വാഴക്കത്തെരുവിലെ മഞ്ഞ് മൃഗങ്ങൾ
റെബേക്കയുടെ പപ്പയ്ക്ക് രാവിലെ മുതല്‍ അങ്ങേയറ്റം പണിയായിരുന്നു. റോഡില്‍വീണു കിടക്കുന്ന മഞ്ഞ് മാറ്റുക എന്നതായിരുന്നു അതിൽ പ്രധാനം. റോഡില്‍ മാത്രമായിരുന്നില്ല മഞ്ഞ്. വീടുകളുടെ മേല്‍ക്കൂരകള്‍, മുറ്റം, മരങ്ങളുടെ ഇലകള്‍… അങ്ങനെ എവിടെ നോക്കിയാലും മഞ്ഞ്.
വെയിലുദിച്ചാല്മഞ്ഞെല്ലാം ഉരുകിപ്പോകുമെന്നായിരുന്നു ആദ്യമെല്ലാം എല്ലാവരും കരുതിയിരുന്നത്. പക്ഷേ, വെയിലുദിച്ചില്ല. കനത്ത മഞ്ഞിനപ്പുറം സൂര്യന്മറഞ്ഞു കിടന്നു. നട്ടുച്ചയായിട്ടും സന്ധ്യാസമയത്തെന്ന പോലെ വാഴക്കത്തെരുവ് മുഴുവന്‍ ഇരുട്ട് പരന്നു.
റോഡിലെ മഞ്ഞ് നീക്കാന്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ വന്നു. അത് തുമ്പിക്കൈയ്യില്കോരിയെടുത്ത മഞ്ഞെല്ലാം ലോറികളിലാക്കി കടപ്പുറത്ത് കൊണ്ട് പോയി തട്ടി. ലോറികള്‍ തിരിച്ചു വന്നപ്പോഴേക്കും റോഡില്‍ വീണ്ടും മഞ്ഞ് നിറഞ്ഞിരുന്നു. അതോടെ ശ്രമം ഉപേക്ഷിച്ച് മണ്ണുമാന്തി യന്ത്രങ്ങളെല്ലാം വന്ന പോലെ തിരിച്ചു പോയി.
മഞ്ഞുവീഴ്ച്ച കാരണം ആരോടും പുറത്തിറങ്ങരുതെന്ന് പൊലീസിന്റെ കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നു. ആളുകളൊന്നും പുറത്തിറങ്ങാതെ വീട്ടിനകത്ത് തീ കാഞ്ഞിരുന്നു. മഞ്ഞുകാലത്ത് ധരിക്കാനുള്ള വസ്ത്രങ്ങളും ഷൂസും അടിയന്തിരമായി വിതരണം ചെയ്തു. റെബേക്കയുടെ പപ്പയുടെ മേല്‍നോട്ടത്തിലായിരുന്നു എല്ലാ കാര്യങ്ങളും നടന്നിരുന്നത്.
ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കകം കാര്യങ്ങള്‍ പഴയത് പോലെയാകുമെന്നായിരുന്നു എല്ലാവരുടേയും ധാരണ. പക്ഷേ, ദിവസങ്ങള്‍ പിന്നിട്ടിട്ടും മഞ്ഞുവീഴ്ച്ചക്ക് കുറവ് വന്നില്ല. ചുറ്റിനുമുള്ള എല്ലാ സ്ഥലവും കൊടുംവേനലില്‍ ഉരുകുമ്പോള്‍ വാഴക്കത്തെരുവ് മാത്രം മഞ്ഞില്‍പൊതിഞ്ഞ് കിടന്നു. അതായിരുന്നു എല്ലാവരേയും അമ്പരപ്പിച്ചത്.
ശാസ്ത്രജ്ഞന്മാരും മാധ്യമപ്രവർത്തകരുമൊക്കെ പല തവണ വാഴക്കത്തെരുവിലെത്തി കാര്യങ്ങള്‍ വിശദമായി പഠിച്ചു. പക്ഷേ, അവര്‍ക്കാര്‍ക്കും അതെന്ത് പ്രതിഭാസമാണെന്ന് മനസ്സിലായതേയില്ല.
മഞ്ഞ് വീണ് റോഡ് അപ്രത്യക്ഷമായതോടെ റോഡില്‍ നിന്ന് വാഹനങ്ങളും അപ്രത്യക്ഷമായി. കടകള്‍ അടഞ്ഞ് കിടന്നു. തെരുവ് വിളക്കുകള്‍ എപ്പോഴും പ്രകാശിച്ചു. ആര്‍ട്ടിക് പ്രദേശം പോലെ വാഴക്കത്തെരുവ് മഞ്ഞ് പുതച്ചു കിടന്നു.
കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും വീട്ടിനകത്തിരുന്ന് എല്ലാവര്ക്കും മടുത്തു. കുട്ടികളാണ് ആദ്യം പുറത്തേക്കിറങ്ങിയത്. വാഹനങ്ങളില്ലാത്ത റോഡില്‍ അവര്‍ പരസ്പരം മഞ്ഞ് വാരിയെറിഞ്ഞ് രസിച്ചു. കുറച്ച് കുട്ടികള്‍ മഞ്ഞ് കൊണ്ട് റോഡരികില്‍ ആനയുടെ രൂപമുണ്ടാക്കി. അത് കണ്ട് വേറെ കുറച്ച് കുട്ടികള്‍ കുതിരയെ ഉണ്ടാക്കി. അത് പിന്നെ മത്സരം പോലെയായി. വൈകുന്നേരമായപ്പോഴേക്കും റോഡരിക് മുഴുവന്‍ മഞ്ഞുമൃഗങ്ങളെ കൊണ്ട് നിറഞ്ഞു.

പല കുട്ടികളും അച്ഛനമ്മമാരോട് സ്കീയിംഗിനുള്ള ഉപകരണങ്ങള്‍ വാങ്ങിത്തരാന്‍ ആവശ്യപ്പെട്ടു. അച്ഛനമ്മമാരില്‍ പലര്‍ക്കും സ്കീയിംഗ് എന്താണെന്ന് അറിയുക പോലുമില്ലായിരുന്നു. മഞ്ഞില്മാത്രം ചെയ്യാന്‍ പറ്റുന്ന കായികവിനോദമാണ് സ്കീയിംഗ് എന്ന് കുട്ടികള്‍ പറഞ്ഞു. കുട്ടികളുടെ വാശി കാരണം അവര്‍ സമ്മതിച്ചു.
ഒരു ദിവസം നേരം വെളുത്തപ്പോള്‍ മഞ്ഞിലൂടെ തുഴഞ്ഞ് പോകുന്ന കുട്ടികളെയാണ് റെബേക്ക കണ്ടത്. നല്ല രസമുണ്ടായിരുന്നു അവരുടെ പോക്ക് കാണാന്‍.
”ഹായ് റെബേക്ക, നിന്റെ പപ്പയോട് ഇതുപോലൊരെണ്ണം വാങ്ങി തരാന്പറ.” കുട്ടികള്വിളിച്ചു പറഞ്ഞു.
റെബേക്ക ചിരിച്ചു. കുട്ടികള്‍ ഉച്ചത്തില്‍ ആരവം മുഴക്കിക്കൊണ്ട് ദൂരേക്ക് തുഴഞ്ഞു.
വൈകുന്നേരം പപ്പ വന്നപ്പോള്‍ ഒരു വലിയ ബാഗുണ്ടായിരുന്നു കൈയ്യില്‍.
”ഇതെന്താണ് പപ്പ?” അവള്‍ചോദിച്ചു.
”തുറന്ന് നോക്ക്.” പപ്പ പറഞ്ഞു.
അവള് ബാഗിന്റെ സിപ്പ് വലിച്ചു തുറന്നു. അതിലുള്ളത് ഓരോന്നായി പുറത്തെടുത്തു.
ബൂട്ട്സ്, ബൈന്ഡിംഗ്സ്, ഹെല്‍മെറ്റ്, സ്യൂട്ട്സ്, ഗ്ലൗസ്… സ്കീയിംഗിനുള്ള ഉപകരണങ്ങളായിരുന്നു അതെല്ലാം.
”നാളെ നീയും അവരോടൊപ്പം കൂടിക്കോ.” പപ്പ പറഞ്ഞു.
അവള് സന്തോഷത്തോടെ പപ്പയുടെ കവിളില്‍ ഉമ്മ വെച്ചു.
പിറ്റേ ദിവസം സ്കീയിംഗിനുള്ള വേഷം ധരിച്ച് വന്ന റെബേക്കയെ കണ്ട് കുട്ടികള്‍ ആര്‍പ്പ് വിളിച്ചു. അവള് പതിയെ തുഴയാന്‍ ആരംഭിച്ചു. ആദ്യമൊന്നും ശരിയായില്ല. കുട്ടികള്‍ പ്രോത്സാഹിപ്പിച്ചു. അവള് തുഴഞ്ഞു. തെന്നു വണ്ടി പോലെ അവള് പതിയെ നീങ്ങി. പിന്നാലെ മറ്റു കുട്ടികളും.
ആള്‍പ്പെരുമാറ്റമില്ലാത്ത തെരുവിലൂടെ ആര്‍ത്ത് വിളിച്ചു കൊണ്ട് അവര്‍ തുഴഞ്ഞു. ഓരോ വീട്ടില്‍നിന്നും ആളുകള്‍ ഇറങ്ങി വന്ന് അവരെ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. റെബേക്കയായിരുന്നു ഏറ്റവും മുന്നില്‍. തെരുവിന്റെ വടക്കേയറ്റത്തെ റോയല്‍ മ്യൂസിക് ഷോപ്പിന് മുന്നില്‍ ആദ്യമെത്തുന്ന ആളാണ് വിജയി.
ഓരോ കുട്ടിയും ഒന്നാമതെത്താന്‍ മത്സരിച്ചു. ആ കളിയില്‍ റെബേക്ക ജയിക്കുമെന്ന് ഏതാണ്ടുറപ്പിച്ച നേരത്താണ് വെളുത്ത നിറത്തിലുള്ള ഒരു വലിയ പക്ഷി അവളുടെ തൊട്ടരികിലൂടെ പറന്ന് പോയത്. തല താഴ്ത്തിയില്ലായിരുന്നെങ്കില്‍ അതവളുടെ മുഖത്തിടിച്ചേനെ.
അവള് തിരിഞ്ഞു നോക്കി. ആ പക്ഷി അതിവേഗം പറന്ന് പടിഞ്ഞാറോട്ടുള്ള കട്ട്റോഡിലേക്ക് കടന്നു. റെബേക്ക തുഴച്ചില്നിര്ത്തി. അപ്പോഴേക്കും കൂടെയുള്ള കുട്ടികള്‍ അവളില്‍നിന്ന് ഒത്തിരി ദൂരത്തെത്തിയിരുന്നു. അവള് മത്സരം മതിയാക്കി ആ പക്ഷിയെ പിന്തുടരാന് തീരുമാനിച്ചു.
മഞ്ഞ് വീഴ്ച്ച തുടങ്ങിയ ശേഷം ഒരൊറ്റ പക്ഷിയേയും കാണാനവള്‍ക്ക് കഴിഞ്ഞിരുന്നില്ല. അവരെല്ലാം മറ്റെങ്ങോട്ടോ പോയിക്കഴിഞ്ഞിരുന്നു. ഇപ്പോള്‍ കണ്ടത് ഏതു പക്ഷിയാവും? അവള് ആലോചിച്ചു. ഒരു മിന്നായം പോലെ മാത്രമേ കാണാന്‍ സാധിച്ചുള്ളൂ.
അവള് പടിഞ്ഞാറോട്ടുള്ള റോഡിലേക്ക് തുഴഞ്ഞു. ദൂരെ ആ പക്ഷി ചിറകടിച്ചു പറക്കുന്നത് അവള് കണ്ടു. അവള് വേഗത കൂട്ടി. പക്ഷി മറ്റൊരു റോഡിലേക്ക് ചിറകടിച്ചു. അവള് പിന്നാലെ കുതിച്ചു. അങ്ങനെ അവളെ കുറേ ചുറ്റിച്ച ശേഷം പക്ഷി വടക്ക് ഭാഗത്തെ അവരുടെ ഫിനിഷിംഗ് പോയന്റിനരികെ ചെന്നിരുന്നു. അപ്പോഴേക്കും മത്സരം കഴിഞ്ഞ് കുട്ടികളെല്ലാം വീടുകളിലേക്ക് മടങ്ങിക്കഴിഞ്ഞിരുന്നു.

അവള് വേഗത കുറച്ച് അതിന്റെ കുറച്ച് ദൂരത്തായ് ചെന്നു നിന്നു. ആദ്യമായി കാണുകയായിരുന്നു അവളാ പക്ഷിയെ. പൂര്‍ണ്ണമായും വെളുത്ത നിറം. കണ്ണുകളും കാലുകളും തൂവലുകളുമടക്കം എല്ലാം വെളുപ്പ്. ബൈനോക്കുലറും പോക്കറ്റ് ബുക്കും എടുക്കാത്തതില്‍ അവള്‍ക്ക് വല്ലാത്ത വിഷമം തോന്നി.
അതിനെ നന്നായൊന്ന് കാണാനവള്‍ കൊതിച്ചു. അടുത്ത് ചെന്നാല്‍പേടിച്ച് പറക്കാന്‍ സാധ്യതയുണ്ട്. അവള് പതിയെ മുന്നോട്ട് നീങ്ങാന്‍ ശ്രമിച്ചു. അതേ നിമിഷം പക്ഷി നിന്ന നില്പ്പില് എങ്ങോട്ടോ അപ്രത്യക്ഷമായി.
റെബേക്ക അത്ഭുതപ്പെട്ടു. ഒന്നു ചിറകടിക്കുക പോലും ചെയ്യാതെ അതെങ്ങോട്ട് പറന്നു? അവള്‍ചുറ്റും നോക്കി. അതിന്റെ പൊടി പോലുമില്ലായിരുന്നു. ഇനി ഇതെല്ലാം തന്റെ തോന്നലായിരുന്നോ? അങ്ങനെ ആലോചിച്ചു നില്‍ക്കുമ്പോഴാണ് പിന്നില്‍നിന്നും ഒരു വിളി കേട്ടത്.
”ഹായ് റെബേക്കാ”
അവള് ഞെട്ടി തിരിഞ്ഞു.
കറുത്ത വേഷത്തില്‍ ഒരാള്‍ അവള്‍ക്ക് നേരെ നടന്നു വരികയായിരുന്നു. ചുണ്ടില്എരിയുന്ന പൈപ്പ്. കൗബോയ് തൊപ്പി. അവൾ സ്വപ്നത്തില്‍ കണ്ട അതേ രൂപം.
അയാള്‍ അവളുടെ മുന്നില്‍ വന്നു നിന്നു. എരിയുന്ന പൈപ്പ് അയാള്‍ വായില്‍നിന്ന് മാറ്റിപ്പിടിച്ചു. വായില്‍ നിറഞ്ഞു നിന്ന പുക മുകളിലേക്ക് ഊതി വിട്ടു. ആ പുകപടലങ്ങള്‍ വെളുത്ത പക്ഷിരൂപമായി അവള്‍ക്കു ചുറ്റും ചിറകടിച്ചു. പിന്നെ പൊടുന്നനെ വായുവില്അലിഞ്ഞു ചേര്‍ന്നു.
”ഞാൻ ക്യാപ്റ്റന്‍ ആര്തര്വുഡ്ഡ്.” അയാള്‍ അവള്‍ക്ക് നേരെ കൈ നീട്ടി.
–തുടരും