അറബിക്കടലിലെ ചുഴലിക്കാറ്റ്
പിന്നീടുള്ള ദിവസങ്ങൾ തള്ളി നീക്കാൻ റെബേക്ക ഒത്തിരി പാടുപ്പെട്ടു. കണ്ണടച്ചാൽ തെളിയുന്നത് ആ പിശാചിന്റെ മുഖമായിരുന്നു. അന്ന് കടപ്പുറത്ത് നിന്ന് ആ കുപ്പിയെടുക്കാൻ തോന്നിയ നിമിഷത്തെ അവൾ ശപിച്ചു.
താൻ കാരണം മറ്റുള്ളവർ ഒത്തിരി ബുദ്ധിമുട്ടുകയാണെന്ന് ഓർത്തപ്പോൾ അവൾക്ക് വല്ലാത്ത വിഷമം തോന്നി. എന്തുസംഭവിച്ചാലും പ്രശ്നമില്ല. താനായിട്ട് വരുത്തി വച്ചത് താനായിട്ട് തന്നെ തീര്‍ക്കണം. അവൾ മനസ്സിൽ ഒരുറച്ച തീരുമാനമെടുത്തു.
തിങ്കളാഴ്ച വല്ലാത്ത വിഷമത്തോടെയാണ് റെബേക്ക ഉണർന്നത്. സാധാരണ നേരം വെളുത്താലും മൂടിപ്പുതച്ച് കിടക്കാറുള്ള അവൾ അന്ന് നേരത്തെ തന്നെ ഉണർന്നു. നടക്കാനിരിക്കുന്ന കാര്യങ്ങളോർത്ത് അവൾക്ക് വല്ലാത്ത വേവലാതി തോന്നി.
പപ്പയോടും മമ്മയോടും പറഞ്ഞാലോ എന്ന് പലതവണ അവൾ ആലോചിച്ചതാണ്. പക്ഷേ, എന്തെങ്കിലും അശ്രദ്ധ കൊണ്ട് അയാൾ അറിയാനിടയായാൽ… അതോർത്തോപ്പോഴേ അവൾക്ക് കൈകാലുകള്‍ വിറച്ചു.
ഉണർന്ന ഉടനെ അവൾ ജനലിലൂടെ പുറത്തേക്ക് നോക്കി. അന്തരീക്ഷത്തിന് ആകപ്പാടെ ഒരു മാറ്റം. ചെറിയ തോതിൽ കാറ്റ് വീശിത്തുടങ്ങിയിട്ടുണ്ട്. ഏതാണ്ട് വൈകീട്ട് മൂന്ന് മണിയോട് കൂടി കാറ്റ് തീരം തൊടുമെന്നാണ് വാർത്തയിൽ പറഞ്ഞത്. മൂന്ന് മണി. അതാണ് തനിക്കനുവദിച്ച സമയം.
അവൾ അടുക്കളയിലേക്ക് നടന്നു. മമ്മ ദോശ ചുടുകയായിരുന്നു. അവളെ കണ്ടപ്പോൾ അമ്മ അത്ഭുതപ്പെട്ടു.
“ഇതെന്താ പതിവില്ലാതെ നേരത്തെ എഴുന്നേറ്റത്?” മമ്മ ചോദിച്ചു.
“ഒന്നുമില്ല മമ്മാ…”
അവൾ ദോശ ചുടാൻ അമ്മയെ സഹായിച്ചു.
ഡ്യൂട്ടിക്ക് പോകാൻ തയ്യാറായി നിൽക്കുകയായിരുന്നു പപ്പ. ചുഴലിക്കാറ്റിന്റെ വരവുള്ളതിനാൽ പപ്പയ്ക്ക് നേരത്തെ തന്നെ പോകേണ്ടതുണ്ടായിരുന്നു. പപ്പ പോകുന്നത് നോക്കി അവള് സങ്കടത്തോടെ നിന്നു. തനിക്ക് ഇനി പപ്പയെയും മമ്മയേയും കാണാൻ കഴിയുമോ? അവൾ ആലോചിച്ചു.
ഉച്ചയായപ്പോൾ ചുഴലിക്കാറ്റിനെ പറ്റി പുതിയൊരു അറിയിപ്പ് വന്നു. ചുഴലിക്കാറ്റിന്റെ ദിശ മാറിയത്രേ. അത് വടക്കോട്ടാണത്രേ നീങ്ങുന്നത്. എങ്കിലും ചെറിയ തോതിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. അത് കേട്ടപ്പോൾ റെബേക്കയ്ക്ക് ഒരേ സമയം ആശ്വാസവും ആശങ്കയും തോന്നി.
കാറ്റ് കരയിൽ തൊട്ടാൽ ഭയങ്കര നാശനഷ്ടങ്ങളുണ്ടാകും. കാറ്റടിക്കാതിരുന്നാൽ അവരുടെ പദ്ധതി പരാജയപ്പെടുകയും ചെയ്യും. അത് അതിനേക്കാൾ ഭയങ്കരമായ കഷ്ടമാവും. ചെകുത്താനും കടലിനും നടുവില്‍ കുടുങ്ങിയ പോലെയായി റെബേക്ക. ആരോടും ഒന്നും പറയാനാവാതെ അവൾ വല്ലാതെ വീർപ്പുമുട്ടി.

കാറ്റിന്റെ ശക്തി ചിലപ്പോൾ വല്ലാതെ കൂടി. ചിലപ്പോൾ കുറഞ്ഞു. ഉച്ചകഴിഞ്ഞപ്പോൾ അവൾ മമ്മയോട് ചോദിച്ചു:
“മമ്മാ ഞാനൊന്ന് പുറത്തിറങ്ങട്ടെ?”
“വേണ്ട മോളെ. ചുഴലിക്കാറ്റ് ഇതുവരെ ഇവിടം കടന്ന് പോയിട്ടില്ല.”
“ഞാൻ ദൂരേക്ക് പോവില്ല മമ്മാ. റോഡ് വരെയേ പോകൂ.”
മമ്മ സമ്മതിച്ചു. ഒരാഴ്ചയോളം വീടിനകത്ത് തന്നെയിരുന്ന് അവൾ മടുത്തിട്ടുണ്ടാകുമെന്ന് കരുതിയാകും മമ്മ സമ്മതിച്ചത്.
റെബേക്ക കറുപ്പ് നിറമുള്ള ഉടുപ്പ് ധരിച്ചു. അതിന് മീതെ വെളുത്ത സ്വെറ്ററും എടുത്തിട്ടു. മഞ്ഞിൽ ഒളിച്ചിരിക്കുന്നതിന് വെള്ള നിറമാണ് നല്ലത്. പെൻഗ്വിനുകൾക്കിടയിൽ നുഴഞ്ഞു കയറാൻ കറുപ്പും.
മമ്മയുടെ കവിളിൽ ഒരുമ്മ കൊടുത്ത് സ്കീയിംഗിനുള്ള ഉപകരണങ്ങളുമായി അവൾ പുറത്തേക്ക് നടന്നു.
റോഡിൽ ഒരൊറ്റ മനുഷ്യജീവി പോലുമില്ലായിരുന്നു. അത് നന്നായെന്ന് അവൾക്ക് തോന്നി. ആരും തന്നെ കാണില്ലല്ലോ. അവൾ അവസാനമായി ഒന്ന് തിരിഞ്ഞു നോക്കി. വീടിനെ കൺ നിറയെ കണ്ടു. പിന്നെ വേഗത്തിൽ ബൂട്ട്സും ബൈൻഡിങ്സുമൊക്കെ ധരിച്ച് കുന്നിൻ ചെരിവിലേക്ക് തുഴഞ്ഞു.
കുന്നിൻ ചെരിവിലെത്തുമ്പോൾ മൂന്ന് മണിയോടടുത്തിരുന്നു. പെൻഗ്വിനുകൾ മഞ്ഞിൽ കുത്തിമറിഞ്ഞ് കളിക്കുകയായിരുന്നു. അവൾ വലിയൊരു മരത്തിന് പിന്നിൽ ഒളിച്ചിരുന്നു. വൃദ്ധൻ തന്നു വിട്ട സാധനങ്ങൾ കൈയിൽ തന്നെയില്ലേ എന്ന് ഉറപ്പ് വരുത്തി. പിന്നെ കാറ്റു വീശുന്നതും കാത്തിരുന്നു.
കുറച്ച് കഴിഞ്ഞപ്പോൾ അവൾ മറഞ്ഞിരുന്ന മരത്തിന്റെ ഇലകൾ ഇളകാൻ തുടങ്ങി. ഇലകളിൽ പറ്റിപിടിച്ച മഞ്ഞ് അവളുടെ മേൽ വീണു. കാറ്റ് വീശി തുടങ്ങിയിരിക്കുന്നു. അവൾ തയ്യാറായി.

മഞ്ഞിൽ കുത്തിമറിഞ്ഞ് കളിക്കുകയായിരുന്ന പെൻഗ്വിനുകൾ പെട്ടെന്ന് നിശ്ശബ്ദരായി. അവർ പടിഞ്ഞാറോട്ട് നോക്കി കുറച്ച് നേരം നിന്നു. ഹുങ്കാരത്തോടെ കാറ്റ് വീശി. മഞ്ഞ് മുകളിലേക്കുയർന്നു. പേടിച്ചരണ്ട പെൻഗ്വിനുകൾ ഉറക്കെ ചിലച്ചു കൊണ്ട് കുന്നിലേക്ക് ഓടിക്കയറി.
സ്വെറ്റർ ഊരിയെറിഞ്ഞ് റബേക്ക പെൻഗ്വിനുകൾക്ക് പിറകേ ഓടി. ഓട്ടത്തിൽ അവൾ തണുപ്പറിഞ്ഞില്ല. കാറ്റിനെ ഭയപ്പെട്ടില്ല. ഒരു പെൻഗ്വിൻ കുഞ്ഞിനെ പോലെ അവൾ അവർക്കിടയിലേക്ക് നുഴഞ്ഞ് കയറി.
കുന്നിന്റെ മുകളിലെത്തിയപ്പോഴേക്കും അവൾ നന്നായി കിതച്ചിരുന്നു. എന്നിട്ടും അവൾ ഓട്ടം നിർത്തിയില്ല. അങ്ങനെ ചെയ്താൽ അവൾ കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ടു പോകും. ആ ചെകുത്താൻ അവളെ കണ്ടെത്താനും കഴിയും.
ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ അവൾ താഴെ ചെരിവിലേക്ക് നോക്കി. തല കറങ്ങിപ്പോയി അവൾക്ക്.
ആ ചെരിവിൽ ഒരൊറ്റ ഇഗ്ലു മാത്രമല്ല ഉണ്ടായിരുന്നത്. നൂറു കണക്കിന് ഇഗ്ലു നിരന്നു കിടക്കുകയായിരുന്നു അവിടെ. എസ്കിമോകളുടെ ഗ്രാമം പോലെയായിരുന്നു കുന്നിന്‍ചെരിവ്. അതിലേതിലായിരിക്കും അയാൾ ഒളിച്ചിരിക്കുന്നുണ്ടാവുക? അവൾക്ക് ഒരു പിടുത്തവും കിട്ടിയില്ല.
–തുടരും