കടലോരത്തെ ഓര്‍ണിത്തോളജിസ്റ്റ്
വാഴക്കത്തെരുവ് എന്ന കടലോരനഗരത്തിലാണ് റെബേക്ക താമസിച്ചിരുന്നത്. നഗരമാണെങ്കിലും ഒരു ഗ്രാമം പോലെ സുന്ദരമായിരുന്നു വാഴക്കത്തെരുവ്. വളരെ കുറച്ച് ആളുകള്‍മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. പടിഞ്ഞാറ് ഭാഗം കടല്‍. കിഴക്ക് ഭാഗം കോട്ട കെട്ടിയ പോലെ, നീളത്തിലൊരു കുന്ന്. തെക്ക്-വടക്ക് ദിശയില്‍ നീണ്ടു കിടന്നിരുന്ന ആ കുന്നിനപ്പുറം ഒരു താഴ്‌വാരം പോലെ സുന്ദരമായ ചെരിവായിരുന്നു.
ലോകത്തിലെ ഏറ്റവും ബഹളം കുറഞ്ഞ നഗരമാണെന്ന് തോന്നും വിധം അങ്ങേയറ്റം ശാന്തമായിരുന്നു വാഴക്കത്തെരുവ്. പണ്ട് കാലത്ത് അതൊരു തുറമുഖനഗരമായിരുന്നു. തുറമുഖത്തിന്റെ ശേഷിപ്പായ പഴയ കോട്ടയുടെ ഇത്തിരി ഭാഗങ്ങള്‍മാത്രമേ ഇപ്പോള്‍അവിടെ ബാക്കിയുള്ളൂ. ധാരാളം കപ്പലുകള്‍വന്നു പോയിക്കൊണ്ടിരുന്ന പ്രാചീന തുറമുഖമായിരുന്നു അത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് അങ്ങനെയൊരു കപ്പലില്‍ വാഴക്കത്തെരുവില്‍വന്നിറങ്ങിയതാണ് റെബേക്കയുടെ മുതുമുത്തച്ഛന്‍ ഫെര്‍ണാണ്ടസ് കാറ്റിലോ. യൂറോപ്പിലെ ഏതോ ഒരു ഉള്‍ഗ്രാമത്തില്‍നിന്നും ഭാഗ്യം തേടി വന്നതായിരുന്നു ആ മനുഷ്യന്‍. പിന്നീട് തിരിച്ചു പോയില്ല. കാറ്റിലോ കുടുംബം ഒത്തിരി തലമുറകള്‍പിന്നിട്ട് ഒടുക്കം ഇന്നാട്ടുകാര്‍തന്നെയായി. ആ കുടുംബത്തിലെ പുതുതലമുറയാണ് റെബേക്ക. റെബേക്ക കാറ്റിലോ.
റെബേക്കയുടെ അച്ഛന്‍, ഗബ്രിയേല്‍കാറ്റിലോ വാഴക്കത്തെരുവ് പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടറാണ്. മമ്മ ആനി കാറ്റിലോ ഒരു പാവം ഹോം മേക്കറാണ്.
വാഴക്കത്തെരുവിലെ ജനങ്ങള്‍തമ്മില്‍പരസ്പരം ഒത്തൊരുമയോടെയും സത്യസന്ധതയോടെയും ജീവിച്ചു വന്നതിനാല്‍ റെബേക്കയുടെ പപ്പയ്ക്ക് കാര്യമായ പണിയൊന്നുമില്ലായിരുന്നു. വഴിയില്‍ വീണു കിടക്കുന്ന സാധനങ്ങള്‍ ഉടമസ്ഥരെ ഏല്‍പ്പിക്കുക, കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കുക എന്നതൊക്കെയായിരുന്നു അദ്ദേഹത്തിന് ആകെയുണ്ടായിരുന്ന ജോലി.
റെബേക്കയുടെ ഏറ്റവും വലിയ ആഗ്രഹം ഒരു ഓര്‍ണിത്തോളജിസ്റ്റ് ആവുക എന്നതായിരുന്നു. അവളുടെ ആഗ്രഹം കേട്ട് കൂടെ പഠിക്കുന്ന കുട്ടികള്‍ചോദിക്കും ”ഓര്‍ണിത്തോളജിസ്റ്റോ? അതെന്താ?”
”ഓര്‍ണിത്തോളജിസ്റ്റ് എന്നാല്‍പക്ഷിനിരീക്ഷക…” അവള്‍പറയും.

വൈകുന്നേരം സ്‌കൂള്‍വിട്ട് വന്നാല്‍ അവള്‍ അച്ഛന്‍ വാങ്ങിക്കൊടുത്ത ബൈനോക്കുലറുമായ് പുറത്തേക്കിറങ്ങും. കുന്നിന്‍ച്ചെരിവിലും കടലോരത്തും അവള്‍പക്ഷികളെ തേടി അലയും. ഓരോ പക്ഷികളും ഇര തേടുന്ന രീതി, പറക്കുന്ന രീതി, കൂടൊരുക്കുന്നതിലെ പ്രത്യേകത, ചേഷ്ടകള്‍ എല്ലാം ബുക്കില്‍ എഴുതി വയ്ക്കും.
പരിചയമില്ലാത്ത പക്ഷികളെ കണ്ടാല്‍ അവയുടെ രൂപം, വലിപ്പം നിറം എന്നിങ്ങനെ എല്ലാ കാര്യങ്ങളും കൃത്യമായി അടയാളപ്പെടുത്തും. ചിലപ്പോള്‍ ചിത്രം വരച്ചു വയ്ക്കും. രാത്രി പഠിപ്പ് കഴിഞ്ഞാല്‍ അവള്‍ അന്നന്നത്തെ നിരീക്ഷണക്കുറിപ്പുകള്‍ ഡയറിയിലേക്ക് പകര്‍ത്തും. പരിചയമില്ലാത്ത പക്ഷികളുടെ വിവരണങ്ങള്‍ അവളുടെ കൈയ്യിലുള്ള ‘കേരളത്തിലെ പക്ഷികള്‍’ എന്ന പുസ്തകത്തിലെ വിവരണങ്ങളുമായ് ഒത്തു നോക്കും.
മറ്റ് കുട്ടികള്‍ക്ക് ഒരു താല്‍പ്പര്യവുമില്ലാത്ത വിനോദമായിരുന്നു പക്ഷിനിരീക്ഷണം. അതുകൊണ്ട് ആര്‍ക്കും അവളുടെ കൂടെ കൂടാനിഷ്ടമില്ലായിരുന്നു. അതിലവള്‍ക്ക് സങ്കടമൊന്നും തോന്നിയിരുന്നില്ല. പക്ഷിനിരീക്ഷണത്തിന് തനിച്ചു പോവുന്നതാണ് നല്ലത്.
വളരെയധികം ശാന്തമായും അതിലേറെ മനോഹരമായും വാഴക്കത്തെരുവിലെ ജീവിതം മുന്നോട്ട് പോവുകയായിരുന്നു. അങ്ങനെയിരിക്കെയാണ് കഴിഞ്ഞ ഏപ്രില്‍12 ന് വാഴക്കത്തെരുവിനേയും റെബേക്കയേയും വല്ലാതെ ബാധിച്ച ഒരു പ്രധാന സംഭവത്തിന് തുടക്കമിട്ടത്.
മധ്യവേനലവധിയായതിനാല്‍പുസ്തകങ്ങള്‍വായിക്കാനും പക്ഷികളെ നിരീക്ഷിക്കാനും റെബേക്കയ്ക്ക് ധാരാളം സമയം കിട്ടിയിരുന്നു. രാവിലേയും വൈകിട്ടുമാണ് പക്ഷിനിരീക്ഷണത്തിന് പറ്റിയ സമയം. രാവിലെ അവള്‍ കുന്നിന്‍ ചെരിവിലലയും, വൈകുന്നേരം കടലോരത്തും.
പന്ത്രണ്ടാം തിയ്യതി വൈകുന്നേരം പതിവ് പോലെ കടപ്പുറത്തേക്ക് പോകാന്‍ ഒരുങ്ങുകയായിരുന്നു റെബേക്ക. അവള്‍ ഒരിളം പച്ച ഉടുപ്പ് ധരിച്ചു. പക്ഷിനിരീക്ഷണത്തിനിറങ്ങുമ്പോള്‍ നിറപ്പകിട്ടില്ലാത്ത വസ്ത്രങ്ങളാണ് നല്ലത്. അല്ലെങ്കില്‍ പക്ഷികളുടെ ശ്രദ്ധയാകര്‍ഷിക്കും. അവര്‍ ഭയന്ന് പറന്നു പോകും.
റെബേക്ക ബൈനോക്കുലറെടുത്ത് കഴുത്തില്‍തൂക്കി. പോക്കറ്റ് ബുക്കും പേനയുമെടുത്ത് പുറത്തേക്ക് നടന്നു. കഴിഞ്ഞ ബര്‍ത്ത്ഡേക്ക് പപ്പ സമ്മാനിച്ചതായിരുന്നു ബൈനോക്കുലര്‍. അടുത്ത ബര്‍ത്ത്ഡേക്ക് കാമറ സമ്മാനിക്കാമെന്ന് പപ്പ അവള്‍ക്ക് വാക്ക് കൊടുത്തിട്ടുണ്ട്. അത് കിട്ടിയാല്‍ധാരാളം പക്ഷികളുടെ ഫോട്ടോയെടുക്കാമല്ലോ.
മമ്മ മുറ്റത്ത് ചെടി നനയ്ക്കുകയായിരുന്നു.
”ഇന്നെങ്ങോട്ടാ ഓര്‍ണിത്തോളജിസ്റ്റേ?” മമ്മ അവളോട് ചോദിച്ചു.
”കടലോരത്തേക്ക്. ധാരാളം ദേശാടനപ്പക്ഷികള്‍ എത്തിയിട്ടുണ്ടെന്ന് തോന്നുന്നു,” അവള്‍ പറഞ്ഞു.
”അതെങ്ങനെ മനസ്സിലായി?”
”ഇന്നലെ രാത്രി മുഴുവന്‍കടപ്പുറത്ത് അവര്‍ ബഹളം വെക്കുന്നത് ഞാന്‍ കേട്ടു.”
”ശരി. എന്നാല്‍നേരം കളയണ്ട.” മമ്മ പറഞ്ഞു.
അവള്‍ റോഡിലേക്കിറങ്ങി.
”സൂര്യനസ്തമിക്കുന്നതിന് മുന്‍പ് തിരിച്ചു വരണേ.” പിന്നില്‍നിന്ന് മമ്മ ഓര്‍മ്മിപ്പിച്ചു.
”ശരി മമ്മാ”
അവള്‍ കടപ്പുറത്തേക്ക് നടന്നു.

കടപ്പുറത്തെത്തിയപ്പോള്‍ അവള്‍ വിചാരിച്ച പോലെ തന്നെ ധാരാളം ദേശാടനപ്പക്ഷികളെ കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു തീരം. കടല്‍കാക്കളായിരുന്നു കൂടുതലും. നനഞ്ഞ മണലിലെ ചെറു ജീവികളെ കൊത്തി തിന്നുന്ന കടല്‍കാക്കകളെ കാണാന്‍ നല്ല ഭംഗിയുണ്ടായിരുന്നു.
പക്ഷികളില്‍നിന്നും ഇത്തിരി ദൂരത്തായി അവളിരുന്നു. ബൈനോക്കുലറിലൂടെ അവരുടെ ചേഷ്ടകള്‍ നിരീക്ഷിച്ചു. എത്രയോ ദൂരങ്ങള്‍സഞ്ചരിച്ചാണ് അവര്‍ ഈ തീരത്തെത്തിയത്. റെബേക്കയ്ക്ക് ആ പക്ഷികളോട് അസൂയ തോന്നി. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് പോകാന്‍ അവര്‍ക്ക് ആരുടേയും അനുവാദം വേണ്ട.
വിസയും പാസ്പോര്‍ട്ടും വേണ്ട. പണം വേണ്ടേ, വേണ്ട. ഇതെല്ലാം മനുഷ്യര്‍ക്കാണ് ആവശ്യം. മനുഷ്യര്‍ക്കാണ് അതിര്‍ത്തികളുള്ളത്. യുദ്ധവും കലാപവും മനുഷ്യര്‍ക്കിടയിലാണ്. അവളങ്ങനെ ഓരോന്ന് ചിന്തിച്ച് കുറിപ്പെഴുതാന്‍ മറന്ന് പോയി.
ഒരു പക്ഷിയായിരുന്നെങ്കില്‍ എന്തു രസമുണ്ടാവുമെന്ന് അവള്‍ ആലോചിച്ചു നോക്കി. കടലിനും പുഴയ്ക്കും മീതെ പറക്കാം. മലകളും മരുഭൂമികളും താണ്ടാം. എണ്ണമറ്റ കാഴ്ച്ചകള്‍കാണാം. ഹോ! ഭാഗ്യം ചെയ്തവര്‍.
അവളങ്ങനെ നോക്കിയിരിക്കെ എന്തോ കണ്ട് പേടിച്ച പോലെ കടല്‍ക്കാക്കകള്‍ ഒരുമിച്ച് ചിറകടിച്ച് മുകളിലേക്കുയര്‍ന്നു. റെബേക്ക കണ്ണില്‍നിന്ന് ബൈനോക്കുലര്‍ മാറ്റി പിടിച്ചു. ഏഴോ എട്ടോ വയസ്സ് തോന്നിക്കുന്ന ഒരാണ്‍കുട്ടി വെപ്രാളത്തോടെ ഓടുന്നത് അവള്‍ കണ്ടു.
അവനെ കണ്ട് പേടിച്ചാണ് പക്ഷികള്‍പറന്നത്. അവള്‍ നോക്കി നില്‍ക്കേ അവന്‍ തെക്ക് ഭാഗത്തെ പഴയ കോട്ടയുടെ മതിലുകള്‍ക്കപ്പുറത്തേക്ക് മറഞ്ഞു. ആരെയോ കണ്ട് പേടിച്ച പോലെയായിരുന്നു അവന്റെ ഓട്ടം.
–തുടരും
Read More: ഒരു കഥ കൂടി വായിക്കാന്‍ തോന്നുന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു