scorecardresearch
Latest News

ഏകാന്ത നാവികൻ – കുട്ടികളുടെ നോവൽ അവസാനിക്കുന്നു

“അവളൊന്നും മിണ്ടിയില്ല. നിറഞ്ഞ കണ്ണുകളോടെ അവൾ അയാളെ തന്നെ ഉറ്റുനോക്കി. അയാൾ നേർത്ത നീരാവിയായി പതിയെ പതിയെ വായുവിൽ അലിഞ്ഞ് ചേർന്നു.” യുവസാഹിത്യ കാരനായ സുഭാഷ് ഒട്ടുംപുറം എഴുതിയ ഏകാന്ത നാവികൻഎന്ന കുട്ടികളുടെ നോവലിന്റെ പതിനഞ്ചാം ഭാഗം

ഏകാന്ത നാവികൻ – കുട്ടികളുടെ നോവൽ അവസാനിക്കുന്നു

നിധിയുടെ രഹസ്യം

നിക്കോളായ് കിഡ്ഡ് സഞ്ചിയിൽ നിന്ന് പഴയ കാലത്തെ ഒരു ഭൂപടമെടുത്ത് നിവർത്തി.

“ഇതിലെവിടെയാണ് ആ ദ്വീപ്?” അയാൾ ചോദിച്ചു.

“എനിക്ക് കടലിനെ പറ്റിയും ദ്വീപുകളെ പറ്റിയും ഒന്നുമറിയില്ല. അറിയുമായിരുന്നെങ്കിൽ ഞാൻ തനിച്ചത് കണ്ടെത്തിയേനെ…” അവൾ പറഞ്ഞു.

“ശരി. ഞാനത് കണ്ടെത്താം. ദ്വീപിൽ ഏത് ഭാഗത്താണ് ആ നിധിയുള്ളതെന്ന് പറ.”

അയാളുടെ കൈകൾ തോക്കിലേക്ക് നീളുന്നത് അവൾ കണ്ടു. നിധിയിരിക്കുന്ന സ്ഥാനം പറഞ്ഞു കൊടുത്താൽ ആ നിമിഷം അയാൾ തന്നെ കൊല്ലുമെന്ന് അവൾക്ക് ഉറപ്പായിരുന്നു.

“ആദ്യം അങ്ങനെയൊരു ദ്വീപുണ്ടോ എന്ന് കണ്ടെത്തു. ബാക്കി വഴിയേ പറയാം.”

അയാൾ ഭൂപടത്തിൽ തിരയാൻ തുടങ്ങി. പിന്നെ ഓരോ ദ്വീപുകളുടേയും പേരുകൾ ഉറക്കെ വായിക്കാൻ തുടങ്ങി.

“ഹ്യൂമന്തല ദ്വീപ്. ഏതു ഭാഗത്താണാ നശിച്ച ദ്വീപ്?” അയാൾ പിറുപിറുത്തു.

“ധൃതി വെക്കാതെ… സാവകാശം നോക്കൂ.” അവൾ പറഞ്ഞു.

അയാൾ ഭൂപടം അരിച്ചു പെറുക്കാൻ തുടങ്ങി. അയാളുടെ ശ്രദ്ധ അതിൽ മാത്രമായി. അതേസമയം റെബേക്ക, നാവികനെ അടച്ച കുപ്പി പതിയെ തുറക്കാൻ തുടങ്ങി. നേർത്ത നീരാവിയായി ആർതർ വുഡ്ഡ് കുപ്പിയിൽ നിന്ന് പുറത്തേക്കൊഴുകി. അവിടം മുഴുവൻ മഞ്ഞ് പടരാൻ തുടങ്ങി.

subhash ottumpuram, childrens novel, iemalayalam

ഹ്യൂമന്തല ദ്വീപ് തിരഞ്ഞ് സഹികെട്ട് നിക്കോളായ് കിഡ്ഡ് ഭൂപടം മടക്കി.

“നാശം പിടിച്ച ആ ദ്വീപ് ഇതിലില്ല.” അയാൾ നിരാശയോടെ പിറുപിറുത്തു

“ഉണ്ടാവില്ല. കാരണം അങ്ങനെയൊരു ദ്വീപില്ല.”

റെബേക്ക പറഞ്ഞത് കേട്ട് നിക്കോളായ് കിഡ്ഡ് അമ്പരപ്പോടെ തിരിഞ്ഞു നോക്കി.

റെബേയുടെ തൊട്ടരികിൽ ആർതർ വുഡ്ഡിനെ കണ്ട അയാൾ നടുങ്ങിപ്പോയി.

“ഇവനെങ്ങനെ പുറത്തു കടന്നു?” അയാൾ റെബേക്കയെ നോക്കി. അവൾ ചിരിച്ചു.

“നീയെന്നെ പറ്റിച്ചു!” അയാൾ കോപത്തോടെ തോക്കെടുക്കാൻ ശ്രമിച്ചു. പക്ഷേ, കൈകൾ അനങ്ങിയില്ല. സ്വെറ്റർ അഴിച്ചു വെച്ചത് കാരണം അയാളാകെ മരവിച്ചു കഴിഞ്ഞിരുന്നു. അയാൾ റെബേക്കയ്ക്ക് നേരെ നടക്കാൻ ശ്രമിച്ചു. പക്ഷേ, കാലുകൾ ഒന്നനക്കാൻ പോലും അയാൾക്ക് കഴിഞ്ഞില്ല. ഒരടി പോലും മുന്നോട്ട് വെയ്ക്കാനാവാതെ അയാൾ പ്രതിമ പോലെ നിശ്ചലനായി.

അയാൾ അവസാനമായി എന്തോ പറയാൻ വേണ്ടി വാ തുറന്നു. പാതി മാത്രം തുറന്ന വായിൽ അയാളുടെ നാവ് അനക്കമറ്റ് കിടന്നു. റെബേക്ക നോക്കി നിൽക്കേ, മുഖത്ത് അങ്ങേയറ്റം പകയും കോപവും ബാക്കി നിർത്തി നിക്കോളായ് കിഡ്ഡ് ഒരു ചില്ലുപാത്രം പോലെ നിലത്ത് വീണുടഞ്ഞു.

റെബേക്കയും ആർതർ വുഡ്ഡും കോട്ടയുടെ പുറത്തേക്ക് നടന്നു.

“നീ ഞാൻ വിചാരിച്ചതിലും ബുദ്ധിമതിയാണ്.” നടക്കുന്നതിനിടയിൽ ആർതർ വുഡ്ഡ് അവളെ നോക്കി പറഞ്ഞു.

അവൾ ചിരിച്ചു.

“വല്ലാത്തൊരു സൂത്രമാണ് നീ പ്രയോഗിച്ചത്. നീ മിടുക്കി മാത്രമല്ല; നല്ലൊരു കഥാകാരി കൂടിയാണ്.”

അപ്പോഴും അവൾ ചിരിച്ചു.

subhash ottumpuram, childrens novel, iemalayalam

അവർ കടപ്പുറത്തേക്ക് നടന്നു. ആ നാവികനോടൊപ്പം നടക്കുമ്പോൾ പൊഴിഞ്ഞു വീഴുന്ന മഞ്ഞിന് എന്നത്തേതിനേക്കാളും സൗന്ദര്യമുണ്ടെന്ന് റെബേക്കയ്ക്ക് തോന്നി.

ഇത്തിരി ദൂരം നടന്ന് ആർതർ വുഡ്ഡ് നിന്നു.

“ഈ നഗരത്തെ ഇനിയും ബുദ്ധിമുട്ടിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.” അയാൾ പറഞ്ഞു.

റെബേക്ക അയാളെ സംശയത്തോടെ നോക്കി.

“മുന്നൂറ് വർഷം. മുന്നൂറ് വര്‍ഷങ്ങളായി ഞാനാ നിധിയുടെ അവകാശികളെ തേടി അലയുന്നു. എന്റെ അന്വേഷണങ്ങൾക്ക് പരിമിതികളുണ്ട്. എനിക്കിനിയും ആളുകളെ ബുദ്ധിമുട്ടിക്കണമെന്നില്ല.”

അയാൾ പറഞ്ഞു വരുന്നത് എന്താണെന്ന് റെബേക്കയ്ക്ക് മനസിലായില്ല.

“വിശ്വസ്തനായ ഒരാളെ ആ രഹസ്യമേൽപ്പിച്ച് എനിക്ക് എന്നെന്നേക്കുമായ് മടങ്ങണം. അതിന് നീ എന്നെ സഹായിക്കണം.”

“ഞാനെന്താണ് ചെയ്യേണ്ടത്?” അവൾ ചോദിച്ചു.

“നിന്നോളം വിശ്വസ്തതയുള്ളയാൾ വേറെയില്ല റെബേക്ക. അതുകൊണ്ട് ഇനിമുതൽ നീയാണ് ആ നിധിയുടെ സൂക്ഷിപ്പുകാരി.”

അവൾ എന്തുപറയണമെന്നറിയാതെ നിന്നു.

“അതിന്റെ അവകാശികളെ കണ്ടെത്തി നീയാ രഹസ്യം കൈമാറണം. മരിക്കുന്നതിന് മുമ്പ് നിനക്കതിന് കഴിഞ്ഞില്ലെങ്കിൽ അങ്ങേയറ്റം വിശ്വാസമുള്ള മറ്റൊരാൾക്ക് നീയത് കൈമാറണം. എനിക്ക് വാക്ക് തരൂ.”

അയാൾ കൈ നീട്ടി. അവളാ കൈ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു “വാക്ക് തരുന്നു ക്യാപ്റ്റന്‍.”

subhash ottumpuram, childrens novel, iemalayalam

അയാള്കോട്ടിന്റെ പോക്കറ്റില്നിന്നൊരു ഭൂപടമെടുത്തു. പന്ത്രണ്ടു ദ്വീപുകൾക്കിടയിലെ ഒരു സ്ഥാനത്ത് അയാൾ വിരൽ കൊണ്ടു തൊട്ടു.

“ഇവിടെ, ഇവിടെയാണാ നിധി. സ്ഥാനം മറക്കരുതേ.”

അവൾ ആ അജ്ഞാതദ്വീപിന്റെ സ്ഥാനം മനസ്സിൽ കുറിച്ചിട്ടു.

അയാൾ ഭൂപടം മടക്കി റെബേക്കയുടെ കൈയ്യിൽ കൊടുത്തു.

അവളത് നെഞ്ചോട് ചേർത്തു പിടിച്ചു.

“ഇനി ഞാനിവിടുന്ന് പൊയ്ക്കോട്ടെ റെബേക്കാ.”

അവളൊന്നും മിണ്ടിയില്ല. നിറഞ്ഞ കണ്ണുകളോടെ അവൾ അയാളെ തന്നെ ഉറ്റുനോക്കി. അയാൾ നേർത്ത നീരാവിയായി പതിയെ പതിയെ വായുവിൽ അലിഞ്ഞ് ചേർന്നു.

ചുറ്റുപാടുമുള്ള മഞ്ഞെല്ലാം പതിയെ ഉരുകാൻ തുടങ്ങി. ചുറ്റിനും സൂര്യപ്രകാശം പൂത്തുലഞ്ഞു. ഇലകൾ വീണ്ടും പച്ചയണിഞ്ഞു. റെബേക്ക നിറഞ്ഞ കണ്ണുകൾ തുടയ്ക്കാതെ വീട്ടിലേക്ക് നടന്നു. ഹൃദയത്തിൽ എന്തോ ഭാരം വന്ന് നിറയുന്നത് പോലെ അവൾക്ക് തോന്നി. എത്ര ശ്രമിച്ചിട്ടും അവൾക്ക് കരച്ചിൽ അടക്കാനായില്ല. അവൾ ഏങ്ങിയേങ്ങി കരഞ്ഞു.

പെട്ടൊന്ന് കടപ്പുറത്ത് നിന്ന് ചില ശബ്ദങ്ങൾ കേട്ടു. അവൾ തിരിഞ്ഞു നോക്കി. ഒരു കൂട്ടം കടൽ പക്ഷികൾ പറന്നിറങ്ങുകയായിരുന്നു. അവൾ കണ്ണു തുടച്ചു. പിന്നെ പതിയെ പുഞ്ചിരിച്ചു. വീട്ടിലേക്ക് നടക്കുമ്പോൾ പക്ഷികളോരോന്നായ് വാഴക്കത്തെരുവിലേക്ക് തിരികെ വരുന്നത് അവൾ കൺകുളിർക്കെ കണ്ടു.

അവസാനിച്ചു

uma praseeda, childrens stories

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Subash ottumpuram novel for children ekantha naavikan final chapter