/indian-express-malayalam/media/media_files/uploads/2020/09/sreejith-fi-2.jpg)
അന്യഗ്രഹ ഭാഷ
അശ്വിനും വിമലും തൊടികടന്നു വരുമ്പോള് അവരുടെ അമ്മമാര്‍ വര്ത്തമാനം പറഞ്ഞുനില്ക്കുന്നുണ്ടായിരുന്നു. ഇരുവരുടെയും വീടുകള്ക്കിടയിലെ പറമ്പില് ചില അസ്വാഭാവികതകള്‍ കണ്ടതിനെക്കുറിച്ചായിരുന്നു സംസാരം. ചിലയിടങ്ങളില്‍ മണ്ണിളകിക്കിടക്കുന്നതും മറ്റുചിലയിടങ്ങളില്‍ വെളുത്തനിറത്തിലുള്ള പൊടി വിതറിയതുപോലെയും കാണപ്പെട്ടിരുന്നു. ഇന്നലെ വൈകിട്ട് പറമ്പിലെ ചപ്പുചവറുകളൊക്കെ തൂത്തുവാരി വൃത്തിയാക്കിയതായിരുന്നു ഇരുവരും. അപ്പോഴൊന്നും കാണാതിരുന്ന അടയാളങ്ങള് ഇന്ന് കണ്ടതില് അവര് അത്ഭുതപ്പെട്ടു.
കുട്ടികളോട് ഇതേക്കുറിച്ച് അമ്മമാര്‍ പറഞ്ഞപ്പോള് അശ്വിന്‍ വിമലിന്റെ മുഖത്തേക്കു നോക്കി. അവന്‍ കണ്ണുകള്കൊണ്ട് ആംഗ്യം കാണിച്ചു.
"അമ്മേ, അതുവല്ല മുള്ളന്‍പന്നിയോ മറ്റോ വന്നതായിരിക്കും. കഴിഞ്ഞ മാസവും ഇതേപോലെ മണ്ണിളകിക്കിടക്കുന്നത് കണ്ടിരുന്നില്ലേ?"
"ഇല്ല മോനേ, ഞങ്ങളിവിടെയെല്ലാം നോക്കി.മുള്ളന്‍ പന്നിയായിരുന്നുവെങ്കില് എവിടെയെങ്കിലും മുള്ളുകള് വീണുകിടക്കുന്നതു കണ്ടേനെ. പിന്നെ വെള്ളനിറത്തിലുള്ള പൊടിയെങ്ങനെ വന്നു? എനിക്കു തോന്നുന്നത് വല്ല കള്ളന്മാരുമായിരിക്കുമെന്നാണ്."
"അതെ. നാട്ടില് പലയിടത്തും കള്ളന്മാരിറങ്ങിയിട്ടുണ്ടെന്ന് പത്രത്തില് കണ്ടിരുന്നു. നമ്മള് തന്നെ ശ്രദ്ധിക്കണം," വിമലിന്റെ അമ്മയും യോജിച്ചു.
കുട്ടികള്‍ കൂടുതല് സംസാരിക്കാന്‍ നില്ക്കാതെ വീടുകളിലേക്കു പോയി. അവര്‍ക്ക് വിശക്കുന്നുണ്ടായിരുന്നു. സ്കൂള് വിട്ടുവന്നാല് കുളി കഴിഞ്ഞ് എന്തെങ്കിലും ലഘുഭക്ഷണം കഴിക്കുന്നത് പതിവുള്ളതിനാല് അതിനുശേഷം വേണമായിരുന്നു അവര്ക്ക് അന്യഗ്രഹത്തിലെ പെണ്കുട്ടി സമ്മാനിച്ച പുസ്തകം പരിശോധിക്കാന്‍. കുളികഴിഞ്ഞ് ഭക്ഷണവും കഴിഞ്ഞ് ആദ്യമെത്തിയത് വിമലായിരുന്നു. അവന്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ താത്പര്യം വര്ദ്ധിച്ചിരിക്കുന്നു. അശ്വിന്‍ അപ്പോഴും ഭക്ഷണം കഴിക്കുന്നതേയുണ്ടായിരുന്നുള്ളൂ.
"വിമല്, നീ ആ മുറിയിലിരിക്കൂ. ഞാനിപ്പോള് വരാം."
അശ്വിന്റെ നിര്ദ്ദേശാനുസരണം വിമല്‍ പഠനമുറിയില് ചെന്നിരുന്നു. എത്ര വൃത്തിയായും അടുക്കും ചിട്ടയോടും കൂടിയാണ് അശ്വന് പുസ്തകങ്ങളും പഠനോപകരണങ്ങളും പുസ്തകസഞ്ചിയും മേശയും കസേരയുമൊക്കെ ക്രമീകരിച്ചിരിക്കുന്നതെന്ന് അവനത്ഭുതപ്പെട്ടു. അവന്റെ വീട്ടില് വസ്തുക്കള് അടുക്കും ചിട്ടയോടും കൂടി വെക്കുന്നതില് ഒരു ശ്രദ്ധയുമുണ്ടായിരുന്നില്ല. അശ്വിന്റെ നല്ല ശീലങ്ങള് കണ്ട് അത് തന്റെ ജീവിതത്തില് പകര്ത്തുകയായിരുന്നു വിമല്‍ ചെയ്തുകൊണ്ടിരുന്നത്. ഇനി മുതല് തന്റെ പുസ്തകങ്ങളും മറ്റും ഇതേപോലെ അടുക്കിവെക്കണം. അവന് വിചാരിച്ചു. അലമാരയില് നിന്നും ഒരു പുസ്തകമെടുത്ത് വായിച്ചുകൊണ്ട് അവന് അശ്വിന്‍ വരുന്നതും കാത്ത് കസേരയിലിരുന്നു.
"ആഹ! നീയാണോ ഈ പുസ്തകങ്ങളൊക്കെ ഇങ്ങനെയടുക്കിവെച്ചിരിക്കുന്നത്! ഞാന്‍ എത്ര ദിവസമാണെന്നോ ഇങ്ങനെ ചെയ്യണമെന്ന് ആലോചിക്കാന്‍ തുടങ്ങിയിട്ട്? എനിക്കാണെങ്കില് ഇക്കാര്യത്തില് ഒരു ശ്രദ്ധയുമില്ല. ഇന്നു രാവിലെയും പഠിച്ച പുസ്തകങ്ങളൊന്നും എടുത്തുവെക്കാതെയാണ് ഞാന്‍ സ്കൂളിലേക്കു പോയത്."
അശ്വിന്‍ പറഞ്ഞപ്പോള് വിമല് അത്ഭുതപ്പെട്ടു. "ങ്ഹേ! അപ്പോള് നീയല്ലേ? ഞാന് വരുമ്പോള് ഇതിങ്ങനെ വൃത്തിയായി അടുക്കിവെച്ചിരിക്കുന്നതാണല്ലോ കണ്ടത്! എന്റെ വീട്ടിലും ഇതുപോലെ ചെയ്യണമെന്ന് ഞാന് വിചാരിക്കുകയും ചെയ്തു."
"അച്ഛനോ അമ്മയോ ആകുമോ? പക്ഷെ അവരങ്ങനെ ചെയ്യാറില്ലല്ലോ. എന്റെ മുറി വൃത്തിയാക്കേണ്ടത് ഞാന് തന്നെയാണെന്ന് പറഞ്ഞ് എന്നെക്കൊണ്ട് ചെയ്യിക്കുകയാണ് അമ്മ പതിവ്. ഇന്നെന്തു പറ്റിയാവോ!"
അവര് സംസാരിച്ചുകൊണ്ടിരുന്നപ്പോള് അമ്മയും അങ്ങോട്ടു കടന്നുവന്നു. വിമലിനായി തയ്യാറാക്കിയ മാമ്പഴ ജ്യൂസുമായാണ് അമ്മ വന്നത്.
"ആഹ! എന്റെ മോന് നല്ല കുട്ടിയായല്ലോ! എന്തു വൃത്തിയായാണ് മുറി സൂക്ഷിച്ചിരിക്കുന്നത്. നന്നായി. അച്ഛന് ഇന്നലെയും പറഞ്ഞതേയുള്ളൂ നിന്റെ അശ്രദ്ധയെക്കുറിച്ച്. ഇന്ന് അച്ഛന് വന്നിട്ട് ഇതു കാണിച്ചുകൊടുക്കണം നമുക്ക്."
അപ്പോള് അമ്മയുമല്ല മുറി വൃത്തിയാക്കിയത്. പിന്നെയാരായിരിക്കും! പെട്ടെന്ന് അശ്വിന്‍റെ മസ്സിലൊരു സംശയം മിന്നി. ഇനി ഇന്നു പുലര്‍ച്ചെ കണ്ട പെണ്കുട്ടിയായിരിക്കുമോ? അന്യഗ്രഹ ജീവിയായതിനാല് അവള്ക്ക് എവിടെയും തടസ്സങ്ങളില്ലാതെ പ്രവേശിക്കാന്‍ കഴിയുമായിരിക്കും. അവള്‍ തന്നെയായിരിക്കും ഇതു ചെയ്തിട്ടുണ്ടാവുക. അവന് കൂട്ടുകാരന്റെ മുഖത്തുനോക്കി കണ്ണിറുക്കിക്കാണിച്ചു.
"അതെ അമ്മേ. ഞാനും കുറേ ദിവസമായി വിചാരിക്കുന്നു എല്ലാമൊന്ന് വൃത്തിയായി സൂക്ഷിക്കണമെന്ന്. ഇന്നേ സാധിച്ചുള്ളൂ. ഇനി എല്ലാ ദിവസവും ഇതുപോലെ ചെയ്തുകൊള്ളാം."
മകന്റെ മറുപടികേട്ട് സന്തോഷത്തോടെ തിരിച്ചുപോയി. മുറിയുടെ വാതിലടച്ചശേഷം തിരിച്ചുവന്ന അശ്വിന്‍ കൂട്ടുകാരനോട് രഹസ്യമായി പറഞ്ഞു,
"അവളിവിടെ വന്നിട്ടുണ്ട്. അതുറപ്പാണ്."
"ആര്?"
"നിനക്കിനിയും മനസ്സിലായില്ലേ? ഇന്നു രാവിലെ ഞാന്‍ കണ്ടുവെന്നു പറഞ്ഞ ചൊവ്വാ ഗ്രഹത്തിലെ പെണ്കുട്ടിയില്ലേ? അവള് തന്നെ. അവളാണ് ഈ മുറി വൃത്തിയാക്കിയതും, എല്ലാം അടുക്കിവെച്ചതും. അതെനിക്കുറപ്പാണ്. അല്ലാതെ മറ്റാരും ചെയ്യില്ല."
"അപ്പോള് നീ പറഞ്ഞതൊക്കെ സത്യം തന്നെയാണല്ലേ?"
"നിനക്ക് വിശ്വാസമില്ലെങ്കില് വേണ്ട. ഏതായാലും അവള് തന്ന പുസ്തകം കണ്ടാല് നിനക്ക് വിശ്വാസമാകുമല്ലോ? ദാ.. ഇതാണാ പുസ്തകം." അശ്വിന്‍ മേശപ്പുറത്തുനിന്നും സൂര്യയാത്രയുടെ രഹസ്യപുസ്തകമെടുത്തു നിവര്ത്തിക്കാണിച്ചു.
"ഇതിനകത്ത് എല്ലാമുണ്ട്. സൂര്യനിലേക്കുള്ള യാത്രയ്ക്കു വേണ്ട തയ്യാറെടുപ്പുകളെക്കുറിച്ചും സഞ്ചരിക്കുന്നതിനുള്ള യാനം തയ്യാറാക്കാനാവശ്യമായ വസ്തുക്കളെക്കുറിച്ചും നമ്മുടെ ശരീരഭാരം കുറക്കുന്നതിനും ചൂടിനെയും തണുപ്പിനെയും പ്രതിരോധിക്കാനുള്ള മാര്ഗ്ഗങ്ങളെക്കുറിച്ചും തടസ്സമില്ലാതെ ഓക്സിജന് ശ്വസിക്കുന്നതിനെക്കുറിച്ചുമൊക്കെ എല്ലാം."
വിമല്‍ പുസ്തകം വാങ്ങി നോക്കി. ശരിയാണ്. സൂര്യയാത്രയ്ക്കാവശ്യമായ പേടകത്തിന്റെ ചിത്രങ്ങളും നിര്മ്മിക്കുന്ന വിധവും ഒക്കെ പല ചിത്രങ്ങളായും വരകളായുമൊക്കെ കൊടുത്തിട്ടുണ്ട്. പക്ഷെ അവ എഴുതിയിരിക്കുന്ന ഭാഷ അപരിചിതമാണല്ലോ.
"ഇതെങ്ങനെ വായിക്കും? ഏതു ഭാഷയാണിത്?"
"ങ്ഹേ! ഇന്ന് രാവിലെ നോക്കിയപ്പോള് മലയാളമായിരുന്നല്ലോ! അതോ എനിക്ക് തോന്നിയതാണോ? കുറേ വരകളും കുറികളും ചിത്രങ്ങളും. ഈ ഭാഷ ഭൂമിയിലുള്ളതാവില്ല. ചിലപ്പോള് അന്യഗ്രഹജീവികളുടെ ഭാഷയായിരിക്കും. അവള്‍ വന്നാല് മാത്രമേ രക്ഷയുള്ളൂ. അല്ലാതെ ഈ പുസ്തകം കൊണ്ട് യാതൊരുപയോഗവുമില്ല. കഷ്ടം തന്നെ. വല്ലാത്ത ചതിയായിപ്പോയി."
"സാരമില്ല. അവളെന്തായാലും വീണ്ടും വരുമല്ലോ. അപ്പോള് ചോദിച്ചു മനസ്സിലാക്കിയാല് മതി."
"പക്ഷെ എപ്പോഴാണവള്‍ വരികയെന്നതിനെക്കുറിച്ചൊരു രൂപവുമില്ലല്ലോ. എപ്പോള്‍ ചോദിക്കും?"
"എന്തായാലും എനിക്കിതിലൊന്നും ചെയ്യാന് കഴിയില്ലെന്നുറപ്പായി. നിനക്കു മാത്രമാണല്ലോ അവളെ കാണാന് കഴിയുക. നിന്‍റെടുത്തല്ലേ അവള് വരുള്ളൂ. ഞാനിവിടെയിരുന്നിട്ടെന്തുകാര്യം? നാളെ മലയാളം പരീക്ഷയുണ്ട്. ഞാനൊന്നും പഠിച്ചിട്ടില്ല. പോകട്ടെ. എന്തെങ്കിലും വിശേഷമുണ്ടെങ്കില് നീ നാളെ പറഞ്ഞാല് മതി."
വിമല്‍ മുറിവിട്ടു പോയപ്പോള് അശ്വിന്‍ എന്തെന്നില്ലാത്തൊരസ്വസ്ഥത തോന്നി. എന്തു കൊണ്ടായിരിക്കും പുസ്തകത്തിലെ അക്ഷരങ്ങള് മാറിപ്പോയത്! ഇന്നു രാവിലെ നോക്കിയപ്പോള് മലയാളത്തില്ത്തന്നെയായിരുന്നു എല്ലാം കൊടുത്തിരുന്നത്. പലതിന്റെയും ശീര്‍ഷകങ്ങള്‍ വായിച്ചതുമാണ്. ഇപ്പോഴെന്തു സംഭവിച്ചു! ഒരു പക്ഷെ വിമല് പുസ്തകം വായിക്കുന്നത് വിലക്കാനായി അവള് തന്നെയൊപ്പിച്ചൊരു വദ്യയായിരിക്കുമിത്.
സന്ധ്യയായോ സമയം? അമ്മ നിലവിളക്കുവെച്ചു നാമം ചൊല്ലുന്നുണ്ട്. അമ്മയോടൊത്തിരുന്ന് സന്ധ്യാനാമം ചൊല്ലിയാല് കുറച്ച് മനസ്സിന് സ്വസ്ഥത ലഭിക്കും. അനാവശ്യമായ എല്ലാ ചിന്തകളും പോയിമറയും. അശ്വിന്‍ അമ്മയുടെയടുത്തുചെന്നിരുന്നു. അമ്മയവനെ ചേര്ത്തിരുത്തി, മുടിയില് തഴുകിക്കൊണ്ട് നാമജപം തുടര്ന്നു.
ഹരിനാമകീര്ത്തനവും, സന്ധ്യാനാമവും ചൊല്ലിക്കഴിഞ്ഞപ്പോള് അവന് അമ്മയെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുത്ത്, പഠിക്കാനായി വീണ്ടും മുറിയിലേക്കു ചെന്നു. ജനല്‍ തുറന്നിട്ടു. ജനുവരി മാസമാണെങ്കിലും മുറിക്കുള്ളില്‍ നല്ല ചൂടാണ്. ജനലില്‍ കൊതുകുവലകൊണ്ടൊരു പാളികൂടെയുണ്ടായിരുന്നതിനാല്‍ കൊതുകുവരുമെന്ന പേടി വേണ്ട. നല്ല കാറ്റും കിട്ടും.
നീല വെളിച്ചം പുറത്തെവിടെയെങ്കിലും കാണുന്നുണ്ടോ? നിരാശയായിരുന്നു ഫലം. ചിലപ്പോള്‍ ആളുകളെല്ലാം ഉറങ്ങിക്കഴിഞ്ഞതിനു ശേഷമായിരിക്കും അന്യഗ്രഹജീവികള്‍ ഭൂമിയിലേക്കു വരിക. ഇവിടുത്തെ മനുഷ്യരുടെ മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ അവര്‍ മടിക്കുന്നുണ്ടാകും. അവന് പുസ്തകമെടുത്ത് തുറന്നുനോക്കി. ചിത്രങ്ങള് മനോഹരമാണ്. ഇങ്ങിനെയൊരു പേടകമുണ്ടാക്കണമെങ്കില് എന്തൊക്കെ വസ്തുക്കള് വേണ്ടിവരും? പ്ലാസ്റ്റിക് ആണോ അതോ ഇരുമ്പോ? അച്ഛനോട് പറഞ്ഞാല് ചിലപ്പോള്‍ വാങ്ങിത്തന്നെന്നിരിക്കും. പക്ഷെ എന്ത് നിര്‍മ്മിക്കാനുദ്ദേശിക്കുന്നതെന്നാണ് പറയുക?
ശൂന്യാകാശയാത്രയെന്നും സൂര്യനിലേക്കുള്ള യാത്രയെന്നൊക്കെ പറഞ്ഞാല് അച്ഛന് ഭയപ്പെട്ടുപോകും. പഠനകാര്യങ്ങളിലും കളികളിലുമൊക്കെ എല്ലാ പിന്തുണയും തരുമെങ്കിലും തന്നെ ഇപ്പോഴും ഒരു വിനോദയാത്രയ്ക്കുപോലും വിടാന്‍ ഭയപ്പെടുന്നയാളാണ് അച്ഛന്. താനിപ്പോഴും ചെറിയ കുട്ടിയാണന്നാണ് വിചാരം. എവിടെയും ഒറ്റയ്ക്ക് പോകാന്‍ സമ്മതിക്കില്ല. അതുകൊണ്ട് സൂര്യയാത്രയുടെ കാര്യം തല്‍ക്കാലം അച്ഛനോടും അമ്മയോടും പറയാതിരിക്കുന്നതാണ് ബുദ്ധി.
പേടകത്തിന്റെ ചിത്രങ്ങള് സസൂക്ഷ്മം പരിശോധിക്കുകയായിരുന്നു അശ്വിന്‍. അവയുടെ നിര്മ്മാണ രീതികളും. എഴുതിയിരിക്കുന്ന കാര്യങ്ങള്‍ വായിക്കാന്‍ സാധിച്ചില്ലെങ്കിലും ചിത്രങ്ങള്‍ തന്നെ സ്വയം സംവദിക്കുന്നതായിരുന്നു. ചിത്രത്തിലേക്കു കണ്ണുകളും മനസ്സും കേന്ദ്രീകരിച്ചിരുന്ന അവന്‍ തന്‍റെ ചുറ്റും നീലവെളിച്ചം പരക്കുന്നത് അറിയാന്‍ കഴിഞ്ഞില്ല.
"അശ്വിന്‍... സൂര്യയാത്രയ്ക്കുള്ള വാഹനമുണ്ടാക്കാന് പഠിച്ചോ?"
തൊട്ടടുത്തുനിന്നും മധുരമായ ശബ്ദം കേട്ടപ്പോള് സംശയത്തോടെ നോക്കിയപ്പോഴേക്കും അവന്‍ പൂര്ണ്ണമായും അര്‍ദ്ധതാര്യമായ ഒരു പേടകത്തിനകത്തായിക്കഴിഞ്ഞിരുന്നു.
"ങ്ഹേ! എന്താണിത്? ഞാനെങ്ങിനെ ഇതിനകത്തെത്തി?"
"എനിക്ക് അശ്വിനോട് സംസാരിക്കണമെങ്കില്‍ ഈ പേടകത്തിനകത്തുനിന്നേ സാധിക്കൂ. അശ്വിനെന്നെ കാണാന് കഴിയണമെങ്കിലും അതുതന്നെ. അതുകൊണ്ട് നീയറിയാതെ നിന്നെ ഞാനീ പേടകത്തിനകത്തെത്തിച്ചതാണ്."
"ഹയ്യോ! അച്ഛനോ അമ്മയോ ഇങ്ങോട്ടുവന്നാലോ? അവര്‍ പേടിക്കില്ലേ?"
"ഇല്ല. അവര്‍ക്ക് ഇപ്പോഴിങ്ങോട്ട് വരാന്‍ കഴിയില്ല. മാത്രമല്ല, ഈ പേടകത്തിനകത്തു കയറിക്കഴിഞ്ഞാല് മാത്രമേ മറ്റുള്ളവര്ക്കു നമ്മളെ കാണാന് കഴിയൂ. നേരിയൊരു നീലവെളിച്ചം കാണാന് കഴിഞ്ഞേക്കുമെന്നു മാത്രം. വേണമെങ്കില് അതും ഇല്ലാതാക്കാം."
"ഇതെന്താ ഈ പുസ്തകത്തിലെ ഭാഷ? എനിക്കൊന്നും മനസ്സിലാകുന്നില്ല. നേരത്തെ എന്റെ കൂട്ടുകാരന് വിമലും ഇവിടെ വന്നിരുന്നു. അവനും വായിക്കാന് കഴിഞ്ഞില്ല."
"ഇത് ഞങ്ങളുടെ ഭാഷയാണ്. മനുഷ്യര്‍ക്കത് വായിക്കാന് കഴിയില്ല. രാവിലെ നിനക്കു മനസ്സിലാവാന് വേണ്ടി മാത്രം ഞാന്‍ മലയാളത്തിലാക്കിയതാണ്. യഥാര്ത്ഥ ഭാഷയില് പുസ്തകം വായിച്ചാലേ ശരിയായ ആശയം മനസ്സിലാക്കാനാവൂ. അശ്വിനെ ഇതു വായിക്കാന് ഞാന് സഹായിക്കാം."
"ഇതു വായിച്ചിട്ട് മാത്രമെന്തു കാര്യം? ഇതേപോലൊരു പേടകമുണ്ടാക്കാനുള്ള വസ്തുക്കളൊക്കെ ഭൂമിയില് ലഭ്യമാണോ? ആണെങ്കില്ത്തന്നെ എനിക്കതെങ്ങിനെ ലഭിക്കും? ആരു വാങ്ങിത്തരും?"
"വളരെ ശുഭാപ്തി വിശ്വാസമുള്ള അശ്വിനാണോ ഇതൊക്കെ പറയുന്നത്? എല്ലാറ്റിനും പരിഹാരമുണ്ടല്ലോ. അശ്വിന് ഏതായാലും എന്റെ കൂടെ സൂര്യനിലേക്കു പോകാന് തയ്യാറെടുത്തു കഴിഞ്ഞില്ലേ?"
"അതെ. ഞാന്‍ മാത്രമല്ല. എന്റെ കൂട്ടുകാരന് വിമലുമുണ്ടാകും ഒരുമിച്ച്. പക്ഷെ അച്ഛനുമമ്മയുമൊക്കെ സമ്മതിക്കുമോയെന്നാണ് എന്റെ വിഷമം."
"ഹ..ഹ.. അപ്പോള്‍ പോകാനുള്ള ധൈര്യം രണ്ടുപേര്ക്കുമില്ലെന്നു സാരം. വെറുതെയൊരാവേശത്തിന് ഇറങ്ങിപ്പുറപ്പെട്ടതാണല്ലേ? നിങ്ങളുടെ പുസ്തകാന്വേഷണമൊക്കെ കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു വലിയ ശാസ്ത്രാന്വേഷികളാണെന്ന്."
"ശാസ്ത്ര കൗതുകവും സൂര്യനിലേക്കു പോകണമെന്ന ആഗ്രഹവുമൊക്കെയുണ്ട്. പക്ഷെ നോക്കൂ. നിങ്ങള് ചൊവ്വയിലെ മനുഷ്യരെപ്പോലെയല്ല ഭൂമിയിലെ മനുഷ്യര്‍. അവര്‍ ഇതേവരെ സ്വന്തം ഉപഗ്രഹമായ ചന്ദ്രനിലേക്കുപോയി എന്നവകാശപ്പെടുന്നതല്ലാതെ മറ്റൊരു ഗ്രഹത്തിലേക്കും പോയിട്ടില്ല. പഠനത്തിനായി പലതരം പേടകങ്ങള് അയക്കുന്നതല്ലാതെ മനുഷ്യരെ വിജയകരമായി നിങ്ങളുടെ ചൊവ്വയിലേക്കുപോലും ഇതേവരെയെത്താന്‍ മനുഷ്യന് കഴിഞ്ഞിട്ടില്ല. പിന്നെയാണ് സൂര്യനിലേക്കു പോകുന്നത്. അപ്പോള് വെറുമൊരു സ്കൂള് വിദ്യാര്ത്ഥിയായ ഞാന് അതിനിറങ്ങിപ്പുറപ്പെട്ടാല് രക്ഷിതാക്കളും അദ്ധ്യാപകരുമൊക്കെ സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ?"
"അതൊക്കെ ശരിയാണ്. പക്ഷെ, അശ്വിനും വിമലിനും അചഞ്ചലമായ ആഗ്രഹവും, ധൈര്യവുമുണ്ടെങ്കില് തീര്ച്ചയായും നമുക്കതിന് പരിഹാരമുണ്ടാക്കാം."
"അതെങ്ങിനെ?"
"ആരുമറിയാതെ നമുക്ക് പോകാം."
"ആരുമറിയാതെയോ? അപ്പോള് ഞങ്ങളെ കാണാതായാല് അവരൊക്കെ വിഷമിക്കില്ലേ?"
"അതല്ലേ പറഞ്ഞത് ആരുമറിയാതെയെന്ന്. നിങ്ങള് ഇവിടെനിന്നും പോയെന്നത് ആര്ക്കും മനസ്സിലാകാതെ നമുക്ക് നോക്കാം."
"അശ്വിന് കാര്യം മനസ്സിലാകാതെ കുഴങ്ങി. അശ്വിനെപ്പോലെയും വിമലിനെപ്പോലെയുമുള്ള രണ്ടുപേരെ ഇവിടെ നമ്മള് കൃത്രിമമായി ഉണ്ടാക്കും. അവര്‍ നിങ്ങളെപ്പോലെത്തന്നെ ആര്ക്കുമൊരു സംശയവുമില്ലാതെ പെരുമാറും."
"അതെങ്ങിനെ സാധിക്കും? എളുപ്പമാണോ ഞങ്ങളെപ്പോലെ രണ്ടുപേരെ സൃഷ്ടിക്കുന്നത്? മെഴുകുപ്രതിമാ നിര്‍മ്മാണമൊന്നുമല്ലല്ലോ ഇത്. ജീവനുള്ളവരെ വേണ്ടേ?"
"ഞാന്‍ പറഞ്ഞല്ലോ, ഞങ്ങളുടെ ഗ്രഹത്തില്‍ നിങ്ങളുടെ ഭൂമിയിലുള്ളതിനേക്കാളൊക്കെ എത്രയോ അധികം ശാസ്ത്ര-സാങ്കേതികവിദ്യ വികാസം പ്രാപിച്ചുകഴിഞ്ഞു. ഒരു ഫോട്ടോയെടുക്കുന്ന ലാഘവത്തോടെ ഏത് വസ്തുവിന്റെയും പകര്‍പ്പ് നിര്‍മ്മിച്ചെടുക്കാന് ഞങ്ങള്ക്ക് സാധിക്കും. അശ്വിനെപ്പോലെ എത്രപേരെ വേണമെങ്കിലുമുണ്ടാക്കിയെടുക്കാം. കളര്‍ ഫോട്ടോസ്റ്റാറ്റെടുക്കുന്നതു കണ്ടിട്ടില്ലേ? അതേപോലെത്തന്നെ. ആവശ്യം കഴിഞ്ഞാല് ഈ പകര്പ്പുകളെ നശിപ്പിച്ചുകളയുകയും ചെയ്യാം."
അശ്വിന് വിശ്വാസം വരുന്നുണ്ടായിരുന്നില്ല. ഇതേവരെ കഥകളില്പ്പോലും വായിച്ചിട്ടില്ലാത്ത കാര്യങ്ങളാണ് പറയുന്നത്. അപ്പോഴാണ് ഈ പെണ്‍കുട്ടിയെ താനെന്താണ് വിളിക്കുകയെന്ന് അവനാലോചിച്ചത്. ഇവളുടെ പേരറിയില്ലല്ലോ.
"എന്റെ പേരാണോ അശ്വിന് ആലോചിക്കുന്നത്? നിങ്ങളുടെ പേരുപോലുള്ള പേരുകളല്ല ഞങ്ങളുടെ ഗ്രഹത്തില്‍. പലതരം അക്കങ്ങളും ചിഹ്നങ്ങളുമൊക്കെ കൊണ്ടാണ് ഓരോരുത്തരെയും സൂചിപ്പിക്കുന്നത്. പക്ഷെ, എന്നെ അശ്വിന് സാനിയയെന്നു വിളിക്കാം."
"സാനിയ നല്ല പേര്..." അശ്വിന് ആ പേര് പലവുരു ഉരുവിട്ടു.
"ഊം. അപ്പോള് എല്ലാറ്റിനും പരിഹാരമായില്ലേ? നമുക്കിനി നാളെ കാണാം. അശ്വിന്റെ അച്ഛനുമമ്മയുമൊക്കെ ഇപ്പോള്‍ അന്വേഷിച്ചുതുടങ്ങും. ഭക്ഷണം കഴിക്കാനുള്ള സമയമായില്ലേ? കൂടാതെ നാളത്തെ പരീക്ഷയ്ക്കുള്ളതൊന്നും പഠിച്ചുകാണില്ലല്ലോ?"
"നാളെ മലയാളം പരീക്ഷയാണ്. അതൊക്കെ ഞാന്‍ പഠിച്ചുകഴിഞ്ഞു. ഒരു കാര്യം കൂടി. വിമലിനുകൂടെ സാനിയയെ കാണാന് എങ്ങനെയാണ് കഴിയുക? ഞാന്‍ ഈ പറയുന്നതൊന്നും ചിലപ്പോഴവന് വിശ്വസിച്ചുകൊള്ളണമെന്നില്ല."
"ഞാന്‍ പറഞ്ഞില്ലേ, ഈ പേടകത്തിനകത്തു കയറിയാലേ എന്നെ കാണാന് കഴിയുള്ളൂ. വിമലിനേയും നമുക്ക് ഇതിനകത്തേക്ക് കൊണ്ടുവരാം. സമയമാകട്ടെ. ആദ്യം പേടകം നിര്മ്മിക്കേണ്ടേ?"
"എങ്ങിനെയാണ് നിര്മ്മിക്കുകയെന്ന് സാനിയ പറഞ്ഞില്ലല്ലോ. എന്തൊക്കെ വസ്തുക്കാളാണിതിനായുപയോഗിക്കുക?"
"പേടകം നിര്മ്മിക്കാനുള്ള വസ്തുക്കളൊന്നും ഭൂമിയില്‍ കിട്ടില്ല. പകരം നമുക്കൊരു കാര്യം ചെയ്യാം. ഈ പുസ്തകം നോക്കി, കട്ടിയുള്ള പേപ്പര്‍ കൊണ്ട് പേടകം നിര്മ്മിക്കൂ. അതിനെ നമുക്ക് സൂര്യയാത്രയ്ക്കുള്ള പേടകമാക്കാം. അതിനുള്ള വിദ്യയൊക്കെ എന്റെ കൈവശമുണ്ട്. മാത്രമല്ല ഈ പുസ്തകം മലയാളത്തില് അശ്വിന് ഇനി വായിക്കാം. അശ്വിന് മാത്രമേ സാധിക്കൂ. മറ്റുള്ളവര്ക്ക് വേറെ ഭാഷയാണെന്നേ തോന്നൂ. ശരി. ഞാന് പോകുന്നു. ഇനി നാളെ വരാം. ദാ.. അമ്മ വാതിലില് മുട്ടുന്നുണ്ട്."
ശരിയായിരുന്നു. വാതിലില് ആരോ മുട്ടുന്നുണ്ട്. നിമിഷങ്ങള്ക്കുള്ളില് അവനെ മൂടിയിരുന്ന നീലവെളിച്ചവും പേടകവും അന്തരീക്ഷത്തിലലിഞ്ഞുചേര്ന്നു. ഇപ്പോള് എല്ലാം പഴയതുപോലെത്തന്നെ. ഹൊ! അത്ഭുതം. എന്തൊക്കെയാണ് സംഭവിക്കുന്നത്! വിശ്വസിക്കാന്‍ കഴിയുന്നില്ല. സാനിയയോട് ഇനിയുമൊരുപാട് ചോദിക്കാനുണ്ടായിരുന്നു. ഈ മുറി അടുക്കിവെച്ചത് അവളാണോയെന്നും മറ്റും ചോദിക്കാന് വിട്ടുപോയി. അമ്മ വാതിലില് മുട്ടുന്നുണ്ട്.
"ദാ അമ്മേ വരുന്നു..." അശ്വിന്‍ വാതില് തുറക്കാനായി നടന്നു.
തുടരും...
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.