തണുപ്പ്
വാഴക്കത്തെരുവിലെ അസാധാരണമായ മഞ്ഞുവീഴ്ചയെ പറ്റിയും പെൻഗ്വിനുകളുടെ സാന്നിദ്ധ്യത്തെ പറ്റിയും പഠിക്കാൻ വിദഗ്ദസംഘമെത്തി. അവർ ഓരോ ഭാഗവും വ്യക്തമായി നിരീക്ഷിച്ചു. ആളുകളെ കണ്ട് സംസാരിച്ചു.
കിഴക്കേ കുന്നിൻ ചെരിവിൽ വച്ച് പെൻഗ്വിനുകളെ നേരിട്ട് കാണുകയും ചെയ്തു. പെൻഗ്വിനുകൾ മാത്രമല്ല, അവിടെ മറ്റു പല ജീവികളേയും കണ്ടതായി അവർ റിപ്പോർട്ട് ചെയ്തു. ആൽബട്രോസ്, ഹിമക്കരടി എന്നിങ്ങനെ അവരുടെ റിപ്പോർട്ടിൽ ഉണ്ടായിരുന്നതെല്ലാം മഞ്ഞുവീഴുന്ന പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്ന ജീവികളായിരുന്നു.
ആൽബട്രോസ് ഉണ്ടെന്നറിഞ്ഞപ്പോൾ റെബേക്കയ്ക്ക് വല്ലാത്ത സന്തോഷം തോന്നി. എങ്ങനെയെങ്കിലും അവയെ നേരിൽ കാണണമെന്ന് അവൾ തീരുമാനിച്ചു. മഞ്ഞുവീഴ്ച കുറഞ്ഞ ഒരു വൈകുന്നേരം അവൾ കുന്നിൻ ചെരിവിലേക്ക് തനിച്ച് സ്കീയിംഗ് നടത്തി. വഴിവക്കിൽ മഞ്ഞണിഞ്ഞ് നിന്ന ഇലകൾക്കും വള്ളികൾക്കും ഇടയിലൂടെ അവളൊരു റെയിൻഡിയറിനെ പോലെ കുതിച്ചു.
കുന്നിൻ ചെരിവിലെത്തുന്നതിന് മുൻപേ അവൾ വിചിത്രമായ ചില ശബ്ദങ്ങൾ കേട്ടു. അവൾ വേഗത കുറച്ചു. ചിത്രത്തിൽ മാത്രം കണ്ട ആൽബട്രോസുകൾ കൂട്ടം കൂടി നിൽക്കുകയായിരുന്നു അവിടെ.
ഏറ്റവും വലിപ്പം കൂടിയ കടൽപ്പക്ഷിയാണ് ആൽബട്രോസെന്ന് റെബേക്ക ഏതോ പുസ്തകത്തിൽ വായിച്ചിരുന്നു. വളരെ ദൂരം വിശ്രമമില്ലാതെ അന്തരീക്ഷത്തിലൂടെ ഒഴുകിപ്പറക്കാൻ ഇവയ്ക്കു കഴിയുമത്രേ. ഒരിനത്തിന്റെ പേര് അലയുന്ന ആല്ബട്രോസ് എന്നാണ്. ആ പേര്, അവൾക്ക് വലിയ ഇഷ്ടമായി.
നാവികരുടെ ഇടയിൽ, ആൽബട്രോസുകളെപ്പറ്റി അന്ധവിശ്വാസങ്ങൾ നിറഞ്ഞ ധാരാളം കഥകൾ നിലവിലുണ്ടത്രേ. ആൽബട്രോസ് കപ്പലിനെ പിന്തുടരുന്നത് ശുഭസൂചകമാണെന്നും അതിനെ ഉപദ്രവിച്ചാൽ തങ്ങൾക്ക് ദുര്യോഗമുണ്ടാകുമെന്നും സമുദ്രസഞ്ചാരികൾ വിശ്വസിച്ചിരുന്നു.
