/indian-express-malayalam/media/media_files/uploads/2022/09/subhash-8-2.jpg)
നിധിയും വിലപേശലും
എഴുത്ത് വായിച്ച് തീർന്നപ്പോൾ റെബേക്കയ്ക്ക് പൊട്ടിക്കരയാനാണ് തോന്നിയത്. പക്ഷേ, അവൾ കരഞ്ഞില്ല. താൻ ചതിക്കപ്പെട്ടിരിക്കുന്നു എന്നവൾക്ക് മനസ്സിലായി. കരഞ്ഞിട്ടൊന്നും കാര്യമില്ല.
“ഇല്ല. ഞാൻ അദ്ദേഹത്തെ നശിപ്പിക്കാൻ അനുവദിക്കില്ല.” അവൾ മനസ്സിൽ പ്രതിജ്ഞയെടുത്തു.
പക്ഷേ, എന്താണ് ചെയ്യേണ്ടതെന്ന് അവൾക്കൊരു പിടിയും കിട്ടിയില്ല. അയാൾ എങ്ങോട്ടായിരിക്കും പോയിട്ടുണ്ടാവുക? ആ ചതിയൻ. അയാൾ വാഴക്കത്തെരുവ് വിട്ടിട്ടുണ്ടാകുമോ? സാധ്യതയില്ല. അയാൾക്ക് പതുക്കയേ നടക്കാനാവൂ.
റെബേക്കയുടെ മനസ്സിൽ പല ചിന്തകളും രൂപപ്പെട്ടു. അങ്ങനെ ചിന്തിച്ചു നിന്നാൽ സമയം നഷ്ടപ്പെടുകയേയുള്ളൂ. വേഗം എന്തെങ്കിലും ചെയ്യണം.
അവൾ ഓടി കുന്നിന്മുകളിലെത്തി. ബൈനോക്കുലറെടുത്ത് ചുറ്റും നോക്കി. എല്ലായിടത്തും മഞ്ഞുരുകുകയാണ്. ആളുകൾ പലരും പുറത്തേക്കിറങ്ങിയിട്ടുണ്ട്. അവരിലൊന്നും ആ ചതിയൻ കടൽക്കൊള്ളക്കാരന്റെ പൊടി പോലുമില്ലായിരുന്നു.
റെബേക്ക കുന്നിന്റെ കുറച്ചൂടെ ഉയരമുള്ള ഭാഗത്തേക്ക് കയറി. അവിടെ നിന്നാൽ കടപ്പുറം വരെ വ്യക്തമായി കാണാം. അവൾ ബൈനോക്കുലറിലൂടെ നോക്കി. തുറമുഖത്തിനടുത്തെ പഴയ കോട്ടയുടെ നേർക്ക് ഒരാൾ ധൃതിയിൽ നടന്ന് പോകുന്നത് അവൾ കണ്ടു. അതയാളായിരുന്നു; കടൽക്കൊള്ളക്കാരൻ നിക്കോളായ് കിഡ്ഡ്.
അവൾ വേഗം കുന്നിറങ്ങി ഓടാൻ തുടങ്ങി. ഓട്ടത്തിനിടയിൽ കുന്നിൻ ചെരുവിൽ താൻ ഊരിയിട്ട സ്വെറ്ററും സ്കീയും കിടക്കുന്നത് അവൾ കണ്ടു. അവളതെല്ലാം ധൃതിയിൽ ധരിച്ചു. പിന്നെ അതുവരെയില്ലാത്ത വേഗതയിൽ തുറമുഖത്തിനടുത്തേക്ക് കുതിച്ചു.
വഴിയിലൊക്കെ മഞ്ഞുരുകിയ വെള്ളം പുഴ പോലെ ഒഴുകുന്നുണ്ടായിരുന്നു. തണുത്ത വെള്ളം ചീറ്റി തെറിപ്പിച്ച് അവൾ മുന്നോട്ട് തുഴഞ്ഞു. ആ നഗരത്തിലെ ഊടുവഴികൾ അവൾക്ക് മനഃപാഠമായിരുന്നു. അത് കാരണം അവൾക്ക് ഒരു മിനിറ്റ് പോലും നഷ്ടപ്പെടുത്തേണ്ടി വന്നില്ല.
/indian-express-malayalam/media/media_files/uploads/2022/09/subhash-5-2.jpg)
ദൂരെ പഴയ കോട്ട തെളിഞ്ഞു കണ്ടു. അങ്ങോട്ട് കടക്കുന്നതിന് ഒരു വലിയ തടസ്സമുണ്ടായിരുന്നു. നഗരത്തിലെ മഞ്ഞുരുകിയ വെള്ളം മുഴുവൻ ഒഴുകി വന്ന് കടലിൽ ചേരുന്ന ഭാഗത്ത് പുതുതായി ഒരു അഴിമുഖം രൂപപ്പെട്ടിരുന്നു. വെള്ളത്തിന്റെ കുത്തൊഴുക്കിൽ അത് മുറിച്ചു കടക്കാൻ പാടായിരുന്നു.
റെബേക്ക സർവശക്തിയുമെടുത്ത് മുന്നോട്ട് കുതിച്ചു. അഴിമുഖത്തിന് മേലേ കൂടി ഒരു മലക്കം മറിഞ്ഞ് അവൾ മറുകര പറ്റി. പിന്നെ ശബ്ദമുണ്ടാക്കാതെ കോട്ടയുടെ അരികിലേക്ക് നടന്നു.
പൊട്ടിപ്പൊളിഞ്ഞ മതിലിന്റെ വിടവിലൂടെ റെബേക്ക അകത്തേക്ക് നോക്കി. ഒരു പഴയ മേശയിൽ ആ കുപ്പി ഇരിക്കുന്നുണ്ടായിരുന്നു. അതിനുള്ളിൽ കടലുകളെ നഷ്ടപ്പെട്ട നാവികന്റെ മുഖം അവ്യക്തമായി അവള്‍ കണ്ടു.
നിക്കോളായ് കിഡ്ഡ് തോൾ സഞ്ചി ഒരു മൂലയിലേക്ക് വെച്ചു. പിന്നെ സ്വെറ്റർ അഴിച്ചുമാറ്റാൻ തുടങ്ങി. കൂർമ്പൻ തൊപ്പിയും കാൽശരായിയുമൊക്കെ അഴിച്ചു മാറ്റിയപ്പോൾ അയാൾ ശരിക്കും ഭീകരനായ കടൽക്കൊള്ളക്കാരനായി. കണ്ണുകൾ ജ്വലിച്ചു. മുഖത്ത് ക്രൗര്യം നിറഞ്ഞു.
കുപ്പിയുടെ അടുത്തേക്ക് വന്ന് അയാൾ അലറി “പറയെടാ എവിടെയാണാ നിധി ഒളിപ്പിച്ചിരിക്കുന്നത്?”
അയാൾ കുനിഞ്ഞ് നിന്ന് കുപ്പിയിലേക്ക് ചെവി ചേർത്ത് കുറച്ച് നേരം എന്തിനോ വേണ്ടി കാത്തു.
പിന്നെ വീണ്ടും നിവർന്ന് നിന്ന് പറഞ്ഞു “നീ പറയില്ല അല്ലേ? ആ നിധി ആർക്കും കിട്ടാൻ പോകുന്നില്ല. നിന്റെയാ മഹത്തായ രഹസ്യത്തെ നിന്നോടൊപ്പം ഞാൻ നശിപ്പിക്കും.”
അയാൾ സഞ്ചിയിൽ നിന്നൊരു ചെറിയ കുപ്പിയെടുത്തു. ചുവന്ന നിറത്തിലുള്ള ദ്രാവകമായിരുന്നു ആ കുപ്പിയിൽ. ഒരു സിറിഞ്ച് ഉപയോഗിച്ച് അയാളാ ദ്രാവകം മുഴുവൻ വലിച്ചെടുത്തു.
“അവസാനമായി ചോദിക്കുകയാണ് നീ പറയുന്നോ ഇല്ലയോ?” അയാൾ ഒരിക്കൽ കൂടി കുപ്പിക്ക് നേരെ കുനിഞ്ഞ് ചെവിയോർത്തു. അതിനകത്ത് നിന്ന് മറുപടിയൊന്നും വന്നില്ല.
/indian-express-malayalam/media/media_files/uploads/2022/09/subhash-6-2.jpg)
“നശിച്ചു പോടാ ചെകുത്താനേ!” അയാൾ അലറി.
അയാൾ സിറിഞ്ച് ആർതർ വുഡ്ഡിനെ തടവിലിട്ട കുപ്പിയുടെ കോർക്കിലേക്ക് കുത്തിയിറക്കി. സിറിഞ്ചിന്റെ പിസ്റ്റൺ അമർത്തും മുമ്പേ റെബേക്ക അങ്ങോട്ട് കടന്നു ചെന്നു. അയാൾ ഞെട്ടിത്തിരിഞ്ഞു.
“നീയോ?”
അയാൾ അരയിൽ നിന്ന് തോക്കെടുത്ത് അവൾക്ക് നേരെ ചൂണ്ടി. അവൾ കൂസലില്ലാതെ മുന്നോട്ട് ചുവടുകൾ വച്ചു.
“അനങ്ങരുത്. ഞാൻ വെടിവെക്കും. ഇവനെ രക്ഷപ്പെടുത്താമെന്ന് കരുതേണ്ട.” അയാൾ അവൾക്ക് നേരെ പാമ്പിനെ പോലെ ചീറ്റി.
റെബേക്ക പുച്ഛത്തോടെ ചിരിച്ചു.
“അതിന് അയാളെ രക്ഷപ്പെടുത്താനാരു വന്നു?”
“പിന്നെ?”
“ഞാൻ വന്നത് ആ നിധിയെ പറ്റി പറയാനാണ്.”
അയാളുടെ മുഖം വിളറി.
“നിധിയെ പറ്റി നിനക്കെങ്ങനെ അറിയാം?” അയാൾ ചോദിച്ചു.
“നിധിയെ പറ്റി എനിക്കെല്ലാം അറിയാം. അതെവിടെയാണുള്ളതെന്നടക്കം.” അവൾ പറഞ്ഞു.
“ഇല്ല. നീയെന്നെ പറ്റിക്കുകയാണ്.” അയാൾ പറഞ്ഞു.
“ആയിക്കോട്ടെ. പക്ഷേ, ആ നിധി നിങ്ങൾ കരുതുന്ന പോലെ മെലിസാഗരാ കടലിലെ പന്ത്രണ്ട് ദ്വീപുകളിലൊന്നുമല്ല ഉള്ളത്.” അവൾ പറഞ്ഞു
അത് കേട്ടപ്പോൾ അയാളുടെ കൈയ്യിലെ തോക്ക് അറിയാതെ താഴ്ന്നു. പന്ത്രണ്ട് ദ്വീപുകളെ പറ്റിയും മെലിസാഗരാ കടലിനെ പറ്റിയും അറിയാമെങ്കിൽ അവൾക്ക് നിധിയെ പറ്റി തീർച്ചയായും അറിയുമെന്ന് അയാൾ ഉറപ്പിച്ചു.
/indian-express-malayalam/media/media_files/uploads/2022/09/subhash-7-2.jpg)
“എങ്കിൽ പറ. അതെവിടെയാണുള്ളത്?” അയാളുടെ കണ്ണിലെ അത്യാഗ്രഹം റെബേക്ക ശരിക്ക് കണ്ടു.
“പറയാം. പക്ഷേ, നിധിയുടെ പാതി എനിക്ക് തരണം.” അവൾ പറഞ്ഞു.
അയാൾ ഞെട്ടിപ്പോയി “പാതിയോ?”
“അതെ. പാതി തന്നെ.”
“പാതിയൊന്നും തരാനാവില്ല. വേണമെങ്കിൽ കാൽഭാഗം തരാം.”
അയാൾ അത്യാഗ്രഹി മാത്രമല്ല ഒന്നാന്തരം പിശുക്കൻ കൂടിയാണെന്ന് അവള്‍ക്ക് മനസ്സിലായി.
“കാൽ ഭാഗം ആർക്ക് വേണം. എനിക്ക് പാതി തന്നെ കിട്ടണം. ഇല്ലെങ്കിൽ അത് നമുക്ക് രണ്ടാൾക്കും കിട്ടില്ല.” അവൾ ഉറപ്പിച്ച് പറഞ്ഞു.
“കുട്ടികൾക്ക് ഇത്ര അത്യാഗ്രഹം പാടില്ല.” അയാൾ പറഞ്ഞു.
“വേണ്ടെങ്കിൽ വേണ്ട. ഞാൻ പോകുന്നു.” അവൾ പുറത്തേക്ക് പോകാനൊരുങ്ങി. അയാൾ, ഒരിക്കൽ കൂടി വില പേശി നോക്കി. റെബേക്ക സമ്മതിച്ചില്ല.
ഒടുക്കം മനസ്സില്ലാ മനസ്സോടെ അയാൾ റെബേക്ക പറഞ്ഞത് അംഗീകരിച്ചു.
“ശരി എവിടെയാണത്?”
“ഹ്യൂമന്തല എന്നൊരു രഹസ്യ ദ്വീപിലാണാ നിധി?” റെബേക്ക പറഞ്ഞു.
“ഹ്യൂമന്തല എന്ന ദ്വീപോ? എവിടെയാണത്?”
അങ്ങനെയൊരു ദ്വീപിനെ പറ്റി അയാൾ കേട്ടിട്ടു കൂടിയില്ലായിരുന്നു.
-തുടരും
/indian-express-malayalam/media/media_files/uploads/2022/09/uma-card.jpg)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us