ബൈ ഡിസംബര്‍

രേണു അവളുടെ ഡയറി തുറന്നു. എന്നിട്ട് ഡിസംബര്‍ 31 എന്ന പേജെടെുത്തു തുറന്നുവച്ചു. എന്നിട്ടെഴുതി. നാളെ ജനുവരി ഒന്നാണ്. പുതിയ വര്‍ഷം തുടങ്ങുകയാണ്.

ഇന്ന് വെകുന്നരേം ഞങ്ങള്‍ ബീച്ചില്‍ പോയി. ഞാനും അമ്മയും അന്നുവും അച്ഛനും.

ഞങ്ങള്‍ രണ്ട് പട്ടം വാങ്ങി. ഞാനും അമ്മയും ഒരു നീല പട്ടം പറത്തിയപ്പോള്‍, അച്ഛനും അമ്മയും കൂടി ഒരു പച്ച പട്ടം പറത്തിരസിച്ചു.

പച്ചപ്പട്ടത്തിന്റെ ചരടും ഒരു പരുന്താകൃതിപ്പട്ടത്തിന്റെ ചരടും തമ്മില്‍ കെട്ടുപിണഞ്ഞു രണ്ടു പട്ടത്തിന്റെയും നൂല്‍ പൊട്ടിപ്പോയി.

എന്റെയും അമ്മയുടെയും നീലപ്പട്ടം എല്ലാപ്പട്ടങ്ങളോടും മത്സരിച്ച് മത്സരിച്ച് മുകളിലേക്ക് പൊങ്ങുന്നതും നോക്കി കടലോരത്ത് കളിച്ചുകൊണ്ടിരുന്ന  കുട്ടികള്‍ കൈയടിച്ചു ചിരിച്ചു കൂൂവിയാര്‍ത്തു. പോരാന്നേരം ഞങ്ങളവര്‍ക്കാ പട്ടം കൊടുത്തു. അവര്‍ക്ക് ഒരു പാടു സന്തോഷമായി. അവര്‍ ഞങ്ങള്‍ക്ക് നല്ല ഭംഗിയുള്ള കക്കകള്‍ തന്നു.

priya a s ,childrens stories, iemalayalam

അന്നേരം ആകാശത്തില്‍ സൂര്യന്‍ പഴുത്തു തുടുത്ത ഒരു വലിയ ഓറഞ്ച് പോലെ എന്നെത്തന്നെ നോക്കിനില്‍ക്കുന്നതായി എനിക്കു തോന്നി. എന്താണ് പുതുവര്‍ഷത്തില്‍ ചെയ്യാന്‍ പോകുന്ന നല്ല കാര്യം എന്നു ചോദിക്കുകയാണ് സൂര്യന്‍ എന്നമ്മ പറഞ്ഞു.

എല്ലാ പുതുവര്‍ഷത്തിലും അച്ഛനോട് വാശി പിടിച്ച് പുതിയ ഡയറി വാങ്ങുന്നതല്ലാതെ അതിലൊന്നും എഴുതിക്കാണാറില്ലല്ലോ എന്ന് സൂര്യന്‍ എന്നെ കളിയാക്കുന്നുമുണ്ട് എന്ന് അമ്മ പറഞ്ഞു.

ശരിയാണ് ജനുവരിയാല്‍ കഷ്ടിച്ച് ഒരു പത്തു ദിവസം ഡയറിയെഴുതി പിന്നെ അതടച്ചു വയ്ക്കാറാണ് പതിവ്. അത് ശരിയല്ല എന്ന് അച്ഛനും സൂര്യനും കടലും പറഞ്ഞു. ഡയറി എഴുതിയാല്‍ ഒരു പാടു ഗുണങ്ങളുണ്ട്. മറവി വരാതിരിക്കും. ജീവിതത്തിന് ഒരു ചിട്ട വരും.

വീട്ടിലെത്തിയതും, അച്ഛനും അമ്മയും അന്നുവും ഒത്ത് ഈ കടല്‍ത്തീരത്ത് വന്നിങ്ങനെ പട്ടം പറത്തിയതിന്റെ ഓര്‍മ്മ സൂക്ഷിച്ചു വയ്ക്കാന്‍ വേണ്ടി ഞാന്‍ എന്റെ ഡയറി തുറന്ന് എഴുതാനിരിക്കുകയാണ്.

തിരിച്ചുപോരുമ്പോള്‍ അച്ഛന്‍ എനിയ്ക്ക് പുതുവര്‍ഷത്തിലെഴുതാനായി പുതിയ ഡയറി വാങ്ങിത്തന്നു. നല്ല നീല പുറംചട്ടയുള്ള ഡയറി. അതിലാണ് നാളെ മുതല്‍ ഞാനെഴുതുക.

ഡയറിഎഴുതുന്നത് മറന്നു പോകാതിരിക്കാനായി ഞാന്‍ എന്റെ റ്റൈംപീസില്‍ അലാം വച്ചിട്ടുണ്ട് രാത്രി എട്ടുമണിയ്ക്ക്.

നല്ല ഓര്‍മ്മയുള്ള കുട്ടിയായി, നല്ല ചിട്ടയുള്ള കുട്ടിയായി വളര്‍ന്നാല്‍ ഞാന്‍ മുറ്റത്തു നട്ട മുല്ല പെട്ടെന്ന് പൂക്കുമായിരിക്കും എന്നെനിയ്ക്ക് തോന്നുന്നു. ഞാന്‍ ഡയറി എഴുതാനിരിക്കുമ്പോള്‍ ഈ ജനല്‍ കടന്ന് മുല്ലപ്പൂക്കളുടെ മണം വന്ന് എന്നെ തൊടും. എന്തൊരു രസമായിരിയ്ക്കും അത് എന്നോര്‍ത്ത് എന്റെ ഡിസംബര്‍ ഡയറീ, ഞാന്‍ നിന്നെ അടച്ചു വയ്ക്കുന്നു.

ഇനി ഞാനുറങ്ങട്ടെ. നാളെ പുതിയ വര്‍ഷത്തിന്റെ ഡയറിയില്‍ നമുക്കു കാണാം. അതു വരെ ബൈ.

വിട, പ്‌ളാാസ്റ്റിക്

മിഴിയ്ക്ക് രാവിലെ സ്‌ക്കൂളില്‍ പോകുമ്പോള്‍ ഇന്നൊരു ചാര്‍ട്ട് പേപ്പര്‍ കൊണ്ടു പോകാനുണ്ട്.

‘പ്‌ളാസ്റ്റിക് നിരോധനം കേരളത്തില്‍ 2020 ജനുവരി ഒന്നുമുതല്‍’ എന്ന ഒരു പ്രൊജെക്റ്റ്, നല്ല മഞ്ഞ ചാര്‍ട്ട് പൈപ്പറില്‍ പല നിറത്തിലെ സ്‌ക്കെച്ച് പെന്‍ കൊണ്ട് ഭംഗിയായി എഴുതിയും വരച്ചും ഉണ്ടാക്കാന്‍ മിഴിയെ അമ്മയാണ് ഹെല്‍പ്പ് ചെയ്തത്.

നമ്മുടെ വഴികളിലുടനീളം ആളുകള്‍ കൊണ്ടുചെന്നിടുന്ന പ്‌ളാസ്റ്റിക് മാലിന്യക്കൂമ്പാരം, പ്‌ളാസ്റ്റിക് കവറുകള്‍ തിന്ന് ചത്ത ആടുകള്‍ ആനകള്‍ മീനുകള്‍, നമ്മുടെ നിരത്തുകളിലെ വൃത്തികെട്ട മണം കാരണം മൂക്കു പൊത്തി വിദേശടൂറിസ്റ്റുകള്‍ നടക്കുന്ന രംഗം, ഫോര്‍ട്ട് കൊച്ചി കടപ്പുറത്തെ പ്‌ളാസ്റ്റിക് കൂമ്പാരം ഒരു വിദേശവനിത തനിയെ നിന്നു വൃത്തിയാക്കാന്‍ തുടങ്ങുമ്പോള്‍ നാട്ടുകാരും അതില്‍ വന്നു ചേരുന്നത്, ഒഴിഞ്ഞ പ്‌ള്സ്റ്റിക് കുപ്പികള്‍ ആളുകള്‍ വലിച്ചെറിഞ്ഞതു കാരണം ഒഴുകാന്‍ പറ്റാതെ കിടക്കുന്ന വേമ്പനാട്ടുകായല്‍-അങ്ങനെ ഒത്തിരി ഒത്തിരി പേപ്പര്‍ കട്ടിങ്ങുകള്‍ മിഴിയ്‌ക്കെടുത്തു കൊടുത്തത് അമ്മയാണ്.

എല്ലാം വൃത്തിയായി വെട്ടിയെടുത്തതും നേരാംവണ്ണം ഒട്ടിച്ചതും ‘പ്‌ളാസ്റ്റിക് രഹിത കേരളം’ എന്ന് പല നിറത്തില്‍ തലക്കെട്ടെഴുതിയതും പ്‌ളാസ്റ്റിക് ഒഴിവാക്കാനുള്ള വഴികളെക്കുറിച്ച് കൊച്ചുകൊച്ചുു കുറിപ്പുകള്‍ എഴുതിയതും ഒക്കെ മിഴി തന്നെയാണ്.

അല്ലെങ്കിലും അങ്ങനെയാണല്ലോ വേണ്ടത്. അമ്മയോ അച്ഛനോ സഹായിയ്ക്കും, കുട്ടികള്‍ തന്നെയാണ്  പ്രൊജക്റ്റ് പണികളെല്ലാം ചെയ്യേണ്ടത്.

priya a s , childrens stories, iemalayalam

എപ്പോള്‍ പുറത്തേക്കു പോകുമ്പോഴും എളുപ്പം മടക്കി നന്നായി ഒതുക്കി വയ്ക്കാവുന്ന ഒരു പേപ്പര്‍ കവറോ തുണി സഞ്ചിയോ നമ്മുടെ കൂടെ കരുതുക എന്നു പറഞ്ഞ് മിഴി  കുറേ പടവും വരച്ചു.

പച്ചക്കറിക്കടയില്‍ പോകുമ്പോള്‍ പാന്റ്‌സിന്റെ പോക്കറ്റില്‍ മടക്കി ചെറുതാക്കാന്‍ പറ്റുന്നവിധമുള്ള തുണിസഞ്ചി് വയ്ക്കാന്‍ ഓര്‍മ്മിക്കുന്ന അച്ഛന്‍, കാറില്‍ എവിടെ പോകുമ്പോഴും തുണി സഞ്ചികള്‍ ഒന്നുരണ്ടെണ്ണം ഡിക്കിയിലോ ഡാഷ്‌ബോര്‍ഡിലോ കരുതുന്ന അമ്മ.

മീന്‍ വാങ്ങാനച്ഛനും മിഴിയും കൂടി പോകുമ്പോള്‍ പിടിയുള്ള തുക്കുപാത്രം കൈയിലെടുക്കാന്‍ അച്ഛനെ ഓര്‍മ്മിപ്പിയ്ക്കുന്ന മിഴി, മിഴിയുടെ സ്‌ക്കൂളിലേക്കുള്ള നീളന്‍ പ്രജക്റ്റ് ചാര്‍ട്ടുകള്‍ കൊണ്ടുപോകാനായി ന്യൂസ് പേപ്പര്‍ വെട്ടി നീളന്‍ കവര്‍ ചാര്‍ട്ടിനുപാകത്തില്‍ ഒന്നിച്ചിരുന്നുണ്ടാക്കുന്ന അച്ഛനും അമ്മയും മിഴിയും- അങ്ങനെ എത്ര പടങ്ങളാണ് മിഴി ചാര്‍ട്ടില്‍ വരച്ചു ചേര്‍ത്തതെന്നോ!

മിഴിയുടെ സ്‌ക്കൂളില്‍ പണ്ടുമുതലേ തന്നെ പ്‌ളാസ്റ്റിക് നിരോധനമുണ്ട്. മിഴിയൊക്കെ ചോറു കൊണ്ടു പോകുന്നതും ചപ്പാത്തികൊണ്ടുപോകുന്നതും സ്‌നാക്‌സ് കൊണ്ടു പോകുന്നതും ഒക്കെ സ്റ്റീല്‍ പാത്രങ്ങളിലാണ്.

വെള്ളം കൊണ്ട പോകുന്നത് സ്റ്റീല്‍ കുപ്പിയിലുമാണ്. പ്‌ളാസ്റ്റിക് പാത്രങ്ങള്‍ പൊട്ടിയാല്‍ എവിടെ കളയും? അതൊന്നും ഭൂമിയമ്മയുടെ ശരീരത്തിലേയ്ക്ക് അലിഞ്ഞു ചേരില്ലല്ലോ. അതാണല്ലോ പ്‌ളാസ്റ്റിക് നിരോധനം കൊണ്ടു വരുന്നതു തന്നെ.

ഭൂമിയമ്മയ്ക്ക് അലിയിച്ചു തന്റെ ശരീരത്തിലേയ്ക്ക് വലിച്ചെടുക്കാന്‍ പറ്റും ന്യൂസ് പേപ്പര്‍ കവറുകളെ. തുണിസഞ്ചിയാണെങ്കില്‍ കഴുകി വീണ്ടും വീണ്ടുമുപയോഗിക്കുകയും ചെയ്യാം.

പ്‌ളാസ്റ്റിക് കത്തിച്ചു കളയാനും പറിറ്റില്ലല്ലോ. നിറയെ വിഷവാതകങ്ങളല്ലേ പ്‌ളാസ്റ്റിക് കത്തിക്കുമ്പോള്‍ ഉണ്ടാവുക! അതൊക്കെ ശ്വസിച്ചാല്‍ എന്തൊക്കെ അസുഖങ്ങളാണുണ്ടാവുക എന്നാരു കണ്ടു!

അതു കൊണ്ട് പ്‌ളാസ്റ്റിക് വേണ്ടേ വേണ്ട. ഭൂമിയമ്മയ്ക്കും നമുക്കും ശ്വസിയ്ക്കാന്‍ ശുദ്ധവായു വേണമെങ്കില്‍ പ്‌ളാസ്റ്റിക് കത്തിക്കാതിരിക്കണം.

പ്‌ളാസ്റ്റിക് റീസൈക്കിള്‍ ചെയ്ത് നമുക്ക് ഉപകാരമുള്ള പലതും നിര്‍മ്മിയ്ക്കാം. അതാണ് വഴിയേ നടന്ന് പ്‌ളാസ്റ്റിക് പെറുക്കി ചാക്കില്‍ നിറച്ചു കൊണ്ടു വേലായുധന്മാമന്‍ പോകുന്നത്. അങ്ങനെ പ്‌ളാസ്റ്റിക് ശേഖരിച്ചു കൊടുത്താല്‍ വേലായുധമ്മാമന് പൈസയും കിട്ടും, ഭൂമിയമ്മയ്ക്ക് ആശ്വാസമാവുകയും ചെയ്യും .

priya a s , childrens stories, iemalayalam

പ്‌ളാസ്റ്റിക് പെറുക്കിയാല്‍ രണ്ടുണ്ട് കാര്യം എന്നു മുദ്രാവാക്യം വിളിയ്ക്കുന്ന വേലായുധമ്മാമനായി മാധവ് രംഗത്തു വരുന്ന ഒരു തെരുവുനാടകവുമുണ്ട് ഇന്നു സ്‌ക്കൂളില്‍ പ്‌ളാസ്റ്റികിനെതിരായി.

ഭൂമിയമ്മയായി അഭിനയിക്കുക മിഴിയാണ്. നാടകം എഴുതുന്ന അമ്മു റ്റീച്ചര്‍, കുട്ടികളോരോരുത്തരും പറയുന്ന കാര്യങ്ങളൊക്കെ ചേര്‍ത്താണ് നാടകമെഴുതാറ്. സ്‌ക്കൂളിലെ ഞാവല്‍മരമുണ്ടല്ലോ, അതിന്റെ താഴെയാണ് നാടകം. ഉച്ചയ്ക്ക്. രണ്ടുമണിയ്ക്ക്.

തട്ടകം എന്നാണ് ഞാവല്‍മരത്തിന്റെ താഴെയുള്ള ഇടത്തിന് അമ്മുറ്റീച്ചറിട്ടിരിയ്ക്കുന്ന പേര്. നാടകം കളിയ്ക്കുമ്പോഴാണ് ഞാവല്‍മരത്തിനാപ്പേര്.  അല്ലാത്തപ്പോഴൊക്കെ അത് വെറും ഞാവല്‍മരം മാത്രം.

വൈകുന്നേരം ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ ഒന്നു കൂടെ കളിയ്ക്കും നാടകം. എല്ലാവരും വരണേ മിഴിയുടെയൊക്കെ നാടകം കാണാന്‍. എന്നിട്ടഭിപ്രായം പറയണേ…

എന്തെങ്കിലും ഡയലോഗ് ചേര്‍ക്കാന്‍ തോന്നുന്നുണ്ടെങ്കില്‍, നാടകം തീരുമ്പോ അമ്മുറ്റീച്ചറിനോടു പറയണേ. അടുത്തതവണ കളിക്കുമ്പോള്‍ റ്റീച്ചറത് നാടകത്തില്‍ ചേര്‍ക്കും. അങ്ങനെയാണ് മിഴിയുടെയൊക്കെ നാടകം. എപ്പോഴും എന്നും മാറിമറിയുന്ന നാടകം…

നാടകം കാണാന്‍ വരുന്നവരാരും ദാഹിയ്ക്കുമ്പോള്‍ കുടിക്കാനായി വെള്ളം പ്‌ളാസ്റ്റിക് കുപ്പിയില്‍ വാങ്ങിക്കൊണ്ടുവരല്ലേ,എന്നിട്ടവിടെയുമിവിടെയും കുപ്പി വലിച്ചെറിയല്ലേ…ഒരു കുപ്പി, സ്ഥിരം ബാഗില്‍ വച്ചേക്കണം. അതില്‍ നിന്നേ വെള്ളം കുടിക്കാവൂ.

പ്‌ളാസ്റ്റിക് ബോട്ടിലിന്റെ ഉപയോഗം അങ്ങനെയങ്ങനെ നമുക്കു കുറച്ചു കുറച്ചു കൊണ്ടു വരണം. ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഒരു പ്‌ളാസ്റ്റിക് കവറും പ്‌ളാസ്റ്റിക് ബോട്ടിലും നമുക്ക് വേണ്ടേ വേണ്ട…

‘അപ്പോ ബൈ ബൈ പ്‌ളാസ്റ്റിക്… വിട, പ്‌ളാസ്റ്റിക്. ‘ അതാവട്ടെ നമ്മുടെ 2020 ലെ പ്രതിജ്ഞ.

ആ ശബ്ദം നാടകത്തില്‍ കേള്‍ക്കുമ്പോഴേ ഓര്‍ത്തോളണം, അതു നമ്മുടെ മിഴിയുടെ ഒച്ചയാണ്. ക്‌ളാസില്‍ ഏറ്റവും മുഴക്കമുള്ള ശബ്ദക്കാരി മിഴിയായതിനാല്‍ ആണ് അമ്മു റ്റീച്ചറവളെത്തന്നെ അതിനായി തിരഞ്ഞെടുത്തത്.

അപ്പോ മറക്കല്ലേ നാടകത്തിന്റെയും പ്‌ളാസ്റ്റിക്കിന്റെയും കാര്യം. വൈകുന്നേരം കാണാമേ ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ വച്ച്…

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook