്ക് കുടിക്കാം.”

അതുകേട്ടയുടന്‍ വെള്ളത്തിനടിയില്‍ കിടക്കുകയായിരുന്ന മുതല പലവട്ടം ഇളകിമറിഞ്ഞ് വെള്ളം കലക്കി. അതുകണ്ടയുടന്‍ കുറുക്കനും ഭാര്യയും ചിരിച്ചുകൊണ്ട് വനത്തിലേക്ക് ഓടിമറഞ്ഞു.

തന്റെ പദ്ധതി വീണ്ടും പൊളിഞ്ഞതില്‍ അരിശവും സങ്കടവും വന്ന മുതല നിരാശപ്പെട്ട് മടങ്ങി.

പിന്നീടുള്ള ദിവസങ്ങളില്‍ കുറുക്കനും ഭാര്യയും തീറ്റ തേടി വരുമെന്ന് പ്രതീക്ഷിച്ച് മുതല പാത്തും പതുങ്ങിയും പുഴയില്‍ കഴിഞ്ഞു.

ഏതാനും ദിവസങ്ങള്‍ക്കൊടുവില്‍ കുറുക്കനും ഭാര്യയും വീണ്ടും പുഴക്കരയിലെത്തി. അവിടെ വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ ഒളിച്ചുകിടക്കുകയായിരുന്ന മുതല കുറുക്കനും ഭാര്യയും സംസാരിക്കുന്നത് കേട്ടു.

“ഞണ്ട് കഴിച്ചിട്ട് എത്ര നാളായി. ആകെ വിശന്നിട്ടും വയ്യ”, കുറുക്കന്റെ ഭാര്യ പറഞ്ഞു.

തങ്ങളെ വകവരുത്താന്‍ പകമൂത്ത മുതല ആ പരിസരത്ത് കാണുമെന്ന് കുറുക്കന് ഉറപ്പായിരുന്നു. അതുമനസ്സിലാക്കി കുറുക്കന്‍ ഉച്ചത്തില്‍ ഭാര്യയോടായി പറഞ്ഞു, “ഈ ഭാഗത്ത് ഞണ്ടുകളില്ലെന്ന് തോന്നുന്നു. ഉണ്ടെങ്കില്‍ ചിലതെങ്കിലും വെള്ളത്തിന് മുകളിലൂടെ നീന്തിക്കളിക്കേണ്ടതാണ്.”

ഇക്കുറിയെങ്കിലും കുറുക്കനേയും ഭാര്യയേയും പിടികൂടണമെന്ന കടുത്ത ആഗ്രഹത്താല്‍ തന്റെ വാലറ്റം വെള്ളത്തിന് മുകളിലെത്തിച്ച് മുതല ഇളക്കാന്‍ തുടങ്ങി. അത് ഞണ്ടാണെന്ന് കരുതി കുറുക്കനും ഭാര്യയും പുഴയിലിറങ്ങുമെ ന്നാണ് മുതല പ്രതീക്ഷിച്ചത്.

അതുകണ്ടതും കാര്യം മനസ്സിലാക്കിയ കുറുക്കനും ഭാര്യയും വെള്ളത്തിലിറങ്ങാതെ സ്ഥലം വിട്ടു.

അത്തവണയും അമളി പറ്റിയതിന്റെ നാണക്കേട് താങ്ങാനാവാതെ മണ്ടന്‍ മുതല ആ പ്രദേശം വിട്ട് പുഴയുടെ മറ്റൊരു ഭാഗത്ത് പോയി താമസമാക്കി. പിന്നീടൊരിക്കലും മുതല കുറുക്കനേയും ഭാര്യയേയും തിരക്കി അവിടേക്ക് വന്നതുമില്ല.

സുനിൽ ഞാളിയത്ത് മൊഴിമാറ്റിയ മറ്റ് ബംഗാളി കഥകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

  • പൂര്‍ണ ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘മാജന്താലി സര്‍ക്കാര്‍’ എന്ന ബാലകഥാസമാഹാരത്തില്‍ നിന്ന്   

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Sunil naliyath story for children muthalayum kurukkanum