ഉൽക്കകൾ
‘ലാ ലാ ലാ ആഹ! ഗും ഗൂം ഗും ഗും
ഉം ഊം ഉം…’
“കൊള്ളാലോ, രണ്ടുപേരും പാട്ടിൽ ലയിച്ചിരിക്ക്യാ?”
സാനിയ ഉച്ചത്തിൽ ചോദിച്ചിട്ടും ചെവിയിൽ തിരുകിയ ഇയർഫോണിൽ നിന്നുമുള്ള സംഗീതത്തിൽ ലയിച്ചിരിക്കുകയായിരുന്ന അശ്വിനും വിമലും അറിഞ്ഞതേയില്ല. സൂര്യയാനത്തിന്റെ സുരക്ഷയിലും, ശീതളിമയിലും, സംഗീതം ശ്രവിച്ച് സുഖിച്ചിരിക്കുകയായിരുന്നു രണ്ടുപേരും.
“നോക്ക്, ഇങ്ങിനെ പാട്ടും കേട്ട് കണ്ണടച്ചിരുന്നാൽ കാണാനുള്ള കാഴ്ചകളൊക്കെയങ്ങ് കഴിഞ്ഞുപോകും. കാണണ്ടേ നിങ്ങൾക്ക്?”
“സാനിയ, ഈ പാട്ടു കഴിയുന്നതുവരെക്കൂടെ…”
അശ്വിൻ അവളുടെ കൈ തട്ടിമാറ്റിക്കൊണ്ടു പറഞ്ഞു. സാനിയക്ക് ചിരിവന്നു.
“നല്ല ആളുകളുമായാണ് ഞാൻ സൂര്യയാത്രയ്ക്ക് പുറപ്പെട്ടിരിക്കുന്നത്. ഒരു പാട്ടുകേട്ടാൽ കണ്ണുമടച്ച് ലയിച്ചിരുന്നുകളയും.”
“നീ എന്താ പറഞ്ഞത്? ഞങ്ങളുടെ സ്കൂളിലെ സംഗീതാദ്ധ്യാപകൻ പറഞ്ഞതെന്താണെന്നറിയാമോ? നമ്മൾ പാട്ടുകേൾക്കുകയാണെങ്കിൽ അതിലെ ഓരോ ചെറു താളങ്ങൾ പോലും ആസ്വദിക്കണമെന്നാണ്. കണ്ണടച്ച് അതിൽ ലയിച്ചിരുന്നാലേ അതിനു സാധിക്കൂ. ലയിച്ചിരുന്നു പാട്ടുകേൾക്കുമ്പോൾ നമ്മുടെ മനസ്സും ബുദ്ധിയും ശുദ്ധീകരിക്കപ്പെടും. കൂടുതൽ കാര്യങ്ങൾ പഠിക്കാൻ പറ്റും. നമ്മുടെ യാത്രയിൽ ഇനിയുമൊരുപാട് പഠിക്കാനില്ലേ? അതിനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങൾ.”
“ഊം. തയ്യാറെടുപ്പൊക്കെ ശരിതന്നെ. പക്ഷെ ഇപ്പോൾ നിങ്ങൾ കണ്ണുതുറന്നേ പറ്റുള്ളൂ. നോക്കൂ, രസകരമായ കാഴ്ച കാണാം. ലിയ തന്ന കണ്ണടയിലൂടെ നോക്കൂ.”
- Read More: മിസോയ് സാൻ: കുട്ടികളുടെ നോവൽ വായിക്കാം
കാഴ്ചകൾ കാണാനെന്നു പറഞ്ഞപ്പോൾ ഇരുവരും ആവേശത്തോടെയെഴുന്നേറ്റ് കണ്ണട ധരിച്ച് പുറത്തേക്കു നോക്കി.
“ആഹ! കൊള്ളാമല്ലോ. ഇതെന്താണ്? മനോഹരമായൊരു ചിത്രം പോലെയുണ്ട്. ഇതുപോലെയുള്ള ചിത്രം ഞാനെവിടെയോ കണ്ടിട്ടുണ്ടല്ലോ!”
വിമൽ ഓർമ്മകളിൽ പരതാൻ തുടങ്ങി. “ആ നീല പശ്ചാത്തലത്തിൽ കാണുന്ന വെളുത്ത കുത്തുകൾ ഏതെങ്കിലും വായുകണികകളായിരിക്കുമല്ലേ സാനിയ?”
“അതെ. കണികകൾ തന്നെ. ഇവിടെ വായു വൈദ്യുതചാർജ്ജുള്ള കണികകളായി മാറുകയാണ് ചെയ്യുന്നത്. അയോണീകരണമെന്ന് പറയും. വായുകണങ്ങൾ അയോണുകളായി മാറുന്ന മേഖലയായതിനാലാണ് തെർമ്മോസ്ഫിയറിന്റെ താഴ്ന്ന ഭാഗമായ ഈ മേഖലയ്ക്ക് അയണോസ്ഫിയർ എന്ന പേർ വന്നത്.”
“അയണോസ്ഫിയറിലൂടെയാണോ നമ്മളിപ്പോൾ കടന്നുപോകുന്നത്? അപ്പോൾ എനിക്കെല്ലാം മനസ്സിലായി. ഈ പാട്ടുവരുന്നതിന്റെ രഹസ്യവും മനസ്സിലായി.”
അശ്വിൻ പറഞ്ഞപ്പോൾ വിമൽ സംശയത്തോടെയവനെ നോക്കി.
“അയണോസ്ഫിയറിലൂടെയാണ് ദീർഘദൂര റേഡിയോ തരംഗങ്ങൾ കടന്നുപോകുന്നതെന്ന് പഠിച്ചിട്ടുണ്ട്. അതെ. അതുതന്നെയാണ് കാര്യം. നമ്മളിപ്പോൾ കാണുന്നത് വൈദ്യുതചാർജ്ജുള്ള വായുകണികകളാണ്. ശൂൻയമായ അന്തരീക്ഷമേഖലയായതിനാലാണ് പശ്ചാത്തലം നീലനിറത്തിൽ കാണുന്നത്. അതിൽ വെളുത്ത കുത്തുകളായി കാണുന്നവയാണ് വൈദ്യുതചാർജ്ജുള്ള കണങ്ങളായ അയോണുകൾ. ദീർഘദൂര റേഡിയോ തരംഗങ്ങളെ കടത്തിവിടാനായി നിങ്ങൾ മനുഷ്യർ ഉപയോഗിക്കുന്നത് ഈ അയോണുകളെയാണ്. നിങ്ങൾ ഇന്ത്യക്കാർക്ക് നിങ്ങളുടെ ഭൂമിയുടെ മറുവശത്തുള്ള അമേരിക്കയിലെ റേഡിയോ പ്രക്ഷേപണമൊക്കെ കേൾക്കാൻ കഴിയുന്നത് ഇതിന്റെ സഹായത്തോടെയാണ്.”
“ഓ.. അതാണല്ലേ കാര്യം! ഈ ഇംഗ്ലീഷ് പാട്ടുകൾ തന്നെ വീണ്ടും വീണ്ടും കേട്ടപ്പോൾത്തന്നെ എനിക്കു തോന്നിയിരുന്നു എന്തോ രഹസ്യമുണ്ടെന്ന്. നമ്മുടെ മലയാളം പാട്ടുകളൊന്നും കേൾക്കാനാവുന്നില്ലല്ലോ.”
“അതെ. ദാ നമ്മൾ അയണോസ്ഫിയർ കഴിയാറായി. തെർമ്മോസ്ഫിയറിന്റെ മുകൾ വിതാനത്തിലേക്ക് നമ്മൾ കടക്കുകയാണ്. ഇനിയങ്ങോട്ട് ചൂട് ക്രമമായി കൂടിക്കൊണ്ടിരിക്കും. പക്ഷെ നമുക്ക് അറിയാൻ കഴിയില്ല.”
“അതെന്താ ചൂടറിയാൻ പറ്റാത്തത്?”
