ബുധനേയും ശുക്രനേയും കടന്ന്..

സ്വന്തം വാഹനത്തിലേക്കു കയറിയപ്പോൾ അശ്വിന്റെയും, വിമലിന്റെയും മുഖത്ത് ഒരാശ്വാസമുണ്ടായിരുന്നു.

“ഹൊ! ഞാൻ പേടിച്ചുപോയി. എത്ര വലിയ പരീക്ഷണശാലയാണത്! ഇങ്ങനെയായിരിക്കുമോ എല്ലാ ഉപഗ്രഹങ്ങളും? ഭൂമിയിൽ നിന്നുമുള്ള ഉപഗ്രഹങ്ങളിലൊന്നും ഇതേപോലെ ആളുകളുണ്ടാകില്ല. യന്ത്രങ്ങളാണ് അവിടെ മനുഷ്യർക്കുപകരം പ്രവർത്തിക്കുന്നത്.”

“ശരിയാണ്. പക്ഷെ, ഇതൊരുപഗ്രഹമെന്നതിനുമുപരി അശ്വിൻ നേരത്തെ പറഞ്ഞതുപോലെ ഒരു പരീക്ഷണശാലയാണ്. ഭൂമിയെ നിരീക്ഷിക്കുക മാത്രമല്ല അതിനകത്തു നടക്കുന്നത്. ഭൂമിക്കാവശ്യമായ പല പരീക്ഷണങ്ങളും നടക്കുന്നുണ്ട്. അതിനെക്കുറിച്ചുള്ള വിവരങ്ങളൊക്കെ പിന്നീട് പറയാം. എല്ലാം നിങ്ങൾ നോക്കിക്കണ്ടിട്ടുണ്ടല്ലോ?”

“കണ്ടിട്ടുണ്ട്… കണ്ടിട്ടുണ്ട്.”

“ശരി. ഇനി നമ്മൾ അതിവേഗത്തിൽ സഞ്ചരിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ നമുക്ക് ഉദ്ദേശിച്ച സമയത്ത് എത്തേണ്ടിടത്തെത്താൻ കഴിയുള്ളൂ.”

“നമ്മൾ സൂര്യനിലേക്കെത്താൻ എത്ര സമയമെടുക്കും?”

“എത്ര വേഗത്തിൽ പോയാലും ചുരുങ്ങിയത് ഒരു മാസമെങ്കിലുമെടുക്കും.”

“നമുക്ക് പ്രകാശത്തിന്റെ വേഗതയിൽ സഞ്ചരിച്ചാൽപ്പോരേ? അപ്പോൾ വെറും എട്ടുമിനിട്ടുകൊണ്ട് എത്താൻ കഴിയില്ലേ?”

“മിടുക്കൻ. നല്ല അഭിപ്രായം. പക്ഷേ, അത്രയും വേഗതയിൽ സഞ്ചരിച്ചാൽ നമുക്ക് കാഴ്ചകൾ കാണാൻ കഴിയുമോ? നമ്മുടെ യാത്രയുടെ ലക്ഷ്യം പോകുന്ന വഴിയിലുള്ള കാഴ്ചകളുടെ പഠനം കൂടിയല്ലേ? അപ്പോൾ കാഴ്ചകൾ കാണാൻ പാകത്തിലുള്ള വേഗതയിലേ സഞ്ചരിക്കാൻ കഴിയുള്ളൂ.”

സാനിയ പേടകത്തിന്റെ വേഗത വർദ്ധിപ്പിച്ചു. പക്ഷേ സഞ്ചരിക്കുന്ന വേഗത മീറ്ററിൽ കാണാൻ കഴിയുന്നുണ്ടെന്നല്ലാതെ മറ്റൊന്നും അനുഭവപ്പെടുന്നുണ്ടായിരുന്നില്ല.

“നമ്മളിപ്പോൾ മറ്റൊരു മേഖലയിൽ പ്രവേശിച്ചിരിക്കയാണ്. നോക്കൂ, നമ്മൾ ഈ വാഹനത്തിനുള്ളിലായതുകൊണ്ടാണ് സംഭവിക്കുന്ന മാറ്റങ്ങൾ തിരിച്ചറിയാത്തത്. സൗരക്കാറ്റ് എന്ന പ്രതിഭാസം ഇപ്പോൾ പുറത്ത് അനുഭവപ്പെടുന്നുണ്ട്.”

