തത്തപ്പേര്

 

ഒരു തത്തക്കുഞ്ഞിനെ കണ്ണന്‍ കുട്ടി കൂട്ടിലിട്ടു വളര്‍ത്തി.
അവളുടെ പേരെന്തായിരുന്നുവെന്നറിയാമോ!
നല്ല കുട്ടി!
കണ്ണന്‍ കുട്ടി അവള്‍ക്കിട്ട മീനാക്ഷി എന്ന പേര് എങ്ങനെ മാറിമറിഞ്ഞ് നല്ല കുട്ടി എന്നായി എന്നറിയേണ്ടേ?
ഒരു തത്തക്കുഞ്ഞ് ഒരു ദിവസം മുറ്റത്ത് ചിറകു മുറിഞ്ഞ് പൊത്തോ എന്നു വന്നു വീണപ്പോള്‍ കണ്ണന്‍ കുട്ടി ഓടിച്ചെന്നതിനെ എടുത്ത് അതിന്റെ മുറിവില്‍ മരുന്നു പുരട്ടി, ചുണ്ടില്‍ വെള്ളമിറ്റിച്ചു കൊടുത്ത് രക്ഷിച്ചു.

അതിന്റെ അമ്മയോ അച്ഛനോ വരും അതിനെ അന്വേഷിച്ച്, അപ്പോഴേക്ക് നല്ല ആഹാരവും മരുന്നും ഒക്കെ കൊടുത്ത് തത്തക്കുഞ്ഞിനെ മിടുക്കിയായിരുത്താം, എന്നിട്ടമ്മയുടെ കൂടെ പറഞ്ഞു വിടാം എന്നു പറഞ്ഞ് രണ്ടു ദിവസം കണ്ണന്‍ കുട്ടിയും അച്ഛനും അമ്മയും കാത്തു.
പക്ഷേ ഒരു തത്തയാളും വന്നില്ല തത്തക്കുഞ്ഞിനെ അന്വേഷിച്ച്.

അതിന്റെ അമ്മയെ വല്ല ചേരയും പിടിച്ചു തിന്നതാവാം, അങ്ങനെ ഒറ്റയ്ക്കായ അതിനെ വല്ല പരുന്തോ മറ്റോ തെങ്ങിന്‍ തലപ്പിലെ കൂട്ടില്‍ നിന്നു കൊത്തി താഴെയിട്ടതാവാം, അങ്ങനാ തോന്നുന്നത് എന്നൊക്കെ പറഞ്ഞ്, പിന്നെ കണ്ണന്‍ കുട്ടിയുടെ അച്ഛന്‍ ഒരു തത്തക്കൂട് വാങ്ങിക്കൊണ്ടുവന്നു.

അതുവരെ അവളെ ഒരു കാര്‍ഡ് ബോര്‍ഡ് ബോക്‌സില്‍ കുഞ്ഞിത്തലയിണയിലായിരുന്നു താമസിപ്പിച്ചിരുന്നത്.
അവളെപ്പോഴും തലയിണ കൊത്തിപ്പറിച്ച് കളിച്ചു രസിക്കുന്നത് കാണാന്‍ നല്ല രസമാണ് എന്ന മട്ടില്‍ ഒരു പൂച്ചച്ചനും അവളെ നോക്കിയിരിക്കാന്‍ തുടങ്ങിയപ്പോള്‍, കാര്യങ്ങളത്ര പന്തിയല്ല എന്നു മനസ്സിലായി അച്ഛന്.
അപ്പോഴാണ് അച്ഛന്‍, തത്തക്കൂട് വാങ്ങിവന്നത്.

എനിക്കേ ഈ തത്തക്കൂടിഷ്ടമല്ല എന്ന മട്ടില്‍ തത്തക്കുഞ്ഞ്, അതില്‍ കിടന്ന് ബഹളം വച്ചു,  പിന്നെ കൂടിന്റെ അഴികള്‍ ഇപ്പോ കൊത്തി അടര്‍ത്തിക്കളയും എന്ന മട്ടില്‍ അഴികളിലിട്ട് കൊത്താന്‍ തുടങ്ങി.
അപ്പോ കണ്ണന്‍ കുട്ിഅടുത്തു ചെന്ന് അവളെ മീനാക്ഷീ, മീനാക്ഷീ നീ എന്താ ചെയ്യത്, നല്ല കുട്ടികളിങ്ങനെ ചെയ്യാമോ എന്നു ചോദിച്ച് അവള്‍ക്കൊരു ലോലോലിക്ക കൊടുത്തു.
അവളാ ചോന്ന ലോലോലിക്ക, ചോന്ന ചുണ്ടു കൊണ്ട് കൊത്തിത്തിന്നു.
എന്നിട്ട് ചോന്ന വട്ടക്കണ്ണു കൊണ്ട് കണ്ണന്‍ കുട്ടിയെ നോക്കി.priya a s , childrens stories, iemalayalam
കണ്ണന്‍കുട്ടി ഓരോ കുരുത്തക്കേടു ചെയ്യുമ്പോഴും അച്ഛനും അമ്മയും, നല്ല കുട്ടിയല്ലേ നീയ് എന്നു ചോദിച്ച് അവനെ മയപ്പെടുത്തുന്ന അതേ വിദ്യ കണ്ണന്‍ കുട്ടിയും മീനാക്ഷിത്തത്തപ്പെണ്ണിന്റടുത്തെടുത്തു.
നല്ല കുട്ടിയല്ലേ നീയ് മീനാക്ഷീ, അങ്ങനെ ചെയ്യാവോ, ഇങ്ങനെ ചെയ്യാവോ എന്നു കണ്ണന്‍ കുട്ടി ദിവസത്തിലൊരു നൂറു തവണ എങ്കിലും അവളോട് ചോദിച്ചു പോന്നു .

ഒടുക്കം അവളെപ്പോഴും നല്ല കുട്ടീ, നല്ല കുട്ടീ എന്ന് ഒരു പ്രത്യേകതാളത്തില്‍ വഴിയേ പോകുന്നവരെയൊക്കെ വിളിക്കാന്‍ തുടങ്ങി.
കണ്ണന്‍ കുട്ടിയെയും അച്ഛനെയും അമ്മയെയും മുറ്റത്തു വരുന്ന കാക്കകളെയും കൊത്തിക്കിളക്കാന്‍ വരുന്ന പപ്പു മാമ്മനെയും വരെ അവള്‍, നല്ല കുട്ടീ എന്നു വിളിച്ചു.

എല്ലാ തത്തകളും വേഗം പറയുന്ന ‘തത്തമ്മേ പൂച്ച പൂച്ച’ എന്ന പറച്ചില്‍പ്പാഠം അവള്‍ പഠിച്ചതേയില്ല.
നമ്മുടെ പൂച്ചച്ചന്‍ വാല്‍ വളച്ച് കൊതിയനായി അവളെ നോക്കി നൊട്ടിനുണഞ്ഞ് പോകുമ്പോഴും അവള്‍ വിളിക്കും – നല്ല കുട്ടീ, നല്ല കുട്ടീ.
കണ്ണന്‍ കുട്ടിയുടെ അച്ഛന്‍, കണ്ണന്‍ കുട്ടിയെ ആ ,ആ ഇ,ഈ പഠിക്കാത്തതിന് വഴക്കു പറയുമ്പോഴും അവള്‍ പറയും – നല്ല കുട്ടീ, നല്ല കുട്ടീ.

നീ എന്നെയാണോ അതോ അ്ച്ഛനെയാണോ ഇപ്പോ നല്ല കുട്ടീ എന്നു വിളിച്ചത് എന്നു ചോദിച്ച് കണ്ണന്‍ കുട്ടി അപ്പോള്‍ കണ്ണുരുട്ടും .
അപ്പോള്‍ ദേഷ്യം പിടിക്കുന്നത് മറന്നു പോയി അച്ഛനും ചിരിച്ചുപോകും.
അച്ഛന്‍ പറയും, നീയ് മീനാക്ഷീ, നിന്റെ പേരും നല്ല കുട്ടീ എന്നാണെന്നാ ധരിച്ചിരിക്കുന്നത് എന്നാ എനിക്കു തോന്നുന്നത്.

അപ്പോള്‍ അവള്‍ ഒരു പാട്ടുപോലെ നിര്‍ത്താതെ തുരുതുരാ പറയും നീയ് നല്ല കുട്ടിയല്ലേ?
അങ്ങനെ അങ്ങനെ എല്ലാവരും അവളുടെ മീനാക്ഷിപ്പേര് മറന്നു പോയി .
അവളങ്ങനെ അങ്ങനെ നല്ല കുട്ടി എന്ന പേരുകാരിയായി.
വേറെ ഏതെങ്കിലും തത്തക്കുഞ്ഞുണ്ടാവുമോ ഈ ലോകത്ത് നല്ല കുട്ടി എന്നു പേരുമായിട്ട്!

 ഈ കുഞ്ഞമ്മിണിയുടെ ഓരോരോ കാര്യങ്ങള്‍

മുറ്റം മുഴുവന്‍ പുല്ലു വളര്‍ന്നു കാടായി, ഒരു ചന്തവുമില്ല മുറ്റം കാണാന്‍ -അങ്ങനെ വിചാരിച്ച് വീടിന്റെ മുന്‍വശത്ത് തൂണും ചാരി ഇറയത്ത് ഇരിക്കുകയായിരുന്നു കുഞ്ഞമ്മിണി.
അപ്പോഴാണ് അതുവഴി പ്രകാശമ്മാമ വന്നത്.

പഴുത്തക്കാറായ പഴക്കുല വാഴയില്‍ നിന്ന് വെട്ടിത്താഴെയിറക്കാന്‍ വേണ്ടി, അപ്പൂപ്പന്‍ ഫോണ്‍ ചെയ്തു വിളിച്ചു വരുത്തിയതാണ് പ്രകാശമ്മാമനെ…
പ്രകാശമ്മാമന് വെട്ടരിവാളെടുത്തു കൊടുക്കാനും പഴക്കുല താങ്ങിപ്പിടിച്ച് വീട്ടിനകത്ത് കൊണ്ടുവരാനും കുഞ്ഞമ്മിണി പ്രകാശമ്മാമനെ സഹായിച്ചു.

സ്റ്റോര്‍റൂമിലെ ഒരു മൂലക്കൊളുത്തില്‍ പഴക്കുല തുക്കിയിട്ടു പ്രകാശമ്മാമന്‍.
ഇനിയത് പഴുക്കണം, നല്ല മഞ്ഞനിറമാകും പഴം പഴുക്കുമ്പോള്‍.
പഴം പഴുത്താല്‍, ഓരോന്നായി ഉരിച്ചെടുത്ത് തിന്നാം.
പഴം കുഴച്ചു പുട്ടു തിന്നാന്‍ കുഞ്ഞമ്മിണിക്കും അപ്പൂപ്പനും ഇഷ്ടമാണ്.

നോക്കിയേ, ഒരെണ്ണം നമ്മളാരുമറിയാതെ ഒളിച്ചുനിന്ന് പഴുത്തുകണ്ടോ എന്നു ചോദിച്ച് അപ്പൂപ്പന്‍ ഒരു പഴം ഉരിച്ചെടുത്തപ്പോഴല്ലേ കാണുന്നത്, അതിന്റെ പകുതിയും കിളി തിന്നിരിക്കുന്നു.
അതോ അണ്ണാരക്കണ്ണനാണോ എന്ന് സംശയം എന്ന് അമ്മൂമ്മ പറഞ്ഞു.
ആ പഴം കള്ളനെ കണ്ടാല്‍ ഇടിച്ചുസൂപ്പാക്കും എന്ന് കുഞ്ഞമ്മിണി ഉറക്കെ ദേഷ്യത്തില്‍ പ്രഖ്യാപിച്ചു.

നമ്മള്‍ മനുഷ്യര്‍ക്കു മാത്രം തിന്നാനല്ല മറ്റു ജീവജാലങ്ങള്‍ക്കും കൂടി തിന്നാനാണ് ഭൂമിയില്‍ പഴക്കുലയും ചേനയും സപ്പോട്ടയുമൊക്കെ ഉണ്ടാകുന്നത് എന്ന് അപ്പൂപ്പന്‍ പറഞ്ഞു.
ചേനകള്ളന്‍ , എലിയാണ്. സപ്പോട്ടക്കള്ളന്‍, വവ്വാലാണ്. അപ്പൂപ്പാ, എനിക്കിതൊക്കെ അറിയാം എന്നു വിളിച്ചു പറഞ്ഞു കുഞ്ഞമ്മിണി.

കള്ളന്മാര്‍ മാത്രമല്ല കള്ളികളും ഉണ്ട് എലികളിലും വവ്വാലുകളിലും കിളികളിലും എന്ന് അപ്പൂപ്പന്‍ ചിരിച്ചു.
അതൊക്കെപോട്ടെ, പുല്ലു ചെത്താന്‍ നാളെ നില്‍ക്കാമോ ഇവിടെ പ്രകാശാ എന്നു ചോദിച്ചു അപ്പൂപ്പന്‍.
ഈ ആഴ്ച ഒഴിവില്ല, നാലുദിവസം കഴിഞ്ഞു വരാം, അതു മതിയോ എന്നു ചോദിച്ചു പ്രകാശമ്മാമന്‍.
ഓ, ധാരാളം എന്നു പറഞ്ഞു അപ്പൂപ്പന്‍.
എന്നാപ്പിന്നങ്ങനെയാവാം എന്നു പറഞ്ഞ് പ്രകാശമ്മാമന്‍ പോയി.
വാഴക്കുല വെട്ടി അകത്തു കൊണ്ടുവന്നു തൂക്കിയിട്ടതിന് കൂലിയായി പ്രകാശമ്മാമന് അപ്പൂപ്പന്‍ എത്ര രൂപയാ കൊടുത്തതെന്ന് കുഞ്ഞമ്മിണിക്ക് കാണാന്‍ പറ്റിയില്ല.priya a s , childrens stories, iemalayalam
പ്രകാശമ്മാമന്‍ പോയിക്കഴിഞ്ഞതും കുഞ്ഞമ്മിണി, പ്രകാശമ്മാമനെ ഞാന്‍ സഹായിച്ചാരുന്നല്ലോ, അപ്പോ എനിക്കുമില്ലേ കൂലി എന്നു ചോദിച്ചു അപ്പൂപ്പനോട്.
അപ്പൂപ്പനാദ്യം കുറേ ചിരിച്ചു . എന്നിട്ട് , പോക്കറ്റില്‍ നിന്ന് കുഞ്ഞമ്മിണിക്ക് പത്തുരൂപ എടുത്തു കൊടുത്തു.
ഞാനേ നാളെ മുതല്‍ സക്കൂള്‍ വിട്ടുവന്ന് ഈ മുറ്റത്തെ പുല്ലു കുറേശ്ശെ കുറേശ്ശെയായി പറിച്ചുകൂട്ടാം,  എനിക്ക് കൂലി തരാമോ അപ്പൂപ്പാ അതിനും എന്നു ചോദിച്ച് അപ്പൂപ്പന്റെ ചാരുകസേരയില്‍ കയറിക്കിടന്നു കുഞ്ഞമ്മിണി.

ഹമ്പടി കേമീ, ഇങ്ങനെ പോയാല്‍ നീയിങ്ങനെ കുറേ സമ്പാദിക്കുവല്ലോ എന്നു ചോദിച്ചു അമ്മൂമ്മ മൂക്കത്തു വിരല്‍ വച്ചു.
അവള്‍ വെറുതെയല്ലല്ലോ പൈസ ചോദിക്കുന്നത്, ജോലി ചെയ്തിട്ടല്ലേ എന്നു ചോദിച്ചു അപ്പൂപ്പന്‍.
കുഞ്ഞമ്മിണി അപ്പോള്‍ത്തന്നെ എഴുന്നേറ്റ് മുറ്റത്തിറങ്ങി പുല്ലു പറിക്കാന്‍ തുടങ്ങി.

മേലൊക്കെ ചോറിയും, നിന്റമ്മേം അച്ഛനും ഓഫീസു വിട്ടു വരുമ്പം നിന്നെ ഇങ്ങനെ പുല്‍ച്ചാടിക്കോലത്തില് കണ്ടാല് അവര് വഴക്കു പറയുമേ, നിനക്ക് മണ്ണീന്ന് പൊടി മൂക്കില് കേറി ജലദോഷം വരുമേ എന്നൊക്കെ അമ്മൂമ്മ ഒച്ചവെച്ചു.
അവള് ജോലിയെടുത്തു പഠിക്കട്ടെ , കുട്ടികള് ഓരോന്ന് ചെയ്യാം എന്നു പറഞ്ഞ് ഇങ്ങോട്ട് വരുമ്പം , വേണ്ട വേണ്ട പനി വരും കൈ മുറിയും എന്നൊക്കെ പറഞ്ഞവരെ ഒടുക്കം മടിയന്മാരാക്കുന്നത് നമ്മള്‍ വലിയവര്‍ തന്നെയാണ് എന്നു പറഞ്ഞ്   അപ്പൂപ്പന്‍ തൂണും ചാരി ഇറയത്തിരുന്ന് കുഞ്ഞമ്മിണിയുടെ പുല്ലുപറി മഹോത്സവം കണ്ടിരുന്നു.

വിയര്‍ത്തുകുളിച്ചപ്പോള്‍ കുഞ്ഞമ്മിണി പണി നിര്‍ത്തി.
അപ്പൂപ്പന്‍ അവള്‍ക്ക് ഇരുപതു രൂപ കൊടുത്തു.
കുഞ്ഞമ്മിണി നേരത്തേ കിട്ടിയ പത്തും ചേര്‍ത്ത് അതു മുഴുവന്‍ കൊണ്ടുപോയി കുടുക്കയിലിട്ടു.
എന്നിട്ട് സോപ്പു തേച്ച് വെള്ളം കോരിയൊഴിച്ച് മേലുകഴുകു മിടുക്കിയാകാന്‍ പോയി.

പോകും മുന്‍പ് അവള്‍ അമ്മൂമ്മയുടെ ചെവിയില്‍ പറഞ്ഞു, അമ്മൂമ്മയ്ക്ക് എന്റെ കുടുക്ക പൊട്ടിക്കുമ്പോ ആ കാശു കൊണ്ട് ഞാനെന്താ വാങ്ങിത്തരേണ്ടത് എന്ന് ഇപ്പോഴേ ആലോചിച്ചു കണ്ടുപിടിച്ചോളൂ കേട്ടോ.
അതു കേട്ട് അമ്മൂമ്മ കുലുങ്ങിച്ചിരിയായി.

എന്താ ഇത്ര ചിരി രണ്ടാളും കൂടി എന്നപ്പൂപ്പന്‍ ചോദിച്ചെങ്കിലും അമ്മൂമ്മ സൂത്രക്കാരി ഒന്നും പറഞ്ഞില്ല.
അതു ഞങ്ങളുടെ മാത്രം രഹസ്യമാണപ്പൂപ്പാ, ഇപ്പോ പറയാന്‍ പറ്റില്ല എന്നു പറഞ്ഞു കുഞ്ഞമ്മിണി.
ഓ, എന്നാലങ്ങനെയാവട്ടെ എന്നു പറഞ്ഞ് വാക്കിങ് സ്റ്റിക്കുമെടുത്ത് അപ്പൂപ്പന്‍ ഈവനിങ് വാക്കിനു പോയി.

അച്ഛനും അമ്മയും വരുന്നതു കാത്ത് കുഞ്ഞമ്മിണി ഇറയത്തിരിപ്പു തുടര്‍ന്നു, ഇന്ന് ഒരുപാടു കുഞ്ഞിക്കുഞ്ഞിവിശേഷങ്ങളുണ്ടല്ലോ കുഞ്ഞമ്മിണിക്കവരോടു പറയാന്‍ !

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook