പേടകം നിർമ്മിക്കുന്നു
“അപ്പോൾ എനിക്കു കാണാൻ പറ്റില്ലല്ലേ?” വിമലിന്റെ ശബ്ദത്തിൽ സങ്കടമുണ്ടായിരുന്നു.
“കാണാൻ പറ്റാതെന്താ? ഏറെ താമസിയാതെ നമുക്ക് പോകാൻ കഴിയും. നമ്മൾ ഒരുമിച്ചല്ലേ പോവുക. അപ്പോൾ കാണാൻ കഴിയില്ലേ?”
“എന്നാലും, നീ പറയുന്നതു കേൾക്കുമ്പോൾ എനിക്കുമവളെ കാണാൻ തോന്നുന്നു. ഇതേവരെയൊരു അന്യഗ്രഹ ജീവിയെ കണ്ടിട്ടില്ല ഞാൻ.”
“അതിപ്പോൾ വേറെയാരാ അന്യഗ്രഹ ജീവികളെ കണ്ടിട്ടുള്ളത്? ഇപ്പോൾ അപ്രതീക്ഷിതമായല്ലേ എനിക്ക് കാണാൻ കഴിഞ്ഞത്? നിനക്കും കാണാൻ കഴിയും. ഞാനവളോട് പറഞ്ഞിട്ടുണ്ട് നിന്നെപ്പറ്റി.”
“അവളെങ്ങിനെ കാണാൻ? മനുഷ്യക്കുട്ടിയെപ്പോലെത്തന്നെയാണോ? സുന്ദരിയാണോ?”
“അതെ. നമ്മുടെ സ്കൂളിലെ പെൺകുട്ടികളെപ്പോലെത്തന്നെ. പക്ഷെ ഇളം നീലനിറത്തിലുള്ള ഉടുപ്പാണവളുടെ വേഷം. കണ്ണിലുമുണ്ട് ഇളം നീലനിറം. ശരീരത്തിനും നീലനിറം കലർന്നതുപോലെ തോന്നും. അത് ചിലപ്പോൾ ആ പേടകത്തിലെ വെളിച്ചം പ്രതിഫലിക്കുന്നതാവാനും മതി. നല്ല ഭംഗിയുള്ള നീളൻ കണ്ണുകളാണ്. അടുത്തിരിക്കുമ്പോൾ നേരിയൊരു സുഗന്ധവുമുണ്ട്.”
അശ്വിൻ വിവരിച്ചപ്പോൾ വിമലിന്റെ ആകാംക്ഷ കൂടിവന്നു. അവൻ എന്തൊക്കെയോ ഇനിയും ചോദിക്കാനുണ്ട്. ഇന്നലെ രാത്രി സാനിയ വന്ന കാര്യം അശ്വിൻ വിവരിച്ചതിൽപ്പിന്നെയാണ് വിമലിനും അവളെ കാണണമെന്ന ആഗ്രഹം തോന്നിത്തുടങ്ങിയത്.
“നമ്മൾ എപ്പോഴാണ് പോകുകയെന്നാ പറഞ്ഞത്?”
“അങ്ങിനെ എപ്പോൾ പോകുമെന്നൊന്നും പറഞ്ഞിട്ടില്ല. ഒരുക്കങ്ങളൊക്കെ പൂർത്തിയായിക്കഴിഞ്ഞാൽ പോകാം. നമ്മൾ വിചാരിച്ചതുപോലെ അത്ര ബുദ്ധിമുട്ടുള്ള കാര്യങ്ങളൊന്നുമല്ല പേടകം നിർമ്മിക്കുന്നത്. കട്ടിയുള്ളൊരു കടലാസുകൊണ്ട് ആ പുസ്തകത്തിലുള്ള ചിത്രത്തിന്റെ മാതൃകയിൽ നിർമ്മിച്ചാൽ മതി. പിന്നുള്ളതൊക്കെ അവൾ ചെയ്തുകൊള്ളും. പക്ഷെ സൂക്ഷ്മതയോടെ ഓരോ ഭാഗങ്ങളും കടലാസുകൊണ്ട് നിർമ്മിച്ചെടുക്കണം. അതിലുള്ളതുപോലെത്തന്നെ യോജിപ്പിക്കുകയും വേണം. എങ്കിൽ മാത്രമേ ശരിയായ രീതിയിൽ പ്രവർത്തിക്കുകയുള്ളൂവെന്നവൾ പ്രത്യേകം പറഞ്ഞിട്ടുണ്ട്.”
സ്കൂളിലെ മറ്റു കുട്ടികളോടൊന്നും അശ്വിനും വിമലും അവരുടെ സൂര്യയാത്രയെക്കുറിച്ച് പറഞ്ഞിരുന്നില്ല. പറഞ്ഞാലും ആരും വിശ്വസിക്കാൻ പോകുന്നില്ലെന്നവർക്കറിയാം. എല്ലാവരും കളിയാക്കുകയും ചെയ്യും. അദ്ധ്യാപകരറിഞ്ഞാൽ ചിലപ്പോൾ രക്ഷിതാക്കളെ വിളിപ്പിക്കുമെന്നും അത് പ്രശ്നങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുകയേയുള്ളൂവെന്നവർക്കറിയാം.
“നമ്മുടെ കെമിസ്ട്രി ടീച്ചറോടെങ്കിലും നമ്മളിത് പറയണോ?”
“വേണ്ട. അന്ന് നീ പറഞ്ഞപ്പോൾ ഇത് വെറുമൊരു കഥ മാത്രമാണെന്നല്ലേ ടീച്ചർ പറഞ്ഞത്? ഈയൊരു കാര്യത്തെ ആർക്കും വിശ്വസിക്കാൻ കഴിയില്ല. സാധാരണ മനുഷ്യൻ വിശ്വസിക്കാൻ പറ്റുന്ന വല്ല കാര്യവുമാണോയിത്?”
“ഇതേവരെ ഏറ്റവും സാങ്കേതികമായും ശാസ്ത്രമേഖലയിലും ഏറ്റവും വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള അമേരിക്കയുടെ നാസ പോലും സൂര്യനിലേക്ക് മനുഷ്യനെ കൊണ്ടുപോകുന്നകാര്യം സ്വപ്നത്തിൽപ്പോലും കണ്ടിട്ടുണ്ടാവില്ല. അത്രയും ഉയർന്ന ഊഷ്മാവുള്ള സൂര്യൻ പോലുള്ളൊരു നക്ഷത്രത്തിലേക്ക് സാധാരണ മനുഷ്യർക്ക് പോകാൻ സാധിക്കുകയുമില്ല. പിന്നെങ്ങിനെയാണ് നമ്മുടെ സ്കൂളിലെ കുട്ടികൾക്കും അദ്ധ്യാപകർക്കും അത് വിശ്വസിക്കാൻ സാധിക്കുക? നമുക്കൊരു അന്യഗ്രഹജീവിയെ കൂട്ടിനു കിട്ടിയതുകൊണ്ടല്ലേ നമ്മുടെ സ്വപ്നം യാഥാർത്ഥ്യമാകുന്നത്?”
- Read More: ലാറ്റിനമേരിക്കൻ നാടോടിക്കഥകൾ വായിക്കാം
“ശരിയാണ്. എങ്ങിനെയെങ്കിലും രാത്രിയായാൽ മതിയായിയെന്നായിട്ടുണ്ട് എനിക്കിപ്പോൾ. പക്ഷെ ഇന്ന് വൈകിട്ട് നമുക്ക് കുറേയധികം കാര്യങ്ങൾ ചെയ്യാനുണ്ട്. സ്കൂൾ വിട്ട് പോകുമ്പോൾ കുറേയധികം കട്ടിയുള്ള കടലാസുകൾ വാങ്ങണം. കത്രികയും പശയുമൊക്കെ വാങ്ങണം. കഴിഞ്ഞയാഴ്ച അച്ഛൻ സിനിമ കാണാൻ തന്ന പണം എന്റെ കൈയ്യിലുണ്ട്. ഇനിയെന്തിനാ സിനിമ കാണുന്നത്? ഒരു സിനിമയിലും കാണാൻ കഴിയാത്ത കാര്യങ്ങളല്ലേ നമ്മൾ നേരിട്ട് കാണാൻ പോകുന്നത്.”
സ്കൂൾ വിട്ട് വീട്ടിലേക്കുപോകുമ്പോൾ അവർ അടുത്തുള്ള കടയിൽ നിന്നും പേപ്പറുകളും, കത്രികയും പശയും മറ്റും വാങ്ങി. വീട്ടിലെത്തിയയുടനെ കുളിച്ച് വസ്ത്രം മാറി വിമൽ അശ്വിന്റെ വീട്ടിലെത്തി. അവരിരുവരും പഠനമുറിയിലിരുന്ന് കടലാസുകൾ സ്കെയിലുപയോഗിച്ച് കൃത്യമായി അളന്നെടുത്തു മുറിച്ചു. പുസ്തകത്തിൽ പറഞ്ഞിരിക്കുന്നവ അശ്വിന് എളുപ്പത്തിൽ വായിച്ചെടുക്കാൻ കഴിയുമായിരുന്നു.
ചിത്രങ്ങൾ നോക്കിയും അശ്വിൻ പറഞ്ഞുകൊടുത്തതനുസരിച്ചും വിമൽ കടലാസുകൾ മുറിച്ചെടുത്തു. ഒരു വൃത്താകൃതിയിലുള്ള തളികയുടെ രൂപത്തിലായിരുന്നു ആ പേടകം. ഇരുവശവും വീതിയുള്ള ചിറകുകളുണ്ടായിരുന്നു. മുൻവശം കൂർത്തിട്ടും പിൻവശം പക്ഷിയുടെ വിടർത്തിവെച്ച വാൽ പോലെ പരന്നിട്ടുമായിരുന്നു.
“എളുപ്പമല്ലട്ടോ ഈ പേടകമുണ്ടാക്കാൻ. ഈ തളികയുണ്ടാക്കാൻ തന്നെ കുറേ സമയമെടുക്കും. കണ്ടില്ലേ? ഇതിന്റെ ഓരോ ഭാഗവും പ്രത്യേകം കഷണം കടലാസുകൾ മുറിച്ചെടുത്ത് ഒട്ടിച്ചുവേണം തയ്യാറാക്കാൻ. പിന്നെ ഈ ചിറകുകൾ വെറുതെ ഒട്ടിച്ചുവെച്ചാൽ ശരിയാവില്ല. സ്ക്രൂ ചെയ്ത് പിടിപ്പിക്കണം. അതിനായി കടലാസുകൊണ്ട് സ്ക്രൂകൾ നിർമ്മിക്കണം. ഇന്ന് പണി കഴിയുമെന്ന് തോന്നുന്നില്ല.”
വിമലിന്റെ അഭിപ്രായം ശരിയായിരുന്നു. രാത്രി എട്ടുമണിവരെ വെട്ടലും ഒട്ടിക്കലുമൊക്കെ നടത്തിയിട്ടും അവർക്ക് പേടകത്തിന്റെ ജോലി പൂർത്തീകരിക്കാൻ സാധിച്ചില്ല.
“ഇനി നമുക്ക് നാളെ നോക്കാം. എന്നെ അമ്മ വിളിക്കുന്നുണ്ട്. ഞാൻ പോകട്ടെ.”
വിമൽ അവന്റെ വീട്ടിലേക്കു പോയി. സന്ധ്യയ്ക്ക് നാമം ചൊല്ലാൻ പോലും വരാതെ ഇത്രയും സമയം മുറിയിലിരുന്ന് എന്തു ചെയ്യുകയായിരുന്നുവെന്ന് അമ്മ ചോദിച്ചപ്പോൾ പഠിക്കുകയായിരുന്നുവെന്ന് ഒരു കള്ളം പറയേണ്ടി വന്നു അശ്വിന്.
കള്ളം പറയുന്നതിൽ അവൻ നല്ല വിഷമമുണ്ടായിരുന്നു. ആരോടും, പ്രത്യേകിച്ച് അമ്മയോട് കള്ളം പറയാൻ അവനൊരിക്കലും ഇഷ്ടമായിരുന്നില്ല. പക്ഷെ പേടകമുണ്ടാക്കുന്ന കാര്യം അമ്മയോട് പറഞ്ഞാൽ ചിലപ്പോൾ അത് തങ്ങളുടെ യാത്രയെ തടസ്സപ്പെടുത്തും. വലിയൊരു ലക്ഷ്യം പൂർത്തീകരിക്കുന്നതിനായാണെങ്കിലും അമ്മയോട് കള്ളം പറയേണ്ടി വന്നതിൽ സങ്കടപ്പെട്ട് അവൻ അമ്മയോടൊട്ടിനിന്നു.
“എന്റെ മോൻ കള്ളം പറയുന്നതു കണ്ടാൽ പെട്ടെന്നു തിരിച്ചറിയാം. മോൻ കള്ളത്തരം തീരെ ചേരില്ല…” അമ്മ അവനെ ചേർത്തു പിടിച്ചു പറഞ്ഞു.
“നിങ്ങൾ അകത്തു പഠിക്കുകയായിരുന്നില്ലെന്നൊക്കെയെനിക്കറിയാം. എന്തിനാണ് അത്രയും കടലാസുകളും പശയുമൊക്കെ വാങ്ങിക്കൊണ്ടു വന്നത്? സ്കൂളിലേക്ക് എന്തെങ്കിലും പഠനമാതൃകകളുണ്ടാക്കാനാണോ? അങ്ങിനെയാണല്ലോ വിമൽ പറഞ്ഞത്? എന്നാലും അതും പഠനം തന്നെയാണ്. വെറും, പാഠപുസ്തകങ്ങളിൽ ഒതുങ്ങുന്നതുമാത്രമല്ല പഠനം. സ്വഭാവ രൂപീകരണവും നല്ല പെരുമാറ്റവും സത്യസന്ധതയുമൊക്കെ പഠനത്തിന്റെ ഭാഗമാണ്. എന്റെ മോൻ ഈ ഗുണങ്ങളൊക്കെ ധാരാളമുണ്ട്. എന്റെ മോന്റെ അമ്മയാകാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവതിയാണ്.”
- Read More: മിസോയ് സാൻ: കുട്ടികളുടെ നോവൽ വായിക്കാം
അമ്മ പറഞ്ഞപ്പോൾ കണ്ണീർ നിയന്ത്രിക്കാനവൻ കഴിഞ്ഞില്ല. അമ്മയെ കെട്ടിപ്പിടിച്ച് ഏങ്ങലടിച്ച് അവൻ കരഞ്ഞു. വരും ദിവസങ്ങളിൽ അമ്മയോട് കാണിക്കാൻ പോകുന്ന കള്ളങ്ങളെക്കുറിച്ചോർത്തും കരച്ചിൽ വന്നു.
സാനിയയോടൊപ്പം സൂര്യയാത്രയ്ക്ക് പുറപ്പെടുമ്പോൾ തന്റെയൊരു പകർപ്പിനെ നിർമ്മിച്ച് അമ്മയെ വഞ്ചിക്കുകയല്ലേ താൻ ചെയ്യാൻ പോകുന്നതെന്നവൻ തോന്നി. അമ്മയുടെ കണ്ണുകളും നിറഞ്ഞിരുന്നു.
അന്ന് രാത്രി ഭക്ഷണം കഴിച്ച് അമ്മയുടെ കൂടെയാണവൻ കിടന്നത്. എല്ലാം തുറന്നു പറഞ്ഞാലോയെന്ന് അവൻ പലവട്ടം ആലോചിച്ചു. പക്ഷെ അമ്മയ്ക്ക് താൻ പറയുന്ന കാര്യങ്ങൾ ഒരിക്കലും ഉൾക്കൊള്ളാൻ കഴിയില്ലെന്നോർത്തപ്പോൾ വേണ്ടെന്നുവെച്ചു. പലതരം ആലോചനകളിൽ മുഴുകി അവൻ ഉറങ്ങിപ്പോയി. അധികം വൈകാതെ തന്നെ നീലവെളിച്ചം മൂടുന്നതവനറിഞ്ഞു. അവനും അമ്മയും അച്ഛനും ഇപ്പോൾ പേടകത്തിനുളളിലാണ്.
സാനിയ അവരെ നോക്കി പുഞ്ചിരിക്കുന്നുണ്ട്. നിലാവു പൊഴിയുന്നതുപോലെ സുന്ദരമാണവളുടെ പുഞ്ചിരി.
“ഇതാരാണ് ഈ സുന്ദരിക്കുട്ടി?”
അമ്മ ചോദിക്കുന്നു.
“ഇത് എന്റെ കൂട്ടുകാരിയാണമ്മേ. ഇവൾ ചൊവ്വാ ഗ്രഹത്തിലാണ് ജനിച്ചു വളർന്നത്. നമ്മൾ ഭൂമിയിലെ മനുഷ്യരേക്കാൾ വളരെ ശാസ്ത്ര പുരോഗതി കൈവരിച്ച മനുഷ്യരാണത്രേ ചൊവ്വാ ഗ്രഹത്തിലുള്ളത്. ഇവൾ ഇപ്പോൾ സൂര്യനിലേക്കുള്ള യാത്രയ്ക്കുള്ള ഒരുക്കത്തിലാണ്. എന്നെയും ഒരുമിച്ച് കൊണ്ടുപോകാമെന്ന് പറഞ്ഞിട്ടുണ്ട്. ഞാനും അവളുടെ കൂടെ പോകട്ടേയമ്മേ?”
അശ്വിന്റെ ചോദ്യത്തിന് പുഞ്ചിരിയായിരുന്നു അമ്മയുടെ മറുപടി. അതു കണ്ടപ്പോൾ അവൻ സന്തോഷമായി. അച്ഛനും ചിരിക്കുന്നു.
“ഇതേവരെ മോന്റെ ഏതെങ്കിലും ആഗ്രഹത്തിൻ എതിർപ്പ് പറഞ്ഞിട്ടുണ്ടോ,” അച്ഛൻ ചോദിച്ചു.
“ഇല്ല. ഈ ആഗ്രഹത്തിനും അച്ഛൻ എതിർപ്പു പറയില്ലെന്നെനിക്കറിയാം. എങ്കിലും ഞാൻ അച്ഛനെയുമമ്മയെയും വിട്ട് വളരെ ദൂരെ പോകുമ്പോൾ വിഷമിക്കില്ലേയെന്ന് പേടിച്ചിട്ടാണ് ഞാൻ പറയാൻ മടിച്ചത്.”
“സാരമില്ല. മോന്റെ ആഗ്രഹമല്ലേ? നടക്കട്ടെ. ഞങ്ങളുടെ അനുഗ്രഹം മോന്റെകൂടെ എപ്പോഴുമുണ്ടാകും.”
സാവധാനത്തിൽ നീലവെളിച്ചവും പേടകവും ഇരുട്ടിൽ ലയിച്ചുപോയി. അപ്പോഴും നല്ലയുറക്കമായിരുന്നു അശ്വിൻ. സാധാരണ അതിരാവിലെയെഴുന്നേറ്റ് പഠിക്കുന്ന ശീലമുണ്ടായിരുന്ന അവൻ ഉണരാൻ നേരം വൈകുന്നതുകണ്ട് അമ്മ ഉണർത്താൻ നോക്കിയെങ്കിലും അച്ഛൻ വിലക്കി.
“സാരമില്ല. അവനുറങ്ങിക്കോട്ടെ. എന്തൊക്കെയോ ഉറക്കത്തിൽ പിച്ചും പേയും പറയുന്നുണ്ടായിരുന്നു രാത്രിയിൽ. ചെറിയ പനിയുമുണ്ടായിരുന്നു. ഇപ്പോൾ വിളിക്കേണ്ട. ക്ഷീണം മാറുംവരെ ഉറങ്ങട്ടെ.”
നേരം വൈകിയാണ് അശ്വിൻ ഉണർന്നത്. മതിവിട്ടുറങ്ങിപ്പോയതിൽ അവൻ മടുപ്പുതോന്നി. സ്കൂളിൽ പോകാൻ സമയമായിരിക്കുന്നു. വേഗം കുളിച്ച്, പ്രാതൽ കഴിച്ച് വസ്ത്രം ധരിച്ചിറങ്ങിയപ്പോഴേക്കും വിമലും എത്തിയിരുന്നു.
“ഇന്നെലെ അവൾ വന്നില്ലേ? എന്തു പറഞ്ഞു?”
“അവളോ? ആര്?”
എല്ലാം മറന്നുപോയതുപോലെയായിരുന്നു അശ്വിന്റെ സംസാരം.
“സാനിയ. മറന്നുപോയോ? നീ കള്ളം പറയുകയായിരുന്നോ?”
“ഓ. അല്ല. ഇന്നലെയവൾ വന്നില്ല. അല്ല. വന്നു. സ്വപ്നത്തിലാണ് വന്നത്.”
“സ്വപ്നത്തിലോ? നിനക്ക് ഭ്രാന്തായോ?”
“ഞാൻ ഇന്നലെ രാത്രി അമ്മയുടെ കൂടെ കിടന്നുറങ്ങിപ്പോയി. രാവിലെ ഉണരാനും പറ്റിയില്ല. പക്ഷെ അവളെ ഞാൻ സ്വപ്നത്തിൽ കണ്ടിട്ടുണ്ട്. അമ്മയും അച്ഛനുമൊക്കെയുണ്ടായിരുന്നെന്നു തോന്നുന്നു സ്വപ്നത്തിൽ. പക്ഷെ എനിക്കിപ്പോഴൊന്നും ഓർമ്മയില്ല.”
“ഊം. പക്ഷെ, ഇന്ന് രാവിലെ ഞാനൊരത്ഭുതം കണ്ടു.”
“നീ അത്ഭുതം കണ്ടെന്നോ?”
“അതെ…” വിമൽ അഭിമാനത്തോടെ പറഞ്ഞു.
“രാവിലെ പതിവുപോലെ ഞാൻ എഴുന്നേറ്റു പഠിക്കാനിരിക്കയായിരുന്നു. നിന്റെ മുറിയിൽ വെളിച്ചമുണ്ടോയെന്ന് ജനൽ തുറന്ന് നോക്കിയതായിരുന്നു ഞാൻ. പക്ഷെ ഒരു നീല വെളിച്ചമാണ് നിന്റെ മുറിയിൽ നിന്നുമുണ്ടായിരുന്നത്. ഞാൻ നോക്കിനിൽക്കെ ഒരു വൃത്താകൃതിയിലുള്ള നീല വെളിച്ചം പുറപ്പെടുവിക്കുന്ന തളിക നിന്റെ മുറിയിൽ നിന്നും പുറത്തേക്കുവന്ന് എന്റെ വീടിന്നടുത്തേക്കു നീങ്ങിവന്നു. എനിക്ക് ഭയമാകുന്നുണ്ടായിരുന്നു. എന്റെ ജനലിനടുത്തായി, മുറ്റത്ത് അത് നിന്നു. അതിനുള്ളിൽ ആരെങ്കിലുമുള്ളതായി മനസ്സിലാക്കാനെനിക്കു കഴിഞ്ഞില്ല. തീർച്ചയായും അത് നിന്റെ സാനിയയുടെ പേടകമായിരിക്കുമെന്നതിൽ സംശയമില്ല. പക്ഷെ എനിക്ക് പുറത്തേക്കിറങ്ങിച്ചെല്ലാൻ പേടിയായിരുന്നു. അത് കുറച്ചുകഴിഞ്ഞപ്പോൾ വായുവിൽ ലയിച്ചില്ലാതായിപ്പോയി.”
- Read More: ഭൂമിയുടെ അലമാര: നോവൽ വായിക്കാം
“അപ്പോൾ അവളിന്നു രാവിലെയും വന്നിരുന്നുവല്ലേ. പാവം എന്നെ കാണാതെ വിഷമിച്ചായിരിക്കും പോയത്. സാരമില്ല. ഇന്ന് രാത്രി വരുമായിരിക്കും. ഇന്ന് നമുക്ക് ആ പേടകത്തിന്റെ ജോലി പൂർത്തിയാക്കണം. അവൾ വരുമ്പോഴേക്കും അത് പൂർണ്ണമാക്കി അവൾക്ക് കൊടുക്കണം. എന്നിട്ട് എന്താണതുകൊണ്ട് ചെയ്യാൻ പോകുന്നതെന്ന് നോക്കണം.”
സ്കൂളിൽ അന്നത്തെ ദിവസം ഒരു പ്രദർശനമൊരുക്കിയിരുന്നു. ജില്ലാ ശാസ്ത്ര കൗൺസിലിന്റെ നേതൃത്വത്തിലുള്ളൊരു സംഘമായിരുന്നു പ്രദർശനം സംഘടിപ്പിച്ചിരുന്നത്. ഭൂമിയെ വലയം ചെയ്തിരിക്കുന്ന അന്തരീക്ഷത്തെക്കുറിച്ചും, അന്തരീക്ഷ പാളികളെക്കുറിച്ചുമൊക്കെയായിരുന്നു പ്രദർശനം. നക്ഷത്രങ്ങളും ഗ്രഹങ്ങളും സൂര്യനും സൗരയൂഥവും ആകാശഗംഗയുമൊക്കെ പ്രദർശനത്തിലുണ്ടായിരുന്നു.
“ദാ.. ഇതുവഴിയായിരിക്കും നമ്മൾ പോവുക,” ഭൗമാന്തരീക്ഷപാളികൾ ചിത്രീകരിച്ചിരിക്കുന്ന വലിയ ചാർട്ടിനുമുന്നിൽ നിന്നുകൊണ്ട് അശ്വിൻ വിമലിനോട് പറഞ്ഞു.
“കണ്ടോ, ഓരോ അന്തരീക്ഷ പാളിയിലും വ്യത്യസ്തമായ താപനിലയാണ്. ആ താപനില നേരിടാന് തക്ക വിധത്തിൽ നമ്മുടെ ശരീരത്തെ പാകപ്പെടുത്തുന്ന രാസലായനികൾ കൂടെ നമ്മൾക്ക് ഉപയോഗിക്കേണ്ടി വരും. അതെങ്ങിനെ തയ്യാറാക്കണമെന്നുകൂടെ പഠിക്കേണ്ടി വരും. വെറും പേടകം മാത്രം നിർമ്മിച്ചിട്ട് കാര്യമുണ്ടോ?”
വിമലിന്റെ സംശയം തികച്ചും ന്യായമാണെന്ന് അശ്വിനും തോന്നി. ഇതേവരെ പേടകത്തെക്കുറിച്ചു മാത്രമേ സാനിയ പറഞ്ഞിട്ടുള്ളൂ. ശരീരത്തെ യാത്രയ്ക്കായി തയ്യാറാക്കേണ്ടുന്ന രാസലായനിയുടെ നിർമ്മാണത്തെക്കുറിച്ചവളൊന്നും പറഞ്ഞിട്ടില്ല. ഇന്ന് രാത്രി വരുമ്പോൾ തീർച്ചയായും ചോദിക്കണം.
- Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള് വായിക്കാം
പ്രദർശനത്തിലൊരുക്കിയിരുന്ന സൗരയൂധത്തിന്റെയും ഗ്രഹങ്ങളുടെയും ചിത്രങ്ങൾ അവർ സാകൂതം വീക്ഷിക്കുന്നതു കണ്ട് സാമൂഹ്യശാസ്ത്രം അദ്ധ്യാപിക അവരുടെയടുത്തേക്കു വന്നു.
“എന്തായി രണ്ടുപേരുടെയും സൂര്യയാത്ര? പോകാനുള്ള തയ്യാറെടുപ്പെല്ലാമായോ? യാത്രപോകാനുള്ള വഴിയായിരിക്കും നോക്കുന്നതല്ലേ?”
അദ്ധ്യാപിക കളിയാക്കുകയാണെന്ന് മനസ്സിലായിട്ടും അശ്വിനും വിമലും ഭവ്യതയോടെ നിന്നു ചിരിച്ചു.
“എടോ, ഞാനന്നതൊരു തമാശയ്ക്കു പറഞ്ഞ കഥയല്ലേ? അതൊക്കെയങ്ങിനെ കാര്യമായെടുക്കാമോ?” ടീച്ചർ വീണ്ടും ചോദിച്ചു.
ചിരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല കുട്ടികൾക്ക്. അന്ന് വൈകിട്ട് സ്കൂൾ വിട്ടതിനു ശേഷം സമയം കളയാതെയവർ വീട്ടിലേക്കു വേഗം നടന്നു. ഇന്ന് പേടകത്തിന്റെ ജോലികൾ പൂർത്തിയാക്കണം. രാത്രി തീർച്ചയായും സാനിയ വരും. അശ്വിൻ ഉറപ്പുണ്ടായിരുന്നു.
തുടരും…