അമ്പിളി മാമനാണ്, രാത്രിയായാൽ ആകാശത്തിന്റെ കാരണവർ. അത്താഴത്തിന് പായസച്ചോറുള്ള ദിവസങ്ങളിൽ മൂപ്പർക്ക് പ്രത്യേക ഉത്സാഹമാണ്. അന്നത്തെ നിലാവിന് നല്ല തെളിച്ചം; വല്ലാത്ത ചന്തം!
ഉണ്ടുകഴിഞ്ഞാൽ രോമത്തൊപ്പിയും ടി ഷർട്ടുമിട്ട് അമ്മാവൻ നടക്കാനിറങ്ങും. മേഘങ്ങളോട് കുശലം പറയും. നക്ഷത്രപ്പിളേളരെ ഹോം വർക്കിൽ സഹായിക്കും. നാളെ ഏതെങ്കിലും നാട്ടിൽ വിരിയാനിരിക്കുന്ന മഴവില്ലുകളുടെ അവസാന മിനുക്കുപണികൾക്ക് മേൽനോട്ടം വഹിക്കും.
ആരോ കരയുന്നുണ്ടല്ലോ. അമ്പിളിമാമൻ കാതോർത്തു. ഉണ്ട്, അത് മിന്നുവാണ്. മറ്റു നക്ഷത്രപ്പെൺകൊടികളെപ്പോലെയല്ല. അവൾ ഒരിക്കലും ഉച്ചത്തിൽ നിലവിളിക്കാറില്ല. വിതുമ്പുകയേ ഉള്ളൂ. അതും എന്തെങ്കിലും കാര്യമായ കാര്യമുണ്ടെങ്കിൽ മാത്രം. അവൾക്ക് അച്ഛനുമമ്മയുമില്ല. അമ്പിളി മാമനാണ് അവളുടെ എല്ലാം.
കഴിഞ്ഞ പിറന്നാളിന് മാമൻ അവൾക്കൊരു മൂക്കുത്തി പണിയിച്ചു കൊടുത്തിരുന്നു. ഇന്ന് കുളി കഴിഞ്ഞ് വീണ്ടുമിടാൻ നേരം അത് അബദ്ധത്തിൽ താഴെ വീണുപോയി. താഴെയെന്നു പറഞ്ഞാൽ വളരെ വളരെത്താഴെ. ദൂരെദൂരെദൂരെ അങ്ങു ഭൂമിയിൽ!
“ഇത് നിസ്സാര കാര്യമല്ലേ? ഇതിനാണോ നീ കരയുന്നത്? നമുക്ക് മിന്നൽത്തട്ടാനോട് പറഞ്ഞ് പുതിയൊരെണ്ണം ഉണ്ടാക്കിക്കാമല്ലോ.”
മിന്നുവിന്റെ മുഖം തെളിഞ്ഞില്ല. അവൾ തലതാഴ്ത്തി നിന്നു. വിമ്മിക്കരയുന്നത് തുടർന്നു. മാമന് സങ്കടമായി. “നാളെയാവട്ടെ. ഞാനവിടെച്ചെല്ലാം. എന്തെങ്കിലും മാർഗമുണ്ടോ എന്ന് നോക്കാം.”
നേരം പുലർന്നപ്പോഴാണ് തലേന്ന് പറഞ്ഞതിന്റെ അബദ്ധം മനസിലായത്. കാര്യം ഭൂമിയുടെ കുഞ്ഞനിയനൊക്കെയാണ് ചന്ദ്രൻ. വിരുന്നു ചെല്ലാൻ ഏട്ടത്തി എന്നും വിളിക്കാറുള്ളതുമാണ്. പക്ഷേ എങ്ങനെ പോകും? പോയാൽത്തന്നെ സൂര്യനസ്തമിക്കും മുമ്പ് എങ്ങനെ തിരിച്ചെത്തും?
ഒരു മഴക്കാറ് പുറപ്പെടാൻ തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു. അമ്പിളിമാമൻ രണ്ടും കൽപ്പിച്ച് പുറകിലെ സീറ്റിൽ ഗമയിൽ കയറിയിരുന്നു.
” ഞാനുമുണ്ട്,” മാമൻ പറഞ്ഞു. “അധികം സ്പീഡൊന്നും വേണ്ട കേട്ടോ. അപകടമൊന്നുമുണ്ടാക്കാതെ പതുക്കെപ്പോയാൽ മതി.”

യാത്ര മൂപ്പർക്ക് നന്നേ രസിച്ചു. എന്തെന്തൊക്കെ കാഴ്ചകളാണ്? കുലച്ച മഴവില്ലുകൾ, പലതരം പറവകൾ, പട്ടങ്ങൾ, പാഞ്ഞു പോകുന്ന വിമാനങ്ങൾ.
“എവിടെ നിർത്തണം,” കാറ് ചോദിച്ചു. ചന്ദ്രൻ ചുറ്റിലും നോക്കി. ദൂരെ ഒരു പുഴ. അതിൽ നിറയെ ആമ്പലുകൾ. ചന്ദ്രന്റെ ഇഷ്ടക്കാരാണല്ലോ അവർ. ”അവിടെ മതി കേട്ടോ. അവിടെ മതി,” മൂപ്പർ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
ആമ്പൽപ്പെണ്ണുങ്ങൾക്കുണ്ടായ സന്തോഷം പറയണോ! അവരെല്ലാം ഉറക്കം വിട്ടെഴുന്നേറ്റ് പാഞ്ഞുവന്നു. ചിലർ ഇത് സത്യം തന്നെയാണോ എന്നറിയാൻ അമ്പിളിമാമനെ നുള്ളി നോക്കി. ചിലർ ഉമ്മ വച്ചു. ചിലർ കെട്ടിപ്പിടിച്ചു. ചിലർ കരഞ്ഞു.
ഉച്ചയൂണിന് ഇല്ലാത്ത വിഭവങ്ങളൊന്നുമില്ല. പായസം തന്നെ എട്ടുകൂട്ടം. ഊണു കഴിഞ്ഞ് ഏമ്പക്കവും വിട്ടപ്പോൾ അമ്മാവന് കലശലായ ഉറക്കം വന്നു.
“എന്റെ മൂക്കുത്തി…” സ്വപ്നത്തിൽ മിന്നു ചോദിക്കുന്നു. അമ്മാവൻ ഉറക്കം ഞെട്ടി. കണ്ണു തിരുമ്മി. വൈകുന്നേരമായല്ലോ. ഇനി മൂക്കുത്തി കണ്ടെത്തണം. ആകാശത്തേക്കു തിരിച്ചുപോണം. ആകെ വെപ്രാളമായി. മാമൻ പ്രിയതമകളോട് കാര്യം പറഞ്ഞു. “വഴിയുണ്ടാക്കാം,” ആമ്പലുകൾ ചിരിച്ചു.
വരാൽ മാഷും കുട്ട്യോളും ഉൾക്കടലിലെ എസ്കർഷൻ കഴിഞ്ഞ് ഘോഷമായി മടങ്ങി വരുന്നുണ്ടായിരുന്നു.
” ഒരു മൂക്കുത്തിയുടെ കാര്യം അവിടെ ആരെങ്കിലും പറയുന്നത് കേട്ടോ മാഷേ?” ആമ്പലുകൾ ചോദിച്ചു. സാധാരണ മൂക്കുത്തിയല്ല. മിന്നു എന്ന താരകപ്പെൺകിടാവിന്റെ നല്ല തിളക്കമുള്ള മൂക്കുത്തിയാണ്. ഇന്നലെ അബദ്ധത്തിൽ മാനത്തുനിന്നു താഴെ വീണതാണ്.”
“കേട്ടോന്നോ!” വരാൽ മാഷ് ചിരിച്ചു. “അവിടെ പത്രമായ പത്രത്തിലും ചാനലായ ചാനലിലും എല്ലാം ഇന്നു മുഴുവൻ ഇതായിരുന്നു വാർത്ത. അതിരിക്കട്ടെ നിങ്ങളിതെങ്ങനെ അറിഞ്ഞു? ആരെങ്കിലും ഫെയ്സ്ബുക്കിലോ മറ്റോ ഇട്ടോ?”
“അതൊന്നുമല്ല, ആ മൂക്കുത്തിയും തേടി സാക്ഷാൽ അമ്പിളി മാമൻ ആകാശത്തുനിന്ന് ഇവിടെ ഭൂമിയിൽ വന്നിട്ടുണ്ട്, ” ആമ്പലുകൾ പറഞ്ഞു.

“എവിടെ?” മാഷിനും പിള്ളേർക്കും ആ അത്ഭുതം കാണാൻ ധൃതിയായി. എല്ലാവർക്കും വലിയ സന്തോഷം. പിന്നെ സെൽഫിയെടുക്കൽ, മേളം, ബഹളം.” വേഗമാകട്ടെ! ഇനി നേരം അധികമില്ല.” അമ്പിളിമാമൻ അക്ഷമനായി.
എല്ലാവരും ചേർന്ന് പെട്ടെന്ന് ഒരു വഞ്ചി ഒരുക്കി. കടലിലേക്കുള്ള ആ യാത്ര എളുപ്പമാക്കാൻ പുഴ വേഗത്തിൽ ഒഴുകി. വെപ്രാളമെല്ലാം തീർന്ന് പുഞ്ചിരി പൊഴിച്ചുകൊണ്ട് മാമൻ തോണിയിൽ ഇരുന്നു.
നിലാവും വൈകുന്നേരത്തെ വെയിലും ഒരുമിച്ചുചേർന്ന് പുഴയെ സുന്ദരികളിൽ സുന്ദരിയാക്കി. പൂഴിമണ്ണിൽ ഫുട്ബോൾ കളിക്കുകയായിരുന്ന കുറച്ചു കുട്ടികൾ മാത്രമേ ആ അപൂർവമായ കാഴ്ച കാണുകയുണ്ടായുള്ളൂ. അവർ ഇമ ചിമ്മാതെ ഏറെനേരം അതു നോക്കിനിന്നു.
ലക്ഷ്യസ്ഥാനത്തെത്തിയപ്പോഴോ! തിരമാലകൾ ആർപ്പുവിളിച്ചു കൊണ്ട് ചന്ദ്രനെ വരവേറ്റു. പവിഴപ്പുറ്റുകൾ അടിത്തട്ടിൽനിന്നുയർന്നു വന്ന് അഭിവാദ്യങ്ങളർപ്പിച്ചു. നക്ഷത്ര മത്സ്യങ്ങൾ മുതൽ തിമിംഗലങ്ങൾ വരെ ആകാശത്തിലെ ഹീറോയെക്കാണാൻ തിരക്കിട്ട് വന്നുചേർന്നു. കടലാകെ ഇളകി മറിഞ്ഞു.
“മതി, മതി,” മൂപ്പർ മുഷിഞ്ഞു. “സൂര്യൻ ചേട്ടൻ അതാ അസ്തമിക്കാൻ പുറപ്പെടുന്നു. എത്രയും വേഗം എനിക്ക് മാനത്ത് മടങ്ങിയെത്തണം. എവിടെ എന്റെ മിന്നു മോളുടെ മൂക്കുത്തി?”
” ക്ഷമിക്കണം മോനേ…” കടൽ പറഞ്ഞു. രാത്രിയിൽ അതിവിടെ വന്നുവീണു എന്നത് നേരാണ്. ഭംഗിയുള്ള ആ കുഞ്ഞു മൂക്കുത്തി ഞങ്ങളെല്ലാവരും കണ്ടതുമാണ്. പക്ഷേ എന്തു ചെയ്യാം? വിവരമില്ലാത്ത ഒരു കൊമ്പൻ സ്രാവ് അത് വിഴുങ്ങിക്കളഞ്ഞു. അവനെയാണെങ്കിൽ ഇപ്പോൾ കാണാനുമില്ല.”
ചന്ദ്രന് കാര്യം തിരിഞ്ഞു. “നീ എന്നെ ഒന്നു പൊക്കിക്കേടാ,” മൂപ്പർ കടൽക്കാറ്റിനോട് പറഞ്ഞു. ഇനി വല്ല വള്ളത്തിലും നോക്കാം. വെള്ളത്തിൽ തിരഞ്ഞിട്ട് കാര്യമില്ല!
നോക്കുമ്പോൾ സത്യമാണ്. പുറങ്കടലിലെ ഒരു തോണിയിൽ അതാ നമ്മുടെ കൊമ്പൻ സ്രാവ് ശ്വാസത്തിനായി പിടയുന്നു. അവന്റെ പള്ളയിൽ പത്തു തിരപ്പാടകലെപ്പോലും തിളക്കം ചെല്ലുന്ന മൂക്കുത്തി!

” ഞാനിപ്പോൾ ഒരു മുക്കുവന്റെ പിടിയിലാണല്ലോ മാമാ…” മത്സ്യം ഏങ്ങിവലിച്ചു കൊണ്ട് തുടർന്നു. “അയാളോട് പറഞ്ഞ് എന്നെ പെട്ടെന്ന് മോചിപ്പിക്ക് മാമാ. മൂക്കുത്തി മാത്രമല്ല, പണ്ട് വിഴുങ്ങിയ മാമന്റെ ഒരു സ്വർണപ്പല്ലും തിരിച്ചുതന്നേക്കാം.”
മുക്കുവനോട് അമ്പിളിമാമൻ കാര്യം പറഞ്ഞു. അയാളുടെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു.
“രാവിലെ മുതൽ വലയെറിഞ്ഞു കിട്ടിയതാണ്. എന്റെ ഒരാഴ്ചത്തെ ചോറാണ്. എങ്കിലും സാരമില്ല. അമ്പിളി മാമനെപ്പോലൊരാൾ പറഞ്ഞാൽ വിട്ടയക്കാതിരിക്കാൻ എനിക്ക് കഴിയുമോ?”
“പകരം പറ്റുമെങ്കിൽ മാമൻ എന്റെ കുടിലു വരെ ഒന്നു വരണം. എന്റെ മോൾക്കത് വലിയ സന്തോഷമാവും.”
അമ്പിളിമാമൻ സമ്മതിച്ചു. എന്തായാലും മൂക്കുത്തി കിട്ടിയല്ലോ. ഒപ്പം ഒരിക്കലും തിരിച്ചുകിട്ടില്ലെന്നു കരുതിയ സ്വർണപ്പല്ലും!
“വേഗം വേണം കേട്ടോ,” മൂപ്പർ വീണ്ടും വെയിറ്റിട്ടു. “എനിക്ക് ഇരുട്ടും മുമ്പ് ആകാശത്തിൽ മടങ്ങിയെത്തേണ്ടതാണ്.”
അതു പക്ഷേ ആരും കേൾക്കുന്നുണ്ടായിരുന്നില്ല. കാരണം ആ കടപ്പുറത്തുള്ള മുഴുവൻ ആളുകളും മുക്കുവന്റെ വീട്ടിലേക്കുള്ള യാത്രയിൽ അമ്പിളി മാമനൊപ്പം ചേർന്നിരുന്നു.
കപ്പലണ്ടിക്കാർ, പഞ്ഞി മുട്ടായിക്കാർ, ബലൂണുകളും കളിപ്പാട്ടങ്ങളും വിൽക്കുന്നവർ, ഐസ് ക്രീം കച്ചവടക്കാർ, കാറ്റു കൊള്ളാൻ വന്നവർ, പട്ടം പറത്തുന്നവർ, നടക്കാനിറങ്ങിയവർ, വിവരമറിഞ്ഞെത്തിയ ടി വി ചാനലുകാർ… അവരുടെ ശബ്ദ കോലാഹലത്തിൽ അമ്പിളിമാമന്റെ അഭ്യർത്ഥന മുങ്ങിപ്പോയി.
അൽപ്പനേരം കൊണ്ട് അവരേവരും മുക്കുവന്റെ വീട്ടിലെത്തി. വീടെന്നു പറഞ്ഞാൽ ടാർപോളിൻ കൊണ്ട് മറച്ച ഒരു പുര. മുറ്റത്ത് ഒരു ചൂടിക്കട്ടിൽ. ചുമരിൽ മെലിഞ്ഞു ക്ഷീണിച്ച ഒരു സ്ത്രീയുടെ ഫോട്ടോ. അവരുടെ മുഖത്ത് പതിവിലും വലുപ്പത്തിൽ ഒരു മൂക്കുത്തി !
ഉമ്മറത്ത് ഒരു പെൺകുട്ടി ചുമരിനു തിരിഞ്ഞിരുന്ന് ഗൃഹപാഠം ചെയ്യുന്നുണ്ടായിരുന്നു. “മിന്നൂ…” എന്ന് മുക്കുവൻ വിളിച്ചപ്പോൾ “ദാ വരുന്നച്ഛാ” എന്നു പറഞ്ഞ് അവൾ ഓടി വന്നു.
മുറ്റത്ത് സാക്ഷാൽ അമ്പിളിമാമനെ കണ്ടപ്പോൾ ഇതു സത്യം തന്നെയാണോ എന്നറിയാൻ അവൾ സ്വയം നുള്ളിനോക്കി. പിന്നെ മാമനെ തൊട്ടുനോക്കി. വിശ്വസിക്കാനാവാതെ അമ്പിളിമാമനെ കെട്ടിപ്പിടിച്ചു. അവൾ കരഞ്ഞു.

“ഞാൻ കടലിൽ തോണിയുമായിപ്പോയാൽ പിന്നെ മടങ്ങിവരുന്നത് രണ്ടും മൂന്നും ദിവസം കഴിഞ്ഞാണ് മാമാ. രാത്രിയിൽ നിങ്ങളെക്കാണിച്ചാണ് അവളുടെ അമ്മ മോൾക്ക് ചോറ് കൊടുക്കുന്നതും തോളിലിട്ട് പാട്ടുപാടി ഉറക്കുന്നതും…” മുക്കുവന്റെ കണ്ണുകൾ നനഞ്ഞു.
“എന്നിട്ട് അവരെവിടെ,” അമ്പിളി മാമൻ ചോദിച്ചു. ഏറെ നേരം ആരും ഒന്നും മിണ്ടിയില്ല.
” കോവിഡ് വന്ന് അവൾ പോയി മാമാ.// എന്റെ കുഞ്ഞ് ഒറ്റയ്ക്കായി!” അയാളുടെ പരുക്കൻ ശബ്ദം ഇടറി.
അമ്പിളിമാമൻ വല്ലാതെയായി. ദുഃഖങ്ങൾ മൂപ്പർക്ക് അധികം ശീലമില്ലായിരുന്നു. നിലാവും പൊഴിച്ച് ആകാശത്തിലങ്ങനെ നടക്കുമെന്നല്ലാതെ. ഈ ഭൂമിയിൽ നിറയെ സങ്കടങ്ങളാണല്ലോ. മാമൻ വിചാരിച്ചു.
ഒരമ്മൂമ്മയും കുറച്ചു പിള്ളേരും എല്ലാവർക്കും കട്ടൻ ചായയും ബിസ്കറ്റും കൊണ്ടുവന്നു. ശോകമൂകമായ അന്തരീക്ഷം ഒന്നയഞ്ഞു. അമ്മ അവളെ ഉറക്കാറുള്ള വരികൾ മിന്നു അമ്പിളി മാമനുവേണ്ടി പാടാൻ തുടങ്ങി.
“അമ്പിളിയമ്മാവാ
താമരക്കുമ്പിളിലെന്തുണ്ട്?
കുമ്പിട്ടിരിപ്പാണോ മാനത്തെ കൊമ്പനാനപ്പുറത്ത്?”
ആ പാട്ട് ശരിക്കും പാടിയ ഗായികയുടേതു പോലെ മധുരമുളള സ്വരമായിരുന്നു അവൾക്കും. മാമൻ അതു ശ്രദ്ധിച്ചു.
മിന്നുവിന്റെ ശ്രദ്ധ മുഴുവൻ പക്ഷേ അമ്പിളി മാമന്റെ കൈയിലെ മൂക്കുത്തിയിലായിരുന്നു. അതുകൊണ്ട് വാക്കുകൾ പലയിടത്തും തെറ്റി.
“ഇത് എന്റെ അമ്മയുടെ മൂക്കുത്തിയാണല്ലോ,” പാട്ട് ഒരു വിധം തീർത്ത് അവൾ ആകാക്ഷയോടെ ചോദിച്ചു. “മാമനിതെവിടുന്ന് കിട്ടി? കടലിൽ നിന്നാണോ?”
അമ്പിളി മാമൻ വല്ലാതെയായി. മുക്കുവന് അതിലേറെ പ്രയാസമായി. ലോക്ക് ഡൗണും പ്രിയതമയുടെ അസുഖവും മൂലം വീട്ടിലെ അവസാന തരി പൊന്ന് പോലും അയാൾക്ക് വിൽക്കേണ്ടി വന്നിരുന്നു. കടലിൽ വീണതാണെന്ന് അയാൾ മകളോട് കള്ളവും പറഞ്ഞിരുന്നു.
“പുതുക്കിപ്പണിയാൻ കൊടുക്കാമെന്നു വിചാരിച്ച് കീശയിലിട്ടതാ. എന്തു ചെയ്യാനാ? വല്ല മീനും വിഴുങ്ങിക്കാണും. ഇനി എപ്പോഴെങ്കിലും വലയിൽ കുടുങ്ങുകയാണെങ്കിൽ നോക്കാം.”
“ഇത് അമ്മയുടെ മൂക്കുത്തിയൊന്നുമല്ല,” മുക്കുവൻ മിന്നുവിനോട് ദേഷ്യപ്പെട്ടു. “ആകാശത്തിലെ ഒരു നക്ഷത്രത്തിന്റെയാ. അതുമന്വേഷിച്ചാ ഇക്കണ്ട ദൂരമത്രയും അമ്പിളി മാമൻ വന്നത്.”
അവൾ അതു വിശ്വസിച്ചില്ല. “ആണോ മാമാ? ശരിയാണോ? ഇതെന്റെ അമ്മയുടെ മൂക്കുത്തി തന്നെയാ. അതേ വലുപ്പം. അതേ തിളക്കം. ഞാൻ അഞ്ചാം ക്ലാസിലെത്തുമ്പോൾ ഇതെനിക്കിട്ടു തരാമെന്ന് അമ്മ വാക്കു പറഞ്ഞിരുന്നതാ,” അവൾ നിശബ്ദം കരയാൻ തുടങ്ങി.
അമ്പിളി മാമന് വല്ലാത്ത സങ്കടം വന്നു. ” ഇതു മോളുടെ അമ്മയുടെ മൂക്കുത്തി തന്നെ,” മാമൻ നുണ പറഞ്ഞു “ഞാൻ തന്നെ ഇതു മോളെ അണിയിക്കാം!”

മൂക്കു തുളച്ചപ്പോൾ അവൾക്ക് വേദനിച്ചതേ ഇല്ല. നിലാവേറ്റാൽ ആർക്കെങ്കിലും വേദനയറിയുമോ. മിന്നു മോൾക്ക് സന്തോഷമായി. അവളുടെ മുഖത്ത് മൂക്കുത്തി, നക്ഷത്രം പോലെ തിളങ്ങി.
ഇതും പ്രതീക്ഷിച്ച് ആകാശത്ത് കൺചിമ്മാതെ കാത്തിരിക്കുന്ന മറ്റൊരു പെൺകിടാവിനെക്കുറിച്ചോർത്തപ്പോൾ മനസിൽ സങ്കടം അലയടിച്ചെങ്കിലും ആ ദിവസത്തിലാദ്യമായി എന്തുകൊണ്ടോ വലിയ ചാരിതാർത്ഥ്യം അമ്പിളി മാമന് അനുഭവപ്പെട്ടു. എല്ലാ ദുഃഖങ്ങളെയും അത് മായ്ച്ചുകളഞ്ഞു.
“ഇനിയെനിക്ക് പോകാമല്ലോ!” ഒട്ടും ധൃതിയില്ലാതെ മാമൻ ആളുകളോട് പറഞ്ഞു.
എല്ലാവരും ചേർന്ന് ഒരു കൂറ്റൻ കയർ കൊണ്ടുവന്നു. കടപ്പുറത്തെ ഏറ്റവും പൊക്കമുള്ള രണ്ടു കാറ്റാടി മരങ്ങളുടെ ഉച്ചിയിൽ അതു കെട്ടി. വലിയ പത്രാസിൽ അമ്പിളി മാമൻ ആ ഊഞ്ഞാലിൽ ഇരുന്നു.
‘ഏലേലയ്യാ ഐലസാ, അമ്പിളി മാമാ ഐലസാ…’ എന്ന് ഈണത്തിൽപ്പാടി എല്ലാവരും ആവുന്നത്ര ആയത്തിൽ ചന്ദ്രനെ ആകാശത്തിൽ തിരികെയെത്തിക്കാൻ നോക്കി. വല്ല കാര്യവുമുണ്ടോ? എത്ര ഉയരത്തിലാണ് ആകാശം? ഒരു എട്ടു നിലക്കെട്ടിടത്തിന്റെ പൊക്കത്തിലെത്തിയതും ഊഞ്ഞാൽ പോയതിലും വേഗത്തിൽ തിരിച്ചു വന്നു. “ഇനിയെന്താ ഒരു വഴി?” ആൾക്കൂട്ടം തല പുകഞ്ഞാലോചിച്ചു.
കുറച്ചകലെയായി ഒരു ക്രിസ്മസ് കരോൾ സംഘം ഒരുങ്ങുന്നുണ്ടായിരുന്നു. കഴിഞ്ഞ വർഷം ലോകം കോവിഡ് മഹാമാരിയുടെ പിടിയിലമർന്നതിന്റെ സങ്കടം തീർക്കാൻ ഇത്തവണത്തെ ആഘോഷം കെങ്കേമമായിട്ടായിരുന്നു.
ചുവന്ന കുപ്പായവും കൂർത്ത തൊപ്പിയും നരച്ച താടിയും പുഞ്ചിരിക്കുന്ന മുഖവുമുള്ള സാന്താക്ലോസിനെ കുറച്ചുപേർ ചേർന്ന് അമ്പിളി മാമന്റെ അരികിൽ കൊണ്ടുവന്നു. അവർ പരസ്പരം അഭിവാദ്യം ചെയ്തു. കെട്ടിപ്പിടിച്ചു. ഉമ്മ വച്ചു. ബാന്റുമേളം മുഴങ്ങി. കരോൾ ഗാനം ഉച്ചത്തിലായി. നൃത്തച്ചുവടുകൾ മുറുകി.
ക്രിസ്മസ് അപ്പൂപ്പൻ ഒന്നു തൊട്ടതേയുള്ളൂ, അത്ഭുതം, ഊഞ്ഞാൽ ഉയർന്നു പറക്കാൻ തുടങ്ങി. നിമിഷ നേരം കൊണ്ട് അമ്പിളി മാമനെ ആകാശത്തിൽ തിരിച്ചെത്തിച്ച് അത് ഒന്നുമറിയാത്തതു പോലെ മടങ്ങിവന്നു.
അൽപ്പം മടിച്ചാണെങ്കിലും ഭൂമിയിലുണ്ടായ സകല സംഭവങ്ങളും അമ്പിളി മാമൻ മിന്നുവിനോട് വിശദമായിത്തന്നെ പറഞ്ഞു. അവൾ പിണങ്ങിയില്ല, സങ്കടപ്പെട്ടില്ല, കരഞ്ഞതുമില്ല.
“നന്നായി മാമാ! എനിക്ക് വിഷമമൊന്നുമില്ല. അവളും ഒരമ്മയില്ലാക്കുട്ടിയല്ലേ? പിന്നെ, അവളുടെ പേരും മിന്നുവെന്നല്ലേ…”
“നീ ശരിക്കും പറയുന്നതാണോ?” അയാൾക്ക് ശങ്കയായി. “അല്ലെന്ന് മാമന് തോന്നുന്നുണ്ടോ?” അവൾ പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു. അതു കണ്ടപ്പോൾ അമ്പിളി മാമന് സമാധാനമായി.
“എന്നു വച്ച് ഞാൻ വെറും കൈയോടെയാണ് മടങ്ങിവന്നതെന്ന് നീ വിചാരിക്കരുത് മിന്നു,” കിലുകിലുങ്ങനെ കിലുങ്ങുന്ന ഒരു ജോഡി വെള്ളിപ്പാദസരങ്ങൾ കീശയിൽ നിന്നെടുത്തു കാട്ടി അമ്പിളിമാമൻ ചിരിച്ചു. ” ഇതു നിനക്കു തരാൻ തിരമാലകൾ എന്നെ ഏൽപ്പിച്ചതാണ്. ക്രിസ്മസ് അപ്പൂപ്പൻ തന്ന സമ്മാനങ്ങൾ വേറെയുമുണ്ട്.”
“ഹായ്, അവളുടെ കണ്ണുകൾ വിടർന്നു. മുഖത്തെ പുഞ്ചിരി കൂടുതൽ വിരിഞ്ഞു. “ഇരിക്ക് മാമാ ഞാൻ ഇത് കാലിൽ അണിഞ്ഞിട്ടു വരാം,” തുള്ളിച്ചാടിക്കൊണ്ട് അവൾ വീട്ടിനകത്തേക്ക് പോയി.

Read More: സുനീഷ് കൃഷ്ണന്റെ മറ്റ് രചനകള് ഇവിടെ വായിക്കാം
സമ്മാനങ്ങളെല്ലാം എടുത്തിട്ടും കോട്ടിന്റെ കീശയിൽ എന്തോ ബാക്കിയിരിക്കുന്നുണ്ടെന്ന് ചന്ദ്രന് തോന്നി. ഉണ്ട്. ആളെക്കണ്ടപ്പോൾ ചന്ദ്രൻ ഞെട്ടിപ്പോയി. ഒരാമ്പൽപ്പെണ്ണ്! അവൾ ആരും കാണാതെ പോക്കറ്റിൽ കയറി ഒളിച്ചിരുന്നതാണ്.
“എന്നോട് ദേഷ്യം തോന്നരുത്… ” കരയാറായ ശബ്ദത്തിൽ ആമ്പൽപ്പൂവ് പറഞ്ഞു. “ഇനിയും നിങ്ങളെപ്പിരിഞ്ഞ് ഭൂമിയിൽ ഒറ്റക്ക് കഴിയാൻ എനിക്ക് പറ്റുകയില്ല.”
” അതല്ല,” ചന്ദ്രൻ ഗൗരവക്കാരനായി. “വെളളമില്ലാത്ത ഈ ബഹിരാകാശത്തിൽ നീ എങ്ങനെ വളരും, പ്രിയേ? നീ വാടിക്കരിഞ്ഞു പോകുകയില്ലേ?”
“ഇക്കണ്ട മഴയെല്ലാം പുറപ്പെടുന്ന ആകാശത്തിൽ ഒട്ടും വെള്ളമില്ലെന്നോ?!” ആമ്പലിന് അത്ഭുതമായി. “നിങ്ങളൊക്കെപ്പിന്നെ എന്തു കുടിച്ചാണ് ദാഹം മാറ്റുന്നത്?”
“പകൽ വെയിലും രാത്രിയിൽ നിലാവും…” ചന്ദ്രൻ ഗൗരവത്തിൽ തന്നെ തുടർന്നു.
” അതു മതി,” ആമ്പൽ അതിമനോഹരമായിച്ചിരിച്ചു. “ഞാൻ നിലാവിൽ നീരാടി ജീവിച്ചു കൊള്ളാം. “
അവളുടെ ആത്മവിശ്വാസം അമ്പിളിമാമന് ഇഷ്ടമായി. അവൾ രണ്ടും കൽപ്പിച്ചാണ്. ഇനി പറഞ്ഞിട്ട് കാര്യമില്ല.
അപ്പോഴേക്കും ആകാശത്തിലെ പുതുപ്പെണ്ണിനെക്കാണാൻ സൗരയൂഥം മുഴുവൻ അവിടെ വന്നു ചേർന്നിരുന്നു. താരകഗണങ്ങൾ, മേഘങ്ങൾ, മഴവില്ലുകൾ, ആകാശ ഗോളങ്ങൾ, കൊള്ളിമീനുകൾ, വാൽ നക്ഷത്രങ്ങൾ…
പട്ടുപാവാടയുടത്ത്, പാദസരമിട്ട്, അമ്പിളി മാമനുള്ള പായസച്ചോറുമായി മിന്നു ഉമ്മറത്തേക്ക് വന്നപ്പോൾ മുറ്റത്തതാ ഒരാൾക്കൂട്ടം. അവൾക്ക് പരിഭ്രമമായി.
“നിനക്ക് ഒരു സമ്മാനം കൂടെയുണ്ട് മിന്നൂ,” ചന്ദ്രന് പിറകിൽ നാണം പൂണ്ട് ഒളിച്ചിരിക്കുന്ന ആമ്പൽപ്പെണ്ണിനെ മുന്നിലേക്ക് നീക്കി നിർത്തി മേഘ മുത്തശ്ശി പറഞ്ഞു ” ഇതാ, ഇനിയുള്ള കാലത്തേക്ക് ഒരമ്മ.”