ഇമ്മിണി വല്യൊരു അമ്മിണിപ്പാഠം

അമ്മിണിയും അമ്മൂമ്മയും കൂടി ഒരു ഗ്രോ ബാഗില്‍ മണ്ണും വളവും മിക്‌സ് ചെയ്തു നിറച്ച് അതില്‍ ചീരത്തെ നട്ടു.

അമ്മിണിക്ക് ചീരത്തോരനും ചീര മെഴുക്കുപുരട്ടിയും ചീര അവിയലും ഒക്കെ കൂട്ടി ഊണു കഴിക്കാന്‍ വലിയ ഇഷ്ടമാണ്.

ചീരയ്ക്ക് നല്ല ചോപ്പു നിറമല്ലേ, ചീരക്കൂട്ടാനും കൂട്ടി കുഴയ്ക്കുമ്പോള്‍ ചോറിനും നല്ല ചോപ്പു നിറമാവും.

ചോപ്പുനിറമുള്ള ചോറുരുളകള്‍ വായിലേക്ക് ‘അം’ എന്നെടുത്തു വയ്ച്ച് ചവച്ചിറക്കുമ്പോള്‍, അതൊരു രസികന്‍ കളിയായാണ് അമ്മിണിക്ക് തോന്നുക.
അതൊക്കെ സങ്കല്‍പ്പിച്ചു കൊണ്ടാണ് അമ്മിണിക്കുട്ടി ചീര നട്ടത്.

രാവിലെ എഴുന്നേറ്റു വന്ന് അടുക്കളയില്‍ ചെറുചൂടോടെ അമ്മ കാച്ചി വച്ചിരിക്കുന്ന പാലെടുത്തു കുടിച്ചു കഴിഞ്ഞാലുടനെ അമ്മുക്കുട്ടി പോയി ചീരയ്ക്കു വെള്ളമൊഴിക്കണം എന്നാണ് അമ്മൂമ്മ പരഞ്ഞേല്‍പ്പിച്ചത്.

ചീരക്കുട്ടിക്ക്ക് ദാഹിയ്ക്കും , സമയത്ത് കുടിക്കാന്‍ വെള്ളം കിട്ടിയില്ലെങ്കില്‍ ചീരക്കുട്ടികള് എങ്ങനെയാണ് വളരുക?

ചീരക്കുട്ടികളെ നട്ട ആദ്യ ദിവസങ്ങളിലൊക്കെ നല്ല മഴ പെയ്തതു കൊണ്ട് അമ്മിണിക്കുട്ടിക്ക് ആ ദിവസങ്ങളിലൊന്നും ചീരനനപ്പരിപാടി വേണ്ടിവന്നില്ല.
പക്ഷേ മഴ നിന്നപ്പോഴോ…

അപ്പോഴേക്ക് അമ്മിണി, ചീരയുടെ കാര്യമൊക്കെ മറന്നും പോയി, വെള്ളം കിട്ടാതെ ചീരയൊക്കെ വാടിയും പോയി.priya a s ,childrens stories, iemalayalam
‘നട്ടാല്‍ മാത്രം മതിയോ, അതിനു വേണ്ട ശുശ്രൂഷയൊന്നും കൊടുക്കണ്ടേ,’ എന്നു ചോദിച്ചു അമ്മിണിയെ വഴക്കു പറയാനും തുടങ്ങി അമ്മൂമ്മ.

അപ്പോള്‍ അമ്മിണി കരഞ്ഞു. അവളെ അമ്മൂമ്മ വഴക്കു പറഞ്ഞതിനല്ല വാടിയും കരിഞ്ഞും പോയ ചീരക്കുട്ടികളെ കണ്ട് സങ്കടം വന്നപ്പോഴാണ് അമ്മിണി കരഞ്ഞത്.

‘ഇനീം ചീര നടാം, അമ്മൂമ്മെ ,ഞാനിനി ചീരക്കുട്ടികളെ ശുശ്രൂഷിക്കാന്‍ മറക്കുകയേയില്ല,’ എന്നു തറപ്പിച്ചുറപ്പിച്ചു പറഞ്ഞു അമ്മിണിക്കുട്ടി.

എന്തും വെറുതെ നട്ടാല്‍ പോരാ, അതിനു വേണ്ടുന്ന വിധം വളവും വെള്ളവും കൊടുത്ത് തടമിളക്കി ചെടിയിലെ പുഴുവിനെ പെറുക്കിക്കളഞ്ഞും ചുരുണ്ട ഇല അടര്‍ത്തിക്കളഞ്ഞും ഒക്കെ നോക്കിനോക്കി വളര്‍ത്തണം എന്നൊരു പാഠം അമ്മിണി പഠിച്ചതങ്ങനെയാണ്.

 

 ഠ വട്ടത്തില്‍ ഒരു നന്മലോകം

കാക്കക്കുഞ്ഞന് വിശന്നു.

അവന്‍ ചോന്ന നിറത്തില്‍ ചുണ്ടു പിളര്‍ത്തി, ‘അമ്മേ ,എവിടെയാ ,വേഗം വന്നേ, എനിച്ചു വിശക്കുന്നേ, വിശന്നിട്ട്ന്റെ കുഞ്ഞി വയറ് വേദനിക്കുന്നേ,’ എന്നു കരഞ്ഞു.

കാക്കയമ്മ ,കുഞ്ഞന് തീറ്റ തേടി പോയിരിക്കുകയായിരുന്നു ദൂരെയെങ്ങാണ്ട്.
അങ്ങനെ തീറ്റ അന്വേഷിച്ചു ചിക്കിപ്പറിച്ചു നടക്കുന്നതിനിടയില് കാക്കയമ്മയുടെ കാലില് ഒരു കൂര്‍ത്ത മുള്ളു തറച്ചു കയറി, കാക്കയമ്മയ്ക്ക് നടക്കാനോ പറക്കാനോ പറ്റാതായി.

അവിടെക്കൂടി പോയ ഒരു പശുവമ്മയ്ക്ക് അവളുടെ സ്ഥിതി കണ്ട് കഷ്ടം തോന്നി.
പശുവമ്മ, അവളെ അതിന്റെ പുറത്തിരുത്തി ആട് വൈദ്യന്റെ അടുത്തു കൊണ്ടുപോയി.

ആട് വൈദ്യന്‍, ഏതോ ഇലയൊക്കെ തിരുമ്മി ചാറെടുത്ത് മുറിവിലൊഴിച്ചു. കുടിക്കാന്‍ കയ്പനൊരു കഷായവും കൊടുത്തു.

വൈകുന്നേരം വരെ അനങ്ങാതെ കാല് നീട്ടി വച്ച് കിടക്കണം എന്നു പറയുകയും ചെയ്തു.

‘അയ്യോ എന്റെ കുഞ്ഞനപ്പോഴേക്ക് വിശന്നു ചാവും, എന്നെക്കാണാതെ അവന്‍ പേടിക്കുകയും കരയുകയും ചെയ്യും വൈദ്യരേ,’ എന്ന് കാക്കയമ്മ നിലവിളിയായി.

വൈദ്യന്റെ വീടിനടുത്തുള്ള ചെത്തിക്കാട്ടില് തേന്‍ കുടിക്കാന്‍ വന്ന കുരുവിപ്പെണ്ണിന് കാക്കയമ്മയുടെ കരച്ചിലും പിഴിച്ചിലും കണ്ട് സങ്കടമായി.

‘നിന്റെ കൂടെവിടെയാണെന്നു പറയ്, ഞാന്‍ നിന്റെ കുഞ്ഞന് ചെത്തിപ്പഴം പറിച്ചു കൊണ്ടുചെന്നു കൊടുക്കാം, അവന് കാവലുമിരിക്കാം, നീ സുഖായി നാളെയെങ്ങാനും വന്നാമതി,’ എന്നു പറഞ്ഞു കുരുവിപ്പെണ്ണ്.

‘തോടിനക്കരെ ആല്‍മരത്തിന്റെ കമ്പിലാണ് കൂട്,’ എന്നു കാക്കമ്മ പറഞ്ഞത് കേള്‍ക്കേണ്ട താമസം, അവള്‍ ചെത്തിപ്പഴക്കുലയും പറിച്ച് കൊക്കില്‍ വച്ച് ‘ശടേ’ന്ന് കാക്കക്കൂടന്വേഷിച്ച് പറന്നുപോയി.

അവള്‍ കാക്കക്കൂട്ടിലെത്തിയപ്പോഴോ, കാക്കക്കുഞ്ഞന്‍ കരഞ്ഞു തളര്‍ന്നു മയങ്ങിക്കിടപ്പായിരുന്നു.priya a s ,childrens stories, iemalayalam ‘കുഞ്ഞാ’ എന്നവനെ തട്ടിവിളിച്ചുണര്‍ത്തിയതും അവന്‍ കരച്ചിലായി.

‘അമ്മേ കാണണം, ഇപ്പ കാണണം’ എന്നു നിലവിളിച്ച അവന്റെ വായിലേക്ക് കുരുവിപ്പെണ്ണ് ചെത്തിപ്പഴമോരോന്നായി അടര്‍ത്തിയിട്ടു കൊടുത്തു.

അത് ‘ഗ്‌ളപ്, ഗ്‌ളപ്’ എന്നു വിഴുങ്ങി വിശപ്പു മാറിയപ്പോ, അവന്‍ കുരുവിയെ കണ്ണു വിടര്‍ത്തി, ഇതാരാ വന്നിരിക്കുന്നത്, ഞാനിങ്ങനൊരാളെ ഇതുവരെ കണ്ടിട്ടില്ലല്ലോ എന്ന മട്ടില്‍ നോക്കി.

‘നിന്റെ സ്വന്തം കാക്കയമ്മ ഒരു കടയിലെ ക്യൂവില്‍ മാമ്പഴം വാങ്ങാന്‍ കാത്തു നില്‍ക്കുകയാണ്, നാളെയേ വരൂ, കടയില്‍ ഭയങ്കര തിരക്കാണ്, ഞാനീ വഴി പോകുന്നുണ്ടെന്നു പറഞ്ഞപ്പോ, നിനക്ക് ചെത്തിപ്പഴം തരാന്‍ പറഞ്ഞുവിട്ടതാണ്,’ എന്നെല്ലാം ചിരിച്ചുകൊണ്ട് കുശലം പറഞ്ഞു അവള്‍.

കുരുവിപ്പെണ്ണിന്റെ ശബ്ദവും അവളുടെ രൂപവും എല്ലാം വലിയ ഇഷ്ടമായി കാക്കക്കുഞ്ഞന്.

‘നമുക്കു കളിക്കാം’ എന്നു പറഞ്ഞു അവന്‍ .
പിന്നെ രണ്ടാളും കൂടി , ‘കാട്ടിപ്പാകാം വീട്ടിപ്പോകാം ,കാട്ടിലെ കുറുക്കനെ കണ്ടാല്‍ പേടിക്കുവോ?’ എന്ന് പാടി പരസ്പരം കണ്ണിലൂതി കളിച്ചു.

കളിച്ചു തളര്‍ന്നപ്പോ അവര്‍ ബാക്കി ചെത്തിപ്പഴവും തിന്ന് കിടന്നുറങ്ങി.
രാവിലെ സൂര്യനുദിച്ചപ്പോഴുണ്ട് കാക്കമ്മ വന്നുകഴിഞ്ഞിരുന്നു.

ഒരു തേങ്ങാപ്പൂള്‍ കാക്കക്കുഞ്ഞനും ഒരു മാങ്ങാപ്പൂള്‍ കരുവിപ്പെണ്ണിനും കൊടുത്ത്, മുള്ളു കൊണ്ടതു കാരണം നീരുവച്ച കാല്‍ നീട്ടിവച്ച് അവള്‍ കൂട്ടില്‍ ഇരുന്നു.

കാക്കക്കുഞ്ഞന്‍ ചെന്ന് അമ്മയുടെ കാല്‍ അവന്റെ കുഞ്ഞിക്കാല്‍ കൊണ്ട് തടവിക്കൊടുത്തു കൊണ്ട് അടുത്തിരുന്നു.

‘ഇനി അമ്മേം കുഞ്ഞനും കൂടി വര്‍ത്തമാനം പറഞ്ഞിരി, ഞാന്‍ പോയി നിങ്ങള്‍ക്ക് രണ്ടാള്‍ക്കും കഴിക്കാന്‍ വല്ലതുമായി നാളെ വരാം’ എന്നു പറഞ്ഞ് കുരുവിപ്പെണ്ണ് യാത്രപറഞ്ഞു പറന്നുപോയി.

അമ്മയ്ക്ക് സുഖമാവുമ്പോള്‍ ആ കുരുവിപ്പെണ്ണിന് എന്തെല്ലാം കൊടുത്താലാണ് മതിയാവുക, ആപത്തുകാലത്ത് നമുക്കവളെത്രയോ ഉപകരിച്ചു എന്ന് കാക്കമ്മ പറഞ്ഞപ്പോ ശരിയാണ്, ശരിയാണ് എന്നു പറയുമ്പോലെ കാറ്റത്ത് ആലിലകളെല്ലാം കൂടി ഇളകിയാടി.

പിന്നെ, പശുവമ്മയും ആടുവൈദ്യനും കുരുവിപ്പെണ്ണും ചേര്‍ന്ന ഈ ലോകം എന്തു നല്ലതാണ് എന്നു വിശദീകരിച്ചു കാക്കമ്മ.

അതെല്ലാം ഒരു കഥ പോലെ കേട്ട് കാക്കക്കുഞ്ഞനോ മെല്ലെ മെല്ലെ ഉറങ്ങിപ്പോയി…

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook