scorecardresearch
Latest News

പക്ഷികള്‍ മരിക്കാന്‍ പോകുന്നത് എവിടെയാണ്?

“പുസ്തകങ്ങളൊക്കെ ചേർത്തുപിടിച്ച് കുട്ടികള്‍ക്കിടയിലേക്ക് നടക്കുമ്പോള്‍ ആകാശത്തു നിന്നും പക്ഷിത്തൂവലുകള്‍ പൊഴിയുന്നത് പോലെ തോന്നി താരയ്ക്ക്.” സുഭാഷ് ഒട്ടുംപുറം എഴുതിയ കുട്ടികളുടെ കഥ

subhash ottumpuram, story , iemalayalam

കൊല്ലപ്പരീക്ഷ തുടങ്ങിയ ദിവസമാണ് അശ്വതിക്ക് ആ സംശയം ആദ്യമായി തോന്നിയത്.
പക്ഷികള്‍ ചത്തുപോകുന്നത് എന്തുകൊണ്ടാണ് നമ്മളറിയാത്തത്? സ്‌ക്കൂളിന് മുന്നിലെ ഇല്ക്ട്രിക് പോസ്റ്റിനടുത്ത് ഒരു കാക്ക ചത്ത് കിടക്കുന്നത് കണ്ടപ്പോഴാണ് അവള്‍ക്കങ്ങനെയൊരു സംശയം തോന്നിയത്.

ഷോക്കേറ്റ് ചത്തുകിടക്കുന്ന കാക്കളെ അവള്‍ പലപ്പോഴും കണ്ടിട്ടുണ്ട്. പക്ഷേ, മറ്റു പക്ഷികള്‍ ചത്തു കിടക്കുന്നത് അവള്‍ ഒരിക്കലും കണ്ടിട്ടില്ല. അശ്വതിക്ക് അത്ഭുതം തോന്നി. അതെന്താണങ്ങനെ? മറ്റു പക്ഷികളൊന്നും ചാവാറില്ലേ?

ജീവനുള്ളതെല്ലാം ഒരിക്കല്‍ ചാവും. മറ്റു ജീവികൾ ചത്താൽ നമ്മൾ അധികമൊന്നും അറിയാറില്ല. പക്ഷേ, മനുഷ്യർ മരിച്ചാൽ നാടറിയും. കരച്ചിൽ, വിലാപയാത്ര, ശവമടക്ക്… പക്ഷികൾക്ക് അത്തരം ചടങ്ങുകളൊന്നുമില്ലാത്തതു കൊണ്ടായിരിക്കുമോ അവരുടെ മരണം നമ്മളറിയാതെ പോകുന്നത്? സ്‌കൂളിലെത്തും വരെ അശ്വതി അതു തന്നെ ചിന്തിച്ചു കൊണ്ടിരുന്നു.

പരീക്ഷ കഴിഞ്ഞ് തിരിച്ചു വരുമ്പോഴും ചത്ത കാക്ക അവിടെ തന്നെ കിടക്കുന്നുണ്ടായിരുന്നു. അവള്‍ വീണ്ടും പക്ഷികളെ കുറിച്ചോര്‍ത്തു. ഇടവഴിയുടെ ഓരത്തെ പൊന്തയില്‍ നിന്ന് പലതരം പക്ഷികളുടെ കലപില അശ്വതി കേട്ടു. അവള്‍ നന്നായി കാതോര്‍ത്തു.

കൂട്ടത്തിലേതെങ്കിലും ചത്തത് കൊണ്ട് മറ്റുള്ളവര്‍ കരയുകയാണോ? അവള്‍ ഇലകള്‍ വകഞ്ഞ് മാറ്റി പൊന്തപ്പടര്‍പ്പിനുള്ളിലേക്ക് തലയിട്ടു. രണ്ട് തുന്നാരന്മാര്‍ ഭയപ്പെട്ട് പുറത്തേക്ക് പറന്നു. ചത്തു കിടക്കുന്ന ഒരു പക്ഷിയേയും കാണാനവള്‍ക്ക് കഴിഞ്ഞില്ല. അശ്വതിക്ക് സമാധാനമായി.

വീട്ടിലെത്തും വരെ വഴി നീളെ അവള്‍ ചുറ്റുപാടുകള്‍ ശ്രദ്ധിച്ചു. ചൂളമടിക്കുന്ന വണ്ണാത്തിപ്പുള്ള്, പുഴയോരത്തെ കൊറ്റികള്‍, കുളക്കോഴികള്‍… ഒന്നും ചത്തുകിടക്കുന്നില്ല. പക്ഷികള്‍ മരിക്കാന്‍ ദൂരെ എവിടെയെങ്കിലുമാവും പോവാറ്. അവള്‍ മനസ്സില്‍ കണക്കു കൂട്ടി.

വീട്ടിലെത്തിയപ്പോള്‍ അവള്‍ അമ്മയോട് ചോദിച്ചു “അമ്മേ, പക്ഷികള്‍ മരിക്കാന്‍ എവിടെയാ പോകാറ്?”

അവളുടെ ചോദ്യം കേട്ട് അമ്മ അത്ഭുതപ്പെട്ടു. “അതെന്താ ഇപ്പോ അങ്ങനെയൊരു സംശയം?” അമ്മ ചോദിച്ചു.

വഴിയില്‍ ചത്തു കിടന്ന കാക്കയുടെ കാര്യം അശ്വതി പറഞ്ഞു. “അതുപോലെ മറ്റുപക്ഷികള്‍ ചത്തുപോകുന്നത് എന്തുകൊണ്ടാണ് നമ്മളറിയാത്തത്?”


സത്യത്തില്‍ അമ്മയും അപ്പോഴാണ് അക്കാര്യത്തെ പറ്റി ഓര്‍ത്തത്. “ശരിയാണല്ലോ, ഈ പക്ഷികള്‍ മരിക്കാന്‍ പോകുന്നത് എവിടെയാണ്?”

അച്ഛനോടും അവള്‍ ആ സംശയം ചോദിച്ചു. അച്ഛനും കൈ മലര്‍ത്തി. അശ്വതിക്ക് വല്ലാത്ത നിരാശ തോന്നി. ഇനിയാരോട് ചോദിക്കും? പെട്ടെന്നാണ് ബയോളജി പഠിപ്പിക്കുന്ന അജിത് മാഷിന്റെ കാര്യം അവള്‍ക്ക് ഓര്‍മ്മ വന്നത്. മാഷിനോട് ചോദിക്കാം. മാഷിനറിയാത്തതായി ഒന്നുമില്ല.

അന്ന് രാത്രി ഏറെ നേരം കഴിഞ്ഞിട്ടാണ് അശ്വതിക്ക് ഉറക്കം വന്നത്. ഉറക്കത്തിലാകട്ടെ അവള്‍ വിചിത്രമായൊരു സ്വപ്നം കാണുകയും ചെയ്തു. വിജനമായൊരു പറമ്പില്‍ നില്‍ക്കുകയായിരുന്നു അവള്‍. പെട്ടന്ന് മഴ പെയ്തു.

പക്ഷേ, അവള്‍ നനഞ്ഞില്ല. കാരണം ആകാശത്തില്‍ നിന്ന് ഊര്‍ന്നു വീണിരുന്നത് വെള്ളമായിരുന്നില്ല. തൂവലുകളായിരുന്നു. പക്ഷികളുടെ ശവപ്പറമ്പായിരുന്നു അത്. ഓരോ പക്ഷിയും ചാവാന്‍ നേരം ആ പറമ്പിന് മുകളില്‍ വരും. തൂവലുകള്‍ താഴേക്ക് പൊഴിച്ച് അവര്‍ അന്തരീക്ഷത്തില്‍ അലിഞ്ഞു ചേരും.

അശ്വതി മുകളിലേക്ക് നോക്കി. കാര്‍മേഘം പോലെ ഒരു വലിയ പക്ഷിക്കൂട്ടം ഒഴുകി വരുന്നത് അവള്‍ കണ്ടു. അവരെല്ലാം കൂട്ടത്തോടെ ചാവുന്നത് കാണാന്‍ നില്‍ക്കാതെ അശ്വതി വേഗം ഞെട്ടിയുണര്‍ന്നു.

subhash ottumpuram, story , iemalayalam

പിറ്റേദിവസം ആ കാക്കയുടെ ജഡം അവിടെ കാണാനില്ലായിരുന്നു. അശ്വതി നേരെ സ്റ്റാഫ് റൂമിലേക്ക് ചെന്നു. പരീക്ഷയുടെ തിരക്കിലായിരുന്നു മാഷ്.

“മാഷേ, ഒരു സംശയം…”

“ചോദിക്കൂ.”

“മാഷേ, ഈ പക്ഷികള്‍ മരിക്കാന്‍ എങ്ങോട്ടാണ് പോവാറ്?” ചോദ്യം കേട്ട് മാഷ് വിസ്മയത്തോടെ അവളെ നോക്കി.

“പക്ഷികള്‍ക്ക് മരിക്കാന്‍ പ്രത്യേകസ്ഥലം വേണമെന്ന് ആരാ പറഞ്ഞത്?” മാഷ് ചോദിച്ചു.

“പിന്നെന്താ മാഷേ പക്ഷികള്‍ ചത്തുകിടക്കുന്നത് ആരും കാണാത്തത്?”

അതുകേട്ടപ്പോള്‍ മാഷ് കുറച്ച് നേരം എന്തോ ആലോചിച്ചു. പിന്നെ പറഞ്ഞു: ”സാവകാശം പറഞ്ഞു തരാം. പരീക്ഷയുടെ തിരക്ക് കഴിയട്ടെ. ഇപ്പോള്‍ പരീക്ഷാ ഹാളിലേക്ക് ചെല്ലൂ.”

അശ്വതി പരീക്ഷാ ഹാളിലേക്ക് നടന്നു.

പിന്നീടുള്ള ദിവസങ്ങളിലെല്ലാം മാഷിന്റെ മറുപടി പ്രതീക്ഷിച്ച് അവള്‍ ആകാംക്ഷയോടെ കാത്തിരുന്നു. മാഷിന്റെ തിരക്ക് കഴിഞ്ഞില്ല. അങ്ങനെ അവസാനത്തെ പരീക്ഷയും കഴിഞ്ഞു. സ്‌കൂളടച്ചു. ഇനി രണ്ട് മാസം കഴിഞ്ഞേ മാഷിനെ കാണൂ. നിരാശയോടെ അവള്‍ വീട്ടിലേക്ക് നടന്നു.

അന്ന് രാത്രി അശ്വതിക്ക് ഉറക്കം വന്നതേയില്ല. എന്നും കാണാറുള്ള പക്ഷികളുടെ ജീവിതം വല്ലാത്തൊരു രഹസ്യമാണെന്ന് അവള്‍ക്ക് തോന്നി. ആ ലോകത്തേക്ക് കടന്ന് ചെന്ന് അവര്‍ ഒളിപ്പിച്ചു വെച്ചതെല്ലാം കണ്ടുപിടിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് അവളാഗ്രഹിച്ചു.

പിറ്റേ ദിവസം നേരം വെളുത്തപ്പോള്‍ അവള്‍ പാടത്തേക്ക് നടന്നു. കൊയ്ത്തു കഴിഞ്ഞ കാലമാണ്. വീണുകിടക്കുന്ന നെന്മണികള്‍ കൊത്തി തിന്നാന്‍ ധാരാളം പക്ഷികളെത്തിയിട്ടുണ്ട്. മൈന, തത്ത, കുളക്കോഴി, അങ്ങനെ കുറേ പക്ഷികള്‍. ഒരു കൗതുകത്തിന് അവരുടെ കണക്കെടുത്താലോ എന്നവള്‍ ആലോചിച്ചു.

കുറച്ച് ബുദ്ധിമുട്ടുള്ള പണിയായിരുന്നു അത്. കൂടിക്കലര്‍ന്നുള്ള അവരുടെ നടപ്പും ഇടയ്ക്കിടെയുള്ള ചിറകടിയും പലപ്പോഴും അവളുടെ എണ്ണം തെറ്റിച്ചു. അവള്‍ വീണ്ടും വീണ്ടും എണ്ണിക്കൊണ്ടിരുന്നു. അവസാനം ഏതാണ്ടൊരു വിധം കൃത്യമായൊരു കണക്ക് അവള്‍ക്ക് കിട്ടി.

മൈന – 11
തത്ത – 30
കുളക്കോഴി – 2
കൊറ്റികള്‍ – 16

പിന്നീടെന്നും ഇതായി അശ്വതിയുടെ നേരമ്പോക്ക്. ഓരോ ദിവസത്തേയും കണക്കുകള്‍ അവള്‍ കൃത്യമായി നോട്ട്ബുക്കില്‍ എഴുതി വെച്ചു. മാത്രമല്ല, ഓരോ പക്ഷികളുടേയും സ്വഭാവം, രൂപം, ഇര തേടുന്ന രീതി അങ്ങനെ പലതും അവള്‍ നിരീക്ഷിച്ചു.

ആദ്യമൊക്കെ നിഗൂഢമായി തോന്നിയെങ്കിലും ക്രമേണ പക്ഷികളുടെ ലോകം അവള്‍ക്ക് പരിചിതമായി. ഓരോ പക്ഷിയേയും പ്രത്യേകം തിരിച്ചറിയാന്‍ പോലും അവള്‍ക്ക് പറ്റി. ഓരോ പക്ഷിക്കും അവള്‍ ഓരോ പേര് കൊടുത്തു. റോസ്‌മേരി, ആയിഷ, ഇന്ദു, അലന്‍, പ്രശോഭ് അങ്ങനെയങ്ങനെ. എല്ലാം അവളുടെ ക്ലാസിലെ കുട്ടികളുടെ പേരുകളായിരുന്നു.

മെയ് മാസത്തില്‍ അശ്വതിയുടെ റിസള്‍ട്ട് വന്നു. അവള്‍ എട്ടാംക്ലാസിലേക്ക് ജയിച്ചു. അന്ന് മറ്റൊരു സംഭവമുണ്ടായി. മൈനകള്‍ക്കിടയില്‍ റോസ്‌മേരിയെ കണ്ടില്ല. വൈകുന്നേരം വരെ അവള്‍ മൈനക്കൂട്ടത്തെ നിരീക്ഷിച്ചു. റോസ്‌മേരി പിന്നെ വന്നതേയില്ല.

അശ്വതിക്ക് വല്ലാത്ത വിഷമമായി. മറ്റൊരു ദിവസം കുളക്കോഴികളിലെ പ്രശോഭിനെ കാട്ടുപൂച്ച പിടിക്കുന്നത് അവള്‍ കണ്ടു. അവള്‍ ഒച്ചവെച്ചപ്പോള്‍ പ്രശോഭിനേയും കൊണ്ട് കാട്ടുപൂച്ച പൊന്തയിലേക്ക് മറഞ്ഞു. സങ്കടത്തോടെ നോട്ട്ബുക്കില്‍ നിന്നും പ്രശോഭിന്റെ പേര് അശ്വതി വെട്ടി.

വേറൊരു ദിവസം വരമ്പത്ത് കുറേ തൂവലുകള്‍ കിടക്കുന്നത് അവള്‍ കണ്ടു. നീല നിറത്തിലുള്ള തൂവലുകള്‍. അവളത് കൈയ്യിലെടുത്തു.

subhash ottumpuram, story , iemalayalam


“കണ്ണന്‍” അവള്‍ വിഷമത്തോടെ പറഞ്ഞു. അടുത്തിടെയായി മാത്രം വരമ്പത്ത് കാണാന്‍ തുടങ്ങിയ മീന്‍കൊത്തിയുടെ തൂവലുകളായിരുന്നു അത്.

അങ്ങനെ അവധിക്കാലം തീരാറായപ്പോഴേക്കും പക്ഷികളില്‍ പലരേയും കാണാതാവുകയും പുതിയ ചിലര്‍ വരികയും ചെയ്തു. സ്‌ക്കൂള്‍ തുറക്കുന്നതിന്റെ തലേന്ന് പാടത്ത് നിന്ന് തിരിച്ചുവരുമ്പോള്‍ പേരറിയാത്തൊരു കിളിയെ ഒരു ചേര ചുറ്റി വരിയുന്നത് അശ്വതി കണ്ടു.

വിഷമിച്ചിട്ട് കാര്യമില്ലെന്ന് അവള്‍ സ്വയം ആശ്വസിപ്പിച്ചു. ഭൂമിയിലെ ജീവിതം ഇങ്ങനെയൊക്കെയാണ്.
സ്‌കൂള്‍ തുറന്ന ദിവസം അശ്വതി നേരത്തെ എഴുന്നേറ്റ് കുളിച്ചൊരുങ്ങി പുറപ്പെട്ടു.

അവളെ കണ്ടപ്പോള്‍ അജിത് മാഷ് പറഞ്ഞു “അശ്വതി അന്ന് ചോദിച്ച സംശയത്തിനുള്ള മറുപടി വേണ്ടേ?”

“ഞാനത് കണ്ടെത്തി മാഷേ.” അവള്‍ പറഞ്ഞു.

അതു കേട്ട് മാഷ് അത്ഭുതപ്പെട്ടു.

“എങ്ങനെ?”

അശ്വതി നോട്ട്ബുക്ക് മാഷിന് നീട്ടി. മാഷ് അത് മറിച്ചു നോക്കി. അദ്ദേഹത്തിന്റെ മുഖത്ത് ഗൗരവം നിറഞ്ഞു.

“അശ്വതി ക്ലാസിലേക്ക് പൊയ്‌ക്കൊള്ളൂ. തത്ക്കാലം ഇതെന്റെ കൈയ്യിലിരിക്കട്ടെ.”

അവള്‍ ക്ലാസിലേക്ക് നടന്നു. പുതിയ ക്ലാസാണ്. അവള്‍ എല്ലാ കുട്ടികളേയും നോക്കി. റോസ്‌മേരി, ആയിഷ, ഇന്ദു, അലന്‍, പ്രശോഭ്, കണ്ണന്‍… അവള്‍ക്ക് സമാധാനമായി. എല്ലാവരുമുണ്ട്.

ആദ്യത്തെ ദിവസമായതിനാല്‍ അന്ന് ക്ലാസ് നേരത്തെ വിട്ടു. അതിന് മുന്‍പ് ഒരു അസംബ്ലിയുണ്ടാകുമെന്ന് പ്യൂണ്‍ വന്നറിയിച്ചു. എല്ലാ കുട്ടികളും സ്‌കൂള്‍ മുറ്റത്ത് വരിവരിയായി നിന്നു.
അജിത് മാഷാണ് സംസാരിച്ചത്.

“പ്രിയപ്പെട്ട കുട്ടികളേ, ഇന്നിവിടെ അടിയന്തിരമായൊരു അസംബ്ലി വിളിച്ചു കൂട്ടിയതിന് കാരണമെന്താണന്നറിയാമോ?” കുട്ടികള്‍ മുഖത്തോട് മുഖം നോക്കി.

മാഷ് തുടര്‍ന്നു “കഴിഞ്ഞ അധ്യയനവര്‍ഷം കൊല്ലപ്പരീക്ഷ തുടങ്ങിയ ദിവസം നമ്മുടെ സ്‌കൂളിലെ ഒരു കുട്ടി ഒരു സംശയം ചോദിച്ച് എന്റെയരികില്‍ വന്നു.”

അശ്വതിയുടെ നെഞ്ചിടിച്ചു. സംശയം ചോദിച്ചത് പ്രശ്‌നമായോ? നോട്ട്ബുക്ക് വാങ്ങി മറിച്ചു നോക്കുമ്പോള്‍ മാഷിന്റെ മുഖത്തെ ഗൗരവം അവള്‍ക്കോര്‍മ്മ വന്നു.

“ആ കുട്ടി ചോദിച്ച സംശയം എന്താണെന്നറിയുമോ?” കുട്ടികള്‍ക്കിടയില്‍ മര്‍മ്മരങ്ങളുയര്‍ന്നു. അശ്വതി തല കുനിച്ചു. തന്റെ സംശയമെന്താണെന്നറിയുമ്പോള്‍ എല്ലാവരും കളിയാക്കുമോ?

“പക്ഷികള്‍ മരിക്കാന്‍ എങ്ങോട്ടാണ് പോവാറെന്നാണ് ആ കുട്ടി ചോദിച്ചത്.”

അത് കേട്ടപ്പോള്‍ കുട്ടികളെല്ലാം ഒരു നിമിഷം നിശ്ശബ്ദരായി. അശ്വതി കണ്ണുകളടച്ചു.

“കേള്‍ക്കുമ്പോള്‍ തോന്നും നിസ്സാരമായ ചോദ്യമെന്ന്. പക്ഷേ, അത്ര നിസ്സാരമല്ല ആ ചോദ്യം. കാരണം, കാക്കയല്ലാതെ മറ്റൊരു പക്ഷിയും ചത്ത് കിടക്കുന്നത് ഇതുവരെ നമ്മുടെയൊന്നും ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടാകില്ല. പക്ഷികള്‍ ചത്തുപോകുന്നത് എന്തുകൊണ്ടാണ് നമ്മളറിയാത്തത്? ആ കുട്ടി എന്നോടത് ചോദിച്ചപ്പോള്‍ കൃത്യമായ ഉത്തരം എന്റെ കൈയ്യിലുമില്ലായിരുന്നു.”

മാഷ് പറഞ്ഞത് കേട്ടപ്പോള്‍ അശ്വതിയ്ക്ക് ഇത്തിരി ആശ്വാസം തോന്നി.

“നിങ്ങളിലാര്‍ക്കെങ്കിലും അറിയാമോ അതിന്റെ ഉത്തരം?” മാഷ് ചോദിച്ചു. ആരും മറുപടി പറഞ്ഞില്ല.

“പരീക്ഷയുടെ തിരക്കിലായത് കാരണം ആ കുട്ടിയുടെ സംശയം തീര്‍ത്തു കൊടുക്കാന്‍ എനിക്കന്ന് സാധിച്ചില്ല. കഴിഞ്ഞ അവധിക്കാലത്ത് കുറേ പുസ്തകങ്ങള്‍ പരിശോധിച്ചും ചില പക്ഷിനിരീക്ഷരോട് സംസാരിച്ചും ഞാനതിനുള്ള ഉത്തരം കണ്ടെത്തി.”

“എവിടേക്കാണ് മാഷേ പക്ഷികള്‍ മരിക്കാന്‍ പോവാറ്?” കുട്ടികളുടെ കൂട്ടത്തില്‍ നിന്നും പ്രശോഭ് ഉറക്കെ ചോദിച്ചു.

മാഷ് ചിരിച്ചു.

“അതാ കുട്ടിയോട് പറയാനാണ് ഞാനിന്ന് നേരത്തെ തന്നെ വന്നത്. പക്ഷേ, ആ രഹസ്യം ആ കുട്ടി എന്നേക്കാള്‍ മുമ്പേ മനസ്സിലാക്കി കഴിഞ്ഞിരുന്നു. പുസ്തകങ്ങള്‍ വായിക്കാതെ, ആരോടും ചോദിക്കാതെ…”

മാഷ് പറഞ്ഞതു കേട്ട് കുട്ടികള്‍ അമ്പരന്നു.

“അതെങ്ങനെ മാഷേ?” അവര്‍ ചോദിച്ചു.

“ചുറ്റുപാടുകളെ നിരീക്ഷിച്ചിട്ട്.” മാഷ് പറഞ്ഞു.

പിന്നെ ആ നോട്ട്പുസ്തകം ഉയര്‍ത്തി കാട്ടി.

“ഈ പുസ്തകം നിറയെ ആ കുട്ടി എഴുതിയ കുറിപ്പുകളാണ്. ഇതിലുണ്ട് ആ രഹസ്യം.”

“വായിക്കൂ മാഷേ… ഞങ്ങള്‍ക്കും ആ രഹസ്യമറിയണം!” കുട്ടികള്‍ ബഹളം വെച്ചു.

“അതാ കുട്ടി തന്നെ പറയുന്നതല്ലേ ഭംഗി. അശ്വതീ…ദയവായി ഇങ്ങോട്ട് വരൂ മോളേ.” മാഷ് വിളിച്ചു.

എല്ലാവരും അത്ഭുതത്തോടെ അശ്വതിയെ നോക്കി. അവള്‍ നാണം കൊണ്ട് കൂമ്പിപ്പോയി. കുട്ടികളെല്ലാം കൈയ്യടിച്ചു. അവള്‍ പതിയെ പടികള്‍ കയറി വരാന്തയിലെത്തി.

“അശ്വതീ, ഇനി കൂട്ടുകാരോട് മോള്‍ കണ്ടെത്തിയ കാര്യം പറഞ്ഞു കൊടുക്കൂ.” മാഷ് പറഞ്ഞു.
കുട്ടികള്‍ കാതോര്‍ത്തു. അശ്വതി ആ രഹസ്യം പറഞ്ഞു.

subhash ottumpuram, story , iemalayalam


“പക്ഷികള്‍ മരിക്കാനായ് എങ്ങും പോകാറില്ല. മറ്റു ജീവികള്‍ക്ക് ആഹാരമാവുകയാണ് പതിവ്. അതുകൊണ്ടാണ് പക്ഷികള്‍ ചത്തുകിടക്കുന്നത് നമ്മുടെ ശ്രദ്ധയില്‍ പെടാത്തത്.”

അത്ഭുതത്തോടെയാണ് കുട്ടികള്‍ അശ്വതിയുടെ വാക്കുകള്‍ കേട്ടത്. കേള്‍ക്കുമ്പോള്‍ എത്ര നിസ്സാരം.

“ജീവികള്‍ പരസ്പരം ഭക്ഷിക്കുക എന്നത് പ്രകൃതിനിയമമാണ്. അവരത് തെറ്റിക്കാറില്ല. തെറ്റിക്കുന്നത് നമ്മള്‍ മനുഷ്യരാണ്. ഞാന്‍ നിരീക്ഷിച്ച 14 കൊറ്റികളില്‍ 10 എണ്ണത്തിനേയും കൊന്നത് മനുഷ്യരാണ്. പാടവും പറമ്പുമൊക്കെ നമ്മള്‍ കൈയ്യേറിയത് കാരണം പല ജീവികളേയും കാണാതായിട്ടുണ്ട്. ചെറുപ്പത്തില്‍ ഞാന്‍ സ്ഥിരമായി കണ്ടിരുന്ന ചെങ്കണ്ണി തിത്തിരികളില്‍ ഒരെണ്ണത്തെ പോലും ഇപ്പോള്‍ കാണാനില്ല.”

അശ്വതിയുടെ വാക്കുകള്‍ ഇടറി. ഇനിയും പറഞ്ഞാല്‍ താന്‍ കരഞ്ഞു പോയേക്കുമെന്ന് അവള്‍ ഭയപ്പെട്ടു.
അത് മനസ്സിലാക്കി അജിത് മാഷാണ് ബാക്കി പറഞ്ഞത്.

“നമുക്ക് ആവശ്യത്തിനുള്ളത് ഭൂമിയിലുണ്ട്. അനാവശ്യമായി ഉപയോഗപ്പെടുത്തിയാല്‍ ഒരു ജീവി പോലും ഇവിടെ ബാക്കിയുണ്ടാവില്ല. പല ജീവികള്‍ക്കും വംശനാശം സംഭവിച്ചത് മനുഷ്യന്‍ കാരണമാണ്. അതുകൊണ്ട് സഹജീവികളോട് കരുണ കാണിക്കുക. നല്ല മനുഷ്യരായി ജീവിക്കുമെന്ന് സ്വയം പ്രതിജ്ഞയെടുക്കുക. അശ്വതിയുടെ നിരീക്ഷണക്കുറിപ്പുകള്‍ നമ്മള്‍ പുസ്തകമാക്കി പ്രസിദ്ധീകരിക്കാന്‍ പോവുകയാണ്. പക്ഷികള്‍ മരിക്കാന്‍ എങ്ങോട്ടാണ് പോവുന്നത് എന്ന പേരില്‍.”

കുട്ടികള്‍ ഉറക്കെ കൈയ്യടിച്ചു. അശ്വതിയുടെ കണ്ണുകള്‍ നിറഞ്ഞു.

“നമ്മുടെ സ്‌കൂളിന് അഭിമാനമാണ് അശ്വതി.” ഹെഡ്മാസ്റ്റര്‍ അവളെ തോളില്‍ തട്ടി അഭിനന്ദിച്ചു.

“ഇനി അശ്വതിക്ക് ഒരു ചെറിയ സമ്മാനം.” അജിത് മാഷ് പറഞ്ഞു.

പുസ്തകങ്ങളായിരുന്നു അവള്‍ക്ക് കിട്ടിയ സമ്മാനം. കേരളത്തിലെ പ്രശസ്തനായ പക്ഷിനിരീക്ഷന്‍ ഇന്ദുചൂഢന്‍ എഴുതിയ ‘കേരളത്തിലെ പക്ഷികള്‍,’ ‘പുല്ല് മുതല്‍ പൂനാര വരെ’, ‘പക്ഷികളുടെ അത്ഭുത പ്രപഞ്ചം’ എന്നിങ്ങനെയുള്ള പുസ്തകങ്ങള്‍.

അതെല്ലാം നെഞ്ചോടമര്‍ത്തി കുട്ടികള്‍ക്കിടയിലേക്ക് നടക്കുമ്പോള്‍ ആകാശത്തു നിന്നും പക്ഷിത്തൂവലുകള്‍ പൊഴിയുന്നത് പോലെ തോന്നി അശ്വതിക്ക്.

  • കുട്ടിക്കഥക്കൂട്ടിൽ നാളെ കെ ആർ വിശ്വനാഥൻ എഴുതിയ കഥ വായിക്കാം
Children, Short story, Malayalam writer

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Subash ottumpuram story for children pakshikal marikkaan pokunnathu evideyaanu