“സൗരക്കാറ്റോ? സൂര്യനിൽ നിന്നും വീശുന്ന കാറ്റാണോ?”

sreejith moothedathu, childrens novel, iemalayalam
“അതെ. വിമൽ പറഞ്ഞത് ശരിയാണ്. സൂര്യനിൽ നിന്നും വീശുന്ന കാറ്റുതന്നെ. പക്ഷെ ചെറിയൊരു വ്യത്യാസമുണ്ട്. സൂര്യനിൽ നിന്നും പുറപ്പെടുന്ന അതിശക്തമായ ചൂടും ഊർജ്ജവും പ്ലാസ്മാവസ്ഥയിൽ പുറത്തേക്ക് വ്യാപിക്കുന്നതിനെയാണ് സൗരക്കാറ്റ് എന്നു പറയുന്നത്. ഭൂമിയുടെ അന്തരീക്ഷപരിധി കഴിഞ്ഞതുമുതൽ അത് അനുഭവപ്പെടുന്നുണ്ട്. സൂര്യനിലേക്ക് അടുക്കുന്തോറും അതിന്റെ തീവ്രത കൂടിക്കൊണ്ടിരിക്കും.”

“അങ്ങനെയാണോ, കാറ്റ് നമ്മുടെ വാഹനത്തിന്റെ ഗതിയെയൊന്നും സ്വാധീനിക്കില്ലല്ലോ?”

“ഇല്ല. നമ്മുടെ വാഹനത്തിന് അതിനെയൊക്കെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. നമുക്ക് സൂര്യന്റെ ഉള്ളറിയിലേക്കുൾപ്പെടെ എത്ര വലിയ ചൂടും പ്രതിരോധിച്ച് പോകാൻ സാധിക്കും.”

“ഹായ്. നല്ല രസം. അതെന്താണ് ദുരെയൊരു നക്ഷത്രം കാണുന്നത്? വേറെയേതെങ്കിലും സൂര്യനായിരിക്കുമല്ലേ? സൂര്യനുൾപ്പെടെയുള്ള ആകാശഗംഗയെന്ന നക്ഷത്രവ്യൂഹത്തിൽ ധാരാളം നക്ഷത്രങ്ങളുണ്ടെന്ന് വായിച്ചിട്ടുണ്ട്.”

“അല്ല. അത് നക്ഷത്രമല്ല. നിങ്ങളുടെ ഭൂമിയെപ്പോലെയും, ഞങ്ങളുടെ ചൊവ്വയെപ്പോലെയുമുള്ളൊരു ഗ്രഹമാണത്. അതാണ് ശുക്രൻ. നിങ്ങൾ ഭൂമിയിലുള്ളവർ ശുക്രനക്ഷത്രമെന്നൊക്കെ പറയാറുണ്ട്.”

“ഓഹോ! ശുക്രന് നല്ല തിളക്കമുണ്ടല്ലോ! സ്വയം പ്രകാശിക്കുന്നതിനുള്ള കഴിവൊക്കെയുണ്ടോ ആ ഗ്രഹത്തിന്?”

“ഇല്ല. അതിൽ സൂര്യന്റെ പ്രകാശം തട്ടി പ്രതിഫലിക്കുന്നതാണ്. നമുക്ക് ശുക്രനിലിറങ്ങണോ?”

“വേണ്ട. വേണ്ട. അവിടെ ചിലപ്പോൾ വേറെയേതെങ്കിലും ജീവികളുണ്ടെങ്കിലോ! നമ്മൾ അപകടത്തിൽപ്പെട്ടുപോകും. നമുക്ക് എത്രയും പെട്ടെന്ന് സൂര്യനിലേക്കെത്താം. നമ്മുടെ ദൗത്യം അതാണല്ലോ.”

അശ്വിന് എങ്ങനെയെങ്കിലും സൂര്യനിലേക്കെത്തിയാൽ മതിയായിരുന്നുവെന്ന് തോന്നിത്തുടങ്ങി. അവന്റെ ഹൃദയം ആകാംക്ഷയാൽ അതിവേഗത്തിൽ മിടിച്ചുകൊണ്ടിരുന്നു. അങ്ങനെ സൂര്യനിലേക്ക് പ്രവേശിക്കുന്ന ഭൂമിയിലെ ആദ്യ മനുഷ്യർ തങ്ങളാകാൻ പോകുന്നുവെന്ന ആവേശത്തിൽ അവൻ മറ്റെല്ലാം മറന്നു. വീടും അച്ഛനുമമ്മയും സ്കൂളും അദ്ധ്യാപകരുമൊന്നും അവന്റെ ചിന്തയിലിപ്പോഴില്ല. സൂര്യൻ മാത്രമായിരുന്നു മനസ്സിൽ ഉദിച്ചു നിൽക്കുന്നത്.

“അടുത്തതായി നമ്മൾ ബുധനെ കാണുമായിരിക്കുമല്ലേ? അതിവേഗത്തിലാണല്ലോ നമ്മുടെ വാഹനം പോകുന്നത്! അതാ നമ്മൾ ശുക്രനെ പിന്നിട്ടു കഴിഞ്ഞു.”

“നമുക്കതിന്റെയൊരു ഫോട്ടോയെടുക്കാമായിരുന്നു. ശുക്രനോടൊപ്പം ഒരു സെൽഫിയെന്നും പറഞ്ഞ് ഫേസ്ബുക്കിലപ്ലോഡ് ചെയ്താൽ ധാരാളം ലൈക്ക് കിട്ടുമായിരുന്നു.”

“അതിനെന്താ, വേണമെങ്കിൽ സെൽഫിയെടുത്തോളൂ. ദാ ഈ ക്യാമറയുപയോഗിക്കാം. ഞാൻ പേടകം ശുക്രന്റെയടുത്തേക്ക് അടുപ്പിച്ചുതരാം.”

സാനിയ നൽകിയ ക്യാമറ വിമൽ തിരിച്ചും മറിച്ചും നോക്കി. നല്ല ഭംഗിയുണ്ട്. വളരെ കനം കുറഞ്ഞ, വലിയ സ്ക്രീനുള്ള ക്യാമറ. സെൽഫി ക്യാമറ ഓണാക്കിയപ്പോൾ അതിൽ രണ്ടുപേരുടെയും മുഖം തെളിഞ്ഞു.

sreejith moothedathu, childrens novel, iemalayalam
“ഇതിൽ സാനിയയെ കാണാനില്ലല്ലോ.”

“അതങ്ങനെയാണ്. എന്നെ ക്യാമറയിൽ കാണാൻ കഴിയില്ല. നിങ്ങൾ ഭൂമിയിലേക്കു ചെന്ന് ഫോട്ടോ കാണിച്ചു കൊടുക്കുമ്പോൾ എന്നെ കാണുന്നത് അപകടമാണ്. നിങ്ങൾ രണ്ടുപേരുടെ മുന്നിലല്ലാതെ മറ്റാരുടെയും മുന്നിൽ പ്രത്യക്ഷപ്പെടാൻ എനിക്ക് അനുവാദമില്ല. ഞങ്ങൾ ചൊവ്വാ വാസികളെക്കുറിച്ച് ഭൂമിയിലെ മനുഷ്യർക്ക് വിവരം ലഭിക്കാൻ ഇനിയും ആയിരം വർഷമെങ്കിലും പിടിക്കും. അതിനുമുമ്പ് എന്റെ ഫോട്ടോ ക്യാമറയിൽ പതിയുന്നത് ശരിയല്ല. നിങ്ങൾ സെൽഫിയെടുത്തോളൂ.”

സാനിയയുടെ വാക്കുകൾ വിഷമിപ്പിച്ചെങ്കിലും അൽപം നിരാശയോടെയാണെങ്കിലും വിമലും അശ്വിനും തോളിൽ കൈയ്യിട്ടിരുന്ന് പശ്ചാത്തലത്തിൽ ശുക്രൻ പതിയുന്ന വിധത്തിൽ സെൽഫിയെടുത്തു. വളരെ മനോഹരമായിരുന്നു ആ ഫോട്ടോ.

“ഇനി വേണമെങ്കിൽ വേറെയും ഫോട്ടോകളെടുത്തോളൂ. ആവശ്യത്തിനുള്ള ഫോട്ടോകളൊക്കെ നമ്മുടെ പേടകത്തിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറയിൽ പതിയുന്നുണ്ട്. നിങ്ങളുടെ പഠനത്തിന് അതുപയോഗിക്കാവുന്നതേയുള്ളൂ. നിങ്ങളുടെ ഭൂമിയിൽ ഇതേവരെ ലഭ്യമായതിലേക്കാളൊക്കെ വ്യക്തതയുള്ള ചിത്രങ്ങളായിരിക്കും ആ ക്യാമറയിൽ നിന്നും ലഭിക്കുക. അതുകൊണ്ട് ഫോട്ടോകളെക്കുറിച്ചുള്ള ആശങ്ക വേണ്ട.”

“ശരി. ഇനി ബുധനു സമീപമെത്തുമ്പോൾ ഒരു സെൽഫി കൂടെയെടുക്കണം. പിന്നെ സൂര്യനടുത്തെത്തിയിട്ട്.”

“അതാ, നോക്കൂ, അതാണ് ബുധൻ. സെൽഫിയെടുക്കാൻ തയ്യാറായിക്കൊളൂ,” സാനിയ പറഞ്ഞു.

ശരിയായിരുന്നു. ദൂരെ മറ്റൊരു തിളക്കമുള്ള ഗ്രഹം കൂടെ തെളിഞ്ഞുവരുന്നുണ്ട്. വിമലും അശ്വിനും ആവേശത്തോടെ ക്യാമറ ഓണ് ചെയ്ത് സെൽഫിയെടുക്കാനായി തയ്യാറായി നിന്നു. ഏതാനും മിനിട്ടുകൾക്കകം അവർ ബുധനു സമീപമെത്തി.

“ആഹാ! നോക്കൂ, എന്തു രസമാണ് ഈ ഫോട്ടോ! നമ്മുടെ ചന്ദ്രന്റെ അടുത്തുനിന്നും ഫോട്ടോയെടുക്കുന്നതു പോലെയുണ്ട്.”

“അതു ശരിയാണല്ലോ! എനിക്കൊരു സംശയം, ഈ ശുക്രനും ബുധനുമൊന്നും നമ്മുടെ ഭൂമിക്കുള്ളതുപോലെ ഉപഗ്രഹങ്ങളില്ലേ? നമ്മളൊന്നിനെയും കണ്ടിട്ടേയില്ലല്ലോ!” അശ്വിന്റെതായിരുന്നു സംശയം.

“ഇല്ല. ബുധനും ശുക്രനും ഉപഗ്രഹങ്ങളില്ല.”

“നമ്മൾ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനെ കണ്ടില്ലല്ലോ.”

“അതും ശരിയാണ്. ഒരുപക്ഷെ നമ്മുടെ സഞ്ചാരപാതയുടെ വിപരീതദിശയിലെവിടെയെങ്കിലുമായിരിക്കും ചന്ദ്രനപ്പോൾ. അതുകൊണ്ടായിരിക്കും നമുക്ക് കാണാൻ സാധിക്കാതെ പോയത്.”

സാനിയ പറഞ്ഞപ്പോൾ ചെറിയൊരു നഷ്ടബോധം തോന്നി അശ്വിന്. പിന്നീടവനു അതിൽ കാര്യമില്ലെന്നും തോന്നി. ചന്ദ്രനെ എന്നും കാണുന്നതാണല്ലോ. നിരവധി ചിത്രങ്ങളും ലഭ്യമാണ്. അപ്പോൾ കണ്ടിട്ടില്ലെങ്കിലും കുഴപ്പമൊന്നുമില്ല. ഇതേവരെ കാണാത്ത കാഴ്ചകളാണ് കാണേണ്ടത്.

“അതെ. അശ്വിനിപ്പോൾ ചിന്തിച്ചതു ശരിയാണ്. നമ്മളിതേവരെ കാണാത്ത കാഴ്ചകളാണ് കാണേണ്ടത്. ലോകത്തിന് ഇതേവരെ അജ്ഞാതമായ വിവരങ്ങളാണ് ഈ യാത്രയുടെ ഫലമായി നൽകേണ്ടത്. തയ്യാറായിരുന്നോളൂ. നമ്മളിതാ വലിയൊരത്ഭുതത്തിന് സാക്ഷ്യം വഹിക്കുകയാണ്. നമ്മൾ സൂര്യനിലേക്ക് പ്രവേശിക്കുകയാണ്!”

സാനിയയുടെ വാക്കുകൾ അശ്വിനെയും വിമലിനെയും ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു.

തുടരും…

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook