scorecardresearch

ഏകാന്ത നാവികൻ - കുട്ടികളുടെ നോവൽ നാലാം ഭാഗം

''ഇരുന്നൂറ് വർഷം മുമ്പയച്ച ബോട്ടിൽ മെസേജ് നമ്മുടെ നാട്ടിൽ കിട്ടുക എന്ന് പറയുന്നത് അത്ര നിസ്സാരസംഭവമല്ല.'' - അദ്ദേഹം പറഞ്ഞു. പിന്നെ കമ്പ്യൂട്ടറിൽ എന്തൊക്കെയോ ടൈപ്പ് ചെയ്തു. യുവസാഹിത്യകാരനായ സുഭാഷ് ഒട്ടുംപുറം എഴുതിയ ഏകാന്ത നാവികൻ എന്ന കുട്ടികളുടെ നോവലിന്റെ നാലാം ഭാഗം

''ഇരുന്നൂറ് വർഷം മുമ്പയച്ച ബോട്ടിൽ മെസേജ് നമ്മുടെ നാട്ടിൽ കിട്ടുക എന്ന് പറയുന്നത് അത്ര നിസ്സാരസംഭവമല്ല.'' - അദ്ദേഹം പറഞ്ഞു. പിന്നെ കമ്പ്യൂട്ടറിൽ എന്തൊക്കെയോ ടൈപ്പ് ചെയ്തു. യുവസാഹിത്യകാരനായ സുഭാഷ് ഒട്ടുംപുറം എഴുതിയ ഏകാന്ത നാവികൻ എന്ന കുട്ടികളുടെ നോവലിന്റെ നാലാം ഭാഗം

author-image
Subash Ottumpuram
അപ്‌ഡേറ്റ് ചെയ്‌തു
New Update
subhash ottumpuram, childrens novel, iemalayalam

അലബാമയിലേക്ക് ഒരു മറുപടിക്കത്ത്

രാവിലത്തെ പക്ഷിനിരീക്ഷണത്തിന് ശേഷം റെബേക്ക പോസ്റ്റാഫീസിലേക്ക് പോകാനൊരുങ്ങി. പപ്പയോടൊപ്പം പൊലീസ് വാഹനത്തിലിരിക്കുമ്പോൾ അവളോർത്തു 'അയക്കുന്ന മറുപടി അവിടെ കിട്ടാതെ വരുമോ?'

Advertisment

''കിട്ടാതിരിക്കാൻ വഴിയില്ല. ബോട്ട്ൽ മെസേജിന് മറുപടി അയക്കുന്ന കത്തുകൾക്ക് എല്ലാ രാജ്യങ്ങളിലും പ്രത്യേക പരിഗണനയുണ്ടെന്നാ കേട്ടത്.'' അവളുടെ ആലോചന മനസിലാക്കിയിട്ടെന്ന പോലെ പപ്പ പറയുന്നത് കേട്ട് അവൾക്ക് സമാധാനമായി.

പോസ്റ്റ് ഓഫീസിന് മുന്നില് അവളെയിറക്കി പപ്പ സ്റ്റേഷനിലേക്ക് പോയി.

പോസ്റ്റ് ഓഫീസിൽ തിരക്ക് കുറവായിരുന്നു. പുസ്തകം VPP അയക്കാൻ വന്ന ഒരെഴുത്തുകാരനായിരുന്നു അവളുടെ മുന്നിൽ നിന്നിരുന്നത്. വാഴക്കത്തെരുവിന്റെ ചരിത്രമെഴുതിയ ആളായിരുന്നു അദ്ദേഹം. ആ പുസ്തകം അവൾ വായിച്ചിട്ടുണ്ട്. അവളുടെ മുതുമുത്തച്ഛനെ പറ്റിയും കാറ്റിലോ കുടുംബത്തെ പറ്റിയുമൊക്കെ അതിൽ പരാമർശിച്ചിട്ടുണ്ടായിരുന്നു.

എഴുത്തുകാരൻ പോയപ്പോൾ റെബേക്ക പോസ്റ്റ്കവർ പോസ്റ്റ്മാസ്റ്റർക്ക് നീട്ടി. അയാൾ അതിലെ വിലാസം വായിച്ച് ചോദിച്ചു ''അലബാമയിൽ മോൾടെ ആരാ ഉള്ളത്?''

Advertisment

''ആരുമില്ല'' അവൾ പറഞ്ഞു.

''പിന്നെ ആർക്കാണീ കത്ത്?''

''ഇത് ഒരു ബോട്ട്ൽ മെസേജിനുള്ള മറുപടിയാണ്.''

അത് കേട്ടപ്പോൾ പോസ്റ്റ്മാസ്റ്റർ അത്ഭുതപ്പെട്ടു.

''ബോട്ട്ൽ മെസേജോ?''

അവളെല്ലാം വിശദമായി പറഞ്ഞു.

