പെൻഗ്വിൻ
ആർതർ വുഡ്ഡ് കൈ നീട്ടിയപ്പോൾ പിന്തിരിഞ്ഞ് ഓടാനാണ് റെബേക്കയ്ക്ക് തോന്നിയത്. കാരണം, ഇരുന്നൂറ് വർഷം മുമ്പ് ബോട്ട്ൽ മെസേജ് അയച്ച ആള് ഇപ്പോഴും ജീവിച്ചിരിക്കാനൊരു സാധ്യതയുമില്ല. പിന്നെങ്ങനെ അയാൾ ആർതർ വുഡ്ഡാകും? അയാൾ ശരിക്കും ആരാണ്? പ്രേതമാണോ? അതോ ദുർമന്ത്രവാദിയോ?
അവൾ സർവ്വശക്തിയുമെടുത്ത് മഞ്ഞിലൂടെ തുഴഞ്ഞു. പലവട്ടം തിരിഞ്ഞു നോക്കി. അപ്പോഴൊക്കെ അയാൾ പ്രതിമ പോലെ അവളെ തന്നെ തുറിച്ച് നോക്കി കൊണ്ട് നിൽക്കുകയായിരുന്നു.
എങ്ങനെയൊക്കെയോ ഒരുവിധം റെബേക്ക വീട്ടിലെത്തി. വീട്ടിലെത്തിയിട്ടും അവളുടെ വിറയൽ മാറിയില്ല. ഭയന്നു വിറച്ചുള്ള അവളുടെ വരവ് കണ്ട് മമ്മ പറഞ്ഞു ”തണുപ്പത്ത് പുറത്തിറങ്ങിയിട്ടല്ലേ ഇങ്ങനെ വിറയ്ക്കുന്നത്?”
പപ്പയോടും മമ്മയോടും എല്ലാം പറഞ്ഞാലോ എന്നവൾ ആലോചിച്ചു. പിന്നെ വേണ്ടെന്ന് വെച്ചു. പാവം പപ്പയ്ക്ക് ഇപ്പഴേ ഒത്തിരി ജോലിയുണ്ട്. അതിനിടയിൽ ഇക്കാര്യം പറഞ്ഞ് ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല. മാത്രമല്ല, ഇതെല്ലാം തന്റെ തോന്നലാണെങ്കിലോ?
അയാൾ ഒരുപക്ഷേ, ആ നാവികന്റെ ഈ തലമുറയിൽപ്പെട്ട ആളാകും. അങ്ങനെ ആലോചിച്ചപ്പോൾ അവൾക്ക് ജാള്യത തോന്നി. പക്ഷേ, താൻ സ്വപ്നത്തിൽ കണ്ട രൂപം തന്നെയാണല്ലോ അയാൾക്ക് എന്നോര്‍ത്തപ്പോൾ എവിടെയോ എന്തൊക്കെയോ പന്തികേടുള്ള പോലെ. പിന്നെ കുറച്ചു ദിവസങ്ങളായുള്ള അസ്വാഭാവികമായ മഞ്ഞുവീഴ്ചയും അവളെ അലസോരപ്പെടുത്തിയിരുന്നു.
എന്തായാലും ഇപ്പോൾ ആരോടും ഒന്നും പറയണ്ട എന്ന് അവൾ തീരുമാനിച്ചു. അയാൾ ശരിക്കും ആരാണെന്നത് കണ്ടെത്തണം. വാഴക്കത്തെരുവിലെ മഞ്ഞുവീഴ്ചയും അയാളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നും അറിയണം. തനിക്ക് ഒറ്റയ്ക്ക് അതിന് സാധിക്കുമോ? ആരെയെങ്കിലും സഹായത്തിന് വിളിക്കണോ? അവൾക്കൊരു തീരുമാനമെടുക്കാൻ കഴിഞ്ഞില്ല. പിന്നീടുള്ള ദിവസങ്ങളിലൊന്നും അവൾ പുറത്തേക്കിറങ്ങിയതേയില്ല. കൂട്ടുകാർ സ്കീയിംഗിന് വിളിച്ചപ്പോഴൊക്കെ അവൾ ഓരോ കാരണം പറഞ്ഞ് ഒഴിഞ്ഞുമാറി.
