പൂ പുല്‍ക്കൂട്

ഡെന്നീസിനോട് ആരെങ്കിലും ഓണമാണോ ക്രിസ്മസ് ആണോ ഇഷ്ടം എന്നു ചോദിച്ചാല്‍ ഡെന്നീസ് ആദ്യമൊന്നു കുഴങ്ങുമെന്നു തീര്‍ച്ച.

പിന്നെ ആലോചിച്ചാലോചിച്ച് പറയും, എനിക്കേ രണ്ടും ഒരു പോലെ ഇഷ്ടമാണ്.
ഓണത്തിനു പൂക്കളമിടാന്‍ പൂ ശേഖരിക്കാനായി് രവിച്ചേട്ടന്റെയും അഞ്ജുച്ചേച്ചിയുടെയും മുത്തുവിന്റെയും കബനിയുടെയും കൂടെ പറമ്പായ പറമ്പൊക്കെ നടക്കാം.

പൂക്കളമൊരുക്കാന്‍ നേരം മഞ്ഞപ്പൂ വട്ടം കഴിഞ്ഞ് നീലപ്പൂ കൊണ്ടുള്ള ഇതളുകള്‍ വേണോ ചോപ്പു പൂ കൊണ്ട് ചതുരം വേണോ എന്നൊക്കെ തമ്മില്‍ത്തമ്മില്‍ തര്‍ക്കിച്ച് ഇടക്കൊന്നു വഴക്കായി പിന്നെ വീണ്ടും കൂട്ടായി – ആകെയൊരു ബഹളമാണ് ഓണക്കാലം.

നിറയെ ചിരിയും നിറങ്ങളും -അതുകൊണ്ടാണ് ഡെന്നീസിന് ഓണം ഇഷ്ടം. പാതാളത്തിലേക്ക് വാമനന്‍ ചവിട്ടിതാഴ്ത്തിയ മഹാബലിയെ വര്‍ഷത്തിലൊരിക്കല്‍ ഭൂമിയിലേക്ക് പൂക്കളമൊരുക്കിയാണ് വരവേല്‍ക്കുന്നത്.

ഒരിക്കല്‍ ഡെന്നീസും വലുതാകും, അപ്പോ ഡെന്നീസും മഹാബലിയുടെ വേഷം കെട്ടും. മെലിഞ്ഞ പൊടിമീശക്കാരന്‍ മഹാബലിയാകാനാണ് അവന് ഇഷ്ടം. തലമുടി ഇപ്പോഴത്തെ ചേട്ടന്മാരെപ്പോലെ നീട്ടി വളര്‍ത്തി കെട്ടിവച്ച മഹാബലിയായി ഡെന്നീസന്നൊരു വരവുണ്ട്..,

വീടും മുറ്റത്തെ മരങ്ങളും എല്ലാം നക്ഷത്രമയമാകുന്നതു കൊണ്ടാണ് ഡെന്നിക്ക് ക്രിസ്മസ് ഇത്ര ഇഷ്ടം. എന്തൊരു വെളിച്ചമാണ് ക്രിസ്മസ്!

പുല്‍ക്കൂടലങ്കരിക്കാനും അതിലെ ആടുകളോടും ആട്ടിടയന്മാരോടും ആകാശത്തു തെളിഞ്ഞ മൂന്നു നക്ഷത്രങ്ങളെ നോക്കി ബേത്ലെഹേമിലെ പുല്‍ക്കുടിലിലേക്കു വന്ന മൂന്നു രാജാക്കന്മാരോടും വര്‍ത്തമാനം പറയാനും അവന് ഒരുപാടിഷ്ടമാണ്. ആ മൂന്നു നക്ഷത്രങ്ങളുടെ ഓര്‍മ്മയ്ക്കാണ് ക്രിസ്മസിന് വീടുകളിലൊക്കെ നക്ഷത്രം തൂക്കുന്നത്.

വാവയേശു ജോസഫിന്റെയും മേരിയുടെയും ഇടയിലങ്ങനെ കുഞ്ഞിച്ചിരി ചിരിച്ചങ്ങനെ ഒരുടുപ്പും ഇടാതെ പുല്‍ക്കൂട്ടില്‍ കിടക്കുന്നതു കാണുമ്പോള്‍ ഡെന്നിക്ക് സംശയം വരും, ഡിസംബറല്ലേ, തണുപ്പല്ലേ, കുഞ്ഞീശോയ്ക്ക് തണുക്കില്ലേ? അപ്പോ അവന്‍ ഒരു കട്ടിക്കര്‍ച്ചീഫ് മടക്കി അത് പുതപ്പാക്കി കുഞ്ഞീശോയെ പുതപ്പിക്കും. അപ്പോ കുഞ്ഞീശോ, ഡെന്നിക്ക് മാത്രമായി ഒരു പഞ്ചിരി കൊടുക്കുന്നത് ഡെന്നിക്കല്ലാതെ മറ്റാര്‍ക്കും കാണാന്‍ പറ്റില്ല…

priya a s, childrens stories, iemalayalam

‘കാലിത്തൊഴുത്തില്‍ പിറന്നവനേ, കരുണ നിറഞ്ഞവനേ, പുല്‍ക്കുടിലില്‍ പൂ മഴ പെയ്തു സ്വര്‍ഗ്ഗരാജ്യം പുളകം നെയ്തു,’ എന്നു പാടി കരോളുകാര്‍ കൊട്ടും പാട്ടുമായി വരുമ്പോള്‍  ഡെന്നി പപ്പയുടെ ഒപ്പം അവരുടെ കൂടെ റോഡില്‍ക്കൂടി ഇത്തിരി ദൂരം നടക്കാറുണ്ട്. ആകാശത്ത് അപ്പോള്‍ അനേകം നക്ഷത്രങ്ങളും ചുറ്റും മഞ്ഞും കാണും.  അപ്പുറത്തെ ഇപ്പുറത്തെ വീടുകളില്‍ നിന്ന് രവിച്ചേട്ടനും അഞ്ജുച്ചേചച്ചിയും മുത്തുവും കബനിയും അപ്പോഴാ നടപ്പിലേക്ക് ഓടി വന്ന് കരോള്‍ കൂട്ടത്തില്‍ ചേരും. അവരെല്ലാം ചേര്‍ന്ന് നിലാവത്തും മഞ്ഞത്തും കൂടി അങ്ങനെ പാടിപ്പാടി നടന്നാലേ ശരിക്കും ക്രിസ്മസ് ആവൂ എന്നാണ് ഡെന്നിയുടെ വിചാരം.

അങ്ങനെയങ്ങനെയൊക്കെ വിചാരിച്ച് ഡെന്നി ബോയ് കിടന്നുറങ്ങാന്‍ തുടങ്ങിയപ്പോഴുണ്ട് ദേ വരണു ഒരു സുന്ദരന്‍ സ്വപ്നം. ഓണവും ക്രിസ്മസും കൂടി ഒറ്റ ദിവസം വന്നു സ്വപ്നത്തില്…

പിന്നത്തെ കാര്യം പറയാനുണ്ടോ! രസമെന്നു പറഞ്ഞാല്‍പ്പോര, മഹാരസം! പുല്‍ക്കൂട്ടിലാണ് എല്ലാവരും കൂടി പൂക്കളമിട്ടത്. പൂവിതളുകള്‍ക്കു മീതെയാണ് വാവയേശു കിടന്ന് കൈ കാലിട്ടിച്ചു കളിച്ചത്…

കരോള്‍ പാടി വന്നത് ആരാന്നറിയാമോ? നമ്മടെ സ്വന്തം ഓണക്കാരന്‍ മഹാബലി! ജോസഫും മേരിയും മഹാബലിയ്ക്ക് കേക്ക് കൊടുത്തു.

മഹാബലി, പകരമായി അവര്‍ക്ക് പൂവട കൊടുത്തു… ‘ജിങ്കിള്‍ ബെല്‍… ജിങ്കിള്‍ ബെല്‍ മാഹാബലിരാജ…’ എന്ന് കരോളുകാര്‍ പാടി. ‘ക്രിസ്മസ് കുഞ്ഞാ, ഇത്തിരിവയറാ…’ എന്നു പാടി ഓണപ്പാട്ടുകാര് പുല്‍ക്കൂട്ടിന് ചുറ്റും നിരന്നു നിന്നു.

ഡെന്നീസ് ഉറക്കത്തില്, ‘ക്രിസ്മസ് പപ്പാ, വന്ന് ഈ ഓണയൂഞ്ഞാലിലിത്തിരി നേരം ഇരിയ്ക്ക്, നടന്നു കാലു കഴച്ചില്ലേ…’ എന്നു പറയുന്നതു കേട്ട് അമ്മയ്ക്ക് ചിരി വന്നു.

ഡെന്നീസും ചിരിച്ചു ഉറക്കത്തില്. എന്താ കാര്യം എന്നറിയുമോ?

ഓണസദ്യ ഉണ്ടു കഴിഞ്ഞ്, ഓണപ്പായസം വാഴയിലയിലൊഴിച്ച് ക്രിസ്മസ് പപ്പ നക്കിനക്കി കുടിക്കുന്നതു കണ്ടാല്‍ പിന്നെ ആരാണ് ചിരിക്കാതിരിക്കുക!

 

 കാക്കക്കൂടും കേക്കിന്‍ കഷണവും

കാക്കച്ചിക്ക് മനസ്സിലായില്ല അവള്‍ കൂടുകൂട്ടി താമസിക്കുന്ന മാവിലെന്താണ് പെട്ടെന്ന് സംഭവിച്ചതെന്ന്.

കൂട്ടില്‍ മൂന്ന് കുഞ്ഞന്മാരുണ്ടല്ലോ, ഏതു നേരവും വിശക്കുന്നേ എന്നു പറഞ്ഞ് ചുണ്ടു പിളര്‍ത്തിക്കരച്ചിലാണ് മൂന്നും.

അവര്‍ക്കിര തേടി പോയ കാക്കച്ചന്‍ തിരിച്ചു വരാന്‍ വൈകുന്തോറും കാക്കക്കുഞ്ഞന്മാരുടെ വാ പിളര്‍ത്തിക്കരച്ചില്‍ബഹളം കൂടി വന്നു.

കാക്കച്ചിയമ്മയുടെ ചെവി പൊട്ടുമെന്നായപ്പോഴാണ് അടുത്തെങ്ങാനും പോയി വല്ല ദോശക്കഷണമോ പച്ചമീനോ കൊത്തിവരാം എന്നു വിചാരിച്ച് അവള്‍ കൂട്ടിനു പുറത്തേക്ക് പറന്നു പോയത്.

തിരിച്ചൊരു മുഴുവന്‍ ഇഡ്ഢലിയുമായാണവള്‍ വന്നത്.

കുഞ്ഞന്മാര്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടും എന്നവള്‍ക്കുറപ്പായിരുന്നു.
കൂടിനടുത്തെത്തിയപ്പോഴോ, കുഞ്ഞന്മാര്‍ നിശബ്ദം.

വല്ല പാമ്പും വന്നോ ഇതിനിടയില്‍…കുഞ്ഞന്മാര്‍ക്ക് വല്ല ആപത്തും സംഭവിച്ചു കാണുമോ എന്നെല്ലാം പേടിച്ച് തിരക്കിട്ട് അവള്‍ വന്നപ്പോള്‍ കണ്ടതോ!

മാവിന്മേല്‍ ഒരാള്!

അയാളെക്കണ്ട് പേടിച്ചിരിപ്പാണ് കുഞ്ഞന്മാര്‍.

മാവൊന്നും പൂത്തിട്ടു പോലുമില്ലല്ലോ. കണ്ണിമാങ്ങ പോലുമില്ലാത്ത ഈ മാവില്‍ ഇയാളെന്താണ് ഇങ്ങനെ കയറി ഇരിക്കുന്നത് ആവോ! ഇനി മാവെങ്ങാന്‍ വെട്ടിക്കളയാനായിരിക്കുമോ എന്നവള്‍ക്ക് പേടിയായി.

കുഞ്ഞുങ്ങളുടെ കൊക്കിലേയ്ക്ക് ഇഡഢലിക്കഷണങ്ങള്‍ കൊത്തിയെടുത്ത് വച്ചുകൊടുത്ത ശേഷ , മരത്തില്‍ കയറി ഇരിക്കുന്നയാളെ കാക്കച്ചി ചാഞ്ഞും ചരിഞ്ഞും നോക്കി.

അപ്പോഴല്ലേ കാക്കമ്മയ്ക്ക് മനസ്സിലായത് അയാള്‍ മാവിലൊക്കെ തോരണങ്ങള്‍ തുക്കുകയാണ്. വെറും തോരണങ്ങളല്ല ക്രിസ്മസ് തോരണങ്ങളാണ് അതെല്ലാം എന്ന് കാക്കമ്മയ്ക്ക് മനസ്സിലായത്.

ഇനി ക്രിസ്മസ് നക്ഷത്രം തൂക്കൂ പപ്പാ എന്ന് താഴെ നിന്ന് അച്യുത് വിളിച്ചു പറയുന്നതു കേട്ട്പ്പോള്‍, ക്രിസ്മസ് നക്ഷത്രം എന്നു വച്ചാല്‍ ഒരു വലിയ പലഹാരമാണോ എന്നു ചോദിച്ചു കാക്കമ്മയോട് കാക്കക്കുഞ്ഞന്മാര്‍.

priya a s, childrens stories, iemalayalam

കാക്കമ്മ ചിരിച്ചു .ക്രിസ്മസ് ഒരു ഉത്സവമാണ്, അന്നേരം നല്ല മധുരമുള്ള കേക്കു കിട്ടും, തിന്നാനായി എന്നു പറഞ്ഞു കാക്കമ്മ. അതു കേട്ട് കാക്കക്കുഞ്ഞന്മാര്‍ സന്തോഷത്തൊടെ ‘കല പില’ എന്ന് ഒച്ചവെച്ചു.

അപ്പോള്‍ അച്യുത് വീട്ടിനകത്തേക്കോടിപ്പോയി ക്രിസ്മസ് നക്ഷത്രം തെളിയുന്ന സ്വിച്ച് ഓണ്‍ ചെയ്തു. പെട്ടെന്ന് നക്ഷത്രവെളിച്ചം വന്ന് കണ്ണില്‍ക്കുത്തിയപ്പോള്‍, കാക്കക്കുഞ്ഞന്മാര്‍ പേടിച്ച് മിണ്ടാതായി.

‘മാവിലേക്ക് കയറിപ്പോയതു പോലെ തന്നെ കാക്കക്കൂടിന് ഒന്നും പറ്റാതെ നല്ലോണം ശ്രദ്ധിച്ചു വേണേ പപ്പാ മാവില്‍ നിന്നിറങ്ങുന്നതും,’ എന്ന് അച്യുത് താഴെ നിന്ന് പപ്പയോട് വിളിച്ചു പറഞ്ഞു.

പപ്പ ഇറങ്ങിക്കഴിഞതും കാക്കക്കുഞ്ഞന്മാര്‍ പിന്നെയും ബഹളം തുടങ്ങി.
അവര്‍ ‘ഹല്ലേലുയ്യ’ പാടുകയാണ് എന്നു തോന്നുന്നു എന്ന് അച്യുത് പറഞ്ഞു.

പക്ഷേ ആ കാക്കക്കുഞ്ഞന്മാര്‍, കാക്കമ്മയോട് ബഹളം വച്ചത് അങ്ങനെയൊന്നും പറഞ്ഞായിരുന്നില്ല എന്ന് പാവം അച്യുതിനെങ്ങനെ മനസ്സിലാവാനാണ്! അവന് കാക്കഭാഷ അറിയില്ല്ലോ …

അവര്‍ കാക്കമ്മയോട് ആ ക്രിസ്മസ് നക്ഷത്രം ചൂണ്ടിപപറഞ്ഞത്, ‘നോക്കമ്മേ, അതാണ് ക്രിസ്മസ് കേക്ക്, അതു കൊത്തിയെടുത്തു കൊണ്ടുത്താ ഞങ്ങള്‍ക്ക്, ഞങ്ങള്‍ കൊത്തിനുണഞ്ഞ് രസിച്ചു തിന്നട്ടെ’ എന്നാണ്.

അപ്പോള്‍ കാക്കമ്മ, അവരോട് പരറഞ്ഞതെന്താണെന്നറിയാമോ?

‘വേഗം വേഗം പറക്കാന്‍ പഠിക്ക്, എന്നിട്ട് തന്നത്താന്‍ പോയി അത് കൊത്തിയെടുത്തു തിന്നു രസിക്ക്, കാണട്ടെ നിങ്ങളുടെ മിടുക്ക്…’ എന്നാണ്.

അത് ക്രിസ്മസ് നക്ഷത്രമാണ്, തിന്നാനുള്ള വസ്തുവൊന്നുമല്ല എന്നു നന്നായറിഞ്ഞിട്ടും കാക്കമ്മ അങ്ങനെ പറഞ്ഞത് എന്തു കൊണ്ടാവും?

അവരെ ചുമ്മാ പറ്റിച്ചതാവുമോ ? അതോ അവര്‍ മടിസ്വഭാവമൊക്കെ കളഞ്ഞ് വേഗം പറക്കാന്‍ പഠിക്കട്ടെ എന്നു കരുതി ഒരു സൂത്രവിദ്യ പ്രയോഗിച്ചതാവുമോ?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook