/indian-express-malayalam/media/media_files/uploads/2022/10/sukumaran-6.jpg)
പണ്ട് പണ്ട് എന്നു പറഞ്ഞാൽ കുറച്ച് വർഷങ്ങൾക്ക് മുൻപ് കാടിനരികത്ത് കുറച്ചാൾക്കാർ വീടും വെച്ച് കൃഷിയും ചെയ്ത് ജീവിക്കുകയായിരുന്നു. ഏകദേശം പത്തിരുപത് കുടുംബങ്ങൾ മാത്രമായിരുന്നു അവിടെ താമസിച്ചിരുന്നത്. പണ്ടേ താമസിച്ചവരാണ്. ഞാൻ നിങ്ങൾക്ക് ഒരു പഴമയുടെ രസം കാട്ടിയെന്ന് മാത്രമാണ് കേട്ടോ? ഇത് ഒരു നടന്ന കഥയാണ് മക്കള് കേൾക്കണം, അറിയണം.
നിറയെ കാലികളും ആടുകളും കോഴികളും എല്ലാം അവർ വളർത്തിയിരുന്നു, അവരെല്ലാരും ചേർന്ന് കൃഷി ചെയ്തു കിട്ടിയ ചേന, ചേമ്പ്, കാച്ചിൽ, നെല്ല്, കാപ്പി, കുരുമുളക്, മഞ്ഞൾ എന്നിവ വിൽക്കാനായി വല്ലപ്പോഴും മാത്രം അടുത്തുള്ള അങ്ങാടിയിലേക്ക് പോവും .അതൊക്കൊയായിരുന്നു അവരുടെ ജീവിതമാർഗ്ഗം.
അവിടത്തെ കുഞ്ഞുകുട്ടികളെല്ലാം അടുത്തുള്ള സ്‌കൂളിലാണ് പഠിച്ചിരുന്നത്. കുട്ടികൾ ഇസ്കൂളിൽ പോയാൽ ആ ഗ്രാമത്തിലെ ആൾക്കാരെല്ലാരും ചേർന്ന് കാട്ടിലേക്ക് വിറകിനും തേനിനും കിഴങ്ങിനുമായി പോയിട്ട് അതെല്ലാം കൊണ്ടുവരും. എന്നിട്ട് കിഴക്കങ്ങെല്ലാം കഴുകി വൃത്തിയാക്കി പുഴുങ്ങിയെടുത്തിട്ട് മക്കൾക്ക് വെക്കും.
അങ്ങനെ കാടിനെയറിഞ്ഞ് ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യരാണ് അവിടെ ഉള്ളത്. രാത്രിയായിക്കഴിഞ്ഞാൽ ആനയും നരിയും പുലിയും പരുന്തുമെല്ലാം ഇറങ്ങുന്ന സ്ഥലമാണ് ,എന്തെങ്കിലും ഒച്ച കേട്ടാൽ കുട്ടികളെല്ലാരും മിണ്ടാതിരിക്കും വലിയവർ ആനകളെ കാട്ടിലേക്ക് ഓടിച്ചുവിടും. ഇത്രയും കേട്ടപ്പോൾ നല്ല രസമുള്ള സ്ഥലമാണെന്ന് മനസ്സിലായല്ലോ, ങ്ഹാ?.
എന്നാ അവിടെയൊരു മനുഷ്യനുണ്ട് ഒറ്റയ്ക്ക് കാട്ടിൽ പോവുന്ന ഒരാൾ. പേര് എന്താണെന്നറിയാമോ?
ഇല്ല!
ങ്ഹാ അവരുടെ പേര് മൻന്നിയണ്ണൻ എന്നാണ്. നല്ല പ്രായമുള്ള ഒരു അച്ഛപ്പൻ പാവം അദ്ദേഹത്തിന് ഒറ്റ പല്ലുപോലും ഇല്ല. ഒറ്റയ്ക്കാണ് കഴിയുന്നത്.
കേട്ടിരുന്നോണം മൻന്നിയണ്ണന്റെ കാര്യങ്ങളെല്ലാം പറഞ്ഞുതരാം കേട്ടോ.
ഉം.
എന്നാ കേട്ടോ.
/indian-express-malayalam/media/media_files/uploads/2022/10/sukumaran-1.jpg)
നല്ല ഉറക്കത്തിനിടയിൽ അവരുടെ വീട്ടിലേക്ക് എന്തോ ഒരു സാധനം പതിയെ പതിയെ നടന്നു വരികയായിരുന്നു. നടന്ന് നടന്ന് ആ സാധനം ഓരോ വീടിന്റെയും വാതിലുകളിലും മുട്ടി, മുട്ടി. മന്നിയണ്ണന്റെ വാതിലിലും ഒരു മുട്ടു മുട്ടി. അല്ല മക്കളേ, ഞാനിങ്ങനെ പറയുമ്പോൾ പേടിയാവുന്നുണ്ടാ?
പേടിയില്ല അല്ലേ? ങ്ഹാ
എന്നിട്ട് മുട്ട് കേട്ടപ്പോൾ മൻന്നിയണ്ണൻ ഞെട്ടി എണിറ്റിട്ട് പതിയെ വാതിൽ തുറന്ന് നോക്കിയപ്പോഴുണ്ടല്ലോ ഒരു കറുത്ത രൂപം കാട്ടിലേക്ക് കടക്കുന്ന വഴികളിലൂടെ തുള്ളി തുള്ളി പോവാണ് ഒരു കറുത്ത് തടിച്ച ഒരു രൂപം.
എന്നിട്ട് മൻന്നിയണ്ണൻ ഉച്ചത്തിൽ ഒരു കൂവൽ കൂവി “പൂയ്” എന്ന്. ഒച്ച കേട്ടതും അവിടത്തെ ആൾക്കാര് എല്ലാരും വിളക്കുമായി മൻന്നിയണ്ണന്റെ വീട്ടിലെത്തി ചോദിച്ചു “എന്താ മൻന്നിയണ്ണ ഒരു ഒച്ച?”
മന്നിയണ്ണൻ പറഞ്ഞു “ആ കരടി വീണ്ടും വന്നിട്ടുണ്ട് ശ്രദ്ധിക്കണം,” എന്ന്.
എല്ലാവരും മൻന്നിയണ്ണന്റെ വാക്കുകൾ സ്വീകരിച്ച് വീട്ടിലേക്ക് പോയി. മൻന്നിയണ്ണൻ വാതിലടച്ച് വീണ്ടും ഉറങ്ങാൻ കിടന്നു. ഉറങ്ങി, ഉറങ്ങി നേരം വെളുക്കാറായപ്പോൾ അവിടത്തെ ഏറ്റവും പ്രായം കൂടിയ ഒരു പൂവൻകോഴി ഉറക്കെ ഒരു കുവൽ കൂവി. എങ്ങനെ കൂവി?
"കൊക്കരക്കോ..." എന്ന് ഹ ഹ ഹ.
മൻന്നിയണ്ണൻ എണിറ്റിട്ട് അടുപ്പിൽ തീ കത്തിച്ചിട്ട് ചായക്ക് വെള്ളം വെച്ചിട്ട് ചൂലെടുത്തിട്ട് മുറ്റമടിക്കാൻ ഇറങ്ങി. മുറ്റം അടിച്ച് തീർത്തപ്പോഴേക്കും വെള്ളം തിളച്ചു, എന്നിട്ട് ചായപ്പൊടി ഇട്ടിട്ട് ഒരു കട്ടനും കുടിച്ചിട്ട് കഞ്ഞിക്ക് വെള്ളം വെച്ച് അരിയിട്ട് കാലികൾക്ക് കുറച്ച് വെള്ളം കൊടുക്കാൻ പോയിട്ട് തിരിച്ചു വരുമ്പോഴേക്കും കഞ്ഞിയുമായി. അതും കുടിച്ചു കഴിഞ്ഞപ്പോഴേക്കും രാവിലെ ഒമ്പത് മണിയായി.
കുറച്ചു നേരം ഇരുന്നിട്ട് കാലികളെയെല്ലാം തൊഴുത്തിന്ന് അഴിച്ചിട്ട് കാട്ടിലേക്ക് തീറ്റാനായി പുറപ്പെട്ടു ,അവിടത്തെ ആൾക്കാരെല്ലാരും വയലിലും തോട്ടത്തിലുമായി പണിക്കിറങ്ങി. മൻന്നിയണ്ണൻ കാലികളെയും തെളിച്ച് മൂളിപ്പാട്ടുമായി തോളത്തൊരു വടിയുമായി കാട്ടിലേക്ക് പേടിയില്ലാതെ നടന്നു.
/indian-express-malayalam/media/media_files/uploads/2022/10/sukumaran-2.jpg)
ഇത്രനേരം ഞാൻ പറഞ്ഞതൊക്കെ മക്കള് കേട്ടല്ലെ?
ഉം
ഇനിയും ഉണ്ട് തീർന്നില്ല നല്ല രസമാണ് കേട്ടോ മൻന്നിയണ്ണന്റെ കഥ.
ഉം എന്നിട്ട്, എന്നിട്ട്?
എന്നിട്ട് പത്തായി, പതിനൊന്നായി, പന്ത്രണ്ടായി, ഒരു മണിയായി. മൻന്നിയണ്ണൻ കാലികളെയെല്ലാം കാട്ടിൽ വിട്ടിട്ട് വീട്ടിലേക്ക് ചോറ് തിന്നാനായി നടന്നു. അങ്ങനെ നടന്ന് നടന്ന് വീട്ടിലെത്തി ചോറ് തിന്നാൻ ഇരിക്കുമ്പോഴാണ് അപ്പറത്തെ സരോജിനി വീട്ടിലേക്ക് വന്നത്. എന്നിട്ട് മൻന്നിയണ്ണനോടു പറഞ്ഞു “മാമാ, വാ വീട്ടില് കോഴിക്കറി ഉണ്ട്. കുറച്ച് തിന്നോന്ന്."
മൻന്നിയണ്ണൻ ചിരിച്ചോണ്ടു പറഞ്ഞു “മോളേ കോഴിക്കറി തിന്നാന് എനിക്കതിന് പല്ലില്ലല്ലോ" എന്ന്.
മക്കക്ക് ചിരി വന്നല്ലേ?
ഉം
നീ കുറച്ച് കറി നീര് കൊണ്ടു തന്നാൽ മതിയെന്ന് മൻന്നിയണ്ണൻ പറഞ്ഞപ്പോ അത് സാരോജിനി കൊണ്ടു കൊടുത്തു. അതും കൂട്ടി കുഴച്ച് കുഴച്ച് നന്നായി തിന്ന് വയറും നിറച്ച് വെള്ളവും കുടിച്ച് മൻന്നിയണ്ണൻ കാട്ടിലേക്ക് നടന്ന്. നടന്ന് ഒരു പുഴയിൽ എത്തി അവിടത്തെ ഒരു പാറയിൽ ഇരുന്നിട്ട് കുറച്ചുനേരം വിശ്രമിച്ചു.
എന്നിട്ട്, എന്നിട്ട് പുഴയെ നോക്കിക്കൊണ്ട് ഇങ്ങനെ പാടി .
പുഴയെ പുഴയെ പൂ തരാമോ
പുഴയെ പുഴയെ മീൻ തരാമോ
മരമേ മരമേ കാ തരാമോ
കാറ്റേ കാറ്റേ തണു തരാമോ
കാടേ കാടേ ഇറച്ചി തരാമോ എന്ന്.
എല്ലാരും പാട്ട് കേട്ടോ? ഇഷ്ടപ്പെട്ടോ?
ഉം
എന്നാ ഇനി അങ്ങോട്ട് കുറച്ച് കഥയാണ്. ചിരിക്കാനും ചിന്തിക്കാനും കരയാനുമുള്ള ഒരു കഥ... കഥ... കഥ.
ഉം
അങ്ങനെ അങ്ങനെ മൻന്നിയണ്ണന് മീനും കിട്ടി ഇറച്ചിയും കിട്ടി പൂവും കിട്ടി. അതുമായി കാട്ടിൽ നിന്നും കാലികളേയും തെളിച്ച് വീട്ടിലേക്ക് നടന്ന് നടന്ന് വീട്ടിലെത്തിയപ്പോഴേക്കും കുട്ടികൾ പൂക്കൾ കണ്ടിട്ട് ഓടിവന്നിട്ട് മൻന്നിയച്ഛനോട് ചോദിച്ചു മൻന്നിയച്ഛാ മൻന്നിയച്ഛാ ഈ പൂവിനെ ഞങ്ങക്കും വേണം തരാമോ?
മൻന്നിയണ്ണൻ വേഗം കുട്ടികൾക്കെല്ലാം ഓരോ പൂക്കൾ വീതം കൊടുത്തിട്ട് ഇങ്ങനെ പറഞ്ഞു .
പൂക്കളെ പെറുമ്പോൾ പുഴയെ അനക്കരുത്,
മരങ്ങൾ പൂക്കുമ്പോൾ കുലുക്കരുത്,
മലകൾ തണുക്കുമ്പോൾ ഇടിക്കരുത്,
മൃഗങ്ങളുടെ വയറ് നിറഞ്ഞാൽ ഓടിക്കരുത്.
കാരണം എന്താന്ന് അറിയാമോ?
ഉം
ഞാൻ പറയില്ല നിങ്ങൾ കണ്ടുപിടിച്ചിട്ട് നാളെ പുതിയ കഥ ഞാൻ പറയുന്നതിന് മുൻപേ എനിക്കത് പറഞ്ഞു തരണം എന്നാലെ ഇനി പുതിയ കഥ പറയു. അതു മതിയോ ങ്ഹാം എന്നാ നമ്മുടെ മൻന്നിയണ്ണന്റെ കഥയിലേക്ക് പോട്ടേ… കേട്ടിരുന്നേ.
അങ്ങനെ മൻന്നിയണ്ണൻ മീനും ഇറച്ചിയും കഴുകി വെടുപ്പാക്കീട്ട് ഇടിച്ച് ചതച്ച് ചാറുപ്പോലെ തിന്നാൻ പാകത്തിന് ശരിയാക്കി കറിവെച്ചിട്ട് അയലത്തെ മക്കൾക്കെല്ലാം കൊടുത്തിട്ട് വീട്ടിൽ വന്നിട്ട് സുന്ദരമായി കഴിച്ചു. എന്നിട്ട് പായ വിരിച്ച് എന്തൊക്കെയോ നിനച്ചുക്കൂട്ടി പാവം.
പല്ല് വെക്കണം ഇറച്ചി കഴിക്കണം അങ്ങനെയങ്ങനെ ഓരോന്ന് ആലോചിച്ച് ആലോചിച്ച് മൻന്നിയണ്ണൻ ഉറങ്ങിപ്പോയി.
നേരം വെളുക്കാറായപോൾ കോഴികൾ കൂവി സൂര്യൻ കുഞ്ഞായി വന്ന് വലുതായി വന്ന് വന്ന് വെയില് തെളിഞ്ഞു ആൾക്കാരെല്ലാരും പാടത്തും പറമ്പിലും പണികളിൽ ഏർപ്പെട്ടു. മൻന്നിയണ്ണൻ ചായയും കുടിച്ച് തിണ്ണയിൽ മെല്ലെ ഇരുന്നു. ചായ കുടിച്ചു തീർന്നു. എന്നിട്ട് മൻന്നിയണ്ണൻ കുളിച്ച് എണ്ണ തേച്ച് മുടി ചീവി കുപ്പായവും മുണ്ടും ഉടുത്ത് വേഗം നടന്ന് കവലയിൽ ചെന്നിരുന്നു.
തലയിൽ ഒരു തോർത്ത് കെട്ടിട്ടുണ്ട് കൈയ്യിൽ ഒരു വടിയും തോളത്ത് ഒരു സഞ്ചിയും തൂക്കിട്ട് ഏതെങ്കിലും വണ്ടി വന്നാൽ അതിൽ കയറിട്ട് ആശുപ്പത്രിയിൽ ചെന്നിട്ട് പല്ലും വെച്ചിട്ട് സുന്ദരമായൊരു ചിരിയും ചിരിച്ച് വരാം എന്ന് നിനച്ചോണ്ട് പാവം മൻന്നിയണ്ണൻ അവിടെത്തന്നെ ഇരുന്നിരുന്ന് മടുത്തിരിക്കുന്ന നേരത്ത് അടുത്ത വീട്ടിലെ മാലതിയുടെ മകളുടെ പ്രസവത്തിനായി അവളെ കൊണ്ടു പോവാൻ കുറച്ച് ആൾക്കാർ അവിടേക്ക് വന്നത് കാണാനിടയായത്. പക്ഷേ, ഇതൊന്നും അറിയാതെ, പല്ലും വെക്കണം നല്ല ഭക്ഷണം കഴിക്കണം എന്ന ആഗ്രഹവുമായി പാവം മൻന്നിയണ്ണൻ അവിടെത്തന്നെ ഇരുന്നു,
/indian-express-malayalam/media/media_files/uploads/2022/10/sukumaran-3.jpg)
മാലതിയുടെ മകളില്ലേ അവള് ഓപ്പറേഷൻ ചെയ്യുന്നതിന് പേടിച്ച് വാതിൽ അടച്ചുവെച്ചിരിക്കുകയായിരുന്നു. ആൾക്കാര് അവളുടെ വീടിന് മുൻപിൽ കൂട്ടമായി നിന്നു.
ഇതൊന്നും കാണാതെ പാവം മൻന്നിയണ്ണൻ വണ്ടി വരുന്നതും നോക്കി ഇരിപ്പാണ്.
മാലതിയുടെ വീട്ടിലേക്ക് അവിടത്തെ ആശാവർക്കർ മായ വന്നിട്ട് ചോദിച്ചു .ഇതുവരേക്കും ഒരുങ്ങിയില്ലേ വണ്ടി വന്നിട്ട് എത്ര നേരമായി വേഗം വിളിക്ക് എന്നൊക്കെ പറയുന്നത് കേൾക്കുന്നുണ്ട് .മാലതിയുടെ അമ്മ പുറത്തേക്കിറങ്ങിവന്നിട്ട് ആശാവർക്കറോട് പറഞ്ഞു "അവൾക്ക് ഓപ്പറേഷൻ പേടിയാണ് അതാണ് വാതിൽ കുറ്റിയിട്ടത് ഞാൻ പറഞ്ഞിട്ടും വിളിച്ചിട്ടും കേക്കണില്ല എന്താ ചെയ്യുക. എന്റെ മോള്, ങും ങും"മെന്ന് മാലതിയുടെ അമ്മ കരയാൻ തുടങ്ങി .
ആശാവർക്കർ കുറച്ചുനേരം ആലോചിച്ചിട്ട് നിന്നിട്ട് ഒന്നും നോക്കാതെ അവളുടെ മുറിയുടെ വാതിലിന് ഡിശും ഡിശുമെന്ന രണ്ട് ചവിട്ട് ചവിട്ടിയതും വാതിൽ തുറന്ന് അവളെയും എടുത്ത് ആംബുലൻസിൽ കേറ്റിയപ്പോൾ അവിടെ ഇരിക്കുന്ന മൻന്നിയണ്ണനെ കണ്ടിട്ട് ചോദിച്ചു "മൻന്നിയണ്ണാ... മൻന്നിയണ്ണാ എങ്ങോട്ടാ?"
മൻന്നിയണ്ണൻ പറഞ്ഞു "ആശുപത്രിക്കാണ് പുതിയ പല്ല് വെക്കാൻ പോവാ വണ്ടി കാത്തിരിക്കുവാണ്, ഒരു വണ്ടിയും വന്നതുമില്ല കിട്ടിയതുമില്ല."
ഇതു കേട്ടതും ആശാവർക്കർ "എന്നാ വാ ഇതിൽ കേറിക്കോ അവിടെ വിടാ"മെന്ന് പറഞ്ഞു. മൻന്നിയണ്ണൻ വടിയും കുത്തി ആ വണ്ടിയിൽ കയറി ആശുപത്രിയിൽ എത്തിട്ട് ഒ പി ചീട്ട് എടുത്തിട്ട് പല്ല് ഡോക്ടറെ കാണാൻ വേണ്ടി അവിടെ ഇരുന്നു.
സമയങ്ങൾ തീർന്ന് തീർന്ന് തീർന്ന് ഏകദേശം ഒരുമണി ആവാൻ പോവുകയാണ്,മൻന്നിയണ്ണൻ പേരു വിളിക്കാൻ കാത്തിരിക്കുകയാണ്. പേര് വിളിച്ചില്ല എന്നതു മാത്രമല്ല സമയവും തീരാറായി .അപ്പോഴാണ് മൻന്നിയണ്ണന്റെ നാട്ടിലെ ഒരു സ്ത്രീ കണ്ടത്
അവർ ഓടിവന്നിട്ട് മൻന്നിയണ്ണനോട് ചോദിച്ചു എന്തിനാ വന്നത് എന്ന്, മൻന്നിയണ്ണൻ പറഞ്ഞു "പുതിയ പല്ല് വെക്കാൻ വന്നതാണ് ഇരുന്ന് മടുത്തു വേഗം വീട്ടില് പോണം രാത്രിയാവും," എന്നൊക്കെ.
പാവം ആ ചേച്ചി ഓടിച്ചെന്ന് കൗണ്ടറിൽ മൻന്നിയണ്ണന്റെ പേര് അവർ പറഞ്ഞു ഈ പേരിൽ ഇവിടെ ഇല്ല എന്നാണ് .അവസാനം ചീട്ട് പരിശോധിച്ചപ്പോൾ ചീട്ടിലെ പേര് 'മണിയൻ' എന്നാണ് എഴുതിയിരിക്കുന്നത് .അവര് കൊറെ തവണ 'മണിയൻ, മണിയൻ' എന്ന് വിളിച്ചിരുന്നെന്ന് ആ ചേച്ചിയോട് പറഞ്ഞു.
ചേച്ചി പറഞ്ഞു അവരുടെ പേര് മണിയൻ എന്നല്ല മൻന്നിയണ്ണൻ എന്നാണ് നിങ്ങൾക്കാണ് തെറ്റ് പറ്റിയത് എന്ന് പറഞ്ഞ് ദേഷ്യത്തോടെ പറഞ്ഞു. അപ്പോഴേക്കും പല്ലിന്റെ ഡോക്ടറുടെ സമയം കഴിഞ്ഞ് അവർ പോയി.
/indian-express-malayalam/media/media_files/uploads/2022/10/sukumaran-4.jpg)
ആ ചേച്ചി സങ്കടത്തോടെ ചോദിച്ചു "മൻന്നിയണ്ണാ, മൻന്നിയണ്ണാ... മൻന്നിയണ്ണന്റെ പേര് ആരാ മണിയനാക്കിയത്?"
"മൻന്നിയണ്ണൻ അറിഞ്ഞില്ലേ?"
മൻന്നിയണ്ണൻ ആ മൻന്നിയണ്ണൻ അറിയില്ലാന്ന് പറഞ്ഞ് ഒരു ചിരിയും ചിരിച്ച് കുടയുമെടുത്ത് വടിയുമെടുത്ത് നേരെ വീട്ടിലേക്ക് ഒറ്റ നടത്തം.
ആരോ ഇട്ടുക്കൊടുത്ത മണിയൻ എന്ന പേരുമായി മൻന്നിയണ്ണൻ നടന്നുപോയ വഴിയിൽവെച്ച് പല്ലില്ലാത്ത വായയിൽ ദേഷ്യപ്പെടാതെ പിറുപിറുത്തോണ്ട് എന്തോ പറഞ്ഞു. ആരും അത് കേട്ടില്ല .
നടന്ന് നടന്ന് കാടിന്റെ വഴിയെത്തിയതും ഒന്ന് തിരിഞ്ഞു നോക്കിട്ട് വീണ്ടും കാട്ടിലേക്ക് തിരിഞ്ഞ് നടക്കുമ്പോഴേക്കും ആരൊക്കെയോ കരഞ്ഞോണ്ട് പാടുകയായായിരുന്നു
മൻന്നിയണ്ണാ മഴ മഴ
മാസം തികയാതെ പെറ്റു പെറ്റു
നാട്ടുമനുഷ്യന്റെ ഒച്ചയിൽ പുള്ള് പുള്ള്
മണ്ണുക്കുടഞ്ഞു മരിച്ചു എന്ന് .
കഥ തീർന്നു മക്കൾക്ക് ഇഷ്ടമായോ അതോ?
ഉം സാരമില്ല അടുത്ത ഒരു പുതിയ കഥ വരുന്നുണ്ട് കാത്തിരിക്കു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us