ഒരു ദിവസം മഞ്ഞ് വീഴുന്നതും നോക്കി സിറ്റൗട്ടിൽ നിൽക്കുമ്പോഴാണ് റോഡിൽ നിന്നും ബഹളം കേട്ടത്. മമ്മ അവളെ ഉറക്കെ വിളിച്ചു. ആർക്കെങ്കിലും വല്ല അപകടവും പറ്റിക്കാണുമോ എന്നോർത്ത് അവൾ വേഗം മുറ്റത്തേക്ക് ഓടി ചെന്നു.

”എന്തുപറ്റി മമ്മാ?” അവൾ ചോദിച്ചു.
മമ്മ റോഡിലേക്ക് വിരൽ ചൂണ്ടി.
അവിടെ കണ്ട കാഴ്ച്ച അവളെ വിസ്മയിപ്പിക്കുക മാത്രമല്ല അങ്ങേയറ്റം സന്തോഷിപ്പിക്കുകയും ചെയ്തു. കാരണം കുറേ നാളുകളായിരുന്നു അവൾ പക്ഷികളെ കണ്ടിട്ട്. അതും ജീവിതത്തിലൊരിക്കലും കാണുമെന്ന് ചിന്തിച്ചിട്ടു കൂടിയില്ലാത്ത പക്ഷികളെ.
പെൻഗ്വിനുകളായിരുന്നു റോഡില്‍ നിറയെ. വലിയ കൂട്ടം പെൻഗ്വിനുകൾ. ഒച്ചവെച്ചും കുണുങ്ങി കുണുങ്ങിയുള്ള അവരുടെ നടപ്പും നല്ല രസമുണ്ടായിരുന്നു. ആ അപൂർവ്വ കാഴ്ച കാണാൻ റോഡിനിരുവശവും ആളുകൂടി. റെബേക്ക ഒരൊറ്റ ഓട്ടത്തിന് മുറിയിൽ പോയി ക്യാമറ എടുത്തു കൊണ്ട് വന്നു. പെൻഗ്വിനുകളുടെ കുറേ ഫൊട്ടോസും വീഡിയോയും അവളെടുത്തു.
അലസരായി നടന്നു നീങ്ങിയ പെൻഗ്വിനുകൾ പെട്ടൊന്ന് നിന്നു. പിന്നെ പടിഞ്ഞാറോട്ട് തല തിരിച്ചു. അവരുടെ ആ പെരുമാറ്റത്തിൽ റെബേക്കയ്ക്ക് എന്തോ അസ്വാഭാവികത തോന്നി. അവൾ, അവയുടെ ചലനങ്ങൾ നിരീക്ഷിച്ചു. പെട്ടെന്ന് പെൻഗ്വിനുകൾ ഉറക്കെ ശബ്ദിച്ചു കൊണ്ട് ഓടാൻ തുടങ്ങി. എന്തോ കണ്ട് ഭയപ്പെട്ട പോലെയായിരുന്നു ആ ഓട്ടം. എന്തോ ആപത്ത് വരാനുണ്ടെന്ന് റെബേക്കയുടെ മനസ്സ് പറഞ്ഞു. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു.
മഞ്ഞുവീഴ്ച ശക്തമായി. ശക്തമായ കാറ്റും വീശാൻ തുടങ്ങി. ആളുകളെല്ലാം അവരവരുടെ വീടുകളിലേക്ക് ഓടി. വീശിയടിച്ച കാറ്റിൽ മഞ്ഞ് മുഴുവൻ മണൽപോലെ മുകളിലേക്കുയർന്നു. അടുത്തുള്ളത് പോലും കാണാൻ പറ്റാത്ത വിധം കാഴ്ച അവ്യക്തമായി. ആളുകൾ പരക്കം പാഞ്ഞ് പരസ്പരം കൂട്ടിയിടിച്ചു. അവരുടെ നിലവിളികൽ ഹിമക്കാറ്റിൽ മരവിച്ചു പോയി.
തൊട്ടടുത്ത് നിന്നും ഒരു കുട്ടിയുടെ കരച്ചിൽ റെബേക്ക കേട്ടു. വീടിന്റെ ഗേറ്റിന് മുന്നിലായിരുന്നു അവൾ.
”വേഗം അകത്തേക്ക് കയറ് മോളേ.” വീടിന്റെ സിറ്റൗട്ടില് നിന്ന് മമ്മ ഉറക്കെ വിളിച്ചു പറഞ്ഞു.
