scorecardresearch
Latest News

ഏകാന്ത നാവികൻ – കുട്ടികളുടെ നോവൽ പന്ത്രണ്ടാം ഭാഗം

“അവളതെടുത്തു. കുപ്പിക്കകത്ത് ഒരു കടലാസ് ചുരുളുണ്ടായിരുന്നു. അവൾ കുപ്പി തുറന്ന് കടലാസ് നിവർത്തി. അത് അവൾക്കുള്ള എഴുത്തായിരുന്നു.” യുവസാഹിത്യ കാരനായ സുഭാഷ് ഒട്ടുംപുറം എഴുതിയ ഏകാന്ത നാവികൻഎന്ന കുട്ടികളുടെ നോവലിന്റെ പത്താം ഭാഗം

ഏകാന്ത നാവികൻ – കുട്ടികളുടെ നോവൽ പന്ത്രണ്ടാം ഭാഗം

കുപ്പിയിലായ ചെകുത്താൻ

അവളങ്ങനെ തരിച്ചു നിൽക്കേ പേടിച്ചരണ്ട പെൻഗ്വിനുകളെല്ലാം ഓരോരോ ഇഗ്ലുവിലേക്കായി കയറിപ്പറ്റി. ഒരു തടിച്ചുരുണ്ട പെൻഗ്വിനിന്റെ മറ പറ്റി അവൾ ആർതർ വുഡ്ഡിന്റെ ഇഗ്ലു തിരഞ്ഞു.

പെൻഗ്വിനുകളുടെ ബഹളം കാരണം തിരക്ക് പിടിച്ച തെരുവിലെത്തിയ പോലുണ്ടായിരുന്നു ആ ചുറ്റുപാട്. ആ ബഹളം അവസാനിക്കും മുമ്പേ അയാളെ കണ്ടെത്തണം. എല്ലാ പെൻഗ്വിനുകളും ഇഗ്ലുവിലേക്ക് കയറിപ്പറ്റിയാൽ തന്റെ ഒളിച്ചുകളി അവസാനിക്കും. അവൾ നീക്കങ്ങൾക്ക് വേഗത കൂട്ടി.

റെബേക്ക ഒരോ ഇഗ്ലുവും സൂക്ഷ്മമായി പരിശോധിച്ചു. ഒരിടത്തും അയാളുടെ കാല്പാടുകൾ പോലും കാണാനില്ലായിരുന്നു. പെട്ടെന്നാണ് ഒരു ഇഗ്ലുവിൽ നിന്ന് പുകച്ചുരുളുകൾ ഉയരുന്നത് റെബേക്ക കണ്ടത്. പായക്കപ്പലിന്റെ രൂപത്തിൽ പുകച്ചുരുളകൾ ഉയർന്ന് പൊങ്ങി, നൂല് പൊട്ടിയ പട്ടങ്ങൾ പോലെ എങ്ങോട്ടോ മറഞ്ഞു.

“അതിനുള്ളിൽ അയാളുണ്ടാവും” അവൾ ഉറപ്പിച്ചു.

പൂച്ചയെ പോലെ പതുങ്ങി പതുങ്ങി അവളാ ഇഗ്ലുവിന് മുന്നിലെത്തി. ഒന്നിനു പിറകേ ഒന്നൊന്നായി പായക്കപ്പലുകൾ അതിനുള്ളിൽ നിന്ന് പുറത്തേക്ക് ഒഴുകി. റെബേക്ക സഞ്ചിയിൽ നിന്ന് സൂര്യപ്രകാശം നിറച്ച കുപ്പി കൈയ്യിലെടുത്തു. പിന്നെ ഒരൊറ്റ കുതിപ്പിന് ഇഗ്ലുവിന്റെ അകത്തെത്തി.

പൈപ്പ് വലിച്ച് കൊണ്ട് കണ്ണടച്ച് കിടക്കുകയായിരുന്നു ആർതർ വുഡ്ഡ്. അപ്രതീക്ഷിതമായി റെബേക്കയെ കണ്ടപ്പോൾ അയാൾ ചാടിയെഴുന്നേറ്റു. അയാൾ എന്തോ പറയാൻ ഭാവിച്ചു. അതിന് മുമ്പേ അവളാ കുപ്പി നിലത്തേക്ക് എറിഞ്ഞു. തേങ്ങ ഉടയും പോലെ ആ കുപ്പി പൊട്ടിത്തെറിച്ചു. കനത്ത ചൂട് പുറത്തേക്ക് തള്ളി അവിടം മുഴുവൻ സൂര്യപ്രകാശം പരന്നു.

ആർതർ വുഡ്ഡ് നിശ്ചലനായി നിന്നു. പിന്നെ പതിയെ ഉരുകാൻ തുടങ്ങി. അവൾ രണ്ടാമത്തെ കുപ്പി തുറന്നു.

“വേഗം ഇതിനകത്തേക്ക് കയറൂ. ഇല്ലെങ്കിൽ നിങ്ങൾ വെള്ളമായി തീരും.” അവൾ കൽപ്പിച്ചു.

അനുസരണയുള്ള കുട്ടിയെ പോലെ അയാൾ തല കുനിച്ചു. പിന്നെ നേർത്ത നീരാവിയായി അയാൾ കുപ്പിക്കകത്തേക്ക് കയറി. റെബേക്ക കുപ്പി കോർക്ക് കൊണ്ട് ഭദ്രമായടച്ചു. കുപ്പിക്കകത്തെ നീരാവി ഒരു പാവക്കുട്ടിയുടെ വലിപ്പമുള്ള മനുഷ്യരുപത്തിലായി. ആർതർ വുഡ്ഡ് എന്ന ചെകുത്താൻ കുപ്പിക്കകത്തായി. അവളുടെ ശ്വാസം നേരെ വീണത് അപ്പോളായിരുന്നു.

subhash ottumpuram, childrens novel, iemalayalam

പുറത്ത് കാറ്റ് അപ്പോഴും നിലച്ചിരുന്നില്ല. മഞ്ഞും മഴയും മത്സരിച്ച് പെയ്യുകയായിരുന്നു. പെൻഗ്വിനുകളുടെ ബഹളം അടങ്ങിക്കഴിഞ്ഞിരുന്നു. പ്രകൃതി ശാന്തമാകും വരെ ഇഗ്ലുവിനുള്ളിൽ തന്നെ നിൽക്കാൻ റെബേക്ക തീരുമാനിച്ചു. അതിനുള്ളിൽ അപ്പോഴും ചൂടും വെളിച്ചവുമുണ്ടായിരുന്നു. ഇഗ്ലിവിനുള്ളിൽ നിന്ന് പുറത്തേക്കിറങ്ങിയാൽ താൻ മരവിച്ച് പോയേക്കുമെന്ന് അവൾ ഭയപ്പെട്ടു.

ഉള്ളിലെ സൂര്യപ്രകാശത്തിന്റെ ചൂടിൽ ഇഗ്ലു കുറേശ്ശെയായി ഉരുകാൻ തുടങ്ങി. മഞ്ഞും മഴയുമകന്ന് സൂര്യപ്രകാശം നിലത്ത് വീഴും വരെ അതുരുകി തീരരുതേ എന്നവൾ പ്രാർത്ഥിച്ചു.

ഇത്തിരി നേരം കഴിഞ്ഞപ്പോൾ ഇഗ്ലുവിന്റെ പുറത്ത് ഒരു കാൽപ്പെരുമാറ്റം കേട്ടു.

“റെബേക്കാ…” അരോ അവളെ വിളിച്ചു. അവളാ വാതിലിലൂടെ പുറത്തേക്ക് തലയിട്ടു. അതാ വൃദ്ധനായിരുന്നു.

“എല്ലാം ശരിയായി മോളേ. നീ ഭംഗിയായി ചെയ്തു.” അയാൾ, അവളെ അഭിനന്ദിച്ചു.

“ഇനി കുഴപ്പൊന്നുമുണ്ടാകില്ലല്ലോ?“ അവൾ ചോദിച്ചു.

“ഇല്ല. ആ കുപ്പിയെവിടെ?”

അവൾ കുപ്പി അയാൾക്ക് കൈമാറി. ഒരു പാവക്കുഞ്ഞിനെ പോലെ ആർതർ വുഡ്ഡ് അതിനുള്ളിൽ ചുരുണ്ട് കിടക്കുകയായിരുന്നു.

വൃദ്ധൻ ചുവന്ന നിറത്തിലുള്ള അരക്ക് കത്തിച്ച് കുപ്പിയുടെ കോർക്കിന് മേലേക്ക് ഉരുക്കിയൊഴിച്ചു. അതിൽ നങ്കൂരത്തിന്റെ മുദ്രയും വെച്ചു.

“ഇനി ഇവന്‍ രക്ഷപ്പെടില്ല. എനിക്കിനി എത്രയും വേഗം ആ ദ്വീപിനരികെ എത്തണം. നിന്‍റെ സ്വെറ്റർ എവിടെ?”

“ഓട്ടത്തിനിടയിൽ ഞാനത് ഊരി എവിടെയോ എറിഞ്ഞു.”

subhash ottumpuram, childrens novel, iemalayalam

“പുറത്തിപ്പോഴും തണുപ്പാണ്. വൈകാതെ സൂര്യനുദിക്കും. മഞ്ഞെല്ലാം ഉരുകും. അതുവരെ നീ പുറത്തിറങ്ങേണ്ട.”

അവള്‍ സമ്മതിച്ചു. വൃദ്ധൻ അവളോട് യാത്ര പറഞ്ഞ് കുന്ന് കയറാൻ തുടങ്ങി.

കുറച്ച് സമയം കഴിഞ്ഞപ്പോൾ കാറ്റും മഞ്ഞും മഴയും നിലച്ചു. മാസങ്ങൾക്ക് ശേഷം സൂര്യപ്രകാശം മണ്ണിലേക്ക് വീണു. റെബേക്ക പുറത്തിറങ്ങി. അവൾ നോക്കി നിൽക്കേ മഞ്ഞെല്ലാം ഉരുകി ജലകണങ്ങളായി താഴേക്ക് ഒഴുകാൻ തുടങ്ങി. ഓരോ ഇഗ്ലുവും ഐസ്ക്രീം പോലെ അലിഞ്ഞലിഞ്ഞ് ഇല്ലാതായി.

റെബേക്കയ്ക്ക് പെട്ടെന്ന് വീടിനെ കുറിച്ച് ഓർമ്മ വന്നു. വേഗം വീട്ടിലെത്തണം. പപ്പയും മമ്മയും തന്നെ തിരഞ്ഞ് നടക്കുകയാവും. അവൾ നടക്കാൻ തുടങ്ങി. അപ്പോഴാണ് താനത് വരെ നിന്നിടത്തായി ഒരു കുപ്പി അവൾ കണ്ടത്. അത്ര നേരം അതവളുടെ കണ്ണിൽപ്പെട്ടിരുന്നില്ല. മഞ്ഞുരുകിയപ്പോൾ തെളിഞ്ഞ് വന്നതാണ്.

അവളതെടുത്തു. കുപ്പിക്കകത്ത് ഒരു കടലാസ് ചുരുളുണ്ടായിരുന്നു. അവൾ കുപ്പി തുറന്ന് കടലാസ് നിവർത്തി. അത് അവൾക്കുള്ള എഴുത്തായിരുന്നു. ആർതർ വുഡ്ഡ് എന്ന നാവികന്റെ അവസാനത്തെ ബോട്ട്ൽ മെസ്സേജ്. ചങ്കിടിപ്പോടെ അവളത് വായിച്ചു.

തുടരും

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Subash ottumpuram novel for children ekantha naavikan chapter 12