scorecardresearch

ഏകാന്ത നാവികൻ-കുട്ടികളുടെ നോവൽ പത്താം ഭാഗം

“ഇനി തിങ്കളാഴ്ച വരെ നീ വീടിന് പുറത്തിറങ്ങരുത്. അവന് വല്ല സംശയവും തോന്നിയാൽ നമ്മുടെ പദ്ധതികൾ പരാജയപ്പെടും. അതുകൊണ്ട് ഇക്കാര്യം ആരോടും പറയരുത്.” യുവസാഹിത്യ കാരനായ സുഭാഷ് ഒട്ടുംപുറം എഴുതിയ ഏകാന്ത നാവികൻഎന്ന കുട്ടികളുടെ നോവലിന്റെ പത്താം ഭാഗം

ഏകാന്ത നാവികൻ-കുട്ടികളുടെ നോവൽ പത്താം ഭാഗം

കുപ്പിക്കുള്ളിലെ സൂര്യപ്രകാശം

വൃദ്ധൻ കഥ അവസാനിപ്പിച്ചു. കുറേ നേരം അവർക്കിടയിൽ നിശ്ശബ്ദത പരന്നു.

“നീ അയച്ച മറുപടിയാണ് മോളേ അവനെ ഇവിടെ എത്തിച്ചത്.” വൃദ്ധൻ പറഞ്ഞത് കേട്ട് റെബേക്ക കരഞ്ഞു. പൊട്ടിപ്പൊട്ടി കരഞ്ഞു.

“സാരമില്ല മോളെ. ഒന്നും നീ അറിഞ്ഞു കൊണ്ടല്ലല്ലോ…” വൃദ്ധൻ അവളെ ആശ്വസിപ്പിച്ചു.

അവൾ കരച്ചിൽ നിർത്തിയില്ല.

“കഴിഞ്ഞ മുപ്പത് വർഷമായി ഞാൻ അവന്റെ പിറകേയുണ്ട്. അവനെ കുടുക്കാനുള്ള എല്ലാ പണികളും പൂർത്തിയായതായിരുന്നു. അപ്പോഴാണ് അപ്രതീക്ഷിതമായി മോളുടെ കത്ത് വന്നത്. ഒരൊറ്റ ദിവസം കൊണ്ട് അവൻ അവിടുന്ന് അപ്രത്യക്ഷനായി. അവനെങ്ങോട്ടാണ് പോയതെന്ന് കണ്ടെത്താൻ ഞാനൊരുപാട് കഷ്ടപ്പെട്ടു. അവസാനം ഇവിടുത്തെ അസാധാരണമായ മഞ്ഞുവീഴ്ച്ചയെ പറ്റി ഞാനറിഞ്ഞു. അവൻ ഇവിടെത്തന്നെയുണ്ടാകുമെന്ന് എനിക്കുറപ്പായിരുന്നു.”

റെബേക്കയുടെ കരച്ചിലിന്റെ ശക്തി കൂടി.

“എത്രയും വേഗം അവനെ നശിപ്പിക്കണം. ഇല്ലെങ്കിൽ അവൻ ഈ നഗരത്തെ കൊല്ലും.” വൃദ്ധന്റെ വാക്കുകൾ കേട്ടപ്പോൾ അവൾ കണ്ണുകൾ തുടച്ചു.

“അതെങ്ങനെ സാധിക്കും, അപ്പൂപ്പാ?” അവൾ ചോദിച്ചു.

“അതിന് വഴിയുണ്ട്. അതിനാദ്യം അവൻ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് കണ്ടെത്തണം. അതിന് മോളുടെ സഹായം എനിക്ക് വേണം.”

അവൾ സംശയത്തോടെ വൃദ്ധനെ നോക്കി.

“മോൾ അവനെ എവിടെ വെച്ചാണ് കണ്ടുമുട്ടിയത്?”

“രണ്ട് തവണ റോഡിൽ വെച്ചും ഒരു തവണ കുന്നിൻ ചെരിവിൽ വെച്ചും.”

“എങ്കിൽ തീർച്ചയായും അവിടെ ആയിരിക്കില്ല. സ്വന്തം താമസസ്ഥലത്തേക്ക് അവൻ മനുഷ്യരെ അടുപ്പിക്കാറില്ല.”

“പിന്നെവിടെയാവും?” അവൾ ആലോചിച്ചു

“ഇവിടെ ഒഴിഞ്ഞ സ്ഥലം വല്ലതുമുണ്ടോ? ആരും അധികം ചെല്ലാത്ത, പെട്ടൊന്ന് ആരുടേയും കണ്ണിൽപ്പെടാത്ത സ്ഥലം?”

അവൾ ഓർത്തു നോക്കി. അങ്ങനെയൊരു സ്ഥലവും അവളുടെ അറിവിലില്ലായിരുന്നു.

“ശരിക്ക് ആലോചിച്ച് നോക്ക്.” വൃദ്ധൻ പറഞ്ഞു.

subhash ottumpuram, childrens novel, iemalayalam

പെട്ടെന്നാണ് അവൾക്കോര്‍മ്മ വന്നത്.

“ആ കുന്നിനപ്പുറത്തേക്ക് ആരും പോകാറില്ല.” അവൾ പറഞ്ഞു.

വൃദ്ധന്റെ കണ്ണുകൾ തിളങ്ങി.

“എങ്കിൽ അവിടെ തന്നെയാകും അവൻ ഒളിച്ചിരിക്കുന്നത്. ഇനി ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം.”

അവൾ തല കുലുക്കി.

“മോള് ആ കുന്നിനപ്പുറത്തേക്ക് പോകണം.”

“ഞാനോ?” അവൾക്കത് കേട്ടപ്പോൾ തന്നെ ഭയമായി.

“പേടിക്കരുത്. ഈ നഗരത്തെ മാത്രമല്ല ലോകത്തെ തന്നെ രക്ഷിക്കാൻ ഇത് മാത്രമാണ് മാർഗം. മോൾക്കൊന്നും സംഭവിക്കില്ല. ഞാൻ പറയുന്നത് പോലെ ചെയ്താൽ മതി.”

അവൾ സമ്മതിച്ചു.

“എക്സിമോകൾ താമസിക്കുന്ന ഇഗ്ലു പോലുള്ള വീട്ടിലാണ് അവൻ സാധാരണ താമസിക്കുക.” വൃദ്ധൻ പറഞ്ഞു.

ഇഗ്ലു എന്താണെന്ന് റെബേക്ക പഠിച്ചിട്ടുണ്ട്. മഞ്ഞുകട്ടകൾ കൊണ്ട് എക്സിമോകൾ പണിയുന്ന അർദ്ധഗോളാകൃതിയിലുള്ള വീടാണ് ഇഗ്ലു.

“അവന്റെ ഇഗ്ലു കണ്ടെത്തി അതിനകത്തേക്ക് ഇത് വലിച്ചെറിയണം.” വൃദ്ധൻ തോൾ സഞ്ചിയിൽ നിന്നും ഒരു ചില്ലുഭരണി പുറത്തെടുത്തു. അതിൽ വെള്ളം പോലെ എന്തോ നിറച്ചിരുന്നു.

“ഇത് വെള്ളമല്ല. സൂര്യപ്രകാശമാണ്.” വൃദ്ധൻ പറഞ്ഞു.

“സൂര്യപ്രകാശമോ? കണ്ടിട്ട് വെള്ളം പോലെ തോന്നുന്നു.” അവൾ പറഞ്ഞു.

“സൂര്യപ്രകാശത്തിനെ വെള്ളത്തിന്റെ രൂപത്തിലാക്കി അടച്ചു വെച്ചതാണ്. സിഗരറ്റ് ലൈറ്ററിൽ ഗ്യാസ് നിറച്ച പോലെ. ഈ ഭരണി പൊട്ടിയാൽ സൂര്യപ്രകാശം പരക്കും. അപ്പോൾ അവൻ ഉരുകാൻ തുടങ്ങും.”

അവൾക്കൊന്നും മനസിലായില്ല.

“അവൻ വെറും വെള്ളമാണ്. ഉറച്ചു പോയ വെള്ളം. ഐസ് പോലെ. സൂര്യപ്രകാശം തട്ടിയാൽ അവനുരുകും. അതുകൊണ്ടാണ് അവൻ പോകുന്ന സ്ഥലത്തെല്ലാം മഞ്ഞ് പുതപ്പിക്കുന്നത്.”

അന്ന് കുന്നിൻ ചെരിവിൽ വച്ച് ‘ഞാനാണ് തണുപ്പ് ‘ എന്നയാൾ പറഞ്ഞത് റബേക്കയ്ക്ക് ഓർമ്മ വന്നു.

“അവൻ ഉരുകാൻ തുടങ്ങുമ്പോൾ ഈ കുപ്പി തുറന്ന് കൊടുക്കണം” വൃദ്ധൻ സഞ്ചിയിൽ നിന്ന് മറ്റൊരു കുപ്പി പുറപ്പെടുത്തു.

“അതെന്തിനാണ്?” അവൾ ചോദിച്ചു.

subhash ottumpuram, childrens novel, iemalayalam

“വേറെ വഴിയില്ലാതെ വരുമ്പോൾ അവനീ കുപ്പിക്കകത്തേക്ക് കയറും. അവനെ തിരിച്ച് പഴയ ശാപദ്വീപിലേക്ക് കൊണ്ടു വിടണം. ഇവിടെ വിട്ടിട്ടു പോയാൽ അത് അപകടമാകും. അവൻ സൂത്രശാലിയാണ്. കാത്തിരുന്ന് നല്ല ശീലമുള്ളവനും.”

“ശരി. എന്നാണ് പോകേണ്ടത്?” അവൾ ചോദിച്ചു.

“അവനൊരു സംശയവും തോന്നാത്ത രീതിയിലാവണം നമ്മൾ പ്രവർത്തിക്കേണ്ടത്. അറബിക്കടലിൽ ഒരു ചുഴലിക്കാറ്റ് രൂപപ്പെട്ടിട്ടുണ്ടെന്ന് വാർത്തയുണ്ട്. അത് മിക്കവാറും അടുത്ത തിങ്കളാഴ്ച്ച തീരം തൊടും. അന്നാണ് നമ്മുടെ ദിവസം.”

ചുഴലിക്കാറ്റെന്ന് കേട്ടപ്പോൾ അവൾക്ക് പേടി തോന്നി.

“അവന് കാറ്റിനെ വെറുപ്പാണ്. കാറ്റിനെ നിയന്ത്രിക്കാനുള്ള കരുത്ത് അവനില്ല. തിങ്കളാഴ്ച്ച നീ കുന്നിൻ ചെരിവിൽ പോയി അവന്റെ കണ്ണിൽപ്പെടാതെ ഒളിച്ചിരിക്കണം. കാറ്റ് വീശുന്ന സമയത്ത് പെൻഗ്വിനുകൾ പേടിച്ച് അവന്റെ അടുത്തേക്ക് ചെല്ലും. നീ അവറ്റകളുടെ ഇടയിലേക്ക് നുഴഞ്ഞ് കയറി അവരോടൊപ്പം നടക്കണം. കറുത്ത വസ്ത്രങ്ങൾ ധരിച്ചാൽ അവർക്കിടയിൽ നിന്ന് നിന്നെ തിരിച്ചറിയാനാവില്ല.”

അത് നല്ല സൂത്രമായി അവൾക്ക് തോന്നി. എങ്കിലും എന്തോ ഒരു ഭയം അവളുടെ ഉള്ളിൽ അപ്പോളുമുണ്ടായിരുന്നു. അത് വൃദ്ധന് മനസ്സിലായി.

അയാൾ സഞ്ചിയിൽ നിന്ന് ഒരു മാലയെടുത്ത് അവൾക്ക് കൊടുത്തു. നങ്കൂരത്തിന്റെ ലോക്കറ്റുള്ള മാല.

“ഇതണിഞ്ഞാൽ അവന് നിന്നെ തൊടാനാവില്ല.” അവളത് വാങ്ങി കഴുത്തിലിട്ടു.

“ഇനി തിങ്കളാഴ്ച വരെ നീ വീടിന് പുറത്തിറങ്ങരുത്. അവന് വല്ല സംശയവും തോന്നിയാൽ നമ്മുടെ പദ്ധതികൾ പരാജയപ്പെടും. അതുകൊണ്ട് ഇക്കാര്യം ആരോടും പറയരുത്.”

അവൾ സമ്മതിച്ചു.

“എങ്കിൽ വേഗം വീട്ടിലേക്ക് പൊയ്‌ക്കോളൂ.”

അവൾ വൃദ്ധനോട് യാത്ര പറഞ്ഞ് നടന്നു.

തുടരും

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Subash ottumpuram novel for children ekantha naavikan chapter 10