scorecardresearch

മനുഷ്യരെ തിന്നുന്നവൾ

“അപ്പൊഴേക്കും അവനുണ്ടാക്കിയ പകൽ പോയിട്ട് വീണ്ടും രാത്രിയായി , കുറച്ചു നേരം അവളെ അവൻ നോക്കി നിന്നു , എന്നിട്ട് അവളുടെ അരികിലേക്ക് പോയിട്ട് അവളെ അനക്കി നോക്കി, ഒരു ഞരക്കത്തോടെ അവൾ എണിറ്റിരുന്നു, അവൻ ഞെട്ടിപ്പോയി” സുകുമാരൻ ചാലിഗദ്ധ എഴുതിയ കുട്ടികളുടെ കഥ

ഇങ്ങോട്ടു വാ, ഇനി ഒച്ചയിടണ്ടാ കേട്ടോ, ഞാനൊരു കഥ പറയാം കേട്ടിരുന്നോണം ഉം … ഉം പറയട്ടെ? പറയട്ടെ?

പണ്ടു പണ്ട്, പണ്ടു പണ്ട് ഒരു കാട്ടിൽ നല്ല കറയുള്ള ഒരു മരമുണ്ടായിരുന്നു ആ മരത്തിന്റ പേര്… ശ്ശൊ, ഞാനതങ് മറന്നുപോയി, അത് പിന്നെ ഓർത്തിട്ട് പറഞ്ഞു തരാം.

മോനേ കഥ പറയുമ്പോഴേക്കും ഉറങ്ങിപ്പോയോ? ഉം… എണീക്ക് എന്തോ ഒരൊച്ച കേൾക്കുന്നുണ്ട് ആരോ വീടിനു ചുറ്റും നടക്കുന്നതുപോലെ മിണ്ടല്ലേ, ശൂ…

ഒരു നത്ത് കരയന്നുണ്ട് കുട്ടികളെ നോക്കാൻ വന്നതായിരിക്കും. ഉം… പേടിയുണ്ടോ? ഇല്ല പേടിക്കണ്ട ഞാൻ കഥ പറയാം.

ഉം… കറയുള്ള മരം ആ മരത്തിലാണ് നല്ല പഴങ്ങൾ കായ്ക്കുന്നത് നല്ല നീല നിറമുള്ള പഴം അതിന്റെ പേര് ഞാവൽ. വർഷത്തിൽ ഒരിക്കൽ മാത്രം കായ്ക്കുന്ന മരം, ഞാവൽമരം.

ഞങ്ങളൊക്കെ കുട്ടികളായിരിക്കുമ്പോൾ എല്ലാരും ഒന്നിച്ച് പഴം പറിക്കാൻ പോവുമായിരുന്നു കൊറെ വീട്ടിലേക്കും കൊണ്ടുവരും. പോവുന്ന വഴിയിൽ ആന, മുയൽ, മാൻ, പന്നി അങ്ങനെയുള്ള ജീവികളെയെല്ലാം കാണും. പേടിയില്ലാതെ, പേടിക്കാതെ ഞങ്ങളെല്ലാവരും പഴം പറിക്കും.

ഉറങ്ങിയോ? കഥ തുടങ്ങിയതേയുള്ളു അപ്പോഴേക്കും ഉറങ്ങിയോ? ഉറങ്ങല്ലേ, എണീക്ക്. ഉം… എന്നിട്ട് അങ്ങനെ കളിച്ചും ചിരിച്ചും കാട്ടിലൂടെ നടക്കും പുഴയിൽ കുളിക്കും മീൻ പിടിക്കും പക്ഷികളോട് സംസാരിക്കും നല്ല രസമായിരുന്നു അന്നത്തെ ആ ജീവിതം. ഇപ്പോ അതൊക്കെ പോയി ഒരു രസവുമില്ല.

അങ്ങനെ ഒരു ദിവസം ഞങ്ങൾ കുട്ടികളെല്ലാവരും കാട്ടു പഴം പറിക്കാൻ കാട്ടിലൂടെ നടന്നു . നടന്ന് നടന്ന് നടന്ന് ഒരു പുഴയുടെ തീരത്ത് എത്തി ഞങ്ങളെല്ലാവരും പുഴവെള്ളം കുടിച്ചിട്ട് ഒരു പാറയിൽ ഇരുന്ന് ഓരോ കാര്യങ്ങൾ പറഞ്ഞു രാത്രിയായി. തിരിച്ച് വീട്ടിലെത്താൻ വെളിച്ചമില്ല, പന്തമില്ല… നല്ല ഇരുട്ട് .

കാട്ടിലൂടെ കണ്ണ് കാണാതെ വീണ് വീണ് നടന്നു. ഓരോ ആൾക്കാരും ഓരോ വഴിക്കായിപ്പോയി. ഇനി എന്തു ചെയ്യും എന്ന് ആലോചിച്ചു. എന്നിട്ട് ഓരോ ശബ്ദങ്ങളുണ്ടാക്കി ഓരോർത്തരെയും വിളിച്ച് വിളിച്ച് കണ്ടെത്തിട്ട് ഒന്നിച്ചു നിന്നു. എന്നിട്ട് ഒരു കാര്യം പറഞ്ഞു. നമുക്ക് എന്തായാലും വീട്ടിലെത്തണം അതിന് എന്തെങ്കിലും ചെയ്യണം .അപ്പോൾ കൂട്ടത്തിലുള്ള ഒരാൾ പറഞ്ഞു, നമുക്ക് നിലാവിനെ നോക്കി നോക്കി നടക്കാമെന്ന്. അതു ശരിയാണ് നല്ല തീരുമാനം. അങ്ങനെ നിലാവിനെ നോക്കി, നോക്കി ഞങ്ങൾ നടക്കാൻ തുടങ്ങി കാടിന്റെ ഉള്ളറയിൽ എന്തൊക്കെയോ ശബ്ദങ്ങൾ കേൾക്കുന്നുണ്ട്. മോനേ പേടിയാവുന്നുണ്ടോ? പേടിക്കണ്ടാ കേട്ടോ.

sukumaran chaligatha, story, iemalayalam

അങ്ങനെ ഞങ്ങൾ ആ ഇരുട്ടിലൂടെ നടന്നിട്ട് ഒരു വഴിയിൽ എത്തി. നടന്നിട്ട് നല്ല തെളിച്ചമുള്ള വഴി, അവിടുന്ന് നിലാവിനെ നോക്കി നോക്കി വരിവരിയായി നടന്നു എന്നിട്ട് കാടു കടന്നു വീട്ടിലേക്ക് നടക്കുമ്പോൾ ആരൊക്കെയോ പന്തവുമായി വരുന്നത് ഞങ്ങൾ കണ്ടു .

ഞങ്ങൾക്ക് പേടിയായി പന്തം അടുത്തേക്ക് എത്താറായി എത്താറായി എത്തി, അച്ഛനും അമ്മയും, അവർ വഴക്കു പറഞ്ഞോണ്ട് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. വീടെത്തി മുത്തശ്ശി വഴക്ക് പറയുകയാണ്, വേഗം കഞ്ഞിയെല്ലാം കുടിച്ചിട്ട് കിടക്കാൻ പോയി , മുത്തശ്ശി അടുത്തേക്ക് വന്നിട്ട് എന്റെ അരികിൽ കിടന്നിട്ട് ഒരു കഥ പറയാൻ തുടങ്ങി, ഞാൻ, മുത്തശ്ശിയുടെ ശരീരത്തോട് ഒട്ടികിടന്നു .

“മോനേ… ഉറങ്ങണ്ട കേട്ടോ. ഞാൻ പറയുന്നതു കേട്ടോ.”

“നിങ്ങൾ പോയ ആ കറയുള്ള മരത്തിലേക്ക് ഒരു പ്രേതം വരുന്നുണ്ട് മരത്തിന്റെ കറയെടുക്കാൻ അതിന്റെ കറ കൊണ്ടാണ് അവിടേക്ക് പഴം പറിക്കാൻ പോകുന്ന കുട്ടികളെ ഒട്ടിക്കുന്നത്, അങ്ങനെ ഒട്ടിച്ചപ്പോഴാണ് ഇന്ന് നിങ്ങൾക്ക് വഴിതെറ്റിയത് . കുട്ടികളെ പിടിച്ചോണ്ടു പോയിട്ട് ആ പ്രേതം ചുട്ടു തിന്നുംമ്പോലും!”

“ഇനി പോയാൽ നേരത്തെ വരണം. ഇരുട്ടാക്കരുത് കേട്ടോ.”

മുത്തശ്ശി പറഞ്ഞ കാര്യം എല്ലാം ഞാൻ അനുസരിച്ചു എന്നിട്ട് പിറ്റെ ദിവസം കൂട്ടുകാരോടും പറഞ്ഞു.

അങ്ങനെ കുറെ ദിവസം കഴിഞ്ഞു ഞങ്ങളാരും കാട്ടിലേക്കു പോയില്ല കാലാവസ്ഥയോക്കെ മാറി വരുന്നു എന്നും കണ്ടിരുന്ന പക്ഷികൾ ഇപ്പോ കാണുന്നില്ല പകരം പുതിയ പുതിയ മൃഗങ്ങളും പക്ഷികളും. ഈ കാട് ഞങ്ങൾക്കെപ്പൊഴും പുതിയതാവുന്നു.

അങ്ങനെ നല്ല മഴയായി, തണുപ്പായി, തളിരായി, പുഴകളിൽ നീരായി, ഞങ്ങൾ വീട്ടിൽത്തന്നെ കളി. രാത്രിയായാൽ മുത്തശ്ശിയോട് കഥ പറയാൻ പറയും. മുത്തശ്ശി ഞങ്ങളെയും കൂട്ടിട്ട് പേടിപ്പിക്കുന്ന ഒരു കഥയ്ക്ക് ആ രാത്രി പേരിട്ടു.

‘മനുഷ്യരെ തിന്നുന്നവൾ…’

“ഇനി കഥ പറയാം മെല്ലെ കേട്ടിരിക്കണം ഒച്ചയിടരുത് ഞാൻ പറയുമ്പോൾ ‘ഉം ഉം’ എന്ന് മുളിതരണം എന്നാലെ കഥയ്ക്ക് രസമുണ്ടാവു… ഉം ഇനി മിണ്ടണ്ട.”

“പണ്ടു, പണ്ട് ഒരു പുഴയുടെ നടുവിൽ നല്ല ഉയരമുള്ള ഒരു പാറയുണ്ടായിരുന്നു ആ പറയുടെ അടിയിലായി ഒരു ഗുഹപ്പോലെയുള്ള ഒരു മട, ആ മടയിലാണ് മനുഷ്യനെ തിന്നുന്ന ഒരു പെണ്ണുണ്ടായിരുന്നത്. നീണ്ട മുടിയും വലിയ പല്ലും നഖവും ചുവന്ന കണ്ണുകളുമുള്ള ഒരു പെണ്ണ്. അവളുടെ നിറം കണ്ടാൽ പേടിയാവും നീലയും പച്ചയും കലർന്ന ഒരു നിറം. അവൾക്ക് രാത്രിയിൽ പുറത്തിറങ്ങാൻ പറ്റില്ല അതുകൊണ്ടാണ് പകൽ ഇറങ്ങുന്നത്, രാത്രിയിൽ ഇറങ്ങിയാൽ അവൾ ഒരു സുന്ദരി പെണ്ണായിപ്പോകും അങ്ങനെ ആയാൽ പിന്നെ അവൾക്ക് പഴയ പ്രേത രൂപത്തിലേക്ക് തിരിച്ചു പോകാൻ കഴിയില്ല അതിനാലാണ് രാത്രി പുറത്തിറങ്ങാത്തത്. പക്ഷേ അവളെ സ്നേഹിക്കുന്ന ഒരു യുവാവുണ്ടായിരുന്നു, അത് പിന്നെ പറയാം, ഇപ്പം അവൾ കുട്ടികളെ പിടിക്കുന്നതിന്റെ കാര്യം പറയാം, പേടിയായോ? പേടിക്കണ്ടാ കേട്ടോ…”

sukumaran chaligatha, story, iemalayalam

“എല്ലാ ദിവസവും നേരം വെളുക്കുന്ന നേരത്ത് അവൾ ഗുഹയുടെ മുൻപിൽ വന്നിരുന്നിട്ട് കാട്ടിലേക്ക്‌ നോക്കിയിരിക്കും എന്നിട്ട് കാണുന്ന മരങ്ങളിലൊക്കെ അവൾ കായെറിഞ്ഞും പൂവെറിഞ്ഞും പക്ഷികളെ വരുത്തിയും രസിക്കും എന്തിനാണെന്നറിഞ്ഞോ ഇങ്ങനെയൊക്കെ ചെയ്യുന്നത് കുട്ടികളെ വശീകരിക്കാൻ… ഇതെല്ലാം കാണുമ്പോൾ കുട്ടികൾ അവിടെക്ക് എത്തും അപ്പോ സുഖമായി പിടിക്കാൻ പറ്റും അതിനു വേണ്ടിട്ടാണ്, പക്ഷേ അങ്ങനെ പെട്ടെന്ന് പിടിക്കാനും പറ്റില്ല. കാട്ടിലെ കറയുള്ള മരത്തിന്റെ കറ വേണം ആ കറയുണ്ടെങ്കിലെ മനുഷ്യരെ മയക്കാൻ പറ്റു.”

“അങ്ങനെയവൾ എല്ലാ മരത്തിലും പഴങ്ങളും പൂക്കളും ഉണ്ടാക്കി കാത്തിരുന്നു കാത്തിരുന്ന് കുറച്ചു ദിവസം കഴിഞ്ഞിട്ടും കൂട്ടികൾ വന്നില്ല അവൾക്ക് ദേഷ്യം വരാൻ തുടങ്ങി. എന്നിട്ട് അവൾ പഴങ്ങൾക്ക് മധുരം നൽകി മണം നൽകി പിന്നെയും കാത്തിരുന്നു. അങ്ങനെ ഒരു ദിവസം കുട്ടികളുടെ ഒച്ച കേട്ടിട്ട് പാറയുടെ ഉള്ളിൽ നിന്നും പുറത്തേക്കിറങ്ങിട്ട് നോക്കുമ്പോൾ കുട്ടികളെല്ലാവരും കാട്ടിലേക്ക് പോവുന്നു അവൾക്ക് ചിരി വന്നു. വലിയ പല്ലും കാട്ടി ഉച്ചത്തിൽ ചിരിച്ചു കൊണ്ടവൾ ചാക്കും കയറുമെടുത്ത് കാട്ടിലേക്ക് മെല്ലെ, മെല്ലെ നടന്നു. കുട്ടികളുടെ പിറകിലൂടെ ഒളിച്ചൊളിച്ച് കറയുള്ള മരത്തിന്റെ അരികിലെത്തിട്ട് വേഗം കറയെടുത്തിട്ട് ഒളിച്ചിരുന്നു.”

“കുട്ടികൾ ആ മരത്തിലെ പഴങ്ങൾ പറിച്ചെടുത്ത് വട്ടത്തിലിരുന്ന് തിന്നാൻ തുടങ്ങി. അങ്ങനെ തിന്നോണ്ടിരിക്കുന്ന നേരത്ത് ഇവളെന്താക്കിയെന്നോ മരത്തിന്റെ കറ ഉരുട്ടി ഉരുട്ടി കുട്ടികൾക്കു നേരെ എറിയാൻ തുടങ്ങി.”

sukumaran chaligatha, story, iemalayalam

“മേനേ ഉറങ്ങിയോ? പേടിയാവുന്നുണ്ടോ? ഞാൻ പറയുമ്പം മൂളിയാൽ മതി പേടി മാറും,
അങ്ങനെ അവളെറിഞ്ഞ കറ രണ്ട് കുട്ടികൾക്കു കൊണ്ടു അവർ രണ്ടുപേരും ബോധമില്ലാതെ നിലത്തു വീണു. ഇതു കണ്ട മറ്റു കുട്ടികളെല്ലാവരും പേടിച്ചിട്ട് അവിടുന്ന് വീട്ടിലേക്ക് ഓടിപ്പോയി. ആ തക്കത്തിന് അവൾ കുട്ടികളെ ചാക്കിലിട്ട് കെട്ടി തലയിൽ വെച്ച് തന്റെ ഗുഹയിലേക്ക് പോയി. ഓടിപ്പോയ കുട്ടികളെല്ലാവരും വീട്ടിലെത്തി നടന്ന കാര്യങ്ങൾ മുഴുവനായി പറഞ്ഞു എല്ലാവരും പേടിയോടെ പറയുകയാണ് ഇനി എന്തു ചെയ്യും കുട്ടികളെ എങ്ങനെ രക്ഷിക്കും എന്താ വഴി എന്നൊക്കെ പറഞ്ഞോണ്ട് കരയാൻ തുടങ്ങി.”

“അപ്പോഴാണ് അവരുടെ ഊരിലെ കാളൻ എന്ന യുവാവ് പറഞ്ഞത്, ‘ഞാനവരെ രക്ഷിക്കാം അതിനൊരു വഴിയുണ്ട്’ (കാളനാണ്‌ അവളെ സ്നേഹിക്കുന്ന പുരുഷൻ. അവന് മാത്രമേ അവളെ പിടിക്കാനുള്ള മന്ത്രമറിയുള്ളു).”

“നിങ്ങളെല്ലാവരും ഇന്ന് രാത്രിക്ക് കാട്ടിലേക്ക് പോയിട്ട് അവളുണ്ടാക്കിയ പഴങ്ങളും പൂക്കളുമെല്ലാം പറിച്ചെടുത്തിട്ട് കൊണ്ടു വന്നിട്ട് അരച്ചു തരണം എന്നിട്ട് അതിലേക്ക് കുറച്ച് കാഞ്ഞിരവേര് ചതച്ചിട്ടിട്ട് കുഴച്ചിട്ട് പൊതിഞ്ഞ് തരണം നാളെ നേരം വെളുക്കുമ്പത്തിനു മുൻപേ കുട്ടികളെ രക്ഷപ്പെടുത്തണമെന്ന് കാളൻ പറഞ്ഞു.”

“എല്ലാവരും ആ പണി ഏറ്റെടുത്ത് തീർത്ത് കാളന്റെ കൈയ്യിലേക്ക് പൊതികൊടുത്തു, നല്ല ഇരുട്ട്. കറുത്തവാവ്… അവൻ പൊതിയുമായി പുഴയിലൂടെ നീന്തി, നീന്തി അവളുടെ പാറയുടെ അടുത്തേക്കെത്തി, പാറയുടെ ഉള്ളിൽ അവൾ എന്തൊക്കെയോ വെട്ടിക്കൊണ്ട് പാട്ടു പാടുകയാണ്.”

sukumaran chaligatha, story, iemalayalam

“കാളൻ മനസ്സിൽ പറയുകയാണ്, ‘ഉം ഉം നിന്റെ പാട്ട് ഞാൻ ഇന്ന് നിർത്തി തരാം, ശരിയാക്കി തരാമെന്നൊക്കെ.’ കാളൻ വേഗം പൊതിയഴിച്ചിട്ട് പഴച്ചാറ് കൈയ്യിലെടുത്തിട്ട് പാറയുടെ മുകളിലും വാതിലിലും തളിച്ചു ബാക്കിവന്നത് പുഴയിലേക്കും കാട്ടിലേക്കും എറിഞ്ഞു. എന്നിട്ട് അവളുടെ പാട്ടിലേക്ക് ശ്രദ്ധിച്ചു.”

“അപ്പോഴേക്കും രാത്രി പകലായി മാറി അവളുടെ പാട്ടും നിന്നു, ഊരിലെ ആൾക്കാർ കാട്ടിലെ മരങ്ങളിൽ കയറി ചിരിക്കാനും പാടാനും തുടങ്ങി. അവരുടെ ഒച്ചകൾ അവളുടെ ഗുഹയുടെ വാതിലും കടന്ന് അവളെ ചെന്നു തൊട്ടു. പെട്ടെന്ന് അവൾ പാട്ടു നിർത്തി പുറത്തേക്കിറങ്ങി നോക്കാൻ വന്നു, അവൾ വരുന്നതിന്റെ ഒച്ച കേട്ടിട്ട് കാളൻ ഒരു മൂലയിൽ ഒളിച്ചിരുന്നു.”

“മനുഷ്യനെ തിന്നുന്നവൾ പുറത്തേക്ക് വന്ന് നോക്കുമ്പോൾ കുട്ടികൾ കാട്ടിൽ പഴങ്ങൾ തിന്ന് കളിക്കുന്നു. അവൾ വേഗം ചാക്കെടുത്തിട്ട് കാട്ടിലേക്കോടി അപ്പോഴെക്കും കാളൻ കുട്ടികളെ രക്ഷപ്പെടുത്തിട്ട് അവളുടെ പിന്നാലെ ഓടി. എന്നിട്ട് ഒളിച്ചു നിന്നിട്ട് മരത്തിന്റെ കറ കൊണ്ട് അവളെ എറിഞ്ഞു, ഏറു കൊണ്ടതും മനുഷ്യനെ തിന്നുന്നവൾ ബോധംകെട്ട് നിലത്തു വീണു,
അപ്പൊഴേക്കും അവനുണ്ടാക്കിയ പകൽ പോയിട്ട് വീണ്ടും രാത്രിയായി, കുറച്ചു നേരം അവളെ അവൻ നോക്കി നിന്നു, എന്നിട്ട് അവളുടെ അരികിലേക്ക് പോയിട്ട് അവളെ അനക്കി നോക്കി, ഒരു ഞരക്കത്തോടെ അവൾ എണിറ്റിരുന്നു.”

“അവൻ ഞെട്ടിപ്പോയി. അവളുടെ പ്രേതശരീരം പോയിട്ട് സുന്ദരിയായ ഒരു പെണ്ണായി മാറിയിരിക്കുന്നു, അവൻ അവളെയും കൂട്ടി വീട്ടിലേക്കു നടന്നു, എല്ലാവരും അവരെ സ്വീകരിച്ചു. കാളനോട് നന്ദിയും പറഞ്ഞു.”

“കാളനും അവളും ഒന്നായി. പിറ്റെ ദിവസം അവൾ പുഴയിൽ കുളിക്കാൻ പോയ നേരം കാളനും പോയി. അവൻ ആ പാറയിലേക്ക് നോക്കിയപ്പോൾ പാറ മുഴുവൻ ഇരുട്ടായിരുന്നു.”

“ഉം… ഉം… മോനേ കഥ തീർന്നു എണിക്ക്… ഓ ഉറങ്ങിപ്പോയോ? സാരമില്ല.
നാളെ വേറെ കഥ പറഞ്ഞുത്തരാം… ഉറങ്ങിക്കോ. ഞാനും ഉറങ്ങട്ടെ.”

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Sukumaran chaligatha story for children manushyane thinnunaval