ഒറ്റമൈനയെ കണ്ടാൽ ദുഃഖകരമായ സംഭവങ്ങൾ നടക്കുമെന്നത് പോലെയൊരു വിശ്വാസം. അതെല്ലാം അന്ധവിശ്വാസങ്ങളാണെന്ന് റെബേക്കക്കറിയാം. ആർതർവുഡ്ഡ് എന്ന നാവികനും അന്ധവിശ്വാസിയായിരിക്കുമോ?

അവൾ ആൽബട്രോസുകളുടെ കുറേ ഫോട്ടോകൾ എടുത്തു. ചില കുറിപ്പുകൾ എഴുതുകയും ചെയ്തു.
അപ്പോഴാണ് മലയിറങ്ങി പെൻഗ്വിനുകൾ ചെരിവിലേക്ക് വന്നത്. അവർ കൂടി വന്നതോടെ ശരിക്കും ആർട്ടിക്ക് പ്രദേശം പോലെയായി അവിടം.
റെബേക്ക തൊട്ടടുത്തുള്ള ചെറിയ പാറയിൽ ചാരി നിന്ന് അവരുടെ ചേഷ്ടകൾ കൗതുകത്തോടെ നോക്കിയിരുന്നു. പെട്ടൊന്ന് പാറ ഒന്നനങ്ങി. അവൾ ഞെട്ടി പിറകോട്ട് മാറി. അവൾ നോക്കി നിൽക്കേ പാറ കുറച്ചൂടെ ഉയർന്നു. അതിന് നാല് കാലുകൾ ഉണ്ടെന്ന് കണ്ടപ്പോൾ അവൾക്ക് കൗതുകം തോന്നി. കണ്ണും മൂക്കും വായയും കൂടി കണ്ടപ്പോൾ കൗതുകം ഭയമായി.
അതൊരു ഹിമക്കരടി ആയിരുന്നു. ഉറക്കച്ചടവോടെ അത് റെബേക്കയുടെ നേരെ ചീറ്റി. ഒരു നിലവിളി അവളുടെ തൊണ്ട വരെ വന്നു നിന്നു. തണുപ്പിലും അവൾ വിയർത്തു പോയി. അവൾ അനങ്ങാതെ പ്രതിമ പോലെ നിന്നു.
കരടി അവളുടെ നേരെ രണ്ട് ചുവട് നടന്നു. പിന്നെ ഉറക്കെ അലറി.
“മാറിപ്പോ!” പെട്ടെന്നൊരു ശബ്ദം അവിടെ മുഴങ്ങി.
അത് കേട്ടപ്പോൾ കരടി നിശ്ശബ്ദനായി. പിന്നെ പിന്തിരിഞ്ഞ് കാട്ടുവള്ളികൾക്കിടയിലേക്ക് മറഞ്ഞു.
റെബേക്കയുടെ ശ്വാസം നേരെ വീണത് അപ്പോളായിരുന്നു. അവൾ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി. കുന്നിറങ്ങി വരുന്നത് ആ നാവികനാണെന്ന് ദൂരെയായിട്ടു പോലും അവള്ക്ക് മനസ്സിലായി.
“ഗുഡ് ഈവനിംഗ്.” അയാള്‍ അടുത്ത് വന്നു പറഞ്ഞു.
അവളൊന്നും മിണ്ടിയില്ല.
“പേടിച്ചു പോയോ?” അയാൾ ചോദിച്ചു.
“ഉം.”
“പേടിക്കേണ്ട. അവൻ ഒന്നും ചെയ്യില്ല. അവനെന്റ കൂട്ടുകാരനാണ്.”
“ശരിക്കും നിങ്ങളാരാണ്?” അവൾ ചോദിച്ചു.
അത് കേട്ട് അയാള്‍ പതിയെ ചിരിച്ചു. “ഞാൻ ആർതർവുഡ്ഡ്. ഒരു പാവം നാവികൻ.”
“നിങ്ങളുടെ വീട് എവിടെയാണ്? നിങ്ങളാണോ ഇരുന്നൂറ് വർഷം മുമ്പ് ആ ബോട്ട്ൽ മെസേജ് അയച്ചത്?” അവൾ ചോദിച്ചു.
“എന്നെ പറ്റിയുള്ള നിന്റെ സംശയങ്ങൾക്കെല്ലാം ഞാൻ മറുപടി പറയാം. ഇപ്പോഴല്ല. പിന്നെ. അതവിടെ നിൽക്കട്ടെ ക്യാമറ ഇഷ്ടമായോ?” അയാൾ ചോദിച്ചു.
“ഉം…” അവൾ മൂളി.

“എനിക്ക് ക്യാമറ ഇഷ്ടമാണെന്ന് നിങ്ങളോട് ആരാ പറഞ്ഞത്?”
“അതൊക്കെ എനിക്കറിയാം.”
“എങ്ങനെ? നിങ്ങൾ വല്ല ദുർമന്ത്രവാദിയോ മറ്റോ ആണോ?”
അയാളൊന്നും മിണ്ടിയില്ല. അവളെ വെറുതെ നോക്കി നിൽക്കുക മാത്രം ചെയ്തു. അയാളുടെ മുഖം കണ്ടപ്പോൾ അങ്ങനെ ചോദിക്കേണ്ടിയിരുന്നില്ലെന്ന് അവൾക്ക് തോന്നി.
വിഷയം മാറ്റാൻ വേണ്ടിയെന്ന പോലെ അവൾ മറ്റൊരു ചോദ്യം ചോദിച്ചു. “ആൽബട്രോസുകൾ കപ്പലിനെ പിന്തുടരുന്നത് നല്ല ശകുനമാണെന്ന് പറയുന്നത് ശരിയാണോ?”
“ഞാൻ കടലുകൾ നഷ്ടപ്പെട്ട നാവികനാണ് കുട്ടീ. ആൽബട്രോസുകൾക്ക് പിന്തുടരാൻ എനിക്കൊരു കപ്പൽ പോലുമില്ല.” അയാളുടെ ശബ്ദത്തിൽ വിഷാദം നിറഞ്ഞിരുന്നു.
“എങ്ങനെയാണ് നിങ്ങൾക്ക് കടലുകൾ നഷ്ടമായത്?”
“ശാപം” അയാൾ പറഞ്ഞു. “ഞാൻ ശപിക്കപ്പെട്ടു പോയി മോളേ…”
അത് കേട്ടപ്പോൾ അവൾക്ക് വല്ലാത്ത വിഷമം തോന്നി. കൂടുതൽ ചോദിക്കുന്നത് ശരിയല്ലെന്ന് അവൾക്ക് തോന്നി.
അയാൾ പോക്കറ്റിൽ നിന്ന് പൈപ്പ് എടുത്ത് ചുണ്ടിൽ വച്ചു. കത്തിക്കാതെ തന്നെ അത് എരിയാൻ തുടങ്ങി. അയാൾ വലിച്ചൂതിവിട്ട പുകച്ചുരുളുകൾ പായക്കപ്പലിന്റെ ആകൃതിയിൽ ആകാശത്തേക്കുയർന്നു.
പെട്ടൊന്നാണ് ഒരു സംഗതി അവളുടെ ശ്രദ്ധയിൽപ്പെട്ടത്. കൊടും തണുപ്പിലും അയാൾ ധരിച്ചിരിക്കുന്നത് സാധാരണ വസ്ത്രങ്ങൾ മാത്രമാണ്. കൈയിൽ ഗ്ലൗസുമിട്ടിട്ടില്ല. എന്നിട്ടും അയാൾ തണുത്ത് മരവിക്കാത്തത് എന്താണ്? അവൾക്ക് അത്ഭുതം തോന്നി.
“നിങ്ങളെന്താണ് തണുപ്പ് കുപ്പായം ധരിക്കാത്തത്? നിങ്ങൾക്ക് തണുക്കുന്നില്ലേ?” അവൾ ചോദിച്ചു.
അത് കേട്ടപ്പോൾ അയാൾ, ഉറക്കെയുറക്കെ ചിരിച്ചു. അപ്പോൾ മഞ്ഞുവീഴ്ച ശക്തമായി.
ചിരി അവസാനിപ്പിച്ചു കൊണ്ടയാൾ പറഞ്ഞു “ഞാനാണ് തണുപ്പ്.”
–തുടരും