Latest News

സൂര്യയാത്ര: കുട്ടികളുടെ ശാസ്ത്ര നോവല്‍-അദ്ധ്യായം 6

സൂര്യനിലേക്ക് യാത്ര പുറപ്പെടുന്ന അശ്വിന്റെ തനിപ്പകർപ്പ് ഒരു യന്ത്രത്തിന്റെ സഹായത്തോടെ സൃഷ്ടിക്കുകയാണ് സാനിയ. അശ്വിൻ തിരിച്ചുവരും വരെ അവൻ പകരക്കാരനായി ജീവിക്കുകയെന്നതാണ് പ്രതിരൂപത്തിന്റെ ദൗത്യം

sreejith moothedathu , childrens novel, iemalayalam

പ്രതിരൂപം

രാവിലെ സ്കൂളിലേക്കു പുറപ്പെടുന്നതുമുതൽ അശ്വിന്‍റെ മുഖം മ്ലാനമായിരുന്നു.

“നിനക്കെന്തു പറ്റി? സന്തോഷിക്കേണ്ട ദിവസമല്ലേ ഇന്ന്? ഇന്നല്ലേ നമ്മൾ സൂര്യനിലേക്കു പോകുന്നത്? ഇനി അതിന്റെ സങ്കടമാണോ?”

“സന്തോഷമൊക്കെയുണ്ട്. പക്ഷെ, അതോടൊപ്പം സങ്കടവുമുണ്ട്. അച്ഛനെയും അമ്മയെയും കൂട്ടുകാരെയും, നമ്മുടെ അദ്ധ്യാപകരെയുമൊക്കെ വിട്ട് നമ്മൾ പോകണ്ടേ?”

“അതിനെന്താ? നമ്മൾ അധികം വൈകാതെതന്നെ തിരിച്ചു വരില്ലേ? ഇന്നലെ വെറും രണ്ടു മണിക്കൂർ കൊണ്ട് ഭൂമിയെ വലംവെച്ച് തിരിച്ചുവന്നില്ലേ നമ്മൾ?”

“ഭൂമിയെ വലംവെക്കുന്നതു പോലെയാണോ ഭൂമിയുടെ അന്തരീക്ഷത്തിനു പുറത്തേക്കു കടക്കുന്നത്? എന്തെല്ലാം അപകടങ്ങൾ നമ്മെ കാത്തിരിക്കുന്നുണ്ടെന്ന് ഊഹിക്കാൻ കഴിയുമോ?”

“ഒരു അപകടവും വരില്ല. എനിക്ക് നിന്റെ ആ അന്യഗ്രഹപ്പെങ്കൊച്ചിനെ വലിയ ഇഷ്ടമായി.  സാനിയ മിടുക്കിയാ. എന്തൊരു വേഗത്തിലാണവൾ പേടകം പറപ്പിച്ച് വൻകരകൾ താണ്ടി ഭൂമിമൊത്തം ചുറ്റിയടിച്ചത്! സത്യത്തിൽ അതുമുതൽ എനിക്ക് അവളോടൊരു പ്രത്യേക ആരാധന തോന്നുവാ. നിനക്കിഷ്ടപ്പെടില്ലെന്നറിയാം. എന്നാലും.”

“അതെന്താ എനിക്കിഷ്ടപ്പെടാത്തെ? അവളെന്‍റെയാരാ? ഞാൻ ആദ്യം പരിചയപ്പെട്ടെന്നു മാത്രല്ലേയുള്ളൂ. അവളൊരു അന്യഗ്രഹ ജീവിയാണ് മറക്കണ്ട.”

“എന്നാലും എനിക്കവളെ ഇഷ്ടായി. അവൾ നല്ല ചുറുചുറുക്കുള്ള കുട്ടിയാ. എല്ലാ കാര്യങ്ങളും അവൾക്കറിയാം. നമ്മൾ ഇത്രകാലം പാഠപുസ്തകത്തിൽ പഠിച്ചതിനേക്കാൾ കൂടുതൽ വിവരങ്ങൾ ഈ ഭൂമിയെക്കുറിച്ച് അവൾക്കറിയാം. നമുക്കോ?”

“നമ്മേക്കാൾ ശാസ്ത്രരംഗത്തും സാങ്കേതികവിദ്യയുടെ രംഗത്തും വളരെ മുന്നിലാണ് ചൊവ്വാ ഗ്രഹത്തിലെ മനുഷ്യർ. അവർക്ക് നമ്മളേക്കാൾ കൂടുതൽ ബുദ്ധിയുണ്ടാകും. ഗ്രഹണശേഷിയും കൂടുതലുണ്ടാകും. ഭൂമിയെക്കുറിച്ചും എല്ലാ ഗ്രഹങ്ങളെക്കുറിച്ചും സൂര്യനെക്കുറിച്ചു പോലും അവൾക്ക് എല്ലാ അറിവുമുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.”

“അങ്ങനെയാണെങ്കിൽ പിന്നെന്തിനാണവൾ നമ്മുടെ കൂടെ സൂര്യനിലേക്കു പോകുന്നത്? സൂര്യനെക്കുറിച്ച് പഠിക്കാനാണ് ഈ യാത്രയെന്നാണവൾ പറഞ്ഞത്?”

“അതെ. പക്ഷെ, സൂര്യനെക്കുറിച്ചുള്ള അടിസ്ഥാനവിവരങ്ങളൊക്കെ അവൾ മനസ്സിലാക്കിയിട്ടുണ്ട്. അതിൽ കൂടുതൽ വിവരങ്ങൾ നേരിൽ കണ്ടു മനസ്സിലാക്കാനാണവളുടെ ഈ യാത്ര. നമുക്കും നമ്മുടെ ബുദ്ധിനിലവാരമനുസരിച്ച് കുറച്ചൊക്കെ മനസ്സിലാക്കാം.”

“ഹൊ! ഒരു അന്യഗ്രഹജീവിയെങ്ങാനായിരുന്നെങ്കിൽ എത്ര നല്ലതായിരുന്നു!”

“പക്ഷെ, നമ്മുടെ ഭൂമിയെപ്പോലെ സുന്ദരമായൊരു മറ്റൊരു ഗ്രഹവുമില്ല. ഇവിടുള്ളത്രയും സുഖകരമായൊരു ജീവിതവുമില്ല. സാനിയ പറഞ്ഞതാണ്. അവൾ എല്ലാ ഗ്രഹങ്ങളും കണ്ടവളല്ലേ? അവൾ പറഞ്ഞത് ശരിയല്ലാതിരിക്കാൻ വഴിയില്ല.”

sreejith moothedathu , childrens novel, iemalayalam
“എന്തായാലും നമുക്കിന്ന് ഒരുപാടൊരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. എല്ലാ കൂട്ടുകാരെയും കാണണം. അദ്ധ്യാപകരെയും കാണണം. ആരോടെങ്കിലും അറിയാതെയെങ്കിലും എന്തെങ്കിലും അപരാധം ചെയ്തുപോയിട്ടുണ്ടെങ്കിൽ ക്ഷമചോദിക്കണം.”

“നീയെന്താ ഇങ്ങിനെയൊക്കെ പെരുമാറുന്നത്? കേൾക്കുമ്പോൾ എനിക്കും സങ്കടം വരുന്നുണ്ട്ട്ടോ. അങ്ങിനെ വിഷമിക്കേണ്ട കാര്യമൊന്നുമില്ല. നമ്മൾ അധികം വൈകാതെതന്നെ സൂര്യനിൽപ്പോയി തിരിച്ചു വരും. നമ്മൾ പോകുന്ന കാര്യം ആരും അറിയാൻ പോകുന്നില്ല. നമ്മളെപ്പോലെയുള്ള നമ്മുടെ പകർപ്പുകൾ നമുക്ക് പകരക്കാരായി ജീവിക്കും. അവർ നമ്മൾ പെരുമാറുന്നതുപോലെ പെരുമാറും.”

“എന്നാലും, എന്റെ മനസ്സിനൊരു സമാധാനത്തിന് നമുക്കിന്ന് എല്ലാവരെയും കാണണം.”

“എന്നാലങ്ങിനെയാവട്ടെ.”

വിമൽ പിന്നെ കൂടുതൽ തർക്കിക്കാൻ നിന്നില്ല. അവരുടെ സുഹൃത്തുക്കളോടും, മറ്റ് സഹപാഠികളോടും അന്നവർ വളരെ അടുത്തു പെരുമാറി. അദ്ധ്യാപകരോട് സംസാരിക്കാനായി കൂടുതൽ സമയം ചെലവഴിച്ചു. വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോൾ കുളികഴിഞ്ഞ് അമ്മയോടൊത്ത് വിളക്കുവെച്ച് നാമം ചൊല്ലി. ഇരുവരും അവരുടെയച്ഛനുമമ്മയുമൊത്ത് ഭക്ഷണം കഴിച്ചു. കുറച്ചധികം പഠിക്കാനുണ്ടെന്നു പറഞ്ഞ് വേഗംതന്നെ പഠനമുറിയിലേക്ക് ചേക്കേറി.

സമയം എട്ടുമണിയാണെന്നു കാണിച്ച് ചുവരിലെ ക്ലോക്ക് മണിയടിച്ചു. അശ്വിന്‍റെ ഹൃദയമിടിപ്പുയർന്നു. എട്ടുമണിക്കാണ് സാനിയ വരാമെന്ന് പറഞ്ഞിരിക്കുന്നത്. അവൻ കണ്ണടച്ചിരുന്നു. ചുറ്റുമൊരു നീലപ്രകാശം പരക്കുന്നതും ഒരു പേടകം തന്നെ മൂടുന്നതും അവനറിഞ്ഞു. നല്ല സുഖകരമായ തണുപ്പ്. അനിർവ്വചനീയമായ സുഗന്ധം.

“അശ്വിൻ, കണ്ണു തുറക്കൂ.”

മുന്നിൽനിന്നും ചൊവ്വാ ഗ്രഹത്തിൽ നിന്നുമെത്തിയ പെണ്‍കുട്ടിയുടെ മധുരശബ്ദം. അവൻ കണ്ണുതുറക്കാൻ കൂട്ടാക്കിയില്ല. വീണ്ടും ആ വിളി കേൾക്കാൻ കൊതിച്ച്, കേൾക്കാത്തതുപോലെ നടിച്ചു.

“അശ്വിൻ, ഞാൻ വന്നു. നമുക്ക് പോവണ്ടേ? ഞാൻ വന്നു.”

“ഊം.”

മടിച്ചു മടിച്ചു കണ്ണുതുറന്ന അവൻ ഞെട്ടിപ്പോയി. കണ്ണാടിയിൽ കാണുന്നതുപോലെ അവന്റെ തനിപ്പകർപ്പായ മറ്റൊരാൾ മുന്നിലിരുന്ന് പുഞ്ചിരിക്കുന്നു. പേടിച്ച് നിലവിളിക്കാനാഞ്ഞ അശ്വിനെ സാനിയ തടഞ്ഞു.

“പേടിക്കരുത്. ഇതാണ് ഇനി കുറിച്ചു ദിവസം ഈ വീട്ടിലെ അശ്വിൻ. നമ്മൾ യാത്ര കഴിഞ്ഞു തിരിച്ചുവരുംവരെ ഈ അശ്വിൻ ഇവിടുത്തെ കാര്യങ്ങളൊക്കെ നിർവ്വഹിച്ചുകൊള്ളും.”

“ഇതെങ്ങനെ! അതിശയം തന്നെ.”

“അതെ. ഇതുപോലെയുള്ള ഒട്ടനവധി അതിശയങ്ങൾ ഞങ്ങളുടെ ഗ്രഹത്തിലുണ്ട്. ദാ, ഈ യന്ത്രമാണ് അശ്വിന്‍റെ പകർപ്പെടുത്തത്. അശ്വിൻ കണ്ണടച്ചിരുന്നത് കൊണ്ട് പകർപ്പെടുക്കുന്നത് എളുപ്പമായി.”

സാനിയയുടെ കൈയ്യിൽ ഒരു ക്യാമറ പോലെ തോന്നിക്കുന്ന പകർപ്പെടുപ്പ് യന്ത്രം കണ്ട് അശ്വിൻ തിരിച്ചും മറിച്ചും നോക്കി.

“കൊള്ളാമല്ലോ. ഇതെങ്ങിനെയാണ് പ്രവർത്തിപ്പിക്കുന്നതെന്ന് ഒന്നു പഠിപ്പിച്ചു തരാമോ?”

“വളരെയെളുപ്പമാണ്. പകർപ്പെടുക്കാനുദ്ദേശിക്കുന്ന രൂപത്തിനു മുന്നിൽ ഈ യന്ത്രം ഇളകാതെ പിടിക്കണം. ഈ ബട്ടനിൽ അമർത്തിയാൽ ഇതിൽനിന്നും നീല പ്രകാശം പുറപ്പെടും. അത് രൂപത്തെ മൂടിക്കഴിഞ്ഞാൽ ആ നിമിഷം പകർപ്പ് രൂപത്തിൽ നിന്നും വേർപെടും. ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, നമ്മൾ പകർപ്പെടുക്കാനുദ്ദേശിക്കുന്ന രൂപം ഇളകാതെയിരിക്കുമ്പോഴേ പകർപ്പെടുപ്പ് കുറ്റമറ്റ രീതിയിൽ സാധ്യമാകൂ.”

sreejith moothedathu , childrens novel, iemalayalam
“ഞാൻ സാനിയയുടെ പകർപ്പെടുക്കട്ടേ? ഒന്ന് ഇളകാതെയിരിക്കാമോ?”

“എന്റെയോ? അതെന്തിനാണ്? അങ്ങനെ അനാവശ്യമായി ഈ യന്ത്രം ഉപയോഗിക്കാൻ പാടില്ല. നമുക്ക് വിമലിന്റെകൂടെ പകർപ്പെടുക്കേണ്ടേ?”

“ഇതാരാണ്?”

അപ്പോഴാണ് പേടകത്തിലിരിക്കുന്ന മറ്റൊരു പെണ്കുട്ടിയെ അശ്വിൻ ശ്രദ്ധിച്ചത്. സാനിയയുടെ ഒരു ചെറിയ പകർപ്പെന്നതുപോലെയുള്ള കുട്ടിയായിരുന്നു അത്.

“ഇതാണ് ലിയ. എന്റെ അനുജത്തിയാണ്. നമ്മൾ ഇവിടെനിന്നും അശ്വിന്റെ പേടകത്തിലല്ലേ യാത്ര തിരിക്കുന്നത്. ഈ പേടകം ഞങ്ങളുടെ ഗ്രഹത്തിലേക്കുതന്നെ തിരിച്ചെത്തിക്കാനായാണ് ഇവളെക്കൂടെ കൊണ്ടു വന്നിരിക്കുന്നത്.”

“ഹായ് ലിയാ..”

അശ്വിൻ കൈ നീട്ടി. ലിയ അവന്റെ കൈ പിടിച്ച് കുലുക്കി, മനോഹരമായി പുഞ്ചിരിച്ചു.

“ഇതാ എന്റെ വക ഒരു സമ്മാനം.” ലിയ നീട്ടിയ കൊച്ചു പൊതി അശ്വിൻ മടിച്ചു മടിച്ചു വാങ്ങി, തുറന്നുനോക്കി.

ഇതൊരു കണ്ണടയാണ്. സാധാരണ കണ്ണടയല്ല. ഇതുപയോഗിച്ചു നോക്കിയാൽ വിവിധയിനം വാതകങ്ങളെയും, പൊടിപടലങ്ങളെയുമൊക്കെ വ്യക്തമായി കാണാൻ സാധിക്കും. നിങ്ങളുടെ യാത്രയിൽ ഉപകാരപ്പെടും.

ലിയക്ക് നന്ദി പറഞ്ഞ്, അശ്വിൻ കണ്ണട ധരിച്ചുനോക്കി. ശരിയാണ് കണ്ണടയിലൂടെ നോക്കുമ്പോൾ ചുറ്റും പല നിറത്തിലുള്ള വാതകങ്ങൾ കാണാൻ സാധിക്കുന്നുണ്ട്. പക്ഷെ അവയെല്ലാം കൂടിക്കുഴഞ്ഞു കിടക്കുകയാണ്. നിറങ്ങളുടെ ഒരു സഞ്ചയം. ഒന്നും വേർതിരിച്ചു കാണാൻ സാധിക്കുന്നില്ല.

“ഇപ്പോൾ ഇതുപയോഗിച്ചാൽ ഒന്നും വ്യക്തമാകുകയില്ല. നിങ്ങൾ മുകളിലേക്കുയർന്നു പറക്കാൻ തുടങ്ങുമ്പോൾ ഇതുപയോഗിച്ചാൽ മതി. ഇവിടെ ഭൗമോപരിതലത്തോടു ചേർന്നാണല്ലോ നിങ്ങളുടെ അന്തരീക്ഷത്തിലെ എഴുപതുശതമാനം വാതകങ്ങളുമുള്ളത്.”

ലിയയുടെ നിർദ്ദേശം അശ്വിൻ അനുസരിച്ചു. പക്ഷെ അപ്പോഴും ഒരു സംശയം അവന്റെ മനസ്സിലുടക്കിക്കിടന്നു. വാതകങ്ങൾക്ക് നിറമില്ലെന്നാണല്ലോ പഠിച്ചത്? പിന്നെങ്ങിനെ പല നിറങ്ങളിൽ വാതകങ്ങളെ കാണാൻ കഴിയും?

വാതകങ്ങൾക്ക് നിറമില്ലെന്നത് ശരിയാണ്. പക്ഷെ, അന്തരീക്ഷത്തിലെ വിവിധ വിതാനങ്ങളിൽവെച്ച് വായുവിന്റെ സാന്ദ്രതയിൽ വ്യത്യാസം വരുന്നതിനനുസരിച്ച് പൊടിപടലങ്ങളും, നീരാവിയും പ്രതിഫലിപ്പിക്കുന്ന സൂര്യപ്രകാശം വിവിധ വർണ്ണങ്ങളായി ഈ കണ്ണടയിലൂടെ അനുഭവപ്പെടും.  ഇപ്പോൾ അശ്വിൻ കണ്ട വിവിധ വർണ്ണങ്ങളും പൊടിപടലങ്ങളും നീരാവിയും പ്രതിഫലിപ്പിക്കുന്ന വർണ്ണങ്ങളാണ്. ക്ലോറിൻ മാത്രമാണ് മഞ്ഞകലർന്ന പച്ച നിറമുള്ളത്. പിന്നെ നൈട്രജൻ ഓക്സൈഡിൻ തവിട്ടുകലർന്ന കാവി നിറവുമാണ്. അവയുടെ സാന്നിദ്ധ്യം അന്തരീക്ഷത്തിൽ വളരെ കുറവായതിനാൽ നിങ്ങളുടെ യാത്രയിൽ ദൃശ്യമായിക്കൊള്ളണമെന്നില്ല.

സാനിയയെപ്പോലെ ലിയയ്ക്കും ഭൗമാന്തരീക്ഷത്തെക്കുറിച്ചും ഭൂമിയെക്കുറിച്ചുമൊക്കെ നല്ല ധാരണയുണ്ടെന്നു തോന്നുന്നു. താൻ പാഠപുസ്തകത്തിൽ പഠിച്ച കാര്യങ്ങളാണവൾ പറയുന്നത്. ഭൂഗുരുത്വാകർഷണം കാരണമാണ് അന്തരീക്ഷ വാതകങ്ങളുടെ എഴുപതു ശതമാനവും ഭൗമോപരിതലത്തോടു ചേർന്നു കാണപ്പെടുന്നതെന്ന് പഠിച്ചിട്ടുണ്ട്. കൂടുതൽ കാര്യങ്ങൾ സാനിയയോട് ചോദിച്ചു മനസ്സിലാക്കണം. ഒരു നോട്ടു പുസ്തകവും പേനയും കരുതണം. എല്ലാം എഴുതിയെടുക്കണം. അല്ലെങ്കിൽ പിന്നീട് മറന്നുപോകും. സാനിയയോട് അതിനെക്കുറിച്ച് പറഞ്ഞപ്പോൾ അവളുടെ പ്രതികരണം മറ്റൊന്നായിരുന്നു.

“നോട്ടുപുസ്തകത്തിന്റെയും പേനയുടെയുമൊന്നും ആവശ്യമില്ല. ഇതു കണ്ടില്ലേ? ഇത് ഒരു കമ്പ്യൂട്ടറാണ്. ഭൂമിയിൽ നിങ്ങൾ ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ശേഷിയുള്ള കമ്പ്യൂട്ടർ. ഇതിനകത്ത് എത്ര വിവരങ്ങൾ വേണമെങ്കിലും ശേഖരിച്ചുവെക്കാൻ സാധിക്കും.”

അപ്പോഴാണ് അശ്വിൻ അവൻ നിർമ്മിച്ച പേടകത്തിലെ കമ്പ്യൂട്ടർ സ്ക്രീൻ പോലെയുള്ള ഭാഗം ശ്രദ്ധിച്ചത്. ഇന്നലെ ഭൂമിയെച്ചുറ്റിയുള്ള യാത്രയിൽ ഇത് ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.

നമ്മുടെ യാത്രയിൽ നമ്മൾ കാണുന്നതും കേൾക്കുന്നതും മനസ്സിലാക്കുന്നതുമായ എല്ലാ വിവരങ്ങളും ഇതിനകത്ത് രേഖപ്പെടുത്തി സംരക്ഷിക്കപ്പെടും. അതുകൊണ്ട് ഒന്നിനെക്കുറിച്ചും പേടിക്കേണ്ട.

സാനിയ പറയുന്നതുകേട്ട് ചിരിക്കുകയായിരുന്നു ലിയ. ഇതിനകം അശ്വിനും, സാനിയയും അവരുടെ പേടകത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞിരുന്നു.

അശ്വിന്റെ പ്രതിരൂപമായുള്ള പകർപ്പ് അവരെ നോക്കി കൈവീശി. “പോയി വരൂ. തിരിച്ചുവരുംവരെ ഞാനുണ്ടിവിടെ. ഒന്നും പേടിക്കേണ്ട. ആർക്കും ഒരു സംശയവുമില്ലാതെ ഞാൻ നോക്കിക്കോളാം.”

ലിയയും അവരുടെ നേരെനോക്കി കൈ വീശി. “ഞാനും പോകുകയാണ്. എല്ലാം നന്നായി വരട്ടെ.”

sreejith moothedathu , childrens novel, iemalayalam
അവൾ പേടകവുമായി ജനലിലൂടെ പുറത്തേക്കു കടന്നു അന്തരീക്ഷത്തിലൂടെ അതിവേഗം പറന്നുപോയി. വെളിച്ചത്തിന്റെ ചെറിയൊരു പൊട്ടുമാത്രമായി മാറുന്നതുവരെ സാനിയ അതു നോക്കിനിന്നു. അവളുടെ മുഖത്ത് ചെറിയൊരു സങ്കടം നിഴലിച്ചിരിക്കുന്നതുപോലെ തോന്നിച്ചു.

“എന്താണ്? എന്തു പറ്റി? എന്താണ് നിന്‍റെ മുഖത്തൊരു മ്ലാനത?”

“ഹേയ്.. ഒന്നുമില്ല. അവൾ എന്‍റെ അനുജത്തിയാണ്. അവൾക്കും സൂര്യയാത്രചെയ്യാൻ അതിയായ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അവൾക്കതിനുള്ള അനുവാദം ലഭിച്ചില്ല. അവൾകൂടെയുണ്ടായിരുന്നെങ്കിൽ നല്ല രസമാകുമായിരുന്നു.”

“അനുവാദം ലഭിക്കാനോ? ആരിൽ നിന്ന്? ആരാണ് നിങ്ങളെ നിയന്ത്രിക്കുന്നത്?”

“അശ്വിൻ അച്ഛനുമമ്മയുമുള്ളതുപോലെ ഞങ്ങളുടെ ഗ്രഹത്തിൽ ഞങ്ങളുടെ രക്ഷിതാക്കളുണ്ടല്ലോ. അവരിൽ നിന്നും അനുവാദം ലഭിക്കണ്ടേ? അവൾ ചെറിയ കുട്ടിയായതൊകൊണ്ടാണ് അവളെ യാത്രയ്ക്ക് അനുവദിക്കാതിരുന്നത്. അടുത്ത തവണ അവൾകൂടെയുണ്ടാകുമായിരിക്കും.”

അശ്വിൻ പിന്നീടൊന്നും ചോദിച്ചില്ല. അവൻ അച്ഛനെയുമമ്മയെയും കുറിച്ചോർത്തപ്പോൾ സങ്കടം വന്നു. അതു മറച്ചുവെച്ചുകൊണ്ടവൻ പറഞ്ഞു.

“നമുക്ക് വേഗം പോകാം. വിമൽ അവിടെ കാത്തിരിക്കുന്നുണ്ടാകും.”

പകർപ്പു രൂപത്തോട് യാത്ര പറഞ്ഞുകൊണ്ട് അവർ വിമലിന്റെ വീട് ലക്ഷ്യമാക്കി പേടകം പറപ്പിച്ചു. പ്രതീക്ഷിച്ചതുപോലെ കൂട്ടുകാരൻ കാത്തിരിക്കുന്നുണ്ടായിരുന്നു. നിർദ്ദേശമനുസരിച്ച് കണ്ണടച്ചിരുന്ന വിമലിന്റെയും പകർപ്പുരൂപത്തെ യന്ത്രമുപയോഗിച്ച് സൃഷ്ടിച്ച് താമസിയാതെ അവർ ഭൂമിയിൽ നിന്നും പറന്നുയർന്നു.

തുടരും…

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Sreejith moothedath childrens novel sooryayathra chapter 6

Next Story
സൂര്യയാത്ര: കുട്ടികളുടെ ശാസ്ത്ര നോവല്‍-അദ്ധ്യായം 5sreejith moothedathu , childrens novel, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com