കടലുകൾ നഷ്ടപ്പെട്ട നാവികൻ
പ്രിയ്യപ്പെട്ട റെബേക്കാ,
നിനക്കീ സന്ദേശം കിട്ടുമെന്നോ കിട്ടിയാൽ തന്നെ നീയിത് വായിക്കുമെന്നോ ഞാൻ പ്രതീക്ഷിക്കുന്നില്ല. ഇനി അഥവാ നീയിത് വായിക്കുമ്പോഴേക്കും ഞാനീ ഭൂമിയിൽ നിന്ന് എന്നെന്നേക്കുമായി തുടച്ചു നീക്കപ്പെട്ടിട്ടുണ്ടാകും. അതിലെനിക്ക് സങ്കടമില്ല. മുന്നൂറ് വർഷങ്ങളായി ഞാൻ മരണമില്ലാത്തവനായി അലയുകയായിരുന്നു. എനിക്ക് മടുത്തു. അതുകൊണ്ട് ഇവിടം വിട്ട് പോകാൻ എനിക്ക് സന്തോഷമേയുള്ളൂ. പക്ഷേ, ഒരു പ്രധാനപ്പെട്ട കാര്യം ചെയ്ത് തീർക്കാൻ എനിക്കിത് വരെ കഴിഞ്ഞിട്ടില്ല. അത് മാത്രമാണ് എന്റെ ആകെയുള്ള സങ്കടം.
നിക്കോളായ് കിഡ്ഡ് എന്ന മനുഷ്യൻ നീ കരുതും പോലെ പ്രേതവേട്ടക്കാരനൊന്നുമല്ല. അയാൾ പറഞ്ഞ പോലെ ഞാൻ പ്രേതവുമല്ല. ഞങ്ങൾ രണ്ടു പേരും മനുഷ്യരാണ്. ഞാനൊരു നാവികനും അയാൾ ഒരു കടൽക്കൊള്ളക്കാരനും. അതാണ് വ്യത്യാസം. അത് മാത്രമാണ് ഞങ്ങൾ തമ്മിലുള്ള വ്യത്യാസം.
അയാൾ എന്നെ പിടിക്കാൻ ഇവിടെ എത്തിയതും നിന്നെ കണ്ടുമുട്ടിയതും അറിയാൻ ഞാനിത്തിരി വൈകിപ്പോയി. അയാൾ നിന്നോട് പറഞ്ഞതെല്ലാം പച്ചക്കള്ളമാണ്. നിന്നെ കണ്ട് സത്യാവസ്ഥ ബോധിപ്പിക്കാൻ പലവട്ടം ഞാൻ ശ്രമിച്ചു. നീ പക്ഷേ, വീടിന് പുറത്തേക്കിറങ്ങിയതേയില്ല. ഇത്തവണ അയാൾ എന്നെ കുടുക്കുമെന്ന് എനിക്കുറപ്പാണ്. കാരണം നിന്നെപ്പോലൊരു മിടുക്കിയുടെ സഹായം അയാൾക്കുണ്ട്.
കഴിഞ്ഞ മുന്നൂറ് വർഷമമായി കിഡ്ഡ് കുടുംബം എന്റെ പിന്നാലെയുണ്ട്. ഇക്കാലമത്രയും ഞാനവരെ കബളിപ്പിച്ചു കൊണ്ടിരുന്നു. ഇതെന്റെ അവസാനത്തെ കളിയാണ്. അതിന് മുമ്പേ സത്യം എന്തെന്ന് എനിക്ക് നിന്നെയെങ്കിലും ബോധിപ്പിക്കണം.
ക്യാപ്റ്റൻ കിഡ്ഡ് എന്ന കുപ്രസിദ്ധനായ കടൽക്കൊള്ളക്കാരനെ പറ്റി നീ കേട്ടിട്ടുണ്ടോ? മലബാറിലെ പേടിസ്വപ്നമായിരുന്നു അയാൾ. മുപ്പത് പീരങ്കികൾ ഘടിപ്പിച്ച ‘അഡ്വഞ്ചർ’ എന്ന കപ്പലിന്റെ ക്യാപ്റ്റൻ.
കടൽക്കൊള്ളക്കാരെ തുരത്താൻ ഈസ്റ്റ് ഇന്ത്യാ കമ്പനി നിയോഗിച്ചതായിരുന്നു അയാളെ. ഇരുന്നൂറ് ആളുകളോടെപ്പം കടൽക്കൊള്ളക്കാരെ തുരത്താൻ പുറപ്പെട്ട ക്യാപ്റ്റൻ കിഡ്ഡ് ദൗത്യത്തിൽ പരാജയപ്പെട്ടു. അപമാനഭാരത്താൽ കരയിലേക്ക് തിരിച്ചു വരാനാവാതെ അയാൾ കടലിൽ തന്നെ കഴിച്ചു കൂട്ടി.
നിരാശനായി നിൽക്കുന്ന അയാളുടെ മുന്നിലേക്കാണ് ഒരു ഡച്ച് കപ്പൽ ചെന്നു പെട്ടത്. കോഴിക്കോട് തുറമുഖത്ത് നിന്ന് ചരക്കുകയറ്റി വരികയായിരുന്ന ‘ക്വയ ദ മെർച്ചന്റ്’ എന്ന കപ്പലായിരുന്നു അത്. ക്യാപ്റ്റൻ കിഡ്ഡ് ആ നിമിഷം തീരുമാനിച്ചു; താനൊരു കടൽക്കൊള്ളക്കാരനാകുമെന്ന്. ‘ക്വയ ദ മെർച്ചന്റ്’ എന്ന ആ കപ്പലായിരുന്നു അയാളുടെ ആദ്യത്തെ ഇര.

അവരാ ഡച്ച് കപ്പലിനെ കീഴടക്കി. കപ്പലിലുള്ളവരെ അരിഞ്ഞ് കടലിലേക്ക് തള്ളി. പിന്നെ മഡഗാസ്കറിലേക്ക് യാത്രയായി. മഡഗാസ്കറിലെ സെന്റ് മേരീസ് ദ്വീപായിരുന്നു പിന്നീട് അയാളുടെ താവളം.
വളരെ കുറച്ച് കാലം കൊണ്ട് ക്യാപ്റ്റൻ കിഡ്ഡിന്റെ കുപ്രസിദ്ധി അറബിക്കടലും കടന്ന് ലോകം മുഴുവൻ അലയടിച്ചു. അയാളുടെ പേര് കേൾക്കുന്ന നിമിഷം നാവികര്‍ ഭയന്നു വിറയക്കാൻ തുടങ്ങി.
1710 ലെ ആ മാർച്ച് മാസം എനിക്കിപ്പോളും ഓർമ്മയുണ്ട്. നല്ല തെളിഞ്ഞ കാലാവസ്ഥയായിരുന്നു. അന്ന് എന്റെ കപ്പൽ മെലിസാഗരാ കടലിലെത്തിയത് ആളുകൾ കരുതുന്ന പോലെ കാറ്റും കോളും കാരണമായിരുന്നില്ല.
ക്യാപ്റ്റൻ കിഡ്ഡും സംഘവും ഞങ്ങളെ തുരത്തി അവിടെ എത്തിക്കുകയായിരുന്നു. കോഴിക്കോട് തുറമുഖത്ത് നിന്ന് ഇംഗ്ലണ്ടിലേക്ക് ചരക്കുമായി പുറപ്പെട്ടതായിരുന്നു ഞങ്ങൾ. പുറങ്കടലിലെത്തിയപ്പോളാണ് കടൽക്കൊള്ളക്കാർ ഞങ്ങളെ പിന്തുടരുന്ന കാര്യം മനസ്സിലായത്.
അഞ്ചുകപ്പലുകളുണ്ടായിരുന്നു കൊള്ളസംഘത്തിൽ. അഞ്ചിലും കൂടി നൂറ്റിയെൺപത് പീരങ്കികളും. അത്രയും സന്നാഹത്തോടെ ക്യാപ്റ്റൻ കിഡ്ഡ് മുമ്പൊരിക്കലും കൊള്ള നടത്തിയിരുന്നില്ല. കപ്പലുകളൊഴിഞ്ഞ കാരമൻ കടൽ മുതൽ അവർ ഞങ്ങളെ വേട്ടയാടാൻ തുടങ്ങി. എന്റെ കപ്പലിൽ വിലമതിക്കാനാവാത്ത നിധിയുണ്ടെന്നുള്ള വിവരം അവർക്ക് എങ്ങനെയോ കിട്ടിയിരുന്നു. അതിന് വേണ്ടിയായിരുന്നു അവർ ഞങ്ങളെ വിടാതെ പിന്തുടർന്നിരുന്നത്.
ഇംഗ്ലണ്ടിലെ അലാറ്റിനോ തുറമുഖത്തെത്തിക്കാൻ മലബാറിലെ കോർമൽക്കുടുംബം വിശ്വസിച്ച് എന്നെ ഏൽപ്പിച്ചതായിരുന്നു ആ നിധി. മലബാറിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ കവർച്ചക്കാരുടെ കൈയ്യിലകപ്പെടാതിരിക്കാൻ നിധി കടൽക്കടത്തുകയല്ലാതെ വേറെ മാർഗമില്ലായിരുന്നു.
രണ്ട് ദിവസം അവർ ഞങ്ങളെ വിശ്രമിക്കാനനുവദിക്കാതെ നട്ടം തിരിയിച്ചു. ആരും കടക്കാത്ത മെലിസാഗരാ കടലിനരികെ ഞങ്ങളെ എത്തിച്ച് കുടുക്കാമെന്ന അവരുടെ പദ്ധതി വിജയിച്ചു. അവിടെയുള്ള പന്ത്രണ്ട് ദ്വീപിലേക്കും ഞങ്ങൾക്ക് രക്ഷപ്പെടാനാവില്ലെന്നാണ് അവർ വിചാരിച്ചത്. പക്ഷേ, ആർക്കുമറിയാത്ത രഹസ്യമൊന്ന് അവിടെയുണ്ടായിരുന്നു. അവിടെ പന്ത്രണ്ട് ദ്വീപുകളല്ല ഉണ്ടായിരുന്നത്. പതിമൂന്നെണ്ണമുണ്ടായിരുന്നു!
ആരുടേയും ശ്രദ്ധയിൽപ്പെടാതെ മുട്ടോളം വെള്ളത്തിന് താഴെ മറഞ്ഞു കിടക്കുകയായിരുന്നു ആ ദ്വീപ്. കടൽക്കൊള്ളക്കാരുടെ കണ്ണ് വെട്ടിച്ച് നിധി മുഴവൻ ഞങ്ങൾ ആ ദ്വീപിൽ ഒളിപ്പിച്ചു. പിന്നെ അവസാനത്തെ പോരാട്ടത്തിന് തയ്യാറെടുത്തു.

അഞ്ച് കപ്പലുകളും ഞങ്ങളെ വളഞ്ഞു. പറ്റാവുന്നിടത്തോളം ഞങ്ങൾ പിടിച്ചു നിന്നു. കീഴടങ്ങാൻ ഞങ്ങൾ ഒരുക്കമല്ലായിരുന്നു. എന്റെ കപ്പലിലുള്ളവരെ ഒന്നൊന്നായി അവർ അരിഞ്ഞ് കടലിലേക്ക് തള്ളി. അവസാനം അവരുടെ കൈയ്യിലകപ്പെടുമെന്നായപ്പോൾ ഞാൻ കടലിലേക്കെടുത്ത് ചാടി. മരിക്കാൻ ഭയമുണ്ടായിട്ടായിരുന്നില്ല ഞാനങ്ങനെ ചെയ്തത്. ആ നിധി ഒളിപ്പിച്ച സ്ഥലം എനിക്കതിന്റെ അവകാശികളെ അറിയിക്കണമായിരുന്നു. അതിനെനിക്ക് ജീവിച്ചിരുന്നേ പറ്റൂ. അതുകൊണ്ടാണ് ഞാൻ മനഃപൂർവ്വം ശാപദ്വീപിലേക്ക് നീന്തിക്കയറിയത്.
അവിടെ ഞാൻ എത്രയോ ദിവസങ്ങൾ തള്ളിനീക്കി. ആരെങ്കിലും ക്ഷണിക്കാതെ എനിക്കവിടെ നിന്ന് പുറത്ത് കടക്കാനാവില്ലായിരുന്നു. ഒരവസരത്തിനായ് ഞാൻ കാത്തിരുന്നു. എന്റെ കാത്തിരിപ്പ് വർഷങ്ങളോളം നിണ്ടു.
എങ്കിലും എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു ഒരിക്കൽ അവിടെ നിന്ന് രക്ഷപ്പെടാനാവുമെന്ന്. ഒടുക്കം ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ സംഭവിച്ചു. എനിക്കൊരു ബോട്ട്ൽ മെസേജ് വന്നു. അരിയോണ എന്ന സ്ഥലത്ത് നിന്ന്. ആ നിമിഷം ഞാനവിടം വിട്ടു. കനത്ത മഞ്ഞിനോടൊപ്പം ഞാൻ അരിയോണ യിലെത്തി.
അരിയോണയിൽ ആ നിധിയുടെ അവകാശികളെ പറ്റി ഞാൻ ഒത്തിരി അന്വേഷിച്ചു. ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. അവിടെ എനിക്കധികനാൾ തങ്ങാനാവില്ലായിരുന്നു. കാരണം, എന്റെ കൂടെ കൂടിയ ശൈത്യം എന്ന ശാപം ജനങ്ങളെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു. മറ്റൊരു സ്ഥലത്തേക്ക് ക്ഷണം കിട്ടാതെ എനിക്കവിടം വിടാനുമാവില്ലായിരുന്നു. അതുകൊണ്ട് ഞാൻ നിരന്തരം ബോട്ട്ൽ മെസേജുകൾ അയച്ചു കൊണ്ടേയിരുന്നു.
പക്ഷേ, എനിക്കറിയാത്ത ഒരു സത്യമുണ്ടായിരുന്നു. എന്നെ ശാപദ്വീപിൽ നിന്ന് പുറത്തെത്തിച്ചത് അവരായിരുന്നു. ആ കടൽക്കൊള്ളക്കാർ. ആ നിധിക്ക് വേണ്ടി. ഞാനതറിയാൻ വൈകിപ്പോയി. ഞാൻ ശാപദ്വീപിലേക്ക് നീന്തിക്കയറിയ ശേഷം ക്യാപ്റ്റൻ കിഡ്ഡും സംഘവും മഡഗാസ്കറിലേക്ക് തിരിച്ചു പോയത്രേ.
അതുവരെ കൊള്ളയടിച്ചതെല്ലാം കൂട്ടാളികൾക്ക് വീതം വെച്ച് മറ്റൊരു കൊള്ള നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു അയാൾ. അതിനിടയിലാണ് ക്യാപ്റ്റൻ കിഡ്ഡ് അമേരിക്കയിൽ വച്ച് പിടിയിലായി. അയാളെ വധശിക്ഷയ്ക്ക് വിധിച്ചു. കൈ വിലങ്ങോടെയാണത്രേ അയാളെ തൂക്കിലിട്ടത്. അയാളുടെ സ്വത്തുക്കൾ മുഴുവൻ കണ്ടുകെട്ടി ഒരാശുപത്രിക്ക് ദാനം ചെയ്തു. കിഡ്ഡ് കുടുംബം ഒന്നുമില്ലാത്തവരായി. അവരുടെയുള്ളിൽ പക വളർന്നു.
തൂക്കിലേറും മുമ്പ് ക്യാപ്റ്റൻ കിഡ്ഡ് നിധിയുടെ കാര്യം മകനോട് പറഞ്ഞിരുന്നു. എങ്ങനെയെങ്കിലും അത് കൈക്കലാക്കാൻ കിഡ്ഡ് കുടുംബം കിണഞ്ഞ് പരിശ്രമിച്ചു. പക്ഷേ, ഞാനത് എവിടെയാണ് ഒളിപ്പിച്ചതെന്ന് കണ്ടെത്താൻ അവർക്ക് കഴിഞ്ഞില്ല. ഞാൻ ശാപദ്വീപിൽ അകപ്പെട്ട് അമ്പത് വർഷം കഴിഞ്ഞിട്ടും നിധിക്ക് വേണ്ടി അവർ അന്വേഷണം തുടർന്നു കൊണ്ടേയിരുന്നു. അവരാ നിധിയെ പറ്റിയുള്ള അറിവ് ഓരോ തലമുറയ്ക്കും കൈമാറി.
ശാപദ്വീപിൽ നിന്ന് എന്നെ പുറത്തെത്തിച്ചാൽ മാത്രമേ നിധിയുടെ രഹസ്യം അറിയാനാകൂ എന്നവർ മനസ്സിലാക്കി. അങ്ങനെയാണ് അവർ ശാപദ്വീപിലേക്ക് ബോട്ട്ൽ മെസേജ് അയച്ച് എന്നെ അരിയോണയിൽ എത്തിച്ചത്. അവിടെ വെച്ച് എന്നെ കുടുക്കാൻ അവർ പല വഴികളും നോക്കി. അപ്പോഴെല്ലാം ഞാൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
ഒരു ദിവസം ഞാനയച്ച ബോട്ട്ൽ മെസേജിന് മറുപടി കിട്ടി. ലൂർമ എന്ന സ്ഥലത്ത് നിന്ന്. ഞാനുടനെ അങ്ങോട്ട് പുറപ്പെട്ടു. കടൽക്കൊള്ളക്കാർ എന്റെ പിന്നാലെയും. പോകുന്നിടത്തെല്ലാം എന്റെ കൂടെ വരുന്ന മഞ്ഞ്, ഞാനുള്ള സ്ഥലം അവർക്ക് കൃത്യമായി കാട്ടിക്കൊടുത്തു.
അങ്ങനെ പല സ്ഥലങ്ങളിലേക്ക് മാറി മാറി ഞങ്ങൾ കള്ളനും പൊലീസും കളി തുടർന്നു. ഇതിനിടിൽ കിഡ്ഡ് കുടുംബത്തിലെ ഒത്തിരി തലമുറകൾ മരിച്ച് മണ്ണടിഞ്ഞു. കടൽക്കൊള്ളക്കാരുടെ ഓരോ തലമുറയും എന്നോടുള്ള പക കാത്തു സൂക്ഷിച്ചു.

അവസാനം ഞാനെത്തിപ്പെട്ട സ്ഥലം അലബാമ ആയിരുന്നു. ഇരുന്നൂറ് വർഷം അവരെന്നെ അവിടെ കുടുക്കിയിട്ടു. അവരുടെ ആളുകൾ അലബാമാ കടലിൽ സൂക്ഷ്മനിരീക്ഷണം നടത്തുന്നുണ്ടായിരുന്നു. ഞാനയച്ച ബോട്ട്ൽ മെസേജുകൾ ആർക്കും കിട്ടാതാരിക്കാൻ അവർ അതെല്ലാം കാണുന്ന നിമിഷം തന്നെ നശിപ്പിച്ചു.
എങ്ങോട്ടും പോകാനാവാതെ ഞാനവിടെ പെട്ടു പോയി. കനത്ത മഞ്ഞ് വീഴ്ച കാരണം അലബാമയിലെ ആളുകൾ ഓരോരുത്തരായി നഗരം വിട്ടു. ഒടുക്കം അവിടെ ഞാനും കടൽക്കൊള്ളക്കാരും മാത്രം അവശേഷിച്ചു.
ഓരോ തവണ ഓരോരോ സൂത്രങ്ങളുമായി അവരെന്നെ വേട്ടയാടി. അപ്പോഴൊക്കെ ഞാൻ രക്ഷപ്പെട്ടു. അവസാനമാണ് കിഡ്ഡ് കുടുംബത്തിന്റെ ഇപ്പോഴത്തെ തലമുറയിൽ പെട്ട നിക്കോളായ് കിഡ്ഡ് എന്ന മനുഷ്യൻ ദൗത്യമേറ്റെടുത്തത്.
മുൻ തലമുറകളുടെ പക ഏറ്റവും കൂടുതൽ കിട്ടിയത് അയാൾക്കായിരുന്നു. ചെറുപ്പം മുതലേ അയാളുടെ ജീവിതലക്ഷ്യം എന്നെ പിടികൂടി ഇഞ്ചിഞ്ചായി ദ്രോഹിക്കുക എന്നത് മാത്രമായിരുന്നു. അതിന് വേണ്ടി അയാൾ ലോകം മുഴുവൻ സഞ്ചരിച്ചു. കിട്ടാവുന്നിടത്തോളം അറിവുകൾ സമ്പാദിച്ചു.
ചരിത്രം, ഭൂമിശാസ്ത്രം, സമുദ്രശാസ്ത്രം, ദുർമന്ത്രവാദം അങ്ങനെ ലോകത്തെ നല്ലതും ചീത്തതുമായ അറിവുകളെല്ലാം അയാൾ എന്നെ നശിപ്പിക്കാനും ആ നിധി കണ്ടെത്താനും വേണ്ടി മാത്രം പഠിച്ചു വെച്ചു.
അങ്ങനെ മുപ്പത് വർഷം മുമ്പ് അയാൾ അലബാമയിൽ കാൽകുത്തി. അയാളുടെ അറിവുകൾക്കും സൂത്രങ്ങൾക്കും മുന്നിൽ പിടിച്ചു നിൽക്കാൻ ഞാനേറെ പണിപ്പെട്ടു. ഇതിനിടയിൽ ഞാനയച്ച ഒരു ബോട്ട്ൽ മെസേജ് അവരുടെ കണ്ണിൽ പെടാതെ വർഷങ്ങളായി കടലിൽ ഒഴുകി നടക്കുന്നുണ്ടായിരുന്നു. അതാണ് നിനക്ക് കിട്ടിയത്.
എന്നെ പിടികൂടാനുള്ള എല്ലാ പദ്ധതികളും അവരൊരുക്കി വെച്ചിരിക്കു കയായിരുന്നു. അപ്പോഴാണ് നിന്റെ മറുപടി വന്നത്. അപ്പോൾ തന്നെ ഞാനവിടം വിട്ടു. പക്ഷേ, അയാൾ എന്നെ അന്വേഷിച്ച് വരുമെന്ന് എനിക്കുറപ്പായിരുന്നു. അതിന് മുന്പ് ആ നിധിയുടെ അവകാശികളെ കണ്ടെത്തി രഹസ്യം കൈമാറണമെന്ന് ഞാൻ വിചാരിച്ചിരിക്കുകയായിരുന്നു. കഴിയുമെന്ന് തോന്നുന്നില്ല. ഇത്തവണ ഞാൻ തോൽക്കുമെന്ന് എനിക്കുറപ്പാണ്.
റെബേക്കാ,
നീ വിഷമിക്കരുത്. നീയൊരു തെറ്റും ചെയ്തിട്ടില്ല. ഞാനധികകാലം നിന്റെ നഗരത്തെ കഷ്ടപ്പെടുത്തില്ല. വൈകാതെ അയാളെന്നെ പിടികൂടും. മഞ്ഞുരുകും. വിട്ടു പോയ പക്ഷികൾ തിരികെ വരും. നന്നായി പഠിക്കുക. നിന്റെ ആഗ്രഹം പോലെ ലോകമറിയുന്ന ഓർണിത്തോളജിസ്റ്റ് ആയിത്തീരട്ടെ എന്നാശംസിക്കുന്നു.
സ്നേഹത്തോടെ,
ആർതർ വുഡ്
കടലുകളെ നഷ്ടപ്പെട്ട നാവികൻ
–തുടരും