അവള് വീട്ടിലേക്ക് കയറിയില്ല. പകരം നിലവിളി കേട്ട ഭാഗത്തേക്ക് പാഞ്ഞു. കനത്ത മഞ്ഞുവീഴ്ചയിൽ ഒന്നും കാണാനവൾക്ക് കഴിഞ്ഞില്ല. കുഞ്ഞിന്റെ നിലവിളി മാത്രം കേട്ടു. തപ്പി തടഞ്ഞ് നടക്കുന്നതിനിടയിൽ അവളുടെ കാലിൽ എന്തോ തടഞ്ഞു. അതാ കുട്ടിയായിരുന്നു.
അവൾ ആ കുഞ്ഞിനെ വാരിയെടുത്തു. അപ്പോഴേക്കും തിരമാല പോലെ മഞ്ഞ് ഉയർന്ന് അവരുടെ അരികിൽ വന്നു വീണു. എങ്ങോട്ട് നടക്കണമെന്നറിയാതെ റെബേക്ക വിഷമിച്ചു. ദിശയറിയാതെ കടലിലകപ്പെട്ട നാവികരെ ഒരുനിമിഷം അവൾക്കോർമ്മ വന്നു. അതേനിമിഷം മഞ്ഞിനകത്ത് നിന്ന് ഒരാൾ രൂപം അവളുടെ നേർക്ക് വന്നു. ആ രൂപം അവളുടെ നേരെ കൈ നീട്ടി. ആ കൈയിൽ അവൾ മുറുകെ പിടിച്ചു.

”പേടിക്കേണ്ട. ഈ നശിച്ച കാറ്റ് ഇപ്പോൾ അവസാനിക്കും.” അയാൾ പറഞ്ഞു.
അയാളുടെ കോട്ടിനകത്തേക്ക് അവർ ഇരുവരും ചുരുണ്ട് കൂടി. കുറച്ച് സമയം കഴിഞ്ഞപ്പോൾ കാറ്റ് പതിയെ പിൻവാങ്ങി. മഞ്ഞ് നേർത്ത് വന്നു. അയാള് എഴുന്നേറ്റു. ചുറ്റുപാടും മഞ്ഞ് കുന്നു പോലെ ചിതറിക്കിടക്കുന്നത് റെബേക്ക കണ്ടു. അവൾ കുഞ്ഞിനെ പരിശോധിച്ചു. കുഞ്ഞിന് കുഴപ്പമൊന്നുമില്ലായിരുന്നു ഒരാൺകുട്ടിയായിരുന്നു അത്. അഞ്ച് വയസ്സ് പ്രായമുണ്ടാകും അവന്.
ആശ്വാസത്തോടെ അയാളുടെ മുഖത്തേക്ക് നോക്കിയപ്പോഴാണ് അവൾ അമ്പരന്നു പോയത്!
അത് അയാളായിരുന്നു… ആർതർ വുഡ്ഡ്!
ഇത്തവണ അവൾക്ക് ഭയം തോന്നിയില്ല. പകരം ലജ്ജയാണ് തോന്നിയത്. പരിചയപ്പെടാൻ വന്ന അയാളോട് മര്യാദയില്ലാതെയാണ് താനന്ന് പെരുമാറിയത്. അക്കാര്യം പപ്പയും മമ്മയും അറിഞ്ഞാലെന്തു വിചാരിക്കും.
ആർതർ വുഡ്ഡ് അവൾക്ക് നേരെ കൈ നീട്ടി. അവളാ കൈ പിടിച്ച് പതിയെ കുലുക്കി.
”താങ്ക്സ്.” അവൾ മടിച്ച് മടിച്ച് പറഞ്ഞു.
അയാൾ ചിരിച്ചു.
”ഇത് ഞാനങ്ങോട്ട് പറയാനാ അന്ന് വന്നത്. പക്ഷേ, നീ ഭയപ്പെട്ടു.”
അവൾ തല താഴ്ത്തി നിന്നു.
അവൾക്ക്, അയാളോട് പലതും ചോദിക്കണമെന്നുണ്ടായിരുന്നു. അയാള്‍ ശരിക്കും ആരാണ്? ഈ മഞ്ഞിന്റെ രഹസ്യമെന്താണ്? അങ്ങനെ പലതും. പക്ഷേ, അപ്പോഴേക്കും ദൂരെ നിന്ന് ആ കുഞ്ഞിന്റെ അച്ഛനും അമ്മയും ഓടി വരുന്നത് കണ്ടു. ഗേറ്റ് തുറന്ന് അവളുടെ മമ്മയും നിലവിളിച്ചു കൊണ്ട് ഓടി വന്നു. അയാൾ ഒന്നും പറയാതെ വേഗത്തിൽ നടന്ന് എവിടെയോ മറഞ്ഞു.
–തുടരും