കാക്കയമ്മയും പക്കികളും

കടലാസുകൊണ്ട് ഒരു വള്ളമുണ്ടാക്കി മുറ്റത്തെ മഴവെള്ളത്തിലൊഴുക്കിയാലോ എന്നാലോചിച്ച് ചവിട്ടുപടിയിലിരുന്നു അന്ന.

മഴയാണ് രാവിലെ മുതല്‍.

‘മുറ്റത്തിറങ്ങി കളിക്കാനോ സൈക്കിള്‍ ചവിട്ടാനോ ഒന്നും നിന്നെ സമ്മതിക്കൂല്ല അന്നാ’ എന്നു ചറുപറാ  വിളിച്ചു പറഞ്ഞ് മഴ നിര്‍ത്താതെ പെയ്യുകയാണ്.  കളിവഞ്ചി ഒഴുക്കിക്കളിക്കുകയല്ലാതെ ഈ മഴയത്ത് വേറെന്തു ചെയ്യാനാണ് പാവം അന്ന!

ഒരു കടലാസു വഞ്ചി പഴയ പത്രം കൊണ്ടുണ്ടാക്കിക്കാണിച്ചു കൊടുത്തിട്ട് അന്നയുടെ അമ്മ കുളിക്കാന്‍ പോയി. പോകും മുമ്പ് രണ്ടു മുഴുവന്‍ പത്രം എടുത്തു കൊടുത്തിട്ട് അമ്മ പറഞ്ഞു , ‘നെറയെ ഒണ്ടാക്കിക്കോ വള്ളം.’

അന്ന, ‘ഓ ,ശരി’ എന്നു പറഞ്ഞു ചിരിച്ചു കൊണ്ട് പത്രം വാങ്ങി.
എന്നിട്ട് പത്രത്തില്‍ നിന്ന് ഒരു താളു കീറിയെടുത്തിട്ട് ചവിട്ടുപടിയിലേക്കിറങ്ങിയിരുന്നു.

പക്ഷേ പത്രത്താള്‍ രണ്ടായിട്ട് മടക്കി പിന്നെ ഒന്നൂടെ മടക്കി രണ്ടു വശത്തും രണ്ടു ത്രികോണങ്ങളും ഉണ്ടാക്കിയതോടെ അന്ന കടലാസുവള്ളമുണ്ടാക്കലിന്റെ ബാക്കി സ്റ്റെപ്‌സ് മറന്നു പോയി.

‘മിച്ചം വന്ന ഭാഗം എന്തു ചെയ്യണം അമ്മേ?’ എന്നവള്‍, കുളിമുറിയുടെ വാതിലില്‍ത്തട്ടി അമ്മയോട് ചോദിച്ചു.

അമ്മ പറഞ്ഞു കൊടുത്തതൊന്നും അന്നയ്ക്ക് മനസ്സിലായതുമില്ല, അന്ന അതുപോലൊക്കെ ചെയ്യാന്‍ നോക്കിയിട്ട് ഒന്നും ശരിയായതുമില്ല. അപ്പോ അന്ന അതിനെ രണ്ടാക്കി മടക്കി, പിന്നെ വശങ്ങളിലേക്കു മടക്കി അന്ന അതിനെ ഒരു പക്കി ആക്കി.

‘പക്കി’ എന്ന് അമ്മൂമ്മയാണ് പറയുക. അന്നയുടെ കൂട്ടുകാരൊക്കെ അതിനെ ‘ആരോ’ എന്നാണ് പറയുക. ‘ആരോ’ എന്നാല്‍ അമ്പ്. അറ്റം കൂര്‍ത്ത ആ ‘ആരോ’യെ അവളെന്നിട്ട് ഉന്നം നോക്കി മുകളിലേക്ക് പറത്തി വിട്ടു.
പിന്നെ അവള്‍ തുരുതുരാ പക്കി ഉണ്ടാക്കിപ്പറത്തലായി.

അമ്മ കുളി കഴിഞ്ഞുവന്നപ്പോഴോ, മുറ്റത്തു പറക്കുന്ന കിളികളിലൊരെണ്ണമുണ്ട് അന്നയുടെ ‘ആരോ’ കൊത്തിയെടുത്ത് പറന്നു പോകുന്നു!

‘നീ എന്താ ഈ കാണിക്കുന്നെ? അത് തിന്നാന്‍ കൊള്ളെുന്ന സാധനമൊന്നുമല്ല കിളിപ്പെണ്ണേ. അതിങ്ങ് തന്നിട്ട് പോ…’ എന്നവള്‍ വിളിച്ചുകൂവിപ്പറഞ്ഞു കിളിയോട്.

priya a s , childrens stories, iemalayalam

‘അവള്‍ കിളിപ്പെണ്ണല്ല, കിളിയമ്മയാണ്, കുഞ്ഞിക്കിളികള്‍ക്ക് കിടക്കാന്‍ കടലാസുമെത്ത കൂട്ടിനുള്ളില്‍ വിരിക്കാനാവും അവളുടെ പദ്ധതി’ എന്ന് അമ്മ പറഞ്ഞപ്പോള്‍, അത് ശരിയായിരിക്കും എന്ന് അന്നയ്ക്കു തോന്നി.

‘കടലാസു തോണി ഉണ്ടാക്കാന്‍ പഠിപ്പിക്കട്ടെ?’ എന്നു ചോദിച്ച് അമ്മ അടുത്തിരിക്കാന്‍ തുടങ്ങിയപ്പോള്‍ അന്ന പറഞ്ഞു, ‘നമുക്ക് വേറൊരു ദിവസം ഉണ്ടാക്കാം കളിവള്ളം. ഇന്നിനി കിളിയമ്മയ്ക്ക് പക്കിയുണ്ടാക്കാം.’

അങ്ങനെ കുറേ പക്കികളെ ഉണ്ടാക്കി മടുത്തപ്പോള്‍ അന്നയും അമ്മയും പിന്നെ ഊണു കഴിക്കാന്‍ പോയി. അവര്‍ ഊണു കഴിച്ചു തിരിച്ചുവന്നപ്പോള്‍ പക്കികള്‍ പലതും പലരുമെടുത്തുകൊണ്ടുപോയിക്കഴിഞ്ഞിരുന്നു.

പലരെന്നുവച്ചാല്‍, മൂന്നെണ്ണം കടിച്ചെടുത്ത് കൊണ്ടുപോയി ഒരു മൂലയില്‍ വച്ച് ഒരു തന്നത്താന്‍ കളി കളിച്ച് പക്കിയുടെ മേല്‍ ചാടിവീണു രസിക്കുകയായിരുന്നു കല്യാണിപ്പൂച്ച.

ഒരെണ്ണം ഒരു കൂട്ടംഉറുമ്പുകള്‍,’ഏലേസാ’ എന്ന് വലിച്ചു കൊണ്ടു പോകാന്‍ നോക്കുകയായിരുന്നു. ഒരെണ്ണം കൂടി കിളിയമ്മ കൊത്തിക്കൊണ്ടുപോയി.
അതു കണ്ടിഷ്ടപ്പെടാതെ ഒരു കരിങ്കാക്കാക്ക വന്ന് ബാക്കി പക്കികളെയൊക്കെ കൊത്തിക്കീറി നാലുവശത്തുമിട്ടു.

‘നീയൊരസൂയക്കാക്കയാണ്’ എന്ന് അന്ന ദേഷ്യപ്പെട്ടു.
‘ഒക്കെ നശിപ്പിച്ചു അമ്മേ ഈ തല്ലുകൊള്ളിക്കാക്ക’എന്നവള്‍ കരയാനും തുടങ്ങി .
അപ്പോള്‍ അമ്മ വന്ന് കടലാസു വള്ളമുണ്ടാക്കി.

അതവര്‍ രണ്ടാളും ചേര്‍ന്ന് മുറ്റത്തെ മഴവെള്ളത്തിലൊഴുക്കിവിട്ടു.
അതിഷ്ടപ്പെടാതെ കാക്ക, ചവിട്ടുപടിയില്‍ കയറിയിരുന്ന് അന്നയെ കൂര്‍ത്തുമൂര്‍ത്ത ഒരു നോട്ടം നോക്കി.

‘അതിനു വിശന്നിട്ടാവും’ എന്നമ്മ പറഞ്ഞപ്പോള്‍ അന്ന പോയി ഒരു ബിസ്‌ക്കറ്റെടുത്ത് ചവിട്ടുപടിയില്‍ വച്ചു കൊടുത്തു.
അതു കൊത്തിപ്പൊടിച്ച് വിഴുങ്ങിയ ശേഷം, കാക്ക അടങ്ങിയൊതുങ്ങി അവര്‍ വള്ളമുണ്ടാക്കുന്നതിനിടയിലൂടെ തത്തിത്തത്തി നടന്നു.

‘അവള്‍ അവളുടെ കാക്കക്കുഞ്ഞുങ്ങളെ വള്ളമുണ്ടാക്കാന്‍ പഠിപ്പിക്കാന്‍ പോവുകയായിരിക്കും’ എന്ന് പറഞ്ഞ് വള്ളമുണ്ടാക്കുന്ന വിധം കാക്കയ്ക്ക് വിസ്തരിച്ചു കൊടുത്തു അന്ന.

‘മനസ്സിലായോ?’ എന്നു ചോദിച്ചപ്പോള്‍ ,’കാകാ’ എന്നു പറഞ്ഞു കാക്ക.
‘യെസ്,യെസ്’ എന്നാണതിന്റെ അര്‍ത്ഥം എന്ന് അമ്മയ്ക്ക് ‘കാകാ’യെ തര്‍ജ്ജമ ചെയ്തു കൊടുത്തു അന്ന.

 അപ്പൂപ്പന്‍ താടികള്‍ ആര്‍ക്കു വേണ്ടി?

അപ്പൂപ്പന്‍താടികള്‍ മുറ്റത്തു മുഴുവന്‍ പറന്നു നടന്നു.

അതു നോക്കി കൈകൊട്ടിച്ചിരിച്ചു റ്റോം, ചിലതൊക്കെ പറന്നു വന്ന് റ്റോമിനെ തൊട്ടു.

‘നീയിങ്ങനെ, ‘ഹ, ഹ’ എന്നു വായും തുറന്നു ചിരിച്ചുനിന്നാല്‍ അതൊക്കെ നിന്റെ വായില്‍ കേറുമേ, വായ് അടച്ചു വയ്ക്കടാ ചെക്കാ,’ എന്ന് റ്റോമിന്റെ ചേട്ടന്‍ ജോ വിളിച്ചു പറഞ്ഞു.

എന്നിട്ട് ജോ, റ്റോമിനെ ‘വാ’ എന്നു വിളിച്ച് അപ്പൂപ്പന്‍ താടിയുടെ പുറകെ ഓടി അതിനെയെല്ലാം പിടിക്കാന്‍ തുടങ്ങി. അപ്പൂപ്പന്‍താടിയുമായുള്ള ഓടിപ്പിടുത്തത്തില്‍ കുഞ്ഞുറ്റോമും കൂടി ചേര്‍ന്നപ്പോള്‍ മുറ്റമൊരു ഉത്സവം പോലെയായി.

‘ഇതെന്താ ഇവിടെ ഇത്ര ബഹളം, വഴക്കാണോ,കളിയാണോ രണ്ടും കൂടെ?’എന്നു ചോദിച്ച് അമ്മൂമ്മ മുറ്റത്തേക്കിറങ്ങി വന്നു.

അപ്പോ അമ്മൂമ്മയുടെ, നരകയറിയ തൂവെള്ളത്തലമുടിയില്‍ ചില അപ്പൂപ്പന്‍ താടികള്‍ പറ്റിപ്പിടിച്ചു നിന്നു.

‘ആഹാ! ഒളിക്കാന്‍ കണ്ടയിടം! നര നിറമുള്ള ഇടത്ത് കയറി ഒളിച്ചാല്‍ നിന്നെ ഞങ്ങള്‍ കണ്ടുപിടിക്കൂല്ലാന്ന് വിചാരിച്ചു അല്ലേ?’ എന്നു ചോദിച്ച് ജോ അവരെയെല്ലാം പിടിച്ച് ഊതിപ്പറത്തി.

ചിലതൊക്കെ പൊങ്ങിപ്പൊങ്ങി, ആകാശത്തില്‍ നിന്നൂര്‍ന്നു വീണ ഒരു വെണ്‍മേഘക്കഷണം പോലെ അങ്ങിങ്ങ് പറന്നു നടന്നു. ചിലത് ചെറു ചെടികളുടെ മേല്‍ തട്ടി കുരുങ്ങിനിന്നു.

ചിലവ മരക്കൊമ്പത്തേക്ക് പറന്നുപോയി പിന്നെ കാണാതായി.
ചിലത് കിളികള്‍ക്കൊപ്പം ഉയരേയ്ക്ക് ഉയരേയ്ക്ക് മത്സരിച്ചു പറന്നുയര്‍ന്നു.

നിലത്തേക്കു നോക്കാതെ പറക്കുന്ന അപ്പൂപ്പന്‍ താടിയെ നോക്കിപ്പാഞ്ഞോടി, ഒടുക്കം, ഒരു ചെമ്പരത്തിച്ചെടിയില്‍ തട്ടി ‘പൊത്തോ’ എന്ന് വീണു റ്റോം കരച്ചിലായി.

അപ്പൂപ്പന്‍ താടിയെ വഴക്കു പറഞ്ഞു അമ്മൂമ്മ അപ്പോള്‍.
‘കൊച്ചിനെ വീഴ്ത്താനായിട്ട് വന്നിരിക്കുന്നു. കൊച്ചിന് പിടിക്കാന്‍ പറ്റണത്തു കൂടി പറന്നായപ്പോരേ നിങ്ങക്ക്? ‘എന്നമ്മൂമ്മ അവരോടെല്ലാം ചോദിച്ചപ്പോള്‍ അവര് പേടിച്ച് സ്ഥലം വിട്ടു എന്ന് പിന്നെ റ്റോം, ജോയോട് പറഞ്ഞപ്പോള്‍ അതു കേട്ടുനിന്ന അപ്പുറത്തെ വീട്ടിലെ ഡെന്നീസ് കുടുകുടെ ചിരിയായി.

priya a s , childrens stories, iemalayalam
‘അപ്പൂപ്പന്‍ താടിക്കുണ്ടോ വല്ലതും മനസ്സിലാവുന്നു, അതിനുണ്ടോ ജീവന്‍?’ എന്നൊക്കെ ഡെന്നീസ് ചോദിച്ചത് റ്റോമിനിഷ്ടമായില്ല.

‘ഞാനും ജോയും കൂടി അവരെ പിടിക്കാന്‍ പുറകേ ഓടുമ്പോള്‍, ‘ഏയ് ഞങ്ങളെ കിട്ടില്ലേ’ എന്നു ചിരിച്ച് ഞങ്ങളെ പറ്റിച്ച് കൂടുതലുയരത്തിലേക്ക് അപ്പൂപ്പന്‍ താടികള്‍ പറക്കാറുണ്ടല്ലോ അമ്മൂമ്മേ, അവര്‍ക്ക് ജീവനില്ലെങ്കില്‍ പിന്നെങ്ങെനെയാ ‘പറ്റിച്ചേ’ എന്നു പറയാനും കളിയാക്കാനും ചിരിക്കാനും പറ്റുക?’ എന്ന് റ്റോം അമ്മൂമ്മയോട് ചോദിച്ചു.

കുട്ടികളുടെ ലോകത്തില്‍ എല്ലാത്തിനും ജീവനുണ്ട്, കല്ലിനും കടലാസിനും വരെ എന്നു പറഞ്ഞു അമ്മൂമ്മ.

‘നമ്മള്‍ വലുതായി അവരെ ഒന്നും ശ്രദ്ധിക്കാതെ, നമ്മുടെ ലോകത്തുതന്നെ മുഴുകി നമ്മളെയല്ലാതെ വേറൊന്നിനെയും കാണാനോ കേള്‍ക്കാനോ ശ്രമിക്കാതെ ജീവിക്കുമ്പോഴാണ് അപ്പൂപ്പന്‍ താടിക്കും കല്ലിനും കടലാസിനും ഒക്കെ ജീവനില്ലാതെയാവുന്നത്’ എന്നമ്മൂമ്മ പറഞ്ഞു.

ശരിയായിരിക്കും. റ്റോമിനോടും ജോയോടും പുല്ലും, പുല്‍ച്ചാടിയും ആകാശവും തൂവലും വരെ മിണ്ടാറുണ്ട്.

‘നീ ആരോടാടാ തന്നത്താനിരുന്ന സംസാരിക്കുന്നത്?’എന്നു ചോദിച്ചു കളിയാക്കും അതു കാണുമ്പോഴെല്ലാം ഡെന്നീസ്.

‘ഡെന്നീസ് വലുതായി പത്താം ക്‌ളാസിലെത്തി ക്‌ളാസിലെ കൂട്ടുകാരോടൊപ്പമാണ് ഇപ്പോള്‍ നടപ്പ്. അതാവും ഇപ്പോ പുല്ലും കല്ലും മഴയും ഒന്നും അവനോട് സംസാരിക്കാത്തത്, അല്ലേ അമ്മൂമ്മേ?’ എന്നു ചോദിച്ചു റ്റോം.

‘വലുതായാല്‍ അങ്ങനെ ചില കുഴപ്പങ്ങളുമുണ്ട് അല്ലേ അമ്മൂമ്മേ?’എന്നു ജോ ചോദിച്ചതോടെ, വലുതാകണോ വേണ്ടയോ എന്ന സംശയത്തിലായി റ്റോം.

അപ്പോള്‍ ഒരു അപ്പൂപ്പന്‍ താടി പറന്നു വന്ന് അവന്റെ മുക്കിലുരുമ്മി നിന്ന്, ‘വാ കളിക്കാന്‍ വാ’ എന്നവനെ വിളിച്ചു. അവന്‍ ബാക്കിയെല്ലാം മറന്ന്, ധിറുതിയില്‍ എണീറ്റ്, അതിനു പിന്നാലെ ജോയെും വിളിച്ച് പിന്നെയും ഓട്ടമായി.

‘അപ്പൂപ്പന്‍ താടികളാര്‍ക്കു വേണ്ടി?’എന്നു ചോദിച്ചു അമ്മൂമ്മ ആ ഓട്ടം കണ്ട്.
‘എന്താ സംശയം, കുട്ടികള്‍ക്കു വേണ്ടിത്തന്നെ ‘എന്നു മറുപടി പറഞ്ഞു അപ്പൂപ്പന്‍ ,ചിരിച്ചു കൊണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook