Latest News

ക്രിസ്മസ് ഒഴിവിന് പ്രിയ കഥകള്‍-11

ഓരോരുത്തരുടെയും പുതുവർഷനിശ്ചയങ്ങളെ തമാശക്കണ്ണാൽ കാണാം ഇന്ന്. ഒപ്പം ഒരു തവള, സുന്ദരനായി മഞ്ഞച്ചേരയെ പേടിപ്പിച്ച കഥയും…

priya a s ,childrens stories, iemalayalam

പുതുവര്‍ഷത്തീരുമാനങ്ങള്‍

ബബിതയോട് അച്ഛനും ന്യൂസ് പേപ്പറും റേഡിയോയും റ്റിവിയും പറഞ്ഞു ഇന്നാണ് ന്യൂ ഇയര്‍.

നല്ല ശീലങ്ങളൊക്കെ തുടങ്ങാന്‍ പറ്റിയ ദിവസമാണ്, അച്ഛനിന്നു മുതല്‍ എന്നും രാവിലെ നടക്കാന്‍ പോവും, വല്ല വ്യായാമവും ചെയ്തില്ലെങ്കിലേ തടി കൂടും,  അസുഖം വല്ലതും വരും എന്നൊക്കെ അച്ഛന്‍ രാവിലേ തന്നെ നടന്ന് വിയര്‍ത്തുകുളിച്ചശേഷം വന്ന് പറഞ്ഞു.

അച്ഛന്‍, വഴിയില്‍ നിന്ന് രണ്ട് ചാമ്പയ്ക്കാ പറിച്ചു കൊണ്ടുവന്നിരുന്നു. ഓരോ ദിവസവും നടക്കാന്‍ പോകുമ്പോള്‍ മാങ്ങ, സപ്പോട്ടയ്ക്ക, മുല്ലപ്പൂ ഒക്കെ അച്ഛന്‍ പറിച്ചു കൊണ്ടുവന്നിരുന്നെങ്കില്‍ എന്നു വിചാരിച്ചു ബബിത, അച്ഛനെ നല്ലൊരു ചിരിയോടെ നോക്കി.

‘എണീക്കു, എണീക്കു, നല്ല കുട്ടികള് രാവിലെ എണീക്കില്ലേ, അല്ലാതെ മടിപിടിച്ച് കിടക്കുമോ,’ എന്നൊക്കെ ഒരു പത്തുതവണ അമ്മ ചോദിച്ചപ്പോള്‍, അമ്മയുടെ ശല്യം സഹിക്കാന്‍ വയ്യാതെ എഴുന്നേറ്റ് മുന്‍വശത്തെ ചാരുകസേരയില്‍ ചടഞ്ഞു കൂടി ഇരിക്കുകയായിരുന്നു ബബിത.

ബബ്‌ളുവോ, കുളി വരെ കഴിഞ്ഞു മിടുക്കനായി നില്‍ക്കുകയായിരുന്നു. ബബ്‌ളുവും ബബിതയും ഇരട്ടക്കുട്ടികളാണ്, കേട്ടോ.

അപ്പോ അമ്മ, അച്ഛനോടും അമ്മൂമ്മയോടും അപ്പൂപ്പനോടും ബബ്‌ളുവിനോടുനോടുമായി പറഞ്ഞു, ഞാന്‍ ഇടയ്ക്ക് വച്ച് നിര്‍ത്തിയ ഡാന്‍സ് പഠനം ഇന്നു വൈകുന്നേരം മുതല്‍ വീണ്ടും തുടങ്ങാന്‍ പോവുകയാണ്.

അതു നന്നായി എന്ന് ബബിത വിചാരിച്ചു. അത്രയും സമയം അമ്മ ഒന്നിനും ബബിതയെ വിളിക്കില്ലല്ലോ. അമ്മ അടുത്തുണ്ടെങ്കില്‍ ബബിതയ്ക്ക് വലിയ പാടാണ്.

