scorecardresearch

ഏകാന്തനാവികന്‍ - കുട്ടികളുടെ നോവൽ രണ്ടാം ഭാഗം

ദൂരെ നിന്നും ആ സ്ത്രീ 'മോനേ, മോനേ' എന്ന് വിളിക്കുന്നത് കേട്ടപ്പോൾ അവൾക്ക് സങ്കടം തോന്നി. ഒരു നിലവിളി പോലെ ആ ശബ്ദം കടപ്പുറത്ത് മുഴങ്ങി. അങ്ങനെ ഉച്ചത്തിൽ വിളിച്ചിട്ടും അവൻ വിളി കേട്ടില്ല. യുവസാഹിത്യകാരനായ സുഭാഷ് ഒട്ടുംപുറം എഴുതിയ ഏകാന്ത നാവികൻഎന്ന കുട്ടികളുടെ നോവലിന്റെ രണ്ടാം ഭാഗം

ദൂരെ നിന്നും ആ സ്ത്രീ 'മോനേ, മോനേ' എന്ന് വിളിക്കുന്നത് കേട്ടപ്പോൾ അവൾക്ക് സങ്കടം തോന്നി. ഒരു നിലവിളി പോലെ ആ ശബ്ദം കടപ്പുറത്ത് മുഴങ്ങി. അങ്ങനെ ഉച്ചത്തിൽ വിളിച്ചിട്ടും അവൻ വിളി കേട്ടില്ല. യുവസാഹിത്യകാരനായ സുഭാഷ് ഒട്ടുംപുറം എഴുതിയ ഏകാന്ത നാവികൻഎന്ന കുട്ടികളുടെ നോവലിന്റെ രണ്ടാം ഭാഗം

author-image
Subash Ottumpuram
അപ്‌ഡേറ്റ് ചെയ്‌തു
New Update
subhash ottumpuram, childrens novel, iemalayalam

നൂറ്റാണ്ടുകൾ നീന്തിയെത്തിയ ബോട്ട്ൽ മെസേജ്

ആ കുട്ടി കാരണം പേടിച്ച് പറന്ന കടൽക്കാക്കകളെല്ലാം കടലിലേക്ക് ചിറകടിച്ചു. ഇത്തിരി ദൂരം വട്ടമിട്ട് പറന്ന ശേഷം അവർ വെള്ളത്തിൽ നീന്തിക്കളിക്കാൻ തുടങ്ങി.

Advertisment

"ഇനിയവർ കരയിലേക്ക് വരുമെന്ന് തോന്നുന്നില്ല." റെബേക്ക മനസ്സിൽ പറഞ്ഞു.

അങ്ങനെ നിരാശയോടെ നിൽക്കുമ്പോഴാണ് കുറച്ചപ്പുറത്തായി തിളക്കമുള്ള ഒരു വസ്തു അവളുടെ ശ്രദ്ധയിൽപ്പെട്ടത്. ബൈനോക്കുലറിലൂടെ അവൾ നോക്കി. അതൊരു കുപ്പിയായിരുന്നു. പച്ച നിറത്തിലുള്ള മനോഹരമായ ചില്ലുകുപ്പി. അവളതിനടുത്തേക്ക് നടന്നു.

മണലിൽ പുതഞ്ഞ് കിടക്കുകയായിരുന്നു ആ കുപ്പി. അവളത് കൈയ്യിലെടുത്തു. കടൽ വെള്ളത്തിലത് കഴുകിയെടുത്തപ്പോൾ അതിലൊരു പായക്കപ്പലിന്റെ ചിത്രം തെളിഞ്ഞു വന്നു. ഒട്ടുമേ ഭാരമില്ലാത്ത കുപ്പിക്കകത്ത് കടലാസ് ചുരുളുപോലെ എന്തോ ഒന്നുണ്ടായിരുന്നു.

അൽപ്പനേരം മുമ്പായിരിക്കണം കുപ്പി കരയ്ക്കടിഞ്ഞതെന്ന് അവൾ ഊഹിച്ചു. കാരണം, കുറേ മുമ്പായിരുന്നെങ്കിൽ അത് മറ്റാരുടെയെങ്കിലും ശ്രദ്ധയിൽപ്പെട്ടേനേ. അങ്ങനെയെങ്കിൽ ഉറപ്പായും അതവരെടുക്കും. അത്ര ഭംഗിയായിരുന്നു ആ കുപ്പിക്ക്.

Advertisment

അവൾ ആ കുപ്പി തുറക്കാൻ ശ്രമിച്ചു. പക്ഷേ, കോർക്ക് കൊണ്ട് ഭദ്രമായ് അടച്ചതിനാൽ എത്ര ശ്രമിച്ചിട്ടും അവൾക്കത് തുറക്കാൻ കഴിഞ്ഞില്ല. ചവണയോ മറ്റോ വേണ്ടി വരും അത് തുറക്കാൻ. ഏതായാലും വീട്ടിൻ ചെന്നിട്ടാവാമെന്ന് അവൾ കണക്ക് കൂട്ടി.

കുപ്പിയുമെടുത്ത് അവൾ വീട്ടിലേക്ക് നടക്കാൻ തുടങ്ങുകയായിരുന്നു. അപ്പോഴാണ് ഓടിക്കിതച്ചു കൊണ്ട് ഒരു സ്ത്രീ അവൾക്കരികിലെത്തിയത്.

publive-image

''മോളേ ഒരു ചെക്കൻ ഇതിലൂടെ ഓടുന്നത് കണ്ടോ?'' ആ സ്ത്രീ ചോദിച്ചു.

''കറുപ്പ് ട്രൗസറും മഞ്ഞ ഷർട്ടുമിട്ട കുട്ടിയാണോ?''

''അതേ, മോളേ...''

''ദാ അങ്ങോട്ടാ ഓടിപ്പോയത്.'' അവൾ കോട്ടയുടെ നേർക്ക് വിരൽ ചൂണ്ടി.

''ഈ ചെക്കനെ ഞാനിന്ന്...'' അവർ കൈയ്യിലുള്ള വടി ഉയർത്തി തെക്കോട്ട് നടന്നു.

ആ പോക്ക് നോക്കി റെബേക്ക അവിടെ തന്നെ നിന്നു. എന്തെങ്കിലും വികൃതി ഒപ്പിച്ച് ഓടിയതായിരിക്കണം ആ കുട്ടി.

ദൂരെ നിന്നും ആ സ്ത്രീ "മോനേ, മോനേ" എന്ന് വിളിക്കുന്നത് കേട്ടപ്പോൾ അവൾക്ക് സങ്കടം തോന്നി. ഒരു നിലവിളി പോലെ ആ ശബ്ദം കടപ്പുറത്ത് മുഴങ്ങി. അങ്ങനെ ഉച്ചത്തിൽ വിളിച്ചിട്ടും അവൻ വിളി കേട്ടില്ല. കൈയ്യിലുള്ള വടി വലിച്ചെറിഞ്ഞ് അവർ വെപ്രാളത്തോടെ മതിലിനപ്പുറത്തേക്ക് മറഞ്ഞു.

അപ്പോൾ, കടലിന്റെ അറ്റത്ത് സൂര്യൻ പാതി താഴ്ന്ന് ഒരു മിനാരം പോലെയായി. റെബേക്കയ്ക്ക് വീട്ടിലേക്ക് പോകാനുള്ള സമയം കഴിഞ്ഞു. മമ്മ വഴക്ക് പറയുമെന്ന് തീർച്ചയാണ്. പക്ഷേ, ആ അമ്മയും കുഞ്ഞും തിരിച്ച് വരാതെ അവൾക്ക് പോകാൻ തോന്നിയില്ല.

അസമയൊത്തുന്നും ആരും ആ കോട്ടയുടെ പരിസരത്തേക്ക് പോകാറില്ല. ആ കുട്ടിയെ കുറിച്ചോർത്തപ്പോൾ അവൾക്ക് ഭയം തോന്നി. അവൾ ബൈനോക്കുലറെടുത്ത് നോക്കി. തെക്ക് ഭാഗത്തെ മതിലിനരികിൽ ഒരനക്കം കണ്ടു. അവർ തിരിച്ചു വരികയാണ്. റെബേക്കയ്ക്ക് സമാധാനമായി. അടുത്തെത്തിയപ്പോൾ ആ സ്ത്രീ നന്ദിയോടെ അവളെ നോക്കി ചിരിച്ചു. അവളും ചിരിച്ചു. അമ്മയുടെ തോളിൽ കണ്ണടച്ച് കിടക്കുകയായിരുന്നു അവൻ. അവരുടെ പോക്കും നോക്കി അവൾ ഇത്തിരി നേരം കൂടി അവിടെ നിന്നു. പിന്നെ വീട്ടിലേക്ക് നടന്നു.

വീട്ടിലെത്തിയപ്പോൾ അവൾ പ്രതീക്ഷിച്ച പോലെ ഗേറ്റിൽ തന്നെയുണ്ടായിരുന്നു മമ്മ.

''ഇരുട്ട് വീഴും മുമ്പേ വീട്ടിലെത്തണമെന്ന് പറഞ്ഞതല്ലേ?'' അമ്മ അവളെ ശാസിച്ചു.

അവൾ എല്ലാം വിശദമായി പറഞ്ഞു.

''ഭാഗ്യം ആ കുഞ്ഞിന് അപകടമൊന്നും പറ്റിയില്ലല്ലോ.'' അമ്മ നെടുവീർപ്പിട്ടു.

''ഇതെന്താണ് കൈയ്യിൽ?'' മമ്മ അവളുടെ കൈയ്യിലെ കുപ്പി നോക്കി ചോദിച്ചു.

അവള്‍ കുപ്പി ഉയര്‍ത്തി അമ്മയെ കാണിച്ചു.

''നല്ല ഭംഗിയുണ്ടല്ലോ. ഇതെവിടുന്ന് കിട്ടി?''

''കടപ്പുറത്ത് വന്നടിഞ്ഞതാ. എടുക്കാതിരിക്കാൻ തോന്നിയില്ല.'' റെബേക്ക പറഞ്ഞു.

''ശരി വേഗം പോയി കുളിക്ക്. ഞാൻ ചായയുണ്ടാക്കാം. പപ്പ വരാന്നേരമായി.''

റെബേക്ക കുപ്പി അവളുടെ മേശപ്പുറത്ത് കൊണ്ടു പോയി വെച്ചു.

കുളി കഴിഞ്ഞ് വന്നപ്പോഴേക്കും മമ്മ ചായയുമായി വന്നു. പൂന്തോട്ടത്തിനരികിലെ കസേരയില്‍ ചെന്നിരുന്ന് ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ ഡ്യൂട്ടി കഴിഞ്ഞ് പപ്പയുമെത്തി.

''പപ്പാ എനിക്കിന്ന് കടപ്പുറത്ത് നിന്നൊരു സാധനം കിട്ടി.'' അവൾ പറഞ്ഞു.

''എന്ത് സാധനം?'' പപ്പ ചോദിച്ചു.

''ഞാൻ കാണിച്ചു തരാം.''

അവൾ കുപ്പിയെടുത്ത് കൊണ്ടുവന്ന് പപ്പയെ കാണിച്ചു.

പൊലീസുകാരന്റെ നിരീക്ഷണപാടവത്തോടെ പപ്പ ആ കുപ്പി തിരിച്ചും മറിച്ചും നോക്കി.

''ഇത് ബോട്ട്ൽ മെസേജ് ആണെന്ന് തോന്നുന്നു.'' പപ്പ പറഞ്ഞു.

''ബോട്ട്ൽ മെസേജോ?'' അവൾക്ക് മനസ്സിലായില്ല.

പപ്പ വിശദീകരിച്ചു.

''സമുദ്രത്തിന്റെ നീരൊഴുക്ക് മനസ്സിലാക്കാൻ നാവികർ ചെയ്യാറുള്ളതാണത്. ഒരു സന്ദേശമെഴുതി കുപ്പിയിലാക്കി കടലിലേക്കെറിയും. അത് ഒഴുകിയൊഴുകി ഏതെങ്കിലും തീരത്ത് ചെന്നടിയും. കിട്ടുന്നവർ അത് തുറന്ന് അതിലെ വിലാസത്തിലേക്ക് വിവരമറിയിക്കണം. അതാണ് ബോട്ട്ൽ മെസേജ്."

''അപ്പോ ഇതും ഏതോ നാവികൻ അയച്ചതായിരിക്കുമോ?'' അവൾ ചോദിച്ചു.

''നമുക്ക് തുറന്ന് നോക്കാം.''

subhash ottumpuram, childrens novel, iemalayalam

പപ്പ അകത്ത് പോയി ഒരു ചവണ എടുത്ത് വന്നു. ചവണ കൊണ്ട് ഒന്ന് തിരിച്ചപ്പോൾ കുപ്പിയുടെ മൂടി തുറന്നു. തല കീഴായി പിടിച്ചപ്പോൾ അതിനകത്ത് നിന്ന് കടലാസ് ചുരുൾ അവളുടെ കൈയ്യിലേക്ക് വീണു. അവളത് നിവർത്തി വായിച്ചു:

“ഈ സന്ദേശം കിട്ടുന്നവരുടെ ശ്രദ്ധയ്ക്ക്, ദയവായി ഇതെവിടുന്ന് കിട്ടിയെന്നും എപ്പോൾ കിട്ടിയെന്നും ആർക്ക് കിട്ടിയെന്നും താഴെ കാണുന്ന വിലാസത്തിൽ അറിയിക്കുമല്ലോ.

ആർതർ വുഡ്ഡ്
ക്യാപ്റ്റൻ ഓഫ് ഫോർമോസ
ഒലിവേര കോസ്റ്റ്
PB No: 397
അലബാമ

''സംശയമില്ല ബോട്ട്ൽ മെസേജ് തന്നെ.'' പപ്പ പറഞ്ഞു.

''അലബാമ എന്ന സ്ഥലം എവിടെയാണ്?'' റെബേക്ക ചോദിച്ചു.

പപ്പ ഇന്റര്‍നെറ്റില്‍ ആ വിലാസം സെർച്ച് ചെയ്തു. മാപ്പ് നോക്കി സ്ഥാനം കണ്ടെത്തി.

''ലാറ്റിനമേരിക്കയിലെ ചെറിയൊരു പ്രദേശമാണ് അലബാമ. കുറേ വർഷം മുമ്പ് വരെ ആളുകൾ പാർത്തിരുന്ന സ്ഥലമായിരുന്നത്രേ. തുടർച്ചയായ മഞ്ഞ് വീഴ്ച കാരണം ഇപ്പോളവിടേക്ക് ആരും പോകാറില്ല. അതിന്റെ അതിർത്തി പ്രദേശത്തെ പോസ്റ്റ് ബോക്സ് നമ്പറാണ് ഈ സന്ദേശത്തിൽ കൊടുത്തിട്ടുള്ളത്.'' പപ്പ വിശദീകരിച്ചു.

''ഇതെന്നായിരിക്കും അയച്ചിട്ടുണ്ടാവുക?'' അവൾ ചോദിച്ചു.

പപ്പ ആ സന്ദേശം ഒന്നു കൂടി പരിശോധിച്ചു. മുകൾ ഭാഗത്ത് ഒരു കള്ളിയിൽ അയച്ച വർഷവും തിയ്യതിയും രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു.

''1810! ദൈവമേ ഇരുന്നൂറ് വർഷങ്ങൾക്ക് മുമ്പ് അയച്ച സന്ദേശമാണല്ലോ ഇത്!''

പപ്പ പറയുന്നത് കേട്ട് അവളാകെ ഞെട്ടിത്തരിച്ചു പോയി.

-തുടരും

Read More: ഒരു കഥ കൂടി വായിക്കാന്‍ തോന്നുന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു

Children Malayalam Writer Novel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: