കമലസുന്ദരി

കമല, ഒരു മൊബൈല്‍ഫോണ്‍ കുട്ടിയാണ്.

ദൂരെ പറക്കുന്ന ഒരു പൂമ്പാറ്റയെയോ ജനലില്‍ വന്നിരിക്കുന്ന ഒരു കിളിയെയോ ഒന്നും അവള്‍ നോക്കാറില്ല.

മൊബൈല്‍ ഫോണ്‍ താഴെ വച്ച് കണ്ണ്, അതിന്റെ സ്‌ക്രീനില്‍ നിന്നൊന്നു മാറ്റിയാലല്ലേ ചുറ്റും പാടും നടക്കുന്നതെല്ലാം നമ്മളറിയൂ. അതിന് കമല മൊബൈല്‍ ഫോണ്‍ താഴെ വച്ചിട്ടുവേണ്ടേ!

ആഹാരം കഴിക്കുമ്പോഴും കൂടി അവള് ഒരു കൈയില്‍ മൊബൈല്‍ പിടിച്ച് അതിലെ പാട്ടു കേള്‍ക്കുകയോ ഡോറയുടെയോ, ഛോട്ടാഭീമിന്റെയോ കാര്‍ട്ടൂണ്‍ കാണുകയോ ആവും.

ഉറങ്ങിക്കഴിഞ്ഞാല്‍, അവളുടെ കൈയില്‍ നിന്ന് അമ്മ, മൊബൈല്‍ ഫോണ്‍ വിടുവിച്ചെടുത്തു മാറ്റി വയ്ക്കാറാണ് പതിവ്.

ചുറ്റുമുള്ള ആളുകളോടു വര്‍ത്തമാനം പറയുകയും അച്ഛന്‍ പത്രം വായിക്കുമ്പോള്‍ അടുത്തു ചെന്നിരുന്ന് അതിലെ പടമൊക്കെ നോക്കി, ഇതെന്താ അച്ഛാ എഴുതിയിരിക്കുന്നതെന്ന് ചോദിച്ച് ഓരോന്നും അറിയണം എന്നും മുറ്റത്തു വരുന്ന കാക്കയ്ക്കു വല്ലതുമിട്ടു കൊടുക്കണമെന്നും അണ്ണാരക്കണ്ണനെ പിടിക്കാന്‍ തക്കം പാര്‍ത്തു നടക്കുന്ന പൂച്ചയെ വല്ലപ്പോഴും ഒന്നോടിച്ചു വിടണം എന്നുമൊക്കെ അമ്മ എപ്പോഴും കമലയോട് പറയും.

കമല, അമ്മ പറയുന്നതൊന്നും ശ്രദ്ധിക്കാറു കൂടിയില്ല. അവളപ്പോഴും മൊബൈല്‍ രസങ്ങളിലായിരിക്കും. മൊബൈല്‍ മാറ്റി വയ്ക്കൂ എന്നാരെങ്കിലും പറഞ്ഞാല്‍ അവള്‍ അവരോട് പിണങ്ങും, നിര്‍ബന്ധമായി മൊബൈല്‍ ആരെങ്കിലും പിടിച്ചു വാങ്ങി മാറ്റിവയ്ക്കാന്‍ നോക്കിയാലോ കമല, അലറിക്കരഞ്ഞ് നിലത്തു കിടന്നുരുളും.

പക്ഷേ ഇന്നാള കമലയ്ക്ക് ഒരു പനി വന്നു. മേലു മുഴുവന്‍ നന്നായി വേദനിച്ചു കമലയ്ക്ക്. അപ്പോഴമ്മ അവളെ രാത്രി മുഴുവന്‍ എടുത്തോണ്ടു നടന്നു.

പനി കൊണ്ട് കമലയുടെ മേലു മുഴുവന്‍ ചുട്ടുപൊള്ളാന്‍ തുടങ്ങിയപ്പോള്‍, അമ്മൂമ്മയും അച്ഛനും അവളുടെ അടുത്തിരുന്ന് ചെറുചൂടുവെള്ളത്തില്‍ നേര്‍ത്തതുണി അവളുടെ നെറ്റിയില്‍ നനച്ചിട്ടുകൊടുത്തു കൊണ്ടേയിരുന്നു.

കാക്കച്ചിയും പൂച്ചച്ചനും അണ്ണാരക്കണ്ണനും അവളുടെ ജനല്‍പ്പടിയില്‍, കമലേടെ പനി കുറഞ്ഞോ എന്ന് ചോദിക്കും പോലെ ഇടക്കൊക്കെ വന്ന് ഇരിപ്പായി. ഒരു നീള്‍വാലന്‍തുമ്പി ഭിത്തിയില്‍ വന്നിരുന്ന് കമലയെ തന്നെ നോക്കി പാവം കമല എന്നു പറയുമ്പോലെ…

മൊബൈലില്‍ കമലയെ ചിരിപ്പിച്ചും കളിപ്പിച്ചും കൂടെ ഉണ്ടായിരുന്നവര്‍, അവരൊക്കെ വെറും രൂപങ്ങളായിരുന്നു. അവര്‍ക്കാര്‍ക്കും കമലയെ അറിയില്ല എന്ന്, അവര്‍ക്കാര്‍ക്കും കമലയോട് സ്നേഹമോ കൂട്ടോ ഒന്നുമില്ല എന്ന് കമലയ്ക്ക് പനി വന്നാലും, കമല മരിച്ചു പോയാല്‍ക്കൂടിയും അവര്‍ക്കൊരു ചുക്കുമില്ലെന്ന് ആലോചിച്ചപ്പോള്‍ കമലയ്ക്ക് വേദനയെല്ലാം കൂടി.

priya a s , childrens stories, iemalayalam

അവരാരും കമലയെ ഒന്നന്വേഷിക്കുക പോലും ചെയ്യാത്തില്‍ കമലയ്ക്ക് സങ്കടം തോന്നി.

അവരൊന്നും ഒറിജിനലായിരുന്നില്ലല്ലോ എന്ന് അമ്മ പറഞ്ഞു. അവര്‍ക്ക് കമല, മകളോ കുട്ടിയോ കൂട്ടുകാരിയോ ഒന്നുമില്ല. ഒരാവശ്യം വരുമ്പോള്‍ അവരാരും നമ്മുടെ അടുത്തേക്കു വന്ന് നമുക്ക് കഞ്ഞി ഉണ്ടാക്കി തരികയോ പപ്പടം ചുട്ടതും ചമ്മന്തിയും ചേര്‍ത്ത് കഞ്ഞി വായിലേക്കൊഴിച്ചു തരികയോ മരുന്നെടുത്തു തരികയോ നമ്മളോട് ‘സാരമില്ല’ എന്നു പറയുകയോ ചെയ്യില്ല. അതൊക്കെ ചെയ്യാന്‍ വീട്ടുകാരും കൂട്ടുകാരുമേ ഉണ്ടാവൂ.

എന്തിന് ആ പുരപ്പുറ കാക്കച്ചി ചെയ്യുമ്പോലെ, കമലയയുടെ ജനലിലൂടെ ഒന്നു ചാഞ്ഞുനോക്കുകപോലും ചെയ്യില്ല.

കമല, പനി വിട്ടെണീറ്റപ്പോള്‍ കാക്കമ്മക്ക് ഇത്തിരി ചമ്മന്തി ഇട്ടു കൊടുത്തു. പൂച്ചച്ചന്റെ വാലിലൊന്ന് തൊട്ടു. അണ്ണാരക്കണ്ണന്‍ ചിലയ്ക്കുന്നതിനൊപ്പം ‘ചില്‍ ചില്‍’ എന്ന് അവനെ കളിയാക്കി ഒച്ചയുണ്ടാക്കി.

അച്ഛന്റൊപ്പമിരുന്ന് കൊത്തങ്കല്ലു കളിച്ചു പഠിച്ചു. അമ്മ ചൊല്ലിയ കവിത കേട്ടു കൂടെച്ചൊല്ലി.

കമല ഇപ്പോ മൊബൈലെടുക്കുന്നത് ചെന്നെയിലെ രാമനമ്മാവനെ വിളിക്കാനും അപ്പുറത്തെ മീനുച്ചേച്ചിയെ കളിക്കാന്‍ വിളിക്കാനും ഇന്ന് ‘കളിക്കുടുക്ക’ ഇടാന്‍ മറന്നതെന്താ എന്ന് പത്രക്കാരനോട് പിണങ്ങാനും ഒക്കെയാണ്. പിന്നെ അമ്മയുടെയും തുമ്പിയുടെയും കാക്കച്ചിയുടയുമൊക്കെ ഫോട്ടോ എടുക്കാനും.

വലുതായാല്‍ കമല, ബില്ലുകളടക്കാനും പത്രം വായിക്കാനുമൊക്കെയായി കുറച്ചുനേരം കൂടി അച്ഛനെപ്പോലെ മൊബൈലുപയോഗിക്കുമായിരിക്കും. പക്ഷേ ഇപ്പോ കമലയ്ക്ക് മൊബൈല്‍ അത്ര ആവശ്യമൊന്നുമില്ല.

മീനുച്ചേച്ചിക്കൊപ്പം ഓടിച്ചാടി ഒളിച്ചു കളിച്ചുരസിച്ചു വിയര്‍ത്തൊലിച്ചു വരുമ്പോ കമലയ്ക്കെന്തു വിശപ്പാണ്! ശരീരത്തിന് നല്ല എക്സര്‍സൈസ് കിട്ടുന്നതുകൊണ്ടാണ് നല്ല വിശപ്പു വരുന്നതെന്ന് അച്ഛന്‍ പറഞ്ഞു.

മൊബൈലും കണ്ടുകണ്ട് ബിസ്‌ക്കറ്റുമാത്രം തിന്നിരിക്കലായിരുന്നു കമലയുടെ പതിവ്. ഊണു കഴിക്കാന്‍ വിളിച്ചാല്‍ പ്ളേറ്റിലേക്കൊന്നു നോക്കുകപോലും ചെയ്യാതെ മൊബൈലിലേക്കു മാത്രം നോക്കി എന്താ കഴിക്കുന്നതെന്നു കൂടി നിശ്ചയമില്ലാതെ ഒരു താല്‍പര്യവുമില്ലാതെ കഴിച്ചിട്ടാണ് കമലയുടെ ശരീരത്തിന് ഒരാഹാരവും ഗുണം ചെയ്യാതെ പോയത് എന്നു പറഞ്ഞു അമ്മൂമ്മ.

ഇപ്പ മൊബൈലില്ലാതെ ഉണു കഴിക്കാനിരിക്കുമ്പോള്‍ കമല വിചാരിക്കും അമ്മൂമ്മ പറയുന്നത് വളരെ ശരിയാണ്. പപ്പടത്തിനും കക്കയിറച്ചിക്കും ഉരുളക്കിഴങ്ങു ഫ്രൈക്കും സാമ്പാറിനും ഇത്ര സ്വാദുണ്ടായിരുന്നോ പണ്ടും!

ഏതായാലും എല്ലാത്തിന്റെയും സ്വാദറിഞ്ഞു കഴിയ്ക്കുന്നതു കൊണ്ടാവും ഇപ്പോ കമല എല്ലങ്കോലിയല്ല. ‘എല്ലങ്കോലീ കമലേ’ എന്നു വിളിക്കുന്ന മീനുച്ചേച്ചി ഇപ്പോഴവളെ ‘കമലേ, കുട്ടി സുന്ദരീ,’ എന്നാണല്ലോ വിളിക്കുന്നത് …

കമലയും മീനുച്ചേച്ചിയും കൂടി മൊബൈലിലെടുത്ത സെല്‍ഫി കാണിച്ചു കൊടുത്തപ്പോള്‍, മീനുച്ചേച്ചേിയാണോ കമലയാണോ സുന്ദരി എന്നു സംശയം എന്നു പറയുമ്പോലെയാണല്ലോ ആ കാക്കച്ചി നോക്കിയിരുന്നത്!

 

ഗ്രീന്‍ ആപ്പിള്‍ച്ചിരി

ജയന്തി ചോദിച്ചതു പ്രകാരം ഒരു ക്രിസ്മസ് പപ്പയെ വരയ്ക്കുകയായിരുന്നു ക്ളാസില്‍ ഇന്റര്‍വെല്‍ നേരത്തിരുന്ന് ചിത്തിര.

ജയന്തി കൊണ്ടു വന്ന ഒരു ഇളം പച്ച ഡ്രോയിങ് പേപ്പറിലാണ് വര.
വര മുഴുവനാക്കിയ ശേഷം ക്രിസ്മസ് പപ്പയുടെ ഭംഗി ചാഞ്ഞും ചരിഞ്ഞുമൊക്കെ നോക്കി, ‘ഇഷ്ടപ്പെട്ടോ ജയന്തീ നിനക്കെന്നു,’ ചോദിച്ചുറപ്പു വരുത്തി ചിത്തിര.

എന്നിട്ട് അവള്‍ നിലത്ത് ചടഞ്ഞിരുന്ന് ക്രിസ്മസ് പപ്പയെയും കൂറ്റന്‍ സമ്മാനസഞ്ചിയെയും ക്രിസ്മസ് പപ്പ അങ്ങുദൂരെ മഞ്ഞുനാട്ടില്‍ നിന്ന് സമ്മാനങ്ങളുമായി ലോകമെമ്പാടും സഞ്ചരിക്കാന്‍ നേരം ഉപയോഗിക്കുന്ന റെയിന്‍ഡിയറുകള്‍ വലിയ്ക്കുന്ന വണ്ടിയെയും കളര്‍ ചെയ്തു ഭംഗിയാക്കി.

എനിയ്ക്കിത് അച്ഛന്, അങ്ങു ഹൈദ്രബാദിലേയ്ക്ക് ക്രിസ്മസ് കാര്‍ഡായി അയയ്ക്കാനാണ് എന്നു പറഞ്ഞു ജയന്തി.

കടയില്‍ നിന്ന് ‘പള പള’ എന്നു മിന്നുന്ന കാര്‍ഡ് വാങ്ങാന്‍ കിട്ടും, പക്ഷേ എനിയ്ക്ക നീ വരയ്ക്കുന്ന ക്രിസ്മസ് പപ്പയെ കാര്‍ഡായി അയയക്കാനാണ് ഇഷ്ടം എന്നു പറഞ്ഞു ജയന്തി.

എനിയ്ക്ക് ന്യൂ ഇയര്‍ ഗ്രിറ്റിംഗ് കാര്‍ഡായി ഒരു പൂത്തണ്ടും കൊത്തിനില്‍ക്കുന്ന കിളിയെ വരച്ചു തന്നാല്‍ മതി എന്നും ജയന്തി പറഞ്ഞു. അതവള്‍ക്ക് ദൂരെ കോളേജില്‍ പഠിക്കുന്ന അപ്പുറത്തെ അനുച്ചേച്ചിയ്ക്ക് അയയ്ക്കാനാണ്.

നീ ആര്‍ക്കൊക്കെ ‘മെറി ക്രിസ്മസും’ ‘ഹാപ്പി ന്യൂ ഇയറും’ വിഷ് ചെയ്ത കാര്‍ഡയയ്ക്കുന്നുണ്ട് എന്നു ചോദിച്ചു ജയന്തി.

അപ്പോ ചിത്തിര പറഞ്ഞതെന്താന്നറിയാമോ?
‘ക്രിസ്മസ് വരും പോകും
ന്യൂ ഇയറും വരും പോകും
ഇതൊക്കെ വന്നാലും പോയാലും ഞങ്ങടെ വീട്ടില് ഒരു മാറ്റവുമില്ല. ക്രിസ്മസിന് കേക്കില്ല, നക്ഷത്രം തൂക്കലില്ല. ന്യൂ ഇയറിന് ഗ്രീറ്റിങ് കാര്‍ഡയയ്ക്കലുമില്ല
പുതുവര്‍ഷത്തലേന്ന് കടലോരത്തോ മാളിലോ പോയി രസിക്കലുമില്ല…’

priya a s , childrens stories, iemalayalam
ജയന്തിയ്ക്കതു കേട്ട് അത്ഭുതമായി.

എന്താ നിങ്ങളങ്ങനെയൊന്നും രസിക്കാത്തത് എന്നു ചോദിച്ചു ചിത്തിരയോട് അവള്‍. എന്റെ അമ്മയ്ക്ക് പഠിപ്പില്ല, ഓഫീസ് ജോലിയുമില്ല, തൂത്തു തുടക്കാനും കറിക്ക് കഷണം മുറിച്ചു കൊടുക്കാനുമൊക്കെയായി അമ്മ മൂന്നു വീടുകളില്‍ പോകുന്നുണ്ട്. അവിടുന്നു കിട്ടുന്ന കാശു കൊണ്ടാണ് അമ്മ വീട്ടുകാര്യങ്ങള്‍ നടത്തുന്നതും എന്നെ പഠിപ്പിക്കുന്നതും. അതില്‍ നിന്ന് കേക്കു വാങ്ങിക്കാനും നക്ഷത്രം വാങ്ങാനും കാശെടുത്താല്‍പ്പിന്നെ ബാക്കി വല്ലതും കാണുമോ എന്നു ചോദിച്ചു ചിത്തിര.

