അഞ്ചാം പിറന്നാള്‍

അമ്മിണിയുടെ അഞ്ചാം പിറന്നാളായിരുന്നു.

അമ്മിണി എഴുന്നേറ്റു വന്നപ്പോള്‍ത്തന്നെ, അപ്പൂപ്പനും അമ്മൂമ്മയും അമ്മയും ‘ഹാപ്പി ബര്‍ത്‌ഡേ’ വിഷ് ചെയ്ത് അമ്മിണിയെ കെട്ടിപ്പിടിച്ചുമ്മ വച്ചു. അമ്മ, അമ്മിണിക്കേറ്റവും ഇഷ്ടമുള്ള കാറായ ഇന്നോവയുടെ ആകൃതിയിലുള്ള ബര്‍ത്‌ഡേ കേക്കാണ്  ഓര്‍ഡര്‍ ചെയ്തിരുന്നത്.

അപ്പൂപ്പനും അമ്മൂമ്മയും കൂടി അവള്‍ക്ക് ഷൂ ആണ് പിറന്നാള്‍ സമ്മാനമായി കൊടുത്തത്.

അടുത്ത വീട്ടിലെ രണ്ടാം ക്ലാസുകാരന്‍ ആദിത്യന്‍ ചേട്ടന്‍, ഓലകൊണ്ടുള്ള ഒരു പന്തും വാച്ചും ഉണ്ടാക്കിക്കൊടുത്തു പിറന്നാള്‍ക്കുട്ടിക്ക്. അഞ്ചു മെഴുകുതിരി കേക്കില്‍ കുത്തി നിര്‍ത്തിയതും ആദിത്യന്‍ ചേട്ടനാണ്. കത്തിച്ച മെഴുകുതിരി അമ്മിണി ഊതിക്കെടുത്തിയപ്പോള്‍, ആദിത്യന്‍ ഓലപ്പീപ്പി വിളിക്കുകയും അപ്പൂപ്പനും അമ്മൂമ്മയും അമ്മയും ചേര്‍ന്ന് ‘ഹാപ്പി ബര്‍ത് ഡേ റ്റു അമ്മിണിക്കുട്ടീ’ എന്ന് പാടുകയും ചെയ്തു.

പിന്നെ കാര്‍-കേക്കിലെ നാലു വീലുകള്‍ മുറിച്ചെടുത്ത് ‘രണ്ടെണ്ണം എനിക്ക്, രണ്ടെണ്ണം നിനക്ക്’ എന്നു പറഞ്ഞ് നുണഞ്ഞ് ആദിത്യനും അമ്മിണിയും കൂടി ചവിട്ടുപടിയിലിരുന്നു.

അച്ഛനും ചിറ്റയും പിറന്നാളാഘോഷത്തിനിത്തവണ ഇല്ല എന്നു സങ്കടം വന്നു എപ്പോഴോ അമ്മിണിയ്ക്ക്.

‘സാരമില്ല അച്ഛന്‍ വരാതിരുന്നതല്ലല്ലോ, ആക്‌സിഡന്റില്‍ മരിച്ചു പോയതു കൊണ്ടല്ലേ?’ എന്ന് ചോദിച്ചു ആദിത്യന്‍.

‘അപ്പോ ചിറ്റയോ എന്നു ചോദിച്ച്,’  അമ്മിണി ആദിത്യനെ നോക്കി.

‘ചിറ്റ നിന്റെ അമ്മയോട് ഓരോ നിസ്സാര കാര്യം പറഞ്ഞ് പിണങ്ങി മാറി നില്‍ക്കുവല്ലേ, നമുക്കെന്തു ചെയ്യാന്‍ പറ്റും?’ എന്ന് ചോദിച്ചു ആദിത്യന്‍.

‘ആരൊക്കെ ഇല്ല എന്നാലോചിക്കണ്ട, ആരൊക്കെ ഉണ്ട് എന്നാലോചിക്ക് അമ്മിണിക്കുട്ടീ’ എന്നു പറഞ്ഞ് അപ്പോഴതുവഴി വന്നു മുത്തച്ഛന്‍.

ആരുമില്ലാത്ത കുട്ടികളുമുണ്ട് ഈ ലോകത്ത്, അവരുടെ പിറന്നാള്‍ എന്നാണെന്നു കൂടി ആര്‍ക്കും അറിയുന്നുണ്ടാവില്ല എന്ന് അമ്മിണിയുടെ തലമുടി പിന്നിക്കെട്ടിക്കൊണ്ട് അമ്മ പറഞ്ഞു.priya a s , childrens stories, iemalayalam
‘നിനക്ക് പിറന്നാളാഘോഷിക്കാന്‍ മുത്തച്ഛനും അമ്മൂമ്മയും അമ്മയും പിന്നെ ഈ ഞാനും ഇല്ലേ, എന്താ അതു പോരേ?’ എന്നു ചോദിച്ചു ആദിത്യന്‍.

‘പിറന്നാളിന് വരാത്തവരെ ഓര്‍ത്ത് സങ്കടപ്പെടുകയല്ല വന്നവരെ ഓര്‍ത്ത് സന്തോഷിക്കുകയാണ് വേണ്ടത്’ എന്നു പറഞ്ഞു അമ്മൂമ്മ.

‘ഞങ്ങളുമുണ്ട് പിറന്നാള്‍ രസങ്ങള്‍ക്ക് കൂട്ടായി’ എന്നു മിണ്ടാതെ പറഞ്ഞ് അപ്പോള്‍ ഒരു കൂട്ടം നീള്‍വാലന്‍ ചോപ്പു തുമ്പികള്‍ അവിടേയ്ക്കു പറന്നു വന്നു.

‘അച്ഛനും ചിറ്റയ്ക്കും പകരമായി നിനക്ക് ഞങ്ങളുമുണ്ട് ‘എന്ന് ചിലപ്പുമേളക്കാരായി ഒരു പറ്റം തത്തകളും അപ്പോഴങ്ങോട്ട് പറന്നെത്തി.

അമ്മിണിയും ആദിത്യനും കൂടി തത്തകള്‍ക്ക് പിറന്നാള്‍ ചിപ്‌സിട്ടു കൊടുത്തു.
ചോന്ന കണ്ണുകൊണ്ട് തത്തകളെല്ലാം അമ്മിണിക്കുട്ടിയെ നോക്കി. എന്നിട്ട് നിര്‍ത്താതെ ചിലപ്പു തുടര്‍ന്നു.

‘അമ്മിണിക്കുട്ടീ, സുന്ദരിക്കുട്ടീ, പിറന്നാള്‍ക്കുട്ടീ’എന്നാണ് തത്തകള്‍ വിളിക്കുന്നതെന്ന് ആദിത്യന്‍ പറഞ്ഞു.

പിന്നെയവര്‍ പിറന്നാള്‍ സദ്യയുടെ നേരം വരെ തുമ്പികളുടെ പുറകെ ഓടിക്കളിച്ചു.

പാവക്കുട്ടിക്കൊരു താരാട്ട്

കാര്‍ത്തിക്, അനിയത്തിക്കുട്ടിയെ അമ്മ തൊട്ടിലില്‍ കിടത്തുന്നതും പിന്നെ അമ്മ തൊട്ടിലാട്ടിക്കൊണ്ട്

‘ഉണ്ണിക്കൈ വളര് വളര്
ഉണ്ണിക്കാല്‍ വളര് വളര്’

പാടി അവളെ ‘വാ വാവോ’ ഉറക്കാന്‍ നോക്കുന്നതും കണ്ട് അമ്മയെ ചാരി നിന്നു. പിന്നെ, അവള്‍ ഒക്കത്തെടുത്തിരുന്ന ലീലാ മറിയം ജോസഫ് എന്ന പാവപ്പെണ്‍കുട്ടിയെ അമ്മയുടെ മടിയിലേക്കിറക്കി കിടത്തി.

‘പാവക്കുഞ്ഞിനുറങ്ങാന്‍ തൊട്ടിലില്ലാത്തത് കൊണ്ട് അവളുറങ്ങാതെ കരയണത് കണ്ടില്ലേ?’ എന്നമ്മയോട് ചിണുങ്ങിപ്പരാതി പറഞ്ഞു.

അനിയത്തിക്കുട്ടി വിരല്‍ കുടിച്ചുറങ്ങുന്നതു നോക്കി, ‘മിണ്ടല്ലേ, ഒച്ചവയ്ക്കല്ലേ’ എന്നു പറഞ്ഞു അമ്മ.

‘അപ്പോ എന്റെ പാവക്കുഞ്ഞിനുറങ്ങണ്ടേ?’ എന്നു കാര്‍ത്തികക്കുഞ്ഞിന് സങ്കടം വന്നു.

‘അപ്പഴേയ്ക്കും പിണങ്ങിയോ,’ എന്നു ചോദിച്ചവളെ അമ്മ ചേര്‍ത്തു പിടിച്ചു.priya a s , childrens stories, iemalayalam
പിന്നെ ഒരു ഷാള്‍ അലമാരയില്‍ നിന്നെടുത്ത് ജനാലക്കമ്പിയില്‍ പാവക്കുട്ടിത്തൊട്ടിലാക്കി കെട്ടിക്കൊടുത്തു. കാര്‍ത്തികക്കുഞ്ഞ്, പാവക്കുഞ്ഞിനെ തൊട്ടിലില്‍ കിടത്തുന്നതും

‘പാവക്കുഞ്ഞിക്കാല്‍ വളര് വളര്,
പാവക്കുഞ്ഞിക്കൈ വളര് വളര് ‘എന്നു പാടി പാവക്കുട്ടീമ്മയായി തൊട്ടിലാട്ടുന്നതും തിരിഞ്ഞു നോക്കി അമ്മ അടുത്ത മുറിയിലേക്ക് ഒരു കുഞ്ഞിച്ചിരിയോടെ നടന്നു പോയി.

‘മ്യാവ്യൂ’ എന്നു നീട്ടിക്കരഞ്ഞുകൊണ്ട് അതു വഴി വന്ന ചക്കിപ്പൂച്ചയെ, ‘കുഞ്ഞുറങ്ങുന്നത് കാണാന്‍ വയ്യേ?’ എന്നു പറഞ്ഞ് പാവക്കുട്ടീടെ കാര്‍ത്തികയമ്മ ഓടിച്ചു വിടുന്നത് കേട്ട് പിന്നെ അമ്മ ഉറക്കെ ചിരിയ്ക്കുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook