ഋ
നീനു, ‘ഋ’ എന്ന അക്ഷരത്തെ നോക്കി നോക്കി താടിക്കു കൈയും കൊടുത്തിരുന്നു.
നീനുവിനെ ‘ആ, ആ, ഇ, ഈ’ പഠിപ്പിക്കുന്നതിനിടയില്‍ ഇന്ന് അച്ഛനവളെ പഠിപ്പിച്ച അക്ഷരമാണ് ‘ഋ.’
അമ്പമ്പോ! എന്തൊരക്ഷരമാണ് ‘ഋ!’
എത്ര വളയലുകളും പുളയലുകളും ചുറ്റിക്കെട്ടുമാണ് ‘ഋ!’
‘ഋ’ കൊണ്ട് ഋഷി.
പിന്നെ ഋഷഭവും.
ഋഷഭം എന്നു വച്ചാല്‍ കാള.
കാളയ്ക്ക് കാള എന്നു പറഞ്ഞാല്‍പ്പോരേ? കാളയെ എന്തിനാണ് ഋഷഭം എന്നു പറയുന്നത് ആവോ…
അതുപോലെ ഋഷിയെ മഹര്‍ഷി എന്നു പറഞ്ഞാല്‍ പോരേ എന്തിനാണ് വളരെ കഷ്ടപ്പെട്ട് ഋഷി എന്നു പറയുന്നത്…
അടുപ്പത്തുനിന്നിറക്കി വയ്ക്കാനായി രണ്ടു വളഞ്ഞ പിടികളുള്ള ഒരു പാത്രം പോലെ ‘ഋ’ എന്നാണ് നീനയ്ക്ക് ‘ഋ’വിനെ നോക്കിയിരുന്നപ്പോള്‍ തോന്നിയത്.
ഇത്ര വളയലും പുളയലുമൊക്കെയുള്ള നിന്നെ എഴുതാന്‍ എന്തൊരു പാടാണ് , നിനക്കിത്തിരി എളുപ്പമള്ള ഒരക്ഷരമായാല് പോരായിരുന്നോ എന്നു ചോദിച്ച നീനു ‘ഋ’വിനെ വഴക്കു പറഞ്ഞു.
‘ഋ’ കുറച്ചു നേരം, താന്‍ മഹാഭാരതമെഴുതിയ വ്യാസമഹര്ഷിയാണെന്ന മട്ടില്‍ അതിശാന്തനായി ഇരുന്നു.
നീനു പിന്നെയും കളിയാക്കാനും കുറ്റപ്പെടുത്താനുമാണ് ഭാവം എന്നു കണ്ടതോടെ’ഋ’ അതിന്റെ ആ വളഞ്ഞ കാതു രണ്ടും കൊട്ടിയടച്ചു.
എന്നിട്ടും രക്ഷയില്ല എന്നായപ്പോള്‍, ഒരു ഋഷഭത്തെപ്പോലെ രണ്ടു വളഞ്ഞ കൊമ്പുകളാണ് ആ കാതു രണ്ടും എന്ന ഭാവത്തില്‍ കൊമ്പു കുലുക്കി ‘ഋ’ നീനുവിനെ കുത്താന്‍ ചെന്നു.
നീനു തെന്നി മാറിക്കളഞ്ഞു.
എന്നിട്ട് ‘ഋ’ പോലെ വളഞ്ഞു കിടന്ന് പുതപ്പുകൊണ്ട് തലവഴിമൂടിക്കടിന്നു.
കുറേനേരം അങ്ങനെ കിടന്നപ്പോ ആരോ കരയുന്ന ഒച്ച കേട്ടു, നീനു.
പുതപ്പിത്തിരി നീക്കി പാളി നോക്കുമ്പോഴുണ്ട് ‘ഋ’ കരയുന്നു കുനിഞ്ഞിരുന്ന്.
അവനെ ആര്‍ക്കും ഇഷ്ടമല്ല പോലും. അതുകൊണ്ടവന് സങ്കടം വന്നിട്ട് ഒരു രക്ഷയുമില്ല പോലും.
നീനുവിന് പാവം തോന്നി.
അവള് എണീറ്റിരുന്ന് ‘ഋ’ എഴുതിപ്പഠിക്കാന്‍ തുടങ്ങി.
‘ഋ’ അപ്പോള്‍ അവന്റെ ചുറ്റിക്കെട്ടുകള്‍, കൈകളാണെന്ന മട്ടില്‍ വായുവിലേക്കു ചുഴറ്റിയെറിഞ്ഞ് നൃത്തം ചെയ്യാനാരംഭിച്ചു.
‘ഋ’ എഴുതിപ്പഠിക്കാന്‍ പറഞ്ഞിട്ട് ഇപ്പോ ഡാ്ന്സായോ നീയ്,’ എന്നു ചോദിച്ച് അച്ഛനപ്പോഴവിടേക്കു വന്നു.
‘നോക്കച്ഛാ… ഞാനും ‘ഋ’വും കൂടി നൃത്തം ചെയ്യുന്നത് എന്നവള്‍ പറയുകയും നൃത്തം തുടരുകയും ചെയ്തു.
‘ഓ…’ഋ’ ഒരു മഹര്‍ഷിയും കാളയും ആണ് എന്നൊക്കെയായിരുന്നു ഇതു വരെ എന്റ ധാരണ, നര്‍ത്തകനും കൂടിയാണല്ലേ കക്ഷി,’ എന്നു പറഞ്ഞ് അച്ഛന് പിന്നെ ചിരിച്ചു.
എന്നിട്ട് നീനുവിന്റെ കൈ പിടിച്ച് അച്ഛന് ഏതോ നൃത്തത്തിന്റെ ചോട് വച്ചു. നീനുവും ‘ഋ’ വും കുടുകുടെ ചിരിക്കാനും തുടങ്ങി.
അടക്കാമരം
ലില്ലിമോളുടെ അയല്‍വക്കത്താണ് ആന്റപ്പന് ചേട്ടന് താമസിക്കുന്നത്.
ശില്‍പ്പിയാണ് ആന്റപ്പന് ചേട്ടന്. തടിക്കഷണങ്ങളില്‍ നിന്ന് ജീവികളെയും മനുഷ്യരെയും ദൈവങ്ങളെയും ആന്റപ്പന് ചേട്ടന് പലതരം പണിയായുധങ്ങള്‍ കൊണ്ട് കൊത്തിരുപപ്പെടുത്തി എടുക്കുന്നത് കാണാന്‍ ലില്ലിക്ക് ഒത്തിരി ഇഷ്ടമാണ്.
തടിയില്‍ നിന്ന് പൂച്ചയല്ലാത്തതെല്ലാം കൊത്തിക്കളയുമ്പോഴാണ് പൂച്ച ഉണ്ടാകുന്നത് എന്നു പറഞ്ഞ് ലില്ലിക്ക് ഒരു മരപ്പൂച്ചയെയും തടിയില്‍ നിന്ന് കളിക്കലമല്ലാത്തതെല്ലാം കൊത്തിക്കളയുമ്പോഴാണ് കളിക്കലമുണ്ടാകുന്നതെന്നു പറഞ്ഞ് ഒരു കളിക്കലവും ഇന്നാള് ആന്റപ്പന് ചേട്ടന് ലില്ലിക്ക് ഉണ്ടാക്കിക്കൊടുത്തു.
ചാക്കപ്പന് എന്നാണ് ലില്ലി ആ മരപ്പൂച്ചക്കിട്ട പേര്.
അവനെ കാവലിരുത്തി, ലില്ലി ആ കളിക്കലത്തിലാണ് തുമ്പപ്പൂവും മുക്കുറ്റിപ്പൂവും പച്ച മുളകും ഇലഞ്ഞിപ്പഴും പപ്പായക്കുരുവും ചേര്‍ത്ത കളിപ്പലഹാരം ഉണ്ടാക്കി കളിക്കാറ്.
കളിപ്പലഹാരം, അവള് ഉറുമ്പുകള്‍ക്കും ചീവീടിനും പച്ചക്കുതിരക്കുമെല്ലാമാണ് അവള് വിളമ്പിക്കൊടുക്കാറ്. മന്ദാരയിലയിലാണ് വിളമ്പലൊക്കെ.
അങ്ങനെ ഒരു ദിവസം കളിച്ചുരസിക്കുന്നതിനിടയിലാണ് ലില്ലിമോള്‍ക്ക് ആന്റപ്പന് ചേട്ടനെപ്പോലെ ഒരു ശില്പം കൊത്തണം എന്ന് മോഹം വന്നത്.
ലില്ലിമോള്‍ക്ക് സ്വന്തമായി മരത്തടി വാങ്ങാനൊന്നും പോകാനറിയുകയുമില്ല, അതിനുള്ള കാശുമില്ല കൈയില്‍. ചിലപ്പോ ആന്റപ്പന് ചേട്ടനോട് ചോദിച്ചാല്‍ ഒരു മരക്കഷണം കടമായി കൊടുക്കുമായിരിക്കും.
എന്നാലും വേണ്ട, കടം വാങ്ങണ്ട എന്നു തീരുമാനിച്ചു ലില്ലി. എന്നിട്ട് മുറ്റത്തൊക്കെ നടന്നു നോക്കി.
പറ്റിയ ഏതെങ്കിലും മരക്കൊമ്പ് കാറ്റിലും മഴയിലും പെട്ട് മുറ്റത്ത് വീണിട്ടുണ്ടെങ്കില്‍, അതു തന്നെ ധാരാളം എന്നു വിചാരിച്ച് നടക്കുമ്പോഴാണ്, മുറ്റത്തിന്റെ കോണില്‍ നില്ക്കുന്ന അടക്കാമരങ്ങളില് ലില്ലിമോളുടെ കണ്ണു പതിഞ്ഞത്.
വണ്ണമൊന്നും തീരെ ഇല്ലാത്തിനാല്‍ ചുറ്റിപ്പിടിച്ച് കൊത്തുവേലകള്‍ ചെയ്യാന്‍ എളുപ്പമാവും ഈ മരത്തിന്മേല് എന്നു വിചാരിച്ചു ലില്ലി. ആന്റപ്പന് ചേട്ടന്റടുത്തുനിന്നും അവള് കത്തിയും കല്ലും ഉളിയും ഒക്കെയായി അതിന്മേല് കൊത്തിപ്പണി തുടങ്ങി, ആരുമറിയാതെ.
ഉച്ചയ്ക്ക് എല്ലാവരുമുറങ്ങുമ്പോള്‍ ലില്ലിമോള് ശില്പപ്പണി തുടങ്ങി അടക്കാമരത്തിന്മേല്.
കുറേ കാക്കകളൊക്കെ മുറ്റത്തും മരങ്ങളിലും വന്നിരുന്ന്, ‘നീ ഇതെന്താ കൊച്ചേ ചെയ്തു കൂട്ടുന്നത്’ എന്ന് ഒച്ചവച്ചു.
‘മിണ്ടിതിരി, എന്റെ ശ്രദ്ധ കളയാതെ ഒച്ചവെച്ച്…’ എന്ന് ലില്ലി കാക്കകളെ ഓടിച്ചുവിട്ടു.
അടക്കാമരത്തില് നിന്ന് ഒരു അമ്മയെയും കുഞ്ഞിനെയുമാണ് താന്‍ കൊത്തിയുണ്ടാക്കാന്‍ ശ്രമിക്കുന്നത് എന്ന് അവള്, അവളുടെ തോളത്തുവന്നിരുന്ന പുല്‍ച്ചാടിയോട് പറഞ്ഞു.
അങ്ങനെ ശില്പം കൊത്തല് മറ്റു മനുഷ്യ ജീവികളാരുമറിയാതെ മുന്നോട്ടുപോകവേ, എവിടെ അമ്മ, കുഞ്ഞ് എന്ന് ഇടക്കൊക്കെ വന്ന് പുല്‍ച്ചാടി അവളോട് ചോദിച്ചു.
ശരിയാകുന്നതേയുള്ളു, കുറച്ചു നാളെടുക്കും, എനിക്കത്ര സ്പീഡൊന്നുമില്ല, ഞാനൊരു കുട്ടിയല്ലേ എന്നു ചോദിച്ച് അവള് പുല്‍ച്ചാടിയെ സമാധാനിപ്പിച്ചു.
പിന്നെ ഒരു ദിവസം, കാറ്റും മഴയും വന്നപ്പോള്‍ ലില്ലി ഒരോ ആയുധം വച്ച് കൊത്തിക്കൊത്തി തടി നേര്‍ത്തുപോയ അടക്കാമരം ‘ഠപ്പോ’ന്നൊടിഞ്ഞ് നിലത്തുവീണു.
ഇതാരാണിതിങ്ങനെ ഇതിന്മേല് ഇതിനിടെ ഇങ്ങനെ ഉളിപ്രയോഗം നടത്തിയത് എന്നച്ഛനന്തം വിട്ടു. ലില്ലി പോയി അടക്കാമരം വീണയിടം പരിശോധിച്ചു.
തലക്കഷണത്തിന് നല്ല നീളം, കടക്കഷണത്തിന് നീളം കുറവും
ലില്ലി അച്ഛനോട് പറഞ്ഞു, ‘തലക്കഷണം അമ്മ, കട കഷണം മോള്, ഇത് ശില്പമായി അച്ഛാ…’
‘ആന്റപ്പാ നിന്നെ കണ്ട്, കണ്ട്, എന്റെ മോളുമൊരു ശില്പയാകുന്ന ലക്ഷണമുണ്ടെന്ന്,’ അച്ഛന് ചിരിച്ചു.
‘ഞാനുണ്ടാക്കിയ ശില്പമാണിത് … അമ്മയും കുഞ്ഞും എന്നാണിതിന് പേര്,’ എന്ന് ലില്ലിമോള് ആന്റപ്പന് ചേട്ടനോട് മാത്രം പറഞ്ഞു.
‘എന്നാലും ഇതെങ്ങനെ എപ്പോള്‍ ഒപ്പിച്ചു,’ എന്ന് ആന്റപ്പന് ചേട്ടന് ലില്ലിമോള്‍ക്ക് കൈ കൊടുത്തു.
അന്നുമുതലാണ് ആന്റപ്പന് ചേട്ടന് ലില്ലിമോളെ ശില്പ്പിലില്ലി എന്നു വിളിക്കാന്‍ തുടങിയതും ശില്പവേല ചെയ്യുന്ന നേരത്ത് ലില്ലിയെ കുഞ്ഞു കുഞ്ഞു പണികളേല്പ്പിച്ച് അസിസ്റ്റന്റ് ആക്കിയതും.
ഒരു ദിവസം അവള് വലിയ ഒരു ശില്പിയാകും എന്ന് അവരുടെ ചുറ്റിനും ചാഞ്ഞുചരിഞ്ഞു വന്നു നോക്കിയിരുന്ന കാക്കക്കൂട്ടത്തിനോട് ആന്റപ്പന് ചേട്ടന് ഇന്നാള് പറഞ്ഞല്ലോ!