ക്രിസ്മസ് പൂമ്പാറ്റ

ഇന്ന് വാത്സല്യം പ്ളെ സ്‌ക്കൂളില്‍ ഒരു പൂമ്പാറ്റ വന്നു. സ്നാക്സ് കഴിച്ചു കഴിഞ്ഞ് പുറത്തെ വെയിലിലേക്ക് ജനലിലൂടെ നോക്കി വെറുതെ നിന്നപ്പോള്‍ മെഹറാണ് കണ്ടത് സ്‌ക്കൂള്‍ മുറ്റത്തു കൂടി പറക്കുന്ന പൂമ്പാറ്റയെ. ‘വാ, അകത്തേക്ക വാ…’ എന്ന് മെഹര്‍ അതിനെ കൈകാട്ടി വിളിച്ചു.

മെഹര്‍ വിളിച്ചത് മനസ്സിലായിട്ടാണോ എന്തോ അതുടനെ ജനലിലൂടെ അകത്തേക്കു വന്നു. ചക്കിയുടെ തലയ്ക്കു മുകളിലൂടെ അത് പറക്കാന്‍ തുടങ്ങി. ചക്കി കൈയെത്തിപ്പിടിക്കാന്‍ നോക്കിയപ്പോഴത് മുകളിലേക്ക് മുകളിലേക്ക് പറന്നു.

‘അമ്പട വീരാ’ എന്നു വിളിച്ചു ചക്കി അപ്പോഴതിനെ. ‘അമ്പടീ വീരത്തീ’ എന്നാണതിനെ വിളിക്കേണ്ടത് എന്നു പറഞ്ഞു മെഹര്‍.

ചക്കി പിന്നെ അതിനെ ജോര്‍ജ്ജിനും ദ്യുതിക്കും പീറ്ററിനും അങ്കിതയ്ക്കും ലില്ലിക്കും പദ്മയ്ക്കും കാണിച്ചു കൊടുത്തു.

പിന്നെയാ പൂമ്പാറ്റ അവരുടെയെല്ലാമിടയില്‍ കൂടി പറന്നു കളിച്ചു. അവരെല്ലാം ആര്‍ത്തുവിളിച്ചു കൈയടിച്ചു. സ്‌ക്കൂളിന്റെ മുന്‍വശത്ത് തൂക്കിയ ക്രിസ്മസ് നക്ഷത്രത്തില്‍ പറന്നു ചെന്നിരുന്നു അത്.

മെഹറാണതിനെ ക്രിസ്മസ് പൂമ്പാറ്റ എന്നു വിളിച്ചത്. ക്രിസ്മസ് പപ്പയുടെ താടി പോലെ വെളുത്ത നിറമായിരുന്നു അതിന്. എന്നിട്ട് ക്രിസ്മസ് പപ്പയുടെ തൊപ്പിയുടെ പോലെ ചുവന്ന നിറത്തില്‍ രണ്ടു ഡിസൈന്‍.

ക്രിസ്മസ് പപ്പയുടെ പോലെ ചോപ്പും വെള്ളയും നിറത്തില്‍ വന്ന പൂമ്പാറ്റയെ പിന്നെ ക്രിസ്മസ് പൂമ്പാറ്റ എന്നു തന്നെ വിളിക്കണ്ടേ? ക്രിസ്മസ് നക്ഷത്രം കടയില്‍ നിന്ന് പൈസ കൊടുത്ത് വാങ്ങിയതല്ല, എല്ലാരും കൂടിയിരുന്ന് ഉണ്ടാക്കിയതാണെന്നറിഞ്ഞിട്ട് നമ്മുടെ നക്ഷത്രം കാണാന്‍ വന്നതാവും ഈ പൂമ്പാറ്റ എന്നു പറഞ്ഞു അങ്കിത.

അങ്കിത പറഞ്ഞത് ശരിയായിരിക്കും എന്ന് പീറ്ററിനും തോന്നി. ജീനാ മിസാണ് പറഞ്ഞത് എന്തിനാ കുറേ പൈസ കൊടുത്ത് കടയില്‍ നിന്ന് നക്ഷത്രം വാങ്ങുന്നത്? എന്തൊരു വിലയാണ് ഇപ്പോ കടയിലൊക്കെ നക്ഷത്രത്തിന്!എല്ലാവരും കൂടെയിരുന്ന് പേപ്പറും കത്രികയും കുഞ്ഞു മരക്കഷണണങ്ങളും കൊണ്ട് നക്ഷത്രമുണ്ടാക്കുന്നതാണ് രസം.

അങ്ങനെയാണ് സ്‌ക്കൂള്‍ വാനിന്റെ ഡ്രൈവര്‍ പോള്‍ മാമനും ജീനാ മിസും  പ്ളെസ്‌ക്കൂള്‍ കുഞ്ഞുങ്ങളും ചേര്‍ന്ന് ചിരിച്ചും കളിച്ചും ബഹളം വച്ചും നക്ഷത്രമുണ്ടാക്കിയത്.

ഗില്‍റ്റ് പതിപ്പിച്ച് നക്ഷത്രത്തിനെ അലങ്കരിക്കുന്ന ജോലിയായിരുന്നു ജോര്‍ജ്ജിനും മെഹറിനും പീറ്ററിനും അങ്കിതയ്ക്കും ലില്ലിക്കും പദ്മയ്ക്കും ഒക്കെ.
പിന്നെ അവര്‍ ‘ഏലേലയ്യാ ഏലസാ…’ പാടി നിലത്തു നിന്ന് നക്ഷത്രം പൊക്കിയെടുത്ത് സ്റ്റൂളില്‍ കയറിനില്‍ക്കുന്ന പോള്‍ മാമന്റെ കൈയിലേക്ക് കൊടുത്തു.

പോള്‍മാമനാണത് മുന്‍വശത്തെ കൊളുത്തില്‍ തൂക്കിയിട്ടതും ചോന്ന ബള്‍ബിട്ട് തെളിയിച്ചതും. അത് തെളിഞ്ഞപ്പോള്‍ അവരെല്ലാം കൈയടിക്കുകയും ഡാന്‍സ് ചെയ്യുകയും കൂവി വിളിക്കുകയും ചെയ്തു.

priya a s , childrens stories, iemalayalam‘പ്ളെ സ്‌ക്കൂളിനടുത്തുള്ള വീട്ടിലെല്ലാം കടയില്‍ നിന്നു വാങ്ങിയ മെലിഞ്ഞ നക്ഷത്രങ്ങളാണ്, നോക്ക് നമ്മടെ മാത്രം എന്തു വലുതാ,’ എന്നു വരാന്തയില്‍ വന്നു നിന്ന് മറ്റുള്ള കെട്ടിടങ്ങളിലേക്കു നോക്കി കുട്ടികള്‍ പറഞ്ഞു.

മിസ് പറഞ്ഞു, ‘നക്ഷത്രം വാങ്ങാനുള്ള പൈസ നമ്മള് ലാഭിച്ചില്ലേ, നമുക്കതു കൊണ്ട് ഒരു കേക്കുണ്ടാക്കി അഭയയിലെ കുട്ടികള്‍ക്കു കൊണ്ടു ചെന്നു കൊടുക്കാം.’

എന്താണ് അഭയ എന്നു കുട്ടികള്‍ക്കു മനസ്സിലായില്ല. ആരുമില്ലാത്ത കുട്ടികളെ നോക്കി വളര്‍ത്തുന്ന ഇടമാണ് അഭയ എന്നു ജീനാ മിസ് പറഞ്ഞു.

‘ആരോരുമില്ലാത്ത കുട്ടികളോ?’ എന്ന് ജോര്‍ജ്ജിനും മെഹറിനും പീറ്ററിനും അങ്കിതയ്ക്കും ലില്ലിക്കും പദ്മയ്ക്കും ഒക്കെ സങ്കടം വന്നു.

ആക്സിഡന്റിലൊക്കെ അമ്മയുമച്ഛനും മരിച്ചു പോയിക്കാണും അല്ലേ എന്ന് പീറ്റര്‍ ചോദിച്ചു. അസുഖം വന്നു മരിച്ചതാവും എന്നു അങ്കിത പറഞ്ഞു. അതെയതെ എന്ന് ജീനാ മിസ് പറഞ്ഞു.

അവരെല്ലാം ചേര്‍ന്ന് കേക്കും അവരുണ്ടാക്കിയ ഒരു വെള്ള നക്ഷത്രവും കൊണ്ട് അവിടെ ചെല്ലുമ്പോള്‍ ആ കുഞ്ഞുങ്ങളുടെ കണ്ണിലെല്ലാം അത്ഭുതവും സന്തോഷവും നക്ഷത്രങ്ങള്‍ പോലെ തിളങ്ങിവിടരും എന്ന പറഞ്ഞുകൊണ്ട് പോള്‍മാമന്‍ പിന്നെ ആ കുഞ്ഞുങ്ങല്‍ക്കു വേണ്ടിയും നക്ഷത്രമുണ്ടാക്കാന്‍ തുടങ്ങി.

നക്ഷത്രം പോലെ തിളങ്ങുുന്ന കുഞ്ഞിക്കണ്ണുകള്‍ കൊണ്ട് അവര്‍ നമ്മളെ നോക്കും, എന്നിട്ടോടി വന്ന് നമ്മളെ കെട്ടിപ്പിടിക്കും അല്ലേ എന്നു ചോദിച്ചു പദ്മ.

അതെ എന്നു പറയുമ്പോലെ ചിറകനക്കി ആ ക്രിസ്മസ് പൂമ്പാറ്റ അപ്പോള്‍ പദ്മയുടെ പോണിറ്റെയിലിന്റെ തുമ്പത്തുവന്നിരുന്നത് ലില്ലിയാണ് കണ്ടത്.

അവര്‍ പൂമ്പാറ്റ തലമുടിത്തുമ്പിലിരുന്നതിന്റെ ഗമയില്‍ നില്‍ക്കുന്ന പദ്മയ്ക്കു ചുറ്റും വട്ടത്തില്‍ കൂടി നിന്ന് ‘ജിങ്കിള്‍ ബെല്‍ ജിങ്കിള്‍ ബെല്‍ അങ്കിള്‍ സാന്റാക്ളോസ്…’ പാടി.

പാട്ടുതീര്‍ന്നപ്പോള്‍ പൂമ്പാറ്റ ജനലിലൂടെ പുറത്തേക്കു പറന്നു പോയി.
നമ്മള്‍ കേക്കും ക്രിസ്മസ് നക്ഷത്രവുമായി കാണാന്‍ വരുന്നുണ്ട് എന്നു പറയാനായി ആ ആരോരുമല്ലാ കുഞ്ഞുങ്ങളുടെ അടടുത്തേക്കു പോയതാണതെന്ന് പീറ്റര്‍ ഉറപ്പു പറഞ്ഞു.

 ക്രിസ്മസ് മരച്ചോട്ടിലെ പിയാനോ

ഫ്രെഡി ഉറങ്ങാന്‍ കിടക്കുകയായിരുന്നു. ക്രിസ്മസ് പപ്പയുടെ ഫോണ്‍ നമ്പര്‍, അപ്പയുടെ ഫോണ്‍ മുഴുവന്‍ തപ്പിയിട്ടും അവന് കിട്ടിയില്ല.

എന്നാല്‍പ്പിന്നെ ഒരു ഇ-മെയിലയയ്ക്കാം ക്രിസ്മസ് പപ്പയ്ക്ക് എന്നു വിചാരിച്ച് എപ്പോഴും ലാപ് റ്റോപ്പിന്റെ മുന്നില്‍ തപസ്സിരിക്കുന്ന ലീനച്ചേച്ചിയുടെ അടുത്തു ചെന്ന്  ക്രിസ്മസ് പപ്പയുടെ ഇ-മെയില്‍ ഐഡി ചോദിച്ചു നോക്കി അവന്‍.

അപ്പാള്‍ ലീനച്ചേച്ചി, ‘ചെക്കാ നിനക്കെന്താ വേറെ പണിയൊന്നുമില്ലേ, പോയി കെടന്നൊറങ്ങാന്‍ നോക്ക്,’ എന്ന് ദേഷ്യക്കാരിയായി.

ലീനച്ചേച്ചി ദേഷ്യപ്പെട്ടു എന്നുമ്പറഞ്ഞ് ഉറക്കെ കരഞ്ഞാലോ, അപ്പയെക്കൊണ്ടവളെ വഴക്കു കേള്‍പ്പിച്ചാലോ എന്ന് ഒരു നിമിഷം ആലോചിച്ചു ഫ്രെഡി. പിന്നെ വേണ്ട എന്നു തീരുമാനിച്ചു.

അല്ലെങ്കിലേ തൊണ്ടയ്ക്കൊരു വേദനയുണ്ട്. കരഞ്ഞുകൂവിയാലത് കൂടും. അപ്പ കൊണ്ടുവന്നു ഫിഡ്ജില്‍ വച്ചിരിക്കുന്ന ഐസ്‌ക്രീം മുഴുവന്‍ പിന്നെ ലീനച്ചേച്ചി, ‘തൊണ്ടവേദനയുള്ളവരൊന്നും ഐസ്‌ക്രീം തിന്നാന്‍ പാടില്ല,’ എന്നു പറഞ്ഞ് അവനൊരു തരി പോലും കൊടുക്കാതെ സാപ്പിടും. അങ്ങനെ രസിക്കണ്ട ലീനച്ചേച്ചി. അതു കൊണ്ട് ഫ്രെഡി കരഞ്ഞില്ല.

നേരെ അകത്തുവന്ന് കിടക്കയില്‍ കിടന്നു അവന്‍… പിന്നെ കുറച്ചുനേരം തിരിഞ്ഞും മറിഞ്ഞും കിടന്നവനാലോലിച്ചു. എങ്ങനെ കിട്ടും ക്രിസ്മസ് പപ്പയുടെ അഡ്രസ്?

പിന്നെ അവന്‍ എണീറ്റിരുന്ന് റ്റേബിള്‍ ലാംപ് ഓണ്‍ ചെയ്തു. എന്നിട്ട് അച്ഛന്റെ എഴുത്തപേപ്പറില്‍ നിന്നൊരെണ്ണെമടുത്ത് എഴുതാന്‍ തുടങ്ങി.

‘ഭയങ്കര കഷ്ടമാണ് ഇവിടെ, ആരോടു ചോദിച്ചിട്ടും ക്രിസ്മസ് പപ്പയുടെ ഫോണ്‍ നമ്പറും ഇ-മെയില്‍ ഐഡിയും കിട്ടുന്നില്ല. അതിനൊക്കെ മുമ്പേയുള്ള കാലത്തിലെ ആളാ ക്രിസ്മസ് പപ്പ എന്നാ എല്ലാവരും പറയുന്നത്.’

‘ഞാനേ ക്രിസ്മസ് പപ്പു, നിങ്ങള്‍ക്ക് ‘ക്രിസ്മസ് പപ്പ, മഞ്ഞുരാജ്യം’ എന്ന അഡ്രസില്‍ ഒരു കത്തെഴുതാന്‍ പോകുവാ, നിങ്ങളുടെ കാലത്ത് കത്തും അഡ്രസും ഒക്കെ ഒണ്ടായിരുന്നു എന്നെനിക്ക് നല്ല തീര്‍ച്ചയാ.

‘അതേ ക്രിസ്മസ് പപ്പാ എനിക്കിത്തവണ സാധാരണ പോലുള്ള സമ്മാനം ഒന്നും വേണ്ട. സാധാരണ ക്രിസ്മസിന്റന്ന് രാവിലെ ഞാനെണീക്കുമ്പോ, ക്രിസ്മസ് ട്രീയുടെ താഴെ വര്‍ണ്ണക്കടലാസിനുള്ളില്‍പ്പൊതിഞ്ഞ് എനിക്ക് കളിപ്പാട്ടങ്ങളും തൊപ്പിയും ഷൂവും കഥാപ്പുസ്തകവും ഒക്കെയാണല്ലോ നിങ്ങള്‍ വയ്ക്കാറ്… അതൊക്കെ എനിക്കിഷ്ടം പോലെ ഉണ്ട്. ഇതൊക്കെത്തന്നെ അപ്പ എപ്പോഴും വാങ്ങിത്തരാറുമുണ്ട്. നല്ല അപ്പയാണ് .എന്തു പറഞ്ഞാലും വാങ്ങിത്തരും. എവിടേക്കു പോണം എന്നു പറഞ്ഞാലും കൊണ്ടു പോകും . പക്ഷേ ക്രിസ്മസ് പപ്പാ, എനിക്കൊരു അമ്മയില്ല എന്നറിയാമല്ലോ…’

‘അമ്മയുടെ ഉമ്മയ്ക്ക് എന്തൊരു തണപ്പാണ്’ എന്നാണ് എന്റെ ക്ളാസിലെ ജിഷ പറയുന്നത് അമ്മമാര്‍ ഉണ്ടാക്കുന്ന ഇഡ്ഢലിക്കും ചിക്കന്‍ കറിക്കും എന്തൊരു സ്വാദാണെന്നാണ് ക്ളാസിലെ ജീവലും പറയാറ്. ഇവിടെ ജോലിക്കാരിയമ്മയാണല്ലോ എല്ലാം ഉണ്ടാക്കുന്നത്.’

‘അപ്പയുടെ ഉമ്മയ്ക്ക് ചൂടാണോ തണുപ്പാണോ എന്നറിയാന്‍ പറ്റാറില്ല. അപ്പയുടെ ഉമ്മയില്‍ നിറയെ മീശയുടെ കുത്തലാണ്. എനിക്കൊരു അമ്മയെ ഗിഫ്റ്റായിത്തരാമോ ക്രിസ്മസ് പപ്പാ?’

‘അമ്മയെക്കൊണ്ട് നല്ല തണുപ്പുള്ള കുറേ ഉമ്മകള്‍ ഞാന്‍ ക്രിസ്മസ് പപ്പയ്ക്കും തരുവിക്കാം. ചൂടിഡ്ഢലിയും ചിക്കന്‍ കറിയും തരുവിക്കുകയും ചെയ്യാം. പ്ളീസ് ഇത്തവണ എനിക്ക് സമ്മാനമായി അമ്മ മതി എന്നു പറയാനാണ് ഈ കത്ത്.’

അത്രയും എഴുതിയപ്പോള്‍ ,ഫ്രെഡിക്കുറക്കം വന്നു. ഉറങ്ങിപ്പോയി ഫ്രെഡി അതിവേഗം.priya a s , childrens stories, iemalayalam

ഉറങ്ങുമ്പോഴൊക്കെ ഫ്രെഡി അമ്മയെ സ്വപ്നം കണ്ടു .ക്രിസ്മസ് പപ്പ ഒരു അമ്മയെ സമ്മാനമായി തരുമ്പോള്‍, ചുവപ്പും വെള്ളയും കലര്‍ന്ന ഒരു സാറ്റിന്‍ റിബണ്‍ അമ്മയുടെ തലമുടിയില്‍ കെട്ടിയിട്ടുണ്ടാവും ക്രിസ്മസ് പപ്പ എന്നും ആ റിബണില്‍ ‘മെറി ക്രിസ്മസ്  ഫ്രെഡി,’ എന്ന് എഴുതിയിട്ടുണ്ടാവുമെന്നും ഫ്രെഡി സ്വപ്നത്തില്‍ വിചാരിച്ചു.

പിന്നെ ഫ്രെഡിയുടെ അപ്പയും ഉറങ്ങാന്‍ വരികയും അവന്‍ കൈയില്‍ പിടിച്ചിരുന്ന കടലാസെടുത്തു മാറ്റും വഴി അതിലെ വരികള്‍ വായിക്കുകയും എന്തു ചെയ്യണം എന്നു വിഷമിച്ച് കുറച്ചു നേരമിരിക്കുകയും ചെയ്തു.

പിറ്റേന്നു രാവിലെ ഒരു തണുപ്പുള്ള ഉമ്മ കിട്ടിയാണ് ഫ്രെഡി ഉണര്‍ന്നത്. ക്രിസ്മസ് അമ്മ ഇത്ര വേഗം എത്തിയോ എന്നു വിചാരിച്ച് ചാടി എണീറ്റിരുന്ന് നോക്കുനോഴുണ്ട് അപ്പ, അപ്പയാണ് ഉമ്മ വച്ചത്.

അപ്പയുടെ മുള്ളന്‍ മീശ കാണാനില്ലായിരുന്നു. എവിടെപ്പോയി മീശ എന്നു വിചാരിച്ചു ഫ്രെഡി.

അപ്പോള്‍ അപ്പ പറഞ്ഞു ‘ക്രിസ്മസ് പപ്പ വന്നിരുന്നു ഇന്നലെ… മോനുറങ്ങുകയായിരുന്നല്ലോ. അപ്പോള്‍ ഞാന്‍ വായിച്ചോണ്ടിരിക്കുകയായിരുന്നു. ഫ്രെഡിക്കുഞ്ഞന്റെ നെറ്റിയില്‍ തലോടി എന്നെ ഒന്നു കെട്ടിപ്പിടിച്ച് ഇവിടെ നിലത്തിരുന്നു ക്രിസ്മസ് പപ്പ. എന്നിട്ട് പറഞ്ഞു -ക്രിസ്മസ് അമ്മയെ ഒക്കെ സമ്മാനച്ചാക്കിലാക്കി ഇത്രദൂരേന്നു വരാന്‍ വിഷമമാണ്. അതു കൊണ്ട് അമ്മമാര്‍ പറഞ്ഞ കഥകള്‍ എന്നൊരു പുസ്തകം കൊണ്ടുവന്നിട്ടുണ്ട്. അതില്‍ മുഴുവന്‍ അമ്മമാരുടെ ഉമ്മയും തലോടലും കെട്ടിപ്പിടിക്കലുമുണ്ട്.അമ്മമാര്‍ വഴക്കുപറയുകയും പിണങ്ങുകയും ചിലപ്പോഴൊക്കെ രണ്ടടി കൊടുക്കുകയും ചെയ്യാറുണ്ട് അച്ഛന്മാരെപ്പോലെ എന്നു കൂടി ഫ്രെഡിയോട് പറയണം…’ എന്ന് ഒരു കള്ളച്ചിരിയോടെ ക്രിസ്മസ് പപ്പ പറഞ്ഞത് പറയുമ്പോള്‍ അപ്പയുടെ മുഖത്തുമുണ്ടായിരുന്നു, ഒരു കള്ളച്ചിരി എന്നു ഫ്രെഡിക്കു തോന്നി.

അമ്മ വായിച്ചിരുന്ന പോലുള്ള ഒരു പിയാനോ ആണ് ക്രിസ്മസ് പപ്പ ഫ്രെഡിക്ക് സമ്മാനമായി കൊണ്ടുവന്നത് എന്ന് പറഞ്ഞ് അപ്പ.

ഫ്രെഡിയെ ക്രിസ്മസ് ട്രീയുടെ ചുവട്ടില്‍ നല്ല ചുവപ്പു മിമനുമിനാ പേപ്പറില്‍ പൊതിഞ്ഞ് വച്ചിരക്കുന്ന പിയാനോയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോകും വഴിയേ ഫ്രെഡി ചോദിച്ചു. ‘അപ്പയ്ക്കെന്താ കൊണ്ടുവന്നത് ക്രിസ്മസ് പപ്പ…’

എന്നിട്ട് അപ്പയ്ക്കുത്തരം പറയാനിട കൊടുക്കാതെ കൈ കൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞു, ‘എനിക്കറിയാം ഒരു റേസറല്ലേ…? അതു കൊണ്ട് മീശ വടിച്ചു കളഞ്ഞ് ഫ്രെഡിക്ക് തണുത്ത ഉമ്മ കൊടുക്കാന്‍ പറഞ്ഞു അല്ലേ ക്രിസ്മസ് പപ്പ?’

അപ്പ ഒരു ചിരിയോടെ അവന്റെ വിരലെടുത്ത് പിയാനോ കീയില്‍ വയ്ക്കെ, ഉയര്‍ന്ന താളം ശ്രദ്ധിച്ച് ഫ്രെഡി നിന്നു.

‘ഇതാണോ അമ്മയുടെ ശബ്ദം,’ ഫ്രെഡി ചോദിച്ചു.

അപ്പ തലയാട്ടി. ‘താങ്ക് യു ക്രിസ്മസ് പപ്പ’ എന്ന് ഫ്രെഡി ഉറക്കെയുറക്കെ വിളിച്ചു പറഞ്ഞു.

‘ഈ അമ്മപ്പിയാനോയില്‍ നിന്നു വരുന്ന സംഗീതം കേട്ടാല്‍ ഇഡ്ഢലിയും ചിക്കന്‍ കറിയും താനേ സോഫ്റ്റാകും അല്ലേ പപ്പാ…’ എന്നവന്‍ ചോദിച്ചപ്പോള്‍, അപ്പ അവന് പിന്നെയും കൊടുത്തു ഒരു ഒരു മീശക്കുരുകുരുപ്പില്ലാത്ത തണുത്ത അമ്മയുമ്മ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook