സ്വപ്നമുല്ല
ജനി സ്വപ്നം കണ്ടു.
വീട്ടില്‍ കള്ളന് കയറി എന്നായിരുന്നു സ്വപ്നം.
കള്ളന് വന്ന് എന്തൊക്കെ തട്ടിക്കൊണ്ടുപോയെന്ന് നോക്കി അവിടെയുമിവിടെയും നടക്കുകയായിരുന്നു സ്വപ്നത്തില്‍ വീട്ടുകാരെല്ലാവരും.
ജനി ഓടിച്ചെന്ന് നോക്കിയത് കള്ളന് ,അവളുടെ കളിപ്പാട്ടങ്ങളും കഥാപ്പുസ്തകങ്ങളും കൊണ്ടുപോയോ എന്നാണ് .ഭാഗ്യം ,അതെല്ലാം അവിടെത്തന്നെയിരിപ്പുണ്ട്.
പിന്നെ എന്താണ് കള്ളന് കൊണ്ടുപോയത് ആവോ എന്നു വിചാരിച്ച് എല്ലാവരുടെയും കൂടി ജനിയും അവിടെയുമിവിടെയുമൊക്കെ പിന്നെയും കറങ്ങി നടന്നു. അപ്പോഴേല്ല മനസ്സിലാകുന്നത് കള്ളന് ആരുടെയും ഒന്നും കൊണ്ടുപോയിട്ടില്ല. പിന്നെന്തിനാണ് കള്ളന് വന്നത് എന്നു വിചാരിച്ചു എല്ലാവരെയും പോലെ ജനിയും.
അപ്പോഴാണ് അച്ഛന് ചോദിച്ചത് ഒന്നും കളവു പോയിട്ടില്ലെങ്കില്പ്പിന്നെ ആരാണ് ‘ഇവിടെ കള്ളന് കയറി’ എന്നു പറഞ്ഞു പരത്തിയത്? കള്ളന് ഒരു കത്തെഴുതി വച്ചിരുന്നു, അതില്‍ നിന്നാണ് മനസ്സിലായത് കള്ളന് വീട്ടില്‍ കയറി ഇന്നലെ രാത്രി നമ്മളെല്ലാം ഉറങ്ങിക്കിടക്കുമ്പോള്‍ എന്ന കാര്യം അച്ഛനോടപ്പോള് ലില്ലിച്ചിറ്റമ്മ പറഞ്ഞു.
കള്ളന്റെ കത്ത് മുഴുവന്‍ വായിക്കൂ എന്ന് ചിറ്റമ്മയോട് അച്ഛന് പറഞ്ഞു.
നിങ്ങളുടെ വീട്ടിലെ മുല്ല പൂത്തിരിക്കുന്നത് കണ്ടാണ് ഞാന്‍ ഓടു പൊളിച്ചു അകത്തുകയറിയത്. എന്നിട്ട് ഞാന്‍ മച്ചിന് പുറത്തിരുന്ന്, കരിമ്പച്ച നിറമുള്ള മുല്ലത്തലപ്പിലെ , ആകാശം നോക്കി വിരിഞ്ഞു നില്ക്കുന്ന മുല്ലപ്പൂക്കളുടെ വെള്ള നിറത്തിലെ തിളക്കവും അതില്‍ വീഴുന്ന നിലാവും കണ്ടു കുറേ നേരമിരുന്നു. കക്കാനാണെങ്കില് ഈ വീടും മുറ്റത്തെ മാവും മാവിലെ മുല്ലവള്ളിയും കക്കണം .അതു പറ്റില്ലല്ലോ .അതു കൊണ്ട് ഞാനിങ്ങനെ ഒരു കത്തെഴുതി വച്ചിട്ടുപോകുകയാണ്.
നിങ്ങള്‍ ഒരിക്കലും ആ മുല്ല വെട്ടിക്കളയരുത്. നിലാവു വീഴുന്ന മുല്ലത്തലപ്പു കാണാന്‍ പാകത്തിലെ മച്ചുള്ള ഈ വീടു പൊളിച്ചു വേറെ പരിഷ്ക്കാര വീട് പണിയുകയുമരുത്. ഇതെന്റെ അപേക്ഷയാണ്. ഞാനിവിടുന്ന് ഒരു മുല്ലത്തെ മാത്രമേ കൊണ്ടുപോകുന്നുള്ളു .
എന്ന് സ്വന്തം കള്ളന്
അത്രയുമായപ്പോള്‍ ജനിയുടെ സ്വപ്നം തീര്‍ന്നു.
ഇത്രേം നല്ല കള്ളന്മാരുണ്ടാവുമോ ലോകത്ത് എന്ന് ജനിയ്ക്കത്ഭുതം വന്നു .ജനി ജനലരികത്ത് ചെന്ന് നോക്കി -മുറ്റത്തു പൂത്തുപടര്ന്ന് നില്‍പ്പുണ്ട് മല്ലവള്ളി .അതിലപ്പടി നിലാവു വീണു തിളങ്ങുന്നുണ്ട്.
ജനി സ്വപ്നത്തിന്റെ കഥ പറഞ്ഞപ്പോള്‍ അമ്മ പറഞ്ഞു കുട്ടികളുടെ സ്വപ്നത്തിലെ കള്ളന്മാര് പോലും നല്ലവരായിരിക്കും എന്ന് .
സ്വപ്നത്തിലെ ആ കള്ളന്റെ വീട്ടില്‍ ,ജനിയുടെ വീട്ടിലെ മുല്ല പൂത്തുനില്‍ക്കുന്നത് സ്വപ്നം കാണാന്‍ വേണ്ടി ജനി പിന്നെയും കണ്ണടച്ചു കിടന്നു.
മഴരസങ്ങൾ
മഴയാണ്.
വീടിനുള്ളില്‍ ജനലോരത്തു വന്നുനിന്നു നവമി
എന്നിട്ട് മുറ്റത്തെ മാവിനെയും പ്ളാവിനെയും അടിമുടി നനച്ച് രസിച്ച് പൊട്ടിച്ചിരിക്കുന്ന മഴയെ നോക്കിനോക്കി നിന്നു.
മാവും പ്ളാവും അവരുടെ കൊമ്പുകളെ മഴയിലേയ്ക്ക് വിടര്‍ത്തിക്കാണിച്ച് ഇലകളെയൊക്കെ മഴയില്‍ കുളിപ്പിച്ച് നൃത്തം ചെയ്യിച്ച് അങ്ങനെ മഴയില്‍ മുഴുകി നില്‍പ്പാണ്.
രണ്ട് പച്ചനിറമുള്ള മഴക്കുട്ടികളായി മാവും പ്ളാവും നില്ക്കുന്നതു കണ്ട് നവമിക്കസൂയ വന്നു .
ഞാനും ഇത്തിരി നേരം ഇറങ്ങിക്കോട്ടെ മഴയത്ത് , എനിക്ക് മഴയത്തു കൂടി മഴവെള്ളം തട്ടിത്തെറിപ്പിച്ച് നടക്കണം എന്നച്ഛനോട് വിളിച്ചു പറഞ്ഞു നവമി.
അച്ഛന് ,പത്രം വായനയില്‍ നിന്ന് തല ഉയര്‍ത്തിനോക്കി , മഴ കൊണ്ടാല്‍ പനി പിടിക്കില്ലേ ,പനി പിടിച്ചാല്‍ നിന്നെയും കൊണ്ട് ഡോക്റ്ററുടെ അടുത്തേക്കോടാന്‍ ഇവിടെ ആരാ എന്നു ചോദിച്ചു.
അതിനല്ലേ അച്ഛന് എന്നു ചോദിച്ച് അവളച്ഛന്റെ തോളത്തു കൂടി കൈയിട്ട് അച്ഛനെ മയക്കുന്ന ഒരു ചിരി ചിരിച്ചു.
കുട എടുത്തോണ്ടു വാ, നമുക്കിത്തിരി നേരം അമ്മ കാണാതെ പറമ്പിലൊക്കെ ചുറ്റിയടിച്ച് ചൂളമടിച്ച് കറങ്ങി നടക്കാം എന്നച്ഛന്‍ പറഞ്ഞപ്പോള്‍ നവമി ,അച്ഛന് ഒരു നല്ല മഴയുമ്മ കൊടുത്തു.
കറുപ്പില്‍ പല നിറ വട്ടങ്ങളുള്ള വര്‍ണ്ണക്കുടയുമായി അച്ഛനും മോളും അമ്മയെ ഒളിച്ചങ്ങനെ മഴയത്ത് കൂടി കറങ്ങി നടക്കുന്നതു കൊണ്ട്, അമ്മേ , ദേ ഇവരിവിടെ എന്നവരെ അമ്മയ്ക്ക് ഒറ്റിക്കൊടുക്കും പോലെ തന്നെ കിളിഭാഷയില് ഏതാണ്ടൊക്കെയോ പറഞ്ഞു ഒരു കരുവി.
വലിയ മഴ വരുന്നുണ്ട്, ഓടിക്കേറിക്കോ വീട്ടിനകത്തേക്ക് എന്ന് തോട്ടിലെ രണ്ടു മുട്ടന്‍ തവളകള്‍ പേക്രോം പേക്രോം ഒച്ചവെച്ചപ്പോള്‍ നവമി ,അവരുടെ ഉണ്ടക്കണ്ണന്‍ അനങ്ങാതിരിപ്പിലേക്ക് രണ്ട് ചരല്‍ക്കല്ലുകള്‍ പെറുക്കിയെറിഞ്ഞു.
അത്രയ്ക്കായോ വീരത്തിപ്പെണ്ണേ എന്ന മട്ടില്‍ തവളരാജാവും രാജ്ഞിയും അവളെ കണ്ണൊന്നു കൂടി മിഴിച്ചു പേടിപ്പിക്കാന്‍ നോക്കി.
പക്ഷേ അച്ഛന് കൂടെയുള്ളപ്പോള്‍, നവമിക്കുണ്ടോ ആരെയെങ്കിലും പേടി !
അച്ഛനപ്പോള്‍ ,തവളകള്‍ താമസിക്കുന്ന തോടിനരികെ ആര്‍ത്തു വളരുന്ന ചേമ്പുകൂട്ടത്തിലേക്ക് കുനിഞ്ഞ് രണ്ടു വലിയ ചേമ്പിലകള് പൊട്ടിച്ചെടുക്കാന്‍ നോക്കുന്നതു കണ്ട് ,അച്ഛാ,അത്രേം കുനിഞ്ഞ് നില്‍ക്കല്ലേ ,കാല് തെറ്റി വെള്ളത്തില്‍ വീഴുമേ എന്ന് നവമി പേടിച്ച ഒച്ചയില്‍ പറഞ്ഞു.
അപ്പോഴേക്കച്ഛന് രണ്ടു വലിയ ചേനിലകള് പറിച്ചെടുത്തു കഴിഞ്ഞിരുന്നു.
കുട മടക്കി തോട്ടിന്നരികിലെ ചാമ്പമരക്കൊമ്പില് തൂക്കിയിട്ട് നവമിക്കൊരു ചെമ്പിലക്കുട കൊടുത്ത് ഒരെണ്ണം അച്ഛനും എടുത്ത് സ്വന്തം തലയ്ക്കുമീതെ പിടിച്ചു .
എന്നിട്ടവര്‍ തോട്ടിറമ്പിലൂടെ കുളക്കരയിലേക്ക് നടക്കുമ്പോള്‍ ,ഒരു നീലപ്പൊന്മാന് അവരുടെ തലക്കു മുകളിലൂടെ, ഇതെന്തൊരു കൂത്ത്, നല്ല പുള്ളിക്കുടയുണ്ടായിട്ട് അച്ഛനും മകളും ചേമ്പിലക്കുട പിടിച്ചു നടക്കുന്നത് കണ്ടോ നാട്ടാരേ എന്ന മട്ടില്‍ കൂവി വിളിച്ച് പറന്നു പോയി.
ചേമ്പിലപ്പുറത്ത് വെള്ളം നില്‍ക്കില്ല ,അത് ഉരുള്‍ മഴമണിയായി ഓടിയിറങ്ങി ഒലിച്ചു പോവും ,പണ്ടു പണ്ട് കുടയില്ലാക്കാലമെന്നൊരു കാലമുണ്ടായിരുന്നു. അപ്പോഴാളുകള് ചേമ്പിലക്കുടയാ പിടിച്ചിരുന്നത് എന്നു അച്ഛന് നവമിക്കു പറഞ്ഞു കൊടുത്തത് നവമി ,പൊന്മാനോടു വിസ്തരിച്ചു പറയാന്നോക്കി..
പൊന്മാനപ്പോഴേക്ക് കുളത്തില്‍ നിന്നൊരു മീനിനെ ശരവേഗത്തില്‍ പറന്നു കൊത്തിയെടുത്ത് ,ആരെങ്കിലും തട്ടിയെടുക്കാന്‍ വരുന്നുണ്ടോ എന്ന് ചുറ്റും ചുറ്റും നോക്കി , അതിനെ ശരോന്ന് വിഴുങ്ങി..
അയ്യോ അവന്റെ തൊണ്ടയില്‍ മുള്ളു കുരുങ്ങില്ലേ അച്ഛാ എന്ന് നവമി ചോദിച്ചു.
ഇല്ലില്ല, മീനിനെ വേവിച്ച് മുള്ളുമാറ്റി കളഞ്ഞ് മീന്മാംസം മാത്രം എടുത്തു തിന്നാന്‍ അവന് മനുഷ്യനല്ലല്ലോ, ജന്തു ജാലങ്ങളുടെ ആഹാരരീതികള്‍ നമ്മള് മനുഷ്യരുടേതു പോലല്ല എന്ന് അച്ഛനപ്പോള്‍ പറഞ്ഞു.
അച്ഛനങ്ങനെ പറഞ്ഞതു കേട്ടതു കൊണ്ടാണോ എന്നറിയില്ല കുളത്തില്‍ നിന്നു പുറത്തിറങ്ങി വന്ന മഞ്ഞച്ചേര, തവള രാജാവിനെയും രാജ്ഞിയെയും പിടിച്ചു തിന്നാനായി ഇട്ടോണ്ടോടിച്ചു.
രാജാവും രാജ്ഞിയും പിടികൊടുക്കാതെ ഏതോ പുല്ക്കാട്ടിലൊളിച്ചതറിഞ്ഞ് വിഷണ്ണനായി കുറച്ചു നേരം മഞ്ഞച്ചേര, വേലിയരികില്‍ വെറുതെ കിടന്നു .
പിന്നെ ഇഴഞ്ഞ്ിഴഞ്ഞ് വേലിക്കപ്പുറത്തേക്ക് പോയി.
അപ്പോഴോ മറ്റോ ആണ് വലിയൊരിടി വന്നത്. ഇടിപ്പേടിയില് നവമി ഞെട്ടിയപ്പോള്‍ ,അവളുുടെ കൈയില്‍ നിന്നു തെറിച്ച് ചേമ്പിലക്കുട താഴെ വീണു.
നവമി നനയുന്നതു കണ്ട് മറ്റേചേമ്പിലക്കുട ചൂടി നിന്നിരുന്ന അച്ഛന് വന്ന് അവളെ എടുത്ത് തോളത്തിരുത്തി.
രണ്ടു കാലും അച്ഛന്റെ തോളിരുവശത്തും കൂടി അച്ഛന്റെ നെഞ്ചിലേക്കു തുക്കിയിട്ട് ചേമ്പിലക്കുടയ്ക്കു മീതെ വര്ണ്ണപ്പുള്ളിക്കുടയും പിടിച്ച് അവരങ്ങനെ ഇടിപ്പേടി കാരണം ഓടിയോടി വീടിനകത്തേക്ക് വരുന്നതു ് ഒരു കരിങ്കണ്ണന്‍ കരിങ്കാക്ക കണ്ടു. ആകെ നനഞ്ഞോലിച്ചിരുന്ന് പിന്നെ ചിറകു കുടഞ്ഞ് അവരെ ചരിഞ്ഞു നോക്കി കക്ഷി ,പിന്നെ എന്തോ കമന്റടിച്ചു.
നീ അമ്മയോട് ഞങ്ങളിങ്ങനെ മഴക്കുസൃതിപ്പിള്ളേരായത് പറഞ്ഞു കൊടുക്കല്ലേ മഴക്കാക്കേ എന്നു ഒച്ച താഴ്ത്തിപ്പറഞ്ഞു അച്ഛന്.
നവമി ഓടി അടുക്കളയിലേക്കു പോയി ഒരു കഷണം ദോശ എടുത്ത് കാക്കയ്ക്കു കൊടുത്തു.
അമ്മ കുളിക്കുവാ ,അമ്മ വന്ന് ഞങ്ങളിങ്ങനെ നനഞ്ഞു നില്ക്കുന്നതു കാണും മുമ്പ് ഞങ്ങളൊന്നു തോര്‍ത്തട്ടെ തല എന്നു പറഞ്ഞ് നവമി നിന്നു .
മഴക്കാക്ക,മഴ കൊള്ളാതെ ഇറയത്തേക്ക് കയറിയിരുന്നു. അത്ര പോരാ എന്നുള്ള മട്ടില്‍ അവള് പിന്നെ മുന്‍വശത്തെ മച്ചില്‍ നിന്ന് കൊളുത്തിയിട്ടിരിക്കുന്ന ഊഞ്ഞാലില്‍ കയറിയിരുന്നു ഊഞ്ഞാല്ക്കാക്കയായി.
എങ്ങനുണ്ട് കാക്കശ്രീ ,മഴ തുടരുമോ ,ഇടി വെട്ടി കറന്റ് പോകുമോ എന്നെല്ലാം ചോദിച്ചു കോണ്ട് അച്ഛന് ,നവമിയുടെ തല തോര്‍ത്തിക്കൊടുത്തു .
കാക്കഭാഷയില് ,കാക്കശ്രീ അപ്പോള്‍ എന്തോ പറഞ്ഞു.
ഇനി റോസ്റ്റഡ് കശുവണ്ടി തിന്നാലോ നമക്ക് എന്നാണവള്‍ ചോദിച്ചതെന്ന് നവമിക്ക് വേഗം മനസ്സിലായി.
നവമി അടുക്കളിയിലേക്കോടിിയപ്പോഴും അമ്മ കുളിച്ചു തീര്‍ന്നിരുന്നില്ല.
അവള് കശുവണ്ടിയുമായി തിരിച്ചുവന്നപ്പോള്‍ അച്ഛന് കാക്കശ്രീയോട് പത്രത്തിലെ വാര്‍ത്തകള്‍ പറയുകയായിരുന്നു.
അവളുടെ ആ ചരിഞ്ഞ നോട്ടവും കൂര്‍പ്പിച്ച ശ്രദ്ധയും കണ്ടില്ലേ ,അവള്‍ക്കെല്ലാം മനസ്സിലാവുന്നുണ്ട് എന്നു പറഞ്ഞു കൊണ്ടാണ് നവമി അടുക്കളയിലേക്കോടിയത്.
ആതു കേട്ട് ആരാണ് വന്നിരിക്കുന്നത് എന്നു കുളിമുറിയില്‍ നിന്ന് അമ്മ വിളിച്ചു ചോദിച്ചു.
അച്ഛനും നവമിയും കൂടി ഒന്നും മിണ്ടാതെ കുലുങ്ങിച്ചിരിച്ചു.
എന്നിട്ട് നവമി വിളിച്ചു പറഞ്ഞു ,ഒരു ഗസ്റ്റുണ്ട്,ഊഞ്ഞാലിലിരിക്കുകയാണ് ,ഗൃഹനാഥ എവിടെ എന്ന് കുറച്ചു നേരമായി അന്വേഷിക്കുകയാണ്,വേഗം വരൂ കുളി കഴിഞ്ഞ് പുറത്തു വരൂ.
അമ്മ അത് കേട്ടോ ആവോ !
കുളീം നനേം കഴിഞ്ഞ് അമ്മ ഇപ്പോഴെങ്ങാനും പുറത്തു വരുമോ ആവോ !