സൂര്യാന്തർ ഭാഗത്തേക്ക്
“എനിക്ക് സന്തോഷമടക്കാനാകുന്നില്ല.”
അശ്വിൻ വിമലിനെ കെട്ടിപ്പിടിച്ചു. അവരുടെ പേടകം സൂര്യന്റെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞിരുന്നു. ചുറ്റുമുള്ള ശക്തമായ പ്രകാശത്തിൽ കണ്ണഞ്ചി അവർ പരസ്പരം നോക്കി.
“സാനിയാ, ഇനിയെത്ര സമയം വേണ്ടിവരും സൂര്യനിലേക്കെത്താൻ? എനിക്ക് തിടുക്കമായി.”
“അതു നല്ല തമാശ. നമ്മൾ സൂര്യനിലേക്കെത്തിക്കഴിഞ്ഞു. ഇപ്പോൾ നമ്മൾ സൗരാന്തരീക്ഷത്തിലാണ്.”
“സൗരാന്തരീക്ഷത്തിലോ? ഭൂമിക്കുള്ളതുപോലെ സൂര്യനുമുണ്ടോ അന്തരീക്ഷം?”
“പിന്നില്ലാതെ? സൂര്യനും എല്ലാറ്റിനേയും അതിന്റെ കേന്ദ്രത്തിലേക്ക് ആകർഷിച്ചുകൊണ്ടിരിക്കുന്നുണ്ട്. അങ്ങിനെ സൂര്യനുചുറ്റും ഒരന്തരീക്ഷപടലവും രൂപപ്പെട്ടിട്ടുണ്ട്. ആ അന്തരീക്ഷപടലത്തിന്റെ ഏറ്റവും പുറത്തെ പാളിയിലാണ് നമ്മളെത്തിയിരിക്കുന്നത്.”
“നമ്മുടെ ഭൂമിക്കു ചുറ്റുമുള്ള അന്തരീക്ഷത്തിന്റെ പാളിപോലെ അല്ലേ?”
“അതെ. അങ്ങനെത്തന്നെ. നമ്മളിപ്പോൾ ഹീലിയോപോസിലാണ്. ഈ സംക്രമണമേഖല കഴിഞ്ഞുവേണം സൂര്യന്റെ ഏറ്റവും പുറത്തെ അന്തരീക്ഷ പാളിയായ ഹീലിയോസ്ഫിയറിലെത്താൻ. ഇന്നേവരെ ഒരു പേടകം പോലും ഹീലിയോപോസ് എന്ന സംക്രമണമേഖല ഭേദിച്ച് അതിനകത്തെത്തിയിട്ടില്ല.”
“നാസ അയച്ച പേടകം പോലും സൂര്യനിലേക്കെത്തിയിട്ടില്ലേ? വോയേജർ എന്ന പേടകം സൂര്യനിലേക്കല്ലേ അയച്ചത്?”
“അതെ. വോയേജർ ഒന്നും വോയേജർ രണ്ടും നാസ അയച്ച മനുഷ്യനിർമ്മിത പേടകങ്ങളാണ്. അവ 2004ലും 2012ലും ഹീലിയോപോസിൽ പ്രവേശിച്ചിട്ടുമുണ്ട്. പക്ഷേ ഇന്റർസ്പെല്ലർ എന്ന ഭാഗത്തേക്കെത്തുകയല്ലാതെ ഹീലിയോസ്ഫിയറിന്റെയുള്ളിലേക്ക് പ്രവേശിക്കാൻ സാധിച്ചിട്ടില്ല. നമ്മൾ ഇതാ ഹീലിയോ പോസ് ഭേദിച്ച് ഹീലിയോസ്ഫിയറിലെത്തിയിരിക്കുന്നു.”
“നമ്മുടെ പേടകത്തിന്റെ വേഗത കുറഞ്ഞോ? എനിക്കങ്ങിനെ തോന്നുന്നതാണോ?”
വിമലിന്റെ ചോദ്യത്തിനു മുന്നിൽ സാനിയ ഒന്നു പരിഭ്രമിച്ചതുപോലെ തോന്നി. അതു മറച്ചുവെച്ച് അവൾ ചിരിച്ചു.
- Read More: ലാറ്റിനമേരിക്കൻ നാടോടിക്കഥകൾ വായിക്കാം
“വിമൽ പറഞ്ഞത് ശരിയാണ്. വേഗത കുറഞ്ഞിട്ടുണ്ട്. പക്ഷെ അതെന്തുകൊണ്ടാണെന്നെനിക്കറിയില്ല. ഒരുപക്ഷെ ഹീലിയോസ്ഫിയറിന്നകത്തെ അതിശക്തമായ സൗരക്കാറ്റായിരിക്കും അതിനു കാരണം.”
“സൗരക്കാറ്റ് ഏറ്റവും ശക്തമാകുന്നത് സൂര്യനോടടുക്കുമ്പോഴായതുകൊണ്ടാകുമല്ലേ അങ്ങിനെ സംഭവിക്കുന്നത്?”
“അതെ. മാത്രമല്ല കൊറോണയിൽ നിന്നുമാരംഭിക്കുന്ന പ്ലാസ്മാപ്രവാഹമായ സൗരക്കാറ്റടിക്കുന്ന സൗരാന്തരീക്ഷത്തിലെ പുറം പാളിയായാണ് ഹീലിയോസ്ഫിയർ അറിയപ്പെടുന്നത്. ഞാനും ഇതിനകത്ത് ഇതേവരെ കടന്നിട്ടില്ല. വായിച്ചുള്ള അറിവേ എനിക്കുള്ളൂ. അച്ഛൻ പറഞ്ഞുതന്നതും.”
“സാനിയയുടെ അച്ഛൻ സൂര്യനിൽ വന്നിട്ടുണ്ടോ?”
“ഉണ്ട്. അച്ഛൻ മാത്രമല്ല, ഞങ്ങളുടെ ചൊവ്വയിലെ ശാസ്ത്രജ്ഞർ പലരും സൂര്യന്റെ അകക്കാമ്പുവരെ സഞ്ചരിച്ചിട്ടുമുണ്ട്. പക്ഷെ എന്നെപ്പോലൊരു കുട്ടി ഇവിടെ പ്രവേശിക്കുന്നത് ആദ്യമായാണ്.”
“നല്ല വെളുത്ത വെളിച്ചമാണല്ലോ ഇവിടെ! കത്തിജ്ജ്വലിക്കുന്ന ഗോളമാണ് സൂര്യനെന്നൊക്കെ കേട്ടപ്പോൾ ഞാൻ വിചാരിച്ചിരുന്നത് തീയ്യുടെ നിറമായിരിക്കുമെന്നാണ്.”
“അതിനു നമ്മളിതുവരെ സൂര്യന്റെ ഉപരിതലത്തിൽ പ്രവേശിച്ചിട്ടില്ലല്ലോ. ഇനി അടുത്ത അന്തരീക്ഷ പാളി കൊറോണയാണ്. കോറോണയും ഹീലിയോസ്ഫിയറുമാണ് നമുക്ക് മറ്റു ഗ്രഹങ്ങളിൽ നിന്നും നോക്കുമ്പോൾ സൂര്യന്റേതായി കാണാൻ സാധിക്കുകയുള്ളൂ. കടലിലെ തിരമാലകൾ പോലെ ഉയർച്ചതാഴ്ചകളുള്ള ഭാഗമാണ് കൊറോണ. ചിത്രത്തിലൊക്കെ തീനാളങ്ങൾ പോലെ സൂര്യനുചുറ്റും കാണാറില്ലേ? അത് കൊറോണയാണ്. നമ്മൾ കൊറോണയിലേക്ക് പ്രവേശിക്കാൻ പോവുകയാണ്.”
അശ്വിനും വിമലും കണ്ണുകൾ മുറുക്കെയടച്ചു. അടുത്ത അന്തരീക്ഷ പാളിയിലേക്ക് പ്രവേശിക്കുന്ന സമയത്ത് എന്തു സംഭവിക്കുമെന്നതിനെക്കുറിച്ച് അവർക്കാശങ്കയുണ്ടായിരുന്നു. പക്ഷെ ഒന്നും സംഭവിച്ചില്ല. പക്ഷെ പേടകത്തിന്റെ വേഗത വീണ്ടും കുറഞ്ഞതായനുഭവപ്പെട്ടു. മാത്രമല്ല ആരോ പേടകത്തെ പിന്നോട്ടു തള്ളുന്നതുപോലെയും തോന്നി.
- Read More: ഭൂമിയുടെ അലമാര: നോവൽ വായിക്കാം
“പേടിക്കേണ്ട. അത് സൗരക്കാറ്റിന്റെ തീവ്രതകൊണ്ടാണ്. വളരെയധികം ചൂടനുഭവപ്പെടുന്ന മേഖലയാണിത്. നമ്മുടെ പേടകമുള്ളതുകൊണ്ട് പേടിക്കാനില്ല. പത്തുലക്ഷം മുതൽ ഇരുപതു ലക്ഷം കെൽവിൻ വരെ ചൂടാണ് കൊറോണയിൽ. പക്ഷെ നമ്മുടെ പേടകത്തിന് അതിനെയും അതിനപ്പുറവും അതിജീവിക്കാൻ സാധിക്കും.”
“എനിക്ക് പേടിയാകുന്നുണ്ട്. എങ്ങനെയെങ്കിലും തിരച്ചുപോയാൽ മതിയായിരുന്നു.”
“തിരിച്ചു പോകുകയോ? അതിനാണോ നമ്മളിത്രയും കഷ്ടപ്പെട്ട് വന്നത്? നമ്മൾ സൂര്യന്റെ ഉള്ളറ വരെ സഞ്ചരിച്ചിട്ടേ മടങ്ങുകയുള്ളൂ.”
സാനിയ വിമലിന്റെ ഭയപ്പെട്ടുള്ള അഭിപ്രായത്തിന് മറുപടി പറയുമ്പോഴേക്കും അവരുടെ പേടകം അതിശക്തിയായൊന്ന് കുലുങ്ങി. പിന്നെയത് തിരമാലയിലകപ്പെട്ട വഞ്ചിപോലെ ആടിയുലയാൻ തുടങ്ങി. അശ്വിനും വിമലും ഉറക്കെ നിലവിളിക്കാൻ തുടങ്ങി.
“ശ്..ശ്.. ശബ്ദമുണ്ടാക്കല്ലേ. കരയല്ലേ. നമ്മൾ കൊറോണയുടെ അടിത്തട്ടിലാണ്. അതിനാലാണ് ഈ ചാഞ്ചാട്ടം. ഇങ്ങിനെ സംഭവിക്കാറുണ്ടെന്ന് അച്ഛനെനിക്ക് മുന്നറിയിപ്പ് തന്നിട്ടുണ്ട്. പേടിയാണെങ്കിൽ ഈ സ്ക്രീനിലേക്ക് നോക്കിക്കോളൂ.”
വിമലും അശ്വിനും പേടിച്ച് കണ്ണുകൾ മുറുക്കെ ചിമ്മിയിരിക്കയായിരുന്നു. പതുക്കെയവർ കണ്ണുതുറന്ന് പേടകത്തിനുള്ളിലെ സ്ക്രീനിലേക്കു നോക്കി. അതാ നേരത്തെ കണ്ട ചൊവ്വയിലെ ശാസ്ത്രജ്ഞരുടെ ഉപഗ്രഹത്തിന്റെ ഉൾവശ ദൃശ്യം. എല്ലാ ശാസ്ത്രജ്ഞരും അവരെ സാകൂതം നോക്കുകയാണ്. എന്തൊക്കെയോ പറയുന്നുമുണ്ട്. ഒന്നും മനസ്സിലാകുന്നില്ല. പേടിക്കേണ്ടെന്നും എല്ലാം ശരിയാകുമെന്നും തള്ളവിരലുയർത്തി ആംഗ്യം കാണിക്കുന്നുണ്ട്.
“കണ്ടില്ലേ നമ്മളെയവർ നിരീക്ഷിച്ചുകൊണ്ടിരക്കുന്നുണ്ട്. നമുക്കെന്തെങ്കിലും സംഭവിച്ചാൽ രക്ഷിക്കാനുള്ള പദ്ധതികളും അവരുടെ പക്കലുണ്ട്. നമ്മുടെ പേടകത്തിന്റെ നിയന്ത്രണം പോലും അവരുടെ കൈയ്യിലുണ്ട്.”
“ഹൊ!” അശ്വിൻ ആശ്വാസത്തോടെ നെടുവീർപ്പിട്ടു. വിമൽ അവന്റെ കൈയ്യിൽ മുറുക്കെ പിടിച്ചിരിക്കയായിരുന്നു. അതുകണ്ട് സാനിയ മന്ദഹസിച്ചു.
“നമ്മൾ കൊറോണയിൽ നിന്നും അടുത്ത സൗരാന്തരീക്ഷ പാളിയായ ട്രാൻസിഷൻ റീജിയനിലേക്ക് കടക്കുകയാണ്. ക്രോമോസ്ഫിയറിലേക്ക് പ്രവേശിക്കുന്നതിനായുള്ള ഭാഗമാണ് ഈ പാളി. ഇതിനകത്തു പ്രവേശിച്ചുകഴിഞ്ഞാൽ പേടിക്കാനില്ല. കൊറോണയിലേതുപോലെയുള്ള സൗരക്കാറ്റ് ഇവിടെയില്ല.”
അശ്വിനും വിമലും പേടകത്തിന്റെ പുറത്തേക്കുറ്റുനോക്കിയിരുന്നു. ശക്തമായ വെള്ളിവെളിച്ചമല്ലാതെ മറ്റൊന്നും കണാനില്ല. പക്ഷെ വളരെ പ്രധാനപ്പെട്ട മേഖലയിലൂടെയാണ് കടന്നുപോകുന്നതെന്ന് അവർക്ക് മനസ്സിലായി. ട്രാൻസിഷൻ റീജിയനും പിന്നിട്ട് സൗരാന്തരീക്ഷത്തിലെ ആദ്യപാളിയായ ക്രോമോസ്ഫിയറിലേക്ക് പ്രവേശിക്കുന്നതിനെക്കുറിച്ചും സാനിയ മുന്നറിയിപ്പു നൽകി. കുറച്ചു കഴിഞ്ഞപ്പോൾ പേടകത്തിന്റെ വേഗത വീണ്ടും വർദ്ധിക്കുന്നതായവർക്കനുഭവപ്പെട്ടു.
“കണ്ടില്ലേ, പേടകത്തിന്റെ വേഗത വർദ്ധിക്കുകയാണ്. അതിനർത്ഥം നമ്മൾ സൗരാന്തരീക്ഷത്തിൽ താഴ്ന്ന വിതാനത്തിൽ സൗരോപരിതലത്തിലേക്ക് എത്തിച്ചേർന്നുകൊണ്ടിരിക്കുന്നുവെന്നാണ്. ഇവിടെ താരതമ്യേന ചൂട് കുറവാണെന്നാണ് പറയപ്പെടുന്നത്.”
“ചൂട് കുറവോ? അപ്പോൾ സൂര്യനോടടുക്കുമ്പോൾ ചൂട് കുറയുകയാണോ ചെയ്യുക? സാനിയക്ക് തെറ്റിയതാകും.”
“അതല്ല. ഇവിടെ സൗരതാപം നാലായിരത്തിയൊരുനൂറ് കെൽവിനാണെന്നാണ് കണക്ക്. മാത്രമല്ല ഇവിടെ ജലതന്മാത്രകളുടെയും കാർബണ് മോണോക്സൈഡിന്റെ സാന്നിദ്ധ്യവുമുണ്ട്. അന്തരീക്ഷപാളികളിൽ ക്രോമോസ്ഫിയറിലും കൊറോണയിലുമൊക്കെ ഹീലിയത്തിന്റെ അയോണീകരണം സംഭവിക്കുന്നതിനാലാണ് അവിടെ ചൂടുകൂടാൻ കാരണം.”
“അപ്പോഴിനി പേടിക്കാനില്ലല്ലേ. നമുക്ക് സൗരോപരിതലത്തിലേക്ക് ഇറങ്ങിനിൽക്കാൻ സാധിക്കുമല്ലോ? എനിക്കവിടെനിന്നുമൊരു സെൽഫിയെടുക്കണം.”
അശ്വിൻ ഭയം മറന്ന് ആവേശഭരിതനായി. വിമലിന്റെയും മുഖം തെളിഞ്ഞിരുന്നു.
“ഹ ഹ ഹ… ഇല്ലില്ല. ഒരിക്കലുമില്ല. നമ്മുടെ ഗ്രഹങ്ങൾ പോലെയല്ല സൂര്യൻ എന്നതു മറന്നുപോയോ? സൂര്യനൊരു നക്ഷത്രമാണ്. അതൊരു വായുഗോളമാണ്. അതിൽ നമുക്ക് ഇറങ്ങിനിൽക്കാനൊന്നും സാധ്യമല്ല. സൗരോപരിതലം എന്നു നമ്മൾ വിളിക്കുന്നത് സൂര്യന്റെ ഫോട്ടോസ്ഫിയറിനെയാണ്. അതായത് നമ്മൾ ദൂരെനിന്നും കാണുന്ന ഭാഗം. ഈ ഭാഗത്തുനിന്നുമാണ് നമ്മൾ സൂര്യപ്രകാശത്തെ പുറത്തേക്കു കാണുന്നത്.”
“അങ്ങനെയാണോ? അത്ഭുതമാണല്ലോ! ഞാനിതുവരെ കരുതിയിരുന്നത് സൂര്യനൊരു കത്തിജ്ജ്വലിക്കുന്ന ഗോളമാണെന്നൊക്കെ പറഞ്ഞപ്പോൾ അതിൽ ഇറങ്ങിനിൽക്കാമെന്നൊക്കെയാണ്. നമ്മുടെ ചന്ദ്രനിലൊക്കെ മനുഷ്യർ ഇറങ്ങിനിന്നില്ലേ. അതുപോലെ പറ്റുമെന്നാണ് കരുതിയത്.”
- Read More: മിസോയ് സാൻ: കുട്ടികളുടെ നോവൽ വായിക്കാം
ചന്ദ്രൻ വെറുമൊരു ഉപഗ്രഹമല്ലേ? അതുപോലെയാണോ സൂര്യൻ? പ്രധാനമായും രണ്ട് വാതകങ്ങൾ കൊണ്ടാണ് സൂര്യൻ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഹൈഡ്രജനും ഹീലിയവും. അണുസംയോജനത്തിലൂടെ ഹൈഡ്രജൻ കണങ്ങൾ ഹീലിയമാക്കപ്പെടുന്നതിലൂടെയാണ് സൂര്യനിൽ ഈ ചൂടും പ്രകാശവും ഊർജ്ജവുമൊക്കെ അനുഭവപ്പെടുന്നത്.”
“ഇനി നമ്മളെന്താണ് ചെയ്യാൻ പോകുന്നത്? ഭൂമിയെ വലംവെച്ചതുപോലെ സൂര്യനെയും വലംവെച്ചാലോ?”
“അതുകൊണ്ട് പ്രയോജനമൊന്നുമില്ല. സൂര്യന്റെ എല്ലാവശത്തും ഇതേപോലെത്തന്നെയുള്ള കാഴ്ചയാണ്. ഭൂമിയിലേതുപോലുള്ള കാഴ്ചാ വൈവിധ്യങ്ങളൊന്നും ഇവിടെയില്ല. നമുക്ക് സൂര്യന്റെ അകത്തേക്കു പോകാം. വരൂ.”
“ഹയ്യോ! സൂര്യന്റെയകത്തേക്കോ? അതപകടമല്ലേ?”
“ഒരപകടവുമില്ല. വരൂ. ഞാനില്ലേ കൂടെ?”
സാനിയ ധൈര്യം കൊടുത്തപ്പോൾ വിമലും അശ്വിനും സൗരാന്തർഭാഗത്തേക്കുള്ള യാത്രയ്ക്ക് തയ്യാറായി.
അടുത്തത് ഫോട്ടോസ്ഫിയറിനുള്ളിലുള്ള സംവഹനമേഖലയാണ്. കണ്വെൻഷൻ സോൺ. സൗരോർജ്ജം സംവഹനത്തിലൂടെ നഷ്ടമാകാതെ സൂക്ഷിക്കുന്നതാണ് ഈ മേഖലയുടെ ധർമ്മം. സാനിയയുടെ വിവരണത്തോടെ അവർ സൗരാന്തർ ഭാഗത്തേക്ക് കുതിച്ചു.
“വേണമെങ്കിൽ ആ കണ്ണടെയെടുത്തുവെച്ചോളൂ. ഇവിടുത്തെ കാഴ്ചകൾ കാണാൻ അതാണ് നല്ലത്.”
സാനിയ പറഞ്ഞതനുസരിച്ച് അശ്വിനും വിമലും ലിയ സമ്മാനിച്ച കണ്ണടകൾ ധരിച്ചു. ഇപ്പോൾ പുറത്തേക്കു നോക്കുമ്പോൾ നല്ല ഭംഗിയുണ്ട്. ചുറ്റും ആളിപ്പടരുന്ന തീയ്യാണ്. അഗ്നിവർണ്ണത്തിലുള്ള വാതകത്തിലൂടെ ചുവന്നരേഖകൾ തലങ്ങും വിലങ്ങും പായുന്നു!
“ഇനി അടുത്ത ഭാഗമാണ് ഏറ്റവും രസകരം. സൂര്യന്റെ കാന്തികശക്തി സൃഷ്ടിക്കപ്പെടുന്നത് ഈ ഭാഗത്താണ്. ടാക്കാക്ലൈൻ എന്നാണ് ഈ ഭാഗത്തിന്റെ പേർ. സൂര്യന്റെ ഭ്രമണത്തിൽ ഉപരിതലഭാഗവും അന്തർഭാഗവും ഒരേപോലെയല്ല ചലിക്കുന്നത്. ചലനവേഗതയിൽ വ്യത്യാസമുണ്ട്. അതുകൊണ്ടാണ് ഇവിടെ കാന്തികമേഖലയുണ്ടാകുന്നത്.”
സാനിയ പറയുന്നത് ശ്രദ്ധിച്ചു കേട്ടുകൊണ്ട് അശ്വിൻ പുറത്തേക്കു നോക്കി. ശരിയാണ്. എന്തൊക്കെയോ കറുത്ത വരകൾ തലങ്ങും വിലങ്ങും പായുന്നുണ്ട്. കാന്തികമേഖലയായതുകൊണ്ടാകും.
ഇനി അടുത്ത ഭാഗം റേഡിയേറ്റീവ് സോണ് ആണ്. സൗരാന്തർഭാഗത്ത് അണുസംയോജനത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന താപത്തെ പുറത്തേക്ക് വമിപ്പിക്കുന്നത് ഇവിടെയാണ്. താപം ഇവിടെ റേഡിയേഷൻ ആയാണ് വ്യാപിക്കുന്നത്.
“അപ്പോൾ എവിടെയാണ് താപത്തെ സൃഷ്ടിക്കുന്നത്? ഇനിയുമുള്ളിലാണോ?”
“അതെ. സൂര്യന്റെ കേന്ദ്രഭാഗത്ത്. അതായത് അകക്കാമ്പിൽ. നമ്മൾ അകക്കാമ്പിലേക്ക് പ്രവേശിക്കുകയാണ്. ഏറ്റവും കൂടുതൽ താപമുള്ള മേഖലയാണ്.”
“ഭൂമിക്ക് അകക്കാമ്പുള്ളതുപോലെ സൂര്യനുമുണ്ടല്ലേ?”
- Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള് വായിക്കാം
“ഉണ്ട്. അതാണ് സൂര്യന്റെ കേന്ദ്രഭാഗം. ദാ നമ്മളിപ്പോൾ അകക്കാമ്പിലേക്ക് പ്രവേശിച്ചിരിക്കയാണ്. പതിനാറ് മില്ല്യണ് കെൽവിൻ ചൂടാണ് ഇവിടെയനുഭവപ്പെടുക. അണുസംയോജനം നടക്കുന്നതിനാലാണത്. കേന്ദ്രത്തിൽ നിന്നും ഇരുപത്തിയഞ്ച് ശതമാനം വ്യാപ്തംവരെയാണ് ഇതിന്റെ വിസ്തൃതി. തൊന്നൂറ്റിയൊമ്പതു ശതമാനം സൗരോർജ്ജവും സൃഷ്ടിക്കപ്പെടുന്നത് ഈ മേഖലയിലാണ്.”
“ഹൊ! പുറത്തേക്ക് നോക്കാൻ പറ്റുന്നില്ല. കണ്ണഞ്ചിപ്പോകുന്നു. എന്തൊക്കെയോ വലിയ പൊട്ടിത്തെറികളൊക്കെ നടക്കുന്നതുപോലെ തോന്നുന്നു.”
“പൊട്ടിത്തെറിയല്ല. സംയോജനമാണ്. നിങ്ങളുടെ ഭൂമിയിൽ പൊട്ടിയ അണുബോംബില്ലേ? അതുപോലെയുള്ള കോടിക്കണക്കിന് അണുബോംബുകൾ ഒരേസമയം പൊട്ടിക്കൊണ്ടിരിക്കുകയാണിവിടെ. അത്രയും താപവും ഊർജ്ജവും സൃഷ്ടിക്കപ്പെടുന്നുണ്ട്.”
“ഹയ്യോ! നമ്മുടെ പേടകത്തിന് എന്താണ് സംഭവിക്കുന്നത്? ഉള്ളിലേക്ക് ചെറിയ ചൂടനുഭവപ്പെടുന്നതുപോലെ!”
അശ്വിൻ നിലവിളിച്ചു. ശരിയായിരുന്നു. പേടകം ഉരുകാൻ തുടങ്ങുന്നു! എന്തു സംഭവിക്കും? സ്ക്രീനിൽ അപകടമുന്നറിയിപ്പ് പ്രത്യക്ഷപ്പെട്ടുതുടങ്ങി.
തുടരും…
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook