ബംഗാളിലെ ബാലസാഹിത്യരംഗത്ത് ഇതിഹാസതുല്യ സ്ഥാനമലങ്കരിക്കുന്ന എഴുത്തുകാരനാണ് ഉപേന്ദ്ര കിഷോർ റായ് ചൗധരി (1863-1915). ചിത്രകാരൻ, സംഗീതജ്ഞൻ, പ്രസാധകൻ, പത്രാധിപർ എന്നീ നിലകളിൽ നിസ്തുലമായ സംഭാവനകളാണ് അദ്ദേഹം നൽകിയത്. റായ് ചൗധരിയുടെ ബാലസാഹിത്യ രചനകള്‍ക്ക് പല തലമുറകളിൽ വായനക്കാരുണ്ടായി. ഇന്നും അത് തുടരുന്നു.
‘ടുൺ ടുണി,’ ‘ഗൂപി ബാഘ,’ ‘മാജന്താലി സർക്കാർ’ എന്നിവയാണ് അദ്ദേഹത്തിന്‍റെ ഏറെ പ്രശസ്തമായ കഥാപാത്രങ്ങളിൽ ചിലത്. ‘സന്ദേശ്’ എന്ന ബാലപ്രസിദ്ധീകരണം ആരംഭിക്കുകയും കുട്ടികൾക്കായി രാമായണവും മഹാഭാരതവും പുനരാഖ്യാനം ചെയ്യുകയും ചെയ്തു. സത്യജിത്ത് റായിയുടെ മുത്തച്ഛനാണ് ഉപേന്ദ്ര കിഷോർ റായ് ചൗധുരി.
ഒരിടത്ത് ഒരു രാജാവുണ്ടായിരുന്നു. രാജാവിന് സുന്ദരിയായ ഒരു മകളുണ്ടായിരുന്നു. പക്ഷെ ജനിച്ച നാള്‍ മുതല്‍ രാജകുമാരി രോഗിണിയായിരുന്നു. രോഗപീഡ അനുഭവിക്കാത്ത ഒരു ദിവസം പോലും അവളുടെ ജീവിതത്തില്‍ ഉണ്ടായിരുന്നില്ല.
രാജാവ് ലോകമെമ്പാടുനിന്നും വൈദ്യന്മാരെ വരുത്തി മകളെ ചികിത്സിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. വന്നവരൊക്കെയും പരിശോധിച്ച് മരുന്നുകള്‍ നല്‍കിയെങ്കിലും രോഗത്തിന് ശമനമുണ്ടായില്ല എന്നുമാത്രമല്ല രോഗം കലശലാവുകയും ചെയ്തു. ദിവസങ്ങള്‍ പോകെപ്പോകെ രാജകുമാരി മെലിയുകയും പൂര്‍വാധികം ക്ഷീണിതയാവുകയും ചെയ്തു.
ആരും മോഹിക്കുന്നത്ര ധനികനായിരുന്നിട്ടും മകളെച്ചൊല്ലി രാജാവ് ഏറെ ദുഃഖിതനായിരുന്നു. മകളെക്കുറിച്ച് ഓര്‍ത്ത് രാജാവ് എല്ലായ്പ്പോഴും വേവലാതിപ്പെട്ടു. അങ്ങനെ കാലം കഴിയവെ ഒരു ദിവസം പുണ്യാത്മാവായ ഒരു മനുഷ്യന്‍ രാജാവിനെ കാണാനെത്തി. കൂടിക്കാഴ്ചയ്ക്കിടെ രാജാവിന്റെ മകൾ രോഗിണിയാണെന്ന് അറിഞ്ഞ് അദ്ദേഹം പറഞ്ഞു, “അല്ലയോ തിരുമനസ്സേ, അങ്ങയുടെ മകള്‍ക്ക് അതിവിശിഷ്ടമായ ഒരു നാരങ്ങയുടെ നീര് നല്‍കൂ. എല്ലാരോഗവും ഭേദമാവും..!” അത്രയും പറഞ്ഞശേഷം സന്ദര്‍ശകന്‍ വിടവാങ്ങി.
നാരങ്ങയെക്കുറിച്ച് രാജാവിന് വലിയ ധാരണയുണ്ടായിരുന്നില്ല. അത് എവിടെ നിന്ന് എങ്ങനെ കിട്ടുമെന്നും അറിവുണ്ടായിരുന്നില്ല. അതിനാല്‍ തന്റെ അനുചരന്മാരെ വിളിച്ചുവരുത്തിയ രാജാവ് ഇപ്രകാരം പറഞ്ഞു, ”എന്റെ മകള്‍ക്ക് ഒരു വിശിഷ്ട നാരങ്ങയുടെ നീര് മുഴുവനായും നല്‍കണം. അത് കുടിച്ചാല്‍ അവളുടെ രോഗം ഭേദമാവും. മാത്രമല്ല ആ നാരങ്ങ കൊണ്ടുവരുന്ന പുരുഷന് എന്റെ മകളെ വിവാഹം ചെയ്യാം. വിവാഹം കഴിഞ്ഞാല്‍ ഞാന്‍ എന്റെ രാജ്യം തന്നെ സമ്മാനമായി നല്‍കുകയും ചെയ്യും”
ആ രാജ്യത്ത് നാരകം അത്ര സുലഭമായിരുന്നില്ല. രാജ്യത്താകമാനം ഒരേയൊരു കര്‍ഷകന്റെ വീട്ടില്‍ ഒരേയൊരു നാരകച്ചെടിയാണ് ഉണ്ടായിരുന്നത്. സില്‍ഹെറ്റ് എന്ന സ്ഥലത്ത് നിന്നുമാണ് കര്‍ഷകന്‍ ആ നാരകച്ചെടി കൊണ്ടുവന്നത്. നട്ട ഉടനെ തന്നെ നാരകം വളര്‍ന്ന് കായ്ച്ചു. ഒരു മത്തങ്ങയോളം വലിപ്പമുള്ള തികച്ചും അസാധാരണമായ നാരങ്ങകളായിരുന്നു കായ്ച്ചത്. അന്നുവരെ ആരും അത്രയും വലിയ നാരങ്ങകള്‍ കണ്ടിട്ടുണ്ടായിരുന്നില്ല.
നാരകം വളര്‍ത്തിയിരുന്ന കര്‍ഷകന് ജൊദു, ഗോഷ്ടോ, മാണിക് എന്നിങ്ങനെ മൂന്ന് പുത്രന്മാരാണ് ഉണ്ടായിരുന്നത്. രാജാവിന്റെ പ്രഖ്യാപനം കേട്ട കര്‍ഷകൻ തന്റെ മൂത്ത പുത്രന്‍ ജൊദുവിന്റെ കൈവശം ഒരു കുട്ട നിറയെ നാരങ്ങകൾ ഏല്‍പ്പിച്ചശേഷം പറഞ്ഞു, “ഈ നാരങ്ങകള്‍ എത്രയും വേഗം രാജാവിന്റെ കൊട്ടാരത്തില്‍ എത്തിക്കണം. ഇതിലൊരു നാരങ്ങ കഴിച്ച് രാജകുമാരിയുടെ രോഗം ഭേദമായാല്‍ നിനക്കവളെ കല്യാണം കഴിക്കാം, രാജ്യവും സ്വന്തമാക്കാം.”

ഒരു കുട്ട നിറയെ നാരങ്ങകളുമായി ജൊദു കൊട്ടാരത്തിലേക്ക് തിരിച്ചു. യാത്രാമധ്യേ ജൊദു ഒരടി മാത്രം ഉയരമുള്ള ഒരു മനുഷ്യനെ കണ്ടു.
“മോനേ…നീയെന്താണീ കുട്ടയില്‍ കൊണ്ടുപോകുന്നത്?”അയാൾ ജൊദുവിനോട് ചോദിച്ചു.
“തവളകള്‍”,ജൊദു മറുപടി നല്‍കി.
ജൊദുവിന്റെ മറുപടി കേട്ട കുറിയ മനുഷ്യന്‍ അര്‍ത്ഥഗര്‍ഭമായി ഒന്ന് ചിരിച്ചു. “എന്നാല്‍പ്പിന്നെ നീ പറഞ്ഞത് പോലെ തന്നെയാവട്ടെ!” എന്നു പറഞ്ഞ് അയാള്‍ നടന്നകന്നു.
നടന്നുനടന്ന് ജൊദു കൊട്ടാരത്തിലെത്തി. കവാടത്തില്‍ കാവല്‍ നില്‍ക്കുകയായിരുന്ന ഭടന്മാര്‍ കുട്ടയില്‍ നാരങ്ങകളാണെന്ന് അറിഞ്ഞ് വലിയ ആദരവോടെയാണ് ജൊദുവിനെ രാജാവിന്റെ തിരുസന്നിധിയില്‍ എത്തിച്ചത്.
ജൊദുവിനെ കണ്ടതും രാജാവ് സന്തുഷ്ടനായി. സിംഹാസനത്തില്‍ നിന്ന് എഴുന്നേറ്റ് വന്ന് രാജാവ് ആകാംക്ഷയോടെ കുട്ട തുറന്നതും നാല് തവളകള്‍ അതില്‍ നിന്നും പുറത്തുചാടി രാജാവിന്റെ തലപ്പാവില്‍ കയറിയിരുന്നു. മാത്രമല്ല ആ കുട്ടയിലെ നാരങ്ങകളെല്ലാം തവളകളായി മാറിക്കഴിഞ്ഞിരുന്നു.
രാജകുമാരിയെ കല്യാണം കഴിക്കാമെന്ന മോഹവുമായി കൊട്ടാരത്തിലെത്തിയ ജൊദു ഒരുവിധത്തിലാണ് ജീവനോടെ വീട്ടില്‍ തിരിച്ചെത്തിയത്
തൊട്ടടുത്ത ദിവസം കര്‍ഷകന്‍ തന്‍റെ രണ്ടാമത്തെ പുത്രനായ ഗോഷ്ടോയ്ക്ക് ഒരു കുട്ട നിറയെ നാരങ്ങകള്‍ നല്‍കി ഭാഗ്യം പരീക്ഷിക്കാന്‍ പറഞ്ഞയച്ചു.
കൊട്ടാരത്തിലേക്കുള്ള യാത്രയ്ക്കിടെ ഗോഷ്ടോയും കുറിയ മനുഷ്യനെ കണ്ടുമുട്ടി.
“മോനേ…! എന്താണീ കുട്ടയില്‍?” അയാള്‍ ഗോഷ്ടോയോട് ചോദിച്ചു.
“മത്തങ്ങാവിത്തുകളാണ്!”, ഗോഷ്ടോ മറുപടി നല്‍കി.
അതുകേട്ട കുറിയ മനുഷ്യന്‍ പറഞ്ഞു, “എന്നാല്‍ അതുതന്നെയാവട്ടെ..!”.
ഇക്കുറി കൊട്ടാരക്കവാടത്തില്‍ കാവല്‍ നില്‍ക്കുകയായിരുന്ന ഭടന്മാർ ഗോഷ്ടോയെ അകത്തേയ്ക്ക് കടത്തിവിട്ടില്ല. ഒടുവില്‍ ഏറെ കേണുപറഞ്ഞും യാചിച്ചുമാണ് ഗോഷ്ടോ പ്രവേശനാനുമതി നേടിയത്. നാരങ്ങകള്‍ ആണെന്ന് പറഞ്ഞ് രാജാവിന്റെ മുന്‍പാകെ കുട്ട തുറന്ന ഗോഷ്ടോയ്ക്ക് എന്തുപറ്റി എന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളു.

കര്‍ഷകന്റെ മൂന്ന് മക്കളില്‍ ഏറ്റവും ശുദ്ധനായിരുന്നു മൂന്നാമനായ മാണിക്. മൂത്ത രണ്ടുപേരും പരാജയപ്പെട്ടിടത്ത് മൂന്നാമനായ മാണിക് വിജയിക്കുമെന്ന പ്രതീക്ഷ ആര്‍ക്കും ഉണ്ടായില്ല. അതുകൊണ്ടുതന്നെ നാരങ്ങകളുമായി കൊട്ടാരത്തിലേക്ക് പോകാന്‍ ആരും മാണിക്കിനെ പ്രേരിപ്പിച്ചുമില്ല. എങ്കിലും കൊട്ടാരത്തിലേക്ക് പോകാന്‍ മാണിക് തീരുമാനിച്ചു. തന്റെ പിതാവിനോട് ഏറെ കെഞ്ചിയശേഷം മാത്രമാണ് നാരങ്ങകള്‍ നിറച്ച മൂന്നാമത്തെ കുട്ടയുമായി മാണിക്കിന് കൊട്ടാരത്തിലേക്ക് പുറപ്പെടാനായത്.
പോകുന്നവഴിയില്‍ കുറിയ മനുഷ്യനെ മാണിക് കണ്ടുമുട്ടി.
അപരിചിതനായ അയാള്‍ ചോദിച്ചു,”എന്താണീ കുട്ടയില്‍?”
“നാരങ്ങകള്‍..!” മാണിക് മറുപടി നല്‍കി. “രാജകുമാരിയുടെ രോഗം ഭേദമാവാന്‍ വേണ്ടിയാണ്!” മാണിക് കൂട്ടിച്ചേര്‍ത്തു.
“എന്നാല്‍ അങ്ങനെയാവട്ടെ..!”എന്നുപറഞ്ഞ് പുഞ്ചിരിയോടെ കുറിയ മനുഷ്യന്‍ അപ്രത്യക്ഷനായി.
രാജാവിന്റെ കൊട്ടാരത്തില്‍ പ്രവേശനം ലഭിക്കാന്‍ മാണിക്കിന് ഏറെ ക്ലേശിക്കേണ്ടി വന്നു. മണിക്കൂറുകളോളം യാചിച്ചതിനുശേഷമാണ് പ്രവേശനാനുമതി ലഭിച്ചത്. അനുവാദം നല്‍കുമ്പോള്‍ ഭടന്മാര്‍ കാര്‍ക്കശ്യത്തോടെ മാണിക്കിനോട് പറഞ്ഞു, “ഇത്തവണ നാരങ്ങകള്‍ക്ക് പകരം തവളയോ മത്തങ്ങാവിത്തോ ആണെങ്കില്‍ നീ ജീവനോടെ പുറത്ത് വരുമെന്ന് കരുതണ്ട.!”
രാജസന്നിധിയില്‍ വച്ച് മാണിക് കുട്ട തുറന്നു. അതില്‍ നിറയെ നാരങ്ങകള്‍ കണ്ട് രാജാവ് സന്തുഷ്ടനായി. ഉടന്‍തന്നെ ആ നാരങ്ങകള്‍ പരിചാരികയുടെ കൈവശം രാജകുമാരിക്ക് കൊടുത്തയച്ചുകൊണ്ട് രാജാവ് പറഞ്ഞു,”നാരങ്ങ കഴിച്ചതിന്റെ ഗുണം എത്രയും വേഗം എന്നെ അറിയിക്കണം. ഞാന്‍ ഇവിടെത്തന്നെ കാത്തുനില്‍ക്കുകയാണ്”.
അല്‍പ്പസമയത്തിനകം രാജകുമാരി രാജസന്നിധിയിലേയ്ക്ക് നടന്നുവന്നു. ആ നാരങ്ങകള്‍ രാജകുമാരിയെ അത്ഭുതകരമായി സുഖപ്പെടുത്തിക്കഴിഞ്ഞിരുന്നു. ആരോഗ്യവതിയായി മാറിയ രാജകുമാരിയെ കണ്ട് രാജാവ് ആഹ്ളാദവാനായി.
പക്ഷേ, രാജാവിന്‍റെ സന്തോഷം ക്ഷണനേരം കൊണ്ട് മാഞ്ഞില്ലാതായി. പകരം മറ്റൊരു ചിന്ത രാജാവിനെ അലട്ടാന്‍ തുടങ്ങി. “എന്തൊരു കടുത്ത തീരുമാനമായിരുന്നു ഞാന്‍ എടുത്തത്? ഒടുവില്‍ ഒരു കര്‍ഷകന്‍റെ മകന് എന്റെ മകളെ വിവാഹം ചെയ്തു കൊടുക്കണമെന്നോ?” രാജാവ് ചിന്താധീനനായി. പെട്ടെന്ന് തന്നെ മാണിക്കിന് താന്‍ നല്‍കിയ വാക്ക് പാലിക്കേണ്ടതില്ലെന്ന് രാജാവ് തീരുമാനിക്കുകയും ചെയ്തു.
പക്ഷേ, മാണിക് മറിച്ചാണ് ചിന്തിച്ചത്. ‘ഇനിയിതാ സുന്ദരിയായ രാജകുമാരി തന്റെ പ്രേയസിയാവാന്‍ പോകുന്നു’ന്ന് മാണിക് മനസ്സില്‍ പറയുകയും ആനന്ദിക്കുകയും ചെയ്തു.
രാജാവിന്റെ ശബ്ദം കേട്ടാണ് പകല്‍ക്കിനാവില്‍ മയങ്ങി നിന്ന മാണിക് സ്ഥലകാലബോധം വീണ്ടെടുത്തത്. ഭവ്യതയോടെ നിന്ന മാണിക്കിനോട് രാജാവ് പറഞ്ഞു, “മിടുക്കന്‍!! നിന്നെ ഞാന്‍ സമ്മതിച്ചിരിക്കുന്നു. പക്ഷെ ഒരു കാര്യമുണ്ട്. രാജകുമാരിയെ സ്വന്തമാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിന് മുന്‍പായി ഒരു ജോലി കൂടി നീ ചെയ്തു തീര്‍ക്കേണ്ടതുണ്ട്. എനിക്ക് വേണ്ടി നീ ഒരു തോണി നിര്‍മ്മിക്കണം. വെറും ഒരു സാധാരണ തോണിയല്ല കരയിലും വെള്ളത്തിലും ഒരേ വേഗത്തില്‍ സഞ്ചരിക്കാന്‍ പറ്റുന്ന തരത്തിലുള്ള തോണിയാണ് നിര്‍മ്മിക്കേണ്ടത്. അത് ചെയ്തുതീര്‍ത്താല്‍ മാത്രമേ രാജകുമാരിയെ നിനക്ക് സ്വന്തമാക്കാന്‍ കഴിയൂ..!”
രാജാവ് വാക്ക് പാലിക്കാത്തതില്‍ മനസ്സ് നൊന്ത് മാണിക് വീട്ടിലേക്ക് മടങ്ങി. വീട്ടില്‍ ചെന്ന് തന്‍റെ ജ്യേഷ്ടന്‍മാരായ ജൊദുവിനോടും ഗോഷ്ടോയോടും മാണിക് സംഭവിച്ച കാര്യങ്ങള്‍ വിശദീകരിച്ചു. അവർ തങ്ങളുടെ അനിയനെ പറ്റിച്ച് കാര്യങ്ങളെല്ലാം മനസ്സിലാക്കിയെടുത്തു.
മാണിക്കിനെ പോലെ ഒരുത്തന് രാജകുമാരിയുടെ അസുഖം ഭേദപ്പെടുത്താന്‍ കഴിഞ്ഞെങ്കില്‍ ആര്‍ക്ക് വേണമെങ്കിലും രാജാവിന്റെ ആഗ്രഹപ്രകാരം പ്രത്യേകതരം തോണിയും നിര്‍മ്മിക്കാനാവും എന്നവര്‍ കരുതി.
മാണിക്കില്‍ നിന്നും കാര്യങ്ങള്‍ കേട്ടറിഞ്ഞതിന്‍റെ ആവേശത്തില്‍ ഒരു കോടാലിയുമെടുത്ത് ആദ്യം ജൊദു തന്നെ ഇറങ്ങിത്തിരിച്ചു. നേരെ കാട്ടിലെത്തി ഏതാനും മരങ്ങള്‍ മുറിച്ച് തോണി നിര്‍മ്മിക്കാന്‍ ആരംഭിച്ചു. അന്നുതന്നെ തോണി നിര്‍മ്മാണം പൂര്‍ത്തിയാക്കാനായി ജൊദു കഠിന പ്രയത്നം ചെയ്തു.
പൊടുന്നനെ എവിടെനിന്നെന്നില്ലാതെ ആ കുറിയ മനുഷ്യന്‍ പ്രത്യക്ഷപ്പെട്ടു.
“എന്താണ് നീ ഉണ്ടാക്കുന്നത്?” അയാള്‍ ചോദിച്ചു.
“ഞാനൊരു മരത്തൊട്ടി ഉണ്ടാക്കുകയാണ്..!” ജൊദു പറഞ്ഞു.

“എന്നാല്‍ അതുതന്നെയാവട്ടെ” എന്ന് പറഞ്ഞ് അയാള്‍ അദൃശ്യനായി.
ഏറെനേരം കിണഞ്ഞ് അധ്വാനിച്ചിട്ടും ജൊദുവിന് തോണി നിര്‍മ്മിക്കാനായില്ല. എത്ര ശ്രമിച്ചിട്ടും മരത്തടി തോണിയാവാന്‍ വിസ്സമ്മതിച്ച് തൊട്ടിയുടെ രൂപം പൂണ്ടുകിടന്നു. അരിശം വന്ന ജൊദു ആ തൊട്ടി വലിച്ചെറിഞ്ഞ് അടുത്ത തടിയെടുത്ത് തന്റെ ശ്രമം തുടര്‍ന്നു. പക്ഷേ, ജൊദുവിന്റെ ശ്രമങ്ങള്‍ ഒന്നും ലക്ഷ്യം കണ്ടില്ല. ഏതൊക്കെ രീതിയില്‍ തോണി ഉണ്ടാക്കാന്‍ ശ്രമിച്ചുനോക്കിയിട്ടും ഒടുവില്‍ അത് തൊട്ടി മാത്രമായി പരിണമിച്ചു.
അവസാനം എല്ലാ ശ്രമങ്ങളും ഉപേക്ഷിച്ച് ജൊദു മൂന്ന് തൊട്ടികളുമായി വീട്ടിലേക്ക് മടങ്ങി. തോണിയുണ്ടാക്കാന്‍ വേണ്ടിയാണ് ശ്രമിച്ചതെങ്കിലും ആരും ഇഷ്ടപ്പെട്ടുപോകുന്ന മൂന്ന് മനോഹര മരത്തൊട്ടികളായിരുന്നു ജൊദുവിന്റെ കരവിരുതിലൂടെ രൂപം കൊണ്ടത്.
ജൊദു പിന്‍വാങ്ങിയതോടെ രണ്ടാംദിനം തോണി നിര്‍മ്മിക്കാനായി ഗോഷ്ടോ മുന്നിട്ടിറങ്ങി. വീണ്ടും അപരിചിതനായ കുറിയ മനുഷ്യന്‍റെ ഇടപെടല്‍ ഉണ്ടാവുകയും അതിന്‍റെ പരിണിതഫലമായി അഞ്ച് കലപ്പകളുമായി ഗോഷ്ടോ വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തു.
മൂന്നാം ദിനം തന്റെ സങ്കടമൊതുക്കി മാണിക് തോണി നിര്‍മ്മിക്കാനിറങ്ങി. നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ വ്യാപൃതനായിരിക്കെ ആ കുറിയ മനുഷ്യൻ പ്രത്യക്ഷപ്പെട്ടു.
“മോനേ..! നീയെന്താണ് നിര്‍മ്മിക്കുന്നത്?” അയാള്‍ ചോദിച്ചു.
“കരയിലും വെള്ളത്തിലും ഒരേ വേഗതയില്‍ സഞ്ചരിക്കുന്ന ഒരു തോണി നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് ഞാന്‍. അങ്ങനെയൊരു തോണി രാജാവിന് സമ്മാനിച്ചാല്‍ മാത്രമേ എനിക്ക് രാജകുമാരിയെ സ്വന്തമാക്കാനാവൂ…!” തോണി നിര്‍മ്മിക്കുന്നതിനായി അപ്പോള്‍ മുറിച്ചിട്ട ഒരു മരത്തില്‍ കയറിയിരുന്നുകൊണ്ട് മാണിക് മറുപടി നല്‍കി.
“എന്നാല്‍ അങ്ങനെ തന്നെ സംഭവിക്കട്ടെ!” എന്ന് ആശംസിച്ചുകൊണ്ട് കുറിയ മനുഷ്യന്‍ അപ്രത്യക്ഷനായി.
മാന്ത്രികശക്തിയുള്ള ആ വാക്കുകള്‍ കുറിയ മനുഷ്യന്‍ ഉച്ചരിച്ചതും മാണിക് ഇരുന്നിരുന്ന മരത്തടി മനോഹരമായ ഒരു തോണിയായി രൂപാന്തരപ്പെട്ടു. അതിന് തുഴച്ചില്‍കാരോ തുഴകളോ ഉണ്ടായിരുന്നില്ല. എന്നിട്ടും അത് കാട്ടിലൂടെ കുതിക്കാന്‍ തുടങ്ങി. ഏറെ സഞ്ചരിച്ചതിനൊടുവില്‍ പുഴ കണ്ടതും അതേ വേഗതയില്‍ എവിടെയാണ് എത്തിച്ചേരേണ്ടത് എന്ന കൃത്യമായി ബോധ്യമുള്ളത് പോലെ വെള്ളത്തിലേക്കിറങ്ങി മുന്നോട്ട് കുതിച്ചു. തോണിയില്‍ ഇരുന്നുകൊണ്ട് മാണിക് ചുറ്റും വീക്ഷിച്ചു. വേഗത മാത്രമായിരുന്നില്ല ആ തോണിയുടെ സവിശേഷത. അതിമനോഹരവുമായിരുന്നു അത്. തോണിയുടെ അരികുകള്‍ വെല്‍വെറ്റ് കൊണ്ട് രാജകീയമായി അലങ്കരിച്ചിരുന്നു. കുറിയ മനുഷ്യന്റെ രാജ്യത്ത് ലഭ്യമായ മനോഹരമായ അലങ്കാര വസ്തുക്കള്‍ കൊണ്ടാണ് തോണിയുടെ പുറംഭാഗം അണിയിച്ചൊരുക്കിയിരുന്നത്.
പെട്ടെന്നാണ് രാജാവ് ഉള്‍പ്പെടെയുള്ള സദസ്സിലേക്ക് മാണിക്കിനേയും കൊണ്ട് തോണി കടന്നുചെന്നത്. തോണിയുടെ ചാരുതയാര്‍ന്ന രൂപകല്‍പ്പന കണ്ട് അവിടെ സന്നിഹിതരായിരുന്ന ഏവരും അത്ഭുതപ്പെട്ടു. തോണിക്ക് വെള്ളത്തിലെന്നപോലെ കരയിലും സഞ്ചരിക്കാന്‍ സാധിക്കുമെന്നറിഞ്ഞ് അവര്‍ ഏറെ വിസ്മയിച്ചു.
രാജാവും മാന്ത്രികത്തോണി കണ്ട് വിസ്മയിച്ചെങ്കിലും അത് പ്രകടിപ്പിക്കാതെ കാര്‍ക്കശ്യത്തോടെ മാണിക്കിനോട് ആജ്ഞാപിച്ചു, “ഇത് പോര! ഒരു കാര്യം കൂടി നീ ചെയ്യേണ്ടതുണ്ട്. ഘ്യാംഘസോറിന്‍റെ വാലില്‍ നിന്നും ഒരു തൂവല്‍ എനിക്ക് സംഘടിപ്പിച്ചു തരണം. അതെന്‍റെ കിരീടത്തിന് കൂടുതല്‍ ഭംഗി പകരും. ആ തൂവല്‍ കൊണ്ടുവന്നാല്‍പ്പിന്നെ നിനക്ക് എന്‍റെ മകളെ വിവാഹം കഴിക്കാം.”
ഘ്യാംഘസോര്‍ ഒരു ഭീകര ജീവിയായിരുന്നു. മൂന്നിലൊന്ന് പക്ഷിയും, മൃഗവും രാക്ഷസനും ചേര്‍ന്നതായിരുന്നു ഘ്യാംഘസോര്‍. വികൃതമുഖവും നീചമനോഭാവവും ഉണ്ടായിരുന്നെങ്കില്‍ക്കൂടിയും ജ്ഞാനിയും അതിസമ്പന്നനുമായിരുന്നു ഘ്യാംഘസോര്‍. അതിവിദൂരത്ത് ഒരു പേരില്ലാപ്പുഴയുടെ തീരത്ത് പണികഴിപ്പിച്ച ഒരു സ്വര്‍ണക്കൊട്ടാരത്തിലാണ് ഘ്യാംഘസോര്‍ കഴിഞ്ഞിരുന്നത്. മാണിക്കിന്റെ നാട്ടില്‍ നിന്ന് ഒരുമാസം സഞ്ചരിച്ചാല്‍ മാത്രമേ ഘ്യാംഘസോറിന്‍റെ കൊട്ടാരത്തില്‍ എത്താന്‍ പറ്റുമായിരുന്നുള്ളൂ.

മനുഷ്യരെ കണ്ടാലുടന്‍ പിടിച്ച് ആര്‍ത്തിപൂണ്ട് ജീവനോടെ വിഴുങ്ങുന്നതായിരുന്നു അതിന്റെ രീതി. അന്നേവരെ ലോകത്തൊരു മനുഷ്യനും ഘ്യാംഘസോറിനോട് സംസാരിച്ചിട്ടുണ്ടായിരുന്നില്ല. അതിന് ശ്രമിച്ചവര്‍ ഘ്യാംഘസോറിനെ കണ്ടുമുട്ടിയ കഥ പറയാന്‍ ജീവനോടെ ഒരിക്കലും മടങ്ങിവന്നിട്ടുമില്ല.
മനുഷ്യരെ കണ്ടാലുടന്‍ പിടിച്ച് ആര്‍ത്തിപൂണ്ട് ജീവനോടെ വിഴുങ്ങുന്നതായിരുന്നു അതിന്റെ രീതി. അന്നേവരെ ലോകത്തൊരു മനുഷ്യനും ഘ്യാംഘസോറിനോട് സംസാരിച്ചിട്ടുണ്ടായിരുന്നില്ല. അതിന് ശ്രമിച്ചവര്‍ ഘ്യാംഘസോറിനെ കണ്ടുമുട്ടിയ കഥ പറയാന്‍ ജീവനോടെ ഒരിക്കലും മടങ്ങിവന്നിട്ടുമില്ല.
അത്രയേറെ ഭീകരനായ ജീവിയുടെ വാലില്‍ നിന്നും ഒരു തൂവല്‍ കരസ്ഥമാക്കാനായി മാണിക് ഇറങ്ങി പുറപ്പെട്ടു. യാത്രാമധ്യേ കണ്ടുമുട്ടിയ പലരോടും മാണിക് ഘ്യാംഘസോറിന്റെ നാട്ടിലേക്കുള്ള വഴി ചോദിച്ചു. ഘ്യാംഘസോറിന്റെ പേര് കേട്ടതും ഭയന്നുവിറച്ചാണ് ഏവരും മറുപടി നല്‍കിയത്.
പക്ഷെ അതൊന്നും കേട്ട് ഭയചകിതനാവാതെ, ഇടംവലം നോക്കാതെ മാണിക് തന്റെ യാത്ര തുടര്‍ന്നു.
സന്ധ്യ മയങ്ങിയാല്‍ വഴിയോരത്തുള്ള ഏതെങ്കിലും ഒരു വീട്ടില്‍ അന്തിയുറങ്ങി പുലര്‍ച്ചെ മാണിക് വീണ്ടും യാത്ര തുടരുമായിരുന്നു. ഘ്യാംഘസോറിനെ കാണാനുള്ള യാത്രയിലാണ് മാണിക് എന്നറിഞ്ഞതോടെ ദയ തോന്നി വലിയ സ്വീകരണമാണ് ആളുകളില്‍ നിന്നും വഴിനീളെ മാണിക്കിന് ലഭിച്ചത്.
യാത്രയ്ക്കിടെ വലിയൊരു ധനികന്റെ വീട്ടിലാണ് മാണിക് ഒരു രാത്രി തങ്ങിയത്. അത്താഴം കഴിഞ്ഞ് മാണിക്കുമായി സംസാരിക്കവെ ധനികന്‍ പറഞ്ഞു,“ഘ്യാംഘസോറിനെ കാണാനുള്ള യാത്രയിലാണല്ലോ നിങ്ങള്‍. പല കാര്യങ്ങളും അറിയാവുന്ന ആളാണ് ഘ്യാംഘസോര്‍. എന്‍റെ പണപ്പെട്ടിയുടെ താക്കോല്‍ കളഞ്ഞുപോയിട്ട് ഏറെ നാളുകളായി. എവിടെയാണ് അത് വീണുകിടക്കുന്നതെന്ന് ഘ്യാംഘസോറിനോട് ഒന്ന് ചോദിച്ചറിയണം”.
“ഞാന്‍ ചോദിക്കാം”, മാണിക് ഉറപ്പ് നല്‍കി.
മറ്റൊരു രാത്രി വീണ്ടുമൊരു സമ്പന്നന്റെ വസതിയിലാണ് മാണിക് ചിലവഴിച്ചത്. അയാളുടെ മകള്‍ ഒരു കിടപ്പുരോഗിയായിരുന്നു. ഒട്ടേറെ ഡോക്ടര്‍മാരെ വരുത്തിയെങ്കിലും ആര്‍ക്കുംതന്നെ കുട്ടിയുടെ രോഗനിര്‍ണയം നടത്താന്‍ സാധിച്ചിരുന്നില്ല. പിറ്റേന്ന് ഇറങ്ങാന്‍ നേരം സമ്പന്നന്‍ ഏറെ പ്രതീക്ഷയോടെ മാണിക്കിനോട് പറഞ്ഞു, “ഘ്യാംഘസോറിനെ കാണുമ്പോള്‍ എന്‍റെ മകളുടെ രോഗമുക്തിക്കായി ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് ചോദിക്കണം.”
“തീര്‍ച്ചയായും ഞാന്‍ ചോദിക്കാം”, മാണിക് ധനികനെ ആശ്വസിപ്പിച്ചു.
ഒരു മാസം നീണ്ട യാത്രയ്ക്കൊടുവില്‍ മാണിക് പേരില്ലാപ്പുഴയുടെ തീരത്തെത്തി. അവിടെ നിന്ന് നോക്കിയാല്‍ മറുകരയില്‍ ഘ്യാംഘസോറിന്റെ സ്വര്‍ണ്ണക്കൊട്ടാരം കാണാമായിരുന്നു. കൊട്ടാരത്തിലേക്ക് പ്രവേശിക്കാന്‍ പുഴയ്ക്ക് കുറുകെ പാലമോ പുഴ മുറിച്ചു കടക്കാന്‍ തോണിയോ ഉണ്ടായിരുന്നില്ല. ആ ജോലി നിര്‍വഹിച്ചിരുന്നത് ഒരു പടുകിഴവനായിരുന്നു. കൊട്ടാരത്തിലേക്ക് പോകാനായി എത്തുന്നവരെ അയാളായിരുന്നു ചുമലിലേറ്റി മറുകരയില്‍ എത്തിച്ചിരുന്നത്. മാണിക് ആയാസപ്പെട്ട് കിഴവന്റെ ചുമലില്‍ കയറിപ്പറ്റി.
മാണിക്കിനേയും ചുമന്ന് പുഴ മുറിച്ചുകടക്കവെ പടുകിഴവന്‍ പറഞ്ഞു, “ഘ്യാംഘസോറിനെ കാണുമ്പോള്‍ എന്റെയീ കഷ്ടപ്പാടിന് എന്നാണ് ഒരറുതി വരുകയെന്ന് ചോദിക്കാന്‍ മറക്കരുത്. ഞാന്‍ ആഹാരം കഴിച്ചിട്ടും ഉറങ്ങിയിട്ടും ഒരുപാട് കാലമായി. ഘ്യാംഘസോറിന്‍റെ കൊട്ടാരത്തില്‍ എത്തുന്നവരെ രാപ്പകല്‍ ഭേദമില്ലാതെ ചുമന്ന് മറുകരയില്‍ എത്തിക്കുന്ന മനുഷ്യത്തോണിയായി കഴിയുകയാണ് ഞാന്‍. ഇപ്പോഴിതാ എനിക്ക് ഏറെ പ്രായമായിരിക്കുന്നു. ഇനിയെങ്കിലും എനിക്കിതില്‍ നിന്നും രക്ഷപ്പെടണം”
“ഞാന്‍ അദ്ദേഹത്തോട് ചോദിക്കാം”,പുഴ കടന്ന് കിഴവന്റെ ചുമലില്‍ നിന്നും
ഇറങ്ങവെ മാണിക് പറഞ്ഞു.
മാണിക് കൊട്ടാരത്തിലെത്തുമ്പോള്‍ ഭീകരനായ ഘ്യാംഘസോര്‍ അവിടെ ഉണ്ടായിരുന്നില്ല. ഘ്യാംഘസോറിന്‍റെ ഭാര്യ മാത്രമാണ് ഉണ്ടായിരുന്നത്.
മാണിക്കിനെ കണ്ടതും അവര്‍ ഭീതിയാല്‍ വിളറിപ്പോയി. വിറയാര്‍ന്ന ശബ്ദത്തില്‍ അവര്‍ പറഞ്ഞു, “മോനെ, പ്രാണനില്‍ കൊതിയുണ്ടെങ്കില്‍ എത്രയും വേഗം നീ ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടോ! ഘ്യാംഘസോര്‍ കാണുന്ന നിമിഷം നിന്നെ ഒറ്റയടിക്ക് വിഴുങ്ങിക്കളയും.”

“പക്ഷെ ഘ്യാംഘസോറിന്റെ വാലില്‍ നിന്നും ഒരു തൂവലെടുക്കാനാണ് ഞാനിവിടെ വന്നിരിക്കുന്നത്. അതില്ലാതെ എനിക്ക് മടങ്ങിപ്പോകാനാവില്ല.അതുമാത്രമല്ല എനിക്ക് മറ്റുചില കാര്യങ്ങള്‍ കൂടി ഘ്യാംഘസോറിനോട് ചോദിച്ചറിയാനുണ്ട്. ഇങ്ങോട്ടുള്ള യാത്രാമധ്യേ കണ്ടുമുട്ടാനിടയായ ധനികന്റെ കളഞ്ഞുപോയ പണപ്പെട്ടിയുടെ താക്കോല്‍ എവിടെയാണെന്നും മറ്റൊരു സമ്പന്നന്റെ മകളുടെ രോഗം ഭേദപ്പെടുത്താന്‍ എന്ത് പ്രതിവിധിയാണ് ചെയ്യേണ്ടതെന്നും എനിക്ക് ചോദിച്ചറിയാനുണ്ട്. എന്നെ പുഴ കടത്തിയ പാവം വൃദ്ധന്റെ കാര്യവും ചോദിക്കണം”
“നീയാരാണ്? ഘ്യാംഘസോറിന്‍റെ വാലില്‍ നിന്നും തൂവല്‍ പറിക്കാന്‍ നില്‍ക്കുന്നതിന് പകരം സ്വന്തം ജീവനില്‍ കൊതിയുണ്ടെങ്കില്‍ ഇവിടെ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടാന്‍ നോക്ക്! തൂവല്‍ കൂടാതെ നിനക്ക് നൂറു ചോദ്യങ്ങളും ചോദിക്കണം അല്ലേ..!”, ഘ്യാംഘസോറിന്‍റെ ഭാര്യ പരിഹാസംപുരണ്ട വാക്കുകളില്‍ ചോദിച്ചു.
“ഞാനാണ് മാണിക്, ഘ്യാംഘസോറിന്റെ വാലില്‍ നിന്നും ഒരു തൂവലുമായി ചെന്നില്ലെങ്കില്‍ രാജകുമാരിയെ കല്യാണം കഴിക്കാന്‍ രാജാവ് സമ്മതിക്കില്ല. അതുകൊണ്ടാണ് ഞാനിവിടെ എത്തിയത്”, മാണിക് മറുപടി നല്‍കി. ഘ്യാംഘസോറിന്റെ ഭാര്യ ദയാലുവായ ഒരു ജീവിയായിരുന്നു. മാണിക്കിന്റെ മറുപടി കേട്ട് അവര്‍ക്ക് അവനോട് വലിയ അലിവ് തോന്നി. അവര്‍ പറഞ്ഞു,“ഓ…അതാണോ കാര്യം. എന്നാല്‍ ശരി, നീ വേഗം വന്ന് ഈ കട്ടിലിന്റെ അടിയില്‍ ഒളിച്ചിരുന്നോ. ഇത് ഘ്യാംഘസോറിന്‍റെ കട്ടിലാണ്. ഭാഗ്യമുണ്ടെങ്കില്‍ നീ ആഗ്രഹിക്കുന്നതെല്ലാം നിനക്ക് കിട്ടും.”
രാത്രി ഏറെ വൈകിയാണ് ഘ്യാംഘസോര്‍ കൊട്ടാരത്തില്‍ മടങ്ങിയെത്തിയത്. തീന്‍മേശപ്പുറത്ത് സ്വര്‍ണത്തളികയില്‍ അത്താഴമൊരുക്കി ഘ്യാംഘസോറി നായി കാത്തിരിക്കുകയായിരുന്നു ഭാര്യ. അത്യന്തം സംശയാലുവായിരുന്ന ഘ്യാംഘസോറിന് എത്ര ചെറിയ കാര്യം പോലും കണ്ടുപിടിക്കാനുള്ള അപാരമായ കഴിവുണ്ടായിരുന്നു. ഏതാനും തവണ ദീര്‍ഘശ്വാസമെടുത്തശേഷം ഘ്യാംഘസോര്‍ പറഞ്ഞു, “ഇവിടെയൊരു മനുഷ്യഗന്ധം എനിക്ക് അനുഭവപ്പെടുന്നുണ്ട്. ആരോ ഉള്ളതുപോലെ. ആരായാലും കുഴപ്പമില്ല. എത്ര കാലമായി ഒരു മനുഷ്യജീവിയെ കിട്ടിയിട്ട്. ആരാണെങ്കിലും ഇന്ന് രാത്രി അത്താഴത്തിന് അതുമതി.”.
അതുപറയുമ്പോള്‍ ഘ്യാംഘസോറിന്‍റെ നാവില്‍ കൊതിയൂറി. കട്ടിലിനടിയില്‍ കിടന്നുകൊണ്ട് ഘ്യാംഘസോറിന്‍റെ വാക്കുകള്‍ ചെവിയിലെത്തിയതും മാണിക് പേടിച്ച് വിറയ്ക്കാന്‍ തുടങ്ങി. മാണിക്കിന്റെ തൊണ്ട വരളുകയും ഹൃദയം ക്രമാതീതമായി മിടിക്കുകയും ചെയ്തു. ഘ്യാംഘസോറിന്‍റെ ഭാര്യയും പേടിച്ചരണ്ടാണ് അവിടെ നിന്നിരുന്നത്.
പക്ഷേ, പെട്ടെന്ന് തന്നെ അവര്‍ ഒരു കഥ ചമച്ചു. അവര്‍ ഘ്യാംഘസോറിനോട് പറഞ്ഞു, “ശരിയാണ്. ഒരു മനുഷ്യജീവി പകലിവിടെ വന്നിരുന്നു. പക്ഷേ, അങ്ങയുടെ മുന്‍പില്‍ പെട്ടാലുള്ള ഭവിഷ്യത്തിനെക്കുറിച്ച് പറഞ്ഞതും അയാള്‍പ്രാണനും കൊണ്ടോടി.”
സ്വന്തം ഭാര്യയുടെ വാക്കുകളെ വിശ്വസിച്ച ഘ്യാംഘസോര്‍ ഒരു ചിരിയോടെ അത്താഴം കഴിക്കാനിരുന്നു.ആഹാരം കഴിച്ചെഴുന്നേറ്റ ഘ്യാംഘസോര്‍ വൈകാതെ കട്ടിലിലേക്ക് മറിഞ്ഞ് നിമിഷനേരംകൊണ്ട് ഉറങ്ങിപ്പോയി. ഉടലിന്‍റെ നീളക്കൂടുതല്‍ കാരണം ഘ്യാംഘസോറിന്റെ വാല്‍ കട്ടിലില്‍ നിന്നും താഴേക്ക് ഊര്‍ന്നു കിടന്നിരുന്നു. കട്ടിലിനടിയില്‍ കിടക്കുകയായിരുന്ന മാണിക് അത് കണ്ടയുടനെ കൈനീട്ടി ഘ്യാംഘസോറിന്റെ വാലില്‍ നിന്നും ഒരു തൂവല്‍ പിഴുതെടുത്തു. അലോസരപ്പെട്ട് ഉണര്‍ന്ന് ഘ്യാംഘസോര്‍ ഒച്ചവച്ചു. “ആരാണെന്റെ വാലില്‍ പിടിച്ചത്?”. കിടന്നുകൊണ്ടുതന്നെ മൂക്കുകൊണ്ട് മണം പിടിച്ച ഘ്യാംഘസോര്‍ കൊതിയോടെ പറഞ്ഞു, “ആരോ ഇവിടെ ഉണ്ടല്ലോ? എനിക്കൊരു മനുഷ്യജീവിയുടെ മണം കിട്ടുന്നുണ്ട്.”
“സ്വപ്നം കണ്ടിട്ടാവും ഉറക്കത്തില്‍ കിടന്ന് നിങ്ങളിങ്ങനെ പിച്ചും പേയും പറയുന്നത്. നിങ്ങളുടെ നീണ്ടുകിടക്കുന്ന വാല്‍ എവിടെയെങ്കിലും ഉടക്കിയതാവും! ഞാന്‍ പറഞ്ഞല്ലോ ഒരു മനുഷ്യന്‍ പകലിവിടെ വന്നിരുന്നുവെന്ന്. അയാള്‍ എന്നോട് കുറെ കഥകളും പറഞ്ഞിട്ടാണ് മടങ്ങിയത്.
സ്വന്തം പണപ്പെട്ടിയുടെ താക്കോല്‍ കളഞ്ഞുപോയ ഒരു ധനികന്റെ കഥയാണാദ്യം പറഞ്ഞത്”പ്രായോഗികമതിയായ ഘ്യാംഘസോറിന്‍റെ ഭാര്യസമയോചിതമായി പറഞ്ഞു.
അവര്‍ പറഞ്ഞു നിര്‍ത്തിയതും അര്‍ദ്ധമയക്കത്തില്‍ ഒരുവെളിപാടിലെന്നപോലെ ഘ്യാംഘസോര്‍ സംസാരിക്കാന്‍ തുടങ്ങി, “താക്കോലോ? പണപ്പെട്ടിയുടെ താക്കോലോ? അതെനിക്കറിയാം. ആ വീട്ടിലെ ഇളയ കുട്ടി കിടക്കയുടെ അടിയില്‍ താക്കോല്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ട്..!”.
“വന്ന മനുഷ്യന്‍ നിത്യരോഗിയായ ഒരു പാവം കുട്ടിയെക്കുറിച്ച് പറഞ്ഞിരുന്നു.”, ഉത്സാഹപൂര്‍വം ഘ്യാംഘസോറിന്റെ ഭാര്യ തുടര്‍ന്നു.

അതുകേട്ട് ഘ്യാംഘസോര്‍ ഒന്ന് മുരണ്ടു. പിന്നെ പറഞ്ഞു, “ഒരു തവള ആ കുട്ടിയുടെ തലമുടിയോരെണ്ണം വീട്ടുമുറ്റത്തെ പൊത്തില്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ട്. ആരെങ്കിലും ആ പൊത്തില്‍ നിന്നും മുടി പുറത്തെടുത്താല്‍ കുട്ടിയുടെ രോഗം ഭേദപ്പെടും.”.
ഘ്യാംഘസോറിന്റെ പ്രതികരണത്തില്‍ ആവേശം പൂണ്ട ഭാര്യ വീണ്ടും ചോദ്യമുതിര്‍ത്തു. “പുഴയ്ക്ക് അക്കരെ തീര്‍ത്തും സാധുവായ ഒരു പടുകിഴവന്‍ കാലങ്ങളായി ആളുകളെ ചുമലിലേറ്റുന്ന കടത്തുകാരനായി കഴിയുന്നു. എത്ര കാലമാണെന്ന് വച്ചാണ്.”
“എന്തൊരു വിഡ്ഢിയാണയാള്‍! എത്രയോ ആളുകളെയാണ് ചുമലിലേറ്റി അയാള്‍ പുഴ കടത്തുന്നത്. അതില്‍ ഏതെങ്കിലും ഒരാളെ പുഴ മധ്യത്തില്‍എത്തുമ്പോള്‍ താഴെയിടേണ്ട കാര്യമേയുള്ളൂ. അതോടെ അയാള്‍ക്ക് മോചനം ലഭിക്കും.വെള്ളത്തില്‍ വീഴുന്നയാള്‍ കിഴവന്റെ ജോലി ഏറ്റെടുക്കുകയും ചെയ്യും.”,ഒന്നൊന്നായി ഘ്യാംഘസോര്‍ മറുപടി പറഞ്ഞുകൊണ്ടിരുന്നു.
പാതിയുറക്കത്തില്‍ മാണിക്കിന്റെ ചോദ്യങ്ങള്‍ക്കെല്ലാം ഘ്യാംഘസോര്‍ കൃത്യമായ ഉത്തരം നല്‍കി. പിറ്റേന്ന് രാവിലെ പ്രാതല്‍ കഴിഞ്ഞ് ഘ്യാംഘസോര്‍ പുറത്ത് പോയതിന്റെ പിന്നാലെ നന്ദി പറഞ്ഞ് മാണിക്കും യാത്ര തിരിച്ചു.
ആഹാരമെല്ലാം പൊതിഞ്ഞ് നല്‍കി ഏറെ സ്നേഹത്തോടെയാണ് ഘ്യാംഘസോറിന്റെ ഭാര്യ മാണിക്കിനെ യാത്രയാക്കിയത്.
പുഴയോരത്ത് കാത്തുകിടക്കുകയായിരുന്ന കിഴവനെയാണ് മാണിക് ആദ്യംകണ്ടുമുട്ടിയത്. മാണിക്കിനെ കണ്ടതും ജിജ്ഞാസയോടെ അയാള്‍ ചോദിച്ചു,
“നിങ്ങള്‍ എന്റെകാര്യം ഘ്യാംഘസോറിനോട് ചോദിച്ചോ?”
“എല്ലാം ഞാന്‍ പറയാം. അതിനുമുന്‍പ് നിങ്ങളെന്നെ എത്രയുംവേഗം മറുകരയില്‍ എത്തിക്കണം. എനിക്കല്‍പ്പം തിരക്കുണ്ട്”. മാണിക് പറഞ്ഞു. മറുകരയില്‍ കാലൂന്നിയ ഉടന്‍ മാണിക് കിഴവനോട് പറഞ്ഞു, “ഇനി വരുന്ന ഏതെങ്കിലും ഒരാളെ പുഴമധ്യത്തില്‍ എത്തുമ്പോള്‍ താഴെയിടണം. അതോടെ നിങ്ങള്‍ക്ക് സ്വതന്ത്രനായി വീട്ടിലേക്ക് മടങ്ങാം”
“എനിക്ക് സന്തോഷമായി. നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. സത്യം പറഞ്ഞാല്‍ എനിക്ക് നിങ്ങളെ ചുമലിലേറ്റി രണ്ടുതവണ കൂടി ഈ പുഴ മുറിച്ചു കടക്കാന്‍ തോന്നുന്നു.”
“നിങ്ങള്‍ ഇതുവരെ ചെയ്തുതന്ന ഉപകാരങ്ങള്‍ക്ക് നന്ദി. ഇനിയും ഞാന്‍ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല. മാത്രമല്ല, വീട്ടിലേക്ക് മടങ്ങാനുള്ള തിടുക്കത്തിലുമാണ് ഞാന്‍.”
തുടര്‍ച്ചയായി നാലുദിവസങ്ങള്‍ നടന്നതിനൊടുവിലാണ് മാണിക് രോഗിണിയായ മകളുള്ള സമ്പന്നന്റെ വസതിയിലെത്തിയത്. അന്നുരാത്രി മാണിക് അവിടെ അന്തിയുറങ്ങി.
ഏറെ പ്രതീക്ഷയോടെ മാണിക്കിനെ കാത്തിരിക്കുകയായിരുന്നു സമ്പന്നന്‍. കണ്ടതും അയാള്‍ ചോദിച്ചു, “ഘ്യാംഘസോര്‍ എന്റെ മോളെക്കുറിച്ച് എന്തെങ്കിലും പറഞ്ഞോ?”
“പറഞ്ഞു.” മാണിക് അയാളെ ആശ്വസിപ്പിച്ചുകൊണ്ട് കാര്യങ്ങള്‍വിശദീകരിച്ചു.
മാണിക് പറഞ്ഞതു പ്രകാരം വീട്ടുമുറ്റത്തെ പൊത്ത് തിരഞ്ഞ് കണ്ടുപിടിക്കുകയും അതില്‍ നിന്നും ഒരു തലമുടി കണ്ടെടുക്കുകയും ചെയ്തു. നീണ്ട രണ്ടുവര്‍ഷങ്ങള്‍ കിടപ്പുരോഗിയായി കഴിഞ്ഞിരുന്ന പെണ്‍കുട്ടി അതോടെ ആരോഗ്യവതിയായിത്തീര്‍ന്ന് ഓടിച്ചാടി നടക്കാന്‍ തുടങ്ങി. അതുകണ്ട് വീട്ടുകാര്‍ സന്തോഷത്താല്‍ മതിമറന്നു. സമ്പന്നനായ മനുഷ്യന്‍ മാണിക്കിന് ഒട്ടേറെ പാരിതോഷികങ്ങളും ധാരാളം പണവും നല്‍കിയാണ് പറഞ്ഞയച്ചത്. കിട്ടിയ പണവും മറ്റും കൊണ്ടുപോകാന്‍ പത്ത് ഒട്ടകങ്ങളെക്കൂടി പെണ്‍കുട്ടിയുടെ പിതാവ് വിട്ടുകൊടുക്കുകയും ചെയ്തു.
സമാനമായ ആഹ്ലാദമാണ് താക്കോല്‍ കളഞ്ഞുപോയ ധനികന്റെ വസതിയിലും ഉണ്ടായത്. അയാളും സന്തോഷത്താല്‍ മാണിക്കിന് യഥേഷ്ടം പണവും സ്വര്‍ണവും നല്‍കിയാണ് പറഞ്ഞയച്ചത്. പാരിതോഷികങ്ങളും അളവറ്റ പണവും സ്വര്‍ണവുമായി വീട്ടില്‍ തിരിച്ചെത്തിയ മാണിക് പിറ്റേന്ന് തന്നെ രാജാവിനെ കണ്ട് ഘ്യാംഘസോറിന്റെ തൂവല്‍ സമ്മാനിച്ചു. മാണിക്കിന്റെ നേട്ടങ്ങള്‍ മനസ്സിലാക്കിയ ജനങ്ങള്‍ അവനെ വാനോളം വാഴ്ത്തുകയും നാട്ടില്‍ ആവേശകരമായ സ്വീകരണം നല്‍കുകയും ചെയ്തു.
വേണ്ടതിലധികം പരീക്ഷിച്ച രാജാവ് തന്റെ മകളെ മാണിക്കിന് ഉടനെ വിവാഹം ചെയ്തുകൊടുക്കുമെന്ന് അവര്‍ ഒന്നടങ്കം കരുതി. മാത്രമല്ല, രാജാവിന് അതല്ലാതെ ഒരു പോംവഴി ഇല്ലെന്നും അവര്‍ക്ക് അറിയാമായിരുന്നു. ഒടുവില്‍ മനസ്സില്ലാമനസ്സോടെ രാജാവിന് വിവാഹത്തിന് സമ്മതിക്കേണ്ടി വന്നു. തീര്‍ത്തും ആര്‍ഭാടത്തോടെയാണ് രാജാവ് മകളുടെ വിവാഹം നടത്തിയത്. രാജകുമാരിയോടൊപ്പം ആഘോഷപൂര്‍വ്വം ജീവിക്കാനുള്ള സമ്പാദ്യവുമായാണ് മാണിക് മടങ്ങിയെത്തിയതും.
മാണിക്കിന് മകളെ വിവാഹം ചെയ്തുകൊടുത്തതില്‍ രാജാവ് ഒട്ടും സന്തുഷ്ടനായിരുന്നില്ല. ‘ഘ്യാംഘസോറിന്റെ നാട്ടില്‍ ഇത്രയേറെ സമ്പത്തുണ്ടെങ്കില്‍ അവിടംവരെ ഒന്ന് പോയിട്ട് തന്നെ കാര്യം’, രാജാവ് തന്നോട് തന്നെ പറഞ്ഞു.
വിവാഹാഘോഷങ്ങള്‍ കഴിഞ്ഞയുടന്‍ രാജാവ് ഘ്യാംഘസോറിന്റെ നാട്ടിലേക്ക് യാത്ര തിരിച്ചു. പക്ഷെ അദ്ദേഹത്തിന് ഘ്യാംഘസോറിന്റെ കൊട്ടാരത്തില്‍ എത്തിച്ചേരാനേ കഴിഞ്ഞില്ല. കാരണം കൊട്ടാരത്തിലേക്കെത്താനുള്ള യാത്രയില്‍ കടത്തുകാരനായ കിഴവന്‍ പുഴമധ്യത്തില്‍ വച്ച് രാജാവിനെ താഴെയിട്ടു. അപ്രതീക്ഷിതമായി വെള്ളത്തില്‍ വീണ രാജാവ് തന്നെ രക്ഷിക്കാന്‍ കിഴവനോട് കരഞ്ഞുപറഞ്ഞു.
പക്ഷേ, ഒന്നും ചെവിക്കൊള്ളാന്‍ തയ്യാറാവാതെ പുഴ നീന്തിക്കയറിയ കിഴവന്‍ തന്നാലാവുന്നതും തിടുക്കത്തില്‍ നടന്നു. പോകുന്ന വെപ്രാളത്തില്‍ പുഴയില്‍നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗം രാജാവിന് പറഞ്ഞു കൊടുക്കാന്‍ കിഴവന്‍ മറക്കുകയും ചെയ്തു. അതുകാരണം പുഴ മുറിച്ചുകടക്കാന്‍ എത്തുന്നവരെ ചുമലിലേറ്റി ഇന്നും രാജാവ് അവിടെത്തന്നെ കഴിയുകയാണെന്ന് വേണം കരുതാന്‍
നിങ്ങളാരെങ്കിലും എന്നെങ്കിലും ഘ്യാംഘസോറിന്റെ നാട്ടിലേക്ക് പോകാന്‍ പുഴയോരത്ത് എത്തുകയാണെങ്കില്‍ ദയവുചെയ്ത് രാജാവിനോട് അവിടെ നിന്നും രക്ഷപ്പെടാനുള്ള രഹസ്യം പറഞ്ഞുകൊടുക്കണം. അതോടൊപ്പം വളരെ പ്രധാനപ്പെട്ട ഒരു കാര്യം പ്രത്യേകം ഓര്‍മ്മിക്കുകയും വേണം. ഘ്യാംഘസോറിന്റെ നാട്ടില്‍ നിന്നും മടങ്ങും വഴി പുഴ മുറിച്ചുകടന്ന ശേഷം മാത്രമേ മനുഷ്യത്തോണിയായി കഴിയുന്ന രാജാവിനോട് അവിടെനിന്നും രക്ഷപ്പെടാനുള്ള രഹസ്യം പറയാന്‍ പാടുള്ളൂ. അല്ലെങ്കില്‍ അറിയാമല്ലോ,കാര്യങ്ങളാകെ കുഴപ്പത്തിലാവും.
- പൂര്‍ണ ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘മാജന്താലി സര്‍ക്കാര്‍’ എന്ന ബാലകഥാസമാഹാരത്തില്‍ നിന്ന്