“ചൂടാണോ വിമലിനിഷ്ടം? ഈ വാഹനത്തിനുള്ളിലെ തണുപ്പ് ഇഷ്ടമാകുന്നില്ലേ?”
“ഉണ്ട്. പക്ഷെ, സാനിയയല്ലേ പറഞ്ഞത് ചൂട് കൂടിക്കൊണ്ടിരിക്കുമെന്ന്. അതെന്തുകൊണ്ടാണ് നമുക്കനുഭവപ്പെടാത്തതെന്നാണ് ചോദിച്ചത്.”
“ഓഹോ! പഠിക്കാൻ വേണ്ടിയാണല്ലേ? നന്നായി. രണ്ടു കാരണങ്ങളാണ് നമുക്ക് വർദ്ധിച്ചുവരുന്ന ചൂട് അറിയാൻ സാധിക്കാത്തത്. ഒന്ന് നമ്മൾ യാത്രയ്ക്കായി പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലാണ് സഞ്ചരിക്കുന്നതുതന്നെ. ഇനി വാഹനത്തിനു പുറത്താണെങ്കിലും അധികം ചൂടനുഭവപ്പെടില്ല. അതിനു കാരണം വായുതൻമാത്രകൾ തമ്മിൽ അകലം കൂടുതലായതിനാൽ ചൂട് നമ്മുടെ ശരീരത്തിലേൽപ്പിക്കുവാൻ അവയ്ക്ക് സാധിക്കുന്നില്ലെയെന്നതിനാലാണ്.”
- Read More: ലാറ്റിനമേരിക്കൻ നാടോടിക്കഥകൾ വായിക്കാം
“ഊം.” എല്ലാം മനസ്സിലായെന്ന ഭാവത്തിൽ അശ്വിൻ പുറത്തേക്കു നോക്കി.
“സാനിയ പറയുന്ന കാര്യങ്ങളൊക്കെ ഇതുകഴിഞ്ഞ് ഒന്നെഴുതിത്തരണേ. ചിലപ്പോൾ മറന്നുപോയാലോ?”
“അതു പേടിക്കേണ്ട. നമ്മൾ പറയുന്നതും കാണുന്നതുമെല്ലാം കൃത്യമായി റെക്കോർഡ് ചെയ്യുന്നുണ്ടല്ലോ. പിന്നെന്താ?”
“ഇപ്പോൾ ആ വെളുത്ത കുത്തുകൾ കാണുന്നില്ലല്ലോ. വെറും നീലനിറം മാത്രമാണുള്ളത്.”
“വെളുത്ത കുത്തുകൾ അയണോസ്ഫിയറിലല്ലേ കണ്ടത്. ഇവിടെ അത്തരം കണികകളൊന്നുമില്ല. ഇനി നാനൂറ് കിലോമീറ്റർ കഴിഞ്ഞാൽ നമ്മൾ എക്സോസ്ഫിയറിലേക്ക് പ്രവേശിക്കും. പിന്നെ പതിനായിരം കിലോമീറ്റർ വരെ വളരെ ചെറിയതോതിൽ വായുകണികകളുടെ സാന്നിദ്ധ്യമുണ്ട്. അതുകൊണ്ടാണ് പറയുന്നത് നിങ്ങളുടെ ഭൂമിയുടെ അന്തരീക്ഷ പരിധി പതിനായിരം കിലോമീറ്ററാണെന്ന്.”
“ഇപ്പോൾ പാട്ടും നിന്നു. ഇനി കാഴ്ചകളൊന്നുമില്ലല്ലേ കാണാൻ?”
“വിമലിന് യാത്ര മടുത്തുതുടങ്ങിയെന്നു തോന്നുന്നു. കാഴ്ചകളിനിയുമുണ്ട്. ഇനിയാണ് കാഴ്ചകളുള്ളതെന്നു പറയാം. പക്ഷെ പുറത്തേക്ക് സൂക്ഷിച്ചു നോക്കിയിരിക്കണം. നിങ്ങൾ മനുഷ്യർ വിക്ഷേപിച്ച പല കൃത്രിമോപഗ്രഹങ്ങളും ഈ മേഖലയിൽ നിങ്ങൾക്ക് കാണാം. സൗരസ്ഥിര ഉപഗ്രഹമെന്ന് വിളിക്കുന്ന ഉപഗ്രഹങ്ങളെയാണ് കാണാൻ കഴിയുക. ചിലപ്പോഴൊക്കെ ഉൽക്കകൾ പൊഴിയുന്നതും ഭാഗ്യമുണ്ടെങ്കിൽ ധൂമകേതുക്കളെയും കാണാം.”
“ആഹ! ധൂമകേതുക്കളെ കാണാൻ പറ്റുമോ? ഞാനിതുവരെ കണ്ടിട്ടില്ല. പറയുന്നത് കേട്ടിട്ടുണ്ട് ഹാലിയുടെ ധൂമകേതുവിനെപ്പറ്റി.”
“ഹാലിയുടെ ധൂമകേതുവിനെ കാണാൻ കഴിയില്ല. അത് ഇപ്പോഴും ഭൂമിയുടെ ഏതെങ്കിലും വശത്തുകൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരിക്കും. എഴുപത്തിരണ്ട് വർഷംകൊണ്ട് പരിക്രമണം പൂർത്തിയാക്കുന്നതാണ് ഹാലിയുടെ ധൂമകേതു. ഒരു മനുഷ്യായുസ്സിൽ ഒരിക്കൽ മാത്രമേ അതിനെ കാണാൻ കഴിയൂ. വേറെയുമുണ്ട് ധൂമകേതുക്കൾ. നമുക്ക് ഭാഗ്യമുണ്ടെങ്കിൽ കാണാം.”
- Read More: ഭൂമിയുടെ അലമാര: നോവൽ വായിക്കാം
“ഹയ്യോ! അതെന്താ തീയുണ്ടകൾ പോലെ പാഞ്ഞു വരുന്നത്? ആരെങ്കിലും നമ്മളെ ആക്രമിക്കുകയാണോ?” വിമൽ പേടിയോടെ വാഹനത്തിൽ ചുരുണ്ടിരുന്നു. അവൻ കൈചൂണ്ടിയ ദിശയിൽ തീമഴപെയ്യുന്നതുപോലെ വലിയ അഗ്നിഗോളങ്ങൾ പാഞ്ഞുവരുന്നുണ്ടായിരുന്നു.
“പേടിക്കേണ്ട. അത് ഉൽക്കകളാണ്. നിങ്ങളുടെ ഭൂമിയിലേക്കു പതിക്കുന്ന ശുന്യകാശത്തെ ശിലാവസ്തുക്കളാണവ. അവയ്ക്ക് തീപ്പിടിച്ചുതുടങ്ങിയിട്ടേയുള്ളൂ. ഇനി അന്തരീക്ഷവായുവുമായുള്ള ഘർഷണത്തിന്റെ ഫലമായവ കത്തി നശിക്കും. ചാരം മാത്രമേ ഭൂമിയിലെത്തുള്ളൂ.”
“അതാ, വലിയൊരെണ്ണം നമ്മുടെ പേടകത്തിനു നേരെയാണല്ലോ അതു വരുന്നത്!”
അശ്വിൻ ഒഴിഞ്ഞുമാറാൻ ശ്രമിച്ചപ്പോഴേക്കും അവരുടെ പേടകത്തെ വെടിയുണ്ടകൊണ്ടെന്നവണ്ണം തുളച്ച് ആ തീയുണ്ട കടന്നുപോയി.
“ഹ..ഹ.. പേടിച്ചുപോയോ? നമ്മുടെ പേടകത്തിലിരിക്കുമ്പോൾ പേടിക്കേണ്ടതേയില്ല. ഉൽക്കകൾ പോലെയുള്ള പ്രതിഭാസങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി നമ്മുടെ പേടകത്തിനുണ്ട്. ഉൽക്കകളെ മാത്രമല്ല, ഏത് പ്രതിഭാസത്തെയും അതിജീവിക്കാൻ നമുക്ക് കഴിയും. ഞാനല്ലേ നിങ്ങളുടെ കൂടെയുള്ളത്. ഈ മേഖലയിലൂടെയൊക്കെ ദിനംപ്രതിയെന്നോണം യാത്ര ചെയ്യുന്നവളല്ലേ ഞാൻ. പിന്നെന്തിനാ പേടി?”
അശ്വിന്റെ കിതപ്പ് മാറിയിട്ടുണ്ടായിരുന്നില്ല. അവൻ സാനിയയുടെ കൈയ്യിൽ പിടിച്ചു. പൂപോലെ മൃദുലമായ കൈകൾ. എന്തു പതുപതുപ്പാണ്! അവളിൽനിന്നും അനിർവ്വചനീയമായൊരു സുഗന്ധം പുറപ്പെടുന്നതായും അത് തന്നെ മൂടുന്നതായും അവനറിഞ്ഞു. അവളവനെ ചേർത്തു പിടിച്ചു. അമ്മയുടെ മാറിലമരുന്നതുപോലൊരു സുരക്ഷിതത്വം അവനനുഭവപ്പെട്ടു. അവളുടെ മുഖത്തുനോക്കിയവൻ നിഷ്കളങ്കമായി ചിരിച്ചു.
“ഇത്രയും പാവം കുട്ടിയായിപ്പോയോ അശ്വിൻ. ഞാൻ വിചാരിച്ചു അത്യാവശ്യം ധൈര്യമൊക്കെയുള്ള കുട്ടിയായിരിക്കുമെന്ന്. വാ, വിമലും വാ.”
അവൾ വിമലിനെയും ചേർത്തുപിടിച്ചു. അവൻ അശ്വിനെ അസൂയയോടെ നോക്കുകയായിരുന്നു. സാനിയ ചേർത്തുപിടിച്ചപ്പോൾ അവനും സന്തോഷമായി. രണ്ടുപേരെയും ഒരേപോലെയവൾ പരിഗണിക്കുന്നുണ്ടെന്നു മനസ്സിലായപ്പോളവന്റെ കണ്ണുകൾ നിറഞ്ഞു.
- Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള് വായിക്കാം
“കരയല്ലേ. നല്ല കുട്ടികളല്ലേ നിങ്ങൾ. ഇനിയും നമുക്കെന്തൊക്കെ കാഴ്ചകൾ കാണാനിരിക്കുന്നു. ഇപ്പോൾ നമ്മൾ കണ്ടത് ഉൽക്കകളെയല്ലേ. ഭൂമിയുടെ ആകർഷണപരിധിക്കുമപ്പുറത്ത് അലസമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പാറക്കഷണങ്ങളും ലോഹക്കഷണങ്ങളുമൊക്കെയാണവ. അറിയാതെ ആകർഷണത്തിൽ പെട്ടുപോകുമ്പോൾ ഭൂമിയിലേക്കു പതിക്കുകയാണവ. പക്ഷെ അന്തരീക്ഷവായുവുമായുള്ള ഘർഷണത്തിന്റെ ഫലമായവ കത്തിയമരുകയാണ് ചെയ്യുന്നത്.”
“അതാ ഇനിയുമുണ്ട് ധാരാളം. പൂരത്തിന്റെ വെടിക്കെട്ടുപോലെ…” അശ്വിന്റെ മുഖത്ത് ചിരി വിരിഞ്ഞു. അവൻ ആത്മവിശ്വാസം വീണ്ടെടുത്തുകഴിഞ്ഞുവെന്ന് സാനിയ മനസ്സിലാക്കി. വിമൽ അപ്പോഴും അവളോടു ചേർന്നിരുന്നു.
“അതെ. ഇവിടെയിനി ഉത്സവമേളമാണ്. കാഴ്ചയുടെ പൊടിപൂരം. നല്ല കുട്ടികളായി കണ്ണുതുറന്നിരിക്കൂ.”
തുടരും…