scorecardresearch

ഏകാന്ത നാവികൻ – കുട്ടികളുടെ നോവൽ ഒമ്പതാം ഭാഗം

അയാൾ നിരന്തരം ബോട്ട്ൽ മെസേജ് അയച്ചു കൊണ്ടിരുന്നു. ആരെങ്കിലും മറുപടി അയച്ചാൽ ഉടനെ അയാൾക്ക് ആ സ്ഥലത്തെത്താൻ കഴിഞ്ഞിരുന്നു. അങ്ങനെ കഴിഞ്ഞ ഇരുന്നൂറ്റിയമ്പത് വർഷങ്ങൾക്കിടയിൽ അയാൾ ഒത്തിരി നാടുകൾ നശിപ്പിച്ചു. സുഭാഷ് ഒട്ടുംപുറം എഴുതിയ ‘ഏകാന്ത നാവികൻ’ എന്ന കുട്ടികളുടെ നോവലിന്റെ ഒമ്പതാം ഭാഗം

ഏകാന്ത നാവികൻ – കുട്ടികളുടെ നോവൽ ഒമ്പതാം ഭാഗം

ചെകുത്താനും പ്രേതവേട്ടക്കാരനും

കൂട്ടുകാരോടൊപ്പം പതിവ് പോലെ സ്കീയിംഗ് ചെയ്യുകയായിരുന്നു റെബേക്ക. വഴിവിളക്കുകൾ പ്രകാശിച്ചു നിൽക്കുന്ന റോഡിലൂടെ അവൾ വേഗത്തിൽ കുതിച്ചു. കുറച്ച് ദിവസങ്ങൾക്കകം തന്നെ മികച്ചൊരു സ്കീയർ ആകാൻ അവൾക്ക് സാധിച്ചിരുന്നു. വളഞ്ഞും പുളഞ്ഞും വായുവിൽ മലക്കം മറിഞ്ഞുമൊക്കെ അവൾ കൂട്ടുകാരെ അമ്പരപ്പിച്ചു.

അവളങ്ങനെ താളത്തിൽ നീങ്ങികൊണ്ടിരിക്കുമ്പോഴാണ് എതിരെ ഒരു വൃദ്ധൻ നടന്നു വരുന്നത് കണ്ടത്. മഞ്ഞുകുപ്പായവും കൂർമ്പൻ തൊപ്പിയുമൊക്കെയായി ശരിക്കും ക്രിസ്മസ് അപ്പൂപ്പനെ പോലൊരാൾ. അതായിരുന്നു അവൾ അയാളെ ശ്രദ്ധിക്കാൻ കാരണം.

ഒരു വടിയും കുത്തിപ്പിടിച്ച് വളരെ വിഷമിച്ചാണ് ആ വൃദ്ധൻ നടന്നിരുന്നത്. റെബേക്കയുടെ തൊട്ടടുത്തെത്തിയപ്പോൾ അയാൾ തല ഉയർത്തി അവളെ നോക്കി. ആ കണ്ണുകളിൽ എന്തൊക്കെയോ ഭാവങ്ങൾ മിന്നിമറയുന്നത് മിന്നായം പോലെ അവൾ കണ്ടു.

ഇത്തിരി ദൂരത്തെത്തിയപ്പോൾ അവൾ തിരിഞ്ഞു നോക്കി. നടന്നു പോവുകയായിരുന്ന അയാൾ പെട്ടെന്ന് നിലത്തേക്ക് വീഴുന്നത് അവൾ കണ്ടു. അവൾ മത്സരം മതിയാക്കി വേഗം വൃദ്ധനരികിലെത്തി, അയാളെ പിടിച്ചെഴുന്നേൽപ്പിച്ചു.

“വല്ലതും പറ്റിയോ അപ്പൂപ്പാ?” അവൾ ചോദിച്ചു.

“ഇല്ല മോളേ. മഞ്ഞിൽ കാല് താഴ്ന്നു പോയതാ.” വൃദ്ധൻ പറഞ്ഞു.

“സാരമില്ല.” അവൾ സമാധാനിപ്പിച്ചു.

“മോളുടെ പേര് റെബേക്ക എന്നല്ലേ?”

“അതെ!”അവൾ അത്ഭുതപ്പെട്ടു.

“ഞാൻ മോളെ അന്വേഷിച്ചു നടക്കുകയായിരുന്നു.”

“എന്തിന്?”

അയാൾ ചുറ്റും നോക്കി. പിന്നെ ശബ്ദം താഴ്ത്തി പറഞ്ഞു.

“മോളൊരു അപകടത്തിൽ പെട്ടിരിക്കുകയാണ്.”

“അപകടമോ?”

“അതെ. വലിയ അപകടം. മോൾ മാത്രമല്ല. ഈ നഗരം മുഴുവനും.”

അയാൾ എന്താണ് പറഞ്ഞു വരുന്നതെന്ന് അവൾക്ക് മനസ്സിലായില്ല.

“ഇവിടെ വെച്ച് പറയാനാവില്ല. ആ ചെകുത്താന് എല്ലാം ശ്രദ്ധിക്കുന്നുണ്ട്.” അയാളുടെ ശബ്ദത്തിൽ ഭയം നിറഞ്ഞിരുന്നു.

“ഏത് ചെകുത്താൻ?” അവൾക്ക് ആകാംക്ഷ അടക്കാനായില്ല.

“എല്ലാം ഞാൻ വിശദമായി പറയാം. വൈകുന്നേരം കടപ്പുറത്തേക്ക് വരാമോ?”

അവൾ സമ്മതിച്ചു.

subhash ottumpuram, childrens novel, iemalayalam

വൃദ്ധൻ അവളോട് യാത്ര പറഞ്ഞു നടക്കാൻ തുടങ്ങി. കുറച്ച് ദൂരം നടന്ന് അയാൾ തിരിഞ്ഞു നോക്കി പറഞ്ഞു “വേഗം വീട്ടിലേക്ക് പൊയ്‌ക്കോ. ഇങ്ങനെ തനിച്ച് നടക്കുന്നത് അപകടമാണ്.”

അതു പറഞ്ഞയാൾ വേഗത്തിൽ നടന്നു. വല്ലാത്ത വെപ്രാളത്തോടെയുള്ള ആ പോക്ക് കണ്ടപ്പോൾ അവൾക്കെന്തോ അസ്വസ്ഥത തോന്നി. അവളും വേഗം വീട്ടിലേക്ക് മടങ്ങി.

വീട്ടിലെത്തിയിട്ടും ആ വൃദ്ധൻ പറഞ്ഞ കാര്യങ്ങളായിരുന്നു അവളുടെ മനസ്സിൽ. എന്തായിരിക്കും അയാൾ പറഞ്ഞ അപകടം? ഏതാണാ ചെകുത്താൻ? ആരെയാണ് അയാൾ ഇങ്ങനെ ഭയപ്പെടുന്നത്? എല്ലാത്തിലുമപ്പുറം ആരാണാ വൃദ്ധൻ? വൈകുന്നേരം വരെ അവളത് തന്നെ സ്വയം ചോദിച്ചു കൊണ്ടിരുന്നു.

വൈകുന്നേരമായപ്പോൾ അവൾ പുറത്തേക്കിറങ്ങി. വേഗത്തിൽ കടപ്പുറത്തേക്ക് നടന്നു. പഴയ കോട്ടയുടെ അടുത്ത് അയാൾ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. പാറി വീഴുന്ന മഞ്ഞിൽ അയാൾ ശരിക്കും ക്രിസ്മസ് അപ്പൂപ്പനാണെന്ന് റെബേക്കയ്ക്ക് തോന്നി. ആരെയോ ഭയപ്പെടുന്ന പാവം അപ്പൂപ്പൻ.

“മോളിങ്ങോട്ട് വരുന്ന വിവരം ആരോടെങ്കിലും പറഞ്ഞിരുന്നോ?” വൃദ്ധൻ വേവലാതിയോടെ ചോദിച്ചു.

“ഇല്ല. ഞാൻ സാധാരണ വരാറുള്ള സ്ഥലമാണിത്…”

“നന്നായി” അയാളുടെ മുഖത്ത് ആശ്വാസം.

“പറയൂ, എന്താണ് ആ അപകടം?” അവൾ ചോദിച്ചു.

“പറയാം മോളേ ഞാനെല്ലാം വിശദമായി പറയാം. നിക്കോളായ് എന്നാണെന്റെ പേര്. നിക്കോളായ് കിഡ്ഡ്. ഞാനൊരു പ്രേതവേട്ടക്കാരനാണ്.”

“പ്രേതവേട്ടക്കാരനോ?”

“അതേ. ദുഷ്ടാത്മക്കളെ നശിപ്പിക്കുകയാണ് എന്റെ ജോലി. കുറച്ച് ദിവസം മുമ്പ് മോൾക്ക് കടലിൽ നിന്നൊരു ബോട്ട്ൽ മെസേജ് കിട്ടിയിരുന്നില്ലേ?”

“അതെ.”

“മോളതിന് മറുപടിയും അയച്ചു. ആ മറുപടിയായിരുന്നു അവനുള്ള ക്ഷണക്കത്ത്.”

“ആർക്ക്?”

“ആ ചെകുത്താൻ. ആർതർ വുഡ്ഡ് എന്ന ചെകുത്താൻ.”

അവൾ നടുങ്ങിപ്പോയി.

“മോൾ കരുതുന്ന പോലെ അവൻ മനുഷ്യനല്ല. ഇരുന്നൂറ് വർഷം മുമ്പ് ഒരു വലിയ ശാപം കിട്ടിയ ദുരാത്മാവാണ്.”

റെബേക്കയ്ക്ക് തല കറങ്ങുന്ന പോലെ തോന്നി. വീഴാതിരിക്കാനായി അവൾ നിലത്തിരുന്നു. വൃദ്ധൻ അവളെ ആശ്വസിപ്പിച്ചു:

“പേടിക്കണ്ട. ഞാനവന്റെ കഥ പറയാം. മോൾ ശ്രദ്ധയോടെ കേൾക്കണം.”

അവൾ തല കുലുക്കി.

ആർതർ വുഡ്ഡ് ഒരു കപ്പിത്താനായിരുന്നു. ഫോർമോസ എന്നായിരുന്നു അവന്റെ കപ്പലിന്റെ പേര്. മുന്നൂറ് വർഷം മുമ്പ് മലബാറിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് പോവുകയായിരുന്നു ആ കപ്പൽ. വഴി മദ്ധ്യേ ശക്തമായ കാറ്റു വീശി. കപ്പലിന്റെ നിയന്ത്രണം തെറ്റി.

തിരകളിൽ ഇളകി മറിഞ്ഞ് അത് ലക്ഷ്യമില്ലാതെ ഒഴുകി. രണ്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും കാറ്റ് നിലച്ചില്ല. ആർതർ വുഡ്ഡ് കാറ്റിനെ ശപിച്ചു. മൂന്നാം ദിവസം അവൻ മനസ്സിലാക്കി തങ്ങൾ മെലിസാഗരാ കടലിലാണ് എത്തിപ്പെട്ടിരിക്കുന്നതെന്ന്. അതറിഞ്ഞപ്പോൾ കപ്പലിലെ ജോലിക്കാരെല്ലാം ഭയം കൊണ്ട് വിറച്ചു.

നാവികർ സഞ്ചരിക്കാൻ മടിക്കുന്ന കടലാണ് മെലിസാഗരാ കടൽ. മെലിസാഗരാ കടലിൽ അവിടവിടെയായ് പന്ത്രണ്ട് ദ്വീപുകളുണ്ട്. എല്ലാം അപകടകരമായ ദ്വീപുകളാണ്. ആദ്യത്തെ ദ്വീപായ സെസക്രിനിയിൽ നിറയെ പാമ്പുകളാണ്. ബുസാണ്ടിയോൺ ദ്വീപിൽ കടന്നലുകൾ. മറ്റൊരു ദ്വീപായ കെയിനിയിൻ നരഭോജികളും. അങ്ങനെ ഓരോരോ അപകടങ്ങൾ. പന്ത്രണ്ടാമത്തെ ദ്വീപാണ് ഏറ്റവും അപകടം പിടിച്ചത്.

‘തുറന്നേസ്’ എന്ന ശാപം പിടിച്ച ആ ദ്വീപിൽ കാലുകുത്തിയാൽപ്പിന്നെ നരകമാണ്. അവിടെ എത്തിപ്പെടുന്ന ആൾക്ക് പിന്നെ മരണമുണ്ടാകില്ല. മഞ്ഞു പുതഞ്ഞ് കിടക്കുന്ന ആ വിജനതയിൽ തണുത്ത് വിറച്ച്, വിശന്ന് വലഞ്ഞ്, മരിക്കാനാവാതെ അലഞ്ഞു നടക്കേണ്ടി വരും.

subhash ottumpuram, childrens novel, iemalayalam

ഒരിക്കൽ കാലുകുത്തിയാൽ പിന്നെ ആ ദ്വീപിൽ നിന്ന് ആർക്കും പുറത്തേക്ക് കടക്കാനാവില്ല. പുറത്ത് നിന്നൊരാൾ ക്ഷണിക്കും വരെ അവിടെ തന്നെ കഴിയേണ്ടി വരും. അതായിരുന്നു ആ ദ്വീപിന്റെ ശാപം. ആരും കടന്നു ചെല്ലാൻ മടിക്കുന്ന കടലിലേക്കാണ് ആർതർ വുഡ്ഡിന്റെ കപ്പൽ എത്തിപ്പെട്ടത്.

കാറ്റ് കപ്പലിനെ ശാപദ്വീപിലേക്കാണ് കൊണ്ടു പോകുന്നതെന്ന് മനസ്സിലാക്കിയ ജോലിക്കാരെല്ലാം കടലിലേക്ക് ചാടി മറ്റ് ദ്വീപുകളിലേക്ക് നീന്തി. നരകിച്ച് ജീവിക്കുന്നതിനേക്കാൾ നല്ലത് മരിക്കുന്നതാണെന്ന് അവർ കരുതിക്കാണും.

ആർതർ വുഡ്ഡ് പക്ഷേ, അതിന് തയ്യാറായില്ല. അയാൾ തനിച്ച് കപ്പലിനെ നിയന്ത്രിക്കാൻ ശ്രമിച്ചു. പക്ഷേ, അയാൾക്കതിന് കഴിഞ്ഞില്ല. ഒരു മഞ്ഞുമലയിലിടിച്ച് കപ്പൽ തകർന്നു. അയാൾ നീന്തി ശാപദ്വീപിലേക്ക് കയറി.

അന്ന് മുതൽ അയാൾ മരിക്കാത്തവനായി. വിശപ്പ് സഹിക്കാനാവാതെ അയാൾ അലറിക്കരഞ്ഞു. ലോകത്തെ മുഴുവൻ ശപിച്ചു. അമ്പത് വർഷം അയാൾ ആ മഞ്ഞിൽ മരവിച്ച് കാത്തിരുന്നു.
ഒടുവിൽ ആരോ അയച്ച ഒരു ബോട്ട്ൽ മെസേജ് കഷ്ടകാലത്തിന് ആ ദ്വീപിൽ ചെന്നടിഞ്ഞു.

അതയാൾക്ക് കിട്ടി. അതായിരുന്നു ക്ഷണക്കത്ത്. ആ വിലാസത്തിലേക്ക് സഞ്ചരിക്കാൻ അയാൾക്ക് ഒരു കപ്പലിന്റേയും ആവശ്യമില്ലായിരുന്നു. ഹിമക്കാറ്റിലൂടെ ഒഴുകി അയാൾ അവിടെയെത്തി. ആ നഗരത്തെ മഞ്ഞ് കൊണ്ട് മൂടി. ആളുകൾ മരവിച്ച് മരിച്ചു. വല്ലാത്തൊരു പകയോടെ വർഷങ്ങളോളം അയാളാ നഗരത്തെ ദ്രോഹിച്ചു.

ഒടുക്കം അവിടെ ആരും അവശേഷിക്കാതായപ്പോൾ അയാൾക്കവിടം മടുത്തു. മറ്റൊരു സ്ഥലത്തേക്ക് പോകാൻ അയാളാഗ്രഹിച്ചു. അയാൾ നിരന്തരം ബോട്ട്ൽ മെസേജ് അയച്ചു കൊണ്ടിരുന്നു. ആരെങ്കിലും മറുപടി അയച്ചാൽ ഉടനെ അയാൾക്ക് ആ സ്ഥലത്തെത്താൻ കഴിഞ്ഞിരുന്നു. അങ്ങനെ കഴിഞ്ഞ ഇരുന്നൂറ്റിയമ്പത് വർഷങ്ങൾക്കിടയിൽ അയാൾ ഒത്തിരി നാടുകൾ നശിപ്പിച്ചു.

ഇവിടെ എത്തുന്നതിന് മുമ്പ് അവൻ അലബാമ എന്ന സ്ഥലത്തായിരുന്നു. ഇരുന്നൂറ് വർഷം അവനവിടെ കുടുങ്ങി കിടന്നു. അവനയച്ച ബോട്ട്ൽ മെസേജുകൾ ആർക്കും കിട്ടിയില്ല. അതുകൊണ്ട് അവന് മറ്റെങ്ങോട്ടും പോകാൻ കഴിഞ്ഞില്ല. കോപത്തോടെയും നിരാശയോടെയും അവൻ വീണ്ടും വീണ്ടും ബോട്ട്ൽ മെസ്സേജുകൾ അയച്ചു കൊണ്ടേയിരുന്നു.

ഒറ്റപ്പെടൽ അവനെ വല്ലാതെ വീർപ്പുമുട്ടിച്ചു. അവന് മനുഷ്യവാസമുള്ള സ്ഥലത്ത് എത്തണമായിരുന്നു. അതിനിടയിൽ എങ്ങനെയോ അവന്റെ സന്ദേശം ഈ കടപ്പുറത്തടിഞ്ഞു. നീ അതിന് മറുപടി അയച്ചു. അങ്ങനെ ഇരുന്നൂറ് വർഷങ്ങൾക്ക് ശേഷം അവൻ അലബാമയിൽ നിന്ന് സ്വതന്ത്രനായി.

-തുടരും

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Subash ottumpuram novel for children ekantha naavikan chapter 9