scorecardresearch
Latest News

ഏകാന്ത നാവികൻ- കുട്ടികളുടെ നോവൽ അഞ്ചാം ഭാഗം

”അവൾ, ജനലിനരികിലേക്ക് നടന്നു. അത് പാതി തുറന്ന് കിടക്കുകയായിരുന്നു. ജനലിലൂടെ മുറ്റത്തേക്ക് നോക്കിയപ്പോൾ അവൾ അമ്പരന്നു പോയി. പുറത്ത് മഴ പോലെ മഞ്ഞ് പെയ്യുകയായിരുന്നു”. യുവസാഹിത്യകാരനായ സുഭാഷ് ഒട്ടുംപുറം എഴുതിയ ഏകാന്ത നാവികൻഎന്ന കുട്ടികളുടെ നോവലിന്റെ അഞ്ചാം ഭാഗം

ഏകാന്ത നാവികൻ- കുട്ടികളുടെ നോവൽ അഞ്ചാം ഭാഗം

അലബാമയിൽ നിന്നുമൊരു അപ്രതീക്ഷിത സമ്മാനം

വൈകുന്നേരം പപ്പയുടേയും മമ്മയുടേയും നടുവിലിരുന്ന് റെബേക്ക ടിവിയിൽ തന്നെ കുറിച്ചുള്ള വാർത്ത കണ്ടു. ആ വാർത്ത വന്നതിന് ശേഷം പപ്പയുടേയും മമ്മയുടേയും ഫോണിന് വിശ്രമം കിട്ടിയില്ല. വിശേഷങ്ങൾ ചോദിച്ചു കൊണ്ടുള്ള സുഹൃത്തുക്കളുടെ ബഹളമായിരുന്നു. മറുപടി പറഞ്ഞ് റെബേക്ക മടുത്തു.

പിറ്റേ ദിവസം മുതൽ സന്ദർശകരുടെ തിരക്കായിരുന്നു വീട്ടിൽ. വാഴക്കത്തെരുവിലുള്ളവർ ഓരോരുത്തരായ് അവരുടെ വീട്ടിലേക്ക് വന്നു. എല്ലാവർക്കും ആ കുപ്പിയും സന്ദേശവും കാണണം. അവളുടെ സ്കൂളിലെ കൂട്ടുകാരും വന്നു. അങ്ങനെ റെബേക്ക കാറ്റിലോ വാഴക്കത്തെരുവിലെ താരമായി.

സന്ദർശകരുടെ വരവ് കാരണം ഒരാഴ്ചയോളം അവൾക്ക പുറത്തിറങ്ങാനോ പക്ഷികളെ നിരീക്ഷിക്കാനോ കഴിഞ്ഞിരുന്നില്ല. അതായിരുന്നു അവളുടെ സങ്കടം. താരമാകുന്നതിനേക്കാളും പ്രശസ്തി നേടുന്നതിനേക്കാളും അവൾ ഇഷ്ടപ്പെട്ടത് പക്ഷികളുടെ ലോകത്ത്, അവരെ നോക്കിയിരിക്കുന്നതായിരുന്നു.

സന്ദർശകരുടെ ബഹളമൊക്കെ അടങ്ങിയപ്പോൾ അവൾ പതിവ് പോലെ ബൈനോക്കുലറെടുത്ത് കടപ്പുറത്തേക്കിറങ്ങി. വഴിയിൽ പലരും അവളെ തിരിച്ചറിഞ്ഞു.

”വാഴക്കത്തെരുവിന്റെ താരം” അവർ ഉറക്കെ വിളിച്ചു പറഞ്ഞു.

”അല്ല ഓർണിത്തോളജിസ്റ്റ്.” അവൾ മനസ്സിൽ തിരുത്തി പറഞ്ഞു.

കടപ്പുറത്ത് കടൽ കാക്കൾ വരിവരിയായ് നിന്ന് തീറ്റ മത്സരം നടത്തുകയായിരുന്നു. കൂട്ടത്തിൽ ഒന്ന് രണ്ടെണ്ണം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരായി കാണപ്പെട്ടു. അത്തരം കടൽക്കാക്കകളെ അവൾ മുമ്പ് കണ്ടിട്ടില്ലായിരുന്നു. ബൈനോക്കുലറിലൂടെ നോക്കിയപ്പോൾ അതിലൊന്നിന്റെ കാലിൽ ഒരു മോതിരമുള്ളത് അവളുടെ ശ്രദ്ധയിൽ പെട്ടു. അവൾക്ക് അതിശയമായി.

ദേശാടനപ്പക്ഷികളുടെ പോക്കുവരവ് അറിയാൻ പക്ഷിനിരീക്ഷകർ ചെയ്യുന്നതാണാ മോതിരമണിയിക്കൽ. ബോട്ട്ൽ മെസേജ് പോലെ തന്നെ. അവളാ മോതിരത്തിലെ എഴുത്ത് വായിക്കാൻ ശ്രമിച്ചു. പക്ഷേ, കടൽ കാക്ക ഒരിടത്ത് അടങ്ങി നിൽക്കാത്തത് കാരണം അവൾക്കതിന് കഴിഞ്ഞില്ല. നല്ലൊരു ക്യാമറ കൈയ്യിലുണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ കഴിഞ്ഞേനെ.

subhash ottumpuram, childrens novel, iemalayalam

സൂര്യൻ അസ്തമിക്കാൻ നേരമായി. ആകാശം പലതരം നിറങ്ങളാൽ തുടുത്തു. പടിഞ്ഞാറ് നിന്ന് വീശിയ കാറ്റിന് പതിവില്ലാത്ത വിധം തണുപ്പുണ്ടായിരുന്നു. പെട്ടെന്ന് അവൾക്കാ കുപ്പി ഓർമ്മ വന്നു. എന്തായിരിക്കും ആ കുപ്പിക്കകം അങ്ങനെ തണുത്തിരിക്കുന്നത്? അവൾ ആലോചിച്ചു. അതിനെന്തോ പ്രത്യേകതയുണ്ട്. എന്തോ ഒരു കഥ അതിന് തന്നോട് പറയാനുണ്ട്. എന്താവും ആ കഥ?

അന്ന് രാത്രി ആ കുപ്പി കൈയ്യിൽ പിടിച്ച് അവൾ ഏറെ നേരം ആലോചിച്ചിരുന്നു. തുറക്കുമ്പോൾ തണുത്ത നീരാവി മാത്രം വരുന്ന ആ കുപ്പിക്കകത്ത് എന്തു രഹസ്യമാണ് ഒളിഞ്ഞിരിക്കുന്നതെന്ന് കണ്ടെത്താൻ അവൾക്കായില്ല.

രണ്ടാഴ്ച കഴിഞ്ഞപ്പോൾ അവളെ തിരഞ്ഞ് പോസ്റ്റ്മാൻ വീട്ടിൽ വന്നു. അവൾക്കൊരു പാഴ്സലുണ്ടായിരുന്നു. റെബേക്ക അത്ഭുതപ്പെട്ടു. തനിക്ക് ആരാണ് പാഴ്സൽ അയക്കാൻ?

അവളത് ഒപ്പിട്ടു വാങ്ങി. ചെറിയൊരു പെട്ടിയുടെ രൂപത്തിലായിരുന്നു പാഴ്സൽ. അയച്ച വിലാസം നോക്കിയപ്പോളാണ് അവൾ അത്ഭുതപ്പെട്ടത്.

ആർതർ വുഡ്
ക്യാപ്റ്റൻ ഓഫ് ഫോർമോസ
ഒലിവേര കോസ്റ്റ്
PB NO: 397
അലബാമ

”എന്തായിരിക്കും ഇതിനുള്ളിൽ?” അവൾക്ക് ആകാംക്ഷ അടക്കാനായില്ല.

”തുറന്ന് നോക്ക്.” മമ്മയ്ക്കും വല്ലാത്ത ആകാംക്ഷയുണ്ടായിരുന്നു.

”ഏതായാലും പപ്പ വന്നിട്ട് നോക്കാം.” അവൾ മമ്മയോട് പറഞ്ഞു.

മമ്മ സമ്മതിച്ചു. വൈകുന്നേരം പപ്പ വന്നപ്പോൾ അവൾ പാഴ്സലിന്റെ കാര്യം പറഞ്ഞു.

”അവർ നിനക്ക് സമ്മാനം അയച്ചതാകും. ഒരുപക്ഷേ, ആ നാവികന്റെ ബന്ധുക്കൾ.” പപ്പ പറഞ്ഞു.

അവൾ പാഴ്സൽ ശ്രദ്ധയോടെ തുറന്നു. ഒരു ക്യാമറയായിരുന്നു അതിനുള്ളിൽ. മൂന്നുപേരും വിസ്മയിച്ചു.

ക്യാമറയുടെ കമ്പനിയുടെ പേര് വായിച്ചപ്പോളാണ് റെബേക്ക ശരിക്കും അത്ഭുതപ്പെട്ടത്. നിക്കോൺ P900. അവൾ മനസ്സിൽ കണ്ട അതേ ക്യാമറ. പപ്പയോട് പോലും അതുവരെ പറഞ്ഞിട്ടില്ലാത്ത കാര്യമായിരുന്നു അത്.

പപ്പയേയും മമ്മയേയും ചേർത്ത് നിർത്തി ഫൊട്ടോ എടുത്തു കൊണ്ടാണ് റെബേക്ക പുതിയ ക്യാമറ ഉദ്ഘാടനം ചെയ്തത്.

”ഇനി അടുത്ത പിറന്നാളിന് ഞാനെന്തു സമ്മാനം തരും?” പപ്പ ചോദിച്ചു.

റെബേക്ക ചിരിച്ചു.

”ഞാനാലോചിച്ച് പറയാം പപ്പാ.”

തനിക്കാവശ്യമുണ്ടെന്ന് തോന്നുന്ന സാധനങ്ങൾ മാത്രമായിരുന്നു അവൾ ആവശ്യപ്പെടാറ്. എത്ര വിലപിടിച്ചതാണെങ്കിലും തനിക്കാവശ്യമില്ലെങ്കിൽ അവളത് ആഗ്രഹിക്കാറേയില്ലായിരുന്നു. എട്ടാം ക്ലാസിലേക്ക് ജയിച്ചപ്പോൾ എന്താണ് വേണ്ടതെന്ന് പപ്പ അവളോട് ചോദിച്ചിരുന്നു.

കൂടെ പഠിക്കുന്ന കുട്ടിക്കായ് കുറച്ച് നോട്ടുപുസ്തകങ്ങൾ മാത്രമാണ് അവളന്ന് ആവശ്യപ്പെട്ടത്. ആ കുട്ടി തീരെ ദരിദ്രമായ കുടുംബത്തിലുള്ളതായിരുന്നു. അവൾ ആവശ്യപ്പെട്ടതിലധികം നോട്ടുപുസ്തകങ്ങളും വസ്ത്രങ്ങളും പപ്പ വാങ്ങി കൊണ്ടുവന്നു. അതെല്ലാം വീട്ടിൽ കൊണ്ടു പോയി കൊടുത്തപ്പോൾ ആ കുട്ടിയുടെ സന്തോഷം കാണണമായിരുന്നു.

അവൾ ക്യാമറയെടുത്ത് കടപ്പുറത്തേക്ക് നടന്നു. ശൂന്യമായി കിടക്കുകയായിരുന്നു കടൽത്തീരം. പക്ഷികളുടെ കാൽപ്പാടുകൾ പോലും കാണാനില്ലായിരുന്നു. എല്ലാം എങ്ങോട്ടാണാവോ പോയത്?

കാലിൽ മോതിരമുള്ള കടൽ കാക്കയുടെ ചിത്രങ്ങളെടുത്ത് സൂക്ഷ്മമായി പരിശോധിക്കണമെന്ന് അവൾ ഏറെ ആഗ്രഹിച്ചിരുന്നു. ഇതിപ്പോൾ എന്തുപറ്റിയതാണെന്ന് അവൾക്ക് പിടി കിട്ടിയില്ല. ദേശാടനം കഴിഞ്ഞ് പക്ഷികൾ തിരിച്ചു പോകാൻ സമയമായിട്ടില്ല.

നിരാശയേക്കാളേറെ അവൾക്ക് അത്ഭുതമാണ് തോന്നിയത്. രാവിലെ കുന്നിൻ ചെരിവിൽ പോയപ്പോഴും പതിവായി കാണാറുള്ള പക്ഷികളെയൊന്നും കാണാനവൾക്ക് കഴിഞ്ഞിരുന്നില്ല. അവൾക്ക് ആകെപ്പാടെ എടുക്കാൻ കഴിഞ്ഞത് ഒറ്റ മൈനയുടെ ഫോട്ടോ മാത്രമായിരുന്നു. അസ്തമയസൂര്യന്റെ ഒന്ന് രണ്ട് ചിത്രങ്ങൾ മാത്രം പകർത്തി അവൾ വീട്ടിലേക്ക് നടന്നു.

subhash ottumpuram, childrens novel, iemalayalam

പപ്പയുടെ ലാപ്ടോപ്പിൽ ഫൊട്ടോസ് നോക്കി കൊണ്ടിരിക്കുമ്പോൾ വിചിത്രമായൊരു സംഗതി അവളുടെ ശ്രദ്ധയിൽ പെട്ടു. ദൂരെ ചക്രവാളത്തിൽ ഒരു കപ്പലിന്റെ രൂപം പോലെ എന്തോ ഒന്ന് അവ്യക്തമായി ഫൊട്ടോകളിലെല്ലാം ഉണ്ടായിരുന്നു. അവൾ ഓരോ ഫൊട്ടോയും സൂം ചെയ്ത് നോക്കി. കറുത്ത പുക പോലുള്ള രൂപം ഏകദേശം കപ്പലിനെ പോലെ തന്നെയുണ്ടായിരുന്നു. അതും പായക്കപ്പൽ പോലെ.

അവളത് പപ്പയെ കാണിച്ചു.

”ഇക്കാലത്തെവിടെയാ പായകപ്പൽ? അത് വല്ല പുകയോ മറ്റോ ആയിരിക്കും.” പപ്പ പറഞ്ഞു.

അത് ശരിയാവുമെന്ന് അവൾക്ക് തോന്നി.

ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് അവൾ കുപ്പിയുടെ അടപ്പ് തുറന്ന് മുറി മുഴുവൻ തണുപ്പിച്ചു. പിന്നെ സുഖമായുറങ്ങി. ഉറക്കത്തിൽ അവൾ വിചിത്രമായൊരു സ്വപ്നം കണ്ടു. സ്വപ്നത്തിൽ അവളൊരു കുപ്പിക്കകത്താ യിരുന്നു. കടലിലൂടെ ഒഴുകി നടക്കുകയായിരുന്നു ആ കുപ്പി.

അവൾ ഒത്തിരി കപ്പലുകൾ കണ്ടു. ദ്വീപുകൾ കണ്ടു. വൻകരകൾ കണ്ടു. എവിടേയും അടിയാതെ അവളേയും കൊണ്ട് ആ കുപ്പി സഞ്ചരിച്ചു കൊണ്ടേയിരുന്നു. ഒടുക്കം വലിയൊരു തിരമാലയിൽ കുപ്പി ഉയർന്നു പൊങ്ങി. അത് ചെന്ന് വീണത് ഒരു കപ്പലിലായിരുന്നു. കപ്പലിന്റെ ക്യാപ്റ്റൻ അടുത്തേക്ക് വന്ന് കുനിയുന്നത് അവൾ കണ്ടു.

കുപ്പി തുറന്ന് അയാൾ, അവളെ പുറത്തേക്കിറക്കി. അവൾ അത്ഭുതത്തോടെ ക്യാപ്റ്റനെ നോക്കി. കറുത്ത വസ്ത്രങ്ങൾ. കൗബോയ് തൊപ്പി. നീട്ടി വളർത്തിയ തലമുടിയും താടിയും. അതിൽ മഞ്ഞിൻ കണങ്ങൾ പറ്റി പിടിച്ചിരുന്നു. ചുണ്ടിൽ എരിയുന്ന പൈപ്പ്.

”നിന്റെ പേരെന്താണ്?” അയാൾ ചോദിച്ചു.

“റെബേക്ക കാറ്റിലോ”- അവൾ മറുപടി പറഞ്ഞു.

”ഓഹോ” അയാൾ ചിരിച്ചു.

”നിങ്ങളുടെ പേരെന്താണ്?” അവൾ ചോദിച്ചു.

അയാൾ പേര് പറയാൻ തുടങ്ങുകയായിരുന്നു. അപ്പോഴേക്കും സ്വപ്നം മുറിഞ്ഞുപോയി. നിരാശയോടെ അവളുണര്ന്നു.

മുറിക്കകം വല്ലാതെ തണുപ്പ് നിറഞ്ഞിരുന്നു. അവള്എഴുന്നേറ്റ് കുപ്പി പരിശോധിച്ചു. അത് ഭദ്രമായി മൂടിയിരിക്കുകയായിരുന്നു.

”പിന്നെങ്ങനെ ഇത്ര തണുപ്പ്?” അവൾക്കൊന്നും മനസ്സിലായില്ല.

അവൾ, ജനലിനരികിലേക്ക് നടന്നു. അത് പാതി തുറന്ന് കിടക്കുകയായിരുന്നു. ജനലിലൂടെ മുറ്റത്തേക്ക് നോക്കിയപ്പോൾ അവൾ അമ്പരന്നു പോയി. പുറത്ത് മഴ പോലെ മഞ്ഞ് പെയ്യുകയായിരുന്നു.

-തുടരും

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Subash ottumpuram novel for children ekantha naavikan chapter 5