‘സ്‌ക്കൂളില്‍ നിന്നു വന്നിട്ട് മേലു കഴുകാതെ നടക്കുവാണോ, മേലു കഴുകി വന്ന് ദോശ കഴിയ്ക്കൂ,  എന്നിട്ട് ഹോം വര്‍ക് ചെയ്യൂ…’ എന്നെല്ലാം ഉരുവിട്ട് ബബിതയുടെ പുറകേ നടക്കാന്‍ നില്‍ക്കാതെ അമ്മ, ഡാന്‍സ് പഠിക്കാന്‍ പോകുന്നതു തന്നെയാണ് നല്ലത്.

അമ്മൂമ്മ ഇനി മുതല്‍ രാത്രി ഫ്രൂട്ട്‌സേ കഴിക്കുന്നുള്ളൂ എന്ന് പറഞ്ഞു .അതാണ് പോലും അമ്മൂമ്മയുടെ പുതുവര്‍ഷത്തീരുമാനം. അതും നല്ല കാര്യമാണ് , ബബിതയ്ക്കും വലിയ ഇഷ്ടമാണ് ഫ്രൂട്‌സ്. അമ്മൂമ്മയുടെ കൂടെ ബബിതയ്ക്കും കഴിക്കാമല്ലോ നിറയെ പഴങ്ങള്‍. ചോറു വേണ്ട,ചപ്പാത്തി വേണ്ട എന്നു പറഞ്ഞു ബഹളം കൂട്ടാന്‍ നേരം, ഇനി അമ്മൂമ്മയെ കൂട്ടു പിടിക്കാം.

priya a s ,childrens stories, iemalayalam

അപ്പൂപ്പന്‍ പറഞ്ഞത് ഇനി മുതല്‍ വെറ്റില മുറുക്കുന്നില്ല എന്നാണ്. അതു നന്നായി, ബബിതയ്ക്ക് അപ്പൂപ്പന്റെ വെറ്റില മണം ഒട്ടും ഇഷ്ടമല്ല.

ബബ്‌ളു പറഞ്ഞില്ലല്ലോ, ന്യൂ ഇയറിനെടുക്കുന്ന പുതിയ തീരുമാനത്തെക്കുറിച്ചെന്ന് അച്ഛന്‍ ചോദിച്ചപ്പോ, അദ്ദേഹം പറയുകയാണ് ഞാനിനി ഈ ബബിതാപ്പാറുക്കുട്ടിയോട് വഴക്കു കൂടുന്നത് നിര്‍ത്താന്‍ പോവുകയാണ് എന്ന്.

അത് നല്ല തീരുമാനമാണ് എന്ന് അച്ഛനും അമ്മയും അമ്മൂമ്മയും അപ്പൂപ്പനും പറഞ്ഞുവെങ്കിലും അതു കേട്ടതേ,വലിയ വായില്‍ കരച്ചിലായി ബബിതാപ്പാറുക്കുട്ടി.

‘പിന്നെ ഞാനാരോട് പിണങ്ങും, വഴക്കു കൂടും , എന്നോട് വഴക്കു കൂടാതേം പിണങ്ങാതേം ഈ ബബ്‌ളു ഇരുന്നാല്‍ പിന്നെ അവനുമായി എങ്ങനെ ഉരുട്ടിപ്പിടുത്തവും തല്ലുകൂടലും നടത്തും? അവള്‍ ചോദിക്കുന്നതൊക്കെ അവന്‍ അടുത്ത നിമിഷം തന്നെ ഒരു എതിര്‍പ്പും പറയാതെ കൊടുക്കാന്‍ തുടങ്ങിയാല്‍ പിന്നെ എന്തു പറഞ്ഞ് വാശി പിടിക്കും,കരയു ? വാശി പിടിക്കാതേം കരയാതേം ഇരുന്നാല്‍ ബബിത ഒരു പാവക്കുട്ടിയായിപ്പോവുമേ,’ എന്നു പറഞ്ഞ് ബബിത വലിയ ഒച്ചയില്‍ കരച്ചിലായി അതോടെ.

ഇവളുടെ കരച്ചിലൊന്നു നിര്‍ത്താനെന്താ വഴി എന്നായി അമ്മ.
പോയി പല്ലു തേയ്ക്ക്, വെറുതേ ഓരോന്നു പറഞ്ഞ് രാവിലേ തന്നെ മോങ്ങാന്‍ നില്‍ക്കാതെ എന്നു പറഞ്ഞു അമ്മൂമ്മക്കുറുമ്പി.

ദാ ,ഒരു പുള്ളിക്കുയിലിനെ കണ്ടോ എന്ന് വിഷയം മാറ്റാന്‍ നോക്കി അപ്പൂപ്പന്‍.

‘നെനക്കെന്താ വേണ്ടത് ബബിതാപ്പാറുക്കുട്ടീ? ഞാന്‍ നിന്നോട് വഴക്കു കൂടി നിന്നെ വെറും പാവക്കുട്ടിയാകാന്‍ സമ്മതിക്കാതെ, ഇടക്കൊക്കെ കരയിക്കണം അത്രയല്ലേയുള്ളൂ, ഞാനേറ്റു,’ എന്നു പറഞ്ഞു കരച്ചില്‍ കേട്ട് സഹിക്കാതെ ചെവി പൊത്തിക്കൊണ്ട് ബബ്‌ളു.

അതു കേട്ടതും അവള്‍ സ്വിച്ചിട്ടതു പോലെ കരച്ചില്‍ നിര്‍ത്തി.

priya a s ,childrens stories, iemalayalam

‘കുറേ വാശി കൂടുന്നുണ്ട് പെണ്ണിന്…’ എന്നമ്മ, അച്ഛനോട് പറഞ്ഞു. അച്ഛന്‍ ചിരിച്ചു ‘അവള്‍ പറഞ്ഞത് ശരിയല്ലേ ആര്‍ക്കാ പാവക്കുട്ടിയാകാന്‍ ഇഷ്ടം,’ എന്ന് അവളുടെ ഭാഗം പറയുകയും ചെയ്തു അച്ഛന്‍.

ഞാനിനി എന്തു പുതുവര്‍ഷത്തീരുമാനം എടുക്കും എന്നു ചോദിച്ച് ബബ്‌ളു ഇരുന്നു.

‘രാവിലെ എഴുന്നേറ്റ് അച്ഛന്റെ കൂടെ നടക്കാന്‍ പോരേ,’ എന്നു പറഞ്ഞു അവനോട് അച്ഛന്‍.

അവനത് സന്തോഷമായി. ‘അച്ഛന്‍ നടന്നോ ,ഞാന്‍ ഒപ്പം ഓടാം,’ എന്നു പറഞ്ഞു അവന്‍.

‘അപ്പോ ഞാനെന്താ പുതുവര്‍ഷത്തീരുമാനമെടുക്കുക,’ എന്നായി ബബിത.

‘കരച്ചിലിന്റെ ശബ്ദം കുറയ്ക്കാന്‍ നീ ഒരു തീരുമാനമെടുത്താല്‍ നല്ലതായനേനെ എന്റെ ചെവിയ്ക്ക്,’ എന്നു പറഞ്ഞു ചിരിച്ചു കൊണ്ട് ബബ്‌ളു.

അതു കൊള്ളാം നല്ല ഐഡിയാ എന്നവള്‍ കൈ കൊണ്ട് ആംഗ്യം കാണിച്ചു.

‘ഏറ്റോ എന്നു ചോദിച്ചു,’ അവന്‍,അവളോട്

‘ഏറ്റു’ എന്നു പറഞ്ഞ് അവളവനെ കെട്ടിപ്പിടിച്ചു.

‘പോയി പല്ലു തേയ്ക്ക് പെണ്ണേ, എന്നിട്ടെന്നെ ഉമ്മ വയ്ക്ക്,’ എന്നു പറഞ്ഞു ബബ്‌ളു.

‘ഉമ്മ വേണ്ടാന്നു പറഞ്ഞു ഈ ബബ്‌ളു,’ എന്നവള്‍ മെല്ലെ ചിണുങ്ങാന്‍ തുടങ്ങി.

ഇടയ്ക്ക് ചിണുങ്ങല്‍ നിര്‍ത്തി ബബ്‌ളുവിനോട് അവള്‍ ചോദിച്ചു, ‘ഒച്ച കുറച്ചല്ലേ ഞാന്‍ കരയുന്നത്? നിനക്ക് ശല്യമാകുന്നില്ലല്ലോ, ഒണ്ടോ?’

അവരെല്ലാം അതു കേട്ട് ചിരിയോടു ചിരിയായി. പിന്നെ അതൊരു പുതുവര്‍ഷച്ചിരിയായി.

 

വര്‍ണ്ണത്തവള

തവള, മുറ്റത്തെ മുല്ലച്ചോട്ടില്‍ തപസ്സിരിക്കുന്നത് കണ്ണന്‍ കാണാറുണ്ട്. അവന്‍ കൊതുകിനെയോ ഈച്ചയോ വേറെ എന്തെങ്കിലും ചെറു പ്രാണിയെയോ പിടിച്ചു തിന്നാന്‍ നാക്കു നീട്ടാന്‍ പാകത്തില്‍ ഇരിക്കുകയാണ്, അല്ലാതെ തപസ്സു ചെയ്യുകയൊന്നുമല്ല എന്ന് കണ്ണന്റെ ചേച്ചി കരുണ പറഞ്ഞു.

തവള, ‘പേക്രോം, പേക്രോം’ എന്ന് ഒച്ചവെയ്ക്കുന്നത് വെറുതെയല്ല, അത് തവളകളുടെ ഒരു മന്ത്രം ചൊല്ലല്‍ ആണ് എന്നാണ് കണ്ണനെപ്പോഴും തോന്നാറ്.

‘മഴേ വാ ,മഴേ വാ…’ എന്ന് അവന്‍ മഴയെ വിളിച്ചു വരുത്തുന്ന ഭാഷയാണ് ‘പേക്രോം’ എന്നാണ്  ചേച്ചിയുടെ പറച്ചില്‍.

‘ആണോ, ഈ ചേച്ചി ഒരു പൊട്ടിക്കാളിയാ, അവള്‍ പറയുന്നതൊക്കെ തെറ്റാ, അല്ലേ തവളച്ചാരേ…’ എന്നു ചോദിക്കാനാണ് സത്യത്തില്‍ കണ്ണന്‍ മുല്ലക്കാട്ടിനരികെ ചെന്നതും തവളച്ചാരുടെയടുത്ത് കുനിഞ്ഞിരുന്നതും.

അടുത്ത്, വളരെ അടുത്ത് തവളയെ കണ്ടപ്പോള്‍ കണ്ണന് പാവം തോന്നി തവളച്ചാരോട്. ഒരു ഭംഗിയുമില്ലാത്ത തൊലിയും നിറവും. കഷ്ടം !

priya a s ,childrens stories, iemalayalam
അവനെ ഒന്ന് സുന്ദരക്കുട്ടപ്പനാക്കിയേക്കാം എന്നു വിചാരിച്ചു കണ്ണന്‍. അവന്‍ പോയി അവന്റെ വാട്ടര്‍ കളറും പെയിന്റിങ്  ബ്രഷും പാലെറ്റും ഒക്കെയെടുത്തു കൊണ്ടു വന്നു. ബ്രഷ്, പെയിന്റില്‍ മുക്കി തവളയുടെ ദേഹത്തൊന്നു തൊട്ടതും തവള പേടിച്ച് ഒറ്റച്ചാട്ടം.

അവന്റെ ചാട്ടം കണ്ട് കണ്ണനും പേടിച്ചു പോയി…

കണ്ണനെ കണ്ട് പേടിച്ചു ചാടുന്ന തവളയ്ക്കു പുറകെ ചായവും ബ്രഷും കൊണ്ട്, ചായം കൊടുക്കല്‍പ്പരിപാടി പൂര്‍ത്തിയാക്കാനായി കുറേനേരം നടക്കേണ്ടിവന്നു കണ്ണന്.

ഒടുക്കം കണ്ണന്‍ ക്ഷീണിച്ചു. അടുക്കളയില്‍ പോയി ഇത്തിരി ജീരകവെള്ളം കുടിച്ചു വരാം എന്നു വിചാരിച്ച് തിരിഞ്ഞു നടക്കുമ്പോഴല്ലേ ഒരു മഞ്ഞച്ചേര ആ വഴി വന്നത്!

മഞ്ഞച്ചേരയുടെ തൊട്ടുമുന്നില്‍ത്തന്നെ നില്‍പ്പായിരുന്നു തവളച്ചന്‍. ചാടി മറയാന്‍ കൂടിയുള്ള ധൈര്യം ഇല്ലാത്തുപോലെ തവളച്ചന്‍ പേടിച്ച് കിടുങ്ങി വിറച്ചു നില്‍പ്പായി. അതുകണ്ട് കണ്ണന് പേടിയായി.

പിന്നെ നോക്കുമ്പോഴോ! ചേരച്ചാര്, വന്ന വഴിയേ ഒരൊറ്റ പാച്ചില് തിരിച്ച്…

എന്താ കാര്യം എന്നല്ലേ? ഈ മാതിരി നിറങ്ങളുള്ള ഒരു ജീവിയെ ഇതുവരെ കണ്ടിട്ടില്ലല്ലോ, എന്നെയെങ്ങാനും ഇതു പിടിച്ചുവിഴുങ്ങുമോ എന്നു വിചാരിച്ചുകാണും ചേര.

‘നീ എന്നോട് ഒരു താങ്ക്‌യു പോലും പറയാതെ പോകുന്നത് ശരിയല്ല, ഞാന്‍ നിന്നെ ചായമടിച്ചില്ലായിരുന്നെങ്കില്‍ ഇപ്പോ നിന്റെ കഥ കഴിഞ്ഞേനെ,’ എന്ന് കണ്ണന്‍ വിളിച്ചു പറഞ്ഞു.

തവളച്ചന്‍ ഉണ്ടക്കണ്ണു മിഴിച്ച് കണ്ണനെ ഒന്നും മനസ്സിലാകാത്തതു പോലെ നോക്കിനിന്നു.

‘നീ വാ…നിന്നെ ഒന്നു കൂടി ഭംഗിയാക്കാനുണ്ട്,’ എന്നു ബ്രഷ് നീട്ടിക്കൊണ്ട് കണ്ണന്‍ പറഞ്ഞു.

അവനോ, ശരവേഗത്തില്‍ മുല്ലക്കാട്ടിലേക്ക് പോയി
എന്നിട്ടവിടെയിരുന്ന് ഉച്ചത്തില്‍ ‘പേക്രോം, പേക്രോം’ എന്നു ഒച്ചവെയ്ക്കുകയാണ് അവനിപ്പോള്‍.

ചേരയെ ആട്ടിപ്പായിക്കാനുള്ള മന്ത്രമാവും അത്. പക്ഷേ കരുണച്ചേച്ചി പറയുവാ, ‘പോടാ കണ്ണാ…’ എന്നാണ് തവള പറയുന്നത് എന്നാണ്.

‘അങ്ങനെ പറയുവോ കണ്ണന്‍ നിറങ്ങളുടെ രാജകുമാരനാക്കിയ ഈ തവളച്ചാര് ! ഏയ് , കരുണച്ചേച്ചി ചുമ്മാ അസൂയ വന്നിട്ട് പറയുവാ ഓരോന്ന്. ചേച്ചിക്ക് തോന്നീല്ലല്ലോ തവളയെ വര്‍ണ്ണത്തവളയാക്കുന്ന സൂത്രം എന്നാവും അവളുടെ വിചാരവും അസൂയയും. അല്ലേലും ഈ ചേച്ചിമാരിങ്ങനാ, ഭയങ്കര അസൂയക്കാരാ…’

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Stories for children priya a s puthuvarshathirumanagal

Next Story
ക്രിസ്മസ് ഒഴിവിന് പ്രിയ കഥകള്‍-10priya a s , childrens stories, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express