Latest News
‘ഉണ്ടായത് പരാതിപ്പെടാത്തതിലുള്ള ആത്മരോഷം’; ഖേദം പ്രകടിപ്പിച്ച് ജോസഫൈന്‍
സ്വര്‍ണക്കടത്ത് കേസ്: ജുഡീഷ്യല്‍ കമ്മിഷനെതിരെ ഇഡി ഹൈക്കോടതിയില്‍
നിർബന്ധിച്ചുള്ള വാക്സിനേഷൻ മൗലികാവകാശങ്ങളുടെ ലംഘനം: മേഘാലയ ഹൈക്കോടതി
ജോസഫൈനെതിരെ ഇടത് ഇടങ്ങളിലും പ്രതിഷേധം ശക്തം; കണ്ടില്ലെന്നു നടിക്കാനാവാതെ സിപിഎം
ജമ്മു കശ്മീർ: തിരഞ്ഞെടുപ്പ് നടക്കാൻ മണ്ഡല പുനർനിർണയം വേഗത്തിലാകണമെന്ന് പ്രധാനമന്ത്രി
ഇസ്രായേല്‍ എംബസിക്കു സമീപത്തെ സ്‌ഫോടനം: ലഡാക്കില്‍നിന്നുള്ള നാല് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
യൂറോയിൽ കോവിഡ് ഡെൽറ്റ വകഭേദം റിപ്പോർട്ട് ചെയ്തു; കാണികളോട് പരിശോധന നടത്താൻ സർക്കാർ
ഗൂഗിളുമായി സഹകരിച്ചു ജിയോഫോൺ നെക്സ്റ്റ് വരുന്നു; പ്രഖ്യാപനവുമായി അംബാനി
സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍
ഇന്ധനനിരക്ക് വര്‍ധിച്ചു; കേരളത്തില്‍ സെഞ്ച്വറി കടന്ന് പെട്രോള്‍ വില

സൂര്യയാത്ര: കുട്ടികളുടെ ശാസ്ത്ര നോവല്‍-അദ്ധ്യായം 7

സൂര്യയാത്രയ്ക്കായി നിർമ്മിച്ച അത്ഭുത പേടകത്തിലേറി അശ്വിനും വിമലും സാനിയയും യാത്ര ആരംഭിക്കുന്നു. ട്രോപ്പോസ്ഫിയറിലെയും സ്ട്രാറ്റോസ്ഫിയറിലെയും വാതക വ്യതിയാനവും താപവ്യതിയാനവും കണ്ടും അനുഭവിച്ചും സംഭ്രമജനകമായ യാത്രയിലാണ് കുട്ടികൾ

sreejith moothedathu , childrens novel, iemalayalam

ആകാശയാത്ര

അന്തരീക്ഷത്തിലൂടെ മുകളിലേക്കുയരുന്നതിനനുസരിച്ച് താപനിലയിൽ വരുന്ന വ്യത്യാസം അവരറിയുന്നുണ്ടായിരുന്നു. കഴിഞ്ഞദിവസം ഭൂമിക്കു ചുറ്റും സഞ്ചരിച്ചതിൽനിന്നും വളരെ വേഗത കുറച്ചാണ് ഇപ്പോൾ സാനിയ പേടകം പറത്തുന്നത്. അതിന് അവൾക്ക് ന്യായീകരണവുമുണ്ടായിരുന്നു.

“ഇന്നലെ നമ്മൾ നടത്തിയത് ഒരു പരീക്ഷണപ്പറക്കലാണ്. ഇപ്പോൾ നമ്മൾ നടത്തുന്നത് പഠനയാത്രയുമാണ്. പഠിക്കാൻ വേണ്ടി യാത്രചെയ്യുമ്പോൾ ഇരുവശത്തും കാണുന്ന കാഴ്ചകളെ വ്യക്തമായി അറിയണം.”

“ഹായ്,  നമ്മൾ മേഘങ്ങൾക്കിടയിലൂടെയാണല്ലോ സഞ്ചരിക്കുന്നത്! ഈ മേഘങ്ങളെ തൊടാൻ കഴിഞ്ഞിരുന്നെങ്കിൽ എന്തു രസമാകുമായിരുന്നു!”

വിമലിന്റെ നിഷ്കളങ്കമായ ആഗ്രഹപ്രകടനത്തെ അശ്വിൻ കളിയാക്കി.  “മേഘങ്ങളെ തൊടാൻ സാധിക്കില്ലെന്നറിയില്ലേ? ദൂരെ നിന്നും കാണുമ്പോൾ പുകപടലം പോലെ തോന്നുമെങ്കിലും അടുത്തെത്തുമ്പോൾ നമുക്കവയെ പുകപോലെയേ കാണാൻ കഴിയൂ. നീരാവി ഘനീഭവിച്ച രൂപങ്ങൾ മാത്രമാണവയെന്ന് നീ പഠിച്ചിട്ടില്ലേ?”

അശ്വിന്റെ വാദത്തെ പിന്തുണയ്ക്കും വിധം സാനിയയും പുഞ്ചിരിച്ചു.

“ശരിയാണ്. മേഘങ്ങളെ നമുക്ക് തൊടുമ്പോൾ പ്രത്യേകിച്ചൊന്നും അനുഭവപ്പെടില്ല. നീരാവി തണുത്ത് ഘനീഭവിച്ചാണ് മേഘങ്ങൾ രൂപപ്പെടുന്നതെന്നറിയാമല്ലോ. മേഘങ്ങളിലൂടെ കൈ വീശുമ്പോൾ ചെറിയൊരു തണുപ്പനുഭവപ്പെട്ടാലായി. ചിലപ്പോൾ നമ്മുടെ കൈയ്യിൽ ജലകണങ്ങൾ പറ്റിപ്പിടിക്കുകയും ചെയ്യും. പക്ഷെ വിവിധയിനം മേഘങ്ങളുടെ സ്വഭാവത്തിനനുസരിച്ച് അത് വ്യത്യാസപ്പെട്ടിരിക്കും.”

“ഊം.. എനിക്കറിയാം. നിംബസ്, ക്യുമുലസ്, സ്ട്രാറ്റസ്, സിറസ് എന്നിങ്ങിനെ വിവിധതരം മേഘങ്ങളുണ്ടെന്ന് പഠിച്ചിട്ടുണ്ട്.” കളിയാക്കപ്പെട്ടതിലുള്ള ജാള്യത മറച്ചുവെച്ചുകൊണ്ട് വിമല്‍ പറഞ്ഞു. സാനിയ അവൻ പറഞ്ഞതു ശരിയാണെന്ന ഭാവത്തിൽ പിന്തുണച്ചുകൊണ്ട് സംസാരിച്ചു.

അവൾ എപ്പോഴും അശ്വിനെ പിന്തുണക്കുന്നതിൽ വിമലിന് ചെറിയ ഈർഷ്യ തോന്നിയിരുന്നെങ്കിലും അത് പ്രകടിപ്പിക്കാനവൻ തയ്യാറായില്ല. സ്കൂളിലാണെങ്കിലും അശ്വിനാണ് കൂടുതൽ ആരാധികമാരുള്ളത്. അവന്റെ കൂട്ടുകൂടാൻ നന്നായി പഠിക്കുന്ന പെൺകുട്ടികൾ മത്സരിക്കുന്നതും വിമലിനറിയാമായിരുന്നു.

“അതെ. ഇതാ, ഈ താഴെ കാണുന്ന കറുത്ത മഴമേഘങ്ങളാണ് നിംബസ് മേഘങ്ങൾ. അവയിലൂടെ കൈ വീശിയാൽ നമ്മുടെ കൈ നനയും. നോക്കൂ.”
സാനിയ പേടകത്തിൽ നിന്നും കൈ പുറത്തേക്കിട്ട് ഇരുണ്ട മേഘങ്ങൾക്കിടയിലൂടെ വീശി. അശ്വിനും വിമലും അതുപോലെ ചെയ്തു.

“ശരിയാണല്ലോ. കൈ ശരിക്കും നനഞ്ഞു.”

sreejith moothedathu , childrens novel, iemalayalam
“ഈ മേഘങ്ങളിലെ ജലകണങ്ങൾ അത്രയും വലിപ്പമാർജ്ജിച്ചതുകൊണ്ടാണ് നമ്മുടെ കൈ പെട്ടെന്ന് നനഞ്ഞത്. നിംബസ് മേഘങ്ങളിലാണ് ഏറ്റവും വലിയ ജലകണങ്ങളുള്ളത്. ജലകണങ്ങൾ അത്രയും വലുതായതിനാൽ അവ പ്രകാശത്തെ കടത്തിവിടാത്തതിനാലാണ് ഈ മേഘങ്ങൾ ഇരുണ്ട നിറത്തിൽ കാണപ്പെടുന്നത്. ഇത് പൊടിപടലങ്ങളുമായുള്ള സമ്പർക്കത്തിലും മലഞ്ചെരിവുകളിലും വൃക്ഷത്തലപ്പുകളിൽത്തട്ടിയും വീണ്ടും തണുക്കുമ്പോൾ മഴത്തുള്ളികളായവ ഭൂമിയിലേക്കു പതിക്കും. ഭൂമിയില്‍ മഴ ലഭിക്കുന്നതങ്ങിനെയാണ്.”

“അപ്പോൾ ഞങ്ങൾ ഭൂമിയിലെ മനുഷ്യർക്കു മാത്രമേ മഴ ആവശ്യമുള്ളൂ? നിങ്ങൾ ചൊവ്വാ വാസികൾക്ക് മഴ ആവശ്യമില്ലേ?”

“നിങ്ങളുടെ ഭൂമിയിലേതുപൊലുള്ള അന്തരീക്ഷ പ്രതിഭാസങ്ങളൊന്നും ഞങ്ങളുടെ ഗ്രഹത്തിലില്ല. അവിടെയെപ്പോഴും വലിയ കാറ്റാണ്. പൊടിക്കാറ്റ്. ഓരോ പ്രദേശത്തുമുണ്ടാകുന്ന മർദ്ദത്തിലുള്ള അന്തരമാണ് ഞങ്ങളുടെ ഗ്രഹത്തിൽ അങ്ങിനെ കാറ്റുണ്ടാക്കുന്നത്. കാറ്റിനെ പിടിച്ചു കെട്ടാനുള്ള തന്ത്രങ്ങളൊക്കെ ഞങ്ങളുടെ ശാസ്ത്രജ്ഞർ മെനയുന്നുണ്ട്.”

“കാറ്റിനെ പിടിച്ചു കെട്ടാനോ? അതെങ്ങിനെ?”

“ഞാൻ നേരത്തേ പറഞ്ഞിരുന്നില്ലേ? നിങ്ങൾ ഭൂമിയിലെ മനുഷ്യർക്ക് ചിന്തിക്കാൻപോലും പറ്റാത്തത്രയുയരത്തിലാണ് ഞങ്ങൾ ചൊവ്വാ വാസികളുടെ ശാസ്ത്രവളർച്ച. നിങ്ങളേക്കാൾ സാങ്കേതിക വിദ്യയിലും ഞങ്ങൾ വളരെയുയരെയാണ്. അന്തരീക്ഷത്തിലെ മർദ്ദ വ്യത്യാസത്തെ കണ്ടെത്തി നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിൽ ഞങ്ങളുടെ ശാസ്ത്രജ്ഞർ വിജയം കൈവരിച്ചു കഴിഞ്ഞു. അത് പ്രയോഗതലത്തിലെത്തിക്കഴിഞ്ഞാൽ കാറ്റിനെ പിടിച്ചുകെട്ടാനും ഞങ്ങൾക്ക് കഴിയും. അടുത്തുതന്നെ ഞങ്ങൾക്കതിനു സാധിക്കും.”

ചൊവ്വാ ഗ്രഹത്തെക്കുറിച്ചു പറയുമ്പോൾ എന്തൊരഭിമാനമാണ് സാനിയയുടെ മുഖത്തെന്ന് അശ്വിൻ അത്ഭുതപ്പെട്ടു.

അവർ ശാസ്ത്രീയമായി വളരെ പുരോഗമിച്ചിട്ടുണ്ട്. ഭൂമിയിൽ അത്രത്തോളം പുരോഗതി പ്രാപിച്ചിട്ടില്ല. പക്ഷെ തന്റെയും കൂട്ടുകാരന്റെയും സൂര്യയാത്ര ശാസ്ത്രലോകത്ത് എക്കാലത്തെയും വലിയ ചലനങ്ങൾ സൃഷ്ടിക്കും. ഭൂമിയുടെ ശാസ്ത്രപുരോഗതിയെ മുന്നോട്ടു നയിക്കാൻ പോകുന്നത് ഇനി തങ്ങളാണ്. അശ്വിന്റെ മുഖത്തും അഭിമാനം വെളിച്ചം പരത്തി.

അവന്റെ മനസ്സ് വായിച്ചിട്ടെന്നവണ്ണം സാനിയയും പുഞ്ചിരിച്ചു.

“കൂട്ടുകാരേ, നമ്മളിപ്പോൾ ഭൗമോപരിതലത്തിൽനിന്നും ഏകദേശം പതിനഞ്ചു കിലോമീറ്റർ പിന്നിട്ടുകഴിഞ്ഞു. മേഘങ്ങളൊന്നും ഇനി കാണാൻ പറ്റില്ല. അതെല്ലാം നമ്മളിപ്പോൾ പിന്നിട്ടുകഴിഞ്ഞ അന്തരീക്ഷപാളിയായ ട്രോപ്പോസ്ഫിയറിലാണ്. ട്രോപ്പോപോസെന്ന സംക്രമണമേഖല കഴിഞ്ഞാൽ നമ്മൾ സ്ട്രാറ്റോസ്ഫിയർ എന്ന പാളിയിലേക്കെത്തും,” സാനിയ വിശദീകരിച്ചു.

“അപ്പോൾ നമ്മൾ ശൂന്യാകാശത്തേക്കു പ്രവേശിച്ചോ?”

“ശൂന്യാകാശത്തേക്കോ? ഹേയ് ഇല്ല.  ശൂന്യാകാശം എന്നു നമ്മൾ സാധാരണ വിളിക്കുന്ന മേഖലയിലേക്കെത്തണമെങ്കിൽ നൂറു കിലോമീറ്റർ സഞ്ചരിക്കണം. കാർമൽ രേഖയാണ് നമ്മുടെ ആകാശത്തേയും ശൂന്യാകാശത്തേയും തമ്മിൽ വേർതിരിക്കുന്നത്. പക്ഷേ ഭൗമാന്തരീക്ഷത്തിന്റെ സാന്നിദ്ധ്യം പതിനായിരം കിലോമീറ്റർ ഉയരം വരെയുണ്ടെന്നാണ് പറയുന്നത്. അന്തരീക്ഷ വാതകങ്ങൾ ചെറിയ അളിവിലാണെങ്കിൽപ്പോലും അത്രയും ഉയരം വരെയുണ്ട്. പക്ഷെ അന്തരീക്ഷ പിണ്ഡത്തിന്റെ മൂന്നിലൊന്നും പതിനൊന്നു കിലോമീറ്ററിനുള്ളിലാണുള്ളത്.”

“അപ്പോൾ ക്യുമുലസ്, സ്ട്രാറ്റസ്, സിറസ് മേഘങ്ങളെയൊക്കെ നമ്മൾ പിന്നിട്ടുകഴിഞ്ഞോ? വേണ്ടവിധത്തിൽ ശ്രദ്ധിക്കാൻ സാധിച്ചില്ല.”
അശ്വിന് നിരാശതോന്നി.

“അതൊന്നും സാരമില്ല. ആ മേഘങ്ങളെയൊക്കെ നിങ്ങൾക്കെപ്പോൾ വേണമെങ്കിലും നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്നതല്ലേയുള്ളൂ? നോക്കൂ. നമ്മളിപ്പോൾ സ്ട്രാറ്റോസ്ഫിയറിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. ഇപ്പോൾ അന്തരീക്ഷ താപനില മൈനസ് അമ്പത് ഡിഗ്രിയാണ്. നമ്മൾ പേടകത്തിനകത്തായതുകൊണ്ടും ഞാൻ നിങ്ങളെയൊരു പ്രത്യേകതരം കവചമണിയിച്ചതുകൊണ്ടുമാണ് താപവ്യത്യാസമറിയാത്തത്.”

sreejith moothedathu , childrens novel, iemalayalam
“മൈനസ് അമ്പതു ഡിഗ്രി താപനിലയിലോ? അത്ഭുതം തന്നെ. പൂജ്യം ഡിഗ്രിയായാൽ ജലം തണുത്തുറയില്ലേ?”

“അതെ. നമ്മൾ മുകളിലേക്കുയരുന്നതിനനുസരിച്ച് താപനില കുറഞ്ഞു വരികയായിരുന്നു. ട്രോപ്പോ പോസിലെ താപനില മൈനസ് അമ്പതു ഡിഗ്രിയായിരുന്നു. ഇനിയത് മുപ്പതു കിലോമീറ്റർ വരെ സാരമായ മാറ്റമൊന്നുമില്ലാതെ തുടരും. താപനിലയിൽ മാറ്റമില്ലാത്തതുകൊണ്ട് ഈ മേഖലയിൽ കാറ്റുണ്ടാവില്ല. അതിനാൽ നിർവ്വാതമേഖലയെന്നാണിത് അറിയപ്പെടുന്നത്.”

“ആഹ! ആ വേഗത്തിൽ പറക്കുന്നത് വിമാനമാണോ? എന്തൊരു വേഗതയാണതിന്!”

“അതെ. വിമാനമാണ്. ജെറ്റുവിമാനങ്ങൾ പറത്തുന്നതിന് പൈലറ്റുമാർ തെരഞ്ഞെടുക്കുന്ന ആകാശമേഖല സ്ട്രാറ്റോസ്ഫിയറിന്റെ ഈ താഴ്ന്ന വിതാനമാണ്. താപവ്യതിയാനമില്ലാത്തതിനാൽ അന്തരീക്ഷത്തിലെ കുഴികൾ ഇവിടെയുണ്ടാവില്ലയെന്നതാണതിനു കാരണം.”

“അന്തരീക്ഷത്തിലും കുഴികളോ? ഞങ്ങളുടെ റോഡുകൾ നിറയെ കുഴികളാണ്. മഴക്കാലം കഴിയുമ്പോഴേക്കും വാഹനങ്ങൾക്ക് ശരിക്കും പോകാൻ പറ്റാത്തവിധം കുഴികൾ രൂപപ്പെടും.”

“അതെ… നിങ്ങളുടെ ഭൂമിയിലെ റോഡുകളിലെ വാഹനാപകടങ്ങളെക്കുറിച്ചുള്ള വാർത്തകൾ ഞങ്ങളും കേൾക്കാറുണ്ട്. കഷ്ടം തന്നെയാണ് നിങ്ങളുടെ കാര്യം.”

“അപ്പോൾ നിങ്ങളുടെ ചൊവ്വയിലെ റോഡുകളൊക്കെ വലിയ കേമമാണെന്നാണോ പറയുന്നത്?” സാനിയ ഭൂമിയെ പരിഹസിച്ചു സംസാരിച്ചത് വിമലിനിഷ്ടപ്പെട്ടില്ല. അവൻ ചുണ്ടുകോട്ടിക്കാണിച്ചു പ്രതിഷേധിച്ചു. അതുകണ്ടപ്പോൾ സാനിയ ചിരിക്കുകയാണുണ്ടായത്.

“എന്നെ കോക്രികാണിച്ച് പരിഹസിക്കേണ്ട. ഞാൻ സത്യമാണ് പറഞ്ഞത്. ഞങ്ങളുടെ ചൊവ്വാ ഗ്രഹത്തിൽ നിങ്ങളുടെതുപോലെ റോഡിലൂടെയല്ല സഞ്ചാരം. അതൊക്കെ ഞങ്ങളെന്നേ അവസാനിപ്പിച്ചു? ആകാശത്തുകൂടെയാണ് ഞങ്ങളുടെ വാഹനങ്ങൾ സഞ്ചരിക്കുന്നത്. ആകാശത്തുകൂടെ പറക്കുന്ന സൈക്കിളുകളുണ്ട് കുട്ടികൾക്ക് സഞ്ചരിക്കാൻ.”

അശ്വിൻ അതുകേട്ട് അന്ധാളിച്ചു. “ഹൊ! അത്ഭുതം തന്നെ. ഭൂമിയിലൂടെ ഓടിക്കാൻ പറ്റുന്നൊരു സൈക്കിൾ കിട്ടിയതുപോലും ഹൈസ്കൂൾ ക്ലാസിലെത്തിയപ്പോഴാണ്. അവിടെ കൊച്ചുകുട്ടികൾ പോലും ആകാശത്തുകൂടെ പറക്കുന്ന സൈക്കിളിലാണത്രെ! നല്ല രസമായിരിക്കും.”

“ഞങ്ങളും ഒരിക്കൽ നിന്റെ ഗ്രഹത്തിലേക്കു വരും. ഞങ്ങളെയും കൊണ്ടു പോകുമോ?”

“പിന്നെന്താ? തീർച്ചയായും കൊണ്ടുപോകാം. ഒരുപാടൊരുപാട് വിശേഷങ്ങളുണ്ടവിടെ.”

“ഞങ്ങൾ നിങ്ങളുടെ ഗ്രഹത്തെക്കുറിച്ച് പഠനം നടത്താനൊരു ചൊവ്വാ പര്യവേഷണ വാഹനം അങ്ങോട്ടയച്ചിട്ടുണ്ട്. അത് ഓരോ ദിവസവും നിരവധി ചിത്രങ്ങളെടുത്ത് അയച്ചുകൊണ്ടിരിക്കുകയാ. അതിൽ നിങ്ങളുടെ പറക്കും സൈക്കിളുകളുടെയൊക്കെ ചിത്രങ്ങളുണ്ടാകുമല്ലോ അല്ലേ?”

“ഹി ഹി ഹി… മംഗൾ യാനമല്ലേ? ഞാൻ കണ്ടിട്ടുണ്ട്.”

“അതെ. നീയെന്താ ചിരിച്ചത്? കളിയാക്കുകയാണോ?”

“അതിന്റെ കാര്യമൊക്കെ ഞാൻ പിന്നീട് പറയാം. ഞങ്ങൾ ചൊവ്വയിലെ ജീവജാലങ്ങളുടെയോ, ജീവിതസാഹചര്യങ്ങളുടെയോ ഒന്നും ചിത്രങ്ങളെടുക്കാൻ നിങ്ങൾ ഭൂമിയിലെ പര്യവേഷണയാനങ്ങൾക്ക് കഴിയില്ല. ഞങ്ങളുടെ സ്വകാര്യത സംരക്ഷിക്കാൻ വേണ്ട സുരക്ഷാ ക്രമീകരണങ്ങളൊക്കെ ഞങ്ങൾ നേരത്തെതന്നെ സ്വീകരിച്ചിട്ടുണ്ട്. നിങ്ങളുടെ വാഹനങ്ങൾക്ക് ഞങ്ങളുടെ മണ്ണിനെക്കുറിച്ചും ജലത്തിന്റെ സാന്നിദ്ധ്യത്തെക്കുറിച്ചുമൊക്കെ പഠനം നടത്തി തിരിച്ചുപോരാമെന്നു മാത്രം.”

sreejith moothedathu , childrens novel, iemalayalam
“അതാ വീണ്ടുമൊരു ജറ്റു വിമാനം പറക്കുന്നു. അന്തരീക്ഷത്തിലെ കുഴികളെക്കുറിച്ച് സാനിയയൊന്നും പറഞ്ഞില്ലല്ലോ.”

അശ്വിൻ സാനിയയുടെ ശ്രദ്ധ അവരുടെ സഞ്ചാരപാതയിലേക്കുതന്നെ തിരിച്ചുകൊണ്ടുവന്നു. സഞ്ചരിക്കുന്ന ഓരോ മേഖലയെക്കുറിച്ചുമുള്ള സമഗ്രവിവരങ്ങൾ ശേഖരിക്കണമെന്ന് അവനാഗ്രഹിക്കുന്നുണ്ട്. അതിനായി സാനിയയെക്കൊണ്ട് അതേക്കുറിച്ചൊക്കെ സംസാരിപ്പിക്കണം. അവയൊക്കെ കമ്പ്യൂട്ടർ റെക്കോർഡ് ചെയ്യുകയും ചെയ്യുമെന്നവനറിയാം. പറ്റുമെങ്കിൽ ഭൂമിയിലെത്തിയിട്ട് ആ വിവരങ്ങൾ ക്രോഡീകരിച്ചൊരു പുസ്തകം തയ്യാറാക്കണം.

“അന്തരീക്ഷത്തിൽ മർദ്ദ വ്യതിയാനമുണ്ടാകുന്നതിനനുസരിച്ചാണ് കുഴികളുണ്ടാകുന്നത്. അവ റോഡിലെ കുഴികളെപ്പോലെയല്ല. മർദ്ദം കൂടിയ വായുവിലൂടെ സഞ്ചരിക്കുന്ന വിമാനങ്ങൾ പെട്ടെന്ന് മർദ്ദം കുറഞ്ഞ മേഖലയിലെത്തുമ്പോൾ അതിന്റെ വേഗതയെയും, സഞ്ചാരത്തെയും സ്വാധീനിക്കുന്നു. ഇത്തരത്തിൽ മർദ്ദവ്യത്യാസമില്ലാത്ത മേഖലയിലൂടെ വിമാനങ്ങൾ പറത്താനാണ് ജറ്റ് വിമാനങ്ങളുടെ പൈലറ്റുമാർ ആഗ്രഹിക്കുക. അതുകൊണ്ടാണവർ സ്ട്രാറ്റോസ്ഫിയറിന്റെ താഴ്ന്ന വിതാനത്തെ അതിനായി സ്വീകരിക്കുന്നത്.”

“ഓ.. അതുശരി. അപ്പോഴിതിലൂടെ വിമാനമോടിക്കുമ്പോൾ നല്ല മിനുസമുള്ള തകർപ്പൻ റബ്ബറൈസ്ഡ് റോഡിലൂടെ വാഹനമോടിക്കുന്നതുപോലെ സുഖകരമായിരിക്കുമല്ലേ?”

“അതുതന്നെ. മുപ്പതു കിലോമീറ്റർ ഉയരം വരെയേ ആ സുഖമുള്ളൂ. അതുകഴിഞ്ഞാൽ വീണ്ടും താപനിലയുയരുകയായി. അപ്പോൾ നമ്മൾ ഓസോൺ പാളിയിലേക്കെത്തിച്ചേരും.”

“ഓസോൺ പാളിയിലോ? അവിടെ നിറയെ സുഷിരങ്ങളാണെന്നല്ലേ പറഞ്ഞത്? നമ്മൾ ആ സുഷിരങ്ങളിൽ കുടുങ്ങിപ്പോകുമോ?”

“ഹ ഹ ഹ… ഓസോൺ പാളിയിലെ സുഷിരങ്ങളെന്നു പറഞ്ഞാൽ നിങ്ങൾ മനസ്സിലാക്കുന്നതുപോലെയല്ല. അവയൊക്കെ നമുക്ക് കാണാം. അപ്പോൾ മനസ്സിലാകും എന്താണ് ഓസോൺ പാളിയെന്നും ഓസോൺ സുഷിരമെന്നും ഓസോൺ ശോഷണമെന്നുമൊക്കെ.”

അവർ ഓസോൺ പാളിയിലേക്കു പ്രവേശിക്കുമ്പോൾ അശ്വിൻ അവനുപയോഗിച്ചിരുന്ന സുഗന്ധത്തെക്കുറിച്ചാലോചിക്കുകയായിരുന്നു. ശരീരത്തിൽ സുഗന്ധം പൂശുന്ന സ്പ്രേകളിൽ ഓസോൺ പാളിക്ക് ശോഷണത്തിന് കാരണമാകുന്ന ക്ലോറോ ഫ്ളൂറോ കാർബ്ബണുകൾ അടങ്ങിയിട്ടുണ്ടെന്നവൻ പഠിച്ചിരുന്നു. റഫ്രിഡ്ജറേറ്ററിലും മറ്റ് ശീതീകരണികളിലുമൊക്കെ ഉപയോഗിക്കുന്ന വാതകങ്ങളിൽ അതടങ്ങിയിട്ടുണ്ടത്രെ. പക്ഷെ, മനുഷ്യന് അതൊന്നുമില്ലാതെ ജീവിക്കാൻ സാധിക്കാത്തയവസ്ഥയായിരിക്കുന്നു.

തുടരും…

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Sreejith moothedath childrens novel sooryayathra chapter 7

Next Story
സൂര്യയാത്ര: കുട്ടികളുടെ ശാസ്ത്ര നോവല്‍-അദ്ധ്യായം 6sreejith moothedathu , childrens novel, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com