പോസ്റ്റ്മാസ്റ്റർ വിസ്മയത്തോടെ കേട്ടിരുന്നു.

''ഇരുന്നൂറ് വർഷം മുമ്പയച്ച ബോട്ട്ൽ മെസേജ് നമ്മുടെ നാട്ടിൽ കിട്ടുക എന്ന് പറയുന്നത് അത്ര നിസ്സാരസംഭവമല്ല'' അദ്ദേഹം പറഞ്ഞു. പിന്നെ കമ്പ്യൂട്ടറിൽ എന്തൊക്കെയോ ടൈപ്പ് ചെയ്തു.

''എത്ര രൂപയാണ്?'' അവൾ ചോദിച്ചു.

''കാശൊന്നും വേണ്ട. ബോട്ട്ൽ മെസേജിന് മറുപടി അയക്കാൻ തപാൽ ചാർജ് ഈടാക്കാൻ പാടില്ലെന്നാ നിയമം. ഇവിടെ മാത്രമല്ല. ലോകത്തൊരിടത്തും.''

subhash ottumpuram, childrens novel, iemalayalam

അതവൾക്ക് പുതിയ അറിവായിരുന്നു.

തിരികെ വീട്ടിലെത്തിയപ്പോഴേക്കും അവൾ നന്നായി ക്ഷീണിച്ചിരുന്നു. വീട്ടിലേക്കുള്ള നടത്തവും പൊരിവെയിലും അവളെ വിയർപ്പിൽ കുളിപ്പിച്ചു. വരുന്ന വഴി വീടിന് മുന്നിലെ ഇലക്‌ട്രിക്ക് പോസ്റ്റിൽ പണി നടക്കുന്നത് അവൾ കണ്ടു. ലൈൻ പൊട്ടിയതായിരിക്കണം.

അവൾ നേരെ മുറിയിൽ പോയി കിടന്നു. മുറിയിൽ വല്ലാത്ത ചൂടായിരുന്നു. ലൈന്മാന്മാരുടെ പണി തീരാതെ കറന്റ് വരില്ല. കറങ്ങാത്ത ഫാൻ ഓണാക്കി കിടക്കുമ്പോഴാണ് ആ കുപ്പിയുടെ കാര്യം അവൾക്കോർമ്മ വന്നത്.

അവൾ എഴുന്നേറ്റ് അതിന്റെ അടപ്പ് തുറന്നു. കുപ്പിയിൽ നിന്ന് തണുത്ത നീരാവി പുറത്തേക്കൊഴുകാൻ തുടങ്ങി. കുറച്ചു സമയം കൊണ്ട് മുറിക്കകം തണുപ്പ് നിറഞ്ഞു. അവൾ കുപ്പിയുടെ അടപ്പ് പാതിയടച്ച് കട്ടിലിൽ പോയി കിടന്നു. പെട്ടെന്ന് തന്നെ മയങ്ങി പോവുകയും ചെയ്തു.

മമ്മ വന്ന് വിളിച്ചപ്പോളാണ് അവൾ ഉണർന്നത്. സമയം നോക്കിയപ്പോൾ പന്ത്രണ്ട് മണി ആവുന്നതേയുള്ളൂ.

അവൾ വാതിൽ തുറന്നു.

''പന്ത്രണ്ട് മണിയായപ്പോഴേക്കും ഭക്ഷണം കഴിക്കാറായോ മമ്മാ?'' അവൾ ഉറക്കച്ചടവോടെ ചോദിച്ചു.

''ചോറ് വേവുന്നതേയുള്ളൂ'' മമ്മ പറഞ്ഞു.

''പിന്നെന്തിനാ ഇപ്പഴേ വിളിച്ചത്? എനിക്ക് ഇത്തിരി കൂടി ഉറങ്ങണം'' അവൾ ചിണുങ്ങി.

''ഉറക്കമൊക്കെ ഇനി രാത്രി മതി. നീ വേഗം പോയി മുഖം കഴുകി വാ. നിന്നെ കാണാൻ ചാനലുകാർ വന്നിട്ടുണ്ട്.''

''ചാനലുകാരോ?'' അവൾ അത്ഭുതപ്പെട്ടു.

''നിനക്ക് കടലിൽ നിന്ന് കിട്ടിയ കുപ്പിയെ പറ്റി എന്തോ ചോദിക്കാനാണത്രേ.''

അവൾ വാഷ്ബേസിനടുത്തേക്ക് നടന്നു.

''നിന്റെ മുറിയിലെന്താണ് ഇത്ര തണുപ്പ്?''

മമ്മയുടെ ചോദ്യത്തിന് അവൾ മറുപടി പറഞ്ഞില്ല.

റെബേക്ക മുഖം കഴുകി മുറ്റത്തേക്ക് ചെന്നു. കാണാൻ നല്ല ഭംഗിയുള്ള സുന്ദരി ചേച്ചിയും ക്യാമറയുമായി ഒരാളും അവളെ കാത്ത് നിൽപ്പുണ്ടായിരുന്നു.

''ഹായ് റെബേക്ക. ഞാൻ നീലിമ. മലബാർ ന്യൂസിൽ നിന്നാണ്.''

അവളും ഹായ് പറഞ്ഞു.

''മോൾക്ക് കടലിൽ നിന്ന് ഒരു ബോട്ട്ൽ മെസേജ് കിട്ടിയില്ലേ? അതിനെ പറ്റി ഒരു സ്റ്റോറി ചെയ്യാൻ വന്നതാണ്. മോൾക്ക് വിരോധമില്ലല്ലോ?''

റെബേക്കയ്ക്ക് നാണം വന്നു.

subhash ottumpuram, childrens novel, iemalayalam

''ഹേയ് നാണിക്കേണ്ട. ഇതൊക്കെ ഒരു രസമല്ലേ?''

അവൾ സമ്മതിച്ചു.

ക്യാമറപേഴ്സൺ കാമറ ഓണ്ചെയ്തു.

നീലിമ മൈക്കെടുത്ത് പറഞ്ഞു തുടങ്ങി ''ഞാനിപ്പോൾ നിൽക്കുന്നത് റെബേക്ക കാറ്റിലോ എന്ന ആംഗ്ലോ ഇന്ത്യൻ സുന്ദരിക്കുട്ടിയുടെ വീട്ടിലാണ്. എട്ടാം ക്ലാസിൽ പഠിക്കുന്ന റെബേക്കയ്ക്ക് വളരെ രസകരമായൊരു കാര്യം നമ്മളോട് പറയാനുണ്ട്. മറ്റൊന്നുമല്ല, ഇരുന്നൂറ് വർഷം മുമ്പയച്ച ഒരു ബോട്ട്ൽ മെസേജ് റെബേക്കയ്ക്ക് കടപ്പുറത്ത് നിന്ന് കിട്ടി.

അലബാമ എന്ന സ്ഥലത്ത് നിന്ന് 1810ൽ അർതർവുഡ് എന്നൊരു നാവികൻ അയച്ച ബോട്ട്ൽ മെസേജാണ് അതെന്ന് കരുതുന്നു. ആ ബോട്ട്ൽ മെസേജ് അലക്ഷ്യമായ് വലിച്ചെറിയാതെ അതിന് കൃത്യമായി മറുപടി അയച്ചതിലൂടെയാണ് റെബേക്ക വ്യത്യസ്തയാവുന്നത്. നമുക്ക് അതേക്കുറിച്ച് റെബേക്കയോട് നേരിട്ട് ചോദിക്കാം.''

നീലിമ മൈക്ക് റെബേക്കയുടെ നേരെ നീട്ടി. അവളുടെ നീലക്കണ്ണുകൾ നാണം കൊണ്ട് കൂമ്പി പോയി.

“നാണിക്കാതെ പറയൂ റെബേക്ക...” നീലിമ ധൈര്യം പകർന്നു.

അവൾ ആ കുപ്പിയെടുത്ത് ഉയർത്തി കാണിച്ചു. എന്നിട്ട് അത് കിട്ടിയത് മുതലുള്ള സംഭവങ്ങൾ എല്ലാം വിവരിച്ചു. മുറി മുഴുവൻ തണുപ്പിക്കുന്ന അതിന്റെ മാന്ത്രികവിദ്യ മാത്രം അവൾ മനഃപൂർവ്വം പറഞ്ഞില്ല.

എല്ലാം വിശദീകരിച്ച് കഴിഞ്ഞപ്പോൾ നീലിമ ചോദിച്ചു ''മോളയച്ച മറുപടി അവിടെ കിട്ടുമെന്ന് മോൾക്കുറപ്പുണ്ടോ?''

''ഉണ്ട്''

''അവിടുന്ന് മോൾക്ക് മറുപടി വരുമെന്ന് പ്രതീക്ഷിയുണ്ടോ?''

''അറിയില്ല''

'ശരി. ഇനി നമ്മുടെ പ്രേക്ഷകർക്ക് റെബേക്കയുടെ മറ്റു വിശേഷങ്ങൾ അറിയാൻ താൽപ്പര്യമുണ്ടാകും. റെബേക്കയുടെ വീട്ടിൽ ആരൊക്കയുണ്ട്?''

''പപ്പയും മമ്മയും.''

''പപ്പ എന്തു ചെയ്യുന്നു?''

''പപ്പ പോലീസാണ്.''

''മമ്മയോ?''

''ഹോം മേക്കര്‍''

''ശരി, വലുതാവുമ്പോൾ ആരാകണമെന്നാണ് റെബേക്കയുടെ ആഗ്രഹം?"

''ഓർണിത്തോളജിസ്റ്റ്.'' ഒരു നിമിഷം പോലും ആലോചിക്കാതെ അവൾ മറുപടി പറഞ്ഞു.

-തുടരും

Children Malayalam Writer Novel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: