ഞൊട്ടാഞൊടിയന്‍ കായ തിന്നുന്ന ജിറാഫ്

അപ്പുവിന്റെ ജിറാഫിന് നന്നായി വിശന്നു.

അവന്‍ കഴുത്തു നീട്ടിപ്പിടിച്ച്, മുറ്റത്തെ ചക്കരമാവില്‍ കലകുലയായി പഴുത്തു നിന്നിരുന്ന മാങ്ങായൊക്കെ സാപ്പിട്ടു. എന്നിട്ടും വിശപ്പു തീരാതെ അവന്‍ ചാമ്പക്കാമരത്തിലേക്കു കഴുത്തു വളച്ചു.

അവനോരോന്നായി ചാമ്പക്കാ നക്കിനുണഞ്ഞ് തിന്നാന്‍ തുടങ്ങിപ്പോഴല്ലേ കാണുന്നത്, ചാമ്പക്കാ കുലയുടെ അരികെ ഒരു കുഞ്ഞു കിളിക്കൂട്.

കിളിക്കൂട്ടില്‍ മുന്നോ നാലോ കിളിക്കുഞ്ഞുങ്ങള്‍. അവര്‍ ജിറാഫിനെ കണ്ട് പേടിച്ചുപോയി, എന്നിട്ട് നിര്‍ത്താതെ ചിലയ്ക്കാന്‍ തുടങ്ങി.

കുഞ്ഞുങ്ങള്‍ക്കു തീറ്റയായി വല്ല കുഞ്ഞു പ്രാണിയോ പുഴുവോ കിട്ടുമോ എന്നു നോക്കാനായി മുരിങ്ങക്കൊമ്പിലേക്കു പോയ കിളിയമ്മ, കിളിക്കുഞ്ഞുങ്ങള്‍ പേടിച്ചു കരയുന്ന ശബ്ദം കേട്ടു.

ആകെ പരിഭ്രമിച്ച് തിരിച്ചുപറന്നുവന്നു. അപ്പോ കിളിയമ്മ കണ്ടതോ! ഒരു ജിറാഫ് അവന്റെ തല വളച്ച് കൂട്ടിനകത്തേക്കിട്ടിരിക്കുന്നു! അതു കണ്ട്, ‘എന്റെ കുഞ്ഞുങ്ങളെ പേടിപ്പിക്കുന്നോ,’ എന്നു ചോദിച്ച് അവന്റെ തലക്കിട്ട് തന്നെയൊരു കൊത്തു കൊടുത്തു കിളിയമ്മ.

നല്ലോണം നൊന്തു എങ്കിലും ജിറാഫ് കിളിയമ്മയോട് വഴക്കു കൂടാന്‍ പോയില്ല. അവനിത്തിരി മാറി നിന്നിട്ട് പറഞ്ഞു, ‘അതേ ഞാനിതു വരെ ഒരു കിളിക്കുഞ്ഞിനെയും അടുത്തു കണ്ടിട്ടില്ല. അതു കൊണ്ടു ഇവരെ സൂക്ഷിച്ചു സൂക്ഷിച്ച നോക്കി നില്‍ക്കുകയായിരുന്നു. അല്ലാതെ അവരെ ഉപദ്രവിക്കാനോ കൂട് തട്ടിത്താഴെയിടാനോ ഒന്നും വിചാരിച്ചല്ല ഞാനിവിടെ നിന്നത്.’

കിളിയമ്മ അതു കേട്ട് ജിറാഫുമായി കൂട്ടായി. അവള്‍ അവന് പൊന്തക്കാട്ടിലേക്കു പോയി ചെത്തിപ്പഴവും ഞൊട്ടാഞൊടിയന്‍ കായും പറിച്ചു കൊണ്ടുവന്നുകൊടുത്തു.ജിറാഫ് പകരമായി ഒരു പഴുത്ത പപ്പായ അവര്‍ക്ക് പറിച്ചു കൊണ്ടുവന്നു കൊടുത്തു.priya a s , childrens stories, iemalayalam
‘ഇനി നാലഞ്ചു ദിവസത്തേക്ക് ഈ പപ്പായ തന്നെ ധാരാളം, എന്റെ കുഞ്ഞുങ്ങള്‍ക്ക് നല്ല ഇഷ്ടമാവും, അവരിതു വരെ പപ്പായ തിന്നിട്ടേയില്ല,’ എന്നു പറഞ്ഞു കിളിയമ്മ.

അതിനകം തന്നെ കിളിക്കുഞ്ഞുങ്ങള്‍ പപ്പായ കൊത്തിപ്പറിച്ചു നുണയാന്‍ തുടങ്ങിയിരുന്നു. അവരുടെ സന്തോഷവും തിടുക്കവും ബഹളവും കണ്ട് ജിറാഫിന് ചിരി വന്നു.

‘ഭൂമിയോട് ഇത്ര തൊട്ടുനില്‍ക്കുന്ന ഞൊട്ടാഞൊടിയന്‍കായ, ചെത്തിപ്പഴം എന്നീവക കുഞ്ഞിപ്പഴങ്ങളൊന്നും ഞാന്‍ തിന്നിട്ടില്ല ഇതുവരെ,’ എന്നു പറഞ്ഞ് ജിറാഫ്, ഞൊട്ടാഞൊടിയന്‍ കായും ചെത്തിക്കായും തുരുതുരാ തിന്നു കൊണ്ടിരുന്നു.

‘ഞാനെപ്പോഴും എന്റെ നീണ്ട കഴുത്തു നീട്ടി, ഉയരത്തില്‍ നില്‍ക്കുന്ന പഴങ്ങളാണല്ലോ തിന്നാറ്, ഇതൊന്നും ഞാന്‍ കാണാറേയില്ല, വെള്ളം കുടിക്കാനല്ലാതെ കഴുത്തുവളയ്ക്കാന്‍ എനിക്കു മടിയാണ്,’ എന്നു പറഞ്ഞു ജിറാഫ്.

‘മടിയാ, മടിയാ…’ എന്നു വിളിച്ചു അപ്പോള്‍ ജിറാഫിനെ കളിയാക്കി കിളിക്കുഞ്ഞുങ്ങള്‍.

‘കൊതിയാ… കൊതിച്ചീ …’ എന്ന് ഓരോ കിളിക്കുഞ്ഞിനെയും വിളിച്ചൂ ജിറാഫ് അവരെ തിരിച്ചു കളിയാക്കി.

കഥ അത്രയുമെഴുതിയപ്പോഴേയ്ക്ക് അപ്പുവിന് വിശന്നു. അവന്‍, അച്ഛന്‍ വാങ്ങിക്കൊണ്ടുവന്ന സേ്ട്രാബെറി ഫ്രിഡ്ജില്‍ നിന്നെടുത്തു തിന്നാനായി അകത്തേയ്ക്ക് പോയി. സേ്ട്രാബെറി തിന്നുതിന്ന് അപ്പു, ജിറാഫിന്റെയും കിളിക്കുഞ്ഞുങ്ങളുടെയും ഞൊട്ടാഞൊടിയന്‍ കായകളുടെയും കഥ മറന്നേ പോയി എന്നാണ് തോന്നുന്നത്. ഇനി അപ്പുവിന്റെ ജിറാഫ് എന്തു ചെയ്തു കാണും എന്ന് കൂട്ടുകാര്‍ പറയൂ.

priya a s , childrens stories,iemalayalam

 സമ്മാനമാങ്ങ, സോറിമാങ്ങ

അല്ലിയും മനുവും പിണങ്ങി. അല്ലിയുടെ കുപ്പിവള, മനു പൊട്ടിച്ചു കളഞ്ഞു. നല്ല മഞ്ഞ നിറമുള്ള കുപ്പിവളയായിരുന്നു. കിലുകിലാ എന്ന് കിലുങ്ങുമായിരുന്നു.

ബോംബെയില്‍ നിന്ന് അമ്മാവന്‍ കൊണ്ടുവന്നതായിരുന്നു. തന്നെയുമല്ല അല്ലിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള നിറവുമാണ് മഞ്ഞ. അപ്പോപ്പിന്നെ മനു അത് പൊട്ടിച്ചു കളഞ്ഞാല്‍ അല്ലിയ്ക്ക് സങ്കടം വരില്ലേ? സങ്കടം വരുമ്പോഴാണ് അല്ലി പിണങ്ങാറ്.

മനു ഒരു വടി എടുത്ത് ചുഴറ്റി വടക്കന്‍പാട്ടിലെ ചേകവന്മാരെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും ചുഴറ്റി കളിച്ചുരസിക്കുന്നതിനിടെ, ആ വടിയുെടെ അറ്റം കൊണ്ടാണ് അല്ലിയുടെ കുപ്പിവളകള്‍ പൊട്ടിയത്.

അല്ലി തൂണും ചാരി നിലത്തിരുന്ന് കഥാപ്പുസ്തകം വായിക്കുകയായിരുന്നു. അവനാണ് കളിച്ചു തിമിര്‍ത്ത് ആ വടിയും കൊണ്ടവളുടെ അടുത്തേക്ക് വന്നത്.priya a s ,childrens stories, iemalayalam
‘നീ എന്റെ വടിയുടെ മുമ്പില്‍ വന്നിരുന്നിട്ടല്ലേ വടി കൊണ്ടതും നിന്റെ കുപ്പിവള പൊട്ടിയതും. സൂക്ഷിച്ച് ഇരിക്കുകേം നടക്കുകേം വേണം എന്ന് നിനക്കറിഞ്ഞൂടെ,’ എന്ന് മനു പിന്നെ അല്ലിയോട് ദേഷ്യപ്പെടുകയും ചെയ്തു.

അപ്പോഴാണ് അല്ലി അവനോട് പിണങ്ങിയതും അവനോട് കൂടൂല്ല എന്നു പറഞ്ഞതും.

നല്ല കുട്ടി ആയിരുന്നു അവനെങ്കില്‍, ‘അയ്യോ നിന്റെ വളപൊട്ടിയോ അല്ലീ, സോറി ,ഞാന്‍ കളിച്ചപ്പോ അറിയാ്തെ പറ്റിപ്പോയതാ,’ എന്ന് പറഞ്ഞേനെ.

ഇത് സോറി പറഞ്ഞില്ലെന്നു മാത്രമല്ല അവന്‍ അല്ലിയുടെ വള പൊട്ടിയത് അല്ലിയുടെ കുഴപ്പം കൊണ്ടാണെന്ന് സമര്‍ത്ഥിക്കുകയും ചെയ്തു.

അടങ്ങിയൊതുങ്ങി ഒരിടത്തിരുന്നല്ലോ അല്ലി. അല്ലാതെ കണ്ണും മൂക്കുമില്ലാതെ ഓടിപ്പാഞ്ഞുനടക്കുകയൊന്നുമായിരുന്നില്ല്ല്ലോ. അതു പറഞ്ഞാല്‍ മനു സമ്മതിയ്ക്കണ്ടേ!

ഒരു സോറി പറഞ്ഞിരുന്നു മനു എങ്കില്‍ അല്ലി പിണങ്ങുകയില്ലായിരുന്നു മനുവിനോട്. പിണക്കം പ്രമാണിച്ച് പോക്കറ്റിലെ പുളിമാങ്ങാപ്പൂള് ഉപ്പും കൂട്ടി തിന്നാന്‍ മനുവിനെ വിളിക്കണ്ട എന്ന് അല്ലി ശരിയ്ക്കും തീരുമാനിച്ചതാണ്.

പിന്നെ തോന്നി, പാവം, പുളിമാങ്ങാ ഉപ്പും കൂട്ടിത്തിന്നാന്‍ അവന് എന്തിഷ്ടമാണ്, അവന് കൊടുക്കാതെ തിന്നാല്‍ കഷ്ടമല്ലേ? ഒടുക്കം പുളിമാങ്ങാ കൊടുത്ത് കൂട്ടായപ്പോള്‍, മനു ചിരിച്ചു.

ഉത്സവത്തിന് പോകുമ്പോള്‍ അമ്മയോടു പറഞ്ഞ് നിനക്ക് മഞ്ഞക്കുപ്പിവള വാങ്ങിത്തരുന്ന കാര്യം ഞാനേറ്റു എന്ന് അല്ലിയുടെ കൈയിലടിച്ചു സത്യം ചെയ്തു അവന്‍.

പക്ഷേ അല്ലി വിടുമോ. ‘നീ സോറി പറയ് ആദ്യം,’ എന്നായി അവള്‍
ഒടുക്കം ഒരു രക്ഷയുമില്ലാതെ അവന്‍ സോറി പറഞ്ഞതും ഒരു കാറ്റ് വന്ന് രണ്ടു പഴുത്ത മാങ്ങാ മാവില്‍നിന്നടര്‍ത്തി താഴെയിട്ടു.

‘സോറി പറഞ്ഞാല്‍, പിണക്കം മാറ്റിയാല്‍ എന്തെങ്കിലും സമ്മാനം കിട്ടുമെന്നിപ്പോ മനസ്സിലായില്ലേ,’ എന്നു ചോദിച്ച് അല്ലി ചിരിച്ചു.

ആ സമ്മാനമാങ്ങയ്ക്ക് ‘സോറിമാങ്ങ’ എന്നു പേരിട്ട് അവര്‍ പിന്നെയത് ഈമ്പിക്കുടിക്കാന്‍ തുടങ്ങി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook