നാടാർ സാർ

“ഇടവേളയിൽ ഒരു പെട്ടി തുറന്ന് അലക്കിയ തൂവെള്ള ടൗവ്വലെടുത്ത് കാർമൽ വീരന്മാർ മുഖം തുടച്ചു. എന്നിട്ട് കുപ്പി പൊട്ടിച്ച് കളർ സോഡ കുടിച്ചു. ഞങ്ങൾക്ക് ഒരു അലൂമിനിയം ബക്കറ്റിൽ കുടിവെള്ളം വച്ചിരുന്നു. ഞങ്ങളത് കോരിക്കുടിച്ചു” സുന്ദര രാമസ്വാമി രചിച്ച തമിഴ് കഥയ്ക്ക് കെ എൻ ഷാജിയുടെ മലയാള മൊഴിമാറ്റം

sundara ramaswamy, story , iemalayalam

ഈയിടെയായി നാടാർ സാറിനെ എപ്പോഴും ഓർക്കും. എനിക്കും വയസ്സായി. നാടാർ സാറിനെപ്പോലെ മരണം എന്നെയും പിടികൂടുമോയെന്ന വിചാരം അലട്ടുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമായി എത്രയോ പേർ എന്നെ വിട്ടുപോയി. അരമണിക്കൂർ യാത്രയുടെ അകലമേയുള്ളൂ. കൂടെക്കൂടെ ചെന്നുകണ്ടില്ലെന്ന പശ്ചാത്താപം മനസ് നീറ്റുന്നു. എങ്കിലും സാറ് ഗ്രാമം വിട്ടുപോയിട്ടില്ലെന്ന ചിന്ത ആശ്വാസം നൽകുന്നുണ്ട്.

ഞാനും എന്റെ ഏകാന്തതയും ഓർമകളും മാത്രമേ ഇപ്പോഴുള്ളൂ. അമ്പത് വർഷം മുമ്പ് ഞാൻ, സേതുപാർവതീ ഭായ് സ്കൂളിൽ പഠച്ചിരുന്ന കാലത്തെ സംഭവങ്ങൾ ഈ ആർ എസ് സാർ (വട്ടപ്പേര് കാരാബൂന്തി) ആയിരുന്നു ഞങ്ങളെ കണക്ക് പഠിപ്പിച്ചിരുന്നത്. ആ മാസം കണക്ക് പരീക്ഷയിൽ പതിമൂന്ന് പേർക്ക് വട്ടപ്പൂജ്യം. അതിൽ ഞാനുമുണ്ട്.

“ഒന്നിനും കൊള്ളാത്ത ജന്തുക്കൾ! ഈയാഴ്ച ഞാൻ നിങ്ങളെ കയ്യൊഴിയും. ഇനി വരുന്നത് ഏകാംബര നാടാർ ആണ്. അയാൾ നിങ്ങളോട് മല്ലടിക്കട്ടേ,” ആർ എസ് ഒച്ചവച്ചു.

നാടാർ സാറിനെപ്പറ്റി ഞങ്ങൾ പലതും ഭാവന ചെയ്തു. “അദ്ദേഹം സൈക്കളിലാണ് വരുന്നത്,” ഒരുത്തൻ പറഞ്ഞു. ആരും അത് വിശ്വസിച്ചില്ല. ഞങ്ങൾ പലരോടും അന്വേഷിച്ചു. മിക്ക അധ്യാപകരും കുടപിടിച്ചാണ് വരുന്നത്. കുടയില്ലെങ്കിൽ അവർക്ക് നടക്കാനാവില്ലെന്ന് തോന്നും. ചിലർ കുതിരവണ്ടിയിൽ വരും. യുദ്ധത്തിൽ പരുക്കേറ്റ ഭടനെ പോലെ കാലിൽ ഒരു കെട്ടുമായി എസ് പി ബി സാർ ഒറ്റക്കാളവണ്ടിയിൽവന്ന് നിരങ്ങിനിരങ്ങി കയറി കസേരയിലിരിക്കും. തെരുവിലൂടെ സൈക്കളിൽ വരുന്നത് നാണക്കേടാണെന്ന് നാടാർ സാറിന് അറിയില്ലായിരിക്കും.

നാടാർ സാർ കാസിൽ വന്നു. ഒരു കാഴ്ചവസ്തുവിനെയെന്നപ്പോലെ ഞങ്ങൾ അദ്ദേഹത്തെ നോക്കി. വിചാരിച്ചതിൽനിന്നു വളരെ വ്യത്യസ്തനായിരുന്നു അദ്ദേഹം. കുടുമ അല്ലെങ്കിൽ ക്രോപ്പ്, ചന്ദനപ്പൊട്ട് അല്ലെങ്കിൽ ഭസ്മക്കുറി, ഡബിൾ മുണ്ട്, തലേക്കെട്ട്, കൈഘടികാരം അല്ലെങ്കിൽ ചങ്ങലയിട്ട പോക്കറ്റ് വാച്ച്. മുഖത്ത് കടുത്ത ഗൗരവം, എപ്പോഴും കുത്തുവാക്ക്, എന്ത് മികവ് കാട്ടിയാലും തൃപ്തിയാവാത്ത പരിഹാസം, എല്ലാവരെയും അടിച്ചമർത്തുന്ന സാമർത്ഥ്യം. ഇതായിരുന്നു അധ്യാപകരുടെ മുഖമുദ്ര.

sundara ramaswamy, story , iemalayalam

നാടാർ സാർ ക്ലാസിൽ വന്നപ്പോൾ പെൺകുട്ടികളടക്കം എല്ലാവരും തലകുത്തി വാപൊത്തി ചിരിച്ചു. തെരുവിലലയുന്ന ഒരാൾ വന്ന് കയറിയതുപോലെ തോന്നി. മുള്ളൻ പന്നിയുടെ എഴുന്നുനിൽക്കുന്ന മുടി. അതിലൂടെ ഇടയ്ക്കിടെ വിരലോടിച്ചുകൊണ്ടിരിക്കും. അപ്പോൾ കുറ്റിമുടികൾ ഓരോന്നായി എഴുന്നേറ്റ് നിൽക്കും.

താൻ ഒരു പരിഹാസപാത്രമാണെന്ന് അദ്ദേഹത്തിന് മാത്രമറിയില്ല. സാർ, പിരിച്ച മീശയുടെ അറ്റത്തേക്ക് നോക്കിക്കൊണ്ടിരിക്കും. ഖദർ മുണ്ട്, ഖദർ ജുബ്ബ, ടയർ ചെരുപ്പ്, വാച്ചില്ലാത്ത കൈത്തണ്ട, കീശയിൽ പേനയ്ക്ക് പകരം രണ്ടറ്റവും കൂർപ്പിച്ച പെൻസിൽ. (രണ്ടറ്റവും കൂർപ്പിച്ചതിനു മറ്റ് മാഷന്മാർ ഞങ്ങളെ ശിക്ഷിച്ചിരുന്നു).

“കണക്കിന്റെ ആദിയും അന്തവും ഞാൻ തന്നെ മറന്നുപോയി. ഇനി ആദ്യം മുതലേ തുടങ്ങണം,” ഇത്രയും പറഞ്ഞ് സാർ ചിരിച്ചു.

” കണക്ക് നോട്ട് എടുക്കമ്മാ,” മുന്നിലിരുന്ന വിലാസിനിയോട് സാർ പറഞ്ഞു.

വിദ്യാർത്ഥിനിയെ “അമ്മ” എന്ന് സംബോധന ചെയ്യുന്നത് കേട്ട് കുട്ടികൾ ചിരിച്ചു.

“എന്നെ കണ്ടാൽ നിങ്ങൾക്ക് ചിരിവരുന്നുണ്ടോ,” എന്ന് ചോദിച്ച് സാറും ചിരിയിൽ പങ്കുചേർന്നു.

നാടാർ സാർ ഓരോ പേജും മറിച്ചുനോക്കി. “എനിക്കു തന്നെ ഒന്നും മനസിലാകുന്നില്ല,” അദ്ദേഹം പറഞ്ഞു. ഇതുകേട്ട് ക്ലാസ് മുഴുവൻ ചിരിച്ചു. സാർ എല്ലാവരെയും സൂക്ഷിച്ചു നോക്കി.

“അത്രയൊന്നും വിഷമമില്ല. എളുപ്പം ചെയ്യാം,” നാഗരാജൻ പറഞ്ഞു. സാർ നാഗരാജനെ ശ്രദ്ധിച്ചു നോക്കി.

“കണക്കിന് എത്ര മാർക്ക്, തമ്പീ?”

“നൂറ്,” നാഗരാജന്റെ മറുപടി.

“എപ്പോഴും?”

“എപ്പോഴും.”

“നൂറിൽ കുറഞ്ഞ് അവൻ വാങ്ങിയിട്ടില്ല,” എന്ന് തിരുമല.

“അപ്പോൾ നിനക്ക് എളുപ്പമാണ് അല്ലേ,” സാർ

ഏതോ ഒരു മാന്ത്രികതയിൽ ക്ലാസ് മുഴുവൻ ലയിച്ചു.

“സാറിന് പത്താംക്ലാസിൽ എത്രമാർക്ക് കിട്ടി?” ചക്രപാണി ചോദിച്ചു.

ക്ലാസിലെ ഏറ്റവും പേടിത്തൊണ്ടനായ അവൻ ഇങ്ങനെ ചോദിച്ചപ്പോൾ ആർക്കും വിശ്വാസം വന്നില്ല, അതും കർക്കശക്കാരനായ രാജം അയ്യർ ഹെഡ്മാസ്റ്റർ ആയ സ്കൂളിൽ.

പുറത്തറിഞ്ഞാൽ കുറച്ചിലാണ് എന്ന് സാർ. വീണ്ടും കുട്ടികളെല്ലാം ചിരിച്ചു.

“ഇന്ന് ഞാൻ ക്ലാസെടുക്കുന്നില്ല, ചില കളിക്കൾ പഠിപ്പിക്കാം, കണക്ക് നാളെ.”

“ക്ലാസിൽ കളികളെപ്പറ്റി പറയാമോ? ശേഷൻ ചോദിച്ചു.”

അതിനൊന്നും തെറ്റില്ലടെ, കളിയും ഒരു പഠിപ്പ് താൻ,” സാർ ആവേശത്തോടെ കാൽപ്പന്ത് കളിയെപ്പറ്റി പറയാൻ തുടങ്ങി.

പറഞ്ഞ്, പറഞ്ഞ്, സാർ ക്ലാസെടുക്കാൻ മറന്നു പോയി. ഇരുകയ്യും വേഗത്തിലാവാൻ തുടങ്ങി. പറന്നുവരുന്ന പന്ത്, തലകൊണ്ട് തടുത്ത്, അത് മുകൾ തട്ടിലെ അട്ടത്തിൽ പോയി വീണതുപോലെ സാർ പുറത്തേക്ക് തുറിച്ചുനോക്കി. കാലുകൊണ്ട് തട്ടി ഗോളാക്കിയപ്പോൾ, സാറിന്റെ ഖദർ മുണ്ട് കീറിപ്പോകുമോയെന്ന് കുട്ടികൾ ഭയന്നു. എല്ലാ കുട്ടികളും വാശിയോടെ “ഗോൾ, ഗോൾ” എന്ന് വിളിച്ച് കൂവാൻ തുടങ്ങി.

സാർ ചെറിയ കുട്ടിയെപ്പോലെ ക്ലാസിന്റെ വാതിലോളം ചെന്ന് പുറത്തേക്ക് ഒളിഞ്ഞുനോക്കി. മുകൾത്തട്ടിൽ, മുൻവശത്ത്, വലിയ കരിങ്കൽ തൂണുകളിൽ കെട്ടിയ ഗംഭീര മുറി. മൂന്നറ്റത്തും ഉരുളൻ കമ്പികൾ കൊണ്ട് നിർമിച്ച വലിയ ജനാലകൾ. അതിൽ കടുംപച്ച നിറത്തിലുള്ള കർട്ടൻ, ഹെഡ്‌മാസ്റ്ററുടെ മുറിക്കു മുന്നിൽ പച്ചനിറത്തിലുള്ള സ്ക്രീനുണ്ട്. ചുവരിനോട് ചേർന്ന് ഒരാൾക്ക് കുനിഞ്ഞു കയറാം. ആ മുറിയിലേക്കു സൂക്ഷിച്ചുനോക്കി, സാർ ഞങ്ങൾക്ക് നേരെ ഒരു പരിഹാസച്ചിരി ചിരിച്ചു. ഒച്ചയുണ്ടാക്കാതടൈ കണ്ണ് കുത്തിപ്പൊട്ടിക്കും!

sundara ramaswamy, story , iemalayalam

“കാർമൽ സ്കൂളിലെ ഫുട്ബോൾ ടീമിനെ ഞങ്ങൾക്കു തോൽപ്പിക്കാൻ പറ്റിയിട്ടില്ല,” ഗോവിന്ദൻകുട്ടി പറഞ്ഞു.

” എന്നടൈ, അവർക്ക് കൊമ്പുണ്ടോ?” ഇടതുകയ്യുടെ ചൂണ്ടുവിരലും തള്ളവിരലും ചേർത്ത് നെറ്റിയിൽ വച്ചുകൊണ്ട് സാർ ചോദിച്ചു.

“പ്രാക്ടീസ് വേണമെടൈ, നെഞ്ചിൽ വീറും വാശിയും,” സാർ പറഞ്ഞു.

“സാർ, ഞങ്ങൾക്ക് കാർമൽ സ്കൂളിനെ തോൽപ്പിക്കാൻ പറ്റുമോ?” ഗോവിന്ദൻകുട്ടി പിന്നെയും ചോദിച്ചു.

“കളിക്കു മൂളയും അച്ചടക്കവും വേണമെടൈ. നിനക്കൊക്കെ എന്തുണ്ട്? ബുദ്ധിയുണ്ടോ? ആരോഗ്യമുണ്ടോ? അച്ചടക്കമുണ്ടോ? വാശിയുണ്ടോ,” സാർ ചോദിച്ചു. ഓരോ ചോദ്യവും ഞങ്ങളുടെ നെറുകന്തല പിളർക്കുന്നതായിരുന്നു.

” സാറ് പറഞ്ഞു തന്നാൽ ഞങ്ങൾ നന്നായി കളിക്കും,” വള്ളിനായകം പറഞ്ഞു.

“എല്ലാവർക്കും മേലാവിൽ നിന്നും ഉത്തരവ് വാങ്ങണ്ടേ, എച്ച് എമ്മിന്റെ.”

” പേടിയാണ് സാർ ” കുട്ടികൾ കോറസ്സായി പറഞ്ഞു.

“പേടിത്തൂറികൾക്ക് വേറെ കളി കണ്ടുപിടിക്കട്ടേ…” അപ്പോൾ നോക്കാമെന്നായി സാർ.

സാറിന് ദേഷ്യം വരുമെന്ന് അപ്പോഴാണ് ഞങ്ങൾക്ക് മനസിലായത്. മണിയടിച്ചില്ല. കൈവീശിക്കൊണ്ട് സാർ നടന്നകന്നു. ഞങ്ങളുടെ മനസുകളിൽ ആവേശം ഉണർത്തിക്കൊണ്ടാണ് നാടാർ സാർ പോയത്.

കളിയെന്ന് കേട്ടാൽപ്പോലും വിറളി പിടിക്കുന്ന അധ്യാപകർക്കു മുന്നിൽ എങ്ങനെ ഫുട്ബോൾ കളിക്കുമെന്നോർത്ത് ഞങ്ങൾക്കു വലിയ നിരാശയായി.

എല്ലാ കൊല്ലവും ക്രിസ്തുമസ് അവധി പ്രഖ്യാപിക്കുന്നതിന്റെ തലേന്ന് ഞങ്ങൾക്ക് വലിയ അപമാനമുണ്ടാകും. കാർമൽ സ്കൂളിനെയും ഞങ്ങളുടെ സ്കൂളിനെയും ഫുട്ബോൾ മാച്ചിന് ക്ഷണിക്കും.

“ഞങ്ങൾക്ക് ഒരു അർഹതയുമില്ല. പിന്നെ എന്തിനാണ് എച്ച് എം ഇതിനു സമ്മതിക്കുന്നത്?” നാടാർ സാറിനോട് കുമാരവേൽ പരാതി പറഞ്ഞു.

“മത്സരിച്ചില്ലെങ്കിലും സാരമില്ല, നാണക്കേട് സഹിക്കാനാവില്ല.”

“അതെങ്ങനെ ശരിയാകും, തിരുവിതാംകൂറിൽ നമ്മുടെ സ്കൂളല്ലേ, വലുത്? റാണിയമ്മ* നമ്മുടെ സ്കൂളിലേക്കല്ലേ വെള്ളിക്കപ്പ് കൊടുത്തയക്കുന്നത്?”

sundara ramaswamy, story , iemalayalam

“ജയിക്കുന്നവർക്ക് ഇത് കൊടുക്കണോ?” എന്ന് ചോദിച്ചു കുമാരവേലു.

“കാർമൽ സ്കൂളിന് കപ്പ് കിട്ടാൻ ഞങ്ങൾ എല്ലാക്കൊല്ലവും തോറ്റുകൊടുക്കണോ” ഞങ്ങൾ ഒന്നടങ്കം ചോദിച്ചു.

“അവർ നന്നായി കളിക്കും, കപ്പും വാങ്ങും. മെലിഞ്ഞ കോലം വച്ച് നിനക്കൊക്കെ വല്ലതും ചെയ്യാൻ പറ്റ്വോ? ” കുമാരവേലു സാർ.

“ഇക്കൊല്ലം ഞങ്ങൾ കളിക്കുന്നില്ല,” ഞങ്ങൾ പറഞ്ഞു.

“നിന്റെയെല്ലാം പേര് നോട്ടീസ് ബോർഡിലിട്ടിട്ടുണ്ട്. ഇത് ചോദിക്കാൻ മീശയുള്ള ഒരുത്തനും നിങ്ങടെ കൂട്ടത്തിലില്ലേ?” കുമാരവേലു സാർ ചോദിച്ചു.

” പേടിയാണ് സാർ. സാറ് തന്നെ പറ” കുട്ടികൾ ഒന്നടങ്കം പറഞ്ഞു.

മത്സരത്തിന്റെ തിയ്യതി തീരുമാനിച്ചു.

“എന്താ സാർ ഇത്, എന്താ സാർ ഇത്, ” കുട്ടികൾ കുമാരവേലു സാറിനോട് നിരന്തരം ചോദിച്ചുകൊണ്ടിരിന്നു.

“മൂന്ന് ദിവസം കോച്ചിങ് തരാം പോരെ? “

”പറ്റില്ലല്ലോ, സാർ” എന്ന് കുട്ടികൾ.

“പന്ത് ഒരുപാടുണ്ട്. കളിമുറിയുടെ താക്കോൽ കളഞ്ഞുപോയി. പൂട്ട് പൊളിക്കാമോയെന്ന് എച്ച് എം തിരുവനന്തപുരത്ത് ഇൻസ്പെക്ടർ ഓഫീസിലേക്ക് എഴുതിയിട്ടുണ്ട്. മറുപടി വന്നിട്ടില്ല. ഒരു പന്ത് കടംമേടിക്കാൻ നിനക്കൊക്കെ സാമർത്ഥ്യമില്ല, അല്ലേ?” കുമാരവേലു സാർ.

ഇതിന് ഞങ്ങൾക്കു മറുപടി ഉണ്ടായിരുന്നില്ല.

“ഞാനൊരു ഐഡിയ പറയാം, ” കുമാരവേലു സാർ പറഞ്ഞു. “നിങ്ങൾ കാർമൽ സ്കൂളിൽ പോയി കോച്ചിങ് എടുക്കണം. പിന്നെ അവർക്ക് നിങ്ങളെ ഒരു ചുക്കും ചെയ്യാൻ പറ്റില്ല.”

പിറ്റേന്ന്, ഞങ്ങൾ മൂന്നു പേർ കാർമൽ സ്കൂളിൽ പോയി. ഞാനും ശർമയും ഇമ്മാനുവേലും. സ്കൂളിൽ ചെന്നപ്പോൾ അഞ്ഞൂറ് കുട്ടികൾ നേരെ വന്നു. കണ്ടപ്പോൾ തന്നെ പേടിയായി. ഓരോരുത്തരെയും ഒരടി ഉയരത്തിൽ നോക്കണമായിരന്നു, അത്രയ്ക്കു പൊക്കമുണ്ട്. നെഞ്ചുവിരിച്ച് നിൽക്കുന്ന അവരുടെ ബനിയൻ കീറിപ്പോകുമെന്ന് തോന്നി. മൊന്തൻ വാഴത്തട പോലെ തടിച്ച തുടകൾ. ഇരുമ്പു പോലെ ഉറച്ച കാൽവണ്ണകൾ, ബൂട്ടുകളിൽ മുള്ളാണി തറച്ചിട്ടുണ്ടെന്ന് കേട്ടു.

sundara ramaswamy, story , iemalayalam

“ചീരത്തണ്ട് സ്കൂൾ പിള്ളേരല്ലേ?” അവരുടെ നേതാവ് ചോദിച്ചു. ഞങ്ങൾ ഒന്നും മിണ്ടാതെ നിന്നു.

” കോച്ചിങ് കാണാൻ വന്നതാണോ?” മുഖത്തും ശബ്ദത്തിലും പരിഹാസം ഉണ്ടായിരന്നു.

ഞങ്ങളുടെ ഉള്ളിരിപ്പ് ഏത് പാപിയാണോ അവരോട് പറഞ്ഞത്? അവരുടെ നേതാവ് പറഞ്ഞു: ” കൈയ്യും കാലും ഒടിക്കും മര്യാദയ്ക്ക് ഓടിക്കോ!”

ഞാനും ശർമയും ഇമ്മാനുവേലിന്റെ മുഖത്ത് നോക്കി. അവന് കുറച്ച് ഗുസ്തി അറിയാം. അവന്റെ മുഖം ചുവന്നു.

” ഒരിക്കൽ എന്റെ കയ്യിൽ കിട്ടും, അന്ന് ഞാൻ കാട്ടിത്തരാം.” ഇമ്മാനുവേൽ പറഞ്ഞു.

“പോടാ, നായിന്റെ മോനേ,” നേതാവ്.

ഞാൻ ഇമ്മാനുവേലിന്റെ ഷർട്ടിൽ പിടിച്ചുവലിച്ച് പുറത്തുകടന്നു.

“ഒരു തുക്കട കാര്യം കൂടി നിങ്ങൾക്കു കഴിഞ്ഞില്ല, മണ്ടഗണേശന്മാർ. വെള്ളിക്കപ്പ് വേണം പോലും!” കുമാരവേലു സാർ ശകാരിച്ചു.

ഞങ്ങളുടെ സ്കൂളിൽ ആറേഴ് കളിക്കളങ്ങൾ ഉണ്ടായിരുന്നു. തിരുവിതാംകൂറിലെ ഏറ്റവും വലിയ മൈതാനങ്ങൾ. കുറേ പന്തുകളും ഉണ്ടായിരുന്നു. മുറിയുടെ താക്കോൽ കളഞ്ഞുപോയതിനാൽ ഞങ്ങൾ പന്തുകൾ കണ്ടിട്ടുപോലുമില്ല. പന്ത് കടംമേടിച്ച് ഞങ്ങൾ മൂന്നു ദിവസം രാവിലെയും വൈകിട്ടും കളിച്ചു. കളി കാണാൻ ഒരു ദിവസം സംസ്കൃതം മുൻഷി പോലും വന്നു. നെയ്ക്കുപ്പിയുടെ മൂടി തുണികൊണ്ട് കെട്ടിവച്ചതുപോലെ മുൻഷി സാർ കുടുമ വച്ചിരുന്നു.

” നോക്കി കളിക്ക് കയ്യും കാലും ഒടിക്കണ്ട” സാർ ഉറക്കെ വിളിച്ചുപറയും.

അധ്യാപകർക്ക് കുറച്ച് ദേഷ്യം വന്നതുപോലെ തോന്നി. കുമാരവേലു സാർ മൂന്ന് ദിവസവും കൂടെയുണ്ടായിരുന്നു. അദ്ദേഹത്തിന് ബ്ലഡ് പ്രഷർ ഉണ്ടായിരുന്നത് കൊണ്ട് കൂടെ കളിക്കാൻ പറ്റില്ല. അതുകൊണ്ട്, “പന്തു തട്ടടാ, വെട്ടടാ, മൊശകോട ഗോളടിക്കടാ” എന്നെല്ലാം അലറി വിളിക്കും.

ജോസഫ് സാറും വന്നിരുന്നു. അവർ ചെറുപ്പത്തിൽ കാർമൽ സ്കൂളിൽ പരിശീലനം നേടിയിരുന്നു. അക്കാലത്ത് അവർ അടിച്ച ഗോളുകളെപ്പറ്റി എപ്പോഴും പറയും. ഒരു ദിവസം ഹെഡ്മാസ്റ്റർ വന്നത് ഞങ്ങൾക്ക് അത്ഭുതമായി. പക്ഷേ, അദ്ദേഹം വരാന്തയിൽനിന്നാണ് നോക്കിയത്. കളി കഴിഞ്ഞതും ഞങ്ങൾ അദ്ദേഹത്തിന്റെ മുന്നിൽ ഹാജരായി.

sundara ramaswamy, story , iemalayalam

Read More: കെ എൻ ഷാജിയുടെ മറ്റ് രചനകള്‍ ഇവിടെ വായിക്കാം

“എല്ലാവരും നന്നായി കളിച്ചു,” അദ്ദേഹം ഇംഗ്ലീഷിൽ പറഞ്ഞു. സന്ദർഭം മുതലെടുത്ത്, “ഞങ്ങൾക്ക് പന്ത് വേണം സാർ” ഞങ്ങൾ പറഞ്ഞു.

എച്ച് എം, ജോസഫ് സാറിനെ നോക്കി പറഞ്ഞു “നാളെ തന്നെ സ്കൂൾ ഇൻസ്പെക്ടർക്ക് കത്തെഴുതണം. മറക്കരുത്. മത്സരം നടക്കുന്ന ദിവസം വൈകിട്ട് എല്ലാവരും നേന്ത്രപ്പഴം കഴിച്ചിട്ട് വരണം. എന്നാലേ, ഉശിരോടെ കളിക്കാൻ പറ്റൂ.”

ഞങ്ങൾ ഒരു കുല പഴം വാങ്ങി രണ്ടെണ്ണം വീതം ‘തട്ടി’ മൈതാനത്തെത്തി. മൈതാനത്തോട് ചേർന്ന് മുകൾത്തട്ടിൽ പന്തൽ കെട്ടിയിരുന്നു. അതിൽ ശിപായിമാർ കസേര നിരത്തി. അരുണാചലവും ചൊക്കലിംഗവും സംസ്കൃത മുൻഷിയും ജോസഫ് സാർ, കുമാരവേേലു സാർ, മലയാളം മുൻഷി, ഉണ്ണിക്കൃഷ്ണൻ നായർ, ഇ ആർ എസ് വീരഭദ്ര ചെട്ടിയാർ, ശിവരാമകൃഷ്ണൻ അയ്യർ, ആർ എൽ കേശവയ്യർ, അറബി മുൻഷി, സർവ്വോത്തമറാവു, ശിവൻപിള്ള, പന്തീരുംകൈ പെരുമാൾ, അച്ചാമ്മ തോമസ്, ഗാന്ധിമതി ടീച്ചർ എന്നീ അധ്യാപകരും നിരന്നുനിന്നു.

സ്കൂളിന്റെ മുൻവശത്തെ ഗേറ്റിൽ മത്സരാർത്ഥികളായ കാർമൽ സ്കൂളിലെ കളിക്കാർ നിന്നു. നീല ഹാഫ് നിക്കറും മഞ്ഞ ബനിയനുമായിരുന്നു അവരുടെ വേഷം. അവരുടെ ശക്തി കണ്ട് ഞങ്ങളുടെ നെഞ്ചിടിപ്പ് കൂടി. മത്സരത്തിന് ഇനി പത്ത് മിനിട്ടേയുള്ളൂ.

“എന്താണ് നിങ്ങൾ അവിടെ തന്നെ നിൽക്കുന്നത്,” ഹെഡ്‌മാസ്റ്റർ ചോദിച്ചു.

” അവരുടെ കോച്ച് ഫാദർ സേവ്യർ വന്നാലെ അവർ അകത്ത് കയറൂ,” കുമാരവേലു സാർ പറഞ്ഞു.

“എന്തൊരു ഡിസിപ്ലിൻ?” എന്ന് എച്ച് എം മുഖംകോട്ടി. അപ്പോൾ ഒരു മോട്ടോർ സൈക്കിളിന്റെ ശബ്ദം കേട്ടു. അത് ഗേറ്റിലൂടെ കടന്ന് വേപ്പുമരത്തിനടയിൽ വന്നുനിന്നു. ഫാദർ സേവ്യർ ഇറങ്ങി. പാതിരിയുടെ ളോഹയുടെ അറ്റം കാറ്റിൽ പറന്നുകൊണ്ടിരുന്നു. മെലിഞ്ഞ എച്ച് എം ധൃതിയിൽ മുന്നോട്ടുവന്ന് കൈകൂപ്പി വണങ്ങാൻ തുടങ്ങുമ്പോൾ, ഫാദർ കൈപിടിച്ചുകുലുക്കി. അപ്പോൾ കാർമൽ സ്കൂളിലെ കളിക്കാർ നിരനിരയായി അകത്തേക്ക് വന്നു. ഞങ്ങളുടെ നെഞ്ചിടിപ്പ് വീണ്ടും കൂടി.

“ഫാദർ ഇരിക്കൂ,” ഹെഡ്മാസ്റ്റർ പറഞ്ഞു. എച്ച് എമ്മും ഫാദറും അടുത്തടുത്ത് ഉപവിഷ്ടരായി. ഞങ്ങൾ എച്ച എമ്മിന് അടുത്തും കാർമൽ സ്കൂളിലെ കളിക്കാർ ഫാദറിന്റെ അടുത്തും നിരന്നുനിന്നു. കാർമൽ ക്യാപറ്റൻ ഞങ്ങളെ തറച്ച് നോക്കിക്കൊണ്ടിരുന്നു. ഞങ്ങളുടെ അധ്യാപകർക്കടിയിൽ അവന് ചൂണ്ടുവിരൽ പോലും അനക്കാനാവില്ല

“ആദ്യ വിസിൽ അടിക്കട്ടെ,” കുമാരവേലു സാർ ചോദിച്ചു. അപ്പോൾ ഹെഡ്‌മാസ്റ്റർ പാതിരിയെ നോക്കി, “ഫാദർ, എത്ര ഗോൾ ഉറപ്പിക്കണം?”

“ഒമ്പത്,” ക്യാപ്റ്റൻ.

“കഴിഞ്ഞ തവണ എത്ര ഗോളായിരുന്നു തീരുമാനിച്ചത്?” ഫാദർ

“ഒമ്പത്” എന്ന് ക്യാപ്റ്റൻ

“എന്നാൽ അതുമതി, കൂടുകയും വേണ്ട കുറയുകയും വേണ്ട” എന്ന് പാതിരി.

ഞങ്ങൾ എച്ച് എമ്മിനെ നോക്കി. അദ്ദേഹം മുഖത്ത് കൊതുക് കടിച്ചതുപോലെ ഒരു ഗോഷ്ടികാട്ടി. എല്ലാ അധ്യാപകരും തലകുനിച്ച് എന്തോ പിറുപിറുത്തുകൊണ്ടിരുന്നു. ഇടവേളയ്ക്ക് മുമ്പ് ഞങ്ങൾക്കെതിരെ അവർ എട്ട് ഗോളടിച്ചു. ഇടവേളയിൽ ഒരു പെട്ടി തുറന്ന് അലക്കിയ തൂവെള്ള ടൗവ്വലെടുത്ത് കാർമൽ വീരന്മാർ മുഖം തുടച്ചു. എന്നിട്ട് കുപ്പി പൊട്ടിച്ച് കളർ സോഡ കുടിച്ചു.

ഞങ്ങൾക്ക് ഒരു അലൂമിനിയം ബക്കറ്റിൽ കുടിവെള്ളം വച്ചിരുന്നു. ഞങ്ങളത് കോരിക്കുടിച്ചു. അപ്പോൾ കാർമൽ സ്കൂളിലെ ക്യാപ്റ്റൻ, “കളിതീരുന്നതിന് മൂന്ന് മിനിട്ട് മുമ്പ് ഞങ്ങൾ അവസാന ഗോളടിക്കും. നിങ്ങൾ ഓടിയോടി ചാകണ്ട,” എന്ന് വീമ്പടിച്ച് തിരിച്ചുപോയി. അവന്റെ വാക്കിന്റെ വിലയറിഞ്ഞ അധ്യാപകർ ഓരോരുത്തരായി കസേര കാലിയാക്കി. കുമാരവേലു സാറിന്റെ പൊടിപോലും അവിടെ കണ്ടില്ല.

” നമ്മുടെ സ്കൂൾ ഇടിച്ച് നിരത്താതെ എന്റെ നെഞ്ചിലെ കനലടങ്ങില്ല.” ഇമ്മാനുവേൽ പ്രതിജ്ഞയെടുത്തു.

അവസാനിക്കുന്നില്ല

*റാണി സേതുലക്ഷ്മി ബായി

Read More: ഒരു കഥ കൂടി വായിക്കാന്‍ തോന്നുന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Sundara ramaswamy story for children nadar saar

The moderation of comments is automated and not cleared manually by malayalam.indianexpress.com