scorecardresearch

ഏകാന്തനാവികന്‍ – കുട്ടികളുടെ നോവൽ മൂന്നാം ഭാഗം

“അവൾ ചൂറ്റും നോക്കി. ആ കുപ്പിയിൽ നിന്ന് നേർത്ത നീരാവി പോലെ എന്തോ ഉയരുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടു. അവൾ അതിനടുത്തേക്ക് ചെന്നു. നീരാവിക്ക് മേലെ കൈപ്പടം വെച്ചു.” യുവസാഹിത്യകാരനായ സുഭാഷ് ഒട്ടുംപുറം എഴുതിയ ഏകാന്ത നാവികൻഎന്ന കുട്ടികളുടെ നോവലിന്റെ മൂന്നാം ഭാഗം

ഏകാന്തനാവികന്‍ – കുട്ടികളുടെ നോവൽ മൂന്നാം ഭാഗം

മാന്ത്രിക കുപ്പി

സന്ദേശം അതുപോലെ കുപ്പിയിലിട്ട് ഭദ്രമായടച്ച് അവളത് മേശപ്പുറത്ത് കൊണ്ടു വെച്ചു.
കിടക്കാൻ നേരത്തും പപ്പ പറഞ്ഞത് തന്നെയായിരുന്നു അവളുടെ മനസ്സിൽ.

ഇരുന്നൂറു കൊല്ലമായത്രേ ആ കുപ്പി കടലിൽ ഒഴുകി നടക്കാൻ തുടങ്ങിയിട്ട്. അങ്ങനെയെങ്കിൽ അതയച്ച ആൾ തീർച്ചയായും മരിച്ചിട്ടുണ്ടാകും. ജീവിതകാലമത്രയും അയാൾ ഒരു മറുപടിക്ക് വേണ്ടി കാത്തിരുന്നിട്ടുണ്ടാകണം. കടലിന്റെ നീരൊഴുക്കിനെ പറ്റി അറിഞ്ഞിട്ട് അയാൾക്കെന്താവും കാര്യം?

ആ കടൽപ്പക്ഷികളെ പോലെ അജ്ഞാതദേശങ്ങളിലേക്ക് സഞ്ചരിക്കാനാവും. പാവം നാവികന്. അയാളിപ്പോൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ തന്റെ കപ്പലുമായ് ഇപ്പോൾ ഇങ്ങോട്ട് പുറപ്പെട്ടേനെ. അവൾ ആലോചിച്ചു.

റെബേക്ക കുപ്പി തുറന്ന് സന്ദേശം ഒരിക്കൽക്കൂൂടി വായിച്ചു. ഇരുന്നൂറ് വർഷം പഴക്കമുള്ള സന്ദേശം. അവളാ കടലാസ് ചുരുൾ മൂക്കത്ത് വെച്ചു. ഏതോ കടലുകളുടെ മീന്മണം ചുറ്റും നിറയും പോലെ അവൾക്ക് തോന്നി.

അവൾ നോട്ട്ബുക്കിൽ നിന്നൊരു താള് ചീന്തിയെടുത്തു. എന്നിട്ട് അതിലെഴുതി:

പ്രിയ്യപ്പെട്ട നാവികാ,

എന്റെ പേര് റെബേക്ക കാറ്റിലോ. എനിക്ക് ഈ സന്ദേശം കിട്ടുന്നത് 2022 ഏപ്രിൽ 12 വൈകുന്നേരം 5.45 നാണ്. ഇത് കിട്ടിയത് വാഴക്കത്തെരുവ് എന്ന കടലോരനഗരത്തിലാണ്. എന്റെ വിലാസം താഴെ കൊടുക്കുന്നു.

റബേക്ക കാറ്റിലോ
കാറ്റിലോ ഹൗസ്
വാഴക്കത്തെരുവ്
PB No: 167
കേരള,
ഇന്ത്യ.

subhash ottumpuram, childrens novel, iemalayalam

തിരിച്ച് അങ്ങനെ ഒരു സന്ദേശമെഴുതുമ്പോൾ അയാൾക്കതൊരിക്കലും വായിക്കാൻ കഴിയില്ലെന്ന് അവൾക്ക് ഉറപ്പായിരുന്നു. കാരണം അയാൾ എന്നോ മരിച്ചു പോയിട്ടുണ്ടാകും. എങ്കിലും അയാളുടെ ബന്ധുക്കൾ ആരെങ്കിലും ഉണ്ടെങ്കിലോ? താനീ വിവരം അവരെ അറിയിക്കാതിരിക്കുന്നത് ശരിയല്ലെന്ന് അവളുടെ മനസ്സ് പറഞ്ഞു.

അവളാ കുറിപ്പ് കവറിലിട്ട് വിലാസമെഴുതി മേശപ്പുറത്ത് വെച്ചു. ഫാനിന്റെ കാറ്റിൽ പാറിപ്പോകാതിരിക്കാൻ ആ കുപ്പിയെടുത്ത് മേലെ വച്ചു.

പിന്നെ ജനവാതിലുകൾ തുറന്നിട്ടു. വേനലായതിനാൽ മുറിയിൽ നല്ല ചൂടായിരുന്നു.

അവൾ ഉറങ്ങാൻ കിടന്നു. കനത്ത ചൂടിൽ ഉറങ്ങാൻ ഇത്തിരി അസ്വസ്ഥത തോന്നിയെങ്കിലും പതിയെ പതിയെ അവൾ ഉറക്കത്തിലേക്ക് വീണു.

subhash ottumpuram, childrens novel, iemalayalam

കുറേ നേരം കഴിഞ്ഞപ്പോൾ എന്തോ സ്വപ്നം കണ്ട് അവൾ ഞെട്ടിയുണർന്നു. വല്ലാതെ തണുക്കുന്നുണ്ടായിരുന്നു അവൾക്ക്. ഫാൻ ഓഫ് ചെയ്ത് അവൾ പുതപ്പ് കൊണ്ട് ആകെ മൂടിപ്പുതച്ച് കിടന്നു. എന്നിട്ടും അവൾക്ക് വല്ലാതെ തണുത്തു.

ജനവാതിലുകൾ അടച്ചു പൂട്ടിയിട്ടും തണുപ്പിനൊരു കുറവും വന്നില്ല. മറിച്ച് തണുപ്പ് കൂടുകയാണ് ചെയ്തത്. ഏസിയുള്ള പോലെ മുറിക്കകം തണുത്ത് മരവിച്ചു. ചുവരിലൊക്കെ നനവ്. അവൾ എഴുന്നേറ്റ് ലൈറ്റിട്ടു. അത്ഭുതപ്പെട്ടു പോയി അവൾ. മുറിയിലൊക്കെ നേർത്ത മഞ്ഞിൻ കണങ്ങൾ പാറി നടക്കുകയായിരുന്നു. ഉഷ്ണകാലത്ത് അതെങ്ങനെ സംഭവിച്ചെന്ന് അവൾക്ക് മനസ്സിലായില്ല.

അവൾ ചൂറ്റും നോക്കി. ആ കുപ്പിയിൽ നിന്ന് നേർത്ത നീരാവി പോലെ എന്തോ ഉയരുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടു. അവൾ അതിനടുത്തേക്ക് ചെന്നു. നീരാവിക്ക് മേലെ കൈപ്പടം വെച്ചു. ഇത്തിരി നേരം കൊണ്ട് അവളുടെ കൈ തണുത്ത് മരവിച്ച് പോയി. അവൾ വേഗം കുപ്പിയുടെ മൂടിയെടുത്ത് ഭദ്രമായ് അടച്ചു പൂട്ടി. പതിയെ മുറിയിലെ തണുപ്പ് കുറഞ്ഞു കുറഞ്ഞു വന്നു. നേർത്ത തണുപ്പിൽ അവൾ സുഖമായുറങ്ങി.

തുടരും

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Subash ottumpuram novel for children ekantha naavikan chapter 3