ജയന്തി കുറേ ആലോചിച്ചു ചിത്തിരയെ സഹായിക്കാന്‍ എന്താ ഒരു വഴി എന്ന്.
ചിത്തിരയെ സഹായിക്കാന്‍ കുറച്ചു രൂപ വേണമെന്നു വേണമെങ്കില്‍ അച്ഛനോട് പറയാം. അച്ഛന്‍ പൈസ തരാതിരിക്കില്ല. പക്ഷേ ചിത്തിരയുടെ അമ്മ അങ്ങനെ വെറുതേ ആരുടെയടുുക്കലും നിന്ന് പൈസ വാങ്ങില്ല എന്നു ചിത്തിര പറഞ്ഞു.

ജയന്തിയുടെ അമ്മയ്ക്ക് കുഞ്ഞുടുപ്പു തുന്നി വില്‍ക്കുന്ന കടയുണ്ടല്ലോ.
നന്നായി പടം വരയ്ക്കുന്ന ചിത്തിരയെക്കൊണ്ട് ആ കുഞ്ഞുടുപ്പുകളില്‍ ഒരു പൂമ്പാറ്റയെയോ ഒരു റ്റോം ആന്റ് ജെറിയെയോ മിക്കിമൗസിനെയോ വരച്ചു ചേര്‍ത്താല്‍ ഉടുപ്പിന് കൂടുതല്‍ ഭംഗിയാവില്ലേ?

ചിത്തിരയുടെ അമ്മയ്ക്ക് നന്നായി തയ്യലറിയാമല്ലോ. കുഞ്ഞുടുപ്പു തുന്നാന്‍ ആ അമ്മയ്ക്ക് , ജയന്തിയുടെ അമ്മയെ സഹായിക്കുകയുമാവാം.
അതിനെല്ലാം നമുക്കവര്‍ക്ക് ശമ്പളം കൊടുക്കാം, നമ്മളവര്‍ക്ക് ചുമ്മാ പൈസ കൊടുത്തെന്നും വരില്ല, അവരെ സഹായിക്കലുമാവും എന്നു പറഞ്ഞത് ജയന്തിയുടെ അമ്മയാണ്.

ചിത്തിരയെക്കൊണ്ട് കുറേ ന്യൂ ഇയര്‍ ഗ്രീറ്റിങ് കാര്‍ഡും ഉണ്ടാക്കിക്കാം എന്നിട്ടതും കടയില്‍ സെയിലിന് വയ്ക്കാം എന്നു പറഞ്ഞത് ജയന്തിയാണ്.
എന്നിട്ടോ?

അങ്ങനെ ഗ്രീറ്റിങ് കാര്‍ഡുണ്ടാക്കിയും അമ്മ തുന്നിയ കുഞ്ഞുടുപ്പില്‍ പൂ വരച്ചു ചേര്‍ത്തും ചിത്തിര ഉണ്ടാക്കിയ പൈസ കൊണ്ട് ചിത്തിര ഒരു കേക്കുവാങ്ങി.

ഗ്രിന്‍ ആപ്പിള്‍ ഫ്ളേവറിലെ ആ കേക്ക് കട്ടു ചെയ്യാന്‍ നേരം ചിത്തിര, ജയന്തിയോട് പറഞ്ഞു ‘അടുത്ത വര്‍ഷം നമുക്ക് കേക്കുണ്ടാക്കാന്‍ പഠിക്കണം, എന്നിട്ട് കേക്ക വില്‍പ്പനക്കാരികളാവണം…’

‘അമ്മേ, അമ്മയുടെ കുഞ്ഞുടുപ്പു കടയില്‍ ഗ്രീറ്റിങ് കാര്‍ഡിനൊപ്പം കേക്കുംകൂടി വയ്ക്കാന്‍ സമ്മതിക്കുമോ സെയിലിനായി,’ എന്നു ചോദിച്ചു അമ്മയോട് ജയന്തി.
ഗ്രീന്‍ ആപ്പിള്‍ കേക്ക് തിന്നു കൊണ്ടിരുന്ന അമ്മ ഒരു ഗ്രീന്‍ ആപ്പിള്‍ച്ചിരി ചിരിച്ചു തലകുലുക